Editorial
ദിവസങ്ങൾക്കുമുന്‍പ്, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം, വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഡംബരങ്ങളെല്ലാം കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നടത്തിയത് ദുഃസൂചനയായിരുന്നു.
തൊട്ടുപിന്നാലെ പെട്രോളിനും ഡീസലിനും വില കൂട്ടി- രണ്ടു തവണ. പിന്നാലെ ധാന്യങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ... എല്ലാറ്റിനും വില കുതിച്ചുകയറി. മൂല്യമിടിഞ്ഞ രൂപ പാതാളത്തിലായി. വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാന്പത്തികവളർച്ചാനിരക്കും കുറഞ്ഞു. ആഡംബരങ്ങളും ധൂർത്തും കുറയ്ക്കാം.
പക്ഷേ, അതൊന്നും പണ്ടേയില്ലാത്ത മഹാഭൂരിപക്ഷം ഇന്ത്യക്കാർക്ക് തിന്നാനും കുടിക്കാനും വേണ്ടേ? കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും ഒപ്പമിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം. വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുന്പോൾ ഹോർമുസ് എന്നു പറഞ്ഞാൽ പോരാ.
ഇറാനെതിരേ ഇസ്രയേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധം കാര്യമായ ഫലം കണ്ടില്ലെന്നു മാത്രമല്ല, ലോകത്തെ സാന്പത്തികമാന്ദ്യത്തിലേക്കു വീഴ്ത്തുകയും ചെയ്തു. ഗൾഫിലെ സുന്നി രാഷ്ട്രങ്ങളെ ഉൾപ്പെടെ വലയ്ക്കുന്ന ഇറാന്റെ തീവ്രവാദ വ്യാപാരം യാഥാർഥ്യമാണ്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടലുകൾ ഇറാൻ യുദ്ധത്തിലെന്നപോലെ പിഴച്ചു.
തുടക്കത്തിൽ തിരിച്ചടി നേരിട്ട ഇറാൻ ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കിയതോടെ ഇന്ധനക്കപ്പലുകൾ ഉൾപ്പെടെ കടലിൽ കിടപ്പായി. ഇന്ത്യ ഏതാനും കപ്പലുകൾ ഇറാന്റെ സഹായത്താൽ കടത്തിക്കൊണ്ടുവന്നതൊഴിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. യുദ്ധകാല നയതന്ത്രങ്ങൾ ഓരോ ദിവസവും മാറ്റാൻ പങ്കാളികളായ രാജ്യങ്ങൾ നിർബന്ധിതരാകും.
തിക്തഫലം അനുഭവിക്കുന്നത് മറ്റു രാജ്യങ്ങളാണ്. കടുത്ത എണ്ണക്ഷാമത്തില്‍ സമ്പദ്വ്യവസ്ഥ അടിമുടി തകരാതിരിക്കാൻ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനകംതന്നെ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചെന്നാണ് ‘ഫിനാൻഷ്യൽ ടൈം’സിന്റെ റിപ്പോർട്ട്. ഹോർമുസ് പ്രതിസന്ധി എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കിൽ എണ്ണവില ഇനിയും കൂടും. ഇന്ത്യയുടെ എണ്ണശേഖരം 18 ദിവസത്തേക്കേ ബാക്കിയുള്ളെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ രാജ്യങ്ങൾ എണ്ണ സബ്സിഡികൾ നിർത്തലാക്കുകയാണ്. ഇന്ത്യ അതു പണ്ടേ ഒതുക്കത്തിൽ ഒഴിവാക്കുകയും നികുതി വർധിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ആഗോള എണ്ണവില വർധിച്ചതോടെ വീണ്ടും വില കൂട്ടി. ഒന്നും പേടിക്കാനില്ലെന്ന പ്രസംഗമൊന്നും പ്രവൃത്തിയിൽ വന്നില്ല. തീർച്ചയായും ശ്രമങ്ങൾ നടത്തുന്നുണ്ടാകും.
പക്ഷേ, ചന്തയിൽ സാധനങ്ങളുടെ വില ദിവസവും കുതിച്ചുകയറുന്നത് സാധാരണക്കാരുടെ അടുക്കളബജറ്റ് അട്ടിമറിച്ചുകഴിഞ്ഞു. പാചകവാതകക്ഷാമം വന്നതോടെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലുമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ ദുരിതം വേറെ. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതിയും പരിതാപകരമാകുകയാണ്. കേരളത്തിൽ വനിതകളുടെ സൗജന്യയാത്രയുടെ സാന്പത്തികാഘാതം കുറയ്ക്കാൻ കൂടുതൽ ഗൃഹപാഠം വേണ്ടിവരും. വിലക്കയറ്റം തടയാൻ കേരളത്തിൽ പലയിടത്തും ജില്ലാതല അവലോകന യോഗങ്ങൾ നടത്തി.
പക്ഷേ, ആഗോള മലവെള്ളപ്പാച്ചിലിനെ തടയാൻ ജില്ലാ കളക്ടർക്കും സംഘത്തിനും ഒരു പരിധിക്കപ്പുറം കഴിയില്ലെന്നതാണ് വസ്തുത. രാസവളത്തിന്റെ വിലക്കയറ്റം രാജ്യത്തെ കർഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുന്‍പുതന്നെ വളത്തിനു സബ്സിഡി കുറച്ച് വില കൂട്ടിയിരുന്നു. കൃഷിച്ചെലവേറുന്നത് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണമാകും. അല്ലെങ്കിൽ കർഷകർ തകരും.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ആരുടെയും അഭിപ്രായത്തിനു കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിൽ യുദ്ധത്തിനിറങ്ങിയ ട്രംപ് ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. ദിവസങ്ങൾക്കകം യുദ്ധം തീരുമെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചിരുന്നു. ഇരുട്ടിവെളുക്കുന്പോഴേക്കും ഇറാനെ തീർക്കാൻ പോകുകയാണെന്നു പറയാനും മടിയില്ല.
യുദ്ധം അവസാനിക്കുമോ, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുമോ എന്നു പ്രവചിക്കാൻ വിദഗ്ധർക്കുപോലും കഴിയാത്ത സ്ഥിതിയാണ്. ഐക്യരാഷ്ട്രസഭ സാന്പത്തിക-സാമൂഹികകാര്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇന്ത്യയുടെ 2026ലെ സാന്പത്തികവളർച്ചാനിരക്ക് മുന്‍പു പ്രവചിച്ചിരുന്ന 6.6ൽനിന്ന് 6.4 ആയി കുറച്ചു. ആഗോള ധനസ്ഥിതി പ്രതികൂലമാകുന്നത് റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തെയും ബാധിക്കും.
ഇപ്പോൾ 97നടുത്തെത്തിയ രൂപയുടെ മൂല്യം വൈകാതെ 100ലെത്തുന്നതു തടയാൻ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ബാധ്യതയും ജനങ്ങളിലേക്കാകും. ആർബിഐ മറ്റു ബാങ്കുകൾക്ക് വിദേശനാണ്യശേഖരത്തിൽനിന്ന് ഡോളർ നൽകാനുള്ള സാധ്യതയുമുണ്ട്. എങ്ങനെയും മൂല്യത്തകർച്ച തടയുകയാണു ലക്ഷ്യം. ഇന്ധന ഇറക്കുമതി ഏറെയുള്ള രാജ്യമായതിനാൽ വിദേശനാണ്യശേഖര ശോഷണത്തിനുമിടയാക്കിക്കഴിഞ്ഞു.
ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന അതിന്റെ തുടർച്ചയായിരുന്നു. അധികാരത്തിൽ ഇല്ലാതിരുന്നപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയാക്കുമെന്നൊക്കെ വീന്പിളക്കിയെങ്കിലും മോദിഭരണത്തിൽ രൂപ ചരിത്രത്തിലെ എറ്റവും വലിയ തകർച്ചയിലെത്തി. പെട്രോൾവില 50 ആക്കുമെന്നു പറഞ്ഞ ബിജെപിക്കാരെ വില 110നോടടുത്തപ്പോൾ കാണാനേയില്ല.
പക്ഷേ, കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും മുന്‍പുതന്നെ സ്ത്രീകൾക്കു സൗജന്യയാത്രയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയില്ലെന്നു പറഞ്ഞ് സമരത്തിനിറങ്ങി. അടുക്കളയും വയറും കത്തുന്പോൾ യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ഇത്തരം സമരങ്ങൾ പോരാതെ വരും.
ഇന്ത്യയുടെ സാന്പത്തിക പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്നു പറഞ്ഞൊഴിയാനാകില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ, താൻ വന്നാൽ എല്ലാം മാറ്റിമറിക്കുമെന്നു മോദി പറഞ്ഞതുപോലെ യാഥാർഥ്യബോധമില്ലാതെ പറയാൻ ഇന്നു പ്രതിപക്ഷത്താരും മുതിരുന്നില്ല. മന്ത്രിസഭാ യോഗങ്ങൾ മാത്രമല്ല, പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും വിളിച്ചുകൂട്ടി രക്ഷാമാർഗം ആരായണമെങ്കിൽ അതിനു വൈകരുത്.
ജനം ബുദ്ധിമുട്ടുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച കേന്ദ്രം, നികുതിവർധനയാണോ അടുത്തതായി ആലോചിക്കുന്നതെന്ന ഭീതി ജനങ്ങൾക്കുണ്ട്. അങ്ങനെയെങ്കിൽ സാന്പത്തികമാന്ദ്യം പടിവാതിൽക്കലാണ്. ഒരു ലോക്ഡൗണിൽനിന്ന് ജനം നടു നിവർത്തിവരുന്നതേയുള്ളെന്നു മറക്കരുത്.
Editorial
അഞ്ചു വർഷത്തിലേറെ പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ പദ്ധതിക്ക് അന്ത്യം. 2020ലെ പദ്ധതി വിജ്ഞാപനവും തുടർന്നുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വർഷങ്ങളായി ഈ ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ വിഷമിക്കുന്ന മനുഷ്യരെയാണ് ഈ സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതേയവസ്ഥയിൽ പ്രാകൃത നിയമങ്ങളാലും വിജ്ഞാപനങ്ങളാലും ഏറ്റെടുക്കലുകളാലും സ്വന്തം കിടപ്പാടത്തിൽ ബന്ദികളാക്കപ്പെട്ട മുഴുവൻ മനുഷ്യരെയും മോചിപ്പിക്കുന്നതിന്റെ തുടക്കമാകട്ടെ ഈ മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേരളം ആശ്വാസത്തോടെയാണു കേട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിനു നിർദേശവും നൽകി. ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ ആഭ്യന്തരവകുപ്പ് കോടതിയിൽ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ നാട് കേൾക്കാൻ കാത്തിരുന്ന കാര്യങ്ങളാണ് പുതിയ സർക്കാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അതിനു കാലതാമസമുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
പതിനൊന്ന് ജില്ലകളിലൂടെ 529.45 കിലോമീറ്റർ കടന്നുപോകുന്നതാണ് കെ-റെയിൽ പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം. 63,940.67 കോടിയായിരുന്നു പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഏറ്റെടുക്കേണ്ടിവരുന്നത് ഏകദേശം 1,200 ഹെക്ടർ (2,965 ഏക്കർ). 185 ഹെക്ടര്‍ ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ളത് വിട്ടുനല്‍കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്. 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിക്കുവേണ്ടിയാണ് മഞ്ഞക്കുറ്റി നാട്ടിയത്. റെയിൽവേയുടെയും കേരള സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു (കെ-റെയിൽ) നടത്തിപ്പ്. 2020ൽ വിജ്ഞാപനം ഇറങ്ങി.
ഒരു ജനാധിപത്യ സർക്കാരിന്റെ ശൈലിയിലായിരുന്നില്ല സർക്കാരിന്റെ നീക്കങ്ങൾ. സമരങ്ങൾ, പോലീസ് മർദനം, കേസുകൾ... പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം തുലാസിലായി. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതുപോലെ, പദ്ധതി നടക്കുന്നില്ലെന്നു മാത്രമല്ല, ഉപേക്ഷിച്ചിട്ടുമില്ല.
ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ പദ്ധതിപ്രദേശത്തെ ജനം തടവിലാക്കപ്പെട്ടു. വഖഫ് ബോർഡ് ഏറ്റെടുക്കാനിറങ്ങിയ മുനന്പത്തെ മനുഷ്യരുടെ അതേ ഗതികേട്! ഈ നിലപാടു മതി, സ്വന്തം മണ്ണിൽ കഠിനതടവിനു വിധിക്കപ്പെട്ട മുനന്പത്ത് ഉൾപ്പെടെയുള്ള നിരപരാധികൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ. ഇന്നലെ മനുഷ്യത്വം കാണിച്ച മന്ത്രിസഭയ്ക്ക് അതു സാധിക്കും. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ്.
ചത്തഴുകി ജനജീവിതം ദുഃസഹമാക്കിയ സിൽവർലൈനിന്റെ സംസ്കാരമാണ് വിഡിഎസ് സർക്കാർ നടത്തിയത്. അതേസമയം, പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാത്ത ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും അക്കാര്യങ്ങൾ പിന്നീട് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതീക്ഷയാണ്. വികസനങ്ങളെ തടയുകയല്ല, മനുഷ്യർക്കും പ്രകൃതിക്കും നേർക്കുള്ള ആഘാതം പരമാവധി കുറച്ച്, ഭൂമിയും ജീവിതമാർഗവും നഷ്ടപ്പെടുന്നവരെ അന്തസായി പുനരധിവസിപ്പിച്ച് വികസനത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കുകയാണു വേണ്ടത്.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടിയത് ഉദ്യോഗാർഥികളുടെ മനസ് കുളിർപ്പിക്കുന്ന തീരുമാനമായി. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട കാലാവധി നവംബർ വരെയാണ് ദീർഘിപ്പിച്ചത്. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നിർവഹണം വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയത് ക്രിയാത്മക നടപടിയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ തലേന്നു വരെ തുടരേണ്ട ചർച്ചയല്ല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ഒരു സർക്കാരിനു തീരുമാനങ്ങളെടുക്കാൻ ഇത്രയൊക്കെ സമയമേ വേണ്ടൂയെന്ന് കേരളം തിരിച്ചറിയുകയാണ്. എല്ലാ തീരുമാനങ്ങളും അതിവേഗം എടുക്കാനാകില്ല. പക്ഷേ, ചുവപ്പുനാടകളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു ജീവിതങ്ങളെ മോചിപ്പിക്കാനാകും. സർക്കാരിനും ജനങ്ങൾക്കും സഹായമാകേണ്ട ഉദ്യോഗസ്ഥരെ ദുഷ്പ്രഭുക്കളാക്കിയത് മാറിമാറി വന്ന സർക്കാരുകളാണ്. ഈ ഇച്ഛാശക്തി തുടർന്നാൽ സർക്കാർ കാര്യം ‘മുറപോലെ’ നടക്കുമെന്ന് ഉറപ്പാക്കാം. പണ്ടത്തെ ആമയിഴയും മുറയല്ല; പുതിയത്
Editorial
ഈ രാജ്യം സമീപകാലത്തു കേട്ട ഏറ്റവും കാലികവും യാഥാർഥ്യം ഉൾക്കൊള്ളുന്നതുമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാം! രാജ്യം കാത്തിരുന്ന വിധി. ഒരുനിമിഷം വൈകരുത്; കാലഹരണപ്പെട്ട നിയമങ്ങളും കപടമൃഗസ്നേഹികളും അവരുടെ വാലാട്ടികളായ രാഷ്ട്രീയക്കാരും കടിച്ചുകുടഞ്ഞ സ്വൈരജീവിതം എത്രയുംവേഗം തിരിച്ചുപിടിക്കണം.
മനുഷ്യർക്കു ദയാവധം അനുവദിക്കുന്പോൾ പമ്മിക്കിടക്കുന്നവർ, ചോരയൊലിക്കുന്ന മനുഷ്യശരീരം നൊട്ടിനുണയുന്ന നായകൾക്കു ദയാവധമെന്നു കേട്ടാൽ ചാടിയെഴുന്നേറ്റേക്കാം. കടിക്കാൻ അനുവദിക്കരുത്. കാൽനൂറ്റാണ്ടിലേറെ കോടികൾ മുടിപ്പിച്ച എബിസിയെന്ന നായവന്ധ്യംകരണ പ്രഹസനം, ശതകോടികളുടെ വാക്സിൻ കച്ചവടം തുടങ്ങിയവയിലൂടെയുള്ള ഖജനാവ് ചോർച്ചയും നിയന്ത്രിക്കാം. കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കും ഗുണകരമാകുന്ന ഈ വിധി നിയമക്കുരുക്കില്ലാതെ നടപ്പാക്കാൻ പുതിയ സർക്കാരിന് അവസരം ലഭിച്ചിരിക്കുകയാണ്. അട്ടിമറിച്ചാൽ മാപ്പില്ല.
മനുഷ്യജീവനു ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊല്ലാനാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഇതു നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി എടുക്കരുതെന്നും വിധിയിലുണ്ട്. വിധിയിലില്ലെങ്കിലും, അങ്ങനെ നടപടിയെടുക്കാൻ ശേഷിയുള്ള ‘മായാവി’കൾ താക്കോൽസ്ഥാനങ്ങളിലുണ്ടെങ്കിൽ പൂട്ടണം. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ മറ്റു പ്രധാന പരാമർശങ്ങൾ ഇങ്ങനെ: പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ല.
തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. പിടികൂടിയയിടത്തു തുറന്നുവിടരുതെന്ന മുൻ ഉത്തരവിൽ മാറ്റമില്ല. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കു ഗുരുതര വീഴ്ച ഉണ്ടായി. എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്റർ വേണം. ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പാക്കണം.
തീർന്നില്ല, റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കാനും കോടതി നിർദേശിച്ചിരിക്കുന്നു. വിപ്ലവകരം! ഈ അപക്വവും നിർബന്ധിതവുമായ മൃഗസ്നേഹത്തിന്റെ രൂക്ഷത ഉത്തരേന്ത്യയിൽ അങ്ങേയറ്റമാണ്. മനുഷ്യർക്കും വാഹനങ്ങൾക്കും ഒരിഞ്ചു നിങ്ങാനാകില്ല. കോടതി പറഞ്ഞതുകൊണ്ടു കുഴപ്പമില്ല. അല്ലെങ്കിൽ മതരാഷ്ട്രീയം കണ്ണുരുട്ടും. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ രണ്ടംഗ ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതികളെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നടപ്പാക്കിയവ ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് അഞ്ചിനുള്ളിൽ ഹൈക്കോടതികളെ അറിയിക്കണം. ഹൈക്കോടതികൾ നവംബർ 17നുള്ളിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ചരിത്രവിധിയാണിത്.
ബിജെപി, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള സർക്കാരുകൾ തോറ്റന്പിയിടത്താണ് കോടതിയുടെ ഇടപെടൽ. കേന്ദ്രം വൻ പരാജയമായിരുന്നു. രാജ്യം പോയിട്ടു രാജ്യതലസ്ഥാനംപോലും സുരക്ഷിതമാക്കാനായില്ല. പ്രതിപക്ഷവും നോക്കുകുത്തിയായി. പേവിഷബാധ മരണങ്ങള് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്, തെരുവുനായകളെ മാറ്റുന്നത് ക്രൂരവും സഹതാപരാഹിത്യവുമാണെന്നാണ്.
ബദൽ മാർഗങ്ങളുണ്ടത്രേ. അതെന്താണെന്നു പക്ഷേ, കോൺഗ്രസ് മുഖ്യമന്ത്രിമാരോടുപോലും ഇന്നലെവരെ പറഞ്ഞുകൊടുത്തില്ല. കുഞ്ഞുങ്ങളടക്കം പതിനായിരങ്ങൾ നായ ആക്രമണത്തിൽ ചോരയൊലിപ്പിച്ചും നൂറുകണക്കിനാളുകൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാനാകാതെ ലോകത്തെ ഏറ്റവും യാതനയേറിയ മരണത്തിനു കാത്തുകിടക്കുകയും ചെയ്യുന്പോഴാണ് ഭരണ-പ്രതിപക്ഷങ്ങളുടെ തെരുവുനായപ്രേമം! കടിയേറ്റ മനുഷ്യനേക്കാൾ കടിച്ച പട്ടിയോടു സഹതപിക്കുന്ന രാഷട്രീയമാണ് ഈ ചോരപ്പുഴയുടെ പ്രഭവകേന്ദ്രം. ജനപ്രതിനിധികൾ കടിച്ച മനുഷ്യർക്കു പരമോന്നതകോടതി വാക്സിൻ കണ്ടെത്തിയിരിക്കുന്നു.
തെരുവുനായ-വന്യജീവി ആക്രമണങ്ങൾക്കെതിരേ ദീപികയുടെയത്ര മുഖപ്രസംഗങ്ങൾ ഈ രാജ്യത്തുതന്നെ മറ്റാരും എഴുതിയിട്ടുണ്ടാകില്ല. എബിസി പരാജയപ്പെട്ടു കഴിഞ്ഞെന്നു വിദഗ്ധാഭിപ്രായത്തെ മുൻനിർത്തി സ്ഥാപിച്ചു. പെറ്റുപെരുകിയ തെരുവുനായകളെ നിയന്ത്രിക്കാവുന്ന ഘട്ടം കഴിഞ്ഞെന്നും കൊല്ലണമെന്നും സധൈര്യം എഴുതി. നാടുനിറഞ്ഞ് ജനങ്ങളെ കൊന്നൊടുക്കുന്ന പാന്പുകൾ ഉൾപ്പെടെയുള്ള വന്യജീവികളെ വേട്ടയാടുകയോ കൊല്ലുകയോ മാത്രമാണ് പ്രതിവിധിയെന്ന് ഈ രംഗത്തെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് നേരെഴുതി.
നമുക്ക് ഒരു ജീവിയോടും വെറുപ്പില്ല. പക്ഷേ, നിസഹായരായ മനുഷ്യരുടെ ഛിന്നഭിന്നമായ മൃതദേഹങ്ങൾക്കും ജീവിതം തകർന്ന അവരുടെ പ്രിയപ്പെട്ടവർക്കും മുന്നിൽ നിന്നുകൊണ്ട് വന്യജീവികളെ സ്നേഹിക്കാൻ ബുദ്ധിമുട്ടുണ്ട്. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്നും ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ലെന്നും സുപ്രീംകോടതി വിധിക്കുന്പോൾ, ഇതൊക്കെ അധികാരികളോടു പണ്ടേ പറഞ്ഞിരുന്നെന്ന അഭിമാനമുണ്ട്. ഈ സുപ്രീംകോടതിവിധിയെയും അട്ടിമറിക്കുകയാണെങ്കിൽ അതു നിയമം കൈയിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു തുല്യമായിരിക്കും. തദ്ദേശസ്ഥാപനങ്ങൾ ഇന്നു പ്രവർത്തിച്ചുതുടങ്ങുക. ഇവിടെ സുരക്ഷാഭടന്മാരില്ലാത്ത മനുഷ്യർക്കും ജീവിക്കണം.
Kerala
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ആരോപണം.
അധികാരം ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് കടന്നുവെന്നാണ് എഡിറ്റോറിയലിലെ ആരോപണം. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
ലീഗ് അഭിനയിക്കുന്ന മതേതരം കപട നാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കെ.എം. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
Editorial
തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട ബിജെപി സർക്കാർ തനിനിറം പുറത്തെടുത്തു. പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ വർധിപ്പിച്ചു. എണ്ണക്കന്പനികൾക്കു നഷ്ടമായതിനാൽ പിടിച്ചുനിൽക്കാനാകുന്നില്ലത്രേ. ജനം എവിടെ പിടിച്ചുനിൽക്കും? രാജ്യത്ത് വിലക്കയറ്റത്തോതും പണപ്പെരുപ്പവും വർധിച്ച് അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുകയറുന്നതിനിടെയാണ് ഇന്നലെ കേന്ദ്രം എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുന്നത്.
നാലു വർഷത്തോളം സർക്കാർ വില വർധിപ്പിച്ചില്ലെന്നാണു പറയുന്നത്. ദുർവ്യാഖ്യാനമാണ്. കൂട്ടിയില്ലെന്നല്ല, ആഗോളവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ കുറച്ചില്ലെന്നാണു പറയേണ്ടത്. മന്ത്രിമാരെയും എണ്ണക്കന്പനി ഉദ്യോഗസ്ഥരെയുമൊന്നും ഒരു വർധനയും ബാധിക്കില്ല. സാധാരണക്കാരുടെ വരുമാനം കുറഞ്ഞു, ജീവിതച്ചെലവ് കൂടി. അതൊന്നും സർക്കാരിന് അറിയേണ്ടെന്നാണോ പറയുന്നത്?
പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയിലധികവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു. പെട്രോളിന് കൊച്ചിയിൽ 108.62, ഡീസലിനു 97.55 രൂപ. എണ്ണക്കന്പനികൾ സർക്കാരിനോട് കൂടുതൽ വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇനിയും പ്രഹരിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഗാർഹിക പാചകവാതക വിലവർധനയുടെ ഭീതി വേറെ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം തെരഞ്ഞെടുപ്പിനുമുന്പ് ആവർത്തിക്കുകയായിരുന്നു. ആരുടേതായിരുന്നു തെറ്റായ പ്രസ്താവന? വോട്ടെണ്ണാൻപോലും കാത്തുനിൽക്കാതെ വാണിജ്യ പാചകവാതകത്തിനു ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കി.
19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഇരുട്ടടി. വാഹനമോടിക്കാൻ ചെലവേറുമെന്നത് ഇതിന്റെ ഏറ്റവും ചെറിയ ആഘാതമാണ്. അവശ്യവസ്തുക്കൾ ഉൾപ്പെടെ സകലതിനും വീണ്ടും വില കൂടുമെന്നതാണ് യഥാർഥ പ്രശ്നം. ജനങ്ങളോടു കൂടുതൽ പണം ആവശ്യപ്പെടുന്ന സർക്കാർ, വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വരുമാനത്തിൽ കുറവുണ്ടായവർ അത് എവിടെനിന്നെടുത്തു തരുമെന്ന് ചിന്തിക്കുന്നില്ല.
കേരളത്തിൽ പച്ചക്കറിക്കും കോഴിയിറച്ചിക്കും ഉൾപ്പെടെ വില കുതിച്ചുകയറി. ഇനിയതു വീണ്ടും വർധിച്ചേക്കും. ഹോട്ടലുകൾ പലതും അടഞ്ഞു. ചിലത് ഇനി തുറക്കില്ല. ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിത തൊഴിലാളികൾ, ആശമാരെപ്പോലെ തുച്ഛവരുമാനക്കാർ, കർഷകർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ, ചെറുകിട കച്ചവടക്കാർ... എന്നിവരുടെ ജീവിതം ദുഃസഹമായി. തിങ്കളാഴ്ച അധികാരമേൽക്കുന്ന സംസ്ഥാന സർക്കാരിനും ബാധ്യതയേറി. നാലു വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വെറും മൂന്നു രൂപ വർധിപ്പിച്ചതെന്ന ‘വേദനസംഹാരി ഗുളിക’യും വിതരണം ചെയ്യുന്നുണ്ട്. പക്ഷേ, അടുത്തയിടെ യുദ്ധം മുറുകുവോളം ആഗോള മാർക്കറ്റിൽ എണ്ണവില കൂപ്പുകുത്തിക്കിടക്കുകയായിരുന്നു. അപ്പോഴൊന്നും വില കുറച്ചില്ലെന്നുള്ള വസ്തുത മറച്ചുവയ്ക്കാനാകുമോ? 2022 മുതൽ പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരിക്കുകയാണെന്നാണ് ഭാഷ്യം.
2022 മുതൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുവോളം അസംസ്കൃത എണ്ണവില വീപ്പയ്ക്ക് ശരാശരി 70 യുഎസ് ഡോളറായിരുന്നു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 108 ഡോളർ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപയും ഡീസല്‍ വില 48-49 രൂപയുമായിരുന്നെന്ന്, അന്നു കാളവണ്ടിസമരം നടത്തിയ ബിജെപിയെ ഓർമിപ്പിക്കട്ടെ. അവർ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70. നികുതി കൂട്ടിക്കൊണ്ടിരുന്നു. എന്നിട്ടിപ്പോൾ മൂന്നുമാസമായി ആഗോള വിപണിയിലെ വില വർധിച്ചപ്പോൾ വോട്ടെടുപ്പ് കഴിയാൻ കാത്തിരുന്നു.
രാജ്യത്ത് പണപ്പെരുപ്പം ഉയരുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 8.30 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചില്‍ ഇത് 3.88 ശതമാനമായിരുന്നു. വിലക്കയറ്റവും സ്വാഭാവികം. പൊറുതിമുട്ടുന്നത് ജനങ്ങളാണ്. ആഗോള വിലക്കയറ്റത്തിന്റെ പേരിൽ ഇവിടെ ഇന്ധനവില വർധിപ്പിക്കാൻ ഒരു ന്യായവുമില്ല. കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറച്ച് പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്.
ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെങ്കിൽ പരാജയം ജനങ്ങളോടു തുറന്നുപറയണം. അല്ലാതെ, ചരിത്രത്തിലില്ലാത്തവിധം കൂട്ടിയ നികുതിയും സർക്കാരിന്റെയോ എണ്ണക്കന്പനികളുടെയോ ആർഭാടങ്ങളും ചെലവുമൊന്നും കുറയ്ക്കാതെ ജനങ്ങളോടു സഹിച്ചോളാൻ പറയുന്നത് ക്രൂരതയാണ്; കഴിവില്ലായ്മയാണ്.
Editorial
2024 ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട്ടെ വിലങ്ങാട്ടും പൊട്ടിയ ഉരുളെടുത്ത പ്രാണനും നഷ്ടങ്ങളും സ്വപ്നങ്ങളും തിരിച്ചുകൊടുക്കാനാകില്ല. എന്തൊരു രാപകലുകളായിരുന്നു അത്! പക്ഷേ, മണ്ണിനെയല്ലാതെ മനുഷ്യത്വത്തെ ചവിട്ടിയരയ്ക്കാനാകില്ലെന്ന് കേരളം ഒരിക്കൽകൂടി തെളിയിച്ചു. കത്തോലിക്കാ സഭയും അതിന്റെ ചരിത്രപരമായ ജീവകാരുണ്യദൗത്യം വിലങ്ങാടുവഴി തുടരുകയാണ്. അവിടെ ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നടക്കും.
പൂർത്തിയായ 70 വീടുകളിലേക്ക് സഹോദരങ്ങളെത്തുന്നു. ഇതിനായി കഠിനാധ്വാനം ചെയ്തവർക്ക്, ത്യാഗം സഹിച്ചവർക്ക്, സ്നേഹത്തിന്റെ നിക്ഷേപക്കുടുക്കകൾ പൊട്ടിച്ചവർക്ക്, ഇല്ലായ്മയിൽനിന്നെടുത്ത ചില്ലിക്കാശ് പങ്കിട്ടവർക്ക്... എല്ലാവർക്കും അഭിമാനിക്കാവുന്ന ദിവസം. കത്തോലിക്കാസഭയുടെ സാഹോദര്യസന്ദേശം വിലങ്ങാടിനും ഉയിരാകട്ടെ.
ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണമേറിയതോടെ പദ്ധതി വിപുലീകരിച്ചു. അങ്ങനെ 70 കുടുംബങ്ങളെ ചേർത്തുനിർത്തി. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണ് കെസിബിസി ഏല്പിച്ചത്.
ഫോറത്തിന്റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്സ് ടീം എന്നിവയ്ക്കാണു രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത്. പക്ഷേ, മറ്റെങ്ങുമില്ലാത്തവിധം സാഹോദര്യത്തിന്റെ രക്ഷാകരങ്ങൾ അവിടേക്കു നീണ്ടു. കേരളം ഒറ്റക്കെട്ടായി. ജനങ്ങൾ അവരുടെ കൈയും മെയ്യും മറന്നു മനുഷ്യത്വം പ്രകടിപ്പിച്ചപ്പോൾ, കേന്ദ്രവും സംസ്ഥാനവും ക്രമേണ തർക്കത്തിലേക്കു നീങ്ങുന്നതും നിർഭാഗ്യവശാൽ നമുക്കു കാണേണ്ടിവന്നു.
പ്രധാനമന്ത്രി സന്ദർശനത്തിനെത്തിയതു വാർത്തയായെങ്കിലും തുടർനടപടികൾ ആശാവഹമായിരുന്നില്ല. കേരളത്തിനു സഹായം നൽകാതിരിക്കാൻ കാരണങ്ങൾ നിരത്തിക്കൊണ്ടിരുന്ന കേന്ദ്രത്തെ കോടതിക്കുപോലും വിമർശിക്കേണ്ടിവന്നു. ഒടുവിൽ കേരളം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൈമാറിയ വീടുകളുടെ ന്യൂനതകളും ചർച്ചയായി. ഇവിടെ ആരും താമസം തുടങ്ങിയിട്ടുമില്ല.
അതുപോലെ, ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന്റെ സ്ഥിതിയും പരിതാപകരമാണ്. കോടികളുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും യാത്രായോഗ്യമായിട്ടില്ല. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്.
വിലങ്ങാട് പെട്രോള്‍ പമ്പിനു മുന്നിലെ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി നിറുത്തി. കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ നിരത്തിയാൽ തീരില്ല. എല്ലാം നഷ്ടപ്പെട്ടവരെ പടിപടിയായി അവഗണിക്കുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുകിയിട്ടും ദുരന്തമേഖലയിൽ പലയിടത്തും ഇതാണു സ്ഥിതി. പ്രകൃതി പെരുവഴിയിലാക്കിയ ദുരന്തബാധിതരെ പുതിയ സർക്കാരെങ്കിലും ആശ്വസിപ്പിക്കണം.
ഇതിനിടെയാണ് 70 താമസക്കാരുടെ താത്പര്യത്തിനുസരിച്ച്, പലയിടത്തും അവരുടെയും പങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും കെസിബിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നത്. പരിമിതികളില്ലാത്തതല്ല, എല്ലാം തകർന്ന മനുഷ്യരോടുള്ള സാഹോദര്യവും ജീവകാരുണ്യ പ്രതിബദ്ധതയും അഴിമതിരാഹിത്യവുമാണ് ഇത്തരം പ്രവർത്തനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ജാതിമതഭേദമെന്യേ നാം ഒന്നാണെന്ന് ഈ ദൗത്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അതിനിയും തുടരണം. വിനാശം പ്രകൃതിയുടെയോ ഹീനമനസുകളുടേതോ ആകട്ടെ, നാം കൈകോർത്തു നിൽക്കും.
Editorial
24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയിരിക്കുന്നു. ചോദ്യപേപ്പർ ചോർന്നതാണ് കാരണം. അങ്ങാടി പിരിഞ്ഞിട്ടും ചോദ്യപേപ്പർ വാണിഭം സർക്കാർ അറിഞ്ഞില്ല! 2024ൽ ഇതേ പരീക്ഷയുടെ അടിമുടി കുത്തഴിഞ്ഞ നടത്തിപ്പും ക്രമക്കേടും രാജ്യത്തിനു നാണക്കേടായതാണ്.
അന്നു പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടു. ഇതാ, വീഴ്ച പടുകുഴിയിലേക്കായിരിക്കുന്നു. വിദ്യാർഥികൾ ഇനിയും പരീക്ഷയെഴുതണം. കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത, വിദ്യാർഥികൾക്കു പിഴ!
മേയ് മൂന്നിനു നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തെത്തുടർന്ന് റദ്ദാക്കിയത്. അന്വേഷണ ഏജൻസികളും എൻടിഎയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം. പുതിയ പരീക്ഷാത്തീയതി ഉടനെ പ്രഖ്യാപിക്കും. വലിയൊരു ആനുകൂല്യവുമുണ്ട്; വീണ്ടും രജിസ്ട്രേഷനും ഫീസും വേണ്ട! പരീക്ഷ കഴിഞ്ഞു നാലാം നാളാണ് ക്രമക്കേടിന്റെ സൂചനകൾ പുറത്തുവന്നത്.
രാജസ്ഥാനിലെ സീക്കറിൽ പരീക്ഷയ്ക്കു മുന്‍പ് പ്രചരിച്ച 410 ചോദ്യങ്ങളടങ്ങിയ സാധ്യതാ ചോദ്യപേപ്പറിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ അതേപടി പരീക്ഷയ്ക്കു വന്നു. 720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ ഏകദേശം 600 മാര്‍ക്കിന്റെ ചോദ്യങ്ങളും മുൻകൂട്ടി ലഭ്യമായെന്ന് റിപ്പോർട്ടുകളുണ്ട്. ഉത്തരങ്ങളുടെ ഓപ്ഷനിലെ ക്രമം പോലും മാറ്റമില്ല. 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയ്ക്കു ചോദ്യപേപ്പര്‍ വിറ്റത്രേ! രാജസ്ഥാനില്‍നിന്ന് 45ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുമെന്നാണ് 2024ലേതുപോലെ ഇത്തവണയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ആണയിടൽ. ജിപിഎസ് ട്രാക്കിംഗ് ഉള്ള വാഹനങ്ങൾ, പരീക്ഷാ ഹാളിൽ സിസിടിവി നിരീക്ഷണം, ബയോമെട്രിക് വെരിഫിക്കേഷൻ, 5ജി ജാമറുകൾ എല്ലാമുണ്ടായിരുന്നു. പക്ഷേ, പരീക്ഷാപേപ്പർ ചന്തയിലെത്തിയതു മാത്രം അറിഞ്ഞില്ല. ഏകദേശം 30,000 ചോദ്യപേപ്പറുകൾ വിറ്റെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
സീക്കറിലെ എൻട്രൻസ് പരീക്ഷാകേന്ദ്രത്തിന്റെ ഉടമയും പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമയും രണ്ട് വിദ്യാര്‍ഥികളും ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. കേരളത്തില്‍ എംബിബിഎസിനു പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സിബിഐയെ ഏൽപ്പിച്ചേക്കും. ഇത്തരം കുറേ അന്വേഷണങ്ങൾ 2024ലെ നീറ്റ് ക്രമക്കേടുകളെത്തുടർന്നും അരങ്ങേറിയിരുന്നു. ഒരു കാര്യവുമുണ്ടായില്ല.
2024ൽ പരീക്ഷയെഴുതിയ 67 പേർ മുഴുവൻ മാർക്കായ 720 നേടി ഒന്നാം റാങ്കുകാരായി. അതിൽ ആറുപേരും ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയവരായിരുന്നു. മൂന്നേകാൽ മണിക്കൂറുള്ള പരീക്ഷയുടെ സമയം മൂന്നു മണിക്കൂറെന്നു തെറ്റിദ്ധരിപ്പിച്ച് മേൽനോട്ടം വഹിക്കുന്ന അധ്യാപകർ പലയിടത്തും പരീക്ഷ അവസാനിപ്പിച്ചു. 5.20 വരെയായിരുന്നു പരീക്ഷയെങ്കിലും നാലുമണിക്ക് ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ ലഭ്യമായി.
നേരത്തേ പരീക്ഷയെഴുതി പുറത്തിറങ്ങിയ വിദ്യാർഥി പ്രചരിപ്പിച്ചതാണെന്നായിരുന്നു എൻടിഎയുടെ ന്യായീകരണം. പക്ഷേ, അടുത്ത ദിവസങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ വാർത്തകൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു പുറത്തുവന്നു. പുനഃപരീക്ഷ വേണ്ടെന്ന തീരുമാനമെടുത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കിയ സുപ്രീംകോടതി എൻടിഎയ്ക്കു സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിച്ച് താക്കീതു നൽകി.
രാജസ്ഥാനിലെ കോട്ടയാണ് ഇന്ത്യയിലെ എൻട്രൻസ് പരിശീലനകേന്ദ്രങ്ങളുടെ ആസ്ഥാനം. ക്രമക്കേടുകളുടെ പ്രധാന അങ്ങാടിയും രാജസ്ഥാനായിരിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും അവരുടെ രാഷ്ട്രീയബന്ധങ്ങൾ അറത്തുമാറ്റുകയും ചെയ്യാതെ ഈ കച്ചവടം അവസാനിക്കില്ല. എൻടിഎയുടെ ന്യായീകരണങ്ങളിൽ പ്രലോഭിതരാകാതെ ആ സംവിധാനംതന്നെ അഴിച്ചുപണിയണം.
കോടതിയുടെ ഉപദേശംകൊണ്ട് ഒരു കാര്യവുമില്ലെന്നു തെളിഞ്ഞിരിക്കുന്നു. ഉത്തരവാദിത്വത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. കഴിഞ്ഞ 10 വർഷത്തിനിടെ 89 ചോദ്യപേപ്പർ ചോർച്ചകളും 48 പുനഃപരീക്ഷകളും നടന്നെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം അതീവഗൗരവമർഹിക്കുന്നു. രാഷ്ട്രീയ പിന്തുണയില്ലാതെ ചോദ്യപേപ്പർ മാഫിയ ഇങ്ങനെ തഴച്ചുവളരില്ല. അല്ലെങ്കിൽ സർക്കാർ അത്ര പരാജയമാണെന്നു സമ്മതിക്കണം.
24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അധ്വാനത്തിനും ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ ഭാവിക്കും എന്തെങ്കിലും വില കൊടുക്കുന്നുണ്ടെങ്കിൽ സർക്കാർ മാപ്പു പറയുകയും ഇനിയിതാവർത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും വേണം. അത്ര നടുക്കത്തിലാണ് രാജ്യം.
നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ട പെൺകുട്ടികളെ എന്തിനാണു പഠിപ്പിക്കുന്നതെന്നു ചോദിച്ച ബിജെപി നേതാവും ബിഹാർ വിദ്യാഭ്യാസ മന്ത്രിയുമായ മിഥിലേഷ് തിവാരിയുടെ താലിബാൻ പ്രസംഗം കേട്ടിരിക്കുന്നവരെ വീണ്ടും പേടിപ്പിക്കരുത്. വിദ്യാഭ്യാസത്തിന്റെ വില ഇനിയെങ്കിലും തിരിച്ചറിയണം.
Editorial
ശത്രുമിത്ര ഭേദമില്ലാതെ നിങ്ങളെല്ലാം ഇനി എന്റെ
ജനമാണെന്ന വിജയ്യുടെ വാക്കുകളിൽ എംജിആറിന്റെ
ജനകീയ രാഷ്ട്രീയമുണ്ട്; വിലക്കുകളെ മറികടന്ന്
‘ജനനായകൻ’ പ്രദർശനമാരംഭിച്ചെന്നു പറയാം.
സി. ജോസഫ് വിജയ് എന്ന ഞാൻ.... ഇത്രയും പറഞ്ഞപ്പോഴേക്കും ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലെ ജനാവലി ആർപ്പുവിളിച്ചു. ഇളകിമറിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ടിവികെ (തമിഴക വെട്രി കഴകം) സ്ഥാപകനും തലവനുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിനിമയിലെ നായകൻ രാഷ്ട്രീയത്തിലും നായകനാകുമോയെന്നത് കാലം തെളിയിക്കട്ടെ.പക്ഷേ, നെഹ്റു സ്റ്റേഡിയത്തിലെ വേദിയിൽ വിജയ് എന്ന പേരിനൊപ്പം സി. ജോസഫ് എന്നുകൂടി എഴുതിച്ച തമിഴ്മക്കൾ, ആ പേരുകൊണ്ട് വർഗീയവികാരം കുത്തിപ്പൊക്കാൻ ശ്രമിച്ചവരുടെ കരണത്തടിച്ചിരിക്കുന്നു. അതിനെയും വെല്ലുന്ന ജനാധിപത്യ-മതേതര ഡയലോഗ് ജനനായകന് ക്ലൈമാക്സിനായി കരുതിവച്ചിരുന്നു. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, എട്ടു കോടി ആളുകളും എന്റെ ജനങ്ങളാണ്. വിദ്വേഷരാഷ്ട്രീയത്തിനുമേൽ സി. ജോസഫ് വിജയ്യുടെ സാഹോദര്യ ഒപ്പ്!
ആറുനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിജയ് തമിഴ്നാടിന്റെ ഒന്പതാമതു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവും കൂടുതൽ സീറ്റു നേടിയ കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്നു കരുതിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാതെ സമ്മതിക്കില്ലെന്ന പിടിവാശിയിലായിരുന്നു ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ശനിയാഴ്ച ഭൂരിപക്ഷം തെളിയിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞയും ചെയ്തു. മേയ് 13നകം വിശ്വാസവോട്ട് നേടുകയാണ് ഇനിയുള്ള നടപടിക്രമം.
ടിവികെ 108, കോൺഗ്രസ് അഞ്ച്, വിസികെ രണ്ട്, സിപിഎം രണ്ട്, സിപിഐ രണ്ട്, മുസ്ലിംലീഗ് രണ്ട് എന്നിങ്ങനെ 120 സീറ്റ് ഉറപ്പാക്കി. വിജയ് വിജയിച്ച രണ്ടു സീറ്റിൽ ഒന്ന് രാജി വയ്ക്കേണ്ടതിനാലാണ് 120 എന്നു കണക്കാക്കിയത്. ആവശ്യമായ 118 സീറ്റിൽ രണ്ടു മാത്രമാണ് അധികമുള്ളത്. വിശാസവോട്ട് നേടുവോളം എല്ലാവരെയും ഒന്നിച്ചു നിർത്തുക എന്നത് പുതിയ രാഷ്ട്രീയസംസ്കാരത്തിൽ അനിവാര്യമായ മുൻകരുതലാണ്.
200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഉത്തരവാണ് മുഖ്യമന്ത്രി വിജയ് ആദ്യം ഒപ്പിട്ടത്. ലഹരിമരുന്ന് തടയാനും സ്ത്രീ സുരക്ഷയ്ക്കും പ്രത്യേക സേനയും ഹെൽപ്പ് ലൈൻ നന്പറും സജ്ജമാക്കാനും വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്കു പ്രാധാന്യം കൊടുക്കാനും തീരുമാനിച്ചതോടെ ജനകീയമാകാനുള്ള ശ്രമം തുടങ്ങിവച്ചു. സിനിമയിലെ ജനനായകനെപ്പോലെയായിരുന്നു പ്രസംഗം.
