Editorial
മെക്സിക്കോ സിറ്റിയിലെ ആസ്ടെക് സ്റ്റേഡിയത്തിൽ നിൽക്കുമ്പോൾ ചില മന്ത്രോച്ചാരണങ്ങൾ ചെവിയിൽ അലയൊലിയാകും. ചുറ്റിനടക്കുന്ന കാറ്റ് നിഗൂഢമായ ചില ആഭിചാരങ്ങളുടെ രഹസ്യസന്ദേശവാഹകനാകും. ഒരു ലക്ഷം മനുഷ്യർ “ഡീഗോ, ഡീഗോ” എന്നാർത്തുവിളിച്ച നിമിഷത്തിന്റെ രോമാഞ്ചം ഒരു കിനാവുപോലെ വീണ്ടും നിങ്ങളെ പൊതിയും. പെലെയുടെ മാന്തികച്ചുവടുകളുടെ ദ്രുതതാളം നിങ്ങളുടെ ശരീരോഷ്മാവിനെ തിളനിലയോളമെത്തിക്കും.
ഇറ്റലിയുടെയും ജർമനിയുടെയും കലാകാരന്മാർ 1970ൽ പദചലനങ്ങളും ഭാവനയുടെ പരകോടിയും ചേർത്ത് കോർത്തിണക്കിയ സിംഫണിയിലേക്ക് ആ പുൽത്തകിടി സ്പർശിക്കുന്ന നിമിഷം നിങ്ങൾ ലയിച്ചുചേരും. അതെ, സോക്കർ ദേവന്മാർ പിറന്നുവീണ മണ്ണാണിത്. ചരിത്രം സുവർണലിപികളിൽ രേഖപ്പെടുത്തിയ നിമിഷങ്ങളുടെ വിശുദ്ധ ദേവാലയം. അതേ ആസ്ടെകിൽ ഇന്ന് അർധരാത്രി പിന്നിടുമ്പോൾ സ്വപ്നംകൊണ്ട് പൊതിഞ്ഞ ഒരു തുകൽപ്പന്ത് യാത്ര തുടങ്ങും. ലോകമെങ്ങുമുള്ള ഉന്മാദികളുടെ ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്കുള്ള ജൈത്രയാത്ര!
വീണ്ടുമിതാ പ്രപഞ്ച നിയമങ്ങൾ തെറ്റുന്നു. ഭൂമിയുടെ അച്ചുതണ്ട് നിശ്ചലമാകുന്നു. പകരമൊരു തുകൽപ്പന്തിന്റെ ചലനവേഗം ആ സ്ഥാനം ഏറ്റെടുക്കുന്നു. നാലുവർഷത്തിലൊരിക്കൽ മനുഷ്യരെ ഒരുമിപ്പിക്കുന്ന കാല്പനിക വസന്തം വിരിയുകയായി. ഫിഫ ലോകകപ്പ് ഫുട്ബോളിന് കിക്കോഫ്. ആദ്യകളിയിൽ ദക്ഷിണകൊറിയൻ കടുവകളെ വിറപ്പിക്കാൻ മെക്സിക്കൻ കാട്ടുപൂച്ചകൾ തയാർ!
ലോകം യുദ്ധങ്ങളുടെയും മറ്റനേകം സംഘർഷങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴാണ് കായികസംസ്കാരം ഫുട്ബോളിന്റെ കനകനിലാവായി നമ്മെ പൊതിയുന്നത്. യുദ്ധത്തിന്റ മുറിവുകളിൽനിന്നുള്ള ചോര കളിയിലേക്കു കിനിഞ്ഞിറങ്ങുന്നത് നമ്മളറിയണം. യുദ്ധക്കൊതിയടങ്ങാൻ ആവേശലഹരി പതയട്ടെ! 48 ടീമുകൾ. 12 ഗ്രൂപ്പുകൾ. മെക്സിക്കോയിലെ വിഖ്യാത ആസ്ടെക് സ്റ്റേഡിയത്തിൽ തുടങ്ങി ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അവസാനിക്കുന്നതിനിടയിൽ 104 മത്സരങ്ങൾ. മൂന്നു രാജ്യങ്ങൾ. 16 സ്റ്റേഡിയങ്ങൾ.
കരിയറിന്റെ സായന്തനപ്രഭയെ വിജയോന്മാദത്തിന്റെ ധ്രുവനക്ഷത്രമാക്കാൻ വെമ്പി ലയണൽ മെസി, നഷ്ടസ്വർഗം തേടി പ്രായത്തെ വെറും അക്കങ്ങളാക്കി ചിതറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങുന്ന കിലിയൻ എംബപ്പെ, നോർവീജിയൻ ഗോൾ മെഷീനായ എർലിംഗ് ഹാലണ്ട്, ആറാം തമ്പുരാനാകാൻ പടച്ചട്ടയണിഞ്ഞു വരുന്ന കാനറിപ്പടയുടെ തലപ്പത്തെ നെയ്മറും വിനീഷ്യസ് ജൂണിയറും, ഇംഗ്ലീഷ് മധ്യനിരയിലെ വൻമതിലായ ജൂഡ് ബെല്ലിങ്ഗം, സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ... ഈ ലോകകപ്പിന്റെ വിസ്മയത്തുമ്പത്ത് ഊയലാടാൻ ബൂട്ടു കെട്ടിയവർ. അതിനൊപ്പം ഇവരുടെ നിഴലിൽനിന്നു കുതിച്ചെത്താൻ കാത്തിരിക്കുന്ന കറുത്ത കുതിരകളുടെ കുളമ്പടിയൊച്ചയ്ക്കു കാതോർക്കുകയാണ് ആരാധകലക്ഷങ്ങൾ.
വന്പൻ വിജയങ്ങൾ, അപ്രതീക്ഷിത ഗോളുകൾ, അവിചാരിത നഷ്ടങ്ങൾ, നിരാശയുടെ പടുകുഴി, കുറ്റബോധത്തിന്റെ നീർച്ചുഴി... ജീവിതംപോലെ, പ്രണയംപോലെ ഫുട്ബോളും മനുഷ്യരെ പീഡിപ്പിക്കുന്നു. ഹൃദയം തകർന്നു തരിപ്പണമാകുമെന്നറിഞ്ഞിട്ടും ആളുകൾ കളിയിലേക്ക് ഈയാംപാറ്റകളെപ്പോലെ ചിതറിവീഴുകയാണ്. ഇന്ത്യ ലോകകപ്പിന്റെ ഏഴയലത്തില്ലെങ്കിലും ഈ ഭ്രാന്താണ് കേരളത്തിലെ നഗരകാന്താരങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളെയും ബ്രസീലിന്റെ മഞ്ഞയും അർജന്റീനയുടെ നീലാകാശവും പുതപ്പിക്കുന്നത്.
ഒരു ഫുട്ബോൾ മൈതാനത്തിന്റെ നടുവിൽ ചെന്നുനിന്ന് കാതോർക്കുക. ശൂന്യമായ ഒരു സ്റ്റേഡിയത്തേക്കാൾ ശൂന്യത മറ്റൊന്നിനുമില്ല. കാണികളില്ലാത്ത ഗാലറികളേക്കാൾ വാചാലമായി മറ്റൊന്നുമില്ല. കളിക്കാരനാകട്ടെ, മൈതാനത്ത് മറ്റൊരു മനുഷ്യനായി മാറുകയാണ്. കാൽപാദത്തിന്റെ ഒരൊറ്റ ചലനംകൊണ്ട് ആയിരം ജീവിതങ്ങളുടെ സങ്കടങ്ങൾ മായ്ച്ചുകളയാൻ അവനു കഴിയും.
ആ മാന്ത്രികത നിലനിൽക്കുന്നിടത്തോളം കാലം, അവൻ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ ചുമലിലേറ്റി വെള്ളത്തിനു മീതെ നടക്കുകയും വായുവിലൂടെ പറക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ കാണിച്ച അദ്ഭുതങ്ങൾ ഒറ്റ പിഴവിൽ റദ്ദ് ചെയ്യപ്പെടുന്നത്ര ശാപം പിടിച്ചതാണ് അവന്റെ കളിജീവിതം.
ഫുട്ബോളിന്റെ അതിവൈകാരികത പങ്കുവയ്ക്കുമ്പോഴും മറുവശം കാണാതിരുന്നുകൂടാ. കളി ഒരു വ്യവസായമായി മാറിയതോടെ കളിക്കാൻവേണ്ടി മാത്രം കളിക്കുന്നതിലൂടെ വിരിഞ്ഞിരുന്ന ശുദ്ധസൗന്ദര്യത്തെ നാടുകടത്തിക്കളഞ്ഞു. ഓഹരിവിപണിയിലെ ഷെയറുകളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഉത്പന്നങ്ങളായ കളിക്കാർ. ജഴ്സിയിൽ പതിപ്പിച്ച വൻകിട കമ്പനികളുടെ ലോഗോയ്ക്കുവേണ്ടിയാണവർ കളിക്കുന്നത്.
സൂറിച്ചിലെ ഫിഫ ആസ്ഥാനവിദ്വാന്മാർ മൈതാനത്തു കളിയല്ല കാണുന്നത്. നടുവിലൊരു പന്തും വച്ചുകൊണ്ടുള്ള തൊണ്ണൂറ് മിനിറ്റ് നീളുന്ന ഒരു പരസ്യം മാത്രമാണവർക്ക് മത്സരങ്ങൾ. ആധുനിക കളിയിൽ, തോൽക്കുകയെന്നാൽ ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുക എന്നാണ്. അതുകൊണ്ടുതന്നെ ഭാവനയും സാഹസികതയും സർഗാത്മകതയും നിരോധിക്കപ്പെട്ടിരിക്കുന്നു.
പൂർണമായി മെരുക്കാൻ കഴിയില്ല എന്നതാണ് ഫുട്ബോളിന്റെ ഭംഗി. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ, ഒരു കളിക്കാരൻ പ്രതീക്ഷിക്കാത്ത എന്തെങ്കിലും ചെയ്യും. കളിയിലെ തന്ത്രങ്ങളെ ഭേദിച്ച് ശുദ്ധമായ സന്തോഷത്തിന്റെ ഒരു മിന്നലാട്ടമുണ്ടാകും. ആ ഒരു നിമിഷം, ജീവിതം ഫുട്ബോൾപോലെതന്നെ ആവേശത്തോടെ ജീവിക്കേണ്ട ഒന്നാണെന്ന് നമ്മെ ഓർമിപ്പിക്കും.
പണവും ബിസിനസും കളി കൈയടക്കുമ്പോഴും ലോകത്തിലെ ഏതോ ഒരു തെരുവിൽ ഒരു കുട്ടി നഗ്നപാദനായി പന്തു തട്ടുന്നുണ്ടെങ്കിൽ ഫുട്ബോളിന്റെ ആത്മാവ് ഇപ്പോഴും ഭൂമി വിട്ടുപോയിട്ടില്ലെന്ന് നമുക്ക് ആശ്വസിക്കാം.
സമയമായി. വ്യാകുലചിന്തകളും കണക്കുകൂട്ടലുകളും കിക്കോഫ് വരെ മാത്രം. ആദ്യ വിസിലിനൊപ്പം ആവേശം മാനംമുട്ടെ ഉയരട്ടെ!
NRI
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്റ്റേഡിയങ്ങളിൽ ആരാധകർ വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിൽ ഫിഫ നിയന്ത്രണം ഏർപ്പെടുത്തി.
നേരത്തെ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം നയം മാറ്റി പൂർണ നിരോധനം കൊണ്ടുവന്നു.
സുരക്ഷാ കാരണം
കളിക്കാർക്കും കാണികൾക്കും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തീരുമാനമെന്ന് ഫിഫ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
ബോട്ടിലുകൾ എറിഞ്ഞാൽ ഉണ്ടാകാവുന്ന അപകടസാധ്യത കണക്കിലെടുത്താണ് കുപ്പികൾ, കാൻ, ജാറുകൾ എന്നിവയ്ക്ക് നിരോധനമെന്ന് ഫിഫ അറിയിച്ചു.
എന്ത് കൊണ്ടുവരാം, എന്ത് പാടില്ല
അനുവദിക്കില്ല: ഹാർഡ് സൈഡഡ്, റീയൂസബിൾ വാട്ടർ ബോട്ടിലുകൾക്ക് പൂർണ നിരോധനം.
അനുവദിക്കും: അമേരിക്കയിലും കാനഡയിലും നടക്കുന്ന മത്സരങ്ങളിൽ 20 ഔൺസ് (590 എംഎൽ) വരെ ശേഷിയുള്ള, ഫാക്ടറി സീൽ ചെയ്ത, സോഫ്റ്റ് പ്ലാസ്റ്റിക് ഡിസ്പോസബിൾ വാട്ടർ ബോട്ടിൽ ഒരെണ്ണം കൊണ്ടുവരാം.
മെക്സിക്കോയിലെ വേദികളിൽ ഈ ഇളവ് ബാധകമല്ല.
ആരാധകർക്ക് സൗജന്യ കുടിവെള്ളം
സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് ഫിഫ ഉറപ്പുനൽകിയതായി ഇംഗ്ലീഷ് ടീമിന്റെ ഫാൻസ് അസോസിയേഷനായ "ഫ്രീ ലയൺസ്' അറിയിച്ചു.
