തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന സൗജന്യയാത്രാ പദ്ധതിക്ക് ‘പ്രിയദർശിനി’ എന്ന പേരു നൽകാനും തീരുമാനിച്ചു. പ്രായം, വരുമാനം തുടങ്ങി മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്.
കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കിയ ശേഷം സൗജന്യയാത്രയുടെ രണ്ടാംഘട്ടം ആറുമാസത്തിനു ശേഷം ആലോചിക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പ്രിയദർശിനി പദ്ധതി നടപ്പാക്കുന്നതുവഴി കെഎസ്ആർടിസിക്ക് പ്രതിമാസം 65-70 കോടി വരെ വരുമാനക്കുറവുണ്ടാകും. വർഷത്തിൽ ഇത് 800 കോടി വരെയാണ്. ഈ തുക സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നല്കും. നിലവിൽ 1500 കോടി കെഎസ്ആർടിസിക്ക് ശന്പളം,പെൻഷൻ എന്നിവ നൽകാനായി എല്ലാ വർഷവും നൽകുന്നുണ്ട്.
അതിനുപുറമേ പ്രിയദർശിനി പദ്ധതിക്കു ചെലവാകുന്ന തുകകൂടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി ആറുമാസത്തിനകം തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി പരിശോധിച്ചാകും തുടർനടപടി.
കൂടുതൽ വാഹനങ്ങൾ വാങ്ങിയും ഷെഡ്യൂളുകൾ നടപ്പാക്കിയും പരസ്യം നല്കിയും മറ്റും വരുമാനം വർധിപ്പിക്കാൻ നടപടികളുണ്ടാകും. സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്ഥാപനമായി കെഎസ്ആർടി സിയെമാറ്റും. ഇപ്പോൾ ഓർഡിനറി ബസിൽ മാത്രമാണ് സൗജന്യം അനുവദിക്കുന്നതെങ്കിലും നില മെച്ചപ്പെടുത്തിയശേഷം പദ്ധതിയുടെ രണ്ടാംഘട്ടം ആലോചിക്കും. എല്ലാ മാസവും പദ്ധതി വിലയിരുത്തും.
മലബാർ മേഖലയിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ കുറവാണെന്നതടക്കമുള്ള വിഷയങ്ങൾ പഠിച്ച് തുടർനടപടികളുണ്ടാകും. മലബാർ മേഖലയിൽ 28 ശതമാനം കെഎസ്ആർടിസി സർവീസാണുള്ളത്. ഓരോ ജില്ലയിലെയും സ്ത്രീയാത്രക്കാരുടെ എണ്ണവും ശേഖരിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ കൈവശമുള്ള കണക്കുകൾ അനുസരിച്ചാണ് ഇപ്പോൾ പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Free travel women from 15