“നമ്മുടെ സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ കാൻസർ അഴിമതിയാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കർശന നടപടിയുണ്ടാകും. സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ, സർക്കാർ ഫണ്ടുകളുടെ വിനിയോഗം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഓപ്പൺ ഗവേണൻസ് എന്നിവ നടപ്പിലാക്കും. നമ്മുടേത് സുതാര്യ സർക്കാരായിരിക്കും. എന്നെ ഏല്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റാൻ കുറച്ചു സമയം തരണം. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, എട്ടു കോടി ആളുകളും എന്റെ ജനങ്ങളാണ്.’’
യാതൊരു രാഷ്ട്രീയ മുൻപരിചയവുമില്ലാത്ത വിജയ് അധികാരമേൽക്കുന്പോൾ രാഷ്ട്രീയ നിരീക്ഷകർക്ക് കൗതുകമുണ്ട്. ആറു പതിറ്റാണ്ടോളം നീണ്ട ഡിഎംകെ, എഐഎഡിഎംകെ ഭരണത്തിനൊടുവിൽ ദ്രാവിഡ മേൽവിലാസമില്ലാതെ ഒരു പാർട്ടി അധികാരത്തിലേറിയിരിക്കുന്നു. അതുപോലെ, അടുത്തയിടെ രൂപീകരിച്ച പാർട്ടിയുടെ എംഎൽഎമാരിലേറെയും രാഷ്ട്രീയ പരിചയമില്ലാത്ത സാധാരണക്കാരാണ്. ഉദ്യോഗസ്ഥർ അവരുടെ അധികാരത്തിൽ കൈകടത്താതിരിക്കണമെങ്കിൽ അതിനുതക്ക ക്രമീകരണവും രാഷ്ട്രീയ-ഭരണ പരിശീലനവും ഉണ്ടാകണം.
വെള്ളിത്തിരയിലെ നായകനിൽനിന്നു ജനനായകനിലേക്കുള്ള പരിണാമം എളുപ്പമല്ല. 624 കോടിയുടെ ആസ്തിയുള്ള, 180 കോടിയിലേറെ രൂപ സിനിമയിൽനിന്നു വരുമാനമുണ്ടായിരുന്ന വിജയ് ആദ്യ പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ, കാലിയായ ഖജനാവും 10 ലക്ഷം കോടിയുടെ കടവുമാണ് കാത്തിരിക്കുന്നതെങ്കിൽ കാര്യം നിസാരമല്ല. ആം ആദ്മി പാർട്ടിയെപ്പോലെ മറ്റൊരു ആൾക്കൂട്ടമല്ല ടിവികെ എന്നു തെളിയിക്കേണ്ടത് വിജയ്യുടെ ആവശ്യമാണ്.
മുന്‍പൊന്നും ഒരു മുഖ്യമന്ത്രി അധികാരത്തിലേറുന്പോൾ പറയേണ്ടതില്ലാതിരുന്ന മതവും ഇപ്പോൾ സാധാരണ വിഷയമായിരിക്കുന്നു. വിജയ് ഹിന്ദുവല്ല, യഥാർഥ പേര് ജോസഫ് വിജയ് ആണ്, മതപരിവർത്തനലോബിയെറിയുന്ന പണമാണ് ആൾക്കൂട്ടത്തിനു പിന്നിൽ തുടങ്ങിയ ഹിന്ദുത്വയുടെ വർഗീയ വിഷപ്രയോഗം തമിഴ്നാട്ടിൽ ഏറ്റില്ലെന്നത് ആശ്വാസകരമാണ്. പക്ഷേ, വർഗീയത പരാജയത്തിലും പരിശ്രമങ്ങൾ ഉപേക്ഷിക്കില്ല. അവരിന്നലെയും ചർച്ച തുടർന്നു. ജനക്ഷേമത്തേക്കാൾ വർഗീയക്ഷേമം മുഖ്യഇനമാകുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ വിജയ്ക്ക് വികസനത്തിനൊപ്പം ‘ജോസഫി’നെയും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
എംജിആറിന്റേതായി പറയപ്പെടുന്ന വാക്യമുണ്ട്: “നായകൻ മുതൽ ലൈറ്റ്ബോയിക്കുവരെ ഒരേ ഭക്ഷണം കൊടുക്കുമെന്ന് ഞാൻ ഉറപ്പാക്കും.’’ ശത്രുമിത്ര ഭേദമില്ലാതെ നിങ്ങളെല്ലാം ഇനി എന്റെ ജനമാണെന്ന വിജയ്യുടെ വാക്കുകളിൽ എംജിആറിന്റെ ജനകീയ രാഷ്ട്രീയമുണ്ട്; രാഷ്ട്രീയ പാണ്ഡിത്യത്തേക്കാൾ തമിഴകത്തിന് ആവശ്യമായത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശപ്പിന്റെയും വികസനത്തിന്റെയും ആ രാഷ്ട്രീയമാകാം വിജയ് ഇന്നലെ പുറത്തെടുത്തത്. വിലക്കുകളെ മറികടന്ന് ‘ജനനായകൻ’ പ്രദർശനമാരംഭിച്ചെന്നും പറയാം.
Editorial
കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ലഭിച്ച ചരിത്രവിജയത്തിന്റെ ശോഭയിൽ മങ്ങലേൽക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം കാണാതിരിക്കരുത്. തെരഞ്ഞെടുപ്പു വരെയുള്ള കോൺഗ്രസ് നേതാക്കളുടെ യോജിപ്പും ആത്മവിശ്വാസവും ഫലമറിഞ്ഞതോടെ മറ്റൊരു തലത്തിലേക്കു മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുന്പ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതിരുന്നത് കോൺഗ്രസിന്റെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അല്ലെങ്കിൽ തമ്മിലടിച്ചും സെൽഫ് ഗോളടിച്ചും തോറ്റുപോകുമായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി തർക്കിക്കുന്നുവെന്ന അവസ്ഥ അവർക്ക് വോട്ട് ചെയ്തവരോടുള്ള അവഹേളനമായി മാറുകയാണ്.
ഇത്തരമൊരവസ്ഥ കേരളത്തിൽ മാത്രമല്ല, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലുൾപ്പെടെ പാർട്ടിക്കു ക്ഷീണമാകുമെന്നത് നേതൃത്വം ഗൗരവത്തിലെടുക്കണം. മുഖ്യമന്ത്രിയെ ചർച്ചകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനിക്കുന്നതുപോലെ ജനാധിപത്യവിരുദ്ധമാണ് യുക്തമായ തീരുമാനം സമയബന്ധിതമായി എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും.
വിജയശിൽപി, സീനിയോരിറ്റി, എംഎൽഎ ബലം- എല്ലാറ്റിനും ന്യായീകരണമുണ്ട്. അതൊന്നും അവഗണിക്കാവുന്നതുമല്ല. പക്ഷേ, മൂന്നു മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാകില്ല. എല്ലാ പരിഗണനകളെയും വിലയിരുത്തി എംഎൽഎമാരുടെയും ജനങ്ങളുടെയും മനസു വായിച്ചേ തീരുമാനമെടുക്കാനാകൂ. കോൺഗ്രസിനു സംഘടനാശൈലികളുമുണ്ട്. അതിനു സമയവും ആവശ്യമായിരിക്കാം.
എന്നാൽ ജനം 63 എംഎൽഎമാരെ കൊടുത്തിട്ട് ഇത്രയും ദിവസമായിട്ടും പാർട്ടിക്ക് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ല എന്നുവരുന്നത് ഭൂഷണമല്ല. തർക്കവും തർക്കത്തിൽ കക്ഷിചേരലും കോൺഗ്രസ് പ്രവർത്തകരിൽ മയങ്ങിക്കിടന്ന ഗ്രൂപ്പുവാസനകളെ പത്തിവിടർത്തിയാടാൻ പ്രോത്സാഹിപ്പിക്കുമെന്ന് മറക്കരുത്. ഫ്ലക്സുകളും ബാനറുകളും പ്രാദേശിക ഗ്രൂപ്പുയോഗങ്ങളും പ്രകടനങ്ങളുമൊക്കെ തെരഞ്ഞെടുപ്പുകാലത്തേക്കാൾ വാശിയിലായി. തീരുമാനം വൈകുംതോറും, ഭാവിയിൽ എന്നു വേണമെങ്കിലും പുറത്തെടുക്കാവുന്ന പകയിലേക്ക് ഈ താത്കാലിക ഗ്രൂപ്പുകൾ കൂപ്പുകുത്താനിടയുണ്ട്.
വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മേയ് നാലുവരെ പാർട്ടി നേതാക്കളായി കണ്ടിരുന്നവർ ഇപ്പോൾ ഗ്രൂപ്പ് നേതാക്കളായി കണ്ടുതുടങ്ങി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും പേരിൽ കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമായിരുന്നെങ്കിലും കുറച്ചുകാലമായി നിർവീര്യമായിരുന്ന വിഭാഗീയത ഈ തെരഞ്ഞെടുപ്പോടെ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആധി, ഏറെ സ്വപ്നങ്ങളോടെ തങ്ങൾ വോട്ട് കൊടുത്തവരുടെ തമ്മിലടി, ഗുണകരമാകുമെന്നു പ്രതീക്ഷിച്ച ഭരണത്തെയും ബാധിക്കുമോ എന്നാണ്.
അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ ചേരിതിരിവുകളും തർക്കങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, അധികാരത്തോടുള്ള അടക്കാനാവാത്ത കൊതി മറ്റൊരു വിഷയമാണ്. 2006ൽ പിണറായി-വിഎസ് ഏറ്റുമുട്ടലിലും ആശയത്തേക്കാൾ മുഴച്ചുനിന്നത് അധികാരമായിരുന്നു. എല്ലാവരും അധികാരക്കൊതിയരാണെന്ന് അർഥവുമില്ല. ആഴത്തിൽ പഠിച്ചാൽ, ഇത്തരം അധികാരത്തർക്കങ്ങളിൽ ചിലരുടെ ആർത്തിയും വെട്ടിപ്പിടിക്കാനുള്ള വിരുതും വേർതിരിച്ചറിയാനാകും.
സ്ഥാനമാനങ്ങൾ, തട്ടിയെടുക്കാനുള്ളതാണെന്നു കരുതുന്ന നേതാക്കൾ എല്ലാ പാർട്ടികളിലുമുണ്ട്. പക്ഷേ, ഈ തർക്കം പാർട്ടിയിൽനിന്നു തെരുവിലേക്കെത്തുന്പോൾ, ഇവർക്കൊക്കെയാണല്ലോ വോട്ട് ചെയ്തതെന്ന ലജ്ജയിൽ പിരിഞ്ഞുപോകുന്നവർ, നേതാക്കളുടെയല്ല പാർട്ടിയുടെ നഷ്ടമാണ്. ആ നിഷ്പക്ഷ വോട്ടർമാരെ വശീകരിക്കാൻ ആളുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ കോൺഗ്രസിന് അതു ബോധ്യമാകും. എസ്ഐആറിന്റെ നഷ്ടങ്ങൾക്കും എത്രയോ മുന്‍പേ കോൺഗ്രസ് അതിന്റെ സ്വയംനിർമിത നഷ്ടങ്ങളെ വരിച്ചിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്ന ഓരോ മണിക്കൂറും നിർണായകമാണ്. ചികിത്സ വൈകുംതോറും പരിക്ക് ഗുരുതരമാകും.
മറ്റു പാർട്ടികളിലെ ഏകാധിപത്യത്തെയും ധാർഷ്ട്യത്തെയും പെട്ടെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ്, സ്വന്തം പാർട്ടിയിലെ അച്ചടക്കമില്ലായ്മയും മുഖസ്തുതി-വിധേയ രാഷ്ട്രീയവും വ്യക്തിപൂജകളും കാണുന്നില്ല. മികച്ച നേതാക്കളിൽ പലരും പാർട്ടിവിട്ടു പോയി. മേൽത്തട്ടിലെ പക്വതയില്ലായ്മ പടിപടിയായി താഴേക്കു നീങ്ങുന്നുണ്ട്. ചർച്ച, പാർട്ടി ഭാരവാഹികളെക്കുറിച്ചല്ല, മുഖ്യമന്ത്രിയെക്കുറിച്ചാണെന്നു മറക്കരുത്. കോൺഗ്രസ് ഏതു നേതാവിനെ വേണമെങ്കിലും മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊള്ളട്ടെ. പക്ഷേ, കഴിഞ്ഞ രണ്ടു തവണ എൽഡിഎഫിനു വോട്ട് ചെയ്ത നിരവധിപ്പേര്‍ ഇത്തവണ നിങ്ങൾക്കുവേണ്ടി തിരിച്ചുകുത്തിയിട്ടുണ്ട്. അവരെ പിന്നിൽനിന്നു കുത്തരുത്.
അർഹതയുള്ളതു ചോദിച്ചുവാങ്ങുന്നത് അപരാധമൊന്നുമല്ല. പക്ഷേ, ഏറെ അധ്വാനിച്ചിട്ടുണ്ടെങ്കിലും, പാർട്ടിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും താൻ പിന്മാറുന്നുവെന്ന് ആരെങ്കിലും അറിയിച്ചാൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കാൾ വിലപ്പെട്ടതായി ആ സ്ഥാനത്യാഗം ജനമനസിലും ചരിത്രത്തിലുണ്ടാകുമെന്നതിൽ സംശയമില്ലെന്നുകൂടി ഓർമിപ്പിക്കട്ടെ. അതും രാഷ്ട്രീയമാണ്, മൂല്യമേറിയത്.
Editorial
കേരളത്തിലെ ഭരണവും നഷ്ടമായതോടെ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ എൽഡിഎഫ് ഒടുവിലത്തെ കൊടിയുമഴിച്ചു. കർണാടക, തെലുങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ കോൺഗ്രസിനു കേരളവും കിട്ടി. യുഡിഎഫിന്റേതു വൻവിജയമാണ്.
വഴിതെറ്റിയ ഇടതുകപ്പലിനെ അറബിക്കടലിൽ താഴ്ത്തിയ കേരളം വർഗീയ നൗകകളുടെ പായ്മരങ്ങളുമറത്തു. വിദ്വേഷനാവുകളെ നിയമസഭയിൽ വിലക്കിയവർ ബിജെപി അധ്യക്ഷനുൾപ്പെടെ അർഹരെന്നു തോന്നിയവരെ നിയമസഭയിലെത്തിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ പ്രഹരശേഷി 100നു മുകളിലെന്നു പ്രവചിച്ച വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് താണ്ഡവം.
ജനമനസ് ഇത്ര കൃത്യമായി വായിച്ച ഈ നേതൃപാടവത്തിന് ജനങ്ങളുടെ ആവശ്യങ്ങളും മനസിലായേക്കും. ഇനിയാണു വെല്ലുവിളി. പെരുച്ചാഴി പെറ്റ ഖജനാവ്, വന്യജീവി-തെരുവുനായകൾ, കർഷകരോദനം, ആശയറ്റ തൊഴിലാളികൾ, അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, വർഗീയകലകളുടെ വിദ്വേഷഭജനകൾ... പുതിയൊരു കേരള സ്റ്റോറി എളുപ്പമല്ല, പക്ഷേ സാധ്യമാണ്.
മറ്റാരുണ്ടെന്ന വെല്ലുവിളി ഏറ്റെടുത്ത കേരളം യുഡിഎഫിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. 102 സീറ്റിന്റെ വിജയം. എൽഡിഎഫിന് 35, ബിജെപിക്ക് മൂന്ന്. മറ്റ് നാലിടങ്ങളിലും വോട്ടെണ്ണി. പശ്ചിമബംഗാളിൽ ബിജെപി അട്ടിമറി വിജയമാണു നേടിയത്. വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രോത്സാഹം കണ്ടവർക്ക് അതത്ര അപ്രതീക്ഷിതമായിരുന്നില്ല. പക്ഷേ, തമിഴ്നാട്ടിൽ അടുത്തിടെ ടിവികെ (തമിഴ് വെട്രി കഴകം) എന്ന പുതിയ പാർട്ടിയുമായി വെള്ളിത്തിരയിൽനിന്നിറങ്ങിയ വിജയ് ഇന്നലെ പെരിയ ദളപതിയാകുമെന്ന് ആരുമറിഞ്ഞില്ല. ഡിഎംകെ ഇത്രയ്ക്കു മുടിയുമെന്നും പ്രതീക്ഷിച്ചില്ല.
തമിഴ് രാഷ്ട്രീയത്തിലെ സിനിമാ സ്വാധീനം വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ടിവികെ ഏറ്റവുമധികം സീറ്റ് നേടി. വിജയ്യുടെ മുഴുവൻ പേര് ജോസഫ് വിജയ് ആണെന്നു പറഞ്ഞ് ക്രൂരമായ വർഗീയ ആക്രമണം നടത്തിയ ബിജെപിയുടെ ഉത്തരേന്ത്യൻ കളി തമിഴ്നാട്ടിൽ വിജയിച്ചില്ല. ആസാമിലും ബിജെപി സഖ്യം തുടർഭരണം നേടി. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ എൻ.ആർ. കോൺഗ്രസ് നയിക്കുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തി.
ഇന്ത്യ മുന്നണിക്കാരായ തൃണമൂൽ കോൺഗ്രസും കോൺഗ്രസും സിപിഎമ്മും നടത്തിയ ത്രികോണ തമ്മിലടി പശ്ചിമബംഗാളിൽ ബിജെപിക്കു തുണയായി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ 90 ലക്ഷം വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കുകയും ചെയ്തു. തൃണമൂൽ നേതാവ് മമതയ്ക്കെതിരേ ബിജെപിയെക്കാൾ രൂക്ഷമായ പ്രതികരണമാണ് രാഹുൽ ഗാന്ധി നടത്തിയത്.
ഫലം വന്നപ്പോൾ കണ്ടത്, അവിടെ തലക്കനത്തിനുള്ള ഒരു കോപ്പും കോൺഗ്രസിനില്ലായിരുന്നു എന്നാണ്. 292ൽ ഒരു സീറ്റിനുവേണ്ടി വേണ്ടിയിരുന്നോ മമതയെ ആക്രമിച്ചതെന്നു രാഹുലും സിപിഎം ഭരണത്തെ ഓർമിപ്പിക്കുന്ന ധാർഷ്ട്യങ്ങളിൽനിന്ന് മമതയും പാഠം പഠിക്കുന്നില്ലെങ്കിൽ ഇന്ത്യ മുന്നണിയെ പിരിച്ചുവിടാൻ സമയമായി.
2011ൽ പശ്ചിമബംഗാളും 2018ൽ ത്രിപുരയും നഷ്ടമായ സിപിഎമ്മിന് ഇന്നലെ കേരളവും പോയതോടെ ഇന്ത്യയുടെ ഭരണ ഭൂപടത്തിൽ സ്ഥാനമില്ലാതായി. പാർട്ടിസർവാധിപത്യത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളായിരുന്ന പാർട്ടി ഓഫീസുകളിൽ ആളില്ല. തൊഴിലാളിവർഗഭരണത്തിന്റെ സുവർണകാലത്തിനൊടുവിൽ അവിടത്തെ മനുഷ്യർ ഇതരസംസ്ഥാന തൊഴിലാളികളായി. ഇന്ത്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് സർക്കാരിനെ തെരഞ്ഞെടുത്ത കേരളം പക്ഷേ, പാർട്ടി ആധിപത്യങ്ങളെ വച്ചുപൊറുപ്പിക്കാറില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനല്ല, സിപിഎം സമ്മതിച്ച ജനാധിപത്യ സംസ്കാരത്തിനാണ് കേരളം പിന്തുണ നൽകിയത്. ഇത്തവണ പിഴച്ചപ്പോൾ തിരുത്തി.
ഉത്തരേന്ത്യൻ ശൈലിയിൽ മതധ്രുവീകരണത്തിനു ശ്രമിച്ചവരെയും മതേതരകേരളം ഒതുക്കി. മാധ്യമങ്ങളെയും ന്യൂനപക്ഷങ്ങളെയും സഭാപിതാക്കന്മാരെയും അവഹേളിച്ചവർക്ക് ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നിച്ചു മറുപടി കൊടുത്തു. ഭൂരിപക്ഷവും “നന്ദി’’ കാണിച്ചില്ല. ഹിന്ദു എംഎൽഎ എന്ന മുദ്രാവാക്യമുയർത്തിയവരെയും തങ്ങളുടെ ഏരിയയിൽ വോട്ടുചോദിക്കാൻ വഴിനടക്കരുതെന്നു പറഞ്ഞവരെയുമൊക്കെ മതവിശ്വാസികൾ നിർദയം തള്ളി. മതമാണ് മതമാണ് മതമാണ് മുഖ്യമെന്ന ഭ്രാന്തൊന്നും അനുവദിക്കരുത്.
പുതിയ സർക്കാരിനു വലിയ ജോലികളുണ്ട്. സാന്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണം. വർഗീയത നാടു നശിപ്പിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. മതപ്രീണനംകൊണ്ട് മതേതരത്വത്തിനു പരിക്കേൽപിക്കരുത്. വന്യജീവി-തെരുവുനായ ശല്യം സംസ്ഥാനത്തിന്റെ ശാപമായി മാറിയത് ഇടതുവിരോധത്തിനു കാരണമായെന്നു തിരിച്ചറിയണം.
ജനജീവിതം ദുഃസഹമാക്കിയ നിയമങ്ങൾ തിരുത്താൻ കേന്ദ്രസർക്കാരിനെയും ദേശീയനേതൃത്വത്തെയും പ്രേരിപ്പിക്കണം. കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖല അഴിച്ചുപണിയണം. ആശമാർക്കു കൊടുക്കാമെന്നു പ്രകടന പത്രികയിൽ പറഞ്ഞത് കൊടുക്കണം. കേരളത്തിന്റെ മനസ് വായിച്ചവർ ആവശ്യങ്ങളും വായിക്കട്ടെ.
ഇടതു സർക്കാർ ചെയ്തെല്ലാം പരാജയമായതുകൊണ്ടല്ല ജനം അധികാരം തിരിച്ചെടുത്തത്. ചെയ്യേണ്ടതു പലതും മറന്നതുകൊണ്ടാണ്. അഴിമതിക്കു താത്വികാവലോകനം നടത്തി ഇരുട്ടാക്കിയതുകൊണ്ടാണ്. ധാർഷ്ട്യത്താൽ അന്ധരായതുകൊണ്ടാണ്. പക്ഷേ, പരാജയപ്പെട്ടവർ വനവാസത്തിനു പോകുന്നതല്ല ജനാധിപത്യം.
ഏകാധിപത്യശൈലിയിലും തുടർഭരണത്തിന്റെ ധാർഷ്ട്യത്തിലും മതിമറന്നതൊക്കെ പഠിക്കാൻ സിപിഎമ്മന് അഞ്ചുവർഷത്തെ സമയമുണ്ട്. 2031ൽ പുനഃപരീക്ഷയെത്തുവോളം ക്രിയാത്മകമായ പ്രതിപക്ഷമായി വികസനരാഷ്ട്രീയത്തിൽ പങ്കെടുക്കുക. വിജയികളും മറക്കരുത്, ഇതു കേരളമാണ്; കൊടികളോടും ബിംബങ്ങളോടും അന്ധമായ കൂറില്ലാത്ത, വർഗീയഭീഷണിക്ക് എളുപ്പം വഴങ്ങാത്ത രാജ്യത്തെ ‘ഏറ്റവും വലിയ ജനാധിപത്യ-മതേതര സംസ്ഥാനം!’
Editorial
പാചകവാതക വാണിജ്യസിലിണ്ടറിന് ആയിരം രൂപയോളം (993) വർധിപ്പിച്ചത് മുന്‍പുണ്ടാകാത്ത കാര്യമാണ്. ഇതുപോലെ പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടിയാൽ ആട്ടയ്ക്കു മുതൽ എസിക്കു വരെ വില വർധിക്കും. സർക്കാരിന് ആഗോളവിലക്കയറ്റത്തിന്റെ ‘ഹോർമുസ് ന്യായ’ങ്ങളുണ്ട്. പക്ഷേ, ജനങ്ങൾക്ക് മറുചോദ്യമുണ്ട്.
യുദ്ധമില്ലാതിരുന്ന, ആഗോള ഇന്ധനവില കൂപ്പുകുത്തിയ കാലത്ത് ആനുകൂല്യങ്ങളൊന്നും ജനങ്ങൾക്കു കൊടുത്തിട്ടില്ലാത്ത സർക്കാർ ഇപ്പോഴെന്തിനാണ് ഭാരംവയ്ക്കാൻ ജനങ്ങളുടെ മുതുകു തപ്പുന്നത്? തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട നിങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നോ? ആഗോളവിലക്കുറവിന്റെ ഗുണമെടുത്തവർ വർധനയുടെ ബാധ്യതയും ഏറ്റെടുക്കണം.
മുൻസർക്കാരുകൾ നടപ്പാക്കിയിരുന്നതും ബിജെപി സർക്കാർ നിർത്തിക്കളഞ്ഞതുമായ പാചകവാതകസബ്സിഡി ഈ കഷ്ടകാലത്ത് പുനഃസ്ഥാപിച്ചുകൂടേ? സാധാരണക്കാരുടെ ജീവിതം യുദ്ധമാകും. സത്യസന്ധതയുണ്ടെങ്കിൽ ഇന്ധനവില വർധിപ്പിക്കരുത്.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം ആശ്വസിപ്പിച്ച് ഒരാഴ്ച തികയുംമുന്പാണ് വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കിയത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി.
ഹോട്ടൽ, ബേക്കറി, കാന്റീൻ, തട്ടുകടക്കാരോട് ഭക്ഷണത്തിനു വില കൂട്ടരുതെന്ന് ഉപദേശിക്കാനാകാത്ത സ്ഥിതി. മേയ് ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ന്യായമുള്ള സമരമാണ്. വ്യാപാരികളുടെ ദുരിതം സർക്കാർ വീടുകളിലേക്ക് എത്തിക്കാതിരിക്കട്ടെ. ഓരോ വീടും ക്ഷാമത്തിലേക്ക് എടുത്തെറിയപ്പെടും.
മന്ത്രിമാരും വരുമാനത്തിൽ ഒരു യുദ്ധവും ബാധിക്കാത്ത ഉദ്യോഗസ്ഥരും ചങ്ങാത്തമുതലാളിമാരും മാത്രമല്ലല്ലോ ഇന്ത്യ. അസംഘടിത തൊഴിലാളികൾ, കർഷകർ, സ്വയം തൊഴിലുകാർ, ചെറുകിട കച്ചവടക്കാർ, തുച്ഛവരുമാനക്കാരായ ദളിതർ, സാധാരണക്കാർ... എവിടെ പോകും? പെട്രോളിയം കന്പനികളുടെ നഷ്ട-ബാധ്യതകൾ പരിഹരിക്കാൻ മാത്രം നിയോഗിക്കപ്പെട്ട കന്പനി ഓഡിറ്ററല്ല സർക്കാർ. പൗരന്റെ കുടുംബ ബജറ്റിലേക്കും തിരിഞ്ഞുനോക്കണം.
വോട്ടുതന്ത്രത്തെ രാഷ്ട്രീയമെന്നു തെറ്റിദ്ധരിച്ച ജനതയാണ് നാം. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 108 രൂപ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപ ആയിരുന്നു. ഡീസല്‍ വില 48-49 രൂപ. അക്കാലത്തായിരുന്നു ബിജെപി എണ്ണവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കാളവണ്ടി സമരം നടത്തിയത്. 2014ൽ അധികാരത്തിലെത്താൻ അതുമൊരു കാരണമായിരുന്നു.
2010 ജൂണിൽ, ആഗോളവിലയ്ക്കനുസരിച്ചു പെട്രോൾ വില നിർണയം എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്ത്, ജനക്ഷേമത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗ് കൈയൊഴിഞ്ഞതിന്റെ ജനരോഷവും ബിജെപിക്കു സഹായമായി. പക്ഷേ, അധികാരത്തിലേറിയവർ ചതിച്ചു. പെട്രോളിനും ഡീസലിനുമൊക്കെ ആഗോളതലത്തിൽ വിലയിടിഞ്ഞപ്പോൾ നികുതി കൂട്ടി.
2020ൽ അസംസ്കൃത എണ്ണവില 35 ഡോളർ. ഇവിടെ പെട്രോൾ വില 70. 108 രൂപ അസംസ്കൃത എണ്ണവിലയുണ്ടായിരുന്നപ്പോഴത്തേതിന് ഏതാണ്ട് തുല്യമായ വില. പിന്നീട് 80 രൂപയായി ആഗോളവില സ്ഥിരമായി നിന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 105-106. സർക്കാർ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുവേണ്ടിയാണെന്നാണ് ഭരണകാലന്യായം. പക്ഷേ, ഈ ന്യായം തങ്ങൾ ഭരിക്കുന്പോൾ മാത്രമാകുന്നത് ജനം കാണുന്നുണ്ട്.
ഇപ്പോൾ ആഗോളവിപണിയിൽ എണ്ണവില 110-120 എന്ന നിലയിലാണ്. 35 ഡോളർ ബാരലിനു വാങ്ങിയ എണ്ണ, ലിറ്ററിന് 70 രൂപയ്ക്കു ജനങ്ങൾക്കു വിറ്റ സർക്കാർ ആഗോളവിലയെക്കുറിച്ചു പറയരുത്. മറ്റു രാജ്യങ്ങളിലെ വിലവർധന ചൂണ്ടിക്കാണിക്കുന്നവർ ആഗോള വിലയിടിവിന്റെ കാലത്ത് അവിടങ്ങളിൽ പൊതുവിലുണ്ടായിരുന്ന ആഭ്യന്തരവിലയും താരതമ്യപ്പെടുത്തണം.
യുപിഎ സർക്കാരിന്റെ കാലത്തെ എണ്ണബോണ്ടുകളില്ലായിരുന്നെങ്കിൽ എക്സൈസ് തീരുവ താൻ കുറയ്ക്കുമായിരുന്നെന്ന് ധനമന്ത്രി വർഷങ്ങളോളം പറഞ്ഞിരുന്നു. ഇത്തരം ബോണ്ടുകൾ എല്ലാ സർക്കാരുകളും പുറപ്പെടുവിക്കുന്നതാണെന്ന വസ്തുത പക്ഷേ മന്ത്രി പറഞ്ഞില്ല. മാത്രമല്ല, എണ്ണബോണ്ടുകളും പലിശയും തീർത്തുകൊടുക്കാനുള്ള പണം ആഗോള-ആഭ്യന്തര വിപണി വ്യത്യാസത്തിൽനിന്നു കിട്ടിക്കഴിഞ്ഞെന്നും പറഞ്ഞില്ല.
കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചിരുന്ന നികുതി കുറയ്ക്കണം. ആഗോള വിലവർധനയെക്കുറിച്ച് പറയാൻ നിങ്ങൾക്ക് ഒരവകാശവുമില്ല. ആഗോള വിലക്കുറവിന്റെ ഗുണമെടുത്ത സർക്കാരുകൾ താത്കാലികമെങ്കിലും നഷ്ടത്തിന്റെ ബാധ്യതയും ഏറ്റെടുക്കണം. സ്വന്തം വീട്ടിൽ കഞ്ഞിവച്ചില്ലെങ്കിലും സർക്കാരിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നതാണ് രാജ്യസ്നേഹമെന്നു ചിന്തിക്കുന്നവരുടെ പ്രബോധനങ്ങളല്ല, സർക്കാരിന്റെ നിലപാടാണ് പ്രധാനം. മുറുക്കിയുടുത്ത മുണ്ടുകൂടി ജനത്തോടു ചോദിക്കരുത്.
Editorial
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം പുതിയതല്ല. പക്ഷേ, പണ്ട് രാഷ്ട്രീയ വാണിഭക്കാർ ജനങ്ങളറിയാതെ തലയിൽ മുണ്ടിട്ട് അത്യപൂർവമായി പോയിരുന്ന ആ അധോലോകത്തിന്റെ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതു ബിജെപിയാണ്. ആർക്കെതിരേ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചോ അവരുമായി സന്ധി ചെയ്യുന്ന ജനപ്രതിനിധികൾ വോട്ട് ചെയ്തവരെ വഞ്ചിക്കുക മാത്രമല്ല, ജനാധിപത്യത്തെ വ്യാപാരമാക്കുകയും ചെയ്യുന്നു.
ആം ആദ്മി പാർട്ടിയിൽനിന്ന് രാജ്യസഭയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴു കുതിരകളാണ് ഏറ്റവുമൊടുവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ബിജെപി വാങ്ങിയതാണോ ഛദ്ദയും കൂട്ടരും സ്വയം വിറ്റതാണോ എന്നതിനേക്കാൾ പ്രസക്തം, ജനം ചതിക്കപ്പെട്ടു എന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. പക്ഷേ, ജനവഞ്ചനയുടെയും ജനാധിപത്യ അട്ടിമറിയുടെയും പരിധിയിൽ വരും.
രാജ്യസഭയിലെ 10 ആം ആദ്മി പാർട്ടി എംപിമാരിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നീ ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ലയനത്തെ രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു. 18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.
പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്. ബിജെപിക്ക് പഞ്ചാബ് മറ്റൊരു കേരളം പോലെയാണെന്നർഥം. തുടക്കത്തിൽ പറഞ്ഞതുപോലെ, ബിജെപിക്കും കോൺഗ്രസിനുമെതിരേ ആം ആദ്മിയെ വിജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളുടെ വിധി കുതിരക്കച്ചവടക്കാർ അട്ടിമറിച്ചിരിക്കുന്നു.
എന്തു ലാഭത്തിനുവേണ്ടിയാണ് ആം ആദ്മി എംപിമാർ ജനവിധി വിറ്റതെന്ന ചോദ്യമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ മുതൽ ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉപയോഗിച്ചുള്ള ബിജെപിയുടെ ഭീഷണിവരെ ആരോപിക്കപ്പെടുന്നുണ്ട്. രാഘവ് ഛദ്ദയാണ് കൂറുമാറ്റസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഛദ്ദയുടെ നീക്കം മണത്തറിഞ്ഞ ആം ആദ്മി പാർട്ടി അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് നീക്കുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മിത്തലിന്റെ ഉടമസ്ഥതയിൽ ഗുഡ്ഗാവിലും ജലന്ധറിലുമുള്ള 10 സ്ഥാപനങ്ങളിൽ ഏപ്രിൽ 10ന് ഇഡി പരിശോധന നടത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തി രണ്ടു വർഷത്തിനകം സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതും. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു അധികാരം പിടിച്ചത്. വിഷയം കോടതിയിൽ ചോദ്യംചെയ്യുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും നിയമമുണ്ടെങ്കിലും 1992ലെ കിഹോതോ ഹോളോഹാൻ കേസിൽ, അധ്യക്ഷന്റെ തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. കേസിന്റെ ഫലം എന്തായാലും അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് ആം ആദ്മി എംപിമാരുടെ വരവ് ഗുണകരമാകുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസിന്റെ മനസിലൊരു ലഡു പൊട്ടിയിട്ടുണ്ട്. തങ്ങളെ കൈയൊഴിഞ്ഞ് ആം ആദ്മിയെ വിജയിപ്പിച്ചവർ തിരിച്ചു ചിന്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കോൺഗ്രസ് മുക്ത ഭാരതമെന്നാൽ പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് ആം ആദ്മിക്കും തിരിച്ചറിവായി. അഴിമതിക്കെതിരേ അണ്ണാ ഹസാരെ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ജൻ ലോക്പാൽ സമരത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കേജരിവാൾ 2012ൽ രൂപീകരിച്ചതാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ബിജെപിയുടെ കോട്ടയായ ഗുജറാത്തിലേക്കും ആം ആദ്മി മത്സരത്തിനിറങ്ങിയതോടെ ഡൽഹി മദ്യനയത്തിൽ അഴിമതിയാരോപിച്ച് കേജരിവാളിനെ ബിജെപി പൂട്ടി.
കെട്ടിച്ചമച്ച കേസാണെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ എത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധതയ്ക്കും ജനാധിപത്യവത്കരണത്തിനുംവേണ്ടി പ്രസംഗിച്ച പാർട്ടി, ക്രമേണ കേജരിവാളിന്റെ ഏകാധിപത്യത്തിലായി. 2014ൽ യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചത് ആം ആദ്മി പാർട്ടിയാണ്. പക്ഷേ, അതിന്റെ വളർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീളുന്നത് ബിജെപി താത്പര്യപ്പെടുന്നില്ല.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങൽ മുന്‍പും ഉണ്ടായിരുന്നെങ്കിലും 1893 മാർച്ച് 22ന് ‘ന്യൂയോർക്ക് ടൈംസ്’, ‘നുണയും നിയമനിർമാണവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ‘കുതിരക്കച്ചവടം’ എന്ന പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഈ കച്ചവടക്കാരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടെയുണ്ട്. കോൺഗ്രസ് തന്നെയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇതിൽ ഭേദഗതി കൊണ്ടുവന്നു. അതോടെ കൂറുമാറ്റത്തിന്റെ സാധുതയ്ക്കു മൂന്നിലൊന്ന് ഭൂരിപക്ഷമെന്നത് മൂന്നിൽ രണ്ടായി. പാവം വാജ്പേയി! അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവത്കരണകാലത്ത് കുതിരച്ചന്തയിൽ മൂന്നിൽ രണ്ടൊന്നും തടസമാകില്ലെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടില്ല.
ഇങ്ങനെ സംഗ്രഹിക്കാം: ജനാധിപത്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രഥമസ്ഥാനം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജനപ്രതിനിധികൾ കൈയടക്കുകയാണ്. ആരു ജയിക്കണമെന്നല്ലാതെ ആരു ഭരിക്കണമെന്ന് ജനത്തിനു തീരുമാനിക്കാനാകാത്ത അവസ്ഥ. “ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ” എന്ന ജനാധിപത്യ സങ്കൽപ്പത്തോട് ഇതിനു ചില സാദൃശ്യങ്ങളുണ്ടെന്നതു ശരിയാണ്. അതാണ് കൂടുതൽ അപകടം.
Editorial
മാർച്ച് ആദ്യം പാചകവാതകക്ഷാമം ഉണ്ടായിരിക്കുന്നു എന്ന വാർത്ത വരുവോളം യുദ്ധം നമുക്ക് ഒരു ഓൺലൈൻ ഗെയിമായിരുന്നു. പെട്ടെന്നു ചിരി മങ്ങി. പുതിയ സിലിണ്ടർ പറഞ്ഞ സമയത്ത് കിട്ടിയില്ല. ആരും പറയാതെതന്നെ പാചകവാതകം കരുതലോടെ ഉപയോഗിക്കാൻ നാം തയാറായി. ഇതാ ഏപ്രിലിൽ പുതിയൊരു വാർത്ത. വൈദ്യുതിക്ഷാമം രൂക്ഷം. പക്ഷേ, യുദ്ധമില്ലല്ലോ; ആവശ്യമില്ലാത്ത ലൈറ്റുകളും തെളിച്ചിട്ടുകൊണ്ട് ലോഡ് ഷെഡിംഗിനെ പഴിക്കുന്ന മറ്റൊരു ഗെയിമിലാണ് നാമിപ്പോൾ. 10 മിനിറ്റ് വൈദ്യുതി മുടങ്ങുന്പോൾ വിയർത്തൊലിക്കുന്ന നാം തിരുത്തലുകൾക്കു തയാറാകേണ്ടിയിരിക്കുന്നു. ആ ലൈറ്റൊന്നു കെടുത്തിയിട്ട് ഈ വൈദ്യുതിക്ഷാമത്തെക്കുറിച്ചു ചിലതു പറയാം.
ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇത് 115 ദശലക്ഷത്തിനു മുകളിലാണ്. ആവശ്യമില്ലാത്തൊരു ബൾബ് അണയ്ക്കാൻപോലും പലരും തയാറായില്ല. എന്നാൽ, അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ടെന്നു നമ്മൾ കണ്ടുപിടിച്ചു. തീരുമാനമായി. ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് ഇന്നലെ വൈദ്യുതി മന്ത്രി പറഞ്ഞു. കാരണം, അധികനിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ അനുവദിച്ചു. വൈദ്യുതിബിൽ കൂടുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നുകൂടി മന്ത്രി പറഞ്ഞിട്ടുണ്ട്.
സാരമില്ല, അതു പിന്നെ പറഞ്ഞുകൊള്ളും. ഉപയോഗത്തിൽ നിയന്ത്രണമില്ലാത്തതാണ് ഇപ്പോഴത്തെ വിഷയം. കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് നാം ഏറെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഉപയോക്താക്കളുടെ കെടുകാര്യസ്ഥതയും ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് നമുക്കിതുവരെ മനസിലായിട്ടില്ല. ആവശ്യമില്ലാത്ത ലൈറ്റുകൾ കെടുത്തിയാൽ, ആളില്ലാത്തിടത്തെ ടിവിയും എസിയും ഓഫാക്കിയാൽ... ഒരിത്തിരി ഉത്തരവാദിത്വം കാണിച്ചാൽ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളും വൈദ്യുതിയുമൊക്കെ മുട്ടില്ലാതെ കിട്ടിക്കൊണ്ടിരിക്കുമെന്ന് ഒരുറപ്പുമില്ലെന്നും ഇതൊക്കെ താത്കാലികമായി മുടങ്ങിയാൽപോലും പകച്ചുപോകുമെന്നു മാത്രമല്ല, ജീവിതത്തിന്റെ താളം തെറ്റുമെന്നും തിരിച്ചറിയാൻ ഇതാണു സമയം.
ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും, സംസ്ഥാനത്തെ വർധിച്ച വൈദ്യുതി ഉപയോഗം നേരിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം. സംസ്ഥാനത്ത് ഏകദേശം 1.40 കോടിയിലധികം വൈദ്യുതി ഉപയോക്താക്കളാണുള്ളത്. ഇതിൽ 91 ലക്ഷത്തിലധികം, അതായത് 51 ശതമാനത്തിലധികം ഗാർഹിക മേഖലയിലാണ്. ഒന്നര കോടിയോടടുത്തുള്ള ഉപയോക്താക്കൾ ഒരു ബൾബിന്റെ ഉപയോഗമെങ്കിലും കുറച്ചാൽ നമുക്കീ പ്രതിസന്ധിയെ അതിജീവിക്കാനാകും.
പല വീടുകളിലും സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ആളില്ലാത്ത മുറികളിൽപോലും ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നതും ഫാൻ കറങ്ങുന്നതും എസി പ്രവർത്തിക്കുന്നതുമൊക്കെ ആളുകൾ ഗൗരവത്തിലെടുത്തിട്ടില്ല. ഞാനൊരാൾ ഒരു ലൈറ്റ് ഓഫാക്കിയിട്ടെന്താ എന്ന ചിന്ത സാമൂഹ്യദ്രോഹത്തിന്റെ ഭാഗംതന്നെയാണ്. അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ, ഇലക്ട്രിക് അവൻ, പമ്പ് സെറ്റുകൾ, ഇലക്ട്രിക് അയൺ തുടങ്ങിയ ഉപകരണങ്ങൾ വൈകുന്നേരം ആറു മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കരുത്. വീടുകളിലും സ്ഥാപനങ്ങളിലും ആളുകൾ ഇത്തരം കാര്യങ്ങൾ പരസ്പരം ഓർമിപ്പിക്കേണ്ടതാണ്.
ഇൻവെർട്ടറുകളും സൗരോർജ ബാറ്ററികളുമുള്ളവർക്ക് ലോഡ് ഷെഡിംഗ് ഉള്ളപ്പോഴും വൈദ്യുതി മുടങ്ങുന്നില്ല. പക്ഷേ, ആ സമയത്തും അവർ വകതിരിവില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഇത്തരം സൗകര്യങ്ങളില്ലാത്ത ലക്ഷക്കണക്കിനാളുകളാണ്. കെഎസ്ഇബിയും അതു തിരിച്ചറിഞ്ഞ് ലോഡ് ഷെഡിംഗ് ഒഴിവാക്കേണ്ടതാണ്. കാരണം, വേനൽച്ചൂട് ഇൻവെർട്ടർ ഉള്ളവരെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജനം സഹകരിച്ചാൽ അമിതവിലയ്ക്കു വൈദ്യുതി വാങ്ങി ബിൽത്തുക വർധിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
വൈദ്യുതി കണ്ടുപിടിച്ചപ്പോൾ അതു പിശാചിന്റെ കളിയാണെന്നു പറഞ്ഞവരുണ്ട്. പക്ഷേ, ഇന്ന് ആ ‘പിശാച്’ ഇല്ലാതെ പത്ത് മിനിറ്റ് പോലും ജീവിക്കാനാകില്ല. പുരോഗതിയുടെയും മെച്ചപ്പെട്ട ജീവിതത്തിന്റെയും അടിസ്ഥാനമായ സംവിധാനങ്ങൾ ദുരുപയോഗിക്കരുത്. ഇന്നലെ പാചകവാതകം, ഇന്ന് വൈദ്യുതി, നാളെ വെള്ളം... ഭൂമി ഒന്നിന്റെയും അക്ഷയഖനിയല്ല. ചുറ്റിനുമൊന്നു നോക്കൂ. ശ്രമിച്ചാൽ ഒരു സ്വിച്ചുകൂടി ഓഫാക്കിക്കൂടേ?
Editorial
ഏതു മുഖ്യമന്ത്രിയായാലും ഏതു പാർട്ടിയുടെ സർക്കാരായാലും കേരളത്തിലെ പാവപ്പെട്ടവന്റെ ജീവിതം പാന്പും പട്ടിയും വന്യജീവികളും തീരുമാനിക്കും. കാരണം, കേന്ദ്രത്തിലായാലും കേരളത്തിലായാലും ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരുമൊക്കെ കാലഹരണപ്പെട്ട വന്യജീവി-തെരുവുനായ-പാന്പു സംരക്ഷണ നിയമങ്ങൾക്കു മുകളിൽ അടയിരുന്നു മരണം വിരിയിക്കുകയാണ്.
