പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് രണ്ട് റിക്രൂട്ട്മെന്റ് വർഷം കഴിഞ്ഞിട്ടും ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ സംബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ. ജില്ലാ സമിതി കണ്‍വീനർമാരാണ് ഇത്തരത്തിലുള്ള ഒഴിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കേണ്ടത്.
ഭിന്നശേഷി വിഭാഗം തിരിച്ച് ഓരോ തസ്തികയിലെയും ഇപ്രകാരമുള്ള ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലഭിക്കുന്ന ഉദ്യോഗാർഥികളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന അവസരത്തിൽ 2026 മേയ് 31 നു രണ്ടു റിക്രൂട്ട്മെന്റ് വർഷം കഴിഞ്ഞ ഒഴിവുകളിലേക്ക് മാത്രമാണ് ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകുക.
ഇത്തരത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർഥികൾക്കും നിയമന ശിപാർശ ലഭിച്ച ശേഷവും 2026 മേയ് 31 നു രണ്ടു റിക്രൂട്ട്മെന്റ് വർഷം കഴിഞ്ഞ ഒഴിവുകൾ നികത്താൻ കഴിഞ്ഞില്ലെങ്കിൽ അത്തരം ഒഴിവുകളിൽ പൊതുവിഭാഗത്തിൽനിന്നു നിയമിക്കാൻ അനുമതി നൽകിക്കൊണ്ട് ജില്ലാ സമിതി കണ്‍വീനർ ബന്ധപ്പെട്ട സ്കൂൾ മാനേജർക്ക് ഉത്തരവ് നൽകണം.
റാങ്ക് ലിസ്റ്റിൽ ഈ തസ്തികയിൽ യോഗ്യത ഉള്ളതും നിയമന ശിപാർശ ലഭിക്കാത്തതുമായ ഉദ്യോഗാർഥികൾ ആരുമില്ല എന്നത് ഉറപ്പാക്കിയിട്ട് പൊതുവിഭാഗത്തിൽനിന്ന് നിയമിക്കാൻ മാനേജർമാർക്ക് അനുമതി നൽകാം.
ഭിന്നശേഷി സംവരണത്തിനായി ഒഴിവ് മാറ്റിവയ്ക്കുന്നതിനു മുന്‍പ് ഈ തസ്തികയിൽ താത്കാലികമായി ജോലി ചെയ്തിരുന്നവർക്ക് മാനേജർമാർ ചട്ടങ്ങൾ പ്രകാരമുള്ള സ്ഥിരനിയമനങ്ങൾ നൽകിയാലും അവർക്ക് ദിവസവേതന കാലയളവ് അംഗീകാരം കിട്ടിയെന്ന പരിഗണനയിൽ ആ കാലയളവിൽ മറ്റ് സർവീസ് ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഭിന്നശേഷി സംവരണത്തിന് റിപ്പോർട്ട് ചെയ്തിട്ട് രണ്ടു റിക്രൂട്ട്മെന്റ് വർഷം കഴിഞ്ഞുപോയ എല്ലാ ഒഴിവുകളും എംപ്ലോമെന്റ് എക്സ്ചേഞ്ചിലേക്ക് ഈ മാസം 17 നുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Tags : Circular MiscellaneousRegulations VacantPosts EmploymentExchange Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash