കാലടി (കൊച്ചി): സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ വാർത്തകളും വിവരങ്ങളും അനുസ്യൂതം ജനങ്ങളിലേക്കെത്തുന്ന പുതിയ കാലത്ത്, ശരികളും സത്യങ്ങളും അറിയാൻ ആത്മാഭിമാനത്തോടെ വായിക്കാവുന്ന ദിനപത്രമാണു ദീപികയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സോഷ്യൽ മീഡിയയിലൂടെ വരുന്നതെന്തും ശരിയാവണമെന്നില്ല. അവിടെ ആർക്കും എന്തും എഴുതാം, പ്രചരിപ്പിക്കാം.
ദീപികപോലുള്ള പത്രങ്ങളിൽ, വ്യാജമായ വാർത്തകളോ വിവരങ്ങളോ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു വായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു."ദീപിക നമ്മുടെ ഭാഷ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിധീരിക്കൽ മാണിക്കത്തനാരിൽ തുടങ്ങി, ഉജ്വലമായ പാരന്പര്യത്തിന്റെ തിളക്കമുള്ള ദീപിക ദിനപത്രം വിദ്യാലയങ്ങളിൽ പത്രവായനാശീലം വളർത്തുന്നതിനു നടപ്പാക്കുന്ന നമ്മുടെ ഭാഷ പോലുള്ള പദ്ധതികൾ, പുതുതലമുറയ്ക്ക് ദിശാബോധത്തിന്റെ പ്രകാശം കൂടിയാണ്. വായനയെ പ്രത്യേകിച്ച് പത്രവായനയെ, ജീവിതത്തിന്റെ ഭാഗമാക്കാനും അതിലൂടെ വിദ്യാഭ്യാസത്തിനും വ്യക്തിത്വത്തിനും മികവിന്റെ മാനങ്ങൾ പകരാനും സാധിക്കണമെന്നും റോജി എം. ജോൺ പറഞ്ഞു.
ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ ആമുഖ സന്ദേശം നൽകി.സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ജെസ്മിൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, പിടിഎ പ്രസിഡന്റ് സെബി കൂട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.
കാലടി പള്ളി വികാരി ഫാ. മാത്യു കിലുക്കൻ, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ദയ മരിയ, പ്രിൻസിപ്പൽ സിസ്റ്റർ നൈബി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്സ് തെരേസ്, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അഗം കെ.വി. പോളച്ചൻ, ഗ്രാമപഞ്ചായത്തംഗം ജെസി ലിജോ, ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ബിനോ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Roji M. John Deepika Newspaper pride read