ന്യൂഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേർക്കുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ ജീവനക്കാരൻ മരിച്ചു. രണ്ടു ഇന്ത്യക്കാരെ കാണാതായി. 21 ജീവനക്കാരെ രക്ഷപ്പെടുത്തി.
കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. ഹോർമുസ് കടലിടുക്കിനു സമീപം സെറ്റെബെല്ലോ എന്ന കപ്പലിനു നേർക്കാണ് ഇന്നലെ ആക്രമണമുണ്ടായത്. ഒമാനിലെ സോഹർ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണമുണ്ടായത്. യുഎസ് സൈന്യമാണ് എണ്ണടാങ്കർ ആക്രമിച്ചത് . ഇറാനിൽനിന്ന് എണ്ണ കടത്താൻ ശ്രമിച്ച കപ്പലാണിതെന്ന് യുഎസ് ആരോപിച്ചു. നിർദേശം ലംഘിച്ചപ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് യുഎസ് സൈന്യം അറിയിച്ചു. കപ്പലിന്റെ എൻജിൻ റൂമിലേക്ക് മിസൈൽ തുളച്ചുകയറുകയും തുടർന്ന് തീപിടിത്തമുണ്ടാകുകയുമായിരുന്നു.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിൽ ന്യൂഡൽഹിയിലെ യുഎസ് നയതന്ത്ര പ്രതിനിധി ജേസൺ മീക്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒമാൻ അധികൃതരുമായി ചേർന്നു പ്രവർത്തിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 24 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന, പലാവു പതാകയേന്തിയ കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു.
Tags : US attacks oil tanker off Oman coast