ദേശീയനേതാക്കൾ, കൊല്ലുന്ന മൃഗങ്ങൾക്കുവേണ്ടി കരയുന്പോൾ പ്രാദേശിക നേതാക്കൾക്ക് കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്താനല്ലേ കഴിയൂ. നമ്മുടെ നികുതിപ്പണംകൊണ്ട് സുരക്ഷിതവലയത്തിൽ കഴിയുന്ന ഈ തന്പ്രാക്കന്മാർ സംരക്ഷിക്കുന്ന ജന്തുസ്ഥാൻ നിയമങ്ങൾ കോടതികൾക്കും കൂച്ചുവിലങ്ങിട്ടിരിക്കുന്നു. വന്യജീവികളും തെരുവുനായകളും വിഷസർപ്പങ്ങളുമല്ല, അധികാരത്തിന്റെ മകുടിയൂതുന്ന ഈ രാഷ്ട്രീയ പാന്പാട്ടികളാണ് നമ്മുടെ സഹജീവികളെ കൊല്ലുന്നത്. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ?
തളിപ്പറന്പ് പട്ടുവത്ത് നബീസ, ആലപ്പുഴയിൽ ഇന്ദിര, കായംകുളത്ത് സലീന, ചിറയിൻകീഴിൽ എട്ടുവയസുകാരൻ ദിക്ഷൽ, തിരുവനന്തപുരം കിളിമാനൂരിൽ സുധർമ, തൃശൂരിൽ എട്ടുവയസുകാരൻ ആൽജോ... പട്ടികയിൽ അടുത്തത് ആരുമാകാം. കേരളത്തില്‍ കഴിഞ്ഞ 10 വർഷത്തിനിടെ 658 പേർ പാമ്പുകടിയേറ്റു മരിച്ചെന്നാണ് നാണംകെട്ട വനം വകുപ്പിന്റെ കണക്കുകള്‍. ഈ നരബലി സർക്കാർ കാവലിൽ തുടരുകയാണ്. എന്നിട്ട്, സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ ഉപദേശവും!
കുഞ്ഞുങ്ങളുടേതുൾപ്പെടെ കരിനീലിച്ച മൃതദേഹങ്ങൾക്കുമുന്നിൽ നാട് അലമുറയിടുന്പോൾ, പിടികൂടിയ ആയിരക്കണക്കിനു വിഷജീവികളെ നെഞ്ചോടു ചേർത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ താലോലിക്കുകയാണ്. കഴിഞ്ഞദിവസം, വയനാട് പയ്യന്പള്ളി പടമല വീട്ടുപരിസരത്തുനിന്ന് മൂർഖൻ പാന്പിനെയും 25 വിഷക്കുഞ്ഞുങ്ങളെയും പിടിച്ച് സുരക്ഷിതമായി കാട്ടിലെത്തിച്ചു. കാടെന്നാൽ ജനവാസകേന്ദ്രങ്ങളിൽനിന്ന് ഇത്തിരി മാറി എവിടെയെങ്കിലും. പലയിടങ്ങളിൽനിന്ന് പിടികൂടിയ വിഷപ്പാന്പുകളെ കുതിരാൻ ക്ഷേത്രപരിസരത്ത് തുറന്നുവിട്ടെന്നാരോപിച്ച് നാട്ടുകാർ വനംവകുപ്പിന്റെ വാഹനം തടഞ്ഞതും ഇക്കഴിഞ്ഞ ദിവസമാണ്.
പാന്പുകളുടെ മുട്ടപോലും ഒരു പോറലുമേൽക്കാതെ വിരിയിച്ചു വളർത്തുന്ന ഈ ജനദ്രോഹവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ശന്പളം കൊടുത്തത് മുകളിൽ പറഞ്ഞ മരിച്ചവരുടെ നികുതികൂടി ചേർത്താണ്. അടുത്ത മാസത്തെ ശന്പളം കൊടുക്കേണ്ടത് അവരുടെ ഉറ്റവരുടെയും നികുതിയിൽനിന്നെടുത്ത്. എത്ര നിരുത്തരവാദപരവും ആപത്കരവുമായ രാഷ്ട്രീയ ഭരണമാണിത്.
2016 മുതൽ 2025 ജനുവരി വരെ, കാടിറങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 1,128 പേരാണ്. കഴിഞ്ഞ ഒന്നേകാൽ വർഷത്തെ കണക്കുകൂടിയാകുന്പോൾ ഇതു ഗണ്യമായി വർധിക്കും. ആർക്കു പോയി? വനം-വന്യജീവി സംരക്ഷണ നിയമം അടിച്ചേൽപ്പിക്കാൻ ഉത്തരവാദപ്പെട്ട ഭരണാധികാരികളോ രാഷ്ട്രീയക്കാരോ ഉന്നതോദ്യോഗസ്ഥരോ ജഡ്ജിമാരോ മൃഗസ്നേഹികളോ നായ ഫാഷൻപരേഡുകാരോ ഒന്നുമല്ല, കർഷകരും ദളിതരും ആദിവാസികളും ദരിദ്രരുമായ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
വോട്ടവകാശമല്ലാതെ, അധികാരത്തിലോ നിയമനിർമാണത്തിലോ പങ്കില്ലാത്ത ജനാധിപത്യത്തിന്റെ പല്ലക്കുവാഹകർ! അതല്ലേ യാഥാർഥ്യം? കാട്ടാന, കടുവ, കാട്ടുപന്നി, പാന്പ്... മുകളിൽ പറഞ്ഞ 1,128 മരണക്കണക്കുകളിൽ ദുരന്തം അവസാനിക്കുന്നില്ല. 8,480 പേർക്ക് ഒന്‍പതു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു. പലരും ശയ്യാവലംബികളായി. 53.08 കോടി രൂപ നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നപ്പോൾ, കാട്ടതിരിൽ വേലി കെട്ടിയെന്നു പറഞ്ഞ് എഴുതിത്തള്ളിയത് 74.83 കോടി.
കേരളത്തിൽ 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും രക്ഷിക്കാനുണ്ടെന്നു പറയുന്നതിനിടെയാണ് ഈ നാശമത്രയും. തകർക്കപ്പെട്ട വീടുകളും നഷ്ടമായ വളർത്തുമൃഗങ്ങളും കൃഷിയുമൊക്കെ കേരളത്തിന്റെ കാർഷിക സംസ്കാരത്തെ എത്ര പിന്നോട്ടടിച്ചെന്നതിനെക്കുറിച്ച് ഇന്നോളം ഒരു ഗവേഷണവുമില്ല.
സ്വയരക്ഷയ്ക്കുവേണ്ടി മനുഷ്യരെ കൊന്നാൽ ഒഴിവുണ്ടാകും. പക്ഷേ, കൊല്ലാനെത്തുന്ന മൃഗത്തെ തൊട്ടാൽ ശിക്ഷിക്കാൻ ഈ രാജ്യത്ത് കോടതിയുണ്ട്. എത്ര തവണ വന്യജീവി-തെരുവുനായ ആക്രമണങ്ങൾ സുപ്രീംകോടതി വരെയെത്തി. വിചാരണയ്ക്കിടയിലെ ചില നിരീക്ഷണങ്ങൾ കേൾക്കുന്പോൾ നമ്മളോർക്കും മനുഷ്യർക്കുവേണ്ടിയൊരു വിധിയുണ്ടാകുമെന്ന്. ഇല്ല, എഴുതപ്പെട്ട കാട്ടുനിയമങ്ങളുടെ വ്യാഖ്യാനങ്ങളും അവ ലംഘിക്കപ്പെടുന്നില്ലെന്ന ഉറപ്പുമാണ് നീതിയെന്ന പേരിൽ അന്തിമവിധിയായി എഴുതപ്പെടുന്നത്. അതാകട്ടെ, ഗതികെട്ട മനുഷ്യരുടെ മരണവിധിയായി പരിണമിച്ചിരിക്കുന്നു. ജനത്തെ വിഷാദം ബാധിച്ചിരിക്കുന്നു.
മനുഷ്യരെ കൊന്നൊടുക്കുന്ന വന്യജീവികളെയെല്ലാം പരിഷ്കൃതരാജ്യങ്ങൾ വേട്ടയാടി തിന്നുതീർക്കുന്നു. തെരുവുനായ്ക്കളെയെന്നല്ല ദേശീയമൃഗങ്ങളെപ്പോലും എണ്ണത്തിലധികമായാൽ അവർ കൊല്ലും. ഇവിടെ കാക്കത്തൊള്ളായിരം നിയമങ്ങൾ പാലിച്ച് ഒരു പന്നിയെ കൊന്നാൽ അതിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കുഴിച്ചുമൂടും. വായാടിത്തമൊഴിച്ചാൽ, ദരിദ്രരുടെ എണ്ണം അനുദിനം വർധിക്കുന്നെന്ന കണക്കുകൾക്കുമുന്നിൽ തലകുനിച്ചുനിൽക്കുന്ന രാജ്യത്താണിത്. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്.
കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയതിനാല്‍ എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. ആരോടു പറയാൻ. മനുഷ്യരെ കൊല്ലുന്ന വന്യജീവികളെയും തെരുവുനായകളെയുമോർത്തു കണ്ണീരൊഴുക്കിയിട്ടുവന്ന് ആരെയുമുപദ്രവിക്കാത്ത വളർത്തുമൃഗങ്ങളെ അറത്തു കറിയാക്കി ശാപ്പിടുന്ന കാപട്യങ്ങളോടോ?
കാൽ നൂറ്റാണ്ടു പിന്നിട്ട എബിസിയെന്ന ലോകതോൽവി നിയമവും 54 വർഷമായ 1972ലെ വന്യജീവി നിയമവുമാണ് ഈ മനുഷ്യക്കുരുതിയുടെ ആയുധം. സഹജീവികളോടു പ്രതിബദ്ധതയുള്ള, മനുഷ്യരക്തംകൊണ്ട് കവിതയെഴുതുന്ന കപടമൃഗസ്നേഹികൾക്കു മുന്നിൽ മുട്ടുവിറയ്ക്കാത്ത, പാർട്ടിയേതായാലും ദേശീയനേതാക്കളുടെ റാൻമൂളികളല്ലാത്ത ഒരൊറ്റ ജനപ്രതിനിധിയെങ്കിലുമുണ്ടായിരുന്നെങ്കിൽ... ശിശുക്കൾ ഉൾപ്പെടെ പതിനായിരങ്ങളെ കുരുതികൊടുത്ത ഈ വന്യജീവി സംരക്ഷണ ബലിക്കല്ലുകൾ പണ്ടേ തച്ചുടയ്ക്കുമായിരുന്നു. അത്തരമൊരു ചരിത്രപുരുഷൻ, സ്ത്രീ... മേയ് നാലിനു ജയിച്ചിരുന്നെങ്കിൽ!
Editorial
പൂക്കൾ... പനിനീർപ്പൂക്കൾ... ഒന്‍പതു പ്രിയദേഹങ്ങളിൽ കേരളം കണ്ണീരോടെ അർപ്പിച്ചിരിക്കുന്നു.
വാൽപ്പാറയിൽ വാഹനാപകടത്തിൽ മരിച്ച ഒന്‍പതു പേരുടെയും സംസ്കാരം ജന്മനാടായ മലപ്പുറം പാങ്ങിൽ കഴിഞ്ഞു. പക്ഷേ, ആശ ടീച്ചറുടെ നിലച്ച പാട്ട്, കേരളത്തെ പിന്തുടരുന്നു. ഇതുവഴി പോയീടും... ഋതു പലതെന്നാലും/മാനസമാകെ നമ്മൾ നെയ്യും വസന്തം... മായരുതെങ്ങും..! ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുൻസീറ്റിലിരുന്ന് മൈക്കിലൂടെ ആശടീച്ചർ പാടവേ, മരണമെന്ന ബധിരൻ വാൽപ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം നന്പർ വളവിൽ വണ്ടികാത്തു നിൽക്കുകയായിരുന്നു.
വൈകിയില്ല. കളിചിരികളാലും പ്രണയഗീതങ്ങളാലും നിറഞ്ഞ വിനോദയാത്രാവാഹനത്തിൽനിന്ന് അവരെ ആംബുലൻസിലേക്കു മാറ്റി. ഒന്ന്, രണ്ട്, മൂന്ന്... ഒന്‍പത്. പൊള്ളാച്ചി ജില്ലാ ആശുപത്രിയുടെ മോർച്ചറിവാതിൽ തുറന്നടഞ്ഞു. ഇത്രയേ ഉള്ളൂ ജീവിതം. സംസ്കാരവും കഴിഞ്ഞു. ഉള്ളസമയം കുറച്ചുകൂടി സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ പാങ്ങിലെ അധ്യാപകർ നമ്മെ പഠിപ്പിക്കുന്നില്ലേ? വിദ്വേഷഭ്രമങ്ങൾ യുദ്ധ-കലാപങ്ങളുടെ കൊടുംവളവുകളിലെത്തിക്കുംമുന്പ് വീണ്ടുവിചാരം സാധ്യമല്ലേ? പാങ്ങിന്റെ പ്രാണനഷ്ടത്തിന് അതിൽപരമൊരു ആദരാഞ്ജലിയെന്ത്!
വെള്ളിയാഴ്ച രാവിലെയാണ് മലപ്പുറം പാങ്ങ് ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്ന സംഘം അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ എന്നിവിടങ്ങളിലേക്കു വിനോദയാത്രയ്ക്കിറങ്ങിയത്. ശനിയാഴ്ച പുലരുംമുന്‍പ് മടങ്ങിയെത്താനായിരുന്നു തീരുമാനം. വന്നു; പക്ഷേ, അവർ കയറിയ ടെന്പോ ട്രാവലറിലല്ല, തമിഴ്നാട്ടിൽനിന്നുള്ള ഒന്‍പത് ആംബുലൻസുകളിൽ! വെള്ളിയാഴ്ച പകൽ അതിരപ്പിള്ളിയും വാഴച്ചാലും വാൽപ്പാറയും കണ്ട് തമിഴ്നാട്ടിലെ പൊള്ളാച്ചി വഴി അവർ മടക്കയാത്രയിലായിരുന്നു. 42 കൊടുംവളവുകളുള്ള, രാത്രിയാത്ര നിരോധിച്ചിരിക്കുന്ന ഈ കാട്ടുവഴി വിനോദയാത്രികരുടെ പ്രലോഭനമാണ്.
മുകളിൽനിന്നു നോക്കിയാൽ താഴെ കാടുകൾക്കിടയിലൂടെ കറുത്ത നദി പോലെയാണ് വഴി. ഇടയ്ക്ക് ആളിയാർ അണക്കെട്ട് പ്രത്യക്ഷമാകും. പാതയോരത്ത് ഇറങ്ങി കാഴ്ച കാണാതെയും ഫോട്ടോയെടുക്കാതെയും യാത്രികർക്കു പോകാനാകില്ല. മടക്കയാത്ര പതിവുപോലെ കലാപരിപാടികളോടെയായിരുന്നു. അതിനിടെ ആശടീച്ചർ പാടിയതിന്റെ വീഡിയോയാണ് കേരളത്തെ കണ്ണീരണിയിച്ചത്. മിനിറ്റുകൾക്കകം അഞ്ചുമണിയോടെ 13-ാം വളവിൽനിന്ന് 300 അടിയോളം താഴെ ഒന്‍പതാം വളവിലേക്കു വാഹനം വീണു. വലതുവശം ചേർന്നു ഭിത്തി തകർത്തു വീണതിനു കാരണം ഡ്രൈവറുടെ പിഴവോ ബ്രേക്ക് നഷ്ടപ്പെട്ടതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ഉൾപ്പെടെ നാലുപേർ ചികിത്സയിലുണ്ട്.
ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് പാങ്ങ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് തമിഴ്നാട്ടിൽനിന്നുള്ള ആംബുലൻസുകളെത്തിയത്. തയാറാക്കിയിരുന്ന മൊബൈൽ മോർച്ചറികളിലേക്ക് ആദ്യം ഇറക്കിക്കിടത്തിയത് ആശടീച്ചറുടെ മൃതദേഹമായിരുന്നു. പിന്നാലെ അജിത, റംല, റുഖിയ, ഹിഷാം, മജീദ്, സുഹറ, ഷക്കില, സാജിത... അവർ ഒന്‍പതു പേർ. കരഞ്ഞുതളർന്നിരുന്ന വീട്ടുകാർക്കും പാങ്ങിലെ മനുഷ്യർക്കുമൊപ്പം കേരളം തേങ്ങി. ഒരപകടം, കുഴപ്പം വഴിയുടേതായാലും ഡ്രൈവറുടേതായാലും എത്രയോ കുടുംബങ്ങളെയാണ് നിരാലംബരാക്കുന്നത്. അവരുടെ ജീവിതങ്ങളൊന്നും പിന്നീടൊരിക്കലും പഴയതുപോലാകില്ല.
വാൽപ്പാറ-പൊള്ളാച്ചി റോഡിലെ ഹെയർപിൻ വളവുകളിൽ തമിഴ്നാട് കൂടുതൽ സുരക്ഷയൊരുക്കിയേക്കാം. പക്ഷേ, കേരളത്തിലെ ആയിരക്കണക്കിന് അപകടമേഖലകളിലേക്കാണ് നാം തിരിയേണ്ടത്. തകർന്ന വഴികളും നല്ല വഴികളിലെ കെണിക്കുഴികളും ഏറെയുണ്ട്. തകർന്ന മുന്നറിയിപ്പുബോർഡുകൾ മരണത്തെ മറച്ചുപിടിക്കുന്നു. മലയോരമേഖലയിൽ ഏതു നിമിഷവും സംഭവിക്കാവുന്ന ‘വാൽപ്പാറ’കൾ ഏറെയുണ്ട്. വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. പെട്ടെന്നു ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥ (ബ്രേക്ക് ഫേഡിംഗ്) ചുരമിറങ്ങുന്പോൾ പതിവാണ്.
വളവുകളുടെയും കുത്തിറക്കത്തിന്റെയും തീവ്രതയും കോടമഞ്ഞിന്റെ മൂടലും പ്രവചിക്കാനാവാത്തതിനാൽ വേഗം കുറയ്ക്കുക, വളവുകളിൽ വാഹനങ്ങളെ മറികടക്കരുത്. ഇന്ധനലാഭമോർത്ത് ന്യൂട്രലിൽ വാഹനമോടിക്കരുത്, ബ്രേക്ക് ലൈനർ ചൂടാകാനിടയുള്ളതിനാൽ മണിക്കൂറുകൾ തുടർച്ചയായി ഓടിക്കരുത്, ക്ഷീണമോ ഉറക്കമോ തോന്നിയാൽ ഉടനെ വിശ്രമിക്കുക... തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. അറിയാത്തവരല്ല, അവഗണിക്കുന്നവരാണ് നമ്മളും.
ഏതൊരു ദുരന്തവുമെന്നപോലെ വാൽപ്പാറയും മനുഷ്യവംശത്തോടു പറയാൻ ശ്രമിക്കുന്ന മറ്റൊരു ശാശ്വത സന്ദേശമുണ്ട്. ഇത്രമേൽ സുന്ദരവും എന്നാൽ, നൈമിഷികവും അനിശ്ചിതവുമായ ജീവിതത്തെ വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും ക്രമേണ കലാപത്തിലേക്കും യുദ്ധത്തിലേക്കുമൊക്കെ വലിച്ചിഴയ്ക്കുന്നതിനോളം വിഡ്ഢിത്തം വേറെയില്ലെന്ന സന്ദേശം. ഒരു വളവിലും വാഹനം മറിഞ്ഞില്ലെങ്കിലും, ഇപ്പോഴുള്ള നമ്മളീ കറുത്തവരും വെളുത്തവരും ന്യൂനപക്ഷവും ഭൂരിപക്ഷവും ഇടതനും വലതനും സ്ത്രീയും പുരുഷനും അമേരിക്കക്കാരും ഇറാൻകാരുമുൾപ്പെടെ മഹാഭൂരിപക്ഷവും അന്‍പതോ അറുപതോ വർഷത്തിനകം അസ്ഥികൂടങ്ങളായിരിക്കും.
കൊണ്ടുപോകാൻ അവസരമുണ്ടായാലും ചില്ലിക്കാശുപോലും, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരും തന്നുവിടില്ല. അതിശയകരമാണ് ജീവിതവും മരണവും. വയലിലെ പൂക്കളുടേതുപോലെ നാം നിന്നിരുന്ന സ്ഥലത്തെപ്പോലും അജ്ഞാതമാക്കുന്ന യാഥാർഥ്യം. നന്നായി ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക.
ഒരു നിലച്ച പാട്ട് ആംബുലൻസിലെത്തുന്നു. “ഇതുവഴി പോയീടും.. ഋതു പലതെന്നാലും/മാനസമാകെ നമ്മൾ നെയ്യും വസന്തം... മായരുതെങ്ങും..!” പനിനീർപ്പൂക്കൾ, കിളികളുടെ ഈണം, നറുമഴ, ഇളവെയിൽ, പുഴകൾ, മുകിലുകളാം കിളികൾ, ഋതുക്കൾ... 13-ാം വളവിനുമുന്പ് കാണാൻ ബാക്കിയുണ്ട്. ഭൂമിയെന്ന ഗ്രഹത്തിലെ ഹ്രസ്വദൂരയാത്രക്കാരേ, ഒരു സ്നേഹത്തിന്റെ സംഘഗാനം സാധ്യമാണ്.
Editorial
ഇന്നലെ അന്തരിച്ച ആശ ഭോസ്ലെ, മഹേന്ദ്ര കപൂറിനൊപ്പം 1959ൽ നവ്രംഗ് എന്ന ഹിന്ദി സിനിമയ്ക്കുവേണ്ടി പാടിയതാണ് “ആധാ ഹേ ചന്ദ്രമാ രാത് ആധി” എന്നു തുടങ്ങുന്ന ഗാനം. നിലാരാത്രിയിൽ കാമുകൻ കാമുകിയോടു പറയുകയാണ്, “അർധരാത്രിയിൽ ഉദിച്ചുയരുന്നത് അർധചന്ദ്രനാണ്, നമ്മുടെയീ സംഭാഷണവും സമാഗമവും അതുപോലെ പാതിയാകരുതേ” 10 വർഷത്തിനുശേഷം 1969ൽ മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാൽ കുത്തി. ഭൂമിയിലെ കമിതാക്കളെപ്പോലെ അന്ന് അവരും കണ്ടത് ചന്ദ്രന്റെ ഒരു വശം മാത്രമായിരുന്നു.
പക്ഷേ, ഇന്നിതാ അപ്പോളോ ദൗത്യത്തിലെ ഏതാനും ബഹിരാകാശയാത്രികരൊഴിച്ച് മറ്റാരും കണ്ടിട്ടുപോലുമില്ലാത്ത മറുവശം അടുത്തറിഞ്ഞ്, പഠിച്ച് ആർട്ടെമിസ് യാത്രികർ വിജയശ്രീലാളിതരായി ഭൂമിയിൽ മടങ്ങിയെത്തിയിരിക്കുന്നു. തൊട്ടുപിന്നാലെ, ചന്ദ്രന്റെ കാണാത്ത പാതിയെക്കുറിച്ചു പാടിയ ആശാജി കാണാക്കാഴ്ചകൾ തേടിയെന്നപോലെ ഇന്നലെ ഭൂമിയിൽനിന്നു യാത്രയാവുകയും ചെയ്തു.
പ്രപഞ്ചത്തെയോർത്താൽ എത്ര നൈമിഷികമാണ് മനുഷ്യജീവിതം! എന്നിട്ടും അന്പിളിമാമൻ കഥകളുടെ തുറമുഖങ്ങളിൽനിന്നു പ്രപഞ്ചത്തിലേക്കു നാം കപ്പലിറക്കി. ഭൂമിയിൽനിന്നു ചന്ദ്രനുദിക്കുന്നതു കണ്ടവർ ചന്ദ്രനരികിൽനിന്നു ഭൂമിയുദിക്കുന്നതും അസ്തമിക്കുന്നതും കണ്ടു. തീർന്നില്ല, പായുന്ന മിസൈലുകളും അഗ്നിനാളങ്ങളും കാണാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രോശങ്ങൾ കേൾക്കാം; പ്രപഞ്ചത്തിൽ മറ്റൊരിടത്തുമില്ലാത്തത്. അതാണ് പ്രപഞ്ചം കീഴടക്കുന്ന മനുഷ്യന്റെ ഇരുണ്ട പാതി !
യവന ചന്ദ്ര ദേവിയുടെ പേരാണ് ആർട്ടെമിസ്. പക്ഷേ, നാസയ്ക്ക് അതൊരു ചാന്ദ്രദൗത്യമാണ്. 2022 നവംബറിലായിരുന്നു യാത്രക്കാരില്ലാത്ത ആർട്ടെമിസ്-1 ദൗത്യം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഏപ്രിൽ ഒന്നിന് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ച ഓറിയോൺ പേടകത്തിൽ അമേരിക്കയുടെ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ പൗരന് ജെറമി ഹാന്സന് എന്നിവർ പുറപ്പെട്ടത്.
ദശദിനദൗത്യത്തില് ചന്ദ്രനിൽ ഇറങ്ങാതെ, ചന്ദ്രോപരിതലത്തിന്റെ ഏകദേശം 6,545 കിലോമീറ്റർവരെ സമീപത്തുകൂടി ചുറ്റിക്കറങ്ങി അന്തരീക്ഷവും പുരാതന ലാവാ പ്രവാഹങ്ങളും ഗർത്തങ്ങളുമൊക്കെ നിരീക്ഷിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.38ന് 11 ലക്ഷം കിലോമീറ്ററുകൾ പിന്നിട്ട ഓറിയോൺ പേടകം കലിഫോർണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ ഇറങ്ങി.
ഈ യാത്രയ്ക്കും യാത്രക്കാർക്കും പേടകത്തിനുമുണ്ടായ നിസാര ന്യൂനതകൾപോലും പരിഹരിച്ചാകും ആർട്ടെമിസ്-3 ദൗത്യം അടുത്ത വർഷം നടത്തുന്നത്. മനുഷ്യരുണ്ടാകുമെങ്കിലും അതും ചന്ദ്രനിൽ ഇറങ്ങില്ല. ഭ്രമണപഥത്തിൽനിന്നു ചന്ദ്രനിലിറങ്ങുകയും തിരികെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്യുന്ന ലാൻഡിംഗ് പേടകത്തിന്റെ സാങ്കേതിക വിദ്യകളാണ് മൂന്നിലെ പരീക്ഷണം. പിന്നെയുമുണ്ട് നാല്, അഞ്ച് ദൗത്യങ്ങൾ. 2028ൽ നടത്തുന്ന നാലാം ദൗത്യത്തിൽ ചന്ദ്രനിൽ മനുഷ്യരിറങ്ങും; നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ എന്നിവരുടെ പാദം പതിഞ്ഞ ചന്ദ്രോപരിതലത്തിൽ 59 വർഷങ്ങൾക്കുശേഷം.
ഇടയ്ക്കൊന്നു പറയട്ടെ. മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ-11 ദൗത്യം കെട്ടുകഥയാണെന്ന നിഗൂഢതാവാദത്തിന് അടിസ്ഥാനമില്ലെങ്കിലും ഈ നിർമിതബുദ്ധിയുടെ കാലത്തും ആ ‘ചന്ദ്രനിലിറക്കം’ ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്തത് ചർച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്. അന്നത്തെ ചിത്രം അമേരിക്കയിലെ മരുഭൂമിയിൽ വച്ച് എടുത്തതാണെന്നായിരുന്നു വ്യാജനിർമിതി. പക്ഷേ, അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച റിട്രോറിഫ്ലക്ടറുകൾ ഉപയോഗിച്ച് ചന്ദ്രനിലേക്കുള്ള ദൂരം ബഹിരാകാശ യാത്രികരുൾപ്പെടെ കണക്കാക്കുന്നുണ്ട്. യാത്രികർ കൊണ്ടുവന്ന ചാന്ദ്രശിലകൾ വിവിധ ഗവേഷണസ്ഥാപനങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു.
പക്ഷേ, ഇന്ന് അപകടസാധ്യതകളെക്കുറിച്ചു കൂടുതലറിയാവുന്ന മനുഷ്യർ ന്യൂനതകൾ പരിഹരിക്കാതെ ചന്ദ്രനിൽ ഇറങ്ങില്ല. 2028ൽ ഒരു വനിതയെ അടക്കം ഇറക്കി ആർട്ടെമിസ് അതു സാധ്യമാക്കുമെന്നു പ്രതീക്ഷിക്കാം. അത് ദക്ഷിണധ്രുവത്തിലായിരിക്കുമെന്നതും പ്രത്യേകതയാണ്.
2028ൽതന്നെ അഞ്ചാം ദൗത്യമുണ്ടാകും. ദക്ഷിണധ്രുവത്തിൽ ഒരു സ്ഥിര താവളം നിർമിക്കുകയാണ് ലക്ഷ്യം. മനുഷ്യർക്ക് രണ്ടു മാസം വരെ താമസിച്ചു ഗവേഷണം നടത്താവുന്നത്. ആർട്ടെമിസിന്റെ അഞ്ചു ദൗത്യങ്ങളും ചന്ദ്രനെ കേന്ദ്രീകരിച്ചാണെങ്കിലും അന്തിമലക്ഷ്യം ദീർഘകാല ബഹിരാകാശ യാത്രകൾക്കും ചൊവ്വയിലേക്കു മനുഷ്യനെ എത്തിക്കുന്നതിനുമുള്ള ഇടത്താവളവും ഒരുക്കുക എന്നതാണ്. മനുഷ്യൻ അങ്ങനെ അതിരുകൾ ഭേദിക്കട്ടെ. എന്നെങ്കിലുമൊരിക്കൽ വരുംതലമുറ അവിടെനിന്നു നോക്കുന്പോൾ തിരിച്ചറിഞ്ഞേക്കാം 21-ാം നൂറ്റാണ്ടിലെ മനുഷ്യർ വാസയോഗ്യമല്ലാതാക്കിയ ഭൂമിയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചാരം മൂടിയ അവശിഷ്ടങ്ങൾ.
പാതിചന്ദ്രനെയേ നാം കാണുന്നുള്ളല്ലോ എന്ന ഗാനത്തിന്റെ തുടർച്ചയായി ആശ ഭോസ്ലെ പാടുന്നു: “പ്രിയനേ, പ്രണയത്തിന്റെ ഭാഷയും അപൂർണമാണ്. ആത്മാവിന്റെ തൃഷ്ണയും അപൂർണമായിരിക്കട്ടെ.” അപൂർണമെന്നല്ല, സ്നേഹത്തിന്റെ ഭാഷയേ ഇനിയാവശ്യമില്ലെന്നു പഠിപ്പിക്കുന്നവരുടെ എണ്ണമേറുന്നു. കിട്ടിയ ഭൂമിയിലിരുന്നു സ്നേഹിച്ച് ആനന്ദിക്കാൻ അറിവില്ലാത്തവർക്ക് ചന്ദ്രനും ചൊവ്വയും കൂടി കിട്ടിയിട്ടെന്തുകാര്യം!
Editorial
“ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്കുണ്ട്. അതുകൊണ്ട്, യുദ്ധകാര്യങ്ങളിൽ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണു നല്ലത്.” ഇക്കഴിഞ്ഞ ജനുവരിയിൽ അമേരിക്കയിലെ അന്നത്തെ അപ്പസ്തോലിക നുൺഷ്യോ കർദിനാൾ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചുവരുത്തി അമേരിക്കൻ യുദ്ധകാര്യ അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടോ?
വിശുദ്ധ വാരത്തിൽ കൂടുതൽ മൂർച്ചയോടെ മാർപാപ്പ ആഞ്ഞടിച്ചു: “യുദ്ധം ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇതിനെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കരുത്. യുദ്ധക്കൊതിയന്മാരുടെ പ്രാർഥന ദൈവം കേൾക്കില്ലെന്നു മാത്രമല്ല, നിങ്ങളുടെ കൈകൾ രക്തം പുരണ്ടതാണെന്ന് അവൻ പറയുകയും ചെയ്യും.” ഇതാണ് ഏകാധിപതികൾക്കും ജനാധിപത്യ പ്രച്ഛന്നവേഷക്കാരായ ഏകാധിപതികൾക്കുമുള്ള കത്തോലിക്കാ സഭയുടെ മറുപടി. ആഗോള തീവ്രവാദത്തിന്റെയും ഏകാധിപത്യങ്ങളുടെയും ക്രൂരതകൾ യാഥാർഥ്യമാണ്. പക്ഷേ, അതിനെതിരേയുള്ള ചെറുത്തുനിൽപ്പ് എന്തക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്കല്ല. ഭീഷണി, യുദ്ധക്കൊതിയനായ ട്രംപിന്റേതായാലും വർഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടന്പികളായാലും മറക്കരുത്.
അമേരിക്കയുടെ യുദ്ധത്തെ മാത്രമല്ല, എല്ലാ യുദ്ധങ്ങളെയും മാർപാപ്പ അപലപിക്കുന്നുണ്ട്. എൽബ്രിഡ്ജ് കോൾബി കടുത്ത ഭാഷയിലാണ് സംസാരിച്ചതെന്നാണ് സൂചന. ‘അവിഞ്ഞോണിലെ പാപ്പാവാഴ്ച’ സാഹചര്യം അദ്ദേഹം കർദിനാളിനെ ഓർമിപ്പിച്ചെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കടുത്ത ഭീഷണിയാണ്. പതിനാലാം നൂറ്റാണ്ടിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് 67 വർഷം മാർപാപ്പമാര്‍ക്ക് വത്തിക്കാനിൽനിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേക്ക് ആസ്ഥാനം മാറ്റേണ്ടിവന്നിരുന്നു.
ആ ഓർമപ്പെടുത്തൽ വത്തിക്കാനെതിരേയുള്ള സൈനികഭീഷണിയായി ലോകം വിലയിരുത്തുന്നു. മാർപാപ്പയുടെ പ്രസംഗത്തിലെ ഓരോ വരിയുമെടുത്ത് അമേരിക്കയ്ക്കെതിരേയുള്ള വിമർശനമാണെന്നു പെന്റഗൺ വിമർശിച്ചു. സ്വന്തം ദുഷ്കൃത്യങ്ങളെ വിമർശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന കുതന്ത്രത്തിന്റെ അമേരിക്കൻ പതിപ്പ്! ജനുവരിയിലെ ഈ സംഭവത്തെത്തുടർന്ന് അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം മാർപാപ്പ നിരസിച്ചെന്നു മാത്രമല്ല, യുദ്ധവിരുദ്ധ പ്രസ്താവനകൾ മൂർച്ചയുള്ളതാക്കുകയും ചെയ്തു. ആരെങ്കിലും വേണ്ടേ അധർമത്തിനെതിരേ പ്രതികരിക്കാൻ!
1943 ഡിസംബർ 27ലെ ടൈം മാഗസിനിൽ വന്ന ഒരു വാർത്തയെക്കുറിച്ചുകൂടി പറയാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് 11-ാം പീയൂസ് മാർപാപ്പ കമ്യൂണിസ്റ്റ് ഏകാധിപത്യത്തെ എതിർക്കുകയും ഇരുന്പുമറയിൽ കൊല്ലപ്പെടുന്നവർക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഇതു സംബന്ധിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ, സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ജോസഫ് സ്റ്റാലിനോട്, കിഴക്കൻ യൂറോപ്പിൽ വത്തിക്കാനുള്ള സ്വാധീനത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെ ചോദിച്ചു: “ചില തീരുമാനങ്ങളൊക്കെ എടുക്കുന്പോൾ മാർപാപ്പയെ പരിഗണിക്കുന്നതിനു സാധ്യതയുണ്ടോ?” സ്റ്റാലിന്റെ മറുപടി: “അതിന് പോപ്പിന് എത്ര കുപ്പിണി (ദളം) പട്ടാളമുണ്ട്?” തനിക്ക് അധികാരവും സന്പത്തും സൈന്യവുമുണ്ട്, ശബ്ദിക്കരുത് എന്നാണ് അർഥം. ഏകാധിപതികൾ കമ്യൂണിസ്റ്റായാലും ഫാസിസ്റ്റായാലും നാസിയായാലും വർഗീയവാദികളായാലും കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളായാലും ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്. ആൾക്കൂട്ട വിചാരണ, അടിച്ചമർത്തൽ, അതിനാവശ്യമായ നിയമങ്ങൾ.... തുടങ്ങിയവയൊക്കെ ആവർത്തിക്കുന്പോൾ അത് ബാധിക്കുന്നവർ മിണ്ടാതിരുന്നോളണം.
പാർലമെന്റിൽപോലും ചർച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാൻ, നിങ്ങൾ എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ... ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം... ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ല.
സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റ് ഏകാധിപതിക്കറിയാം, മാർപാപ്പയ്ക്കു സൈനികശേഷിയില്ലെന്ന്. അതയാൾ അഹങ്കാരവും പുച്ഛവും കലർത്തി പറയുകയായിരുന്നു. ആ വാക്കുകൾ ഒരുപക്ഷേ, പ്രതീകാത്മകമായിരിക്കാം. പക്ഷേ, ചരിത്രത്തിൽ സ്റ്റാലിന്റെ ഇടം ക്രൂരരായ ഏകാധിപതികൾക്കൊപ്പമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ 139 കേന്ദ്ര കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 30 ലക്ഷം മുതൽ 60 ലക്ഷം വരെ മനുഷ്യരെയാണ് വെടിവച്ചും തടങ്കൽപ്പാളയങ്ങളിലിട്ടും പട്ടിണിക്കിട്ടും കൊന്നൊടുക്കിയത്.
11-ാം പീയൂസ് പാപ്പ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരേ 1937 മാർച്ച് 19ന് പുറത്തിറക്കിയ ‘ദിവ്യരക്ഷകൻ’(Divini Redemptoris), നാസി വംശഹത്യക്കേതിരേ 1937 മാർച്ച് 14ന് ഇറക്കിയ ‘നീറുന്ന ആശങ്കയോടെ’ (Mit Brennender Sorge) എന്നീ ചാക്രികലേഖനങ്ങൾ സ്റ്റാലിനും ഹിറ്റ്ലർക്കും ഇഷ്ടപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. ഇന്ന്, 2026ൽ ലെയോ മാർപാപ്പ പറയുന്നതും എല്ലാവരെയും രസിപ്പിക്കാനല്ല.
ട്രംപിന്റെ മാരക സൈനികശക്തിക്കു മുന്നിൽ മാർപാപ്പയുടെ ആരെയും ദ്രോഹിക്കാത്ത സ്വിസ് ഗാർഡ് വെറും അലങ്കാരമാണ്. ലെയോ മാർപാപ്പയുടെ നീതിക്കുവേണ്ടിയുള്ള ശബ്ദം സൈനിക പിൻബലത്തിലല്ല, ലോകത്തെ മഹാഭൂരിപക്ഷവും ഇന്നും നെഞ്ചോടു ചേർക്കുന്ന മാനുഷികതയുടെയും ധാർമികതയുടെ ബലത്തിലാണ്. അധികാരമുഷ്കിൽ മനുഷ്യത്വത്തിന്റെ കഴുത്തു ഞെരിക്കാൻ ശ്രമിച്ച നിരവധി പ്രേതങ്ങൾ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റു കിടപ്പുണ്ട്.
ലെയോ പാപ്പ ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല തലയുയർത്തിയത്; എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻവേണ്ടിയാണ്. മനുഷ്യവംശത്തിന്റെ നിലനിൽപ്പിനുവേണ്ടിയാണ്. അതിനു കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവർക്കും വേണ്ടിയാണെന്നു പറഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കേ, എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്.
Editorial
ഒറ്റപ്പെട്ട പരാതികളുണ്ടായെങ്കിലും ഉയർന്ന പോളിംഗ് ശതമാനത്തോടെ കേരളം അതിന്റെ ജനാധിപത്യ ഉത്തരവാദിത്വം നിർവഹിച്ചിരിക്കുന്നു. അധികാരത്തിലെത്തുമെന്നു യുഡിഎഫും, ഭരണത്തുടർച്ചയെന്ന് എൽഡിഎഫും, തൂക്കുസഭയിൽ തങ്ങൾ നിർണായക ശക്തിയാകുമെന്ന് ബിജെപിയും അവകാശപ്പെട്ടു. ഈ പ്രതീക്ഷകളും അവകാശവാദങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനമാകട്ടെ, ഒരു നിഗൂഢസ്മിതത്തോടെ പോളിംഗ് ബൂത്തുകളിലെത്തി അധികാരം പ്രകടിപ്പിച്ചു മടങ്ങിയിട്ടുണ്ട്. ജനാധിപത്യം മാത്രം ഉറപ്പുനൽകുന്ന ഭരണപങ്കാളിത്തമാണിത്. അതിന്റെ വിലയും മഹത്വവും തിരിച്ചറിഞ്ഞ്, തെരഞ്ഞെടുപ്പിനും രാഷ്ട്രീയത്തിനുമപ്പുറം രാഷ്ട്രനിർമാണം തുടരാനുള്ള സമയമാണ് ഇനിയുള്ളത്.
കേരളത്തിനൊപ്പം ആസാമിലും പുതുച്ചേരിയിലും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും മികച്ച പോളിംഗായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആസാമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനം 85 കടന്നു. കേരളത്തിൽ സിപിഎം എന്നപോലെ ആസാമിൽ ബിജെപിയും മൂന്നാം വട്ടവും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിലുണ്ടായ തോൽവികളും വിജയങ്ങളുമെല്ലാം പ്രചാരണസമയത്ത് ചർച്ചയായി. ആരു വിജയിച്ചാലും തോറ്റാലും ജനാധിപത്യം തുടരണം.
ഇന്നലെ ചിലയിടങ്ങളിൽ കള്ളവോട്ടിനുള്ള ശ്രമങ്ങളും ഉന്തും തള്ളും ഉദ്യോഗസ്ഥരോടു തട്ടിക്കയറലുമൊക്കെയുണ്ടായി. കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനു നേരേ നായ്ക്കുരണപ്പൊടി വിതറിയെന്ന പരാതി ഉയർന്നു. നാദാപുരം മണ്ഡലത്തിലെ വാണിമേലിൽ മറ്റൊരാളുടെ തിരിച്ചറിയൽ കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി.
ചിറ്റൂരിൽ ഇടതു സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത് വിവാദമായി. പിന്നീട്, താനല്ല അതു ചെയ്തതെന്നു പറഞ്ഞ് എൻഡിഎ സ്ഥാനാർഥി ആ കുറിപ്പ് പിൻവലിക്കുകയായിരുന്നു. ഇതൊക്കെയുണ്ടെങ്കിലും പൊതുവെ ശാന്തമായിരുന്നു തെരഞ്ഞെടുപ്പ്. ചില ബൂത്തുകളിൽ സാങ്കേതിക കാരണങ്ങളാൽ പോളിംഗ് വൈകിയെങ്കിലും ജനം മണിക്കൂറുകൾ കാത്തുനിന്ന് വോട്ട് ചെയ്തു മടങ്ങിയതും ജനാധിപത്യബോധത്തിനു തെളിവായി.
രാജ്യത്തെ പിന്നോട്ടടിക്കുന്ന വർഗീയ ധ്രുവീകരണം, മതസൗഹാർദത്തിന്റെ മാതൃകാസ്ഥാനമായിരുന്ന കേരളത്തിലും ചെലവാക്കാനുള്ള പരീക്ഷണങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശക്തമായെന്നു പറയാതെ വയ്യ. തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ചില പാർട്ടികൾ നേരിട്ടു വർഗീയതയുടെ വ്യാപാരത്തിലാണെങ്കിൽ മറ്റു ചിലർ തീവ്രസംഘടനകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ രഹസ്യക്കച്ചവടത്തിലായിരുന്നു.
രാജ്യത്തെ മറ്റു പല മുഖ്യമന്ത്രിമാരെയും പിന്തള്ളി വർഗീയരാഷ്ട്രീയത്തിന്റെ കൊടിയേന്തുകയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരേ വിദ്വേഷം ചൊരിയുന്നതാണ് അധികാരം നേടാനും നിലനിർത്താനുമുള്ള കുറുക്കുവഴിയായി അദ്ദേഹം കണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബീഫ് ഒരു വിഷയമാക്കി അദ്ദേഹം വലിയ ധ്രുവീകരണത്തിനു മുതിർന്നു.
സ്വന്തം വീടുകളിലല്ലാതെ പുറത്ത് ബീഫ് കഴിക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ഭക്ഷണം തെരഞ്ഞെടുപ്പുവിഷയമാക്കുന്നത്ര വിവരക്കേട് ലോകത്ത് ഇന്ത്യയിലേയുള്ളൂ. അടിസ്ഥാനവിഷയങ്ങൾക്കും വികസനത്തിനുമപ്പുറം ഒരു വർഗീയസമൂഹത്തിൽ മാത്രം കൈയടി ലഭിക്കുന്ന ഇത്തരം തീരുമാനങ്ങളാണ് പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുകളിലെ മുഖ്യവിഷയം!
തെരഞ്ഞെടുപ്പിനുശേഷവും രാഷ്ട്രീയവും രാഷ്ട്രവും മുന്നോട്ടു പോകും. അതിന്റെ ഗതി പുരോഗമനപരമാകേണ്ടതും മതവർഗീയതയിൽനിന്നു ജനാധിപത്യത്തെ മോചിപ്പിക്കേണ്ടതും അതീവ പ്രാധാന്യമുള്ള കാര്യമായിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ഇപ്പോൾ നിർവചിക്കുന്നത് മതത്തിന്റെ സ്പന്ദമാപിനികളാലാണെന്ന യാഥാർഥ്യത്തെ ഇനി മറച്ചുവയ്ക്കുകയല്ല, അഭിസംബോധന ചെയ്യുകയാണു വേണ്ടത്. തെരഞ്ഞെടുപ്പ് കഴിയുകയും വോട്ടിന്റെ സമ്മർദമൊഴിയുകയും ചെയ്തതിനാൽ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഒത്തുചേർന്നു നവകേരളം കെട്ടിപ്പടുക്കാം.