മിസ്റ്റിംഗ് സ്റ്റേഷനുകൾ, ഫാനുകൾ, ഹൈഡ്രേഷൻ സ്റ്റേഷനുകൾ, കൂളിംഗ് ടെന്റുകൾ എന്നിവ സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കുമെന്നും ഫിഫ വ്യക്തമാക്കി.
ചൂട് വലിയ വെല്ലുവിളി
കഴിഞ്ഞ വർഷത്തെ ക്ലബ് ലോകകപ്പിൽ കടുത്ത ചൂടിനെക്കുറിച്ച് കളിക്കാരും കോച്ചുമാരും പരാതിപ്പെട്ടിരുന്നു. ഇത്തവണയും 16 വേദികളിൽ 11-ലും മേൽക്കൂര ഇല്ലാത്തതിനാൽ താപനില 26-28 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
104 മത്സരങ്ങളിൽ 26 എണ്ണം അത്യുഷ്ണത്തിൽ നടക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
കളിക്കാർക്ക് കൂളിംഗ് ബ്രേക്ക്
ചൂട് കണക്കിലെടുത്ത് കളിക്കാർക്കായി ഓരോ പകുതിയിലും 22-ാം മിനിറ്റിൽ മൂന്ന് മിനിറ്റ് വീതം കൂളിംഗ് ബ്രേക്ക് അനുവദിക്കും. സൈഡ് ലൈനുകളിൽ എയർ കണ്ടീഷണറുകളും സ്ഥാപിക്കും.
വെള്ളത്തിന് വില കൂട്ടില്ല
സ്റ്റേഡിയത്തിനുള്ളിൽ വിൽക്കുന്ന വെള്ളത്തിന്റെ വില മറ്റ് ഇവന്റുകളിലെ നിരക്കിന് തുല്യമായിരിക്കുമെന്നും ഫിഫ പങ്കാളിയായ കൊക്കകോളയുടെ ദസാനി ബ്രാൻഡ് വെള്ളം ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചു.
ലോകകപ്പ് തുടങ്ങുന്നത് വ്യാഴാഴ്ച
48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് വ്യാഴാഴ്ച മെക്സിക്കോ സിറ്റിയിൽ തുടങ്ങും. ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ജൂലൈ 19ന് ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ.
Sports
ലക്സംബർഗ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇറ്റലിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
പിയോ എസ്പോസിറ്റോയാണ് ഇറ്റലിക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 49-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് സന്നാഹമത്സരത്തിൽ യുഎസ്എയ്ക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
യുഎസ്എയ്ക്ക് വേണ്ടി സെർജിനോ ഡെസ്റ്റും ക്രിസ്റ്റ്യൻ പുലിസിച്ചും ഫോളാരിൻ ബലോഗണും ആൺ ഗോളുകൾ നേടിയത്. ഡെസ്റ്റ് ആറാം മിനിറ്റിലും പുലിസിച്ച് 19-ാം മിനിറ്റിലും ബലാഗൺ 62-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
സാഡിയോ മാനെയാണ് സെനഗലിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 43,51 എന്നീ മിനിറ്റുകളിലാണ് മാനെ ഗോളുകൾ കണ്ടെത്തിയത്.
NRI
ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പിന് തുടക്കമാകാൻ 22 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. ടിക്കറ്റിന്റെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിൽ 23 ശതമാനത്തിലധികം കുറവുണ്ടായി. മുൻപ് 737 ഡോളർ ആയിരുന്ന ശരാശരി നിരക്ക് ഇപ്പോൾ 550 ഡോളറായി (ഏകദേശം 46,000 രൂപ) കുറഞ്ഞു.
ലോസ് ആഞ്ചലസിൽ നടക്കുന്ന യുഎസ്എ - പാരഗ്വായ് ഉദ്ഘാടന മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് മാസത്തിന് ശേഷം ആദ്യമായി 1000 ഡോളറിന് താഴെയെത്തി (938 ഡോളർ). സ്റ്റേഡിയങ്ങൾ പകുതി മാത്രം നിറയുമോ എന്ന ആശങ്ക ഫിഫ അധികൃതർക്കുണ്ട്.
എന്നാൽ ജൂലൈ 19ന് ന്യൂജഴ്സിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. ഫൈനൽ കാണാനുള്ള കുറഞ്ഞ നിരക്ക് നിലവിൽ 7,734 ഡോളറാണ് (ഏകദേശം 6.4 ലക്ഷം രൂപ). ജൂൺ 11ന് മെക്സിക്കോ സിറ്റിയിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
NRI
ഡാളസ്: ഫിഫ ഫുട്ബോൾ ലോകകപ്പിന് പന്ത് ഉരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെ ഒരുക്കങ്ങളിൽ ആശങ്ക. ഒൻപതു മത്സരങ്ങൾ നടക്കുന്ന നോർത്ത് ടെക്സസിലെ ഒരുക്കങ്ങളെ കുറിച്ച് സമ്മിശ്ര വികാര പ്രകടനങ്ങളാണ് ഉയരുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കളിക്കാർ ഡാളസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിലേക്ക് നടന്നെത്തുമ്പോൾ അവരെ കൈപിടിച്ചു ആനയിക്കുവാൻ 98 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ഇവരെ പരിചയപ്പെടുത്തുവാനും അവർ ഓരോരുത്തരും ഏത് ടീമിനൊപ്പമാണ് ഉണ്ടായിരിക്കുക എന്ന് വ്യക്തമാക്കുവാനും ഡാളസ് നഗര മധ്യത്തിലെ ലാസ് റാണിറ്റാസ് റസ്റ്റോറന്റിൽ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ഔദ്യോഗികമായുള്ള പ്ലെയർ എസ്കോർട്ട് ടിക്കറ്റുകൾ ഈ കുട്ടികൾക്ക് കൈമാറി. ഫുട്ബോൾ പ്രേമികൾ മുൻകൂട്ടി നറുക്കെടുപ്പുകളിൽ പങ്കെടുത്തു വാങ്ങിയ ടിക്കറ്റുകൾക്ക് തീരെ അപ്രധാനമായ സീറ്റുകളാണ് നൽകിയത് എന്നാരോപണം ഉയർന്നു. ടിക്കറ്റുകളുടെ വില സാധാരണ ഫുട്ബോൾ ആരാധകർക്ക് താങ്ങാനാവത്തതാണ് എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മക്ഡൊണാൾഡ്സിൽ നിന്ന് ഭക്ഷണം വാങ്ങുന്നവരുടെ ബാഗിന്റെ പുറംചട്ടയിൽ മത്സരങ്ങളുടെ വിവരങ്ങൾ ഉണ്ട്. പലർക്കും മത്സരങ്ങൾ കാണാൻ ഇതൊരു പ്രേരണയായെന്നു വരാം. 50 രാജ്യങ്ങളിൽ നിന്നുള്ളവർ കളി കാണാൻ എത്തുമ്പോൾ 15,000 ഡോളർ വരെ വിലയുള്ള എൻട്രി ബോണ്ടുകൾ നൽകിയിരിക്കണം എന്നൊരു നിബന്ധന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പുറത്തിറക്കിയിരുന്നു.
