x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
JUN
2026

ആ​വേ​ശ​ക്കോ​പ്പ നു​ര​യ​ട്ടെ!

Editorial Audio


Published: June 11, 2026 12:00 AM IST | Updated: June 10, 2026 10:07 PM IST

മെ​ക്സി​ക്കോ സി​റ്റി​യി​ലെ ആ​സ്ടെ​ക് സ്റ്റേ​ഡി​യ​ത്തി​ൽ നി​ൽ​ക്കു​മ്പോ​ൾ ചി​ല മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ൾ ചെ​വി​യി​ൽ അ​ല​യൊ​ലി​യാ​കും. ചു​റ്റി​ന​ട​ക്കു​ന്ന കാ​റ്റ് നി​ഗൂ​ഢ​മാ​യ ചി​ല ആ​ഭി​ചാ​ര​ങ്ങ​ളു​ടെ ര​ഹ​സ്യ​സ​ന്ദേ​ശ​വാ​ഹ​ക​നാ​കും. ഒ​രു ല​ക്ഷം മ​നു​ഷ്യ​ർ “ഡീ​ഗോ, ഡീ​ഗോ” എ​ന്നാ​ർ​ത്തു​വി​ളി​ച്ച നി​മി​ഷ​ത്തി​ന്‍റെ രോ​മാ​ഞ്ചം ഒ​രു കി​നാ​വു​പോ​ലെ വീ​ണ്ടും നി​ങ്ങ​ളെ പൊ​തി​യും. പെ​ലെ​യു​ടെ മാ​ന്തി​ക​ച്ചു​വ​ടു​ക​ളു​ടെ ദ്രു​ത​താ​ളം നി​ങ്ങ​ളു​ടെ ശ​രീ​രോ​ഷ്മാ​വി​നെ തി​ള​നി​ല​യോ​ള​മെ​ത്തി​ക്കും.

ഇ​റ്റ​ലി​യു​ടെ​യും ജ​ർ​മ​നി​യു​ടെ​യും ക​ലാ​കാ​ര​ന്മാ​ർ 1970ൽ ​പ​ദ​ച​ല​ന​ങ്ങ​ളും ഭാ​വ​ന​യു​ടെ പ​ര​കോ​ടി​യും ചേ​ർ​ത്ത് കോ​ർ​ത്തി​ണ​ക്കി​യ സിം​ഫ​ണി​യി​ലേ​ക്ക് ആ ​പു​ൽ​ത്ത​കി​ടി സ്പ​ർ​ശി​ക്കു​ന്ന നി​മി​ഷം നി​ങ്ങ​ൾ ല​യി​ച്ചു​ചേ​രും. അ​തെ, സോ​ക്ക​ർ ദേ​വ​ന്മാ​ർ പി​റ​ന്നു​വീ​ണ മ​ണ്ണാ​ണി​ത്. ച​രി​ത്രം സു​വ​ർ​ണ​ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ നി​മി​ഷ​ങ്ങ​ളു​ടെ വി​ശു​ദ്ധ ദേ​വാ​ല​യം. അ​തേ ആ​സ്ടെ​കി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി പി​ന്നി​ടു​മ്പോ​ൾ സ്വ​പ്നം​കൊ​ണ്ട് പൊ​തി​ഞ്ഞ ഒ​രു തു​ക​ൽ​പ്പ​ന്ത് യാ​ത്ര തു​ട​ങ്ങും. ലോ​ക​മെ​ങ്ങു​മു​ള്ള ഉ​ന്മാ​ദി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്ന് ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ജൈ​ത്ര​യാ​ത്ര!

വീ​ണ്ടു​മി​താ പ്ര​പ​ഞ്ച നി​യ​മ​ങ്ങ​ൾ തെ​റ്റു​ന്നു. ഭൂ​മി​യു​ടെ അ​ച്ചു​ത​ണ്ട് നി​ശ്ച​ല​മാ​കു​ന്നു. പ​ക​ര​മൊ​രു തു​ക​ൽ​പ്പ​ന്തി​ന്‍റെ ച​ല​ന​വേ​ഗം ആ ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്നു. നാ​ലു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മ​നു​ഷ്യ​രെ ഒ​രു​മി​പ്പി​ക്കു​ന്ന കാ​ല്പ​നി​ക വ​സ​ന്തം വി​രി​യു​ക​യാ​യി. ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് കി​ക്കോ​ഫ്. ആ​ദ്യ​ക​ളി​യി​ൽ ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​ടു​വ​ക​ളെ വി​റ​പ്പി​ക്കാ​ൻ മെ​ക്സി​ക്ക​ൻ കാ​ട്ടു​പൂ​ച്ച​ക​ൾ ത​യാ​ർ!

ലോ​കം യു​ദ്ധ​ങ്ങ​ളു​ടെ​യും മ​റ്റ​നേ​കം സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും തീ​ച്ചൂ​ള​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് കാ​യി​ക​സം​സ്കാ​രം ഫു​ട്ബോ​ളി​ന്‍റെ ക​ന​ക​നി​ലാ​വാ​യി ന​മ്മെ പൊ​തി​യു​ന്ന​ത്. യു​ദ്ധ​ത്തി​ന്‍റ മു​റി​വു​ക​ളി​ൽ​നി​ന്നു​ള്ള ചോ​ര ക​ളി​യി​ലേ​ക്കു കി​നി​ഞ്ഞി​റ​ങ്ങു​ന്ന​ത് ന​മ്മ​ള​റി​യ​ണം. യു​ദ്ധ​ക്കൊ​തി​യ​ട​ങ്ങാ​ൻ ആ​വേ​ശ​ല​ഹ​രി പ​ത​യ​ട്ടെ! 48 ടീ​മു​ക​ൾ. 12 ഗ്രൂ​പ്പു​ക​ൾ. മെ​ക്സി​ക്കോ​യി​ലെ വി​ഖ്യാ​ത ആ​സ്ടെ​ക് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി ന്യൂ​ജ​ഴ്സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന​തി​നി​ട​യി​ൽ 104 മ​ത്സ​ര​ങ്ങ​ൾ. മൂ​ന്നു രാ​ജ്യ​ങ്ങ​ൾ. 16 സ്റ്റേ​ഡി​യ​ങ്ങ​ൾ.

ക​രി​യ​റി​ന്‍റെ സാ​യ​ന്ത​ന​പ്ര​ഭ​യെ വി​ജ​യോ​ന്മാ​ദ​ത്തി​ന്‍റെ ധ്രു​വ​ന​ക്ഷ​ത്ര​മാ​ക്കാ​ൻ വെ​മ്പി ല​യ​ണ​ൽ മെ​സി, ന​ഷ്‌​ട​സ്വ​ർ​ഗം തേ​ടി പ്രാ​യ​ത്തെ വെ​റും അ​ക്ക​ങ്ങ​ളാ​ക്കി ചി​ത​റി​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​നൊ​രു​ങ്ങു​ന്ന കി​ലി​യ​ൻ എം​ബ​പ്പെ, നോ​ർ​വീ​ജി​യ​ൻ ഗോ​ൾ മെ​ഷീ​നാ​യ എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, ആ​റാം ത​മ്പു​രാ​നാ​കാ​ൻ പ​ട​ച്ച​ട്ട​യ​ണി​ഞ്ഞു വ​രു​ന്ന കാ​ന​റി​പ്പ​ട​യു​ടെ ത​ല​പ്പ​ത്തെ നെ​യ്മ​റും വി​നീ​ഷ്യ​സ് ജൂ​ണി​യ​റും, ഇം​ഗ്ലീ​ഷ് മ​ധ്യ​നി​ര​യി​ലെ വ​ൻ​മ​തി​ലാ​യ ജൂ​ഡ് ബെ​ല്ലി​ങ്ഗം, സ്പാ​നി​ഷ് വ​ണ്ട​ർ കി​ഡ് ലാ​മി​ൻ യ​മാ​ൽ...​ ഈ ലോ​ക​ക​പ്പി​ന്‍റെ വി​സ്മ​യ​ത്തു​മ്പ​ത്ത് ഊ​യ​ലാ​ടാ​ൻ ബൂ​ട്ടു കെ​ട്ടി​യ​വ​ർ. അ​തി​നൊ​പ്പം ഇ​വ​രു​ടെ നി​ഴ​ലി​ൽ​നി​ന്നു കു​തി​ച്ചെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന ക​റു​ത്ത കു​തി​ര​ക​ളു​ടെ കു​ള​മ്പ​ടി​യൊ​ച്ച​യ്ക്കു കാ​തോ​ർ​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ല​ക്ഷ​ങ്ങ​ൾ.