Editorial
അമേരിക്കയും ഇറാനും ഇസ്രയേലും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തീരുമാനിച്ചതോടെ തത്കാലത്തേക്കെങ്കിലും ലോകത്തിനു സമാധാനമായി. യുദ്ധക്കാരായ മൂന്നു രാജ്യങ്ങളിലെയും അധികാരികളല്ല, ലോകമെങ്ങുമുള്ള ദരിദ്രരും ഇടത്തരക്കാരുമായ മനുഷ്യരാണ് സഹിച്ചത്. തീവ്രവാദികളുടെയും വർഗീയവാദികളുടെയും ഏകാധിപതികളുടെയും അതിലെ ജനാധിപത്യ പ്രച്ഛന്നവേഷധാരികളുടെയും ശല്യമാണ് 21-ാം നൂറ്റാണ്ടിന്റെ ശാപം. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനു പുറമേ, നമ്മിലും പരിസരങ്ങളിലുമുള്ള എല്ലാ അക്രമോത്സുകതകളും ഭൂമിയെ വാസയോഗ്യമല്ലാതാക്കുകയാണ്. ഈസ്റ്റർ സന്ദേശത്തിൽ ലെയോ മാർപാപ്പ പറഞ്ഞതുപോലെ, അക്രമങ്ങൾ സാധാരണ കാര്യമായി മാറുന്നതും ആളുകൾ അതിനോടു നിസംഗത കാണിക്കുന്നതും ആശങ്കപ്പെടുത്തുന്നതാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ നരകമാക്കാൻ നിശ്ചയിച്ചിരുന്ന അതേ രാത്രി തന്നെയാണ് രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, വാക്കുകൾക്കു സ്ഥിരതയില്ലാത്ത ട്രംപിനെ ലോകത്തിനു വിശ്വാസമില്ല. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തീവ്രയുദ്ധസാധ്യതയിൽ ഏഴാം തീയതി പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും അനിശ്ചിതാവസ്ഥയുടെ സൂചനയാണ്.
ഏറെ നാശം ഏറ്റുവാങ്ങിയിട്ടും പശ്ചിമേഷ്യയിലെ തീവ്രവാദ വിതരണകേന്ദ്രമായ ഇറാൻ സർവശക്തിയുമെടുത്തു പൊരുതുകയായിരുന്നു. ഇറാനിലെ പരമോന്നത നേതാവിനെയും സൈനിക മേധാവികളെയും ഉൾപ്പെടെ വധിച്ചെങ്കിലും അമേരിക്ക-ഇസ്രയേൽ കൂട്ടുകെട്ടിന് ഇറാന്റെ അമേരിക്കൻ സഖ്യരാജ്യങ്ങളിലേക്കുള്ള തിരിച്ചടികളെയും ഹോർമുസ് പ്രതിസന്ധിയെയും തടയാനായില്ല. ആഗോള എണ്ണക്കച്ചവടത്തിന്റെ 20 ശതമാനവും നടത്തുന്ന ഹോർമുസ് കപ്പൽപ്പാത ഇറാൻ അടച്ചതോടെ ലോകമെങ്ങും ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ യൂറോപ്പിലെ സൗഹൃദരാജ്യങ്ങളും സൈനികസഖ്യമായ നാറ്റോയിലെ അംഗങ്ങളും അമേരിക്കയ്ക്ക് എതിരായതോടെ ട്രംപിനും സമ്മർദമേറി. ഇറാൻ ഭീഷണിക്കു വഴങ്ങില്ലെന്നു വന്നതോടെ അദ്ദേഹം നിന്ന നിൽപിൽ മലക്കം മറിയുകയും ചെയ്തു. പക്ഷേ, ട്രംപിന്റെ ഉറപ്പാണ്!
ഹിംസ ലോകത്തെ വളയുകയാണ്. മൂന്നോ നാലോ ദിവസംകൊണ്ടു പൂർത്തിയാക്കാമെന്നു കരുതി 2022 ഫെബ്രുവരി 24ന്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ യുക്രെയ്ൻ അധിനിവേശം നാലു വർഷം പൂർത്തിയാക്കുന്നു. യൂറോപ്പിനു പുറത്തും അത് ഇന്ധന-ഭക്ഷ്യ ക്ഷാമം സൃഷ്ടിച്ചു. ആ കെടുതികൾ തുടരുന്നതിനിടെയാണ്, 2023 ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനം ഗാസയിൽനിന്ന് ഇസ്രയേലിൽ കടന്നുകയറി ജനങ്ങളെ കൊന്നൊടുക്കുകയും ബന്ധികളാക്കുകയും ചെയ്തത്. പിന്നീട് ഇസ്രയേലിന്റെ സംഹാരതാണ്ഡവമായിരുന്നു.
ഹമാസിന്റെ പല്ലും നഖവും പറിച്ചശേഷം ഇസ്രയേലും അമേരിക്കയും താത്കാലിക വെടിനിർത്തൽ ഉണ്ടാക്കിയെങ്കിലും കൊല്ലപ്പെട്ടത് 75,000 മനുഷ്യരാണ്. ഇതേസമയം, ഹമാസിന്റെ ഇടം-വലം കൈകളായിരുന്ന ലെബനനിലെ ഹിസ്ബുള്ള ഭീകരരെയും യമനിലെ ഹൂതികളെയും ആക്രമിച്ച ഇസ്രയേൽ വൈകാതെ പശ്ചിമേഷ്യയിൽ തീവ്രവാദ കേന്ദ്രങ്ങളെ വളർത്തുന്ന ഇറാനെ ലക്ഷ്യമിട്ടു. ഇസ്ലാമിക മതഭരണത്തിനെതിരേ ഇറാനിലെ ജനങ്ങളും രംഗത്തിറങ്ങിയത് അമേരിക്ക-ഇസ്രയേൽ സഖ്യം പ്രയോജനപ്പെടുത്തി. ഫെബ്രുവരിയിൽ ഇറാനെ ആക്രമിച്ച അമേരിക്ക പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഉൾപ്പെടെയുള്ളവരെ വധിക്കുകയും നിരവധി നാശങ്ങൾ വരുത്തുകയും ചെയ്തു.
ഇതിനിടെ, ഇസ്രയേലിന്റെ വംശീയതയ്ക്കെതിരേ പ്രസംഗിച്ചുനടന്ന തുർക്കി പ്രസിഡന്റ് എർദോഗൻ, അസർബൈജാന്റെ നിയന്ത്രണത്തിലായിരുന്ന നാഗർണോ-കരാബാക് പ്രദേശത്ത് അവേശേഷിച്ചിരുന്ന 1.2 ലക്ഷം അർമേനിയൻ ക്രൈസ്തവരെക്കൂടി 2023 ഒക്ടോബറോടെ ആട്ടിപ്പുറത്താക്കാൻ സഹായിച്ചു. 1915ലും മുന്‍പും ശേഷവുമായി 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ വംശഹത്യ ചെയ്ത ഓട്ടോമൻ മുസ്ലിം തീവ്രവാദികളുടെ പിന്മുറക്കാരന്റെ ഈ തുടർ വംശവെറി പലരും വാർത്തയാക്കിയില്ല.
2025 ഏപ്രിൽ 22നാണ് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ആക്രമിച്ചു തകർത്തു. ഇങ്ങനെ ലോകമെങ്ങും അക്രമങ്ങൾ പടരുകയാണ്. തീവ്രവാദവും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയ നിലപാടുകളും ഐക്യരാഷ്ട്രസഭയുടെ ദൗർബല്യങ്ങളുമൊക്കെ സ്ഥിതി ഗുരുതരമാക്കി.
ഇവിടെയും തീരുന്നില്ല മനുഷ്യവംശത്തെ പിന്നോട്ടടിക്കുന്ന അക്രമോത്സുകത. തീവ്രവാദവും വർഗീയതയും പ്രീണന രാഷ്ട്രീയവുമൊക്കെ വിനാശക്കനലുകളെ ഊതിക്കത്തിക്കുകയാണ്. വെറുപ്പിന്റെ പുകപടലങ്ങൾ കൂടുതലിടങ്ങളിലേക്കു വ്യാപിക്കുന്നതിനിടെയാണ്, ആയുധങ്ങൾ താഴെ വയ്ക്കൂ എന്ന് ലെയോ മാർപാപ്പ ആഹ്വാനം ചെയ്തത്. “അധികാരതന്ത്രങ്ങളും ആധിപത്യശ്രമങ്ങളും ഉപേക്ഷിക്കണം. ലോകം അക്രമങ്ങളോട് ശീലിച്ചുപോകുന്നത് അപകടമാണ്. നമുക്ക് നിസംഗരായിരിക്കാനോ തിന്മയോടു താദാത്മ്യം പ്രാപിക്കാനോ കഴിയില്ല. യുദ്ധവും അക്രമങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റു ദുരിതങ്ങളും തീർക്കുന്ന പ്രതിസന്ധിക്കിടെ പ്രത്യാശ കൈവെടിയരുത്. യുദ്ധത്തിന്റെ വ്യാപ്തി കണ്ട് ആരും തളരാതെ സമാധാനത്തിനായി പ്രവർത്തിക്കണം.”
രാജ്യാന്തര യുദ്ധങ്ങൾ ആയുധങ്ങളുടെയും അധിനിവേശത്തിന്റെയും കച്ചവടമാണെങ്കിൽ, ആഭ്യന്തര മതഭ്രാന്തുകളും ന്യൂനപക്ഷവിരുദ്ധതകളുമൊക്കെ അധികാരക്കുറുക്കുവഴികളിലെ ഭരണഘടനാവിരുദ്ധ-അനധികൃത കച്ചവടങ്ങളാണ്. ഈ അക്രമോത്സുകതയുടെ അങ്ങാടികളായി സമൂഹമാധ്യമങ്ങൾ മാറി. രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കു സ്വീകാര്യമല്ലാത്ത വർഗീയതയെ എതിർക്കുന്പോൾതന്നെ ലാഭസാധ്യതയുള്ള മറ്റൊന്നിനെ ഒപ്പം കൂട്ടുന്നു. യഥാർഥ ജനാധിപത്യ-മതേതര-അഹിംസാവാദികൾ അവരുടെ നിസംഗതയും അലസതയും കൈവെടിയാൻ സമയമായി. വർഗീയ-തീവ്രവാദങ്ങൾക്കുള്ള ഭരണകൂട പിന്തുണ ചരിത്രത്തിൽ ഇന്നോളം സ്ഥായിയായിരുന്നില്ല. കാരണം, ജനങ്ങളുടെ നിസംഗത ഭക്ഷിക്കാനില്ലാതെ വരുന്ന ദിവസം ആ ദുർഭരണങ്ങളും വീഴും.
Editorial
നാളെയാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. ഇനിയും തീരുമാനമെടുക്കാനാകാത്തവർക്ക് ഇന്ന് ധ്യാനദിവസമാണ്. പാർട്ടി ഏതുമാകട്ടെ, ഉറപ്പായും വോട്ട് ചെയ്യുമെന്നും അതു ജാതി-മത-വർഗ പരിഗണനകൾക്കപ്പുറം ജനാധിപത്യത്തിനും വികസനത്തിനും വേണ്ടിയാണെന്നും ഉറപ്പാക്കുക. രാഷ്ട്രീയ പാർട്ടികൾ ഗുണ്ടായിസം കാണിക്കാതെ ജനങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കണം. ബൂത്തുപിടിത്തവും കള്ളവോട്ടുമൊക്കെ കേരളത്തിലുമുണ്ട്. ഉദ്യോഗസ്ഥർപോലും ഭയപ്പെടുന്ന ഈ തെമ്മാടികളെ ബൂത്തിനകത്തും പുറത്തുംനിന്ന് ആട്ടിപ്പായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയണം.
അഞ്ചു ലക്ഷത്തിലധികം വരുന്ന കന്നിവോട്ടർമാരേ, പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുക. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക യുവശക്തിയാണ് നിങ്ങൾ. 17-ാമത് സർക്കാരിനെ തെരഞ്ഞെടുക്കാൻ, ഭാവി വിധാതാക്കളാകാൻ, വിരൽത്തുന്പിലൊരു ജനാധിപത്യ മുദ്ര പതിപ്പിക്കാൻ നമുക്കൊന്നായിറങ്ങാം.
ഇന്നലെ പരസ്യപ്രചാരണ പരിപാടികൾ അവസാനിച്ചു. നാളെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് തിരിച്ചറിയൽ രേഖകളിൽ പ്രധാനം. ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ സഹിതമുള്ള ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാൻ കാർഡ് തുടങ്ങിയവയും ഉപയോഗിക്കാം.
വോട്ടിംഗ് സമയത്ത് സമ്മതിദായകരുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യവുമുണ്ടെന്നാണ് അറിയിപ്പ്. കടുത്ത ചൂട് മാത്രമല്ല, കള്ളവോട്ടിന്റെ സാധ്യതപോലും ഒഴിവാക്കാൻ രാവിലെതന്നെ പോളിംഗ് ബൂത്തുകളിലേക്കു പോകുന്നത് സഹായമാകും. ജോലിയുടെയോ പഠനത്തിന്റെയോ ക്ഷീണത്തിന്റെയോ കാര്യം പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം ഉത്തരവാദിത്വമില്ലായ്മയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളൊന്നും വോട്ട് ചെയ്യുന്നതിൽനിന്നു ജീവനക്കാരെ തടയില്ല. തടയപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ ഒരു മടിയും വേണ്ട. ഉടൻ നടപടിയുണ്ടാകും.
കന്നിവോട്ട് ചെയ്യാൻ പോകുന്നവർ മറ്റുള്ളവരോടു കാര്യങ്ങൾ ചോദിച്ചറിയുന്നത് അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കും. രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്ത, ബൂത്തും ക്രമനന്പരും രേഖപ്പെടുത്തിയിട്ടുള്ള വോട്ടർ സ്ലിപ് കൈയിലെടുത്താൽ ഉദ്യോഗസ്ഥർക്കും ജോലി എളുപ്പമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലും ഇതു ലഭ്യമാണ്. ബൂത്തിലെത്തിയാൽ മറ്റു കാര്യങ്ങൾ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ചു ചെയ്യുകയേ വേണ്ടൂ.
എൽഡിഎഫോ യുഡിഎഫോ എൻഡിഎയോ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നവരായാലും നമ്മുടെ വോട്ട് പാർട്ടിക്കുവേണ്ടി മാത്രമല്ല, ഈ സംസ്ഥാനത്തിനും രാജ്യത്തിനും ലോകത്തിനുംവേണ്ടിയാണ്. നാളെ വോട്ട് ചെയ്യാൻ നാം പോകുന്ന വഴി, ബൂത്താക്കി മാറ്റിയ വിദ്യാലയങ്ങൾ തുടങ്ങി ഈ വോട്ടവകാശവും ജനാധിപത്യവും സ്വാതന്ത്ര്യവുംപോലും അനേകം മനുഷ്യർ പൊരുതി നേടിയതാണ്. അവരുടെ അധ്വാനഫലം സൗജന്യമായി അനുഭവിക്കുന്ന നമുക്ക്, ഭാവിതലമുറയ്ക്കുവേണ്ടി അവ നിലനിർത്തേണ്ട ഉത്തരവാദിത്വമുണ്ട്.
എല്ലാം തികഞ്ഞ ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഉണ്ടാകില്ല. പക്ഷേ, ഉള്ളതിൽ നല്ലതൊന്നിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നന്മയെന്നു നാം കരുതുന്നതിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതും തിന്മയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതും ജനാധിപത്യത്തിൽ വിജയ-പരാജയങ്ങളോടൊപ്പം പ്രധാനമാണെന്നു മറക്കരുത്. വോട്ടുകളുടെ എണ്ണംപോലും മുന്നറിയിപ്പാണ്.
ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിലും എന്തു സംഭവിക്കാനാണ് എന്നു കരുതുന്നവരുണ്ട്. ഞാനൊരാൾ വലിച്ചെറിഞ്ഞില്ലെങ്കിലും നാട്ടിലെ മാലിന്യപ്രശ്നം ഇല്ലാതാകുമോ, ഞാനൊരാൾ സഹായിച്ചില്ലെങ്കിലും പ്രളയഫണ്ടിൽ എന്തു കുറവ് വരാനാണ്, ഞാനൊരാൾ വെറുപ്പും വിദ്വേഷവും പരത്തിയെന്നു കരുതി നാടു നശിക്കുമോ, വാഹനാപകടത്തിൽ പരിക്കേറ്റ അപരിചിതനെ സഹായിച്ച് ഞാനന്തിനു പുലിവാലു പിടിക്കണം... തുടങ്ങിയ ചോദ്യങ്ങളുടെ തുടർച്ചയാണ് ഞാൻ വോട്ട് ചെയ്തില്ലെങ്കിലെന്ത് എന്നത്. നമ്മളില്ലെങ്കിലും ലോകം മുന്നോട്ടു പോകും. പക്ഷേ, ഇതൊക്കെ ചെയ്യുന്ന സമൂഹമെന്ന മഹാവൃക്ഷം നമ്മളെന്ന ഇത്തിൾക്കണ്ണിയെ ചുമക്കേണ്ടിവരും.
ഗൗരവം അറിയാതെയാവാമെങ്കിലും വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരെപ്പോലെ ജനാധിപത്യ അട്ടിമറിയിൽ പങ്കാളികളാകുകയാണ്. അതേ, നമ്മൾ വോട്ട് ചെയ്യാത്തതിന്റെ പേരിൽ അർഹരായവർ തോൽക്കുകയോ അനർഹർ ജയിക്കുകയോ ചെയ്യരുത്. നാളെയാണ് ആ ദിവസം.
Editorial
ഉയിർപ്പ്, മാന്ത്രികവടി വീശിയൊരുക്കുന്ന മായക്കാഴ്ചയല്ല, സ്വന്തം കുരിശെടുത്ത് അനുഗമിക്കുന്നവർക്കു ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വസന്തമാണ്! പക്ഷേ, പങ്കുവയ്ക്കപ്പെടാത്ത തീൻമേശയിൽ ക്രിസ്തു വിരുന്നുകാരനല്ല.
പ്രിയരേ, ഹൃദയകവാടങ്ങളിലൂടെ ഭൂമിയെ നോക്കുക. ഇന്നുദിച്ചിരിക്കുന്നത് നീതിസൂര്യനാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. കണ്ടാലും; അവന്റേതൊരു കൃത്രിമഗാത്രമല്ല, പീഡാസഹനത്തിന്റെ മുറിപ്പാടുകളെല്ലാം അതുപോലെതന്നെയുണ്ട്. അങ്ങനെതന്നെയാണ് ജറൂസലെമും. ക്രിസ്തുവിന്റെ ആണിപ്പഴുതുകൾപോലെ, കടന്നുപോയ കഷ്ടകാലങ്ങളുടെ തെളിവുകളെല്ലാം അവിടെത്തന്നെയുണ്ട്.
അന്ത്യ അത്താഴമുറി, ഗത്സമേൻ തോട്ടം, പീലാത്തോസിന്റെ അരമന, പീഡനമുറികൾ, സ്ലീവാപ്പാത, കാൽവരി... അങ്ങനെയങ്ങനെ. പക്ഷേ, കല്ലറ തുറക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിനു സമാനമായിക്കഴിഞ്ഞ ജറൂസലെം, പൊന്നൊളിയിൽ മിന്നുന്ന കല്ലറയിലേക്കു ചൂണ്ടി മനുഷ്യവംശത്തോടു സുവിശേഷം പറയുന്നു; ഭീതിയും സങ്കടവും വിട്ടെഴുന്നേൽക്കുക, പ്രത്യാശയുള്ളവരാകുക.
ഉയിർപ്പിന്റെ ചരിത്രം തുറക്കപ്പെട്ട ഒരു കല്ലറയുടെ വാതിൽക്കൽ അവസാനിച്ചില്ല. അതൊരു ഉണർത്തുപാട്ടായി ലോകമെങ്ങും ആലപിക്കപ്പെട്ടു. ജീവനോടെയുണ്ടായിരുന്ന 11 ശിഷ്യന്മാരും ദുഃഖത്തിലും അധികാരികളോടുള്ള ഭീതിയിലും കഴിയുകയായിരുന്നു. ക്രിസ്തുവിനെ വേട്ടയാടിയവർ തങ്ങളെയും വെറുതെ വിടില്ലെന്ന് അവർ ഭയന്നു. ഉയിർത്തേഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ട സ്ത്രീകളോട് ക്രിസ്തു ആദ്യം പറയുന്നത് ഭയപ്പെടേണ്ട എന്നാണ്. ഉയിർപ്പിന്റെ ആ മഹാസന്ദേശം ഈ ഞായറാഴ്ചയിലും പ്രസക്തമാണ്.
ഭയം മനുഷ്യരെ നിഷ്ക്രിയരോ ഉദാസീനരോ ആകാൻ പ്രേരിപ്പിക്കുന്നു. ഉത്ഥിതൻ മൃതതുല്യരായ ശിഷ്യരെയും കാണുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശ്രദ്ധേയമായ ഒരു കൂടിക്കാഴ്ചയായിരുന്നു എമ്മാവൂസിലേക്കു പോവുകയായിരുന്ന രണ്ടു ശിഷ്യരുമായി ക്രിസ്തു നടത്തിയത്. അവൻ ഒപ്പം നടന്നിട്ടും അവർ തിരിച്ചറിഞ്ഞില്ല. അന്നു രാത്രി അത്താഴനേരത്ത് അവൻ അപ്പമെടുത്ത് ആശീർവദിച്ച് അവർക്കു കൊടുത്തപ്പോഴാണ് അതു ക്രിസ്തുവാണെന്ന് അവർ തിരിച്ചറിഞ്ഞത്. പിന്നീടവർ പരസ്പരം പറയുന്നുണ്ട്: ""വഴിയില്‍വച്ച് അവന് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?’’ ഉത്ഥിതനായ ക്രിസ്തു ഒപ്പമുണ്ടെന്നറിഞ്ഞ് ഹൃദയം ജ്വലിച്ചവരാണ് അന്നുമുതൽ ഇന്നുവരെ സുവിശേഷം പ്രസംഗിച്ചത്. ദുർഭരണങ്ങളോട് സത്യം പറയാൻ അവർക്കേ ധൈര്യമുണ്ടായിട്ടുള്ളു.
വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും വീണ്ടും കുരിശുമായി നടക്കുന്ന മനുഷ്യരുടേതുകൂടിയാണ് ലോകം. അവർ അതിജീവിച്ചുകഴിഞ്ഞാലും ശരീരങ്ങളിലും മനസുകളിലും പോയകാലസഹനങ്ങളുടെ മുദ്രയുണ്ട്. ചിലരുടെ തഴന്പുവീണു പൊട്ടിയ കൈകാലുകളും ചുളിഞ്ഞുപോയ ചർമങ്ങളും കാലിയായ അക്കൗണ്ടുകളും മറ്റു ചിലരുടെ യൗവനത്തിനും സന്തോഷത്തിനും പകരം കിട്ടിയതാണ്. യുദ്ധങ്ങളിൽ അനാഥരായവർ, വീടില്ലാത്തവർ, സ്വന്തം മണ്ണിൽ പൗരത്വം നഷ്ടപ്പെട്ടവർ, തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്ന ദളിതർ, അരിയെടുത്തതിനു തല്ലിക്കൊല്ലപ്പെടുന്നവർ, പീലാത്തോസുമാരുടെ കൺമുന്നിൽ ആൾക്കൂട്ടവിചാരണയ്ക്കിരയാകുന്ന ന്യൂനപക്ഷങ്ങൾ, വീട്ടിലും നാട്ടിലും പാർട്ടിയിലും പള്ളിയിലും ഭരണകേന്ദ്രങ്ങളിലും തള്ളിമാറ്റപ്പെടുന്ന സ്ത്രീകൾ, വിദ്വേഷരാഷ്ട്രീയക്കാരുടെ തുപ്പലുകൾ മുഖത്തുവീണ മത-രാഷ്ട്രീയ നേതാക്കൾ, മതഭ്രാന്തരുടെ വസ്ത്രാക്ഷേപങ്ങളിൽ സമൂഹമാധ്യമങ്ങൾ അവമതിക്കപ്പെട്ടവർ... ഇത്തരം പരിസരങ്ങളിലേ ക്രിസ്തുവുള്ളു.
മറ്റുള്ളവരുടെ സന്തോഷത്തിനും നീതിക്കുംവേണ്ടി വാളെടുക്കാതെ പൊരുതുന്നവർക്കെല്ലാം ക്രിസ്തുവിന്റെ മുഖമുണ്ട്. മറക്കരുത്, ദാരിദ്ര്യം, അടിമത്തം, അധിനിവേശം, ഗൂഢാലോചന, വ്യാജപൊതുബോധനിർമിതി, അധികാരപ്രമത്തത, കള്ളപ്രചാരണങ്ങൾ, പീഡനം... ആദിമുതൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യർ ഏറ്റുവാങ്ങിയിരുന്ന ദുഃഖത്തിന്റെ പാനപാത്രങ്ങളിലൊന്നും ക്രിസ്തുവിനായി ഒഴിവാക്കപ്പെട്ടിരുന്നില്ല.
മുന്നോ നാലോ മൈലുകളുടെ ചുറ്റളവിലാണ് ജറൂസലെമിലെ ഓശാനവീഥിയും അന്ത്യ അത്താഴമുറിയും കുരിശിന്റെ വഴിയും കാൽവരിയും ഉത്ഥാനസ്ഥലവുമൊക്കെയുള്ളത്. പീഡ സഹിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുഗാത്രത്തിന്റെ പരിഛേദമാണത്. ഉയിർപ്പ്, മാന്ത്രികവടി വീശിയൊരുക്കുന്ന മായക്കാഴ്ചയല്ല. പങ്കുവയ്ക്കപ്പെടാത്ത തീൻമേശയിൽ ക്രിസ്തു വിരുന്നുകാരനുമല്ല.
ഗ്രീഷ്മവും ശിശിരവും വർഷവും ഇലപൊഴിയും ശരത്കാലവുമൊക്കെ ആകാശത്തും ഭൂമിയിലും അടയാളങ്ങളിടും. അപ്പോഴും സ്വന്തം കുരിശെടുത്ത് അനുഗമിക്കുന്നവർക്കു ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വസന്തമാണ് ഉയിർപ്പുതിരുനാൾ. അവരുടെ കൈകാലുകളിലും ആണിപ്പഴുതകളുണ്ടായിരിക്കും. എഴുന്നേൽക്കുക, ആത്മ-ശരീരങ്ങളിൽ ക്രിസ്തുവിന്റെ മുദ്ര തെരയാനുള്ള ഞായറാഴ്ചയാണിത്. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ ആശംസകൾ!
Editorial
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനി കാലെ (20) യാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
Editorial
ജീവകാരുണ്യ സംഘടനകളാണോ വർഗീയ സംഘടനകളാണോ ഈ രാജ്യത്തിന്റെ യഥാർഥ ഭീഷണിയെന്ന് രാജ്യം ചർച്ച ചെയ്യാൻ സമയമായി. മതപരിവർത്തനനിരോധ നിയമത്തിന്റെ അനുഭവം വച്ചാണെങ്കിൽ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ മാത്രം ഉന്നം വയ്ക്കുന്നതാകും.
ന്യൂനപക്ഷങ്ങളെ മര്യാദ പഠിപ്പിക്കാൻ തങ്ങളല്ലാതെ ആരുണ്ടെന്ന നിലയിലാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പല നീക്കങ്ങളും. അതിലെ പുതിയ ഇനമായാണ് എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നുവച്ചാൽ, വിദേശസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയുമൊക്കെ (ഫലത്തിൽ പ്രധാനമായും ന്യൂനപക്ഷങ്ങളുടെ) സ്വത്തുവകകൾ കണ്ടുകെട്ടാൻ സർക്കാരിനു രാജ്യത്തിനകത്തും പുറത്തും നാലാളുടെ മുന്നിൽ പറയാനൊരു നിയമം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് വലിയ വളച്ചുകെട്ടൊന്നുമില്ലാതെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ പറഞ്ഞിട്ടുണ്ട്. എന്നാലോ, നിയമവിരുദ്ധ പ്രവർത്തനം നടത്തിയാലല്ലേ പേടിക്കാനുള്ളു എന്നാണ് നിഷ്പക്ഷ നാട്യക്കാരായ ബിജെപി ഒളിപ്പോരുകാരുടെ വാദം. മതപരിവർത്തന നിരോധന നിയമത്തിലും ഇതായിരുന്നു അവരുടെ മുഖംമൂടി.
പക്ഷേ, ജയിലിലായതിൽ ന്യൂനപക്ഷക്കാരല്ലാതെ മതപരിവർത്തനം അജണ്ടയാക്കിയ ഘർവാപ്പസിക്കാരൊന്നുമില്ല. പാക്കിസ്ഥാനിൽ മതമൗലികവാദികൾ വാദിയായ പ്രവാചക-മതനിന്ദാ കേസുകൾപോലെ ഇവിടെ സംഘപരിവാർ തീരുമാനിക്കും ആർക്കെതിരേ കേസെടുക്കണമെന്ന്. ആരു പറഞ്ഞു, ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരാകാൻ ഹിന്ദു രാഷ്ട്രം വരണമെന്ന്!
വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിതസമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറാനും സർക്കാരിന് അവകാശമുണ്ടായിരിക്കും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. 90 ദിവസത്തിനകം ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാനുള്ള അവകാശം ഉണ്ട്. ഏറ്റെടുക്കുന്നതിൽ ആരാധനാലയങ്ങളുണ്ടെങ്കിൽ അതിന്റെ തനിമയിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്നവർക്കു കൈമാറാം. നിശ്ചിത സമയത്തിനകം ലൈസൻസ് തിരിച്ചുകിട്ടിയാൽ സ്വത്തും തിരികെ കിട്ടും.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള, ലൈസൻസ് മുടക്കിയ അഥോറിറ്റി തന്നെയാണ് അതു തിരിച്ചു നൽകേണ്ടതെന്നും മറക്കരുത്. വിദേശഫണ്ട് ചെലവഴിക്കുന്നതിനും സമയപരിധിയുണ്ട്. അത് എത്രയെന്നു ഭേദഗതിയിൽ പറയുന്നില്ല. മുന്‍പുണ്ടായിരുന്ന താത്കാലിക ഏറ്റെടുക്കലാണ് ഇപ്പോൾ കണ്ടുകെട്ടലും വിൽപനയുമൊക്കെയായി മാറിയിട്ടുള്ളത്. മുന്‍പ് താത്കാലികമായി ഏറ്റെടുത്ത വസ്തുവകകൾക്കും പുതിയ ഭേദഗതി ബാധകമാണ്. അതുപോലെ ലൈസൻസ് പുതുക്കി ലഭിക്കാത്തവർക്ക് സർക്കാരിന്റെ അനുമതിയില്ലാതെ അതു കൈകാര്യം ചെയ്യാനുമാകില്ല.
15,010 സംഘടനകൾക്കാണ് നിലവിൽ എഫ്സിആർഎ ലൈസൻസുള്ളത്. ഇന്ത്യയെപ്പോലെ ധനികർ വീണ്ടും ധനികരും ദരിദ്രർ വീണ്ടും ദരിദ്രരുമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത് ഈ എണ്ണം പോലും അപര്യാപ്തമാണ്. ലോകമെങ്ങും ജീവകാരുണ്യ പ്രവർത്തകർ ബഹുമാനിക്കപ്പെടുന്പോൾ, സ്വാഭാവികമായും ഉണ്ടാകാവുന്ന പുഴുക്കുത്തുകളുടെ പേരിൽ ഇന്ത്യയിൽ അവർ അപമാനിക്കപ്പെടരുത്. ജീവകാരുണ്യ സംഘടനകളാണോ വർഗീയ സംഘടനകളാണോ ഈ രാജ്യത്തിന്റെ യഥാർഥ ഭീഷണിയെന്ന് രാജ്യം ചർച്ച ചെയ്യാൻ സമയമായി.
ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ലാതെ സർക്കാരിനു വിപുലമായ അധികാരം നൽകുന്നത് അപകടമാണെന്ന കോൺഗ്രസ് മുന്നറിയിപ്പിന്, മതപരിവർത്തനവും ഫണ്ട് ദുരുപയോഗവും നടത്തുന്നവർക്കാണ് അപകടം എന്നായിരുന്നു ആഭ്യന്തര സഹമന്ത്രിയുടെ മറുപടി. ലക്ഷ്യം വ്യക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദുരുപയോഗിക്കപ്പെടുന്ന മതപരിവർത്ത നിരോധനിയമം ആരെയാണ് വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്ന് ദിവസവും വെളിപ്പെടുന്നുണ്ട്.
സമാന്തരമായി, ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണവും പദവിയും അട്ടിമറിച്ചവർ അവർക്കെതിരേയുള്ള ആക്രമണങ്ങളും ഹിന്ദുമതത്തിലേക്കു മാറ്റുന്ന ഘർവാപ്പസിയും വ്യാപകമാക്കി. അത് മതപരിവർത്തനമല്ലെന്ന് സംഘപരിവാർ തീരുമാനിച്ചു; അത്രതന്നെ. അഴിമതി വിരുദ്ധത പറയുന്ന സർക്കാർ, രാജ്യമെങ്ങും ആരെ തിരക്കിയാണ് അന്വേഷണ ഏജൻസികളെ പറഞ്ഞയയ്ക്കുന്നതെന്നും വ്യക്തമായി.
അന്വേഷണ ഏജൻസികൾ, ബുൾഡോസറുകൾ, മതപരിവർത്ത കേസുകൾ, ആരാധനാലയ ആക്രമണങ്ങൾ... ഈ പട്ടികയിലേക്കാണ് എഫ്സിആർഎ അവതരിക്കുന്നതെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതുവരെയുള്ള അനുഭവം വച്ചാണെങ്കിൽ ഏതു സ്ഥാപനങ്ങളുടെ ലൈസൻസുകളായിരിക്കും റദ്ദാക്കപ്പെടുന്നതെന്നും സ്വത്തു കണ്ടുകെട്ടുന്നതെന്നും ഊഹിക്കാവുന്നതേയുള്ളു. മുൻവിധികളല്ല, മുന്നനുഭവങ്ങൾ..!
നമ്മുടെ രാജ്യത്ത് പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സന്നദ്ധ സംഘടനകളെ എല്ലാം ഒരാവശ്യവുമില്ലാതെ സംശയനിഴലിലാക്കിക്കഴിഞ്ഞു. വിദേശഫണ്ട് ദുരുപയോഗം തടയാൻ നിയമങ്ങളില്ലാഞ്ഞിട്ടല്ല, ഈ ഭേദഗതി. ഒരു സ്ഥാപനം പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്, വേണമെങ്കിൽ ഒരുദ്യോഗസ്ഥനുപോലും ലൈസൻസ് പുതുക്കാതിരിക്കാം. കോടതിയും അപ്പീലുമൊക്കെ സാധ്യമാണ്. പക്ഷേ, പുതിയ നിയമത്തെ അടിസ്ഥാനമാക്കിയല്ലാതെ കോടതി വിധി ഉണ്ടാകില്ല. ദളിത് ക്രൈസ്തവരെ പട്ടികജാതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഭരണകൂടം അനുവദിച്ചില്ലെങ്കിൽ കോടതി നിസഹായമാകുന്നതുപോലെ.
ഇന്ത്യയിൽ സർക്കാരിന്റെ സഹായമെത്താത്ത ഇടങ്ങളിലൊക്കെ ദളിത്-ആദിവാസി മേഖലകളിൽ ഉൾപ്പെടെ ജീവകാരുണ്യസംഘടനകളുണ്ട്. സവർണ മേധാവിത്വം അതിൽ അസ്വസ്ഥരുമാണ്. ബിജെപി അധികാരത്തിലെത്തിയതുമുതൽ 2016, 2018, 2020 എന്നീ വർഷങ്ങളിൽ പടിപടിയായി നടത്തിയ ഭേദഗതികൾക്കൊടുവിലാണ് ഇപ്പോൾ കുടുതൽ മൂർച്ചയുള്ള ആയുധമൊരുക്കിയിരിക്കുന്നത്.
എൻഡിഎ എഫ്സിആർഎ നടപ്പാക്കുമോ എന്നതല്ല, പ്രതിപക്ഷം ഇതിനെതിരേ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കുമോ എന്നതാണ് ചോദ്യം. ജനാധിപത്യം ബാക്കിയുണ്ടാകുമെന്നും ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തനിച്ചല്ലെന്നും ബോധ്യപ്പെടുത്താൻ ഭരണഘടനയുണ്ടെന്നറിയാം. പക്ഷേ, ഭരണകൂടങ്ങളുടെ ജനാധിപത്യ സ്വത്വനഷ്ടം അതിനെ കെട്ടുകാഴ്ചയാക്കിയേക്കാം.
Editorial
ഭരണഘടനയെ മാനിക്കുമെന്ന വാഗ്ദാനത്തോടെ മത്സരത്തിനിറങ്ങുന്നവർക്ക് മതമുണ്ടാകാം. പക്ഷേ, അതിനെ വോട്ടിനുള്ള പ്രചാരണായുധമാക്കരുത്. മനുഷ്യർക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള അവസാനദിനമാണിന്ന്. വോട്ടെടുപ്പിനു രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ചർച്ച ചെയ്യാൻ ഈ സംസ്ഥാനത്തിന്റെ നിരവധി പ്രതിസന്ധികളും വികസന ആവശ്യങ്ങളും ഭാവി സ്വപ്നങ്ങളുമുണ്ട്. അതിനുപകരം മതവികാരം ഉണർത്താൻ ചില മണ്ഡലങ്ങളിലെങ്കിലും ശ്രമമുണ്ടാകുന്നത് നിർഭാഗ്യകരമാണ്.
ആനുപാതികമല്ലാത്ത മത-ജാതി-ദളിത്-സ്ത്രീ പ്രാതിനിധ്യങ്ങളിലൊക്കെ പലർക്കും വിയോജിപ്പുകളുണ്ടെന്നതു യാഥാർഥ്യമാണ്. അതിൽതന്നെ, മതത്തെ വോട്ടു നേടാൻ ഉപയോഗിക്കുന്നത് കൂടുതൽ ധ്രുവീകരണത്തിനു വഴിതെളിക്കും. ഒരുവിധത്തിലും അത് സംസ്ഥാന താത്പര്യങ്ങൾക്കു ഗുണകരമാകില്ല. അത്തരം നീക്കങ്ങൾക്ക് മറുപടിയായി മറ്റു മണ്ഡലങ്ങളിലും സമാനമനസ്കർ അത് ഏറ്റുപിടിച്ചാൽ അപകടമാണ്. പാർട്ടികളും നേതാക്കളും വോട്ടർമാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. മറക്കരുത്, മതമല്ല, മനുഷ്യരാണ് മുഖ്യം.
കേൾക്കുന്പോൾ അതു ശരിയാണല്ലോ, ഈ മണ്ഡലത്തിൽ നമ്മുടെ മതത്തിൽപ്പെട്ടവർക്കു സ്ഥാനാർഥിത്വം നിഷേധിക്കപ്പെടുകയാണല്ലോ എന്നൊക്കെയുള്ള ചിന്ത വോട്ടർമാരിൽ ചിലർക്കെങ്കിലും ഉണ്ടാകാനിടയുണ്ട്. പറയുന്നയാളുടെ പ്രസംഗ-വർത്തമാന പാടവം സ്ഥിതി രൂക്ഷമാക്കുകയും ചെയ്യും. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിലെ മത വിവേചനം ചൂണ്ടിക്കാട്ടി മതധ്രുവീകരണത്തിനു ശ്രമിക്കുന്ന പാർട്ടികൾ ആദ്യം നോക്കേണ്ടത്, കേന്ദ്രത്തിലേക്കും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കുമാണ്.
പാർലമെന്റിലും നിയമസഭകളിലും തങ്ങളുടെ പാർട്ടി എല്ലാ മതസ്ഥർക്കും ആനുപാതിക പ്രാധാന്യം കൊടുത്തിട്ടുണ്ടോയെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം. പ്രത്യേകിച്ച് രാജ്യം ഭരിക്കുന്ന പാർട്ടിയും മുന്നണിയും. മതേതരത്വത്തിന്റെ കാര്യത്തിൽ കേരളം അത്ര വലിയ മാതൃകയൊന്നുമല്ല. പക്ഷേ, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ ഭേദമാണ്. എല്ലാ പാർട്ടികളും മതം നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുന്നുമുണ്ട്.
മതേതരത്വം പറയുകയും മതംനോക്കി സ്ഥാനാർഥികളെ നിശ്ചയിക്കുകയും ചെയ്യുന്ന നിരവധി മണ്ഡലങ്ങളുണ്ട്. പക്ഷേ, സംസ്ഥാനത്തെ മൊത്തത്തിലെടുത്താൽ കേരളം പഞ്ചായത്ത് തലം മുതൽ ലോക്സഭ വരെ എല്ലാ മതങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതായത്, മണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നീക്കുപോക്കുകൾ പ്രീണനങ്ങളാണെങ്കിലും വർഗീയ ധ്രുവീകരണമെന്നു പറയാനാകില്ല. ഈ ആപത്ത് പാർട്ടികൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വോട്ടർമാർ തിരിച്ചറിയണം.
ദളിത്-സത്രീ പ്രാതിനിധ്യത്തിലും കേരളത്തിലെ ഒരു പാർട്ടിയും നീതി കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് മാത്രമാണ് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചിട്ടുള്ളത്. പശ്ചിമബംഗാളിൽ 291 സീറ്റുകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ മമത ബാനർജി 95 ദളിതരെയും 52 വനിതകളെയും 47 മുസ്ലിംകളെയും സ്ഥാനാർഥികളാക്കി.
മണ്ഡല അടിസ്ഥാനത്തിൽ നോക്കിയാലും കേരളത്തിലെ ഒരു പാർട്ടിക്കും പാർട്ടി നേതാവിനും മമതയുടെ ധൈര്യവും ആത്മാർഥതയും ഉണ്ടായില്ല. ജാതി-മത-ദളിത്-സ്ത്രീ പ്രാതിനിധ്യം സർക്കാരുകളിൽ മാത്രമല്ല, പാർട്ടികളിലും ഉണ്ടാകേണ്ടതാണ്. നിർഭാഗ്യവശാൽ ഒരു പാർട്ടിയിലുമില്ല. ഇക്കാര്യങ്ങളൊക്കെ ചില പാർട്ടികളിൽ ദേശീയതലത്തിൽ അങ്ങേയറ്റം പരിതാപകരമാണ്.
പക്ഷേ, കേരളത്തിലെത്തുന്പോൾ അതിൽനിന്നു മതത്തെ മാത്രം എടുത്ത് കേരളത്തിൽ വിവേചനമാണെന്നു പറയുന്നവർ തെറ്റായ താരതമ്യത്തെ ശരിയായ നിഗമനമെന്ന മട്ടിൽ അവതരിപ്പിക്കുകയാണ്. ഓരോ മതവും സമുദായവുമൊക്കെ നേരിടുന്ന അനീതികളെക്കുറിച്ചു ചൂണ്ടിക്കാണിക്കാം. ജനാധിപത്യ-മതേതര ശൈലിയിൽ പരിഹാരം ആവശ്യപ്പെടുകയുമാകാം. പക്ഷേ, അതിന്റെ പേരിൽ വോട്ടർമാർക്കിയിൽ മതധ്രുവീകരണം നടത്തി ജയിക്കാമെന്നത് ദുഷ്ടലാക്കാണ്.
തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഭരണഘടനയെ മാനിക്കുമെന്ന വാഗ്ദാനത്തോടെ മത്സരത്തിനിറങ്ങുന്നവർക്ക് മതമുണ്ടാകാം. പക്ഷേ, അത് വോട്ടിനുള്ള പ്രചാരണായുധമാക്കരുത്. മനുഷ്യർക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കാതെ പോകരുത്. മതത്തെ ദുരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടുകൊടുക്കുക.
വിവാദ പീഡനആരോപണങ്ങൾ കോടതിക്കു വിട്ടുകൊടുക്കുക. ചുണയുണ്ടെങ്കിൽ കേരളത്തിന്റെ തകർച്ചയും വികസന വിഷയങ്ങളും മതേതരത്വവും ജനാധിപത്യവുമൊക്കെ ചർച്ച ചെയ്യുക. മതമാണു വിഷയമെന്ന് ആരു പറഞ്ഞാലും സമ്മതിക്കരുത്. മതമല്ല, മതമല്ല, മതമല്ല; മനുഷ്യനാണു വിഷയമെന്നു നാം വോട്ടർമാർ തിരുത്തണം.
Editorial
ജലയുദ്ധങ്ങൾ കല്പിത ശാസ്ത്രകഥയല്ല. ഏതോ വിദൂരഭാവിയിൽ കാത്തിരിക്കുന്ന ദുരന്തവുമല്ല. നമ്മുടെ കൺമുന്നിൽ കാണുന്ന സത്യമാണ്. ജലസമൃദ്ധിയിൽനിന്ന് ഭൂമിയെ ജലക്ഷാമത്തിലേക്ക് നയിച്ച അത്യാഗ്രഹത്തെയും ധൂർത്തിനെയും അനീതിയെയും നാം തിരിച്ചറിയണം.
വിവേകശൂന്യരായ മനുഷ്യർ നടത്തുന്ന വിനാശകരമായ യുദ്ധങ്ങൾ ഒരുവശത്ത്. ഭക്ഷണവും വെള്ളവും വായുവും വസ്ത്രവും നിഷേധിക്കുന്ന യുദ്ധങ്ങൾ മറുവശത്ത്. നാലുവശത്തും ചെകുത്താന്മാർ മാത്രമാകുമ്പോൾ മനുഷ്യത്വം മുഴുവൻ ഉണർന്നാലേ ഭാവിയിൽ ഭൂമിയിൽ മനുഷ്യരുണ്ടാകൂ. നാളെ മറ്റൊരു ജലദിനമെത്തുമ്പോൾ ഈ ഭൂമിയെയും ഭൂമിയിലെ ജീവനെയും കാത്തുരക്ഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന ഓർമപുതുക്കലിനുള്ള അവസരമാണ്.
