ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ മാറുന്ന സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും അടിയന്തരയോഗം വിളിച്ചു. ഡൽഹി എഐസിസി ആസ്ഥാനത്ത് ഇന്നു നടക്കുന്ന യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിക്കും.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് തൃണമൂൽ കോണ്‍ഗ്രസിൽ രൂപപ്പെട്ട കലഹവും, ഡിഎംകെയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതും ബിജെപി മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹർലാൽ നെഹ്റുവിന്റെ പ്രധാനമന്ത്രിപദ റിക്കാർഡ് മറികടന്നതും 12 വർഷത്തെ തുടർച്ചയായ ഭരണനേട്ടങ്ങളും ഉൾപ്പെടുത്തി വലിയ പ്രചാരണത്തിന് ബിജെപി തയാറെടുക്കുകയാണ്.
എന്നാൽ, ബിജെപി സർക്കാരിന്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത് ഇന്നത്തെ യോഗം ചർച്ച ചെയ്തേക്കും. കൂടാതെ, പ്രതിപക്ഷ സഖ്യത്തിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെ സംസ്ഥാനങ്ങളിലെ സാഹചര്യവും യോഗം ചർച്ച ചെയ്യും. തിങ്കളാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ കോണ്‍ഗ്രസ് സ്വീകരിക്കുന്ന പല നിലപാടുകൾക്കും എതിരേ മറ്റ് പ്രതിപക്ഷ കക്ഷികൾ പരാതി ഉന്നയിച്ചിരുന്നു.
Tags :