വ​ന്പ​ൻ വി​ജ​യ​ങ്ങ​ൾ, അ​പ്ര​തീ​ക്ഷി​ത ഗോ​ളു​ക​ൾ, അ​വി​ചാ​രി​ത ന​ഷ്‌​ട​ങ്ങ​ൾ, നി​രാ​ശ​യു​ടെ പ​ടു​കു​ഴി, കു​റ്റ​ബോ​ധ​ത്തി​ന്‍റെ നീ​ർ​ച്ചു​ഴി... ജീ​വി​തം​പോ​ലെ, പ്ര​ണ​യം​പോ​ലെ ഫു​ട്ബോ​ളും മ​നു​ഷ്യ​രെ പീ​ഡി​പ്പി​ക്കു​ന്നു. ഹൃ​ദ​യം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും ആ​ളു​ക​ൾ ക​ളി​യി​ലേ​ക്ക് ഈ​യാം​പാ​റ്റ​ക​ളെ​പ്പോ​ലെ ചി​ത​റി​വീ​ഴു​ക​യാ​ണ്. ഇ​ന്ത്യ ലോ​ക​ക​പ്പി​ന്‍റെ ഏ​ഴ​യ​ല​ത്തി​ല്ലെ​ങ്കി​ലും ഈ ​ഭ്രാ​ന്താ​ണ് കേ​ര​ള​ത്തി​ലെ ന​ഗ​ര​കാ​ന്താ​ര​ങ്ങ​ളെ​യും ഗ്രാ​മ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളെ​യും ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​യും അ​ർ​ജ​ന്‍റീ​ന​യു​ടെ നീ​ലാ​കാ​ശ​വും പു​ത​പ്പി​ക്കു​ന്ന​ത്.

ഒ​രു ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​ന്‍റെ ന​ടു​വി​ൽ ചെ​ന്നു​നി​ന്ന് കാ​തോ​ർ​ക്കു​ക. ശൂ​ന്യ​മാ​യ ഒ​രു സ്റ്റേ​ഡി​യ​ത്തേ​ക്കാ​ൾ ശൂ​ന്യ​ത മ​റ്റൊ​ന്നി​നു​മി​ല്ല. കാ​ണി​ക​ളി​ല്ലാ​ത്ത ഗാ​ല​റി​ക​ളേ​ക്കാ​ൾ വാ​ചാ​ല​മാ​യി മ​റ്റൊ​ന്നു​മി​ല്ല. ക​ളി​ക്കാ​ര​നാ​ക​ട്ടെ, മൈ​താ​ന​ത്ത് മ​റ്റൊ​രു മ​നു​ഷ്യ​നാ​യി മാ​റു​ക​യാ​ണ്. കാ​ൽ​പാ​ദ​ത്തി​ന്‍റെ ഒ​രൊ​റ്റ ച​ല​നം​കൊ​ണ്ട് ആ​യി​രം ജീ​വി​ത​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ മാ​യ്ച്ചു​ക​ള​യാ​ൻ അ​വ​നു ക​ഴി​യും.

ആ ​മാ​ന്ത്രി​ക​ത നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം​ കാ​ലം, അ​വ​ൻ ഒ​രു രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ചു​മ​ലി​ലേ​റ്റി വെ​ള്ള​ത്തി​നു​ മീ​തെ ന​ട​ക്കു​ക​യും വാ​യു​വി​ലൂ​ടെ പ​റ​ക്കു​ക​യും ചെ​യ്യു​ന്നു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കാ​ണി​ച്ച അ​ദ്ഭു​ത​ങ്ങ​ൾ ഒ​റ്റ പി​ഴ​വി​ൽ റ​ദ്ദ് ചെ​യ്യ​പ്പെ​ടു​ന്ന​ത്ര ശാ​പം പി​ടി​ച്ച​താ​ണ് അ​വ​ന്‍റെ ക​ളി​ജീ​വി​തം.

ഫു​ട്ബോ​ളി​ന്‍റെ അ​തി​വൈ​കാ​രി​ക​ത പ​ങ്കു​വ​യ്ക്കു​മ്പോ​ഴും മ​റു​വ​ശം കാ​ണാ​തി​രു​ന്നു​കൂ​ടാ. ക​ളി ഒ​രു വ്യ​വ​സാ​യ​മാ​യി മാ​റി​യ​തോ​ടെ ക​ളി​ക്കാ​ൻ​വേ​ണ്ടി മാ​ത്രം ക​ളി​ക്കു​ന്ന​തി​ലൂ​ടെ വി​രി​ഞ്ഞി​രു​ന്ന ശു​ദ്ധ​സൗ​ന്ദ​ര്യ​ത്തെ നാ​ടു​ക​ട​ത്തി​ക്ക​ള​ഞ്ഞു. ഓ​ഹ​രിവി​പ​ണി​യി​ലെ ഷെ​യ​റു​ക​ളെ​പ്പോ​ലെ വി​ൽ​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​യ ക​ളി​ക്കാ​ർ. ജ​ഴ്സി​യി​ൽ പ​തി​പ്പി​ച്ച വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ലോ​ഗോ​യ്ക്കു​വേ​ണ്ടി​യാ​ണ​വ​ർ ക​ളി​ക്കു​ന്ന​ത്.

സൂ​റി​ച്ചി​ലെ ഫി​ഫ ആ​സ്ഥാ​ന​വി​ദ്വാ​ന്മാ​ർ മൈ​താ​ന​ത്തു ക​ളി​യ​ല്ല കാ​ണു​ന്ന​ത്. ന​ടു​വി​ലൊ​രു പ​ന്തും വ​ച്ചു​കൊ​ണ്ടു​ള്ള തൊ​ണ്ണൂ​റ് മി​നി​റ്റ് നീ​ളു​ന്ന ഒ​രു പ​ര​സ്യം മാ​ത്ര​മാ​ണ​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ൾ. ആ​ധു​നി​ക ക​ളി​യി​ൽ, തോ​ൽ​ക്കു​ക​യെ​ന്നാ​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ ന​ഷ്‌​ട​പ്പെ​ടു​ക എ​ന്നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭാ​വ​ന​യും സാ​ഹ​സി​ക​ത​യും സ​ർ​ഗാ​ത്മ​ക​ത​യും നി​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

പൂ​ർ​ണ​മാ​യി മെ​രു​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഫു​ട്ബോ​ളി​ന്‍റെ ഭം​ഗി. ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു കോ​ണി​ൽ, ഒ​രു ക​ളി​ക്കാ​ര​ൻ പ്ര​തീ​ക്ഷി​ക്കാ​ത്ത എ​ന്തെ​ങ്കി​ലും ചെ​യ്യും. ക​ളി​യി​ലെ ത​ന്ത്ര​ങ്ങ​ളെ ഭേ​ദി​ച്ച് ശു​ദ്ധ​മാ​യ സ​ന്തോ​ഷ​ത്തി​ന്‍റെ ഒ​രു മി​ന്ന​ലാ​ട്ട​മു​ണ്ടാ​കും. ആ ​ഒ​രു നി​മി​ഷം, ജീ​വി​തം ഫു​ട്ബോ​ൾ​പോ​ലെ​ത​ന്നെ ആ​വേ​ശ​ത്തോ​ടെ ജീ​വി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്ന് ന​മ്മെ ഓ​ർ​മി​പ്പി​ക്കും.

പ​ണ​വും ബി​സി​ന​സും ക​ളി കൈ​യ​ട​ക്കു​മ്പോ​ഴും ലോ​ക​ത്തി​ലെ ഏ​തോ ഒ​രു തെ​രു​വി​ൽ ഒ​രു കു​ട്ടി ന​ഗ്ന​പാ​ദ​നാ​യി പ​ന്തു ത​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ ഫു​ട്ബോ​ളി​ന്‍റെ ആ​ത്മാ​വ് ഇ​പ്പോ​ഴും ഭൂ​മി വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ന​മു​ക്ക് ആ​ശ്വ​സി​ക്കാം.

സ​മ​യ​മാ​യി. വ്യാ​കു​ല​ചി​ന്ത​ക​ളും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും കി​ക്കോ​ഫ് വ​രെ മാ​ത്രം. ആ​ദ്യ വി​സി​ലി​നൊ​പ്പം ആ​വേ​ശം മാ​നം​മു​ട്ടെ ഉ​യ​ര​ട്ടെ!

Tags : Deepika Editorial fifa football World Cup

Recent News

Corehub Up