കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി നാളെ മൂന്നാമത്തെ ജഡ്ജി പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് കൗസർ എടപ്പഗത്തും കഴിഞ്ഞ ദിവസം പിന്മാറിയതിനെ തുടർന്നാണിത്. നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഈ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി മൂന്ന് തവണ തുറന്ന് പരിശോധിച്ച സംഭവത്തിൽ പുതിയ അന്വേഷണം വേണം, ഈ അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തുടർച്ചയായി രണ്ട് ജഡ്ജിമാർ പിന്മാറിയതോടെയാണ് ഹൈക്കോടതി നാളെ പുതിയ ബെഞ്ചിന് മുന്നിൽ അതിജീവിതയുടെ ഹർജി വാദത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും അനധികൃത പരിശോധനയെക്കുറിച്ചുമുള്ള അതിജീവിതയുടെ ഹർജിയിൽ നാളത്തെ കോടതി നടപടികൾ ഏറെ നിർണായകമാകും.
Tags : High Court Actress Assault Case Latest News