ദൈനംദിന ഉപഭോഗം മുതൽ ശുചീകരണം വരെ ശരാശരി വ്യക്തിക്ക് പ്രതിദിനം 135 മുതൽ 200 വരെ ലിറ്റർ വെള്ളം ആവശ്യമുണ്ട്. ഇത് കേന്ദ്ര ഭൂഗർഭജല അഥോറിറ്റിയുടെ കണക്കാണ്. എന്നാൽ, എല്ലാവർക്കും കിട്ടുന്ന വെള്ളത്തിൽ തുല്യതയില്ല. വെള്ളത്തിന്റെ ശുദ്ധിയിലും തുല്യതയില്ല. നമ്മളിൽ ചിലർ ആവശ്യത്തിലേറെ ഉപയോഗിക്കുന്നു, അഥവാ പാഴാക്കുന്നു. ഈ രാജ്യത്ത് ഒരുപാടുപേർ, വിശേഷിച്ച് സ്ത്രീകളും കുട്ടികളും അനവധി കിലോമീറ്ററുകൾ നടന്നാണ് ശുദ്ധജലം നേടുന്നത് എന്നറിയുമ്പോൾ ഈ പാഴാക്കൽ എത്ര കൊടിയ പാപമാണെന്നോർക്കുക.
ദിവസേന കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നത് ജലസംരക്ഷണത്തിന്റെ മാർഗമല്ല. നിർജലീകരണം നിങ്ങളുടെ ജീവനു ഭീഷണിയാകും. ചോരുന്ന ടാപ്പുകൾ, ആവശ്യത്തിലധികം സമയം ആസ്വദിച്ച് കുളിച്ച് ഒഴുക്കിക്കളയുന്ന വെള്ളം ഇതൊക്കെ ജലധൂർത്താണ്.
ഏകദേശം 600 ദശലക്ഷം ഇന്ത്യക്കാർ കടുത്തതോ അതിനോടടുത്തതോ ആയ ജലക്ഷാമം നേരിടുന്നു. സുരക്ഷിതമായ വെള്ളം ലഭിക്കാത്തതിനാൽ പ്രതിവർഷം ഏകദേശം 2,00,000 പേർ മരിക്കുന്നു. ഡൽഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ വൻനഗരങ്ങൾ കടുത്ത ജലക്ഷാമം നേരിടുന്നു, കാലക്രമേണ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചനകൾ.
ഇത് നമ്മുടെ നീതി ആയോഗിന്റെ റിപ്പോർട്ടിലുള്ളതാണ്. തെക്കൻ, മധ്യ ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവ ഏറ്റവും കൂടുതൽ ജലക്ഷാമമുള്ള പ്രദേശങ്ങളാണ്. അവിടെ സ്ഥിതി ഗുരുതരമാണ്. അമേരിക്കപോലെ അടിസ്ഥാനസൗകര്യങ്ങളിൽ ഉയർന്ന നിലവാരമുള്ള രാജ്യങ്ങളിൽപോലും ജലനിരപ്പ് റിക്കാർഡ് നിലയിലേക്ക് താഴുന്നതു കാണാം.
ഇനിയുമുണ്ട് ഒരേസമയം രസകരവും ഭീതിദവുമായ കണക്ക്. ഒരു ജോഡി ജീൻസ് നിർമിക്കാൻ ഏകദേശം 3,781 ലിറ്റർ വെള്ളം ആവശ്യമാണ്. സ്മാർട്ട്ഫോണിനു വേണ്ടത് 12,760 ലിറ്റർ വെള്ളം! ഒരു എ4 ഷീറ്റ് നിർമിക്കാനും വേണം ഏകദേശം അഞ്ച് ലിറ്റർ വെള്ളം.
ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുക എന്നതാണ് പ്രധാനം; ഏറ്റവും പ്രയാസമുള്ളതും. റോഡിലൊരു കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം ചീറ്റുമ്പോൾ നമ്മളതാസ്വദിച്ചു നിൽക്കും. വേണമെങ്കിൽ ജല അഥോറിറ്റിയെ രണ്ടു ചീത്തയും വിളിക്കും. അത്രയേ ഉള്ളൂ നമ്മുടെ അവബോധം! കൺമുന്നിൽ ജലം പാഴാക്കിക്കൊണ്ട് സ്കൂളുകളിൽ ജലസംരക്ഷണത്തെക്കുറിച്ച് പഠിപ്പിക്കും.
വീട്ടിലെ വരവു-ചെലവു കണക്കുകൾ ഗൗരവത്തോടെ വിലയിരുത്തുന്നതുപോലെ ജലവിനിയോഗ കണക്കും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പരിശോധിക്കണം. എവിടെയാണ് പാഴാകുന്നത്, മലിനമാകാൻ എന്താണു കാരണം എന്നൊക്കെ പഠിക്കണം. കുട്ടികളെ ബോധ്യപ്പെടുത്തണം. ജലവിനിയോഗപഠനം സ്കൂൾ സിലബസിലും തികഞ്ഞ ഗൗരവത്തോടെ പഠിപ്പിക്കണം.
ഉള്ള ജലം മലിനമാക്കുന്നതിലും നമ്മൾ പരസ്പരം മത്സരിക്കുകയാണ്. ജലാശയങ്ങളിലേക്ക് അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയാൻ ഒരു മടിയുമില്ലാത്തത്ര ‘ഉയർന്ന’സാമൂഹികബോധം! വ്യവസായശാലകളിൽനിന്ന് ഒഴുക്കുന്ന സംസ്കരിക്കാത്ത മലിനജലം, ഭൂഗർഭജലത്തെ വരെ ബാധിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം, തീരപ്രദേശങ്ങളിൽ സമുദ്രജലത്തിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ മലിനജല സംസ്കരണത്തിലെ പോരായ്മകൾ എന്നിവയെല്ലാം കുടിവെള്ളത്തെ വിഷജലമാക്കുന്നു.
ഭൗമതാപനത്തിന്റെ പരിണതഫലമായ കാലാവസ്ഥാ വ്യതിയാനംകൂടി ഇതിനോടു ചേരുമ്പോൾ എല്ലാം പൂർത്തിയായി. പക്ഷേ, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ, ശാസ്ത്രനേട്ടങ്ങളിലൂടെ നമ്മൾ പണിതുയർത്തിയതെല്ലാം നിമിഷനേരംകൊണ്ട് ചുട്ടുചാമ്പലാക്കുന്ന തിരക്കിൽ ഇതൊക്കെ നോക്കാൻ ആർക്കുണ്ട് നേരം? സാഹോദര്യത്തിലും സഹകരണത്തിലുമൂന്നിയുള്ള സ്വന്തം നിലനിൽപ്പിനേക്കാൾ, വിഭാഗീയതയും അപരവിദ്വേഷവും വലുതായി കാണുന്ന പമ്പരവിഡ്ഢികൾക്ക് ഈ ഭൂമിയിൽ തുടരാൻ അർഹതയുണ്ടോ എന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
2012ലെ ജലനയത്തിനു പകരമായി പുതിയൊരു നയം രൂപീകരിക്കാൻ 2019ൽ മിഹിർ ഷാ സമിതിയെ നിയോഗിച്ചു. 2020ൽ ഇവർ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പുതിയ ദേശീയ ജലനയത്തിന്റെ കരട് ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രക്രിയ വൈകുകയാണ്. സംസ്ഥാനങ്ങളുമായുള്ള സമവായമാണ് പ്രധാന പ്രശ്നം. കാരണം ‘ജലം’ സംസ്ഥാന വിഷയമാണ്. കൂടാതെ, ഔദ്യോഗികതലത്തിൽ റിപ്പോർട്ടിനെതിരേ ചില എതിർപ്പുകളുമുണ്ട്.
മുറപോലെ നീങ്ങുന്ന സർക്കാർ കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നതു കൂടാതെ ഓരോ വ്യക്തിക്കും നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളുണ്ട്. വീട്ടിലായാലും പൊതു ഇടങ്ങളിലായായും വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും ജോലിസ്ഥലത്തായാലും ജലം നമ്മുടെ കർമപദ്ധതിയിലെ പ്രധാന ഇനമാകണം. നമുക്കുവേണ്ടി മാത്രമല്ല, ഭൂമിയുടെ നിലനില്പിനുവേണ്ടിയും. ഈ ജലദിനവും അതിലേക്ക് പ്രചോദനമാകട്ടെ.
Editorial
ജനാധിപത്യരഥം അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന അറ്റകുറ്റപ്പണിക്കായി വീണ്ടും ജനങ്ങളുടെ പണിപ്പുരയിലെത്തുകയാണ്. അതിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒന്‍പതിനാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലെ ആദ്യഘട്ടവും 23നു നടക്കും. 29ന് നടക്കുന്ന രണ്ടാം ഘട്ടത്തോടെ പശ്ചിമ ബംഗാളിലെ വോട്ടെടുപ്പും പൂർത്തിയാകും. തുടർന്ന് മേയ് നാലിന് അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പിലെന്നപോലെ മറ്റൊരവസരത്തിലും ജനങ്ങളോട് അവരുടെ പങ്ക് നിർവഹിക്കാൻ ജനാധിപത്യം ഇത്ര പ്രകടമായി ആവശ്യപ്പെടാറില്ല. വോട്ടർപട്ടികയെയും വോട്ടെണ്ണലിനെയുംവരെ ചോദ്യം ചെയ്യുന്നതുപോലെയോ അതിലേറെയോ ഉത്തരവാദിത്വം വോട്ടു രേഖപ്പെടുത്തുന്നതിലുമുണ്ട്. നാലു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിസൂചകമാകും. ഏപ്രിൽ ഒന്പതിനു വിരൽത്തുന്പിൽ വിരിയാനിരിക്കുന്ന നമ്മുടെ ജനാധിപത്യതീരുമാനം നാടിന്റെ നന്മയ്ക്കാകട്ടെ.
ഇനി 25 ദിവസം, കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിൽ മീനമാസത്തിലെ സൂര്യനൊപ്പം രാഷ്ട്രീയവും തിളയ്ക്കും. വന്യജീവി, തെരുവുനായ, റബറിന്റെ വിലയിടിവ്, നെൽകർഷകർ ഉൾപ്പെടെയുള്ളവരുടെ തീരാദുരിതങ്ങൾ, ന്യൂനപക്ഷവിരുദ്ധത, വർഗീയത, അവിശുദ്ധ ബാന്ധവങ്ങൾ, അഴിമതി, മയക്കുമരുന്ന്, ഗുണ്ടാരാജ്... ഭരിക്കുന്നവരും പ്രതിപക്ഷവും ദേശീയനേതൃത്വങ്ങളും ഒളിച്ചുകളിക്കുന്ന നീറുന്ന വിഷയങ്ങൾ ഇന്നുമുതൽ ചർച്ചയാകും.
നിർഭാഗ്യവശാൽ, വന്യജീവി, തെരുവുനായ, വർഗീയ-മതമൗലികവാദ കൂട്ടുകെട്ട് വിഷയങ്ങളിൽ തമ്മിൽ ഭേദത്തെ തെരഞ്ഞെടുക്കാനേ നിവൃത്തിയുള്ളൂ. തങ്ങൾക്കിന്നുവരെ വഴങ്ങാത്ത കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ ബിജെപി ദേശീയനേതൃത്വം മുന്‍പെന്നത്തേക്കാളും ശക്തമായ പരിശ്രമത്തിലും പ്രതീക്ഷയിലുമാണ്. സിപിഎം നയിക്കുന്ന ഇടതുമുന്നണി മൂന്നാം വട്ടവും തുടർഭരണം പ്രതീക്ഷിക്കുന്പോൾ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നയിക്കുന്ന ജനാധിപത്യമുന്നണി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേത് ഉൾപ്പെടെയുള്ള വിജയം ബിജെപി സംസ്ഥാന ഘടകത്തെയും ആവേശത്തിലാക്കിയിട്ടുണ്ട്. പക്ഷേ, സജീവപാർട്ടിക്കാരല്ലാത്ത വോട്ടർമാരുടെ ഉള്ളിലിരുപ്പ് മാറ്റിമറിക്കാനായിരിക്കും ഇനിയുള്ള 25 ദിവസവും മൂന്നു മുന്നണികളുടെയും പരക്കംപാച്ചിൽ. പാചകവാതകത്തിനു ക്യൂ നിൽക്കുന്നതിനിടെയാണ് ഇന്നലെ നാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം കേട്ടത്.
ഇന്നു വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നു മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിന് ഒരു പരാജയംകൂടി താങ്ങാനാകില്ല. സിപിഎമ്മിനു കേരളം നഷ്ടപ്പെട്ടാൽ രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലെന്ന കഠിന യാഥാർഥ്യത്തെ നേരിടേണ്ടിവരും. ബിജെപിക്കു സീറ്റും വോട്ടുനിലയും വർധിപ്പിക്കാനായില്ലെങ്കിൽ പാർട്ടിക്കും സംസ്ഥാന നേതൃത്വത്തിനും തന്ത്രങ്ങൾ മാറ്റേണ്ടിവരും.
സംസ്ഥാനങ്ങളുടെ വികസനം കേന്ദ്രത്തിന്റെ സഹകരണമില്ലെങ്കിൽ ക്ലേശകരമാണെന്നതിന്റെ നിരവധി അനുഭവങ്ങൾ വയനാട് ഉരുൾപൊട്ടലിൽപോലും കാണേണ്ടിവന്നു. ഇരട്ട എൻജിൻ ഇല്ലെങ്കിൽ വികസന ട്രെയിൻ ഒരു സംസ്ഥാനത്തും നീങ്ങില്ലെന്ന കേന്ദ്ര മുന്നറിയിപ്പ് ഫെഡറൽ സംവിധാനങ്ങളെ ദുർബലമാക്കിയിട്ടുണ്ട്. ഇതു ബിജെപി ഇതര സംസ്ഥാനങ്ങളിലെ വോട്ടർമാർ ഗുണകരമായെടുക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷയും കോൺഗ്രസിലെ സീറ്റ്-അധികാര തർക്കങ്ങളെ സജീവമാക്കിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള എൽഡിഎഫിനെ വിടാതെ പിന്തുടരുകയാണ്. ഇതൊക്കെ യാഥാർഥ്യങ്ങളാണെങ്കിലും കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ പ്രബുദ്ധത, പാർട്ടികളുടെ നിലപാടുകളെ ഇഴകീറി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും.
വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയതയ്ക്കും കേരളത്തിൽ വലിയ മാർക്കറ്റ് ലഭിക്കില്ലെന്നു മാത്രമല്ല, തിരിച്ചടിയാകുകയും ചെയ്യും. തുടക്കത്തിൽ സൂചിപ്പിച്ച, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും തീരാശാപങ്ങളിൽനിന്ന് നാടിനു മോചനം ഉണ്ടാകണം. ഉദാഹരണത്തിന്, വന്യജീവി-തെരുവുനായ ശല്യത്തിൽ ഈ രാജ്യത്തെ ഇക്കാലമത്രയും കുടുക്കിയിട്ടവരോട് നിയമം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമയബന്ധിതമായ പരിഹാരത്തെക്കുറിച്ചു ചോദിക്കാൻ ഒരവസരംകൂടി ലഭിച്ചിരിക്കുകയാണ്.
വോട്ടെടുപ്പിലല്ലാതെ ജനാധിപത്യത്തിൽ ഒരു പങ്കാളിത്തവും ഭരിക്കുന്നവർ നമുക്ക് അനുവദിക്കില്ല. ഒന്‍പതാം തീയതി വിലപ്പെട്ടതാണ്. കള്ളവോട്ടു ചെയ്യുന്നവരും വോട്ടു ചെയ്യാത്തവരും ജനാധിപത്യത്തോട് ചെയ്യുന്നത് ഏതാണ്ട് ഒരേ അട്ടിമറിയാണെന്നും മറക്കരുത്. വിരലിൽ മഷി തെളിയും മുന്‍പ് മനസിൽ ഭാവി തെളിയട്ടെ.
Editorial
നിയമസഭാ തെരഞ്ഞെടുപ്പു വിളിപ്പുറത്താണ്. കേന്ദ്ര-സംസ്ഥാന വാഗ്ദാനങ്ങളുടെ പെരുമഴയിൽ അകപ്പെട്ടിരിക്കുകയാണ് ജനം. പൂമഴയാണോ കല്ലുമഴയാണോ എന്നത് കാത്തിരുന്നു കാണേണ്ടതുതന്നെ. ഭരിക്കുന്നവർക്കും ഭരിക്കാൻ വെമ്പുന്നവർക്കുമൊക്കെ തെരഞ്ഞെടുപ്പുതന്നെ മുഖ്യം; സംശയമില്ല. പക്ഷേ, അതിനിടയിലും മനുഷ്യജീവിതം പതിവുപോലെ മുന്നോട്ടു പോകുന്നുണ്ടെന്ന കാര്യം ചെങ്കോലും ചെങ്കുലയും പിടിച്ചു തുള്ളുന്നവർ മറക്കരുത്.
പറഞ്ഞുവരുന്നത് കർഷകദുരിതത്തെക്കുറിച്ചുതന്നെ. നൂറ്റൊന്നാവർത്തിക്കുന്ന ക്ഷീരബലപോലെ ഓരോ വിളവെടുപ്പിലും പെട്ടുപോകുന്ന നെൽകർഷരെക്കുറിച്ച്. തൊലിക്കട്ടി കൂടുംതോറും ആക്ഷേപ ശരമുനകൾ ഒടിയുമെന്ന യാഥാർഥ്യം കേരളത്തിലെ നെൽകർഷകർ അറിഞ്ഞുകൊണ്ടേയിരിക്കുന്നു.“പൊന്നുഷസിന്റെ കൊയ്ത്തില്‍ നിന്നൂരി-
ച്ചിന്നിയ കതിര് ചുറ്റും കിടക്കെ
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ
ജീവിതകഥാനാടക ഭൂവില്‍”
മൃത്യുവിന്റെ ധാർഷ്ട്യത്തിനു മുകളിൽ ജീവിതാസക്തിയുടെ വിജയമായി കൊയ്ത്തുത്സവത്തെ ചിത്രീകരിച്ച കവി വൈലോപ്പിള്ളിയുടെ കാവ്യബിംബങ്ങൾക്കിടയിൽ ഇന്നു തെളിയുന്നത് മരിക്കണോ ജീവിക്കണോ എന്ന സന്ദിഗ്ധാവസ്ഥയിൽ ഉഴലുന്ന കർഷകന്റെ ദയനീയ ചിത്രമാണ്. മില്ലുകാരുടെ പിഴിച്ചിലും ഉദ്യോഗസ്ഥരുടെ അവഗണനയും ചേർന്ന് കർഷകനെ ഒരു പരുവമാക്കിയിരിക്കുന്നു. കർഷകർക്കുവേണ്ടി സംസാരിക്കാൻ സർക്കാരോ സംഘടനകളോ, ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരോ ഇല്ല. കർഷകർക്കായി മുഴങ്ങുന്ന മരണമണിയുടെ നാദമാകും ഇനി കവിതകളിൽ മുഴങ്ങുക. പുഞ്ചക്കൃഷി വിളവെടുപ്പ് ആരംഭിച്ചിട്ട് ഒരു മാസത്തോളമായി.
ഇത്തവണ കാലാവസ്ഥ അനുകൂലമായിട്ടും നെൽകർഷകർ നടുക്കടലിൽതന്നെ. നല്ല വിള കിട്ടിയ ആനന്ദം വളരെ പെട്ടെന്നാണ് അനിശ്ചിതത്വത്തിന്റെ ഇരുളിലേക്കു വഴിമാറിയത്. കൊയ്ത്തിനുള്ള ഒരുക്കം തുടങ്ങിയപ്പോഴേ പ്രതീക്ഷ മങ്ങി. കൊയ്ത്തുയന്ത്രങ്ങൾ കിട്ടാനില്ല. വാടകയാണെങ്കിൽ മണിക്കൂറിന് 2,200 മുതൽ 2,600 വരെ. പഴഞ്ചൻ യന്ത്രങ്ങൾ ഏങ്ങിയും വലിഞ്ഞും ഇരട്ടിയിലേറെ സമയമെടുത്താണ് കൊയ്തു തീർക്കുന്നത്. അവിടെത്തുടങ്ങുന്നു കർഷകരുടെ നഷ്ടക്കണക്ക്. കൂട്ടിയിട്ട നെല്ലിനു മുമ്പിൽ പിന്നെ കാത്തിരിപ്പാണ്. സപ്ലൈകോ നിയോഗിച്ച മില്ലുകാരുടെ ഏജന്റ് പരമാധികാരിയാകും. അവരുടെ സൗകര്യത്തിന് വരും, പോകും. കൊയ്ത് ആഴ്ചകളായിട്ടും ഏജന്റുമാർ തിരിഞ്ഞുനോക്കാത്ത പാടങ്ങളുമുണ്ട്.
മില്ലുകാരെ നിയന്ത്രിക്കേണ്ട ജില്ലാ പാഡി ഓഫീസർമാരുടെ കഥ അതിലും കഷ്ടം. മില്ലുകളുടെ താളത്തിനൊത്തു തുള്ളുകയാണ് മിക്ക ഓഫീസർമാരും. കാത്തിരുന്ന് കാത്തിരുന്ന് നെല്ല് മറിച്ചും തിരിച്ചും ഉണക്കിക്കൂട്ടി മടുത്ത കർഷകർ നിസഹായരായി എങ്ങനെയെങ്കിലും കൈമാറാമെന്ന സ്ഥിതിയിലാവും. അതോടെ മില്ലുകാർ യഥാർഥ മുഖം കാണിക്കും. രണ്ടു കിലോ മുതൽ പത്തു കിലോ വരെ കിഴിവാണ് വേനൽക്കാലത്തും ചോദിക്കുന്നതെന്ന് കർഷകർ പറയുന്നു. ഇതു ചോദ്യം ചെയ്യേണ്ട ഭരണാധികാരികൾ അധികാരമുറപ്പിക്കുന്ന ഞാണിന്മേൽ കളികളിലും.
പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പുന്നോൺ പാടശേഖരത്തിലെ കർഷകർ കിഴിവു കൂട്ടിയതിനെ എതിർത്തപ്പോൾ നെല്ലെടുക്കാതെയാണ് മില്ലുകാർ പകരം വീട്ടിയത്. പാഡി ഓഫീസർ ഇടപെട്ട് അരക്കിലോ മാത്രമാണ് കിഴിവിൽ കുറച്ചത്. 100 കിലോ നെല്ലിന് 3.5 കിലോ കിഴിവ് നല്‍കേണ്ടിവന്നു. വൻ നഷ്ടമാണെന്ന് കർഷകർ പറയുന്നു. ഓരോ പാടശേഖരത്തിനും മില്ലുകളെ മുൻകൂറായി നിശ്ചയിച്ചു എന്നാണ് സർക്കാർ ഭാഷ്യം. വിളവെടുപ്പു കഴിഞ്ഞ് രണ്ടു-മൂന്നു ദിവസം കഴിഞ്ഞെത്തുന്ന മില്ലുകാർ പിന്നെയും ഒന്നു-രണ്ടു ദിവസം കഴിഞ്ഞാണ് സംഭരിക്കാൻ പറ്റില്ലെന്നു പറയുന്നത്. കൊയ്ത്തു കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം പുതിയ മില്ലുകാരെ തേടി പോകേണ്ട ഗതികേടിലാണ് കർഷകർ.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷി ഓഫീസറെ വിളിച്ചാൽ കർഷകർതന്നെ മില്ലുകാരുമായി ധാരണയിലെത്താനാണ് നിർദേശം. എന്നു കൊയ്ത്ത് നടന്നു, എന്നു നെല്ല് സംഭരിച്ചു എന്നതിനെപ്പറ്റി പല ഉദ്യോഗസ്ഥർക്കും യാതൊരു ധാരണയുമില്ല. എന്തിനിങ്ങനെയൊരു വകുപ്പ് എന്ന് കർഷകർ ചിന്തിച്ചുപോകുന്നതിൽ അദ്ഭുതമില്ല. സംഭരണകേന്ദ്രങ്ങളിൽ എത്തിപ്പെടാനാകാത്ത വലിയ വാഹനങ്ങൾ കൊണ്ടുവന്ന് കർഷകർക്ക് വീണ്ടും സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന മില്ലുകാരും കുറവല്ല. ചെറിയ വാഹനങ്ങളുപയോഗിച്ച് വലിയ വാഹനങ്ങളിലേക്ക് നെല്ല് കടത്തുന്ന വകയിലും നഷ്ടം സഹിക്കേണ്ടിവരുന്നു.
ദൂരപരിധി പരിഗണിക്കാതെ അമിതകൂലി വാങ്ങുന്ന ചുമട്ടുകാരും കൂടിയാകുമ്പോൾ കർഷകരുടെ ദുരിതചിത്രം പൂർത്തിയാകുന്നു. മില്ലുകാരും പാടശേഖര സമിതികളും തമ്മിൽ തർക്കം മൂർച്ഛിച്ചാൽ നെല്ല് സംഭരണം പ്രതിസന്ധിയിലാകും. കർഷകർക്ക് നഷ്ടം വന്നാൽ അടുത്ത കൃഷിയെയും അതു ബാധിക്കും. പ്രാദേശിക പ്രതിസന്ധികൾക്കെല്ലാം പാഡി ഓഫീസർമാരെയാണ് കർഷകർ കുറ്റപ്പെടുത്തുന്നത്. മഴയ്ക്കുമുന്പേ കളംപിരിയണമെന്ന വ്യഗ്രതയിലാണ് കർഷകർ. അത് മുതലെടുക്കുകയാണ് മില്ലുകാർ. ഉണക്കുള്ളതിനും കിഴിവ് ആവശ്യപ്പെടുമ്പോൾ കർഷകർ സഹായത്തിനു നോക്കുന്നത് ഉദ്യോഗസ്ഥരെയും സർക്കാരിനെയുമാണ്.
അവരുടെ നിസംഗത കാണുമ്പോൾ സർക്കാർ ആർക്കൊപ്പം എന്ന ചോദ്യമാണ് ഉയരുന്നത്.അതേസമയം, നെല്ല് സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ 1,300 കോടി രൂപ നല്‍കാനുണ്ടെന്ന പല്ലവിയാണ് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നത്. സംഭരണത്തിൽ പ്രതിസന്ധിയുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ട്. കേന്ദ്രസർക്കാർ നല്‍കേണ്ട താങ്ങുവില വൈകുന്നതും ഭീമമായ കുടിശികയുമാണ് കാരണമായി പറയുന്നതെന്നു മാത്രം. സംസ്ഥാന സർക്കാർ ചെയ്യേണ്ടതു ചെയ്തോ എന്ന ചോദ്യത്തിനു മാത്രം മറുപടിയില്ല. കേന്ദ്രം വിലക്കിയാലും സംസ്ഥാന സർക്കാർ നല്കുന്ന അധികബോണസ് തുടരുമെന്ന പ്രസ്താവനയും.
അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു ഫലിപ്പിക്കാൻ രാഷ്ട്രീയക്കാർക്കുള്ള മിടുക്ക് പാടത്തു വിയർപ്പൊഴുക്കുന്ന കർഷകർ പഠിക്കാൻ മറന്ന പാഠമാണ്. കുട്ടനാട്ടിലടക്കം കർഷകർക്ക് നെൽകൃഷി ചെയ്യാതിരിക്കാനാകില്ല. ഓരോ വിളവെടുപ്പും കർഷകർക്ക് പ്രതീക്ഷയുടെ കാലമാണ്. വട്ടിപ്പലിശയ്ക്കും സ്വർണം പണയംവച്ചും കൃഷി നടത്തുന്നവർ പ്രതീക്ഷയുടെ ആകാശത്തുനിന്ന് അവഗണനയുടെയും നഷ്ടങ്ങളുടെയും നരകക്കുണ്ടിലേക്കാണ് മൂക്കുംകുത്തി വീഴുന്നത്. ഇലക്ഷനും ഭരണവുമെല്ലാം ആർക്കുവേണ്ടിയാണെന്ന പ്രാഥമിക ബോധമെങ്കിലും രാഷ്ട്രീയകക്ഷികൾക്കുണ്ടായില്ലെങ്കിൽ കർഷകരോഷത്തിൽ ചാമ്പലാകുന്നത് അവരുടെ അഹന്തയും അവകാശവാദങ്ങളുമാകും.
Editorial
ജുഡീഷറിയുടെ അഴിമതിയെക്കുറിച്ചുള്ള എട്ടാം ക്ലാസ് പാഠഭാഗം എൻസിഇആർടിയെക്കൊണ്ട് തിരുത്തിച്ച സുപ്രീംകോടതി, ബുധനാഴ്ചയെടുത്ത ചില തീരുമാനങ്ങൾ വേണ്ടവിധം ഉപയോഗിച്ചാൽ ഭരണകൂട-രാഷ്ട്രീയ താത്പര്യങ്ങളിൽനിന്നു വിദ്യാഭ്യാസമേഖലയെ രക്ഷിക്കാൻ ശേഷിയുള്ളതാണ്. എൻസിഇആർടി(നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യുടെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, തിരുത്തിയ പാഠഭാഗം വിദഗ്ധസമിതി അംഗീകരിക്കുന്നതു വരെ പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവിട്ടതിനൊപ്പം, അത്ര ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊരു തീരുമാനമുണ്ട്.
റിട്ട. ജഡ്ജി, അറിയപ്പെട്ട അക്കാഡമിഷ്യൻ, നിയമവിദഗ്ധൻ എന്നിവരടങ്ങിയ വിദഗ്ധസമിതിക്ക്, എട്ടാം ക്ലാസിലെ വിവാദ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് ദേശീയ ജുഡീഷൽ അക്കാഡമിയുമായി സഹകരിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി എൻസിഇആർടി ഭരണകൂട താത്പര്യത്തിനുവേണ്ടി ചരിത്രത്തിലുൾപ്പെടെ നടത്തിയ തള്ളലും കൊള്ളലും പുനഃപരിശോധിക്കാനുള്ള അവകാശവും ഈ സമിതിക്കുണ്ടെങ്കിൽ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിൽ പുരണ്ട രാഷ്ട്രീയക്കരി കഴുകിക്കളയാനാകും. എൻസിഇആർടിയുടെ രാഷ്ട്രീയത്തിനെതിരേ വസ്തുനിഷ്ഠമായി പ്രതികരിക്കുന്നവരും പ്രതിപക്ഷവും ഇതിന്റെ സാധ്യതകളെ വിലയിരുത്തേണ്ടതാണ്.
പാഠ്യപദ്ധതിയിലെ പൊളിച്ചടുക്കലുകളിൽ പലതും ചരിത്ര-മതേതര വിരുദ്ധമാണെന്ന് പ്രതിപക്ഷവും വിദ്യാഭ്യാസ-ചരിത്ര വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്ന എൻസിഇആർടി ഒടുവിൽ കോടതിയെ തൊട്ടപ്പോൾ വിവരമറിഞ്ഞു. ക്ഷമ പറഞ്ഞിട്ടും, തിരുത്തിയ പാഠഭാഗം വിദഗ്ധരുടെ കമ്മിറ്റി അംഗീകരിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. എട്ടാം ക്ലാസിലെ നിയമപഠനത്തിന്റെ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് വിദഗ്ധസമിതിക്കു ദേശീയ ജുഡീഷൽ അക്കാഡമിയുമായി സഹകരിക്കാമെന്ന് കോടതി വ്യക്തമാക്കിയതാണ് ശ്രദ്ധേയം.
നാഷണൽ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റിയുടെ (എൻഎസ്ടിസി) ഭരണഘടന സർക്കാർ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് വാദത്തിനിടയിൽ കോടതി പറയുകയും ചെയ്തു. വിവാദ പാഠപുസ്തകം തയാറാക്കിയ പ്രഫ. മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്നകുമാർ തുടങ്ങിയവരുമായി പൊതുഫണ്ട് സീകരിക്കുന്ന ഒരു സ്ഥാപനവും സഹകരിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കോടതി നിർദേശം നൽകിയത് എൻസിഇആർടിക്ക് പ്രഹരമായി.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹ്യശാസ്ത്ര പുസ്തകം പൂർണമായും നിരോധിച്ച സുപ്രീംകോടതി, പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത പകർപ്പുകൾ പിടിച്ചെടുക്കാനും ഡിജിറ്റൽ കോപ്പികൾ പ്രചരിക്കുന്നതു തടയാനും നേരത്തേ ഉത്തരവിട്ടിരുന്നു. ‘സമൂഹത്തിൽ ജുഡീഷറിയുടെ പങ്ക്’ എന്ന നാലാം അധ്യായമാണു വിവാദത്തിനു വഴിവച്ചത്. ജുഡീഷറിയിലെ അഴിമതിക്കഥകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പക്ഷേ, രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും കൊടിയ അഴിമതികളുണ്ടായിരിക്കേ, വിമർശകരെയും പ്രതിപക്ഷത്തെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നെന്ന ആരോപണം ശക്തമായിരിക്കേ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഭരണകക്ഷിക്കൊപ്പം ചേർന്നാൽ അഴിമതിമുക്തരാകുന്ന ഉദാഹരണങ്ങൾ നിലനിൽക്കേ... ജനാധിപത്യത്തിന്റെ അവസാന ആശ്രയമായ കോടതികളുടെ വിശ്വാസ്യത പുതിയ തലമുറയിൽനിന്ന് എടുത്തുമാറ്റുന്നത് ആപത്കരമാണ്.
എൻഡിഎ സർക്കാരിനു കീഴിൽ എൻസിഇആർടി നടത്തിക്കൊണ്ടിരിക്കുന്ന അപനിർമിതികളിലൊന്ന് കോടതിക്കെതിരേയായതാണ് തിരിച്ചടിയായത്. പക്ഷേ, ജനാധിപത്യത്തിന്റെ ഇന്ത്യൻ നിലപാടുതറയായ മതേതരത്വം, അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമാണത്തിലും നേതൃത്വം വഹിച്ച നേതാക്കൾ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ എൻസിഇആർടി നടത്തിയ രാഷ്ട്രീയപ്രേരിതമെന്നു പറയാവുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും പുതിയ തലമുറയെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അതിലൊന്നും കോടതി ഇടപെട്ടിട്ടില്ലെങ്കിലും, പലതും ഇപ്പോൾ വിലക്കപ്പെട്ടതുപോലെയോ അതിലേറെയോ ഗൗരവമുള്ള വിഷയങ്ങളായിരുന്നു. എൻസിഇആർടിയും യുജിസിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പും ഏതാണ്ട് ഒരേ രീതിയിലുള്ള ഒഴിവാക്കലും കൂട്ടിച്ചേർക്കലുകളുമാണ് പാഠ്യപദ്ധതികളിൽ ഏതാനും വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു ബിജെപിയുടെ പ്രതിപക്ഷമുക്ത-മതരാഷ്ട്രീയവുമായി ഏറെ ചേർന്നുനിൽക്കുന്ന പൊളിച്ചെഴുത്തുകളാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുപോലും ഒഴിവില്ല. 2023ൽ 12-ാം ക്ലാസിൽ, ഗാന്ധിജിയുടെ ഹിന്ദു-മുസ്ലിം ഐക്യശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചെന്ന പാഠഭാഗം മാറ്റിയപ്പോൾ, ഗാന്ധിഘാതകന്റെ വർഗീയ സംഘടനാ ബന്ധങ്ങൾ എടുത്തുകളഞ്ഞ്, ‘പൂനയിൽനിന്നുള്ള നാഥുറാം ഗോഡ്സെ’ എന്ന ബ്രാഹ്മണയുവാവ് എന്നാക്കി മാറ്റി. ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കാൻ എൻസിഇആർടിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകളും മത്സരിക്കുകയായിരുന്നു.
2023ലാണ് 11-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠത്തിൽനിന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രി അബുൾകലാം ആസാദിനെ വെട്ടിയത്. ശാസ്ത്രത്തിന്റെ സുപ്രധാന കണ്ടെത്തലായ പരിണാമസിദ്ധാന്തം 10-ാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയത് 2023 ഏപ്രിലിലാണ്. ഏഴാം ക്ലാസ് പാഠഭാഗത്തിൽനിന്ന് ദളിത് എഴുത്തുകാരെ ഒഴിവാക്കി. കർണാടകയിലെ സ്കൂൾ സിലബസിൽനിന്ന് ദളിത് എഴുത്തുകാരുടെയും പുരോഗമനവാദികളായ എഴുത്തുകാരുടെയും, വർഗീയതയ്ക്കും ജാതിശ്രേണിക്കുമെതിരേ പ്രവർത്തിക്കുന്നവരുടെയും ലേഖനങ്ങളുള്ള പാഠഭാഗങ്ങൾ ബിജെപി സർക്കാർ ഒഴിവാക്കി.
ഡോ. ബി.ആർ. അംബേദ്കറും നെഹ്റുവുമൊക്കെ പുസ്തകങ്ങളിൽനിന്നു പുറത്തായപ്പോൾ ആർഎസ്എസ് സൈദ്ധാന്തികരായ വി.ഡി. സവർക്കറും കെ.ബി. ഹെഡ്ഗേവാറുമൊക്കെ സ്ഥാനം പിടിച്ചു.2019ൽ എൻസിഇആർടി ഒന്‍പതാം ക്ലാസിലെ ‘ഇന്ത്യ ആൻഡ് ദ കണ്ടംപററി വേൾഡ്’ എന്ന പുസ്തകത്തിൽനിന്ന് 70 പേജുകൾ നീക്കിയതിൽ മിഷണറിമാരുടെ പിന്തുണയിൽ നടന്ന, തിരുവിതാംകൂറിലെ മാറുമറയ്ക്കൽ സമരം എന്നറിയപ്പെടുന്ന ചാന്നാർ ലഹളയുമുണ്ട്. 2020-21ൽ പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്തത് മതേതരത്വം, ഫെഡറലിസം, മതം, ജാതി, ലിംഗസമത്വം എന്നീ വിഷയങ്ങളിലുള്ള പാഠഭാഗങ്ങളായിരുന്നു.
ഹാരപ്പൻ-സിന്ധുനദീതട സംസ്കാരത്തെ വേദങ്ങളുമായി ബന്ധപ്പെടുത്തി സിന്ധു-സരസ്വതി സംസ്കാരമായി മാറ്റിയത് 2024ൽ യുജിസിയാണ്. എൻസിഇആർടി, മാറിമാറി വരുന്ന ജനാധിപത്യ ഭരണകൂടങ്ങളുടെ ഭരണഘടനാനുസൃതവും പുരോഗമനപരവുമായ പ്രതിബദ്ധതകളെ പ്രതിഫലിപ്പിക്കുന്നതിൽ എതിരഭിപ്രായമില്ല. പക്ഷേ, അത് ഭരിക്കുന്ന പാർട്ടിയുടെ പ്രചാരണോപാധിയാകുന്നത് മറ്റൊരു വിഷയമാണ്. പൂർണമായും വസ്തുതാവിരുദ്ധമല്ലാതിരുന്നിട്ടും കോടതിയുടെ അഴിമതിക്കാര്യം പഠിപ്പിക്കുന്നതു ദുരുപദിഷ്ടമാണെങ്കിൽ എൻസിഇആർടിയുടെ പതിറ്റാണ്ടു നീണ്ട ചരിത്ര-ശാസ്ത്ര-മതേതര-ദളിത് വിരുദ്ധ രഥയാത്രയും തടയപ്പെടേണ്ടതല്ലേ?
Editorial
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ (പാറതുരക്കൽ) സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ വികസനത്തെ മുൻനിർത്തി ഈ തുരങ്കപാതയെ സ്വാഗതം ചെയ്യാം. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താത്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യുവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവ പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിംഗ് ആരംഭിച്ചത്.
2025 ഓഗസ്റ്റ് 31ന് മുഖ്യമന്ത്രിതന്നെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 8.73 കിലോമീറ്റർ വരുന്ന ഈ പാത വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പാതയുടെ 8.11 കിലോമീറ്റർ ഇരട്ടത്തുരങ്കമാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചു പൂർത്തിയാക്കുന്ന പദ്ധതിക്ക് 2,134.5 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡിനാണ് നിർമാണച്ചുമതല. പദ്ധതിയിൽ ഇരുവഞ്ഞി പുഴയ്ക്കു കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റു മൂന്നു ചെറുപാലങ്ങളും ഉൾപ്പെടും.
ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ടത്തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. ഇത്രയും തുരങ്കനിർമാണവുമായി ബന്ധപ്പെട്ട വസ്തുതകൾ. രണ്ടു ജില്ലകളുടെ വികസനസ്വപ്നങ്ങൾക്ക് നിറംപിടിപ്പിച്ചുകൊണ്ടാണ് ഈ തുരങ്കപാതയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
സ്വപ്നത്തിൽപോലും ആരും കാണാതിരുന്ന പദ്ധതിയാണ് ഇവിടെ യാഥാർഥ്യമാകാൻ പോകുന്നതെന്നു പറയുന്ന സംസ്ഥാന സർക്കാർ വലിയ പ്രതീക്ഷകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വയനാട്ടിലേക്കൊരു സമാന്തരപാത ഈ പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള സ്വപ്നമാണ്. അങ്ങനെയൊന്നില്ലാത്തതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നവരാണവർ.
പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ വയനാട് ജില്ല പലപ്പോഴും ഒറ്റപ്പെട്ടു. താമരശേരി ചുരത്തിൽ നീണ്ടുനീണ്ടുപോകുന്ന ഗതാഗതക്കുരുക്കുകൾ പതിവായി. ടൂറിസം പ്രധാന വരുമാനമാർഗമായ വയനാട് ജില്ലയെ സുഗമമല്ലാത്ത ഗതാഗതസൗകര്യം വട്ടംചുറ്റിച്ചു. ഇന്ധന-ചരക്കു നീക്കത്തിനും തടസമുണ്ടായി.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് തുരങ്കപാതയെ കാണുന്നത്.കോഴിക്കോട്ടുനിന്ന് മേപ്പാടിയിലേക്കുള്ള യാത്രാസമയം തുരങ്കപാത വരുന്നതോടെ ഒരു മണിക്കൂർ കുറയുമെന്നാണ് കരുതുന്നത്. കൃഷി, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ പുതിയ സാധ്യതകൾ തെളിയും. അതുപോലെ വളരെ പ്രധാനമാണ് കോഴിക്കോട്-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകാൻ കഴിയുമെന്നത്.
കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാകാൻ ഇതിനു കഴിയുമെന്നതാണ് മറ്റൊരു ഗുണം.തുരങ്കപാതയെന്ന ആശയം ഉയർന്നുവന്നതു മുതൽ തർക്കങ്ങളുമുണ്ടായി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന എതിർപ്പ്. തുരങ്കപാത പദ്ധതിക്കു കേന്ദ്രമന്ത്രാലയം അനുവദിച്ച പാരിസ്ഥിതിക അനുമതി സംബന്ധിച്ച തർക്കം സുപ്രീംകോടതിയിലേക്കു നീങ്ങുകയാണ്.
പാരിസ്ഥിതിക അനുമതി റദ്ദാക്കുന്നതിന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പറയുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചുമാണ് സർക്കാർ പരിസ്ഥിതി അനുമതി നേടിയതെന്ന് സമിതി ആരോപിക്കുന്നു.
വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതിയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം. കോട്ടപ്പടി, വെള്ളരിമല, തിരുവമ്പാടി, ജീരകപ്പാറ വില്ലേജുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. ആകെ 51. 370 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം. ഇതില്‍ 34.304 ഹെക്ടര്‍ വനമാണ്.
തുരങ്കപാതയ്ക്ക് ഉപയോഗപ്പെടുത്തേണ്ട സ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ നിരവധി തവണ ഉരുള്‍പൊട്ടിയിട്ടുണ്ട്. പുഞ്ചിരിമട്ടവും മുണ്ടക്കൈയും കവളപ്പാറയും പുത്തുമലയും പാതാറുമൊക്കെ പദ്ധതി പ്രദേശത്തിന്റെ ദുര്‍ബലതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു.
വികസനപദ്ധതികൾ ഏറ്റെടുക്കുമ്പോൾ എല്ലാ വസ്തുതകളും ശാസ്ത്രീയമായി പരിഗണിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. എതിർപ്പുകളെ വികസനവിരോധമെന്നും രാഷ്ട്രീയപ്രേരിതമെന്നും തള്ളിക്കളയുന്നതിനുമുമ്പ് കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പാക്കേണ്ടതുമുണ്ട്. അതുപോലെ കേവല പരിസ്ഥിതിവാദത്തിന്റെ പേരിൽ എന്തിനെയും ഏതിനെയും എതിർക്കുന്ന രീതിയും തെറ്റാണ്.
അനാവശ്യ വ്യവഹാരങ്ങളിലൂടെ തുരങ്കപദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഇത്തരം വികസനപദ്ധതികളിൽ ഇലക്ഷൻ ഗിമ്മിക്കുകളോ രാഷ്ട്രീയ കോമരംതുള്ളലോ അല്ല വേണ്ടത്. മറിച്ച്, എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തിയാണ്.
വികസനം മനുഷ്യനുവേണ്ടിയാണ്. പ്രകൃതിയോടു ചേർന്നേ മനുഷ്യനു നിലനില്പുമുള്ളൂ. ഈ ബോധ്യത്തോടെയുള്ള കൂട്ടായ പ്രവർത്തനമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Editorial
വിലാപങ്ങൾക്കും ആഹ്ലാദങ്ങൾക്കും മധ്യേ ആയത്തുള്ള ഖമനെയ് കബറിലായി. ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായ ഇറാനിലെ മനുഷ്യരും തീവ്രവാദം മനുഷ്യവംശത്തിനു ഭീഷണിയാണെന്നു കരുതുന്നവരും അനല്പമായ സന്തോഷത്തിലാണ്. എന്നാലോ, തീവ്രവാദത്തെ ദൈവനിയോഗമായെടുത്ത മതമൗലികവാദികളും അമേരിക്ക-ഇസ്രയേൽ അച്ചുതണ്ട് വിരോധത്താൽ തീവ്രവാദത്തെ ന്യായീകരിക്കുന്നവരും മാത്രമല്ല, ട്രംപിന്റെയും നെതന്യാഹുവിന്റെയും ജനാധിപത്യവിരുദ്ധതകളോടും അധിനിവേശങ്ങളോടും വിയോജിക്കുന്നവരും ദുഃഖിതരിലുണ്ട്.