ഇത് വീസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങുന്നവരാണ് എന്ന് സംശയമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ബാധിക്കുന്ന നിയന്ത്രണമാണ്. എന്നാൽ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ കോൺസുലാർ അഫയേഴ്സ് മോറ നാംദാർ ഫിഫ സോക്കർ കപ്പ് മത്സരങ്ങൾ കാണാനായി ഏപ്രിൽ 15നുള്ളിൽ വീസ പാസ് സിസ്റ്റത്തിലൂടെ അപ്പോയ്മെന്റുകൾ എടുത്തവർക്ക് ഈ നിയമം ബാധകമാവില്ല എന്ന് വെളിപ്പെടുത്തി.
ഇന്ന് വരെ നടന്നിട്ടുള്ളതിൽ ഏറ്റവും മഹത്തരവും മികച്ചതുമായ ഫുട്ബോൾ മത്സരങ്ങളായിരിക്കും 2026 സോക്കർ മത്സരങ്ങൾ എന്നും നാംദാർ കൂട്ടിച്ചേർത്തു. ഒരു ഗ്ലോബൽ സ്പോർട്ടിംഗ് ഇവന്റ് നടക്കുമ്പോൾ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മത്സരങ്ങളുടെ ശോഭ കെടുത്തുമെന്നു വിമർശകർ പറയുന്നു.
യുഎസ് ഹോട്ടൽസ് സംഘടന വീസയ്ക്ക് സൃഷ്ടിക്കുന്ന ഇത്തരം പ്രതിബന്ധങ്ങളെയും ജിയോ പൊളിറ്റിക്കൽ ഇഷ്യൂകളെയും വിമർശിച്ചു. ഹോട്ടൽ ബുക്കിംഗുകളെ ഇവ സാരമായി ബാധിച്ചിട്ടുണ്ട് എന്നും പരാതിപ്പെട്ടു.
ദി അമേരിക്കൻ ഹോട്ടൽ ആൻഡ് ലോഡ്ജിംഗ് അസോസിയേഷൻ പറഞ്ഞത് ഫുട്ബോൾ മത്സരങ്ങൾ കാണാൻ പ്രതീക്ഷിക്കുന്നവർക്ക് ആവശ്യമായി വരുന്ന വീസയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പും വർധിച്ച ഫീസും ആരാധകരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ് എന്നാണ്.
ഒരു മീഡിയ ഹബ് കൺവൻഷൻ സെന്ററിൽ തുറന്നു പ്രവർത്തിക്കുമെന്നു സംഘാടകർ പറഞ്ഞു. ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ കവറേജുകൾ 3,500ൽ അധികം വരുന്ന റിപ്പോർട്ടർമാർ ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ എത്തിക്കും എന്നാണ് കരുതുന്നത്.
ഡാളസ് നഗരസഭ 2024 ഡിസംബറിൽ കൺവൻഷൻ സെന്റർ പുതുക്കി പണിയുവാൻ 15 മില്യൺ ഡോളർ അനുവദിച്ചിരുന്നു. ഡാളസിലെ ഫെയർ പാർക്കിൽ ഒരു മില്യൺ സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു ഫിഫ ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റ് സെന്ററിലൂടെ ഡാളസ് നഗരത്തിന് ലോകത്തിനു മുൻപിൽ ഒരു വിപണി സംഘടിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു.
ട്രാഫിക് ലൈറ്റുകളുടെ പുനഃസംവിധാനം മുതൽ വീഥികളിലെ റീമാർക്കിംഗ് ഉൾപ്പെടെ 73 സൗന്ദര്യവത്കരണ പദ്ധതികളും ഡാളസ് നഗരത്തിൽ നടത്തി വരികയാണ്. എന്നാൽ സോക്കർ മത്സരങ്ങൾ മൂലം നഗരത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Sports
ലണ്ടൻ: ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ 26 അംഗ ടീമിനെ ഈയാഴ്ച മുതൽ പ്രഖ്യാപിച്ചു തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന തങ്ങളുടെ ടീമിനെ 30 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രാഥമിക സ്ക്വാഡിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
55 അംഗ ടീമിൽ ലയണൽ മെസിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗലോ ഡിബാലയെ ഒഴിവാക്കി. ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയായ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
അതേസമയം ബ്രസീൽ ടീമിനെ 18ന് പ്രഖ്യാപിക്കും. പ്രാഥമിക സ്ക്വാഡിൽ നെയ്മറും നാൽപത്തൊന്നുകാരൻ ഡിഫൻഡർ തിയാഗോ സിൽവയും ഉൾപ്പെട്ടിരുന്നു. ബൽജിയം 15നും പോർച്ചുഗൽ 19നും ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കും.
ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായാണ് മത്സരങ്ങൾ നടത്തുന്നത്.
Sports
ഫിഫ ലോകകപ്പിൽ ഗ്ലാമർരഹിത ഗ്രൂപ്പുകളിലൊന്നാണ് ബി ഗ്രൂപ്പ്. കരുത്തരായ ഇറ്റലിയെ പ്ലേ ഓഫ് ഫൈനലിൽ വീഴ്ത്തിയ ബോസ്നിയയാണ് ഗ്രൂപ്പിന്റെ ഐശ്വര്യം. ആതിഥേയരായ കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവരാണ് മറ്റു ഗടികൾ.
കാനഡ
1986ലും 2022ലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മരണഗ്രൂപ്പിൽ പെട്ടുപോയ കാനഡയ്ക്ക് ഒരു പോയിന്റ്പോലും നേടാനാവാതെ മടങ്ങേണ്ടിവന്നിരുന്നു. മാനേജർ ജെസി മാർഷാണ് കാനഡയുടെ ആത്മവിശ്വാസം. ഇത്തവണ ഗ്രൂപ്പ് ഘട്ടം കടക്കാനാവുമെന്നാണ് പ്രതീക്ഷ. 2024 കോപ്പ അമേരിക്ക സെമിഫൈനൽ വരെ ടീമിനെ കൊണ്ടെത്തിക്കാൻ ജെസി മാർഷിന് സാധിച്ചു. യുവന്റസ് താരം ജൊനാഥൻ ഡേവിഡാണ് സ്റ്റാർ പ്ലെയർ. കാനഡയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് ഈ 26കാരൻ. രാജ്യത്തിനായി 75 കളികളിൽ 39 ഗോളുകൾ നേടിയിട്ടുണ്ട്. ബയേൺ മിഡ്ഫീൽഡർ അൽഫോൻസോ ഡേവിസും കാനഡയുടെ പ്രതീക്ഷയാണ്.
