ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കുടിയേറ്റവിരുദ്ധ കലാപം ഇന്ത്യൻ വംശജരെ കടുത്ത ഭീതിയിലാഴ്ത്തിയതായി റിപ്പോർട്ട്. ബെൽഫാസ്റ്റിൽ ഇന്ത്യൻ വംശജന്റെ നിർമാണത്തിലിരുന്ന പലചരക്കുകട ആക്രമണത്തിൽ നശിച്ചിരുന്നു.
ഇതിനിടെ, ഇനിയും ലക്ഷ്യമിടേണ്ട കുടിയേറ്റക്കാരുടെ വീട്ടുവിലാസങ്ങൾ ഉൾപ്പെടുന്ന പട്ടിക (ഹിറ്റ് ലിസ്റ്റ്) സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. കലാപകാരികളാണ് ഇതിനു പിന്നിലെന്നു കരുതുന്നു. കൂടുതൽ ആക്രമണം ഉണ്ടായേക്കാമെന്ന് പോലീസ് മുന്നറിയിപ്പു നല്കി.
നഴ്സിംഗ് രംഗത്തെ സഹപ്രവർത്തകർ കടുത്ത സുരക്ഷാഭീതിയിലാണെന്ന് 23 വർഷമായി വടക്കൻ അയർലൻഡിൽ ജോലി ചെയ്യുന്ന ബിജി ജോസ് ബിബിസിയോടു പറഞ്ഞു. ഇന്ത്യൻ വംശജരായ നഴ്സുമാർ വടക്കൻ അയർലൻഡ് വിടാൻ സാധ്യതയുണ്ടെന്നും ബിജി കൂട്ടിച്ചേർത്തു. അക്രമികളുമായി ചർച്ചയ്ക്കു തയാറാണെന്ന് ബ്രിട്ടനിലെ ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ചെയർമാൻ ഡോ. സത്യവീർ സിംഗാൾ പറഞ്ഞു.
സുഡാനിൽനിന്ന് കുടിയേറിയ അഭയാർഥി തിങ്കളാഴ്ച ബെൽഫാസ്റ്റ് നഗരത്തിൽ ഒരാളുടെ തലവെട്ടാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു കുടിയേറ്റക്കാർക്കെതിരേ കലാപമുണ്ടായത്. പ്രധാനമായും ആഫ്രിക്കൻ വംശജരെയാണ് ആക്രമിച്ചത്. ഒട്ടേറെ വാഹനങ്ങളും വീടുകളും അഗ്നിക്കരയാക്കി. 24 പേർ ഭവനരഹിതരായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇതിനിടെ, ‘ഹിറ്റ് ലിസ്റ്റ്’ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ അക്രമങ്ങളുണ്ടാകാതിരിക്കാൻ 200 പോലീസുകാരെക്കൂടി വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ലിസ്റ്റ് ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണെന്നു മുന്നറിയിപ്പും നല്കി.
Tags : Indian-origin Northern Ireland people fear Belfast Anti immigration movement Racist