സാർവത്രിക ഇസ്ലാമിക റിപ്പബ്ലിക്കിനുവേണ്ടി പൊരുതുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയവരുടെ മുഖ്യ ഊർജസ്രോതസിലാണ് ബോംബ് വീണിരിക്കുന്നത്. പക്ഷേ, തീവ്രവാദമെന്ന വിനാശം പ്രദേശങ്ങളിലും ശരീരങ്ങളിലുമല്ല, മനസുകളിലാണ് വിതയ്ക്കപ്പട്ടിരിക്കുന്നതെന്ന യാഥാർഥ്യം ഇറാക്കും അഫ്ഗാനിസ്ഥാനുമൊക്കെ പറഞ്ഞ് അമേരിക്ക കേട്ടിട്ടുമുണ്ട്.
ആണവോർജ നിർമാണത്തിന്റെയും തീവ്രവാദത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും പേരിൽ തുടങ്ങിയ യുദ്ധത്തിന്റെ കാഴ്ചകൾ തുടങ്ങുന്നത് പെൺകുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരങ്ങളുടെ കരളലിയിക്കുന്ന കാഴ്ചകളിലൂടെയാണ്. തെക്കൻ ഇറാനിലെ മിനാബിലുള്ള ഷാജറെ തയ്യബെ ഗേൾസ് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നു അവർ. ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങിയ യുദ്ധം 24 മണിക്കൂർ പിന്നിടുന്നതിനു മുന്‍പ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയ്യുടെയും ഭരണകൂടത്തിലെയും സൈന്യത്തിലെയും പ്രമുഖരുടെയും മരണം സ്ഥിരീകരിച്ചു. ആഴ്ചകളായി തയാറായിരുന്ന അമേരിക്കയുടെ ബി2 ബോംബറുകളും യുദ്ധക്കപ്പലുകളും പങ്കെടുത്തതോടെ പരക്കെ ബോംബ് വർഷമായി.
ഖമനെയ്യുടെ കൊട്ടാരം ഉൾപ്പെടെ ചാന്പലായി. ഐതിഹാസിക ക്രോധം എന്ന് അമേരിക്കയും സിംഹഗർജനം എന്ന് ഇസ്രായേലും വിശേഷിപ്പിച്ച യുദ്ധത്തിനു മറുപടിയായി ട്രൂ പ്രോമിസ് 4 എന്ന പേരിൽ ഇറാനും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു. ഖത്തർ, അബുദാബി, കുവൈറ്റ്, ഇറാക്ക്, ജോർദാൻ എന്നിവയ്ക്കു പുറമേ ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചിരുന്ന ഒമാനിലും ഇറാൻ മിസൈലുകൾ വർഷിച്ചു. ബഹറിനിലെ അമേരിക്കൻ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തും മിസൈൽ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ജിസിസി (ഗൾഫ് സഹകരണ സമിതി)യുടെ മുന്നറിയിപ്പ് ഇറാനു തിരിച്ചടിയായി.
98 ശതമാനവും മുസ്ലിംകൾ ഉള്ള രാജ്യമാണ് 1935 വരെ പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ. ഒരിക്കൽ റഷ്യയുടെയും ബ്രിട്ടന്റെയും നിയന്ത്രണത്തിലായിരുന്ന ഇറാനിൽ പിന്നീട് ഷാമാരുടെ രാജഭരണമായിരുന്നു. 1941ൽ അധികാരമേറ്റ ഒടുവിലത്തെ ഷാ മുഹമ്മദ് റേസ പഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ആയത്തുള്ളമാർ അധികാരത്തിലെത്തിയത്. പർദ നിരോധിക്കുകയും മതേതര വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തിരുന്ന കാലത്തുനിന്ന് ഇസ്ലാമിക ഭരണത്തിലേക്ക് ഇറാൻ എടുത്തെറിയപ്പെട്ടു. വിപ്ലവത്തിനു മുന്‍പ് ഇസ്രയേലുമായി സഹകരണത്തിലായിരുന്ന ഇറാൻ പിന്നീടുള്ള 47 വർഷവും ശത്രുവായിരുന്നു.
ഗാസയിലെ ഹമാസിനെയും ലെബനോനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂതികളെയും ഇസ്രയേലിനു ചുറ്റും നിരത്തി. ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്താലല്ലാതെ തങ്ങൾക്കു സമാധാനമായി ജീവിക്കാനാകില്ലെന്ന് ആവർത്തിച്ചു പറയുന്ന ഇസ്രയേൽ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ അവസരമാക്കി ഹമാസിനെയും ഹിസ്ബുള്ളയെയും ഏതാണ്ടു നിർവീര്യമാക്കി. അതിന്റെ തുടർച്ചയാണ് അമേരിക്കൻ സഹായത്തോടെയുള്ള ഇപ്പോഴത്തെ ഇറാൻ ആക്രമണം.
ഇത് ഒരൊറ്റ പദ്ധതിയുടെ ഭാഗമാണ്. ഇസ്ലാമിക തീവ്രവാദ ഭരണകൂടമായ ഇറാന്റെ ആണവ സന്പുഷ്ടീകരണം പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലൂടെ മേഖലയെ നിയന്ത്രിക്കുന്ന അമേരിക്കയെയും ആശങ്കയിലാക്കി. ജനാധിപത്യത്തിലെ വകതിരിവില്ലാത്ത ഏകാധിപതിയായി ലോകം കാണുന്ന ട്രംപിന്റെ രണ്ടാം ഭരണം ചർച്ചകളുടെ പുകമറയിൽ യുദ്ധം അഴിച്ചുവിട്ടു. തങ്ങളാണ് മേന്മയേറിയവർ എന്നു കരുതി എപ്പോഴും മറ്റുള്ളവരോടു ക്രോധത്തിൽ കഴിയുന്ന ട്രംപ് ഇതിന് ഐതിഹാസിക ക്രോധമെന്നു പേരുമിട്ടു.
ഇറാനിലേക്കു വന്നൽ, 2022ൽ ശിരോവസ്ത്രത്തിനിടയിലൂടെ കാണപ്പെട്ട മുടിനാരിന്റെ പേരിൽ കൊല്ലപ്പെടേണ്ടിവന്ന മഹ്സ അമീനിയുടെ മൃതദേഹത്തിൽ മുതൽ 2024ൽ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞ പർദകളിലും ഹിജാബുകളിലും കത്തിച്ച സിഗരറ്റിലുംവരെ ഖമനെയ്യുടെ ശിക്ഷാവിധി എഴുതപ്പെട്ടിരുന്നു. പ്രതിഷേധിക്കുന്നവർക്കായി ഉയർത്തപ്പെട്ട കഴുമരങ്ങളുടെ കരിനിഴലുകളിൽ അയാൾ സ്വന്തം കബറും തോണ്ടി. ഒപ്പം പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥതയും സന്പന്ന-ദരിദ്ര അന്തരവും എല്ലാത്തിലുമുപരി പുരോഹിതഭരണവും അസഹ്യമായതോടെ ജനം തെരുവിലിറങ്ങി.
അവരുടെ പ്രതീക്ഷ ഇസ്രയേലും അമേരിക്കയുമായിരുന്നു എന്നത് രഹസ്യമല്ല. ഒടുവിൽ ആ സഹായമെത്തി. ഖമനെയ്യുടെ മകൻ മൊജ്തബ ഖമേനി ഉൾപ്പെടെയുള്ളവർ പിൻഗാമിയാകാനിടയുണ്ടെങ്കിലും യുദ്ധ പശ്ചാത്തലത്തിൽ അവരുടെ ജീവൻ വച്ചു കളിച്ചേക്കില്ല. കമാൻഡറെ നഷ്ടപ്പെട്ട മതപട്ടാളമായ റവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ നീക്കങ്ങളും നിർണായകമാണ്. ഭരണമാറ്റം ലക്ഷ്യമിടുന്ന അമേരിക്ക സൈന്യത്തോട് ആയുധം വച്ചു കീഴടങ്ങാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും യുദ്ധം ജയിച്ചാൽ അവരുടെ പാവ സർക്കാർ ഉണ്ടാകും. ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ, മുഹമ്മദ് റെസ പഹ്ലവിയുടെ അമേരിക്കയിൽ കഴിയുന്ന മൂത്ത പുത്രൻ റെസ പഹ്ലവിയെയോ തങ്ങളുടെ ആജ്ഞാനുവർത്തിയായിരിക്കുമെന്ന് ഉറപ്പുള്ളയാളെയോ അധികാരത്തിലെത്തിക്കാനാണ് അമേരിക്ക ശ്രമിക്കുക. ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പണവും പ്രാണനും കളഞ്ഞു പിൻവാങ്ങിയ അമേരിക്കൻ ചരിത്രം ആവർത്തിക്കുമോയെന്നും കാത്തിരുന്നു കാണണം.
രാഷ്ട്രീയ നിരീക്ഷണങ്ങൾക്കപ്പുറം ഖമനെയ് വധത്തിൽ ഇറാനിലെ സ്വാതന്ത്ര്യമോഹികളുടെ വാക്കുകളും പ്രസക്തമാണ്. “ഇതൊരു സ്വപ്നമാണോ? ജനങ്ങൾ ഖമനെയ്യാൽ കൊല്ലപ്പെടുന്ന വാർത്തകൾ വായിച്ചാണ് ഞങ്ങളുടെ ദിവസങ്ങൾ തുടങ്ങിയിരുന്നത്. ആദ്യമായാണ് ഒരു സന്തോഷവാർത്തയോടെ എന്റെ പ്രഭാതം തുടങ്ങിയത്. എനിക്കിത് ഓടിനടന്ന് എല്ലാവരോടും വിളിച്ചു പറയണം’’- ഇറാനിയൻ മനുഷ്യവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ മാസിഹ് അലിനെജാദ്.
ശിരോവസ്ത്രത്തിലൂടെ മുടി പുറത്തുവന്നതിനു കൊല്ലപ്പെട്ട മഹ്സ അമീനി കബറിലൊന്നു നിവർന്നു കിടന്നിട്ടുണ്ടാകും.
Editorial
കെഎസ്യുക്കാരുടെ മർദനത്തിൽ മന്ത്രി വീണാ ജോർജിനു പരിക്കേറ്റെങ്കിൽ അതീവ ഗുരുതരമായ കുറ്റമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേ തീരൂ. അക്രമത്തെ പ്രതിഷേധമെന്നു വിളിച്ചു ന്യായീകരിക്കാനാകില്ല. 2013ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎം മുൻ നേതാവ് പറഞ്ഞതുപോലെ, പുതിയ കാലത്ത് പുതിയ സമരമുറകളാണ് ആവശ്യം.
അതേസമയം, എസ്എഫ്ഐക്കാർ ഉൾപ്പെടെ സിപിഎമ്മുകാർ പലയിടത്തും അക്രമം അഴിച്ചുവിടുകയാണെങ്കിലും സംഭവത്തിന്റെ, ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളിൽ മന്ത്രി വീണയെ കെഎസ്യുക്കാർ മർദിക്കുന്ന ദൃശ്യങ്ങളിലില്ലാത്തത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിയുടേതു നാടകമാണെന്ന കോൺഗ്രസ് ആരോപണത്തിന്റെ നിജസ്ഥിതി എന്തായാലും, ഇതിന്റെ പേരിൽ അരങ്ങേറുന്ന അക്രമങ്ങൾ നാടിനു മാത്രമല്ല, എൽഡിഎഫിനും ദോഷമാകും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്നരയ്ക്കുള്ള വന്ദേഭാരത് ട്രെയിനിൽ കയറാനെത്തിയ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്കു പോകുന്നതിനിടെ ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് നീക്കിയതോടെ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്കു പോകുകയും ചെയ്തു. മൂന്നാം പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് കഴുത്തിനു പരിക്കുപറ്റിയെന്നു പറഞ്ഞ് മന്ത്രി പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ ഇരുന്നത്.
ഈ സമയം അവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനോടും മന്ത്രി വിവരം പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയും യാത്ര റദ്ദാക്കി മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റുകയും ചെയ്തു. ഏതായാലും മന്ത്രിക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് ആശ്വാസകരമാണ്. പക്ഷേ, ഇതിനോടകം പുറത്ത് സിപിഎമ്മുകാരുടെ അക്രമങ്ങൾ അരങ്ങേറി.
കോൺഗ്രസ് ഓഫീസുകൾ തകർക്കുകയും പുതുയുഗ യാത്രയുടേതുൾപ്പെടെയുള്ള പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുകയും പാർട്ടി ഓഫീസിനു മുന്നിൽ റീത്ത് വയ്ക്കുകയുമൊക്കെ ചെയ്തു. കണ്ണൂർ ഡിസിസി ഓഫീസിനു നേർക്കുണ്ടായ കല്ലേറിൽ ഓഫീസിലുണ്ടായിരുന്നവർക്കു പരിക്കേറ്റു. ആരും കാണാത്ത ഒരു ആക്രമണത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകർക്കുന്നതു കേരളം കാണുന്നുണ്ട്.
വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ലെന്നും ഇതിനെതിരേ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. പക്ഷേ, ആരോപണം സ്ഥിരീകരിക്കുന്ന ഒരു ദൃശ്യവും ഇതുവരെയില്ല. ലഭ്യമായ ദൃശ്യങ്ങളിൽ, പ്രതിഷേധക്കാരെ പോലീസ് തടയുന്നതും ബലമായി നീക്കംചെയ്യുന്നതും മന്ത്രി പ്രതിഷേധക്കാരോട് കയർക്കുന്നതും വനിതാ പോലീസടക്കം മന്ത്രിക്കു വലയം തീർത്ത് സംരക്ഷണം ഒരുക്കുന്നതും വ്യക്തമാണ്. സിപിഎം പുറത്തുവിട്ട ചിത്രത്തിൽ കരിങ്കൊടിയുടെ ദൃശ്യമുണ്ടെന്നു പ്രചരിപ്പിച്ചിരുന്നു.
പക്ഷേ, ആ കറുപ്പ് മന്ത്രിയുടെ ഗൺമാന്റേതാണെന്ന വാദത്തെ ഖണ്ഡിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടുമില്ല. ഗൺമാൻ ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിക്കു പരിക്കേറ്റതാണോയെന്നും അന്വേഷിക്കേണ്ടതാണ്. കാരണം, മന്ത്രിയുടെ കഴുത്തിനു വേദനയുണ്ടോയെന്നതല്ല, അതു പ്രതിഷേധക്കാർ ആക്രമിച്ചതിന്റെ ഫലമാണോയെന്നതാണ് പ്രധാനം. ആയുധവുമായെത്തി ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. അതു കോടതിയിൽ തെളിയിച്ച് കുറ്റക്കാരെ ശിക്ഷിക്കട്ടെ. പക്ഷേ, അതിനു പകരം അക്രമങ്ങൾ അഴിച്ചുവിട്ട് നാട്ടിൽ അരാജകത്വം സൃഷ്ടിക്കരുത്.
കേരളത്തിലെ ആരോഗ്യരംഗം അത്ര അഭിമാനകരമായ രീതിയിലല്ല ഇപ്പോഴുള്ളത്. ആവർത്തിച്ചുണ്ടാകുന്ന ചികിത്സാപ്പിഴവുകളും മരുന്നിന്റെയും ഉപകരണങ്ങളുടെയും ദൗർലഭ്യവും അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ തുടർച്ചയായി വാർത്തയാകുന്നത് ആരോഗ്യമന്ത്രിയുടെ മാത്രം കുറ്റമല്ല. സംസ്ഥാനത്തിന്റെ സാന്പത്തിക പരാധീനതകളും ‘സിസ്റ്റത്തിന്റെ പരാജയ’വുമൊക്കെ ഉണ്ടാകാം.
പക്ഷേ, ഉത്തരവാദിത്വമുള്ള മന്ത്രി ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നേരിടേണ്ടിവരും. അത്തരം പ്രതിഷേധങ്ങളിൽനിന്ന് ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ വിട്ടുനിൽക്കുന്നത് സിപിഎം ഭരിക്കുന്നതുകൊണ്ടാണല്ലോ. പക്ഷേ, അക്രമങ്ങളെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎമ്മുകാരനായിരുന്ന സി.ഒ.ടി. നസീർ പറഞ്ഞതുപോലെ പഴഞ്ചൻ സമരമുറകൾ ഉപേക്ഷിക്കേണ്ടതുണ്ട്.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങളൊന്നും മന്ത്രിക്കെതിരേയുള്ള ആക്രമണത്തെ സാധൂകരിക്കുന്നില്ലാത്തതിനാൽ മുതിർന്ന നേതാക്കൾ പ്രകോപന പ്രസ്താവനകൾ ഒഴിവാക്കണം. പൊതുമുതലോ സ്വകാര്യമുതലോ നശിപ്പിക്കുന്ന സമരമാർഗങ്ങൾ ഉപേക്ഷിക്കണം. നാടിനു മാത്രമല്ല, പാർട്ടിക്കും ഇതു നഷ്ടമേ ഉണ്ടാക്കൂ.
Editorial
തൊടുപുഴ മുതലക്കോടത്തെ കുപ്രസിദ്ധമായ കലുങ്കിന്റെ പണി പൊതുമരാമത്തു വകുപ്പ് തുടങ്ങി കേട്ടോ. 10 ദിവസം മുന്പായിരുന്നെങ്കിൽ ജെയിസ് എന്ന ബൈക്ക് യാത്രികൻ ആ കുഴിയിൽ വീണു മരിക്കില്ലായിരുന്നു.15 കൊല്ലം നിരവധി അപകടങ്ങളുണ്ടായിട്ടും സാങ്കേതികത്വത്തിനുമുകളിൽ അടയിരുന്നവരാണ് അപകടം നടന്ന് 24 മണിക്കൂറിനകം പണി തുടങ്ങിയത്.
തിങ്കളാഴ്ച കോഴിക്കോട് വലിയങ്ങാടിയിൽ നാലു പേരെ കൊലയ്ക്കു കൊടുത്തതിന്റെ പിറ്റേന്ന്, ആ കെട്ടിടം അപകടാവസ്ഥയിലാണെന്നും വ്യാപാരികൾ ഒഴിയണമെന്നും കോർപറേഷൻ നോട്ടീസ് പതിച്ചിരിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗശൂന്യമായ കെട്ടിടം വീണു സ്ത്രീ മരിച്ച സംഭവത്തിലുൾപ്പെടെ ഇതേ നാടകങ്ങളാണു കേരളം കണ്ടത്.
ഇനിയുമുണ്ട് ബലിയാടുകൾക്കു കാത്തിരിക്കുന്ന നൂറുകണക്കിനു പ്രേതനിലയങ്ങളും മരണക്കെണികളും. പക്ഷേ, സർക്കാർ കാര്യം മുറപോലെയാണ്. ഒരാളെയെങ്കിലും കൊലയ്ക്കു കൊടുക്കുന്ന മുറയ്ക്കേ നടപടിയുണ്ടാകൂ. എന്നാണ് ഈ ഉദ്യോഗസ്ഥരെക്കൊണ്ടു പണിയെടുപ്പിക്കാൻ ശേഷിയുള്ള ഭരണകർത്താക്കളുണ്ടാകുന്നത്? കോഴിക്കോട്ട് മരിച്ച മനുഷ്യർ സർക്കാരിന് നാലു മൃതദേഹങ്ങളാണ്. പക്ഷേ, നട്ടെല്ലൊടിഞ്ഞ നാലു കുടുംബങ്ങളുടെ കാര്യം അങ്ങനെയല്ല.
ആ വീടുകൾ ഇനിയൊരിക്കലും പഴയതുപോലെയാകില്ല. അഷ്റഫ്, ബഷീര്‍, അബ്ദുള്‍ ജബ്ബാര്‍, വിനോദന്‍ എന്നിവരാണു മരിച്ചത്. കടയിലേക്കുള്ള ചരക്ക് ഇറക്കിയശേഷം ഷട്ടറിനോടു ചേര്‍ന്നുള്ള തറയിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർക്കു മുകളിലേക്കാണ് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണത്. ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികള്‍ രക്ഷപ്പെട്ടു.
ഒരാൾക്കു പരിക്കേറ്റു. ആരാണ് ഉത്തരവാദികൾ? അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും കച്ചവടം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കോര്പറേഷന് എന്‍ജിനിയറിംഗ് വിഭാഗം 2024ൽ നല്കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിഞ്ഞ് നാലു മനുഷ്യരെ കൊലയ്ക്കു കൊടുത്തവർ മറുപടി പറയണം. എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും അംഗീകരിച്ചില്ലെന്ന വാർത്തകൾ ശരിയാണെങ്കിൽ കേസെടുക്കണം.
പക്ഷേ, അതു സംഭവിക്കാറില്ല. കോട്ടയം മെഡിക്കൽ കോളജ്, തൊടുപുഴ, വലിയങ്ങാടി... ആംബുലൻസുകൾ ഇനിയും ഓടേണ്ടിവരും; മോർച്ചറികളിലേക്ക്. പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധ വഴിപാടിലാണ്. കോർപറേഷൻ അംഗങ്ങളാണെങ്കിലും തങ്ങൾക്ക് ഇതിലൊന്നും പങ്കില്ലെന്നു നാട്ടുകാരെ ബോധിപ്പിക്കാനുള്ള വേഷംകെട്ടൽ! വലിയങ്ങാടിയിലെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നും കോർപറേഷൻ നടപടിയെടുത്തില്ലെന്നതും നാലു മനുഷ്യജീവനുകളെ വെള്ള പുതപ്പിക്കുവോളം അറിഞ്ഞില്ലെങ്കിൽ ജനപ്രതിനിധികളെന്ന നിലയിൽ നിങ്ങൾ അയോഗ്യരാണ്.
വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ 16 കെട്ടിടങ്ങൾ അപകടഭീഷണിയിലാണെന്ന എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് നിലവിലുണ്ട്. പ്രതിഷേധപ്രഹസനം കഴിഞ്ഞെങ്കിൽ പോയി ആ 16 കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ തങ്ങളുടെ സ്ഥാനമാനങ്ങൾ ഉപയോഗിക്കൂ. തൊടുപുഴയിൽ യുഡിഎഫാണു ഭരിക്കുന്നത്. ജെയിസിന്റെ മരണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നോ? അവിടെയും പ്രതിപക്ഷത്തിന്റെ നാടകമുണ്ടായിരുന്നു.
തൊടുപുഴയിലെ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരായാലും നഗരസഭയായാലും കോഴിക്കോട് കോർപറേഷൻ ഭരണസമിതിയായാലും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരായാലും കണ്ണിൽ പൊടിയിടുന്ന റിപ്പോർട്ടുകളിൽ ഇവരൊക്കെ നിരപരാധികളാകും. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക വച്ചു മറന്ന ഡോക്ടറെ ‘വിദഗ്ധ സമിതി’ കുറ്റവിമുക്തയാക്കിയത് നൊടിയിടയിലാണ്.
ആരു ഭരിച്ചാലും ഈ സംസ്ഥാനത്തു ചില കീഴ്വഴക്കങ്ങളുണ്ട്. അത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അന്തർധാരയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ഭരിക്കുന്നവർ വിചാരിക്കണം. തൊടുപുഴയിൽ അപകടമുണ്ടായതിന്റെ പിറ്റേന്നു മുതൽ ആപത്കരമായ സ്ഥലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് മാധ്യമങ്ങൾ. പലയിടങ്ങളിലേക്കും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
തൊടുപുഴയിലും കോഴിക്കോട്ടും മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മനുഷ്യജീവനുവേണ്ടി വായപൊളിച്ചിരിക്കുന്ന കുണ്ടും കുഴിയും പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെയുണ്ട്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിചാരിച്ചാൽ അതു പരിഹരിക്കാനാകും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ആഘോഷകാലം കഴിഞ്ഞെങ്കിൽ, വാർഡുകളിലേക്ക് ഇറങ്ങിയാൽ കണ്ടെത്താനാകാത്ത ഒരു അപകടസാധ്യതയുമില്ല.
പാർട്ടികൾ തങ്ങളുടെ തദ്ദേശ സ്ഥാപന അംഗങ്ങളോടു പറഞ്ഞുകൊടുക്കട്ടെ, എങ്ങനെയാണ് പണിയെടുക്കേണ്ടതെന്ന്; എങ്ങനെയാണ് ഉദ്യോഗസ്ഥരെക്കൊണ്ടു പണിയെടുപ്പിക്കേണ്ടതെന്ന്.
Editorial
ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്.
പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല.
നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണ് ആക്രമണം. 70 തീവ്രവാദികളെ വധിച്ചെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, സ്ത്രീകളും കുട്ടികളും അടക്കമുള്ള പൗരരാണു കൊല്ലപ്പെട്ടതെന്ന് താലിബാൻ അറിയിച്ചു.
പാക്കിസ്ഥാനെ ആക്രമിക്കുന്ന ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്‍കുന്നതിനുള്ള മറുപടിയാണിതെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു. പഹൽഗാം ആക്രമണത്തിനു പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച ഇന്ത്യ പറഞ്ഞ അതേ മറുപടി. സമാന ആരോപണത്തിൽ കഴിഞ്ഞ ഒക്ടോബറിലും പാക് സേന അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും അഫ്ഗാൻ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു. 2021ൽ അമേരിക്കൻ സേന പിൻവാങ്ങിയതുമുതൽ ഈ തീവ്രവാദ കൊടുക്കൽ വാങ്ങലുകൾ സജീവമാണ്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക്-ഇ-താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്-ഖുറാസാൻ പ്രവിശ്യ ഭീകരരുടെ ഏഴു താവളങ്ങളാണ് ആക്രമിച്ചത്. പാക്കിസ്ഥാൻ തീറ്റിപ്പോറ്റുന്നതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്കർ-ഇ-തോയിബയും അതിന്റെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ടുമാണ് (ടിആർഎഫ്) 2025 ഏപ്രിലിൽ കാഷ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇന്ത്യ അതിർത്തിക്കപ്പുറത്തെത്തി തിരിച്ചടിക്കുകയും ചെയ്തു. അതിനെതിരേ ലോകവേദികളിലെല്ലാം പരാതിയുമായി അലഞ്ഞുനടന്ന പാക്കിസ്ഥാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തിയിരിക്കുന്നു.
തിരിച്ചടിയുണ്ടാകുമെന്ന് അഫ്ഗാനിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയും സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളോടുള്ള സഹാനുഭൂതിയല്ല, അടുത്തയിടെ അവരുമായി സ്ഥാപിച്ച നയതന്ത്ര ബന്ധവും ഇന്ത്യക്കെതിരേ ഭീകരരെ വളർത്തുന്ന ശത്രുവിന്റെ ശത്രുവിനോടുള്ള മൈത്രിയും മാത്രമാണെന്നേ കരുതാനാകൂ. പാക്കിസ്ഥാൻ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറയുന്നതു കേൾക്കണം: “അഫ്ഗാനിസ്ഥാൻ ഏറെക്കാലമായി തീവ്രവാദം കയറ്റുമതി ചെയ്യുകയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.” പക്ഷേ, തങ്ങൾ തീവ്രവാദം കയറ്റി അയയ്ക്കുന്ന ഇന്ത്യക്ക് അത്തരം അവകാശങ്ങളുള്ളതായി അവർക്കു തോന്നുന്നില്ല.
തീവ്രവാദസംഘടനകളെ പണവും ആയുധവും നൽകി വളർത്തി ഇന്ത്യക്കെതിരേ ഉപയോഗിക്കുകയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ, ആഗോളതീവ്രവാദത്തിന്റെ ഏഷ്യൻ ഫാക്ടറിയും സ്ത്രീകളുടെ തടവറയും ഇസ്ലാമിക മതമൗലികവാദത്തിന്റെ വിസ്മയവുമായ അഫ്ഗാനെ ആക്രമിക്കുന്പോൾ ജനാധിപത്യ-മതേതര ലോകത്തിന് കാര്യമായൊന്നും ചെയ്യാനില്ല. രണ്ടും തീവ്രവാദ സാഹോദര്യം പങ്കുവയ്ക്കുന്നവരാണ്. ലോകസമാധാനം കെടുത്തുക മാത്രമല്ല, സ്വന്തം ജനങ്ങളെ അത് അപരിഷ്കൃത ലോകത്ത് തളച്ചിടുകയും ചെയ്യുന്നു.
പാക്കിസ്ഥാനിലെ താലിബാൻ കേന്ദ്രമായിരുന്ന സ്വാത് താഴ്വരയിൽ സ്കൂളിൽ പോയതിനും താലിബാനെ വിമർശിച്ചതിനും വെടിയേറ്റുവീഴുകയും പിന്നീട് അതിജീവിച്ച് ലണ്ടനിൽ താമസമാക്കുകയും ചെയ്ത മലാല യൂസഫ് സായിയുടെ വാക്യം വിലപ്പെട്ടതാണ്. “തീവ്രവാദിയെ തോക്കുകൾകൊണ്ടു കൊല്ലാനാകും. പക്ഷേ, തീവ്രവാദത്തെ കൊല്ലാൻ വിദ്യാഭ്യാസത്തിനേ കഴിയൂ.” തീവ്രവാദത്തിനുള്ള മരുന്ന് അതിലും ലളിതമായി മറ്റാരും കുറിച്ചിട്ടില്ല. മലാല പറഞ്ഞത്, മതവിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കില്ല.
Editorial
“ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതുകൊണ്ടു മാത്രം രോഗിക്കു പ്രത്യാഘാതങ്ങളൊന്നുമുണ്ടാകില്ല. 50 കൊല്ലം അതവിടെ ഇരുന്നാലും കുഴപ്പമില്ല.” ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക ഇന്നലെ നിസാരമായി പറഞ്ഞ വാക്കുകളാണ്.
ഏതെങ്കിലും പ്രമുഖരുടെയോ സ്വന്തം കുടുംബാംഗങ്ങളുടെയോ കാര്യത്തിൽ അവർ ഇതുതന്നെ പറയുമോ? പാവപ്പെട്ട രോഗികളോടുള്ള ഈ ഉദാസീനത നമ്മുടെ ആരോഗ്യമേഖലയുടെ മുഖമുദ്രയെന്നു പറയുന്നില്ല. പക്ഷേ, ശസ്ത്രക്രിയാ പിഴവിനെ നിസാരവത്കരിക്കാനുള്ള ആ അഭ്യാസം, ഡോക്ടർമാർ പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ രോഗിക്കു നീതി കിട്ടില്ലെന്ന, കഴന്പുള്ള പൊതുബോധത്തെ ഊട്ടിയുറപ്പിക്കും. ഇപ്പോൾ സമരം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടർമാരോടുള്ള ജനങ്ങളുടെ സമീപനത്തെയും അതു ബാധിക്കും. അവകാശങ്ങൾ രോഗികൾക്കുമുണ്ടെന്ന് മറക്കരുത്.
ഡോക്ടർമാരുടെ സമരവും രോഗികളുടെ യാതനയും മനുഷ്യത്വപരമായി പരിഹരിക്കേണ്ടതാണ്. പക്ഷേ, ഡോക്ടർമാരുടേതു ജീവിതവും രോഗികളുടേതു ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് രോഗികളുടെ യാതനയ്ക്കാണു മുൻഗണന നൽകേണ്ടത്. അതിൽ ഏറ്റവും പുതിയത്, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയുടെ വയറ്റിൽ 10 സെന്റിമീറ്റർ വലുപ്പമുള്ള കത്രിക മറന്നുവച്ചതാണ്.
വയറ്റിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് 2021 മേയിൽ ശസ്ത്രക്രിയ നടത്തിയത്. അന്നുമുതൽ വേദന തുടങ്ങിയെങ്കിലും കാരണം കണ്ടുപിടിച്ചില്ല. കഴിഞ്ഞദിവസങ്ങളിൽ മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടുപിടിച്ചത്. ഇതു വാർത്തയായപ്പോഴാണ് ശസ്ത്രക്രിയ നടന്ന സമയത്തെ വകുപ്പു മേധാവിയായിരുന്ന ഡോക്ടർ ഇതത്ര ഗൗരവമുള്ള കാര്യമല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചത്. മാത്രമല്ല, അതിനു മുന്പെന്നോ നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്ന സൂചനയും നൽകി.
പക്ഷേ, ആ വാദം നിലനിൽക്കില്ലെന്നു കണ്ടാണോ എന്നറിയില്ല, മെഡിക്കൽ കോളജ് അധികൃതർതന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ രജിസ്റ്ററിൽനിന്നു കണ്ടെത്തി വാർത്താസമ്മേളനം നടത്തി. ഡോക്ടർമാർക്കു കൈക്കൂലി നൽകിയെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഡോക്ടർമാരിൽ പലരും ശസ്ത്രക്രിയയ്ക്കു മുന്‍പ് കൈക്കൂലി വാങ്ങുന്നവരാണെന്നത് രഹസ്യമൊന്നുമല്ല.
കഴിഞ്ഞദിവസം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ഡോ. ബിന്ദു സുന്ദറിനു സ്ഥലംമാറ്റം നൽകി പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെയാണ് സസ്പെൻഷൻ ഉണ്ടായത്. അവർക്കും കൈക്കൂലി കൊടുത്തെന്നാണ് ആരോപണം. ഇതേ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്തേക്ക് പോകുന്നവിധം ദുരിതത്തിലായ വാർത്ത പുറത്തുവന്നതും ദിവസങ്ങൾക്കു മുന്‍പാണ്.
തുടർന്നു പല ശസ്ത്രക്രിയകൾക്കു യുവതി വിധേയയായിട്ടും പ്രശ്നം പരിഹരിച്ചില്ല. അന്വേഷണവും റിപ്പോർട്ടുകളും മുറയ്ക്കു നടക്കുമെന്നല്ലാതെ ഡോക്ടർമാർ ശിക്ഷിക്കപ്പെടുന്ന കേസുകൾ രാജ്യത്തുതന്നെ അത്യപൂർവമാണ്. എത്ര വലിയ ചികിത്സാപ്പിഴവുകളുണ്ടായാലും രോഗിയുടെ ജീവൻ നഷ്ടപ്പെട്ടാലും അന്വേഷണം നടത്തുന്ന സമിതി ഡോക്ടർമാരുടേതായിരിക്കും. അവരുടെ വെളുപ്പിക്കൽ റിപ്പോർട്ട് മിക്കവാറും ഡോക്ടർമാർക്ക് അനുകൂലമായിരിക്കുമെന്നതാണ് ചരിത്രം.
നിസ്വാർഥമതികളും കഠിനാധ്വാനികളുമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള കുറെ ജീവനക്കാരുടെ ത്യാഗങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്തെ ശ്രേഷ്ഠമാക്കുന്നുണ്ട്. പക്ഷേ, അവരുടെ പേരിൽ വെളുപ്പിക്കാവുന്ന സ്ഥിതിയിലല്ല ഈ മേഖല. ‘സിസ്റ്റത്തിന്റെ പരാജയ’ത്തെ വ്യക്തികളുടെ വിജയങ്ങൾകൊണ്ടു പരിഹരിക്കാനാകില്ല. രോഗികൾക്കു മുൻഗണന കൊടുക്കുന്നതിന്റെ ഭാഗമാണ്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അമിതജോലി കുറയ്ക്കുകയും സേവന-വേതന വ്യവസ്ഥകൾ പരിഹരിക്കുകയും ചെയ്യേണ്ടത്.
അതും നടക്കുന്നില്ലെന്നതിന്റെ സൂചനയാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇപ്പോൾ നടത്തുന്ന സമരം. ഡോക്ടർമാരുടെ പല ആവശ്യങ്ങളും ന്യായമാണെന്നും ആറാം ദിവസവും രോഗികൾ വലയുകയാണെന്നും സർക്കാർ തിരിച്ചറിയണം. പിജി വിദ്യാർഥികളെയും ഹൗസ് സർജന്മാരെയും വച്ച് ഇതു നീട്ടിക്കൊണ്ടുപോകാനാവില്ല.
ഡയസ്നോൺ പ്രഖ്യാപിക്കുന്നതിനു പകരം, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും ന്യായമല്ലാത്തവയിൽ വിശദീകരണം നടത്തുകയും വേണം. കേന്ദ്രസർക്കാരിനെതിരേ ഹർത്താൽ നടത്തുന്ന ഭരണകക്ഷി, കേന്ദ്രമൊഴിച്ച് മറ്റെല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്നതുപോലെ, തങ്ങളുടെ സമരവും സർക്കാരിനെയല്ല, പാവപ്പെട്ട രോഗികളെയാണു വലയ്ക്കുന്നതെന്ന് ഡോക്ടർമാരും തിരിച്ചറിയണം.
ആരോഗ്യരംഗത്ത് നമ്മുടെ സംസ്ഥാനം ഒന്നാമതെന്നു വീന്പിളക്കാൻ പറ്റുന്നത്, ഇതര സംസ്ഥാനങ്ങളിൽ മിക്കതിന്റെയും സ്ഥിതി പരിതാപകരമായതുകൊണ്ടാണെന്നു തിരിച്ചറയണം. മരുന്നില്ല, ഡോക്ടർമാരില്ല, ശസ്ത്രക്രിയാ ഉപകരണങ്ങളില്ല, ശുചിത്വമില്ല, ശസ്ത്രക്രിയകൾ നീട്ടിവയ്ക്കുന്നു, ഗുരുതരമായ ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്നു, കൈക്കൂലി, അഴിമതി, പിൻവാതിൽ നിയമനങ്ങൾ... തുടങ്ങിയവ ആരോപണങ്ങൾ മാത്രമാണോ? താരതമ്യംകൊണ്ട് ഒന്നാമതാകാം, മികച്ചതാകണമെന്നില്ല.
ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച കത്രികയുടെ വേദനയുമായി നടക്കുന്ന രോഗിയും, ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി ഡോക്ടർമാർ നടത്തിക്കൊണ്ടിരിക്കുന്ന സമരവും ഈ മികവില്ലായ്മയുടെ ഈയാഴ്ചയിലെ മാത്രം കാഴ്ചയാണ്. പരസ്യത്തിൽ ഒന്നാമതെന്നു പറയുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. പക്ഷേ, രഹസ്യത്തിൽപോലും മികച്ചതെന്നു പറയുന്നത് നമ്മെ അലസരാക്കുകയും പാവപ്പെട്ട രോഗികളുടെ ആരോഗ്യത്തിനു ഹാനികരമാകുകയും ചെയ്യും.
Editorial
മികച്ച കർഷകനുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. സംസ്ഥാന ഹോർട്ടികോർപിന്റെ ഹൈബ്രിഡ് കൃഷിക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ പച്ചക്കറി കർഷകൻ ഏലിയാസ് ജീവനൊടുക്കി. വിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെ പച്ചക്കറി കൃഷിക്കുള്ള സബ്സിഡി തുകയിൽനിന്ന് 1,03,000 രൂപ അനുവദിക്കാൻ തീരുമാനിച്ചത്രേ. ഈ തുക നേരത്തേ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ഒരു പക്ഷേ ആത്മഹത്യ ചെയ്യില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതു ശരിയാണെങ്കിൽ, ചെറിയൊരു ആശ്വാസമാകേണ്ടിയിരുന്ന ആ തുക റീത്താക്കി മാറ്റിയതാരാണ്? ഉദ്യോഗസ്ഥരാണോ? സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തണലിൽ, വനം വകുപ്പിലേത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥപ്രഭുക്കൾ ഏതാണ്ട് അസാധ്യമാക്കിത്തീർത്ത, കാർഷികവൃത്തി കർഷകർക്കു തിരിച്ചുകൊടുക്കണം. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധ ഘടകങ്ങൾക്കെതിരേ സമരം നടത്തുന്നതിനൊപ്പം നാട്ടിലെ കാര്യംകൂടി പരിഗണിക്കണം.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനായിരുന്ന അമ്പാട്ട് ഏലിയാസിന്റെ കഥ കേരളത്തിലെ ആയിരക്കണക്കിനു കർഷകരുടെ ജീവിതത്തിന്റെ നേർചിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി പച്ചക്കറി ഉത്പാദിപ്പിച്ചുപോന്ന കർഷകനായിരുന്നെങ്കിലും കാർഷികമേഖലയിലെ വെല്ലുവിളികളും സാന്പത്തിക പ്രതിസന്ധികളും കാരണം മനോവിഷമത്തിലായിരുന്നെന്ന് ഏലിയാസിനു ഭൂമി പാട്ടത്തിന് നൽകിയ ജേക്കബ് എന്നയാൾ പറഞ്ഞു. കൃഷിക്കെടുത്ത വായ്പകളുടെ തിരിച്ചടവു മുടങ്ങി. മുൻകാല നഷ്ടങ്ങൾ പരിഹരിക്കാൻ കൂടുതൽ സ്ഥലത്ത് പണമിറക്കി കൃഷി ചെയ്തെങ്കിലും കൃഷി ലാഭകരമല്ലാതായി, കടം കുമിഞ്ഞുകൂടി. സംസ്ഥാന-ജില്ലാ-പ്രാദേശിക തലത്തിൽ നിരവധി അവാർഡുകൾ നേടിയ ഏലിയാസ് നിലവിൽ വാഴയും പച്ചക്കറിയും കൃഷി ചെയ്തു വരികയായിരുന്നു. നേന്ത്രക്കായയുടെ വില ഇപ്പോൾ കുത്തനെ ഇടിഞ്ഞതും ഏലിയാസിനു തിരിച്ചടിയായി. സർക്കാർ പിന്തുണയില്ലാതായതോടെ ലോട്ടറിയെടുക്കുന്നവരുടെ പ്രതീക്ഷപോലും കർഷകർക്കില്ലാതായി.
കർഷകർ നിലനിൽപ്പിനായി ഉന്നയിക്കുന്ന ആവശ്യങ്ങളെ സർക്കാരും രാഷ്ട്രീയ നേതാക്കളും എത്രമാത്രം അവഗണിക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണമാണ് കർഷക സ്വരാജ് സത്യഗ്രഹസമരത്തോടുള്ള സമീപനം. കഴിഞ്ഞ ഓഗസ്റ്റ് 15ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. ഈ റിപ്പബ്ലിക് ദിനം മുതൽ ഈരാറ്റുപേട്ടയിലും സത്യഗ്രഹസമരം നടക്കുന്നു. കർഷക സ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സത്യഗ്രഹം പന്ത്രണ്ട് ദിനം പിന്നിട്ടുകഴിഞ്ഞു. ഒരു ചർച്ചയ്ക്കുപോലും സർക്കാർ തയാറായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും വേണ്ട പരിഗണന നൽകുന്നില്ല.
പന്നിയും ആനയുമുൾപ്പെടെയുള്ള വന്യജീവികൾ ഏതു നിമിഷവുമെത്തി കൃഷി നശിപ്പിക്കും, മനുഷ്യജീവനെടുക്കും. ഇന്നലെയും കാട്ടുപന്നി ഒരാളെ കൊന്നിരിക്കുന്നു. കഴിഞ്ഞദിവസം പുനലൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് നാടിനു ശല്യമായ പന്നിയെ വെടിവയ്ക്കാനുള്ള അനുമതി, കായികവിനോദത്തിനുള്ള തോക്ക് ലൈസൻസുകാരിൽനിന്നു പിൻവലിച്ച് വനംവകുപ്പ് ഉത്തരവിറക്കിയത്. ഏതാനും ഉദ്യോഗസ്ഥരുടെ യാഥാർഥ്യബോധമില്ലാത്ത തീരുമാനം വനം മന്ത്രി മരവിപ്പിച്ചതല്ലാതെ പിൻവലിച്ചിട്ടില്ല. വർഷങ്ങളായി നെൽകർഷകർ സമാധാനമറിഞ്ഞിട്ടില്ല. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചും വായ്പയെടുത്തും ഉത്പാദിപ്പിക്കുന്ന നെല്ലു സംഭരിച്ചതിന്റെ വില ഈ സർക്കാരിൽനിന്നു വാങ്ങിയെടുക്കുന്നത് കൃഷി നടത്തുന്നതിലും ശ്രമകരമായി. പ്രഖ്യാപനങ്ങളൊന്നും നടപ്പാകുന്നില്ല. വന്യജീവികളേക്കാൾ ശല്യമായി വനംവകുപ്പിന്റെ ശത്രുതാപരമായ ഇടപെടൽ. കേരളത്തിലെ പ്രധാന റോഡുകൾപോലും കൈയടക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പലയിടത്തും കർഷകരുടെ മണ്ണിലും കൈവച്ചുതുടങ്ങി. നാളികേരം കരിക്കാകും മുന്‍പേ കുരങ്ങുകൾ നശിപ്പിക്കും. വളത്തിനും കീടനാശിനികൾക്കും വിലയേറി. പണിക്കൂലി വർധിച്ചു. കാലിത്തീറ്റയ്ക്കു വില വർധിച്ചതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. കർഷകരുടെ അധ്വാനത്തിനു കൂലി കണക്കാക്കിയാൽ കൃഷിയിൽനിന്ന് ഒന്നും ലഭിക്കില്ലെന്നായി. അപ്രതീക്ഷിത വെള്ളപ്പൊക്കവും വരൾച്ചയും വിലയിടിവും ഉണ്ടാകുന്പോൾ കൈത്താങ്ങായി സർക്കാരില്ല. റബർ ഇറക്കുമതിയെക്കുറിച്ച് കേന്ദ്രവും താങ്ങുവിലയെക്കുറിച്ചു സംസ്ഥാനവും നുണ പറയുന്നതിനിടെ റബർകൃഷി ഏതാണ്ട് കടുംവെട്ടിലെത്തി. സർക്കാരിന്റെ കർഷക അവാർഡുകൾ കൃഷിക്കല്ല, ഞാണിന്മേൽ കളിക്കുള്ളതാണ്. ഭാഗ്യ-നിർഭാഗ്യങ്ങൾക്കിടയിലെ ആ മരണക്കളിയിൽ ഒടുവിൽ ഇടറിവീണ കർഷകനാണ് ഏലിയാസ്.