സ്വിറ്റ്സർലൻഡ്
12 തവണ ലോകകപ്പിൽ സാന്നിദ്ധ്യമറിയിച്ചട്ടുണ്ട്. 1934, 1938, 1954 വർഷങ്ങളിൽ ക്വാർട്ടറിലെത്തി. തുടർച്ചയായ ആറാം ലോകകപ്പാണ്. 2009ലെ അണ്ടർ 17 ലോകകപ്പ് നേടിയ ടീമിലെ താരമായിരുന്ന ഗ്രാനിറ്റ് ഷാകയാണ് ക്യാപ്റ്റൻ. സണ്ടർലൻഡ് എഫ്സിയുടെ മധ്യത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന ഷാകയിലാണ് സ്വിസ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധതാരം മാനുവൽ അകാഞ്ചി, ഗോൾകീപ്പർ ഗ്രിഗോർ കോബൽ എന്നിവരാണ് മറ്റ് പ്രമുഖർ. മുരറ്റ് യാകിനാണ് കോച്ച്.
ഖത്തർ
ആദ്യമായാണ് യോഗ്യതാ മത്സരങ്ങളുടെ കടമ്പകടന്ന് ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ തവണ ആതിഥേയരായി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഗ്രൂപ്പിലെ ഏറ്റവും താഴ്ന്ന റാങ്കിംഗുള്ള ടീമാണ്. പ്രതിരോധമാണ് മെയിൻ. ശാരീരികമായി ശക്തരായ യൂറോപ്യൻ എതിരാളികളോട് ഇടിച്ചുനിൽക്കാൻ കഴിയുമോയെന്നത് ചോദ്യമാണ്. കോച്ച് യുലെൻ ലോപെഗുയിയാണു ടീമിലെ സൂപ്പർ താരം. സ്പെയിൻ ദേശീയ ടീം, റയൽ, സെവിയ്യ തുടങ്ങിയ വമ്പൻ ക്ലബ്ബുകളെയും പരിശീലിപ്പിച്ച യുലന്റെ ‘തലക്കനം' ടീമിനെ ഗ്രൂപ്പ് ഘട്ടം കടത്തുമോയെന്ന് കാത്തിരുന്നുകാണണം. ഹസൻ അൽ ഹൈദോസാണ് നായകൻ. അൽമോസ് അലിയും മുഹമ്മദ് മുന്‍താരിയും ശ്രദ്ധേയതാരങ്ങൾ.
ബോസ്നിയ
യൂറോപ്യൻ ലോകകപ്പ് യോഗ്യതാ പ്ലേഓഫിൽ അസൂറികളെ കണ്ണീരിലാഴ്ത്തിയാണ് ബോസ്നിയ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഇത് രണ്ടാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നത്.
വെറ്ററൻ താരം എഡിൻ സെക്കോയാണ് പ്രധാന താരം. ജർമൻ ലീഗിലെ ഷാൽകെയുടെ താരമായ ഈ 40കാരനാണ് ബോസ്നിയൻ ആക്രമണത്തിന്റെ കുന്തമുന.
2014 ലോകകപ്പിൽ കളിച്ച ബോസ്നിയയുടെ സുവർണ തലമുറയുടെ ഭാഗമാണ് സെകോ. ടീമിന്റെ എൻജിൻ റൂമിൽ ബെഞ്ചമിൻ ടഹിറോവിച്ചും അർമിൻ ജിഗോവിച്ചുമാണുള്ളത്. സെർജെജ് ബാർബറസാണ് കോച്ച്.
Sports
ഫിഫ 2026 ലോകകപ്പ് ആരവങ്ങളിലേക്ക് ഇനി 34 ദിനങ്ങളുടെ ദൂരം. മുന്‍പെങ്ങുമില്ലാത്ത ആവേശത്തിനാണ് ഇത്തവണ വിസിൽ മുഴങ്ങുന്നത്. 48 ടീമുകൾ, 12 ഗ്രൂപ്പുകൾ, 104 മത്സരങ്ങൾ. കണ്ണും മനസും നിറയെ കാൽപ്പന്താവേശം. 12 ഗ്രൂപ്പുകളിലും കാത്തിരിക്കുന്നത് തീപാറും പോരാട്ടം. കുഞ്ഞന്മാരെന്ന് കരുതി ആരെയും എഴുതിത്തള്ളാൻ കഴിയില്ലെന്നർഥം. ഗ്രൂപ്പുകളിലൂടെ ബോക്സ് ടു ബോക്സ് ഓടി ഓരോ ടീമുകളെ തൊട്ടുവരാം.
എ ഗ്രൂപ്പ്: മെക്സിക്കോ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്.
മെക്സിക്കോ
ആതിഥേയരായ മെക്സിക്കോ തന്നെയാണ് ഈ ഗ്രൂപ്പിലെ ശക്തർ. ഫിഫ റാങ്കിംഗിൽ 15-ാം സ്ഥാനത്താണ് മെക്സിക്കോ. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ മേൽക്കൈ ‘എൽ ട്രി' സംഘത്തിനുണ്ടാവും. ഗോൾപോസ്റ്റിനു കീഴിൽ കൈകൾ വിരിച്ചുനിൽക്കുന്ന ഗില്ലെർമോ "മെമ്മോ’ ഒച്ചോവയെന്ന കുറിയ മനുഷ്യൻ തന്നെയാവും ഇത്തവണത്തെയും മെക്സിക്കോയുടെ പോസ്റ്റർ ബോയ്. മെക്സിക്കൻ സ്ക്വാഡിൽ ഉൾപ്പെട്ടാൽ ആറ് ലോകകപ്പ് എഡിഷനുകളിൽ പങ്കെടുക്കുന്ന ആദ്യ ഗോൾകീപ്പർ എന്ന ചരിത്രമാണ് ഒച്ചോവയിലൂടെ പിറക്കുക. ഫുൾഹാമിന്റെ റൗൾ ഹിമിനെസും വെസ്റ്റ്ഹാമിനായി കളിക്കുന്ന എഡ്സൺ അൽവാരെസും മെക്സിക്കൻ നിരയിൽ ശ്രദ്ധേയരാണ്.
