തിരുവനന്തപുരം: ആര്യനാട്ട് തെരുവ്നായ്ക്കളുടെ ആക്രമണം കാരണം കാൽനടയാത്ര പോലും ചെയ്യാനാകാതെ യാത്രക്കാർ ദുരിതത്തിൽ. പ്രധാനറോഡിലും, കെഎസ്ആർറ്റിസി ഡിപ്പോയിലും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും ആശുപത്രിക്ക് സമീപത്തുമായി അലഞ്ഞ് തിരിയുന്ന നായ്ക്കൾ ഇരുചക്ര വാഹന യാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്. പലർക്കും നായകളുടെ കടിയും കിട്ടി.
ആര്യനാട് കാഞ്ഞിരംമുട്, ചെറിയാര്യനാട്, ചൂഴ, പാലൈക്കോണം, ഇറവൂർ, കോട്ടയ്ക്കകം, വണ്ടയ്ക്കൽ, ചേരപ്പള്ളി, പറണ്ടോട് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നത്.
ആര്യനാട് കെഎസ്ആർറ്റിസി ഡിപ്പോയാണ് നായ്ക്കളുടെ പ്രധാന താവളം. ആര്യനാട് ജംഗ്ഷനിലെ ഗാന്ധി പ്രതിമക്ക് ചുറ്റുമായി 50ലധികം നായ്ക്കളാണ് വിഹരിക്കുന്നത്. ആര്യനാട് ചന്തയിൽ നിന്നും വലിച്ചെറിയുന്ന മാംസവശിഷ്ടങ്ങളുമായി ഇറങ്ങുന്ന നായ്ക്കൾ റോഡിലെ ഇരു ചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും അക്രമിക്കുന്നത് പതിവ് കാഴ്ചയാണ്.
ഇരു ചക്രവാഹനത്തിന് പിന്നിലൂടെ കടിക്കാനായി ഓടുന്ന നായ്ക്കളെ കണ്ട് അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിൽ കൊണ്ട് വന്ന് ഇറക്കി വിടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു
തെരുവ് നായ്ക്കളുടെ ശല്യവും അപകടങ്ങളും തുടരുന്നതിനിടയിലും പഞ്ചായത്ത് അധികൃതർ മിണ്ടുന്നില്ല. ഒട്ടനവധി പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം നായ്ക്കളെ പാർപ്പിക്കുന്നതിനായി മൃഗാശുപത്രിക്ക് പുറകിലായി കൂടുകൾ സ്ഥാപിച്ചെങ്കിലും അതെല്ലാം ഉപയോഗ ശൂന്യമായ നിലയിലാണ്.
Tags : Street Dog travelers fear