പറഞ്ഞുവരുന്പോൾ, ലോകത്തെ നാലാമത്തെ സാന്പത്തികശക്തിയാണ് ഇന്ത്യ. പക്ഷേ, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഓരോ മണിക്കൂറിലും ഒരു കർഷകനോ കർഷകത്തൊഴിലാളിയോ ജീവനൊടുക്കുകയാണ്. 1995നും 2023നും ഇടയിൽ, ഇന്ത്യയിൽ കുറഞ്ഞത് 3,94,206 കർഷകരും കർഷകത്തൊഴിലാളികളും ജീവനൊടുക്കി. വർഷം ശരാശരി 13,600 മരണം. ഏലിയാസിനെപ്പോലെ എല്ലുമുറിയെ പണിയെടുക്കുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്യുന്നവർക്കുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. അധികാരത്തിലെത്തിയാൽ ഇക്കാര്യത്തിലൊക്കെ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിനുമില്ല പഠനവും പദ്ധതിയും. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധതകളെക്കുറിച്ച് ട്രംപ് പറഞ്ഞുള്ള അറിവല്ലാതെ മറ്റൊന്നും കൃത്യതയോടെ വിശദീകരിക്കാൻ കഴിയാത്ത കേന്ദ്രത്തിൽനിന്നു ഭിന്നമല്ല സംസ്ഥാനത്തെ സ്ഥിതിയും.
കാർഷികമേഖലയെ മുടിപ്പിച്ച കെടുകാര്യസ്ഥതയുടെ മധ്യത്തിലും എങ്ങനെയാണ് കർഷകർ അതിജീവിക്കുന്നത്? നാട്ടിലോ വിദേശത്തോ ജോലിയുള്ള കുടുംബാംഗങ്ങളുടെ വരുമാനംകൊണ്ട്. മറ്റൊരു വരുമാനമാർഗവുമില്ലാത്ത പലരും ആത്മഹത്യാമുനന്പിലാണ്. സർക്കാർ കൊടുക്കേണ്ടത് അവാർഡല്ല; സംഭരിച്ച നെല്ലിന്റെ വില, വളത്തിനും കീടനാശിനിക്കുമുള്ള സബ്സിഡി, കൃഷിച്ചെലവും പണിക്കൂലിയുമെങ്കിലും ഉറപ്പാക്കുന്ന താങ്ങുവില, വിളനാശത്തിനു നഷ്ടപരിഹാരം തുടങ്ങിയവയാണ്. കർഷകരുടെ നികുതിപ്പണംകൊണ്ട് കുറെ വെള്ളാനകളെ തീറ്റിപ്പോറ്റിയതല്ലാതെ, ഈ കൃഷിവകുപ്പിനെക്കൊണ്ട് കൃഷിക്കാർക്കെന്തു കിട്ടിയെന്നാണ്. ജീവനൊടുക്കുന്ന കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കേണ്ടത് സെക്രട്ടേറിയറ്റ് വളപ്പിലാണ്. ഗതികെട്ട കർഷകരുടെ വോട്ട് വാങ്ങിയിട്ട് പ്രസ്താവനകളല്ലാതെ അവരുടെ നീറ്റലുകൾ പരിഹരിക്കാത്ത ഓരോ ജനപ്രതിനിധിയുടെയും പേരിൽ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണം. എത്രകാലമാണ് കർഷകരെ ഇങ്ങനെ വിഷക്കുപ്പിയും കയറുമായി നിർത്തുന്നത്!
Editorial
ഇലപൊഴിയും കാലമാണ്. പക്ഷേ, നമ്മുടെയാരുടെയും മനസിൽനിന്നു സ്നേഹത്തിന്റെ ഒടുവിലത്തെ ഇലയും വീണിട്ടില്ല. കാരണം, വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നു നാലു പേർക്കായി അവയവങ്ങൾ പങ്കുവച്ച ആലിൻ ഷെറിൻ ഏബ്രഹാം എന്ന 10 മാസം തികയാത്ത കുഞ്ഞിനെയോർത്ത് മിഴി നനയാത്തവരില്ല. സ്നേഹ-സാഹോദര്യത്തിന്റെ ഒരൊറ്റ ചിറകടിക്കുമുന്നിൽ തികച്ചും വ്യത്യസ്തരായിരുന്ന നാം അലിഞ്ഞുപോയി. ക്രൈസ്തവർ ഇന്നു വലിയനോന്പിലേക്കു പ്രവേശിക്കുകയാണ്. ആലിൻ തുറന്നിട്ട സ്നേഹസംസ്കാരത്തിന്റെ കിളിവാതിൽക്കൽനിന്നാകട്ടെ തുടക്കം. ജാതി-മത-രാഷ്ട്രീയങ്ങളുടെ പേരിലൊന്നും സഹജീവികളെ വെറുക്കാത്ത മനുഷ്യരാകാൻ ആലിൻസ്മരണ സ്നേഹവിഭൂതിയാകട്ടെ.
ഫെബ്രുവരി അഞ്ചിന്, അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ പോകവേ കോട്ടയം പള്ളം എംസി റോഡിൽ എതിരേവന്ന കാറിടിച്ചാണ് മല്ലപ്പള്ളി കോഴഞ്ചേരി അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിനു പരിക്കേറ്റത്. ചികിത്സയിലിരിക്കേ 13ന് ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കളായ അരുണും ഷെറിനും ഏകമകളുടെ അവയവദാനത്തിനു തീരുമാനിച്ചത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തതു.
10 വയസുകാരി ശ്രേയ വൃക്കകളും മൂന്നു മാസം പ്രായമുള്ള ധ്രിയ കരളും സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിനിന്റെ സംസ്കാരം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഏകമകളുടെ നിശ്ചലമായ ദേഹത്തിനടുത്തുനിന്ന് അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളാണ് അരുണും ഷെറിനും. അവർ കേരളത്തിനു കൊടുത്തിരിക്കുന്നത് തങ്ങളുടെ പൊന്നോമനയുടെ അവയവങ്ങൾ മാത്രമല്ല, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്പന്ദിക്കുന്ന സുവിശേഷമാണ്. മനുഷ്യത്വത്തിന്റെ മസ്തിഷ്കമരണം ഉറപ്പാക്കുന്ന വിദ്വേഷത്തിന്റെ അപകടകാലത്ത് ഇതിൽപ്പരമൊരു സ്നേഹശസ്ത്രക്രിയയുമില്ല. സുഖം പ്രാപിക്കാൻ നമുക്ക് ഒരവസരംകൂടി ലഭിച്ചിരിക്കുന്നു.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ വിടപറഞ്ഞതെന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. അവളുടെ മാതാപിതാക്കൾ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്നു പറഞ്ഞ അദ്ദേഹം ഈ ലോകം മനോഹരമായി നിലനിൽക്കുന്നതുതന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണെന്നും കൂട്ടിച്ചേർത്തു. അടുത്തയിടെപോലും മരണത്തെ വെളിച്ചമാക്കി പറന്നകന്നവർ പലരുണ്ട്.
സ്വിമ്മിംഗ്പൂളിൽ കാൽ തെറ്റിവീണ് ഇക്കഴിഞ്ഞ ഡിസംബറിന്റെ നഷ്ടമായി വിടപറഞ്ഞ കോഴിക്കോട്ടെ ഡോ. അശ്വിൻ താത്പര്യപ്പെട്ടിരുന്നതുപോലെ അദ്ദേഹത്തിന്റെ അവയവങ്ങൾ നാലുപേർക്കു പുതുജീവനേകി. അതിനു തൊട്ടുമുന്‍പ് നവംബറിലാണ് വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശി റോസമ്മയുടെ അവയവങ്ങൾ അഞ്ചുപേർക്കു പുനർജന്മമായത്. ഒക്ടോബറിൽ, കോട്ടയം മെഡിക്കല്‍ കോളജില്‍ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ജയിൽ ഓഫീസർ എ.ആര്. അനീഷിന്റെ അവയവങ്ങൾ എട്ടു പേർക്കു പുതുജീവനായി.
നിരവധി മനുഷ്യരും അവരുടെ ബന്ധുക്കളും മറ്റുള്ളവർക്കു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരുപറ്റം മനുഷ്യർ, മറ്റുള്ളവരുടെ ജീവനെടുത്തും വിദ്വേഷം പ്രചരിപ്പിച്ചും കലാപത്തീ പടർത്തിയും സമൂഹമാധ്യമങ്ങളിൽ വിഷം വിതച്ചും നാടുനിരങ്ങുകയാണ്. അവരോടാണ്, അനേകർക്കു ജീവൻ പങ്കുവച്ച് അകാലത്തിൽ ഭൂമിവിട്ട ആലിൻ എന്ന കുഞ്ഞുമാലാഖ മുതൽ നിരവധിപ്പേർ, മനുഷ്യർ ഒരൊറ്റ കുലമാണേ എന്നോർമിപ്പിക്കുന്നത്. മത്സ്യ-മാംസാദികളുടെ സംയമനപട്ടികയിലൊതുങ്ങുന്നതല്ല നോന്പിന്റെ ആത്മാവെന്നുകൂടിയാണ് അതിന്റെ ഉള്ളടക്കം.
“ഇതാ നിങ്ങൾക്കായി മുറിക്കപ്പെട്ട എന്റെ ശരീരം” എന്ന ദൈവസ്നേഹത്തിന്റെ മാഗ്നകാർട്ടയിൽ സ്വന്തം ശരീരംകൊണ്ട് ഒപ്പുവച്ചവരിലെ മാലാഖക്കുഞ്ഞാണ് ആലിൻ ഷെറിൻ. അവളുടെ മരണം സഹജീവികൾക്ക് ഉയിർപ്പായി. കുഞ്ഞേ... വിദ്വേഷത്തിന്റെയീ ഗ്രീഷ്മകാലത്ത്, നിന്റെയോർമയൊന്നുമതി വിഭൂതിയാൽ മുദ്രവയ്ക്കപ്പെട്ട ഈ നോന്പുകാലം ഉത്ഥാനത്തിന്റെ ചിറകിലുയരാൻ.
Editorial
വന്ദേമാതരം എന്നാൽ, മാതൃഭൂമിയെ വന്ദിക്കുന്നു എന്നാണ് (അമ്മേ, വന്ദനം). നമ്മുടെ ദേശീയഗീതത്തിന്റെ ശീർഷകവും ആദ്യവാക്കും അതാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ, മതപരാമർശമുള്ള ഭാഗം ഒഴിവാക്കിയതിനെ മഹാകവിയായ രബീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിപോലും വിയോജിച്ചിട്ടില്ല. 1950 ജനുവരി 24ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തു.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം.
മുന്‍പിത് ഒരു മിനിറ്റും ഒന്‍പതു സെക്കൻഡുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും രാഷ്ട്രപതിയോ ഗവർണർമാരോ ലെഫ്റ്റനൻഡ് ഗവർണർമാരോ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ ഗീതം ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയഗാനവും പാടേണ്ടതുള്ളപ്പോൾ വന്ദേമാതരം ആദ്യം പാടുകയും എഴുന്നേറ്റു നിൽക്കുകയും വേണം. വന്ദേമാതരത്തിന് ദേശീയഗാനത്തിന്റേതിനു തുല്യമായ പദവി നൽകുന്നതിലല്ല, എല്ലാവരും ഒന്നിച്ചു പാടേണ്ട ആ രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ മാത്രം ഈശ്വരവന്ദനം ഉൾപ്പെടുത്തിയതിലാണ് വിയോജിപ്പ്.
അത് ഇന്ത്യയുടെ മതേതരത്വ ചട്ടക്കൂടിനെ ദുർബലമാക്കുമെന്നും മറ്റെല്ലാ മതസ്ഥരെയും ഉൾക്കൊള്ളാത്തതാണെന്നും മനസിലാക്കിയിട്ടായിരിക്കുമല്ലോ ഈ പിന്നോട്ടുള്ള ചുവട്. ബ്രിട്ടീഷ് ഇന്ത്യയിൽ ദേശഭക്തരുടെ ധ്രുവീകരണത്തിനുതകിയ "വന്ദേമാതരം' സ്വതന്ത്ര ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ഉതകാതിരുന്നെങ്കിൽ! മതപരാമർശങ്ങളുള്ള നാലു ഖണ്ഡങ്ങൾ കൂട്ടിച്ചേർത്താൽ മതേതര രാഷ്ട്രത്തിനാണോ മതരാഷ്ട്രീയത്തിനാണോ ഗുണം? വന്ദേമാതരത്തിന്റേത്, ആവേശോജ്വലമായൊരു ഗീതത്തിന്റെയും സ്വാതന്ത്ര്യസമര നേതാക്കളുടെ പക്വമായ ഇടപെടലുകളുടെയും ചരിത്രമാണ്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. അന്ന്, അതിൽ രണ്ടു ഖണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1870കളിൽ, "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ' എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് ചാറ്റർജി വന്ദേമാതരം രചിച്ചതെന്നു പറയപ്പെടുന്നു. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന കൂടുതൽ ഖണ്ഡങ്ങളോടെ ഗാനം അതിൽ ഉൾപ്പെടുത്തി.
1770ലെ ബംഗാൾ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലായതുകൊണ്ടാവാം അത്തരം കൂട്ടിച്ചേർക്കലുകൾ. 1885ലും 1896ലെ കോൺഗ്രസ് സമ്മേളനത്തിലും രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്. 1937 ഡിസംബറിൽ കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിലാണ് വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആലപിക്കാൻ തീരുമാനിച്ചത്.
"ആനന്ദമഠ'ത്തിലെ പൂർണ വന്ദേമാതരത്തിൽ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന ഭാഗമുള്ളതിനാൽ മുസ്ലിം നേതാക്കളിൽനിന്ന് വിയോജിപ്പുണ്ടായി. ദേശീയനേതാക്കൾക്ക് അതു ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കുകയും ചെയ്തു. ഈ ഒഴിവാക്കലിനെയാണ് ബിജെപി 150-ാം വാർഷികത്തിൽ ദുർവ്യാഖ്യാനങ്ങളിലേക്കു വലിച്ചിഴച്ചത്. 1937ല്‍ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്ലിംകള്ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് 2025 നവംബറിൽ വിവാദത്തിനു തുടക്കമിട്ടത്.
വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള്‍ വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നാമത്, ദേശീയപ്രസ്ഥാനത്തിന്റെ ആ ഒഴിവാക്കൽ തീരുമാനം വിഭജനത്തിനല്ല, ഐക്യത്തിനാണ് കാരണമായത്. രണ്ടാമത്, വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ ഒഴിവാക്കിയതിന്റെ പേരിൽ ഒരു വിഭജനവെല്ലുവിളിയും ഇപ്പോഴുള്ളതായി ആർക്കുമറിയില്ല.
മൂന്ന്, അതിന്റെ ഉത്തരവാദിത്വം നെഹ്റുവിനു മാത്രമല്ല. മഹാത്മാഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൾ കലാം ആസാദ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ മഹാരഥന്മാർ എടുത്ത തീരുമാനം നെഹ്റുവിന്റെയും മുഹമ്മദാലി ജിന്നയുടെയും പേരിലേക്ക് ഒതുക്കുന്നതിൽ ചരിത്രവിരുദ്ധവും ഇടുങ്ങിയതുമായ രാഷ്ട്രീയം തെളിഞ്ഞുനിൽപ്പുണ്ട്. ഈ രാഷ്ട്രീയം പ്രത്യക്ഷത്തിൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കാണെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജി ഉൾപ്പെടെ അതിന്റെ മഹാന്മാരായ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതാണ്.
ആനന്ദമഠം എന്ന നോവലിന്റെ പ്രമേയമായ 1770ലെ സന്യാസി കലാപം, ചരിത്രത്തിൽ സന്യാസി-ഫക്കീർ കലാപം എന്നുകൂടിയാണ് അറിയപ്പെടുന്നതെന്നു മറക്കരുത്. അതിൽ ഹിന്ദു-മുസ്ലിം പങ്കാളിത്തമുണ്ടായിരുന്നു. പ്രധാന നേതാക്കളുടെ പേരുകളും സൂചിപ്പിക്കാം. പണ്ഡിറ്റ് ഭബാനി ചരൺ പഥക്, സൂഫി ശ്രേഷ്ഠനായ മജ്നു ഷാ, ഇദ്ദേഹം പരിക്കേറ്റു പിൻവാങ്ങിയതോടെ ചുമതല ഏറ്റെടുത്ത അനന്തരവൻ മൂസാ ഷാ, ചിരാഗ് അലി ഷാ, ദുർഗാദേവീ ചൗധരി റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ മതം ഘടകമായിരുന്നു.
സ്വാതന്ത്ര്യസമരത്തേക്കാൾ അത്തരം വിഭാഗീയതകളെ പ്രോത്സാഹിപ്പിച്ച സംഘടനകളും വ്യക്തികളും ചരിത്രത്തിലുണ്ട്. എങ്കിലും എല്ലാ മതങ്ങളും അവരുടെ ജനസംഖ്യാനുപാതത്തിനനുസരിച്ച് ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ആ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ വിശാലവീക്ഷണമുള്ള നേതാക്കൾ ഒഴിവാക്കിയത്. അതൊക്കെയും ദേശീയ പ്രസ്ഥാനത്തിന്റെ കൂട്ടുത്തരവാദിത്വത്തിലാണ് നടപ്പായിട്ടുള്ളത്. മാത്രമല്ല, തങ്ങളുടേതല്ലാത്ത ആരാധനാമൂർത്തികളെ വന്ദിക്കാൻ മറ്റുള്ളവരെ ബാധ്യസ്ഥരാക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതുമല്ല.
തെരഞ്ഞെടുപ്പുകളിൽ വോട്ടു ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നല്ലാതെ, രാജ്യത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു ഗുണവും ഇതുകൊണ്ട് ലഭിക്കില്ല. ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന ചരിത്രം നമുക്കിനി മാറ്റാനാകില്ല. ഹിന്ദുത്വയുടെ അക്കാലത്തെ പങ്ക് അത്ര അഭിമാനാർഹമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഹിന്ദുത്വയുടെ ആ വിചാരധാരകളിൽനിന്നകന്ന്, ദേശീയോദ്ഗ്രഥനത്തിന്റെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന പുരോഗതി ലക്ഷ്യമാക്കുകയുമാണു വേണ്ടത്.
വന്ദേമാതരം, വന്ദേ മതേതരത്വം!
Editorial
മതിയായ ചികിത്സയിലൂടെ ഭേദപ്പെടാത്ത മുറിവ്, ദേഹമാസകലം പുഴുവരിക്കുന്നത്ര വ്രണമായ സ്ഥിതിയാണ് ഇപ്പോൾ മണിപ്പുരിന്റേത്. മെയ്തെയ്-കുക്കി കലാപം തുടങ്ങി മൂന്നു വർഷത്തോടടുത്തിട്ടും സമാധാനം വീണ്ടെടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജിതരായി നിൽക്കുന്നതിനിടെ അക്രമം കുക്കി-നാഗ ഏറ്റുമുട്ടലിലേക്കു കടന്നിരിക്കുകയാണ്.
വംശീയ ശത്രുത, പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം, പ്രധാനമന്ത്രിയുടെ ഏറെനാൾ നീണ്ടുനിന്ന മൗനം, മെയ്തെയ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻസിംഗിന്റെ പക്ഷപാത നിലപാടുകൾ തുടങ്ങിയവയൊക്കെ പ്രശ്നം വഷളാക്കി. വൈ. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അദ്ദേഹത്തിന്റെ ഇടപെടലുകൾ നിഷ്പക്ഷമാകുകയും മുൻവിധികളില്ലാതെ കേന്ദ്രം പിന്തുണ കൊടുക്കുകയും ചെയ്താൽ മണിപ്പുരിനെ വീണ്ടെടുക്കാനാകും. വംശീയപകയെന്ന യാഥാർഥ്യത്തിനുമേൽ വർഗീയ രാഷ്ട്രീയത്തിന്റെ ഇന്ധനമൊഴിച്ചെന്ന ആരോപണംപോലും ഇനിയുണ്ടാകാതിരിക്കട്ടെ.
നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം ഒരുകൂട്ടം കുക്കി വംശജർ ആക്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തതെന്നു റിപ്പോർട്ടുണ്ട്. തുടർന്നുണ്ടായ അക്രമങ്ങളിൽ 25 വീടുകൾക്കു പരസ്പരം തീയിട്ടു. നിരവധി കുടുംബങ്ങൾ പലായനം ചെയ്തു. വെടിവയ്പും കല്ലേറുമുണ്ടായി. പ്രശ്നപരിഹാരത്തിനു സർക്കാർ ഇടപെട്ടിട്ടുണ്ട്.
പരിക്കേറ്റവരെ മുഖ്യമന്ത്രി ഖേംചന്ദ് സന്ദർശിക്കുകയും കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുകയും സംഘർഷബാധിതമായ ഉഖ്രൂലിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മെയ്തെയ്-കുക്കി സംഘർഷത്തിൽ ഉലഞ്ഞ സംസ്ഥാനത്തിന് കൂടുതൽ ബാധ്യതയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ അക്രമങ്ങൾ.
കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്ഡാം ഗ്രാമത്തിനു സമീപമുള്ള കുന്നിന്‍പ്രദേശമായ ചെങ്ജെലില് നടത്തിയ തെരച്ചിലിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തിരുന്നു. മെയ്തെയ്-കുക്കി സംഘർഷം രൂക്ഷമായതിനു പിന്നിൽ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ആയുധങ്ങൾ കലാപകാരികൾ തട്ടിയെടുത്തതും അതു പൂർണമായി തിരിച്ചുപിടിക്കാതിരുന്നതും കാരണമായിരുന്നെന്നു മറക്കരുത്.
ഇത്തരം ഉത്തരവാദിത്വരഹിത ഭരണകൂടങ്ങൾ എങ്ങനെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതെന്ന ചോദ്യമുണ്ട്. ദീർഘകാലമായി കുക്കികളും മെയ്തെയ്കളും തമ്മിൽ മാത്രമല്ല, പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയതു മുതൽ കുക്കികളും നാഗന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ചരിത്രത്തിലുണ്ട്. കുന്നുകളുടെ അവകാശങ്ങളുടെ പേരിലാണ് പ്രധാനമായും കുക്കി-നാഗ ശത്രുത ഉടലെടുത്തത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ഇതു സജീവമായതെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. പക്ഷേ, ശത്രുതയുടെ ചരിത്രത്തിൽനിന്നു മോചനം നേടിയിട്ടില്ലെന്നു മാത്രമല്ല, സഹവർത്തിത്വത്തിന്റെ ക്രിയാത്മക ശ്രമങ്ങളും മാറിമാറി വന്ന സർക്കാരുകൾ നടത്തിയിട്ടില്ല. താത്കാലിക വെടിനിർത്തലുകൾ സമാധാനശ്രമങ്ങൾ സജീവമാക്കാനുള്ള ഇടവേളകളാണെന്നു തിരിച്ചറിയാത്ത രാഷ്ട്രീയ പാർട്ടികൾ ശാശ്വത സമാധാനത്തിന്റെ വഴികൾ തുറന്നില്ല.
ഇതിനൊക്കെ പുറമേയാണ് ഗോത്രസംഘർഷങ്ങളിലേക്കു വർഗീയതയും കടന്നുവന്നത്. 2023 മേയിലെ കലാപത്തിന്റെ തുടക്കത്തിൽതന്നെ മെയ്തെയ്-കുക്കി വംശജരുടെ നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടത് ആരോപണങ്ങളെ ദൃഢമാക്കി. എൻ. ബിരേൻ സിംഗിന്റെ ഭരണകാലത്തുണ്ടായ വർഗീയ രാഷ്ട്രീയത്തിന്റെ കുത്തിത്തിരിപ്പുകളും വിദ്വേഷ പരാമർശങ്ങളും കോടതിയിലുമെത്തി.
വൈ. ഖേംചന്ദ് സിംഗിന്റെ സർക്കാരിനു പ്രവർത്തിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇടപെടലുകൾക്കായി രാജ്യം കാത്തിരിക്കെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നെങ്കിലും മെയ്തെയ് പക്ഷപാതം ആരോപിക്കപ്പെട്ടതിന്റെ തുടർച്ചയായിട്ടാണ് എൻ. ബിരേൻസിംഗിനെ മാറ്റി രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും അതു പിൻവലിച്ച് ഇപ്പോൾ ബിജെപി പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തത്.
മെയ്തെയ്-കുക്കി പ്രശ്നം നിലനിൽക്കെ കുക്കി-നാഗാ ഏറ്റുമുട്ടലും തുടങ്ങിയത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്വയംഭരണ പ്രദേശമെന്ന തങ്ങളുടെ ആവശ്യം തള്ളി പുതിയ സർക്കാർ സ്ഥാപിച്ചതിലും അതിൽ തങ്ങളുടെ എംഎൽഎമാർ പങ്കാളികളായതും കുക്കികളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. കലാപം തുടങ്ങി രണ്ടേകാൽ വർഷത്തിനുശേഷം പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചെങ്കിലും പ്രശ്നപരിഹാരത്തിനുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് മെയ്തെയ്കളും കുക്കികളും ആരോപിക്കുന്നു.
മണിപ്പുരിന് ഇങ്ങനെ തുടരാനാകില്ല. മെയ്തെയ്കളോ കുക്കികളോ നാഗന്മാരോ ആരുമാകട്ടെ, ഇങ്ങനെ പോയാൽ കലാപത്തിന്റെ പിന്നിലുള്ളവർക്കും വരാനിരിക്കുന്ന തലമുറകൾക്കും സമാധാനത്തോടെ ജീവിക്കാനാകില്ലെന്നു തിരിച്ചറിയണം. സർക്കാരുകൾ തങ്ങളുടെ രാഷ്ട്രീയം മാറ്റിവച്ച് ജനങ്ങളെ തുല്യരായി കാണണം.
സ്വയംഭരണ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിന്റെ ഗുണദോഷങ്ങൾ ബന്ധപ്പെട്ട ജനവിഭാഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം. സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടെടുത്തിട്ടും രാഷ്ട്രീയക്കാർ പരിഹരിക്കാത്ത മണിപ്പുർ വിഷയം, നിഷ്പക്ഷരും ബന്ധപ്പെട്ട വിഭാഗങ്ങൾക്കു സമ്മതരുമായ വിദഗ്ധരെ ഉൾപ്പെടുത്തി തീർക്കണം.
കോടതിയുടെ മേൽനോട്ടം ഉറപ്പാക്കണം. മണിപ്പുരിലേതു വംശീയ വിഷയമാണ്, മുൻ സർക്കാരുകളുടെ കാലത്തും ഇതു സംഭവിച്ചിട്ടുണ്ട്, നുഴഞ്ഞുകയറ്റക്കാരും അയൽരാജ്യവുമാണ് പ്രശ്നം സൃഷ്ടിച്ചത് തുടങ്ങിയ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നുമുതൽ കേട്ടുകൊണ്ടിരിക്കുന്നതാണ്.
ഇനിയുമെത്ര കാലം? പഴയ പരാജയങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുതിയ പരിശ്രമങ്ങൾക്കായി നീക്കിവയ്ക്കുകയാണു വേണ്ടത്. അടുത്തവർഷം മണിപ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയ പാർട്ടികൾ അധികാരത്തേക്കാൾ വില മനുഷ്യർക്കു കൽപ്പിക്കുമോ?
Editorial
യാത്രികനും കണ്ടന്റ് ക്രിയേറ്ററുമായ വിഷ്ണു എന്ന യുവാവിന്റെ ഒരു ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മനോഹരവും സ്വച്ഛവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൂടെ യാത്ര ചെയ്യവേ അദ്ദേഹം കണ്ട കാഴ്ചയാണ് ദുഃഖവും ആശങ്കയുമുണ്ടാക്കിയിരിക്കുന്നത്. ഏതു കടൽത്തീരത്തേയും പതിവുകാഴ്ച.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. എന്നാൽ അവ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആ തീരത്തുള്ള ഭൂരിഭാഗം മാലിന്യങ്ങളും തായ്ലൻഡ്, മ്യാൻമർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് വിഷ്ണുവിന് മനസിലായി.
ഇന്ത്യയേക്കാൾ കൂടുതൽ വൃത്തിയുള്ളവരാണെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ, തങ്ങളുടെ മാലിന്യങ്ങൾ വിവേചനരഹിതമായി കടലിൽ തള്ളുകയാണെന്ന് വിഷ്ണു വീഡിയോയിൽ പറഞ്ഞു. നമ്മളും ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട് എന്ന കാര്യം കാണാതിരുന്നുകൂടാ എന്നും വിഷ്ണു കൂട്ടിച്ചേർക്കുന്നു.
നദികളിലൂടെയും അഴുക്കുചാലുകളിലൂടെയും നേരിട്ടുള്ള മാലിന്യം തള്ളലും കോടിക്കണക്കിന് കിലോ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും ഓരോ വർഷവും ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ മലിനമാക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരങ്ങളിൽ വിദേശ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതി നാശഭീഷണിയുടെ പുതിയതും അത്യന്തം ആശങ്കയുണ്ടാക്കുന്നതുമായ ഒരു ഘട്ടത്തിന്റെ സൂചനയാണ്.
ഒരുകാലത്ത് പ്രാദേശികമായ ഒരു മാലിന്യപ്രശ്നം എന്ന രീതിയിൽ കൈകാര്യം ചെയ്തിരുന്ന ഇത് ഒരു ‘ആഗോള’ പ്രതിസന്ധിയായി മാറിയിരിക്കുന്നു. സമുദ്രപ്രവാഹങ്ങൾ രാജ്യാന്തര മാലിന്യങ്ങളുടെ വാഹകരായി.സമുദ്രപ്രവാഹങ്ങൾ, നദികൾ അല്ലെങ്കിൽ കാറ്റ് എന്നിവയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദേശീയ അതിർത്തികൾ കടന്ന് സഞ്ചരിക്കുമ്പോഴാണ് ‘അതിർത്തി കടന്നുള്ള പ്ലാസ്റ്റിക് മലിനീകരണം’ ഉണ്ടാകുന്നത്. ആഗോള പ്രതിസന്ധിയാണിത്.
പരിഹാരത്തിന് രാജ്യാന്തര സഹകരണം അനിവാര്യവും. ഓരോ വർഷവും ഏകദേശം 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ആഗോളതലത്തിൽ സമുദ്രങ്ങളിലെത്തുന്നത്. പ്രതിദിനം ഏകദേശം 25,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇതിൽ ഇന്ത്യയുടെ പങ്ക്. ഇന്ത്യയിലെ പ്ലാസ്റ്റിക്കിന്റെ 60% മാത്രമേ നിലവിൽ പുനരുപയോഗം ചെയ്യുന്നുള്ളൂ. ബാക്കി 40% പലപ്പോഴും പ്രകൃതിയിലെത്തുന്നു.
അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ‘മൈക്രോപ്ലാസ്റ്റിക്’ ആൻഡമാൻ കടലിൽ വ്യാപകമായിട്ടുണ്ട്. ഇത് സമുദ്രഭക്ഷ്യശൃംഖലയ്ക്ക് വലിയ ഭീഷണിയാണ്. ഈ മാലിന്യങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും സാന്പത്തിക ആഘാതവും ആരോഗ്യപ്രശ്നങ്ങളും വിവരണാതീതമാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപം ബംഗാൾ ഉൾക്കടലിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സ്ഥാനം. നോർത്ത് ഇക്വറ്റോറിയൽ കറന്റും മൺസൂൺ കാറ്റുകളും അയൽരാജ്യങ്ങളുടെ തീരങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ഈ ദ്വീപുകളിലേക്ക് എത്തിക്കുന്നു എന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്.
2019ൽ നിലവിൽ വന്ന ഇറക്കുമതി നിയന്ത്രണങ്ങൾ, എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി, 2022ൽ ഭേദഗതി ചെയ്ത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമം-2016, എന്നിവയൊക്കെ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലപ്രദമാകാത്ത അവസ്ഥയാണ്. ഇതിനു പുറമെയാണ് തീരദേശങ്ങൾ വൃത്തിയാക്കാനുള്ള ‘സ്വച്ഛ് സാഗർ, സുരക്ഷിത സാഗർ’ പോലുള്ള പദ്ധതികൾ.
ബദൽ സംവിധാനങ്ങളുടെ അഭാവവും നഗരസഭാതലത്തിലെ വീഴ്ചകളും കാരണം പ്ലാസ്റ്റിക് നിരോധനം പൂർണമായി വിജയിക്കുന്നില്ലെന്നതാണ് വസ്തുത. കൂടാതെ കടലിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് വേർതിരിക്കാനും സംസ്കരിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ തീരദേശ നഗരങ്ങളിൽ കുറവാണ്. അയൽരാജ്യങ്ങളിൽ നിന്നൊഴുകിവരുന്ന മാലിന്യങ്ങളെ തടയാൻ ദേശീയ നിയമങ്ങൾക്ക് കഴിയില്ലെന്നത് ഇതിന് അടിവരയിടുന്നു. നിലവിൽ ഇതുസംബന്ധിച്ച് ശക്തമായ രാജ്യാന്തര ഉടന്പടികളില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യങ്ങൾ കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക, വീണ്ടെടുക്കുക എന്നിവയാണ്. ഇതിന് തദ്ദേശീയ നടപടികളും പ്രാദേശിക, രാജ്യാന്തര ഉടന്പടികളും അനിവാര്യമാണ്.
പരിസ്ഥിതിക്ക് അതിർത്തികളില്ല എന്ന യാഥാർഥ്യത്തിലേക്കാണ് ആൻഡമാനിലെ പുതിയ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ബീച്ച് വൃത്തിയാക്കൽ എന്ന പതിവ് രീതിയിൽനിന്ന് ഉറവിടത്തിൽത്തന്നെ തടയുക എന്നതിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ‘പ്ലാസ്റ്റിക് മഹാമാരി’യാകും ഫലം.
Editorial
ഗെയിം ഇല്ലാതെ ജീവിക്കാനാകില്ലെന്നു പറഞ്ഞ് ഗാസിയാബാദിൽ മൂന്നു പെൺകുട്ടികളും ഭോപ്പാലിൽ ഒരു ആൺകുട്ടിയും ജീവനൊടുക്കിയെന്ന റിപ്പോർട്ട് തെറ്റാകട്ടെ. കാരണം, ഇത്തരം കളികളിൽ സ്വയംമറന്നിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ നമ്മുടെ പരിസരത്തോ വീട്ടിൽതന്നെയോ ഉണ്ടാകാം. അവരെ വിഷാദത്തിലേക്കും മതിഭ്രമങ്ങളിലേക്കും ലാസ്റ്റ് ടാസ്ക് അഥവാ അന്ത്യദൗത്യമായ മരണത്തിലേക്കും തള്ളിവിടുന്ന കൊലപാതകശ്രമങ്ങളെ ഓൺലൈൻ ഗെയിമെന്നു വിളിക്കരുത്. കളിയുടെ മറുവശത്ത് അധോലോകമുണ്ട്. കുട്ടികൾക്കു സമൂഹമാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മരണത്തിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ക്രിയാത്മകതകളിൽനിന്നും വലിച്ചകറ്റുന്ന സമൂഹമാധ്യമ-മൊബൈൽഫോൺ ആസക്തികളിൽനിന്നു കുട്ടികളെ മോചിപ്പിക്കണം. വേണ്ടിവന്നാൽ, മാതാപിതാക്കളും സമൂഹവും സർക്കാരും ഒരു മിന്നലാക്രമണത്തിനുപോലും വൈകരുത്.
ദുരൂഹതകളുണ്ടെങ്കിലും, ഓൺലൈൻ ഗെയിം മാതാപിതാക്കൾ നിഷേധിച്ചതിന്റെ പ്രതികരണമായിട്ടാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ പെൺകുട്ടികൾ ഫ്ലാറ്റിൽനിന്നു ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൂജാമുറിയിൽ കയറി വാതിൽ പൂട്ടിയശേഷം ജനാലയ്ക്കരികെ കസേരയിട്ട് ഓരോരുത്തരായി ഒമ്പതാംനിലയിൽനിന്നു ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവരുടേതെന്നു കരുതുന്ന ഡയറിക്കുറിപ്പിൽ ഇങ്ങനെയുണ്ട്: “സോറി മമ്മി, പപ്പ... നിങ്ങൾ ഞങ്ങളോട് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നെന്നതിന്റെ തെളിവ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിക്കാണുമല്ലോ. കൊറിയൻ നായകരെയും കെ-പോപ്പിനെയും (കൊറിയൻ യുവാക്കളുടെ ജനപ്രിയ സംഗീതം) പോലെ വീട്ടിലുള്ളവരെപോലും ഞങ്ങൾ സ്നേഹിച്ചിരുന്നില്ല”. ‘കൊറിയൻ ലവ് ഗെയി’മിന്റെ അവസാനത്തെ ദൗത്യമായിട്ടാണ് കുട്ടികൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം, രണ്ടു വർഷമായി സഹോദരിമാരായ പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ലെന്നതും പിതാവിനു വൻ കടബാധ്യത ഉണ്ടായിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. കുട്ടികളുടെ ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഭോപ്പാലിൽ അധ്യാപക ദമ്പതികളുടെ ഏകമകൻ ജീവനൊടുക്കിയതും ഓൺലൈൻ ഗെയിം വിജയിക്കാനാകാത്തതിന്റെ സമ്മർദത്തിലാണെന്നാണ് വിവരം. മാതാപിതാക്കൾ മൊബൈൽ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു.
ജീവനൊടുക്കുമ്പോൾ മാത്രം വാർത്തയാകേണ്ടുന്ന വിഷയമല്ല, ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആളുകളുടെ, പ്രത്യേകിച്ചു കുട്ടികളുടെ ആസക്തി. നിരവധി കുട്ടികൾ ജീവിതത്തിൽനിന്നുള്ള മരണതുല്യമായ പിൻവാങ്ങലിലാണ്. പഠിക്കാനോ ഭക്ഷിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ ഒന്നും അവർക്കു കഴിയുന്നില്ല. 16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിച്ച് ഓസ്ട്രേലിയ ഉത്തരവിറക്കിയത് കഴിഞ്ഞ നവംബറിലാണ്. തൊട്ടു പിന്നാലെ, 15 വയസിൽ താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽനിന്നു വിലക്കാൻ ഫ്രാൻസും ഒരുങ്ങുകയാണ്. സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ബിൽ സെപ്റ്റംബറിൽ നിയമമായേക്കും. കുട്ടികൾക്ക് പഠിക്കാനും അനുദിന ജോലികൾ ചെയ്യാനുള്ള വിമുഖത, അക്രമാസക്തി, വിഷാദം, മാതാപിതാക്കളിൽനിന്നു കുടുംബത്തിൽനിന്നുമുള്ള അകൽച്ച, ആത്മഹത്യാ പ്രവണത... തുടങ്ങിയവ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഓരോ രാജ്യങ്ങൾക്കും തീരുമാനിക്കാം. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇതിനുള്ള നീക്കമാരംഭിച്ചു. നിരോധനത്തിൽ എതിർപ്പുയർത്തുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം സമൂഹമാധ്യമ ആപ്പുകളുടെ ഉടമകളാണ്. ഓസ്ട്രേലിയൻ മാതൃകയിൽ തങ്ങളും കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നു രക്ഷിക്കുമെന്നു കഴിഞ്ഞദിവസം പറഞ്ഞ സ്പെയ്ൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസിനെ എക്സ് ഉടമ ഇലോൺ മസ്ക് വിളിച്ചത് ഫാസിസ്റ്റ് എന്നാണ്.
ഇന്ത്യയിൽ 13 വയസിന് താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 2025 ഏപ്രിലിൽ സന്നദ്ധ സംഘടനയായ സെപ് ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു സമൂഹമാധ്യമങ്ങൾ കാരണമാകുമെന്നായിരുന്നു വാദം. എന്നാൽ, നിയമനിർമാണം ആവശ്യമുള്ളതിനാൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് മറുപടി നൽകിയത്. പുതിയൊരു ആപത്തുകൂടി ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. അത്, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണമാണ്. വർഗീയതയുടെയും തീവ്രവാദത്തിന്റെയും വിളനിലമായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കുഞ്ഞുങ്ങളെയെങ്കിലും ഇതിൽനിന്നു രക്ഷിച്ചേ മതിയാകൂ.
കേരളത്തിലെ കുട്ടികളുടെ സുരക്ഷിത ഭാവി ഉറപ്പാക്കാൻ ഇക്കാര്യത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. പ്രാണനെടുക്കുന്ന കടശിക്കളിക്കുമുമ്പ് നടപ്പാക്കൂ എന്നേ പറയാനുള്ളു. ഏകാന്തതയുടെ ക്രിയാത്മക തീരങ്ങളിൽ തനിച്ചിരിക്കുന്നവരായി നാം കുട്ടികളെ കാണുന്നു. പക്ഷേ, അവരുടെ കൈയിലെ ഉപകരണത്തിനും മസ്തിഷ്കത്തിനുമിടയിൽ ഒരു യുദ്ധഭൂമി സജീവമാണ്. ‘കൊലപാതകമോ വീരമൃത്യുവോ’ വിജയമാനദണ്ഡങ്ങളാകാത്ത ബാല്യ- കൗമാരങ്ങൾ അവർക്കു തിരിച്ചുകൊടുക്കണം.
Editorial
കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളും നയപരമായ തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരികയും അതു സ്ഥിരീകരിക്കാൻ നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് അഭിമാനകരമല്ല. ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, 140 കോടി ഇന്ത്യക്കാർക്കു ഗുണകരമാണെന്ന വിശേഷണംകൊണ്ടല്ല സ്ഥിരീകരിക്കേണ്ടത്.
വർധിപ്പിച്ച തീരുവയുടെ ഒരു ഭാഗം മാത്രം കുറച്ചിരിക്കുന്ന കരാർ നമ്മുടെ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയില്ല. റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്നതും ട്രംപ് പറഞ്ഞുള്ള അറിവേയുള്ളൂ. വിശദാംശങ്ങളറിയാൻ ഇന്ത്യക്കാർ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പു കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനു സ്വാതന്ത്ര്യാനന്തരം പരിചിതമല്ലാത്ത വിധേയത്വമാണ്. പുത്തൻ അധിനിവേശങ്ങൾ കുതിരപ്പുറത്ത് തോക്കേന്തിയാകില്ല വന്നുകയറുന്നത്; അനുവദിക്കരുത്.
ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങുമെന്നും മോദി സമ്മതിച്ചെന്നുള്ളതാണ് കരാറിന്റെ അടിസ്ഥാനമായി ട്രംപ് പറയുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന അധികതീരുവ 25 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കുമത്രേ. റഷ്യൻ എണ്ണ വാങ്ങിയതിന്റെ ശിക്ഷയായി ചുമത്തിയ 25 ശതമാനം പിഴത്തീരുവയും പിന്‍വലിച്ചേക്കും. ഇതിനു പകരമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റു തടസങ്ങളും "പൂജ്യം' ആക്കി കുറയ്ക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിൽ വിട്ടുപോകാൻ പാടില്ലാത്ത കാര്യം, 50ൽനിന്നു (25+25) 18 ശതമാനമായി തീരുവ കുറച്ചത് ആഘോഷിക്കുന്പോൾ, പകരം തീരുവയും പിഴത്തീരുവയും ഏർപ്പെടുത്തുന്നതിനുമുന്പ് ഇതു വെറും 2.5 ശതമാനം ആയിരുന്നെന്നു മറക്കരുത്. അതായത് തർക്കത്തിനു മുന്പുണ്ടായിരുന്നതിന്റെ എഴിരട്ടിയിലധികം. ട്രംപിന്റെ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുത്താൽ അമേരിക്ക വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. കരാറുകളുടെ പിതാവെന്നും 140 കോടി ജനങ്ങൾക്കു ഗുണകരമെന്നുമൊക്കെയുള്ള സർക്കാർ വിശേഷണങ്ങൾ യാഥാർഥ്യമാണെങ്കിൽ ഈ കരാർ പാർലമെന്റിൽ ചർച്ച ചെയ്യാൻ എന്താണ് തടസം?
ഇതു കയറ്റിറക്കുമതിക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല. അന്തരീക്ഷ മലിനീകരണത്തിന്റെ വിഷപ്പുക ഡൽഹിയെ മൂടിയെങ്കിൽ, ഇന്ത്യ-യുഎസ് കരാറിലെ പുകമറ രാജ്യത്തെയാകെ മൂടുന്നുണ്ട്. അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ വെളിപ്പെടുത്തലുകൾ അതിജീവനപ്പോരാട്ടത്തിലുള്ള ഇന്ത്യൻ കർഷകരെ അസ്വസ്ഥരാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ കാർഷികവിപണി തുറന്നുകൊടുക്കാൻ അമേരിക്കയെ അനുവദിച്ചിട്ടുണ്ടെന്നാണ് റോളിൻസ് പറഞ്ഞത്.
ഇതു ശരിയാണെങ്കിൽ ആപ്പിൾ, വാൽനട്ട്, ബദാം, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഇന്ത്യൻ വിപണിയിലെത്തും. ഇപ്പോൾതന്നെ ഈ മേഖലയിലെ കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. സബ്സിഡിയുടെ പിൻബലമുള്ള അമേരിക്കൻ കർഷകരോടു മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയില്ല. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിന്റെ വിശദാംശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. പൊതുവായ ചില ധാരണകൾ നൽകുന്നതിനപ്പുറം പാർലമെന്റിൽ വിശദാംശങ്ങൾ നൽകുകയും ഓരോ മേഖലയും ചർച്ച ചെയ്യപ്പെടുകയും വേണം.