ദക്ഷിണകൊറിയ
ദക്ഷിണകൊറിയയെയും എഴുതിത്തള്ളാൻ കഴിയില്ല. ഏഷ്യൻ വൻകരയിലെ ശക്തർ, അവരുടെ ദിവസത്തിൽ ഏത് ടീമിനെയും വിറപ്പിക്കാൻ കെൽപ്പുള്ളവർ.11 തവണ ലോകകപ്പിന് യോഗ്യത നേടിയ ഏഷ്യൻ കടുവകൾ 2002ൽ സെമിഫൈനൽവരെയെത്തി. അവസാന നാലിലെത്തുന്ന ആദ്യ ഏഷ്യൻ ടീമെന്ന ചരിത്രം അത്തവണ അവർ പോസ്റ്റിലാക്കി. ക്യാപ്റ്റൻ സൺ ഹ്യൂങ് മിന്നാണ് ഏഷ്യൻ ടൈഗേഴ്സിന്റെ ഹൈലൈറ്റ്. എംഎൽഎസിൽ ലോസ് ആഞ്ചലസ് എഫ്സിയുടെ താരമാണ്. ബയേണിന്റെ സെന്റർ ബാക് കിം മിൻ, പിഎസ്ജിയുടെ മധ്യനിരതാരം ലീ കാംഗ് എന്നിവരും ദക്ഷിണ കൊറിയൻ കുന്തമുനകളാണ്.
ദക്ഷിണാഫ്രിക്ക
യോഗ്യതാ റൗണ്ടിൽ ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ വരെ തകർത്താണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് ടിക്കറ്റെടുത്തത്. ആഫ്രിക്കയിലെ ഇക്കൊല്ലത്തെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട റൊൺവെൻ വില്യംസാണ് ആഫ്രിക്കൻ ബോയ്സിന്റെ ആത്മവിശ്വാസം. പരിശീലകൻ ഹ്യൂഗോ ബ്രൂസിന്റെ തന്ത്രങ്ങൾ ഇത്തവണ ഗ്രൂപ്പ് ഘട്ടം കടക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. മുമ്പ് മൂന്നുതവണ ലോകകപ്പിനെത്തിയപ്പോഴും ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.
ചെക് റിപ്പബ്ലിക്
ചെക്കോസ്ലോവാക്യയായിരുന്നപ്പോൾ ചെക് ടീം ലോകകപ്പിലെ കരുത്തരായിരുന്നു. എട്ട് ലോകകപ്പിൽ കളിച്ച യൂറോപ്പിന്റെ അക്കാലത്തെ പടക്കുതിരകൾ. രണ്ട് തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. പോയകാലത്തിന്റെ നിഴൽപോലുമല്ലെങ്കിലും നീണ്ട 20 വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിലേക്ക് എൻട്രി നേടിയിരിക്കുകയാണ്. പ്ലേ ഓഫിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തിയാണ് യോഗ്യത നേടിയത്. മിറോസ്ലാവ് കൗബെകാണ് പരിശീലകൻ. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം ദേശീയ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്തത്. വെസ്റ്റ്ഹാം യുണൈറ്റഡിന്റെ മധ്യനിരതാരം തോമസ് സൗചെക്, വോൾവർഹാംടൺ വാണ്ടറേഴ്സ് പ്രതിരോധതാരം ലാഡിസ്ലാവ് ക്രേചി എന്നിവരാണ് പ്രധാനതാരങ്ങൾ.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ഇന്ത്യയില്‍ ആരു നടത്തും എന്നതില്‍ ഇതുവരെ തീരുമാനമായില്ല. ലോകകപ്പിന്റെ കിക്കോഫിലേക്ക് വെറും 36 ദിനങ്ങളുടെ അകലം മാത്രമാണുള്ളത്.
റിലയന്‍സ് - ഡിസ്നിയുടെ ജിയൊഹോട്ട്സ്റ്റാര് മുന്നോട്ടുവച്ച 20 മില്യണ്‍ ഡോളര്‍ (191 കോടി രൂപ) കരാര്‍ ഫിഫ തള്ളി. സോണി കരാര്‍ സ്വന്തമാക്കാനായി ഇതുവരെ മുന്നോട്ടു വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ സംപ്രേഷണാ വകാശം നല്‍കുന്നതിനായി ഫിഫ 100 മില്യണ്‍ ഡോളറായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സംപ്രേഷണക്കാരെ കണ്ടെത്താൻ ഫിഫയ്ക്കു സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. 2022 ഖത്തര്‍ ലോകകപ്പില്‍ ലോകത്തില്‍ ആകെയുള്ള ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ വ്യൂവര്‍ഷിപ്പിന്റെ 49.8 ശതമാനം ഇന്ത്യ, ചൈന രാജ്യങ്ങളില്‍നിന്നായിരുന്നു.
Sports
സൂറിച്ച് : ഫുട്ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അനുമതി നല്കി. ജിയാനി പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ ജിയാനി എന്റെ സുഹൃത്താണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
Sports
വാന്‍കൂവര്‍: മഞ്ഞക്കാര്‍ഡ് കണ്ട് കളിക്കാര്‍ക്കു മത്സരം നഷ്ടപ്പെടുന്ന നിയമത്തിലും ഫിഫ 2026 ലോകകപ്പില്‍ ഇളവുവരുത്തി.
അടുപ്പിച്ച് രണ്ട് മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കാണുന്ന കളിക്കാര്‍ മൂന്നാം മത്സരത്തില്‍ പുറത്തിരിക്കണം എന്നതായിരുന്നു കഴിഞ്ഞ ലോകകപ്പ് വരെയുള്ള നിയമം.
എന്നാല്‍, ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്കുശേഷം കളിക്കാരുടെ ഒരു മഞ്ഞക്കാര്‍ഡ് റദ്ദാക്കും. അതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് പുതിയ തുടക്കം കുറിക്കാം.
റൗണ്ട് ഓഫ് 32, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഘട്ടങ്ങളിലും ഓരോ മഞ്ഞക്കാര്‍ഡ് കാന്‍സല്‍ ചെയ്യും.
Sports
വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ രണ്ട് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ.
കഴിഞ്ഞ മാസങ്ങളില്‍ ലോക ഫുട്ബോളിനെ പ്രതിസന്ധിയിലാക്കിയ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് ഫിഫ നിര്‍ബന്ധിതമായത്. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഫിഫയുടെ കീഴിലുള്ള എല്ലാ അസോസിയേഷനുകള്‍ക്കും ഈ നിയമങ്ങള്‍ നടപ്പിലാക്കാമെന്നും ഇന്‍ഫാന്റിനൊ വ്യക്തമാക്കി. 2026 ലോകകപ്പിലേക്ക് ഇനി 42 ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
◄പുതിയ നിയമം: ഒന്ന്►
ജഴ്സി ഉപയോഗിച്ച് മുഖം മറച്ചശേഷം എതിര് ടീം അംഗത്തിന് എതിരേ അസഭ്യം, വംശീയാധിക്ഷേപം തുടങ്ങിയവ ചെയ്യുന്ന കളിക്കാര്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കുക എന്നതാണ് പുതിയ നിയമം. ഫെബ്രുവരിയില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫികയും തമ്മില്‍ അരങ്ങേറിയ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെ, റയലിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂണിയറിനെതിരേ ബെന്‍ഫികയുടെ അര്‍ജന്റൈന്‍ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി ജഴ്സികൊണ്ട് മുഖംമറച്ച് വംശീയാധിക്ഷേപം നടത്തിയിരുന്നു.
