സൂറിച്ച്: ഫിഫ ലോകകപ്പിന് യൂറോപ്പിൽനിന്ന് യോഗ്യത നേടുന്ന അവസാന നാല് ടീമുകളെ ചൊവ്വാഴ്ച അറിയാം.
ലോകകപ്പ് പ്രതീക്ഷ നിലനിർത്തി യോഗ്യതാ റൗണ്ട് പ്ലേഓഫ് സെമി ഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ഇറ്റലിയടക്കമുള്ള ടീമുകളാണ് വിധി കാത്തിരിക്കുന്നത്.
ചൊഴ്ചത്തെ പ്ലേ ഓഫ് ഫൈനലിൽ ഇറ്റലിക്ക് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ. മത്സരം ജയിച്ചാൽ 12 വർഷത്തെ ഇടവേളയ്ക്കുശേഷം മുൻ ചാന്പ്യൻമാർക്ക് ലോക പോരാട്ടവേദിയിലേക്ക് തിരിച്ചെത്താം. നാല് തവണ ചാന്പ്യൻമാരായിട്ടുള്ള ഇറ്റലി രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്.
പ്ലേ ഓഫ് റൗണ്ടിലെ മറ്റ് ഫൈനലുകളിൽ സ്വീഡൻ പോളണ്ടിനെയും ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്കിനെയും തുർക്കി കൊസോവോയെയും നേരിടും.
സെമി ഫൈനലിൽ റുമാനിയയെ തോൽപ്പിച്ചാണ് തുർക്കി പ്രതീക്ഷകൾ സജീവമാക്കിയത്. ഉക്രൈനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച് സ്വീഡനും അൽബേനിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് പോളണ്ടും അയർലൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന് ചെക്ക് റിപ്പബ്ലിക്കും ലോകകപ്പിൽ പ്രതീക്ഷ കാത്തു.
Tags : FIFA World Cup Four teams Football