ജോഗ ബൊണിറ്റോ; കാല്‍പ്പന്തിന്റെ മനോഹാരിതയ്ക്ക് ബ്രസീലിലൂടെ ലോകം കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ നാമം. പോര്‍ച്ചുഗീസിലെ ജോഗ ബൊണിറ്റോ എന്ന വാക്കിന്റെ അര്‍ഥം മനോഹരമായി കളിക്കൂ എന്നതാണ്. കാല്‍പ്പന്ത് പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ ചാരുതയുടെ വക്താക്കളായാണ് ബ്രസീല്‍ അറിയപ്പെടുന്നത്. പെലെ, സീക്കോ, ഗാരിഞ്ച എന്നിങ്ങനെ തുടങ്ങി റൊണാള്‍ഡോ, കക്ക, റൊണാള്‍ഡീഞ്ഞോ, നെയ്മര്വരെ എത്തിനില്‍ക്കുന്ന കാല്‍പ്പന്തിലെ കാനറി സൗന്ദര്യവക്താക്കള്.
ആദ്യം ബ്രസീല്‍
കാല്‍പ്പന്ത് ലോകത്തിലെ വമ്പന്മാരില്, ഫിഫ 2026 ലോകകപ്പിനായി ആദ്യം കളത്തിലിറങ്ങുന്നത് ബ്രസീലിന്റെ മഞ്ഞപ്പടതന്നെ. ഫുട്ബോളിന്റെ ചക്രവര്‍ത്തിമാരായി അഞ്ച് തവണ കിരീടം ധരിച്ച റിക്കാര്ഡുകാരിറങ്ങുന്നതോടെ 23-ാം ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ചിത്രം മാറും. ഗ്രൂപ്പ് സിയില്‍ നാളെ രാത്രി 3.30ന് മൊറോക്കോയ്ക്ക് എതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം (ഞായര്‍ പുലര്‍ച്ചെ 3.30). കാനറികളുടെ ആദ്യ മത്സരത്തിനായി മലയാളക്കരയിലെ ആരാധകര്‍ വെളുപ്പാന്‍കാലത്ത് കണ്ണിമവെട്ടാതെ കാത്തിരിക്കണമെന്നു ചുരുക്കം.
നമ്പര്‍ 24 ബ്രസീല്‍
നെഗറ്റീവ് സംസ്കാരത്തിന്റെ പ്രതീകമായാണ് 24നെ ബ്രസീലുകാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ബ്രസീലുകാര്‍ക്ക് 24-ാം നമ്പര്‍ ജഴ്സി അത്ര സുഖിക്കാറില്ല. ഫിഫ ലോകകപ്പില്‍ മാത്രമേ ദേശീയ ടീമില്‍ 24-ാം നമ്പര്‍ ജഴ്സി ഉണ്ടാകാറുള്ളൂ. 2022 ഖത്തര്‍ ലോകകപ്പിലായിരുന്നു ഫിഫ ആദ്യമായി 26 അംഗ ടീമിനെ ഉള്‍പ്പെടുത്തിയത്. അങ്ങനെ ആദ്യമായി ബ്രസീല്‍ ടീമില്‍ 24-ാം നമ്പര്‍; അണിഞ്ഞത് ഗ്ലീസന് ബ്രെമര്‍. നാലു വര്‍ഷത്തിനുശേഷം ഇത്തവണ വീണ്ടും സെലെക്കാവോയ്ക്ക് 24-ാം നമ്പര്‍ ജഴ്സി. അണിയുന്നത് 27കാരനായ പ്രതിരോധതാരം റോജര്‍ ഇബാനെസ്.
നെയ്മര്‍ ഇല്ലാതെ
അച്റഫ് ഹക്കീമിയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയ്ക്ക് എതിരേ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍കുറഞ്ഞ ഒന്നും ആശ്വാസകരമല്ല. 10-ാം നമ്പറുകാരനായ നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പാണ്. കാലിന്റെ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ ടീം പരിശീലനം തുടങ്ങിയിട്ടില്ല. സ്ട്രംഗ്തണിംഗ് പരിശീലനത്തിലാണ് നെയ്മര്‍. വിനീഷ്യസ്, റാഫീഞ്ഞ, എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, മാര്‍ക്വിനോസ് തുടങ്ങിയ വമ്പന്‍ നിരയുടെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍.
Tags : Brazil FIFA World Cup giants