◄പുതിയ നിയമം: രണ്ട്►
മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതാനം വിടുന്ന കളിക്കാര്‍ക്കും ടീം ഓഫീഷല്സിനും ചുവപ്പ്കാര്‍ഡ് നല്‍കും എന്നതാണ് രണ്ടാമത്തെ നിയമം. ഈ ജനുവരിയില്‍ നടന്ന 2025 ആഫ്രിക്ക കപ്പ് ഫൈനലില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ ടീം മൈതാനം വിട്ടിരുന്നു. പിന്നീട് തിരിച്ചെത്തിയ സെനഗല്‍, എക്സ്ട്രാ ടൈം ഗോളില്‍ മൊറോക്കോയെ കീഴടക്കി. എന്നാല്‍, സെനഗല്‍ ടീമിന്റെ നടപടയില്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് (സിഎഎഫ്) ഇടപെടുകയും ഫൈനലില്‍ 3-0ന് മൊറോക്കൊ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
Sports
സൂറിച്ച്: ഫിഫ പുരുഷ ഫുട്ബോള്‍ ടീം ലോക റാങ്കിംഗില്‍ ഇന്ത്യക്കു മുന്നേറ്റം. 2027 എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോങ്കോംഗിനെ 1-2നു കീഴടക്കിയതിനു പിന്നാലെ ഇന്ത്യന്‍ ടീം അഞ്ച് സ്ഥാനം മുന്നേറി 136ല്‍ എത്തി.
ഫ്രാന്‍സ്, സ്പെയിന്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ ടീമുകളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
Sports
മിലാൻ: ഇറ്റലിക്ക് ഇത്തവണയും ഫിഫ വേൾഡ് കപ്പ് യോഗ്യത നേടാനായില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബോസിനിയ ആൻഡ് ഹെർസഗോവിനയോട് പരാജയപ്പെട്ടതോടെയാണ് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലിക്ക് ഫിഫ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കാത്തത്.
സെനിക്കയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്ന് പെരുനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം ബോസ്നിയ 4-1 ന് സ്വന്തമാക്കുകയായിരുന്നു.
ജെനാറോ ഗാട്ടൂസോയുടെ നേതൃത്വത്തിലുള്ള ഇറ്റലിക്ക് ആദ്യ 15 മിനുട്ടിനുള്ളിൽ തന്നെ മോയ്സ് കീൻ ലീഡ് നേടികൊടുത്തിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഇറ്റലിയുടെ പ്രതിരോധ താരം അലസാൻഡ്രോ ബാസ്റ്റോണി റെഡ് കാർഡ് കണ്ട പുറത്തയത് ടീം വലിയ തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയ ടീം ലീഡ് വിട്ടുകൊടുക്കാതെ പൊരുതിയെങ്കിലും മത്സരത്തിന്റെ 79-ാം മിനുട്ടിൽ സമനില വഴങ്ങി. ബോസ്നിയക്കായി ഹാരിസ് ടബാക്കോവിച്ചാണ് സമനില ഗോൾ നേടിയത്.
2014 -ലാണ് ഇറ്റലി അവസാനമായി ലോകകപ്പ് യോഗ്യത നേടുന്നത്. അന്ന് അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2006 -ലായിരുന്നു ഇറ്റലി അവസാനമായി കപ്പുയർത്തിയത്.
Sports
സൂറിച്ച്: ഫിഫ ലോകകപ്പിന് യൂറോപ്പിൽനിന്ന് യോഗ്യത നേടുന്ന അവസാന നാല് ടീമുകളെ ചൊവ്വാഴ്ച അറിയാം.
ലോകകപ്പ് പ്രതീക്ഷ നിലനിർത്തി യോഗ്യതാ റൗണ്ട് പ്ലേഓഫ് സെമി ഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ഇറ്റലിയടക്കമുള്ള ടീമുകളാണ് വിധി കാത്തിരിക്കുന്നത്.
ചൊഴ്ചത്തെ പ്ലേ ഓഫ് ഫൈനലിൽ ഇറ്റലിക്ക് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ. മത്സരം ജയിച്ചാൽ 12 വർഷത്തെ ഇടവേളയ്ക്കുശേഷം മുൻ ചാന്പ്യൻമാർക്ക് ലോക പോരാട്ടവേദിയിലേക്ക് തിരിച്ചെത്താം. നാല് തവണ ചാന്പ്യൻമാരായിട്ടുള്ള ഇറ്റലി രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്.
പ്ലേ ഓഫ് റൗണ്ടിലെ മറ്റ് ഫൈനലുകളിൽ സ്വീഡൻ പോളണ്ടിനെയും ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്കിനെയും തുർക്കി കൊസോവോയെയും നേരിടും.
സെമി ഫൈനലിൽ റുമാനിയയെ തോൽപ്പിച്ചാണ് തുർക്കി പ്രതീക്ഷകൾ സജീവമാക്കിയത്. ഉക്രൈനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച് സ്വീഡനും അൽബേനിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് പോളണ്ടും അയർലൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന് ചെക്ക് റിപ്പബ്ലിക്കും ലോകകപ്പിൽ പ്രതീക്ഷ കാത്തു.
Sports
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
» ട്രംപിന് എതിരേ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന ഇറാന് സ്പോര്‍ട്സ് മന്ത്രിയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ട്രംപ് നടത്തിയത്.
എന്നാല്‍, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം, കളിക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എന്തു നീതി എന്നതായിരുന്നു ഇറാന്റെ മറു ചോദ്യം. “ഇറേനിയന്‍ ദേശീയ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക്, ഞങ്ങള്‍ തീര്‍ച്ചയായും അമേരിക്കയിലേക്കു പോകില്ല’’- മെക്സിക്കോയിലെ ഇറേനിയന്‍ എംബസിയുടെ എക്സ് അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലൂടെ മെഹ്ദി താജ് വ്യക്തമാക്കി.
» മൂന്നു കളിയും അമേരിക്കയില്‍
ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ഇറാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണം.
ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമാണ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്റെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍. 2026 ഫിഫ ലോകകപ്പിന് യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത് ടീമാണ് ഇറാന്.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം. ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും ആദ്യ 10 മിനിറ്റ് ഫിഫയുടെ യുട്യൂബില്‍ ലഭിക്കും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മത്സരങ്ങള്‍ മാത്രമേ പൂര്‍ണമായി തത്സമയം ഉണ്ടാകുകയുള്ളൂ.
Sports
ടെഹ്റാൻ: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് ഇറാൻ ദേശീയ ടീം. ലോകകപ്പിലേക്കു സ്വാഗതം, പക്ഷേ നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇറാൻ ടീം അമേരിക്കയിലേക്കു വരാതിരിക്കുന്നതാവും നല്ലതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാൻ ടീം.
തങ്ങൾ ലോകകപ്പിനായി യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നാണെന്നും, തങ്ങളെ പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആതിഥേയരായതുകൊണ്ട് മാത്രം കളിക്കുന്ന അമേരിക്കയ്ക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയ്ക്ക് എന്തുകൊണ്ട് സാധിക്കില്ലെന്നും ഇറാൻ ചോദിച്ചു.
ട്രംപിന്റെ പ്രസ്താവനയോട് 24 മണിക്കൂറിനുള്ളിൽ പ്രതികരിച്ചാണ് ഇറാൻ ടീം സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്. ഫിഫ പ്രസിഡന്റും ഇറാന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു.
യുഎസ്- ഇസ്രയേൽ സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ടീമിനെ അമേരിക്കയിലേക്കു ലോകകപ്പിനു വിടാൻ കഴിയില്ലെന്നു ഇറാൻ കായികമന്ത്രി അഹമ്മദ് ഡോന്യാമലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒൗദ്യോഗികമായ പിന്മാറ്റ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രംപിനു മറുപടിയുമായി ഇറാൻ ടീം രംഗത്തുവന്നത്.
ഫിഫ റാങ്കിങ്ങിൽ 20-ാം സ്ഥാനക്കാരായ ഇറാൻ കഴിഞ്ഞ ആറ് ലോകകപ്പുകളിലും മത്സരിച്ചിരുന്നു.
Sports
സ്പെയിൻ: 2030 ലോകകപ്പ് ഫുട്ബോൾ ഫൈനലിന് സ്പെയിൻ ആതിഥേയത്വം വഹിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് വ്യക്തമാക്കി.
സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ഫൈനൽ മത്സരം എവിടെ നടത്തുമെന്ന് ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ മത്സരം സ്പെയിനിൽ നടക്കുമെന്ന് വ്യക്തമാക്കിയ റാഫേൽ ലൂസാൻ ഏത് വേദിയിലാണ് കിരീട പോരാട്ടം നടക്കുകയെന്ന് പറഞ്ഞില്ല. മാധ്യമ പരിപാടിയിലായിരുന്നു ലൂസാൻ ഇക്കാര്യം സൂചിപ്പിച്ചത്.
NRI
ന്യൂയോർക്ക്: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി.
48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിൽ കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. സാദിഖലി ഷിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.
NRI
ഡാളസ്: 2026ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാളസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ഒമ്പത് മത്സരങ്ങൾ ഡാളസിൽ നടക്കും. ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു.
സെമിഫൈനൽ കൂടാതെ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളും സ്റ്റേഡിയത്തിൽ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന, ഇംഗ്ലണ്ട് എന്നിവർ ഡാളസിൽ മത്സരിക്കും. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്.
അർജന്റീനയുടെ ലയണൽ മെസി, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ ഡാളസ് സ്റ്റേഡിയത്തിൽ കളിക്കും. ഡാളസിലെ ആദ്യ ലോകകപ്പ് മത്സരം ജൂൺ 14ന് നെതർലൻഡ്സും ജപ്പാനും തമ്മിലാണ്.
ടൂർണമെന്റ് സമയത്ത് എടി&ടി സ്റ്റേഡിയത്തെ ഔദ്യോഗികമായി ഡാളസ് സ്റ്റേഡിയം എന്ന് ആയിരിക്കും വിളിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും ഇത്.
Sports
വാഷിംഗ്ടണ്‍: പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
കഴിഞ്ഞ രാത്രി 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിർണയ നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ് 2026ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുക.
Sports
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടിയ ഓസ്ട്രേലിയൻ താരം റയാൻ വില്ല്യംസിന് ഇനി നീലക്കുപ്പായത്തിൽ കളിക്കാം.
ഓസ്ട്രേലിയൻ ഫെഡറേഷൻ നൽകിയ വിടുതൽ സർട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ചു. അതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി ഇനിയുള്ള മത്സരങ്ങളിൽ റയാന് ബൂട്ടണിയാം. മുപ്പത്തിരണ്ടുകാരനായ റയാൻ നേരത്തേ തന്നെ ഇന്ത്യൻ ക്യാംപിൽ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഫിഫ റയാന്റെ ടീം മാറ്റം ഒൗദ്യോഗികമായി അംഗീകരിച്ചത്. ഫിഫയുടെ അംഗീകാരം വൈകിയതിനാൽ എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ റൗണ്ടിൽ ബംഗ്ലദേശിനെതിരായ മത്സരം റയാന് നഷ്ടമായിരുന്നു. നിലവിൽ ഐഎസ്എൽ ക്ലബ് ബംഗളൂരു എഫ്സി താരമാണ്.
Sports
ബെർലിൻ: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
നിക്ക് വോൾട്ട്മെയ്ഡ് ആണ് ജർമനിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 49-ാം മിനിറ്റിലും 69-ാം മിനിറ്റിലും ആണ് താരം ഗോളുകൾ നേടിയത്.
ലോകകപ്പിനുള്ള യൂറോപ്യൻ ടീമുകളുടെ യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ജർമനി. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ജർമനിക്കുള്ളത്.
Sports
ദോഹ: അർജന്റീനയും സ്പെയ്നും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 27 ന് നടക്കും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2022 ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നടന്ന സ്റ്റേഡിയമാണ് ലുസൈൽ.
കോപ്പ അമേരിക്കയിലെ ചാമ്പ്യൻമാരും യുവേഫ യൂറോ ജേതാക്കളും തമ്മിലാണ് ഫൈനലിസിമ പോരാട്ടം. നിലവിൽ അർജന്റീനയാണ് ഫൈനലിസിമ ജേതാക്കൾ. കഴിഞ്ഞ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചാണ് അർജന്റീന ചാമ്പ്യൻമാരായത്.
ഫിഫയാണ് തീയതിയും മത്സരവേദിയും പ്രഖ്യാപിച്ചത്. ആദ്യം മാർച്ച് 28ന് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 27ലേയ്ക്ക് മാറ്റുകയായിരുന്നു.