ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാനായില്ല.
ഫോക്സബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മത്സരം പുരോഗമിച്ചതോടെ ഇംഗ്ലണ്ട് മേധാവിത്വം പുലർത്താൻ തുടങ്ങി.
പലതവണ ഇംഗ്ലണ്ട് ഗോളിനടുത്തെത്തി. എന്നാൽ ഘാന ഗോളിയും ഡിഫൻസും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലീഷ് പടയ്ക്ക് ഗോൾ നേടാനായില്ല. കിട്ടിയ ചില അവസരങ്ങൾ ഗോളാക്കാൻ ഘാനയും ശ്രമിച്ചെങ്കിലും നടന്നില്ല.
മത്സരത്തിൽ 19 ഷോട്ടുകളും 78 ശതമാനവും ബോൾ പോസഷനും 619 പാസുകളുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. നായകൻ ഹാരി കെയ്ൻ ജൂഡ് ബെല്ലിംഗ്ഹാം ആന്തണി ഗോർഡൻ എല്ലിയറ്റ് ആൻഡേഴ്സൺ അടക്കമുള്ള സൂപ്പർ താരങ്ങൾ ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയിന്റ് വീതമായി. ഗോൾ ശരാശരിയിൽ മുന്നിലുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതും ഘാന രണ്ടാമതുമാണ്.
Tags : fifa world cup 2026 england ghana match