കരാർ ബാധിക്കുന്ന മേഖലകളിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കല്ലാതെ മാധ്യമങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്കുമൊന്നും സമസ്തമേഖലയിലെയും ലാഭനഷ്ടങ്ങൾ വിലയിരുത്താനാകില്ല. അതുകൊണ്ട്, ഈ പുകമറ മാറ്റാൻ വൈകുവോളം ശ്വാസംമുട്ടൽ വർധിക്കുമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണം. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിൽ ഈ ഒളിച്ചുകളിയൊന്നും ഉണ്ടായിരുന്നില്ല.
കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ കഴന്പില്ലെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. പകരം തീരുവ ഏർപ്പെടുത്തിയത് അമേരിക്കയാണെന്നും അതു പിൻവലിക്കുന്ന പ്രഖ്യാപനവും അവരാണു നടത്തേണ്ടതെന്നുമാണ് ഗോയലിന്റെ ന്യായീകരണം.
പക്ഷേ, വർധിപ്പിച്ച അധികത്തീരുവയിൽനിന്നു അല്പം മാത്രം കുറവ് വരുത്തി മുന്പുണ്ടായിരുന്നതിനേക്കാൾ തീരുവ അമേരിക്ക സ്ഥാപിച്ചെന്നും നമ്മുടെ കാർഷികമേഖലയും വിദേശവിപണിക്കു തുറക്കപ്പെട്ടെന്നും ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനം ഇന്ത്യയെ ഒരു വിധേയരാജ്യത്തിന്റെ പരിവേഷത്തിലാക്കിയെന്നുള്ളത് അദ്ദേഹം മറന്നതല്ല, മറച്ചതാണ്. ഇന്ത്യ-പാക് യുദ്ധമുൾപ്പെടെ താനാണ് നിയന്ത്രിച്ചത് എന്നതുൾപ്പെടെയുള്ള അവകാശവാദങ്ങൾക്കു പിന്നാലെ കരാറിലും ആവർത്തിച്ച അമേരിക്കൻ ഏകപക്ഷീയതയും ഇന്ത്യയുടെ മറുപടിയില്ലായ്മയും ഇന്ത്യൻ ജനാധിപത്യത്തിന് അപരിചിതമാണ്.
റഷ്യൻ എണ്ണ ഇനി ഇറക്കുമതി ചെയ്യില്ലേ, 2.5 ശതമാനത്തിനു പകരം 18 ശതമാനം തീരുവ അംഗീകരിച്ചോ, അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണോ, ഇന്ത്യൻ കാർഷികവിപണി തുറന്നുകൊടുക്കാൻ സമ്മതിച്ചോ, എന്തുകൊണ്ടാണ് സംയുക്ത പ്രസ്താവന നടത്താതെ വിധേയപ്പെട്ടത്, കരാർ പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള തടസം എന്താണ്... തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തയുണ്ട്. കരാർ ഇന്ത്യക്കു ഗുണകരമോ ദോഷകരമോ എന്ന് അറിയാനുള്ള ആഗ്രഹത്തിനൊപ്പം സുതാര്യത നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ജനാധിപത്യസമൂഹത്തിന്റെ ആശങ്കകളും രാജ്യത്തു പ്രകടമാണ്.
Editorial
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ വേട്ടയാടാൻ വർഗീയവാദികൾ ഈ നിയമത്തെ ആയുധമാക്കുന്പോഴൊക്കെ കേന്ദ്ര അധികാരികൾ വനവാസത്തിലാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അന്തർധാര മതേതര ഭരണഘടനയെ നോക്കുകുത്തിയാക്കിയതോടെ, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മതപരിവർത്തന കേസുകൾ പരാജയപ്പെടുകയാണ്. ഉത്തരാഖണ്ഡിൽ ഈ നിയമപ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ എടുത്ത കേസുകളിൽ വിധിയായതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു.
ഈ രാജ്യത്ത് ഒരവകാശവും കൂടുതലില്ലാത്തവർ, അധികാരത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ബലത്തിൽ കൈവരിക്കാൻ ശ്രമിക്കുന്ന പൗരത്വ മേൽക്കോയ്മ ഭരണഘടനാവിരുദ്ധമാണ്. ഫാസിസത്തോടു സദൃശവുമാണ്. പ്രശ്നം ന്യൂനപക്ഷങ്ങളുടേതു മാത്രമല്ല, യഥാർഥ രാജ്യസ്നേഹികളുടേതാണ്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ ഉത്തരവിട്ടത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ മുന്‍പു നൽകിയിട്ടുള്ള സമാന ഹർജികൾക്കൊപ്പം എൻസിസിഐയുടേതും ഉൾപ്പെടുത്തുകയായിരുന്നു.
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു. ബന്ധപ്പെട്ട കക്ഷികൾ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേന്ദ്രത്തിന്റെ മറുപടി തയാറായതായും ഉടൻ സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിനുമെതിരേ ക്രൈസ്തവ സഭകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉൾപ്പെടെ പലതവണ പരാതി നൽകിയിരുന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. ന്യൂനപക്ഷങ്ങളുടെ അവസാന പ്രതീക്ഷയായി സുപ്രീംകോടതി മാറിയിരിക്കുകയാണ്; പ്രത്യേകിച്ച് പ്രതിപക്ഷം ദുർബലമായ അവസ്ഥയിൽ. മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസുകൾ കോടതികളിൽ തള്ളിപ്പോകുന്നത് പതിവായി.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി പറഞ്ഞതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെവിട്ടതായി കഴിഞ്ഞദിവസം, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കോടതി രേഖകൾ പ്രകാരം, 2018ൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 62 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ചെണ്ണം മാത്രമാണ് ഇതുവരെ വിചാരണ പൂർത്തിയാക്കിയത്. അഞ്ചിലും പ്രതികൾ കുറ്റവിമുക്തരായി. ഏഴു കേസുകൾ വിചാരണയ്ക്കിടെത്തന്നെ തള്ളിപ്പോയി. 2022ലെ ഭേദഗതിയിലൂടെ നിയമം കൂടുതൽ കർശനമാക്കിയിട്ടും ശിക്ഷാനിരക്ക് പൂജ്യമായി തുടരുകയാണ്. പക്ഷേ, വർഗീയവാദികളുടെ ലക്ഷ്യം കുറ്റാരോപിതർ ശിക്ഷിക്കപ്പെടുകയല്ല, ന്യൂനപക്ഷവിരുദ്ധത ആളിക്കത്തിക്കുകയാണ്. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
എല്ലായിടത്തും ഘർവാപ്പസി നിർബാധം നടക്കുന്നുമുണ്ട്. കേരളം താരതമ്യേന സുരക്ഷിതമാണെങ്കിലും സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം, അസത്യങ്ങളും അർധസത്യങ്ങളും നിറച്ച വിദ്വേഷത്തിന്റെ പ്രസംഗകലകൾ, ഹിന്ദുത്വയുടെ ക്രൈസ്തവ ശുശ്രൂഷികൾ, എല്ലാ മതങ്ങളിലെയും പക്വതയില്ലാത്ത നേതാക്കൾ, മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് അലമുറയിടുന്നവർ, അവലും മലരും കുന്തിരിക്കവും വാങ്ങിപ്പിക്കാൻ ഓർമിപ്പിക്കുന്നവർ... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
വർഗീയസംഘങ്ങൾക്കു ലഭിക്കുന്ന ഭരണകൂട പിന്തുണയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നെന്നും ഇതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള, അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്.
മറ്റൊരു റിപ്പോർട്ട്, യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാപട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമായിരുന്നു ആ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതി (സിഇആർഡി) ഇന്ത്യക്കു മുന്നറിയിപ്പു നൽകിയെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
മുസ്ലിം, ആദിവാസി, വനാശ്രയ സമുദായങ്ങൾക്കെതിരേ അവകാശലംഘനങ്ങൾ നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര കൺവൻഷൻ (ഐസിഇആർഡി) അനുസരിച്ചു സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങളെ ഇന്ത്യ ലംഘിക്കുകയാണെന്നും കമ്മിറ്റി വിലയിരുത്തി. സിഇആർഡി, ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധിക്കയച്ച ഔദ്യോഗിക കുറിപ്പുകളിലാണ് മുന്നറിയിപ്പ്.
2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം നവംബർ വരെ 706 ആക്രമണങ്ങളുണ്ടായി. ഇതിലേറെയും മതപരിവർത്തനം ആരോപിച്ചാണെന്നു സംഘടന ഡിസംബറിൽ ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കു നൽകിയ കത്തിൽ സൂചിപ്പിച്ചു.
പാക്കിസ്ഥാനിലെ മതമൗലികവാദികൾ നടപ്പാക്കിയ മതനിന്ദാ നിയമങ്ങളുടെ ഇന്ത്യൻ പതിപ്പാകുകയാണ് ബിജെപിയുടെ മതപരിവർത്തന നിരോധന നിയമങ്ങൾ. രണ്ടിലും നിയമവും നീതിയുമില്ല, മതഭ്രാന്തേയുള്ളൂ. ഒരു തെളിവുമില്ലാതെ ഏതൊരു വർഗീയവാദിക്കും മതപരിവർത്തനം നടത്തിയെന്നോ നടത്താൻ ശ്രമിച്ചെന്നോ ആരോപിച്ച് ക്രൈസ്തവരുടെ വീടുകളിലോ ആരാധനാലയങ്ങളിലോ കടന്നുകയറി അക്രമം അഴിച്ചുവിടാമെന്നായി.
പ്രത്യേകിച്ചും, ക്രൈസ്തവർ അക്രമവഴി സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ. വർഗീയവത്കരിക്കപ്പെട്ട പോലീസും ഇരകളെ സംരക്ഷിക്കില്ല. ബജ്രംഗ്ദൾ പോലുള്ള ഹിന്ദുത്വ സംഘടനകൾ ന്യൂനപക്ഷ വിരുദ്ധതയെ കലാപസാധ്യതകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ആഘോഷം മുതൽ മരിച്ചവരെ സംസ്കരിക്കുന്നതുപോലും തടയാൻ വർഗീയ സംഘടനകൾ ധൈര്യപ്പെട്ടു.
ഗുണഭോക്താക്കളായതിനാലാകാം, അരുതെന്നു പറയാനുള്ള ജനാധിപത്യധർമംപോലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാലിച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന നിയമങ്ങൾ തുല്യതയ്ക്കുമേലുള്ള അധിനിവേശമാണ്.
ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് വിചാരധാരയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയാണുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബിജെപിക്ക് കൃത്യമായ പദ്ധതിയുണ്ടാകാം. പക്ഷേ, അതിനെ ചെറുക്കാൻ പ്രതിപക്ഷത്തിനൊരു പദ്ധതിയുമുള്ളതായി തോന്നുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സഭകൾ കോടതിയെ അഭയം പ്രാപിച്ചത്. ഫാസിസം കോടതിവരാന്ത കടക്കില്ലെന്നു കരുതാം.
Editorial
കേരളത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലെന്നു തോന്നിപ്പിക്കുന്ന ബജറ്റാണ് ഇന്നലെ കേന്ദ്രം അവതരിപ്പിച്ചത്. നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നെങ്കിൽ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു. കാലങ്ങളായി ആവശ്യപ്പെടുന്നതും ഇപ്പം ശരിയാക്കുമെന്ന് ബിജെപി സംസ്ഥാനനേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നതുമായ എയിംസ്പോലും അനുവദിച്ചില്ല.
കോർപറേഷൻ കൊടുത്ത തിരുവനന്തപുരത്തിനും ഒന്നുമില്ല. കേന്ദ്ര അവഗണന ആരോപണമാണെന്ന് സമർഥിക്കാനുള്ള കോപ്പുകളൊന്നും ഇനി ബിജെപിക്കില്ല. രണ്ടു കാര്യങ്ങൾ നിരീക്ഷിക്കാതെ വയ്യ. ഒന്ന്, തങ്ങൾക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ ഇടുങ്ങിയ രാഷ്ട്രീയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്നു.
രണ്ട്, കോർപ്പറേറ്റുകളെയും വിദേശനിക്ഷേപകരെയും ശക്തീകരിച്ച് രാജ്യത്തെ നാലാം സാന്പത്തികശക്തിയാക്കുന്ന യത്നം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ആഘോഷത്തിനപ്പുറം ആളോഹരി വരുമാനത്തിന്റെ യാഥാർഥ്യങ്ങളിലേക്കു കടക്കുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ഉദ്ദേശിച്ച ഗുണമൊന്നും മലയാളികൾക്കും രാജ്യത്തെ പാവങ്ങൾക്കും ബോധ്യപ്പെടുന്നില്ല.
രാജ്യത്തെ മൊത്തത്തിൽ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളുടെ നേട്ടം ലഭിക്കുമെന്നല്ലാതെ സംസ്ഥാനങ്ങളെ കൈപിടിച്ചുയർത്തുന്ന പരിഗണന തെരഞ്ഞെടുപ്പ് സമയമായിട്ടും കേരളത്തിനു ലഭിച്ചിട്ടില്ല. അതിവേഗപാതയും എയിംസുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം സംസ്ഥാനം അവതരിപ്പിച്ച ബജറ്റും കേന്ദ്രവിഹിതത്തിന്റെ അഭാവത്തിൽ പ്രതിസന്ധി നേരിടും.
പലതും നടപ്പാക്കാനാകില്ല. 16-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം 41 ശതമാനം വിഹിതമാണ് സംസ്ഥാനങ്ങൾക്കു നൽകാനിരിക്കുന്നത്. കേരളം ആവശ്യപ്പെട്ട 50 ശതമാനമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഇതനുസരിച്ചുള്ള 1.4 ലക്ഷം കോടി രൂപയിൽ കേരളത്തിന് എത്രയുണ്ടാകുമെന്നതിൽ അമിത പ്രതീക്ഷ വേണ്ട.
കേവലം ഒന്നോ രണ്ടോ പ്രഖ്യാപനങ്ങളല്ല സംസ്ഥാനത്തിന്റെ ദീർഘകാല പുരോഗതിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നത് പൊള്ളയായ ന്യായമാണ്. കഴിഞ്ഞ ബജറ്റിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വാരിക്കോരി കൊടുത്തപ്പോൾ ഇതായിരുന്നില്ല ന്യായം. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ നേതൃത്വത്തിന് അമിത പ്രതീക്ഷയില്ലെന്നു വായിച്ചെടുക്കാവുന്നതാണ്.
രാസവളം നിർമാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട ഇളവ് ഒഴിവാക്കിയതോടെ വളങ്ങളുടെ വില വർധിക്കുമെന്നത് കേരളത്തിലെ കർഷകർക്കും തിരിച്ചടിയാകും. വളം സബ്സിഡിക്കുള്ള വിഹിതത്തിലും കുറവുണ്ട്.
ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സൗരോർജ പാനൽ എന്നിവയുടെ നികുതി കുറച്ചത് നേട്ടമാകും. പ്രമേഹത്തിനും അർബുദത്തിനും ഉൾപ്പെടെ 17 രോഗങ്ങൾക്കുള്ള മരുന്നുകൾക്കു വില കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയുന്പോൾ ഇറക്കുമതി ചെയ്യുന്നവയ്ക്ക് വില കൂടുന്നത് ഈ മേഖലയിലെ സംരംഭകർക്കു ഗുണകരമാകുന്നതാണ്.
വിദേശ നിക്ഷേപ പരിധി 10 ശതമാനത്തിൽനിന്ന് 24 ശതമാനമായി ഉയർത്തി. അതേസമയം, ഓഹരി അവധി വ്യാപാര ഇടപാടുകൾക്കുള്ള നികുതി നിലവിലുള്ള 0.02 ശതമാനത്തിൽനിന്ന് 0.05 ശതമാനം (50 ശതമാനത്തിലേറെ) ആക്കി ഉയർത്തിയപ്പോൾ ഓഹരിവിപണി ഇടിയുകയും ചെയ്തു. ഊഹക്കച്ചവടസാധ്യത കുറയ്ക്കാനാണെന്നാണ് സർക്കാർ വിശദീകരണം.
എയിംസിന്റെ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാര്യം എടുത്തുപറയേണ്ടതാണ്. അതു വരുമോ ഇല്ലയോ എന്നതല്ല എവിടെ സ്ഥാപിക്കും എന്നതിനേക്കുറിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരുന്നത്. എയിംസ് വന്നാൽ കേരളത്തിന് എല്ലാം ആകുമെന്നല്ല, പക്ഷേ അതുപോലും തടയുന്നു എന്നത് കേന്ദ്രത്തിന്റെ ശത്രുതാപരമായ നിലപാടായി വിലയിരുത്തപ്പെടും.
ആസൂത്രണത്തിൽ കേരളം സ്വന്തം വഴി തെളിച്ച് വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ധാതു ഇടനാഴി മുതൽ ഹൈടെക് അഗ്രിക്കൾച്ചറും ടൂറിസവും വരെ ബജറ്റിൽ പരാമർശിച്ചിരിക്കുന്നത് കേരളത്തിനും ഗുണകരമാക്കാനുള്ള കഠിനപരിശ്രമം ഉണ്ടാകണം. അതുപോലെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്തോ-യൂറോപ്യൻ വ്യാപാര ഉടന്പടിയുടെ നേട്ടങ്ങൾ എങ്ങനെ സ്വന്തമാക്കാമെന്നതിൽ ഗൃഹപാഠം വൈകരുത്.
സംസ്ഥാന വികസന ആസൂത്രണങ്ങൾ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആകേണ്ടതുണ്ട്. കേന്ദ്രവിഹിതത്തെയും പരിഗണനയെയും അമിതമായി ആശ്രയിക്കാനാകില്ല. തനതുവരുമാനം വർധിപ്പിക്കാനുള്ള പുതുവഴികൾ തേടുന്നതിനൊപ്പം കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും റിപ്പോർട്ട് സമർപ്പിക്കുന്നതിലും സംസ്ഥാനം വരുത്തിയ വീഴ്ചകൾ ആവർത്തിക്കരുത്.
അമേരിക്ക അധികതീരുവയിലൂടെ ഇന്ത്യയെ വെട്ടിലാക്കിയപ്പോൾ, യൂറോപ്പുമായുള്ള ചർച്ചകൾ ദ്രുതഗതിയിലാക്കി പുതിയ കരാറിലെത്തിയ കേന്ദ്രസർക്കാരിന്റെ കൂർമബുദ്ധി കേരളത്തിനും മാതൃകയാക്കാവുന്നതാണ്. കേന്ദ്രം അവഗണിക്കുന്നു എന്നു പറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പക്ഷേ, ആ യാഥാർഥ്യം ഉൾക്കൊണ്ടുള്ള ആസൂത്രണം ഫലപ്രദമായി നടക്കുന്നു എന്നതിന്റെ സൂചനയൊന്നുമില്ല.
ബജറ്റ്, പാർട്ടിവക ആസ്തി-വരുമാന വിതരണമല്ലെന്നും രാജ്യത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ജനാധിപത്യധർമം പാലിക്കണമെന്നും ബിജെപി തിരിച്ചറിയേണ്ടതുണ്ട്. സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ബ്രിട്ടീഷ് ഭരണകാലത്തേക്കാളും വർധിച്ചെന്ന യാഥാർഥ്യം ആഗോള സാന്പത്തിക ശക്തിപ്രകടനത്തിലെ നാലാം സ്ഥാനത്തിന്റെ സർട്ടിഫിക്കറ്റുകൊണ്ട് മറയ്ക്കാനാകില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ 21 ശതമാനം മുകൾതട്ടിലെ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു. ഇന്ന് ആ ഒരു ശതമാനത്തിന്റെ കൈയിൽ 22.6 ശതമാനം വരുമാനമെത്തി. ആകെ ധനത്തിന്റെ 58 ശതമാനവും ആ ഒരു ശതമാനത്തിന്റെ കൈയിലായി. ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമിക്കുന്പോഴും ആളോഹരി വരുമാനത്തിൽ വീണുകിടക്കുന്ന ദയനീയ കാഴ്ചയുണ്ട്.
ഐഎംഎഫ് കഴിഞ്ഞ മേയിൽ പുറത്തുവിട്ട കണക്കനുസരിച്ച്, 197 രാജ്യങ്ങളിൽ 141-ാം സ്ഥാനത്താണ് ഇന്ത്യ. ജിഡിപിയിൽ നാം പിന്നിലാക്കിയ ജപ്പാന്റെ ആളോഹരി വരുമാനം 28.8 ലക്ഷം രൂപ. ഇന്ത്യയുടേത് 2.45 ലക്ഷം. കൗശലംകൊണ്ടും പ്രസംഗം കൊണ്ടും വോട്ടു നേടാം. പക്ഷേ, പുരോഗതി തെളിയിക്കാൻ കണക്കുകളെ മാത്രമേ ആശ്രയിക്കാനാകൂ.
ബജറ്റിൽ കേരളത്തോടു കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമല്ലെന്ന് കേന്ദ്രം കണക്കുനിരത്തി പറയേണ്ടതാണ്. അല്ലെങ്കിൽ ഈ കറുത്ത ഞായർ കേരളത്തിലെ ബിജെപി നേതാക്കളെയും വിഷമവൃത്തത്തിലാക്കും.
Editorial
മനുഷ്യവംശത്തെ ആറാം നൂറ്റാണ്ടിലേക്കു തിരിച്ചെത്തിക്കാൻ പ്രതിജ്ഞാബദ്ധരായവർ അഫ്ഗാനിസ്ഥാനിൽ ചാതുർവർണ്യ വ്യവസ്ഥയും അടിമത്തവും പുനഃസ്ഥാപിച്ചിരിക്കുന്നു. യഥാർഥ മതേതര വിശ്വാസികൾ അപകടം തിരിച്ചറിയണം. താലിബാൻ മുട്ടകൾ ഇന്ത്യയിൽ വിരിയരുത്. മോശപ്പെട്ട മതരാഷ്ട്രമല്ല, മഹത്തായ ഇസ്ലാമിക രാഷ്ട്രമാണ് തങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്ന് ജമാ അത്തെ ഇസ്ലാമിയുടെ ആചാര്യൻ പറഞ്ഞത് മധുരത്തിൽ പൊതിഞ്ഞ വിഷമാണ്.
അവരുടെയൊക്കെ വിസ്മയമായ താലിബാന്റെ അഫ്ഗാനിൽനിന്നുള്ള തത്സമയ സംപ്രേക്ഷണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രീണനരാഷ്ട്രീയക്കാർ ഇത്തരക്കാരുമായുള്ള അവിഹിതബന്ധം ഉപേക്ഷിക്കുവോളം മതേതര സമൂഹം കാത്തിരിക്കരുത്. ഇത്തരം ഒളിച്ചുകടത്തലുകളുടെ കാലത്ത് പത്രമെന്ന നിലയിൽ നിങ്ങളുടെ നിലപാടും പ്രതിരോധവും എന്തായിരുന്നെന്ന ഭാവിതലമുറയുടെ ചോദ്യത്തിനു മറുപടിയായി ഈ മുഖപ്രസംഗവും ചരിത്രത്തിലിരിക്കട്ടെ.
ക്രൈസ്തവ-ഹിന്ദു-മുസ്ലിം മതഭ്രാന്തുകളിൽ ഒന്നിനെയെങ്കിലും കണ്ടില്ലെന്നു നടിക്കുന്ന മതേതരത്വം വ്യാജമാണ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട 10 അധ്യായങ്ങളും 119 അനുഛേദങ്ങളുമുള്ള ക്രിമിനൽ നടപടിക്രമത്തിലെ "ഇസ്ലാമികരാഷ്ട്ര പരിഷ്കാരങ്ങളി'ൽ ചിലത് ഇങ്ങനെയാണ്. അടിമത്തം നിയമവിധേയമാക്കി. അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണ്. ആർട്ടിക്കിൾ-9, സമൂഹത്തെ മതപണ്ഡിതർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (ഗോത്രത്തലവന്മാരും കമാൻഡർമാരും), മധ്യവർഗം, താഴ്ന്നവർഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായി വിഭജിച്ചു.
ശിക്ഷ, കുറ്റമനുസരിച്ചല്ല, പ്രതിയുടെ സാമൂഹികപദവി അനുസരിച്ചാകും. ഇന്ത്യയിൽ കുറ്റങ്ങളെയും ശിക്ഷയെയും ചാതുർവർണ്യം വിവേചിച്ചിരുന്ന കാലത്തിന്റെ ഓർമയുണർത്തുന്നതാണ് ഈ പ്രാകൃത നിയമം. അഫ്ഗാനിസ്ഥാനിൽ ഇതിനായി പൗരന്മാരെ സ്വതന്ത്രരെന്നും അടിമകളെന്നും കോഡ് ഉപയോഗിച്ച് വേർതിരിക്കും. ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ ശിക്ഷ "ഉപദേശ'ത്തിലൊതുങ്ങും. വരേണ്യവർഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശിക്കും.
മധ്യവർഗക്കാർക്ക് തടവ് ശിക്ഷ. എന്നാൽ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് തടവും ചാട്ടവാറടിയും തുടങ്ങി മുകളിലേക്കുള്ള ശിക്ഷകൾ..! താലിബാൻ വീണ്ടും അധികാരത്തിലെത്തി നാലര വർഷം പിന്നിട്ടപ്പോഴാണ് "ഇസ്ലാമിക ഭരണ മൂല്യങ്ങൾ' തിരിച്ചുപിടിക്കാനുള്ള നീക്കം. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും മനുഷ്യരെന്ന പദവിപോലും ഇല്ല. കുറ്റം ആരോപിക്കപ്പെടുന്നവർക്ക് അഭിഭാഷകനെ വയ്ക്കാന്‍ അവകാശമില്ല. തെറ്റായ ശിക്ഷാനടപടികൾക്ക് നഷ്ടപരിഹാരവുമില്ല.
തെളിവുകളേക്കാൾ കുറ്റസമ്മത മൊഴികൾക്കും സാക്ഷിമൊഴികൾക്കുമാണ് കോടതി പ്രാധാന്യം നൽകുന്നത്. പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചാലും മതനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പേടിക്കാനില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളും സ്വന്തം വീട്ടുകാരെ സന്ദർശിക്കുന്ന ഭാര്യമാരും ജയിൽശിക്ഷ അനുഭവിക്കണം. ഭാര്യയെ ക്രൂരമായി മർദിക്കുന്പോൾ ഗുരുതരമായ പരിക്കുണ്ടായാലും ഭർത്താവിനു വെറും 15 ദിവസത്തെ തടവ്.
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നെ വെളിച്ചം കാണില്ല. ആജീവനാന്ത തടവുശിക്ഷ കൂടാതെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പരസ്യമായ ചാട്ടവാറടിയുമുണ്ട്. ലോകത്തെ മനുഷ്യാവകാശ സംഘടനകൾ പലതും നടുക്കവും പ്രതിഷേധവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫലവും ഉണ്ടാകാൻ സാധ്യതയില്ല. നമുക്കു ചെയ്യാവുന്ന ഒരു കാര്യം, അഫ്ഗാനിലെ സ്ഥിതഗതികളെ അപലപിക്കുന്നതിനപ്പുറം ഇന്ത്യയിലെ താലിബാൻ നുഴഞ്ഞുകയറ്റത്തെ തടയുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിനു പരിമിതിയുണ്ട്. തീവ്രവാദത്തെ എതിർത്താൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമോയെന്ന, ആ സമുദായത്തെ വിലകുറച്ചു കാണുന്ന വികല രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികളെ പിന്തിരിപ്പിക്കുന്നത്. മറ്റു ചിലർക്ക് തങ്ങൾ തള്ളിപ്പറഞ്ഞിട്ടില്ലാത്ത ചാതുർവർണ്യമല്ലേ താലിബാൻ ഏറ്റെടുത്തത് എന്ന വർണ്യത്തിലാശങ്ക. പ്രത്യേകിച്ച്, കേന്ദ്രസർക്കാർ താലിബാനുമായി കരാറുകളിലേർപ്പെടാൻ നിർബന്ധിതമാകുകയും ചെയ്ത സാഹചര്യത്തിൽ.
മറ്റൊരു കറുത്ത ഫലിതംകൂടി പറയാതെ വയ്യ. മതരാഷ്ട്രവാദം അവർ ഉപേക്ഷിച്ചു എന്നവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ജമാ ഇത്തെ ഇസ്ലാമിയെയും അതിന്റെ രാഷ്ട്രീയദളമായ വെൽഫെയർ പാർട്ടിയെയും ചേർത്തുനിർത്തി തെറ്റിദ്ധാരണ പരത്തുന്പോഴാണ്, ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ലത്രേ. മുന്‍പ് മറ്റൊരു വീഡിയോയിൽ അദ്ദേഹം പറഞ്ഞതു കേട്ടാൽ സംശയം തീരും. ജമാ അത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം അംഗീകരിക്കുന്നില്ല, സ്ഥാപിക്കുകയെന്ന ലക്ഷ്യവുമില്ല. മതരാഷ്ട്രമെന്നതു പാശ്ചാത്യ ടെർമിനോളജിയാണ്. ഞങ്ങളുടേത് ഇസ്ലാമിക രാഷ്ട്രമാണ്.
ഇസ്ലാമിക രാഷ്ട്രം മതരാഷ്ട്രമല്ല, അതൊരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്! അതായത്, ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റും വിസ്മയ താലിബാനും ബൊക്കോ ഹറാമും ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അസംഖ്യം ഇതരമത ഘാതകസംഘങ്ങളും നെഞ്ചേറ്റുന്ന മുസ്ലിം ബ്രദർഹുഡ് ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തെ ജമാ അത്തെ ഇസ്ലാമി തള്ളിക്കളയുന്നില്ല.
ഈ ആശയത്തെയാണ് സിപിഎം തോളിൽനിന്നിറക്കി വച്ചപ്പോഴേ കോൺഗ്രസ് ചാടിയെടുത്തിരിക്കുന്നത്. എസ്ഡിപിഐ പോലുള്ള സംഘടനകളെ സിപിഎമ്മും വളർത്തുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെയും അതുവഴി ഹിന്ദുത്വ വർഗീയതയെയും പോഷിപ്പിച്ചതിൽ, ഇന്ത്യയിലെ മതേതര പാരന്പര്യം അവകാശപ്പെടുന്ന ഇടതു-വലതു മുന്നണികളുടെ പങ്ക് പഠിക്കുന്നവർക്ക് ഈ യാഥാർഥ്യങ്ങളെക്കൂടി ചരിത്രം റഫറൻസായി നൽകും.
സത്യത്തിൽ ഇസ്ലാമിക തീവ്രവാദം ഇന്ത്യൻ ജനാധിപത്യത്തിൽ, പ്രത്യേകിച്ച് ബിജെപി ഭരണത്തിൽ, പത്തിയൊതുക്കി കഴിയുകയാണ്. തീവ്രവാദ പ്രസ്ഥാനങ്ങൾ സ്വന്തമായി ഒപ്പിട്ട സ്വഭാവ സർട്ടിഫിക്കറ്റും സാക്ഷ്യപത്രങ്ങളും വായിച്ചുനോക്കിയിട്ട്, രഹസ്യമോ പരസ്യമോ ആയിട്ടുള്ള നീക്കുപോക്കുകൾ നടത്തുന്നവരുടെയൊക്കെ കൈകളിൽ മതേതരത്വം എത്രകാലം ഭദ്രമായിരിക്കുമെന്ന് മതേതര സമൂഹം സ്വന്തം മക്കളെയോർത്തെങ്കിലും ചിന്തിക്കണം.
ഇന്ത്യയിലെ യഥാർഥ മതേതര വിശ്വാസികൾ ഇതുപോലെ ആശയക്കുഴപ്പത്തിലായ കാലമില്ല. ഭരണഘടനയെക്കുറിച്ചു പ്രസംഗിക്കുന്നതിലും അതുകൊണ്ടു പ്രദക്ഷിണം നടത്തുന്നതിലും ഒതുങ്ങുന്നതല്ല മതേതരത്വ സംരക്ഷണം. ചില പാർട്ടികൾ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും മറ്റു ചിലർ വോട്ടിനുവേണ്ടി മതഭ്രാന്തുകളോടൊത്തു ശയിക്കുകയും ചെയ്യുന്ന കാലത്ത്, മതരാഷ്ട്രം പിറക്കാതിരിക്കാൻ ആസൂത്രണം ആവശ്യമാണ്.
നാം ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെ വർഗീയതയിൽ കക്ഷിചേരാത്ത രാഷ്ട്രീയം പുറത്തെടുക്കണം. രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യങ്ങൾ ആവർത്തിക്കണം. അഫ്ഗാനിസ്ഥാൻ ഒരു തമോഗർത്തമാകുന്പോൾ ഇന്ത്യ അതിന്റെ മതേതര ഭ്രമണപഥത്തിൽനിന്ന് ഒരിഞ്ചും മാറരുത്.
Editorial
ഇതുവരെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ചെയ്തിട്ടുള്ളതേ ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചെയ്തിട്ടുള്ളു. കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുന്‍പുള്ള ബജറ്റ് ഇദ്ദേഹവും വോട്ട് അഭ്യർഥിക്കുന്നതാക്കി.
ദരിദ്രരെ പരിഗണിച്ച്, നികുതിഭാരം വർധിപ്പിക്കാതെ, ശന്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച്, ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി, വികസനപദ്ധതികൾ പ്രഖ്യാപിച്ച്, നേരിയതെങ്കിലും ആശാ വർക്കർമാർക്കുപോലും പ്രതിഫലം വർധിപ്പിച്ച് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്, തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ മുന്നൊരുക്കമായി.
അതുകൊണ്ട്, നടപ്പാക്കിയാൽ സംസ്ഥാനത്തിനു ഗുണകരമായ ബജറ്റാണിതെന്നു പറയാം. കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ തികച്ചും സംയമനത്തോടെ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രിക്കു കഴിഞ്ഞിട്ടുമുണ്ട്. കെ -റെയിലിനു പകരമായുള്ള ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയാണ് ബജറ്റിലെ വികസനപ്രഖ്യാപനത്തിൽ പ്രധാനം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തുകയും ചെയ്തു.
കെ-റെയിൽ വരുത്തിവച്ച ക്ഷീണം ഈ പ്രഖ്യാപനംകൊണ്ടു മറികടക്കാനാകുമോയെന്നറിയില്ല. ഇ. ശ്രീധരന്റെ മുൻകൈയിൽ കേന്ദ്ര സർക്കാർ ഡിപിആർ തയാറാക്കാൻ പച്ചക്കൊടി കാണിച്ച തിരുവനന്തപുരം-കണ്ണൂർ വേഗപാത പരിഗണനയിലിരിക്കെയാണ് സംസ്ഥാനത്തിന്റെ പുതിയ പ്രഖ്യാപനം. "ശ്രീധരൻ വേഗപാത'യ്ക്ക് പൊന്നാനിയിൽ ഡിഎംആർസി ഓഫീസും തുറന്നിട്ടുണ്ട്. ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ലന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.
അതായത്, കെ-റെയിൽ മുതൽ ആർആർടിഎസ് വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ ഈ സർക്കാരിന്റെ കാലാവധി തീരുകയാണ്; ഒന്നും നടന്നിട്ടില്ല. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനം ജനങ്ങളെ സ്പർശിക്കുന്നതാണ്. ജീവനക്കാരെ പരിഗണിച്ചെങ്കിലും വൈകിപ്പോയെന്ന അഭിപ്രായം അവർക്കിടയിലുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷനൊപ്പം ഡിഎ കുടിശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കും. വരുന്ന സർക്കാരിന്റെ സാന്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണിത്. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു.
മൂന്നു മാസം മുന്‍പ് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതുകൊണ്ട് ബജറ്റിൽ അധികവർധനയില്ല. ക്ഷേമ പെൻഷനുകൾ നവംബർ മുതൽ കൊടുത്തുതുടങ്ങിയിട്ടുണ്ട്. സ്ത്രീസുരക്ഷാ പെൻഷന് 3,820 കോടി രൂപ വകയിരുത്തിയതും ശ്രദ്ധേയമായി. ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
കാരണം, ആശമാരുടെ സമരത്തെ സിപിഎമ്മും സർക്കാരും ഒരുപോലെ അവഹേളിച്ചതു കേരളം കണ്ടതാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് ഒരു വർഷത്തോളം ആവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടു തവണയായി 2000 രൂപ വർധിപ്പിച്ചു. ബജറ്റിൽ ആശമാർക്കും അങ്കണവാടി വർക്കേഴ്സിനും വേതനം 1000 രൂപ വീതം വർധിപ്പിച്ചു.
പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിൽ പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചത്. 10 വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്നാണു പറഞ്ഞിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പക്ഷേ, കേന്ദ്രസർക്കാരിന്റെ അവഗണനയെ മറികടന്ന് സംസ്ഥാനം വിജയകരമായ ബജറ്റ് പ്രഖ്യാപിച്ചെന്നും ബജറ്റിൽ വിശദാംശങ്ങളും ഡോക്യുമെന്റുകളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ധനസ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രത്തിന്റെപോലും ആവശ്യമില്ലെന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്.
ഏതായാലും അവസാന നാളുകളിലുള്ള പ്രഖ്യാപനങ്ങൾ വോട്ടായി മാറുമോയെന്നും ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത ഉൾപ്പെടെ ബജറ്റിലെ പല വികസന പദ്ധതികളും നടപ്പാകുമോയെന്നും ഒരുറപ്പുമില്ല. സർക്കാരിന്റെ ബജറ്റിൽ ആക്ഷേപമുണ്ടെങ്കിൽ പ്രതിപക്ഷമാണ് ഇതേക്കുറിച്ചു പഠിച്ച് വിശദമായ റിപ്പോർട്ടും അതിനെ അടിസ്ഥാനമാക്കി അവരുടെ പ്രകടനപത്രികയും തയാറാക്കേണ്ടത്. രണ്ടും വിലയിരുത്തി തീരുമാനമെടുക്കാൻ രാഷ്ട്രീയബോധമുള്ള കേരളത്തിലെ ജനങ്ങൾക്കറിയാം.
Editorial
തങ്ങൾക്കു മാത്രം ലാഭവും പങ്കാളികൾക്കു നഷ്ടവുമുണ്ടാകുന്ന വിചിത്ര വ്യാപാരക്കരാറുകൾക്കു കാത്തിരിക്കുന്നവർക്കൊഴിച്ചാൽ പൊതുവെ രാജ്യത്തിനു ഗുണകരമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ. യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ഇന്ത്യ കീഴടങ്ങിയെന്നു പറഞ്ഞ് സിപിഎം ഇതിനെ എതിർത്തിട്ടുണ്ട്. ചൈനയ്ക്കും റഷ്യക്കും എതിർപ്പുണ്ട്.
ഇന്ത്യയും യൂറോപ്പുമായുള്ള ബന്ധം വഷളാക്കരുതെന്നു മുന്നറിയിപ്പു നൽകിയ അമേരിക്കക്കാർക്ക് ആശങ്കയും തന്നിഷ്ടക്കാരനായ ട്രംപിന് രോഷവും ഉണ്ടായേക്കാം. അത് അവരുടെ കാര്യം. കരാറനുസരിച്ച്, ഇന്ത്യയിൽനിന്നു യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതുപോലെ, ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിന് ഇന്ത്യയും ആനുപാതികമായ നികുതിയിളവു നൽകും. കയറ്റുമതി-പിഴ തീരുവകൾ വർധിപ്പിച്ച് മറ്റുള്ളവരുടെ വഴിമുടക്കാനിറങ്ങിയ ട്രംപിനോടു തർക്കിച്ചു സമയം കളയാതെ മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ബൈപാസ് തുറന്നിരിക്കുന്നു.
എല്ലാ വ്യാപാരക്കരാറുകളുടെയും മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കരാർ, യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ ഇക്കൊല്ലം അവസാനമോ അടുത്ത വർഷം ആദ്യമോ നിലവിൽ വരും. യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ദെർ ലെയ്നുമായി പ്രധാനമന്ത്രി മോദി ഡൽഹിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്.
ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ്, അമേരിക്കൻ തീരുവയിൽ കുടുങ്ങിയ തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് യൂറോപ്പിൽ വിപണിയുണ്ടാകും. ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ തൊഴിലുകാരുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും.
സോളാർ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വീസ നിയന്ത്രണങ്ങളിൽ വഴിമുട്ടിയ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ അവസരങ്ങൾ വർധിക്കും. വിദ്യാർഥികൾക്ക് പഠനച്ചെലവിൽ ഗണ്യമായ കുറവുമുണ്ടാകും. മറുവശത്ത്, യൂറോപ്യൻ സർവകലാശാലകൾ ഇന്ത്യയിൽ കാന്പസുകൾ തുടങ്ങുന്നതോടെ ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരുകയും കുടിയേറ്റ ലക്ഷ്യമില്ലാത്ത വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടരാനാകുകയും ചെയ്യും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, മദ്യം, വൈനുകൾ, പാനീയങ്ങൾ, കെമിക്കൽസ്, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ യൂറോപ്പ് ഇന്ത്യയിലെത്തിക്കും. യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ടിരിക്കുന്ന കരാർ എല്ലാംകൊണ്ടും തികഞ്ഞതാണെന്നല്ല, അത് നമ്മുടെ ആവശ്യമായിരുന്നു എന്നതാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അരക്ഷിതലോകത്ത് സുരക്ഷിതത്വം നൽകുന്ന ഉടന്പടികൂടിയാണ് യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപരമായ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതിൽ കരാറും അതിന്റെ അടിയന്തര സാഹചര്യവും സാധ്യതയും വ്യക്തമാണ്.
അതേസമയം, കാർഷികോത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല എന്നു പറയുന്പോൾ, ഇന്ത്യയുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല ഈ ഉടന്പടി എന്നു കരുതിയാൽ മതി. മറ്റു മേഖലകൾക്ക് കരാറിലൂടെ വഴി തുറക്കുന്പോൾ, കർഷകരോടുള്ള പ്രതിബദ്ധത സർക്കാർ ആഭ്യന്തരമായി പ്രകടിപ്പിച്ചാൽ രാജ്യത്ത് സമഗ്ര മാറ്റമുണ്ടാകും. തങ്ങൾക്കു പങ്കില്ലാത്ത ഏതൊരു കരാറിനെയും എതിർക്കുന്നത് സിപിഎമ്മിന്റെ തനത് രാഷ്ട്രീയമെന്നു നിരീക്ഷിക്കാമെങ്കിലും, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കരാർ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് തയാറാവുകയും വേണമെന്ന ആവശ്യം ജനാധിപത്യപരമായി അംഗീകരിക്കേണ്ടതാണ്.
വ്യാപാരത്തിനുവേണ്ടി തുടങ്ങിയ ചർച്ചയ്ക്ക് 18 വർഷത്തിനുശേഷം രാഷ്ട്രീയംകൊണ്ട് ഒപ്പിടേണ്ടിവന്ന ചരിത്രമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റേത്. 2007ൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ യൂറോപ്പുമായി തുടങ്ങിവച്ച ചർച്ചകളാണ് 18 വർഷങ്ങൾക്കുശേഷം ഫലമണിഞ്ഞിരിക്കുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം, 2022 ജൂണിലാണു ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ട്രംപിന്റെ അധിക തീരുവകളുടെ അനിശ്ചിതാവസ്ഥ ഇന്ത്യയുടെയും യൂറോപ്പിന്റെയും സാന്പത്തികരംഗത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് ഇത്രവേഗം നടപ്പാകില്ലായിരുന്നു.
അമേരിക്കയുടെ പരന്പരാഗത ജനാധിപത്യ പ്രതിബദ്ധത മാറ്റിവച്ച്, എല്ലാ ബന്ധങ്ങൾക്കും ലാഭ-നഷ്ടങ്ങൾകൊണ്ട് മാർക്കിട്ട, വ്യാപാരികൂടിയായ ട്രംപാണ് ഈ കരാറിനെ രാഷ്ട്രീയ ആയുധമാക്കാൻ ഇന്ത്യയെയും യൂറോപ്പിനെയും നിർബന്ധിതരാക്കിയത്. എല്ലാവരും ഒന്നിച്ചു വളരുക എന്ന നയത്തിൽനിന്നു മാറി അപരിഷ്കൃത ശൈലിയിൽ അമേരിക്ക ഒന്നാമത് എന്ന പൊങ്ങച്ചം ഇതര രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമായിരുന്നു. ആ വെല്ലുവിളി, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഉൾപ്പെടുന്ന കരാറിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഏറ്റെടുത്തിരിക്കുന്നു.
ഇതു സാധ്യമാക്കുന്നതിനായി വർഷങ്ങളായി പ്രതിബദ്ധതയോടെ പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഒപ്പം, ചർച്ചകൾ തുടങ്ങിവച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവരെയും, ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിനു മറക്കാനാകില്ല.
Editorial
കൽപ്പറ്റയിൽ 16കാരനെ വളഞ്ഞിട്ടു മർദിച്ച ഗുണ്ടകൾക്കു കുട്ടികളുടെ എന്തെങ്കിലും ലക്ഷണമുണ്ടോ? ആ ഭയാനകദൃശ്യം മുഴുവൻ കാണാൻ മുതിർന്നവർക്കുപോലും, പ്രത്യേകിച്ച്, മക്കളുള്ളവർക്കു സാധ്യമല്ല. ഈ അക്രമിസംഘത്തിനു നാളെ കൊലയാളിസംഘമാകാനുള്ള ലക്ഷണങ്ങളെല്ലാമുണ്ട്. പക്ഷേ, കൽപ്പറ്റ കുറ്റവാളികളിൽ ഒരാളൊഴികെ ആർക്കും പ്രായപൂർത്തിയായിട്ടില്ല. ശിക്ഷ ഉപദേശത്തിലും നല്ലനടപ്പിലും തീരും. അതായത്, പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ, പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ആരുമില്ല. അവരിനിയും തല്ലു കൊള്ളും, ചിലപ്പോൾ കൊല്ലപ്പെടും.
കൽപ്പറ്റ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഇത്തരം കുട്ടിക്കുറ്റവാളികളും മയക്കുമരുന്നടിമകളും ഭരിച്ചുതുടങ്ങിയത് സർക്കാരോ നിയമസംവിധാനങ്ങളോ അറിഞ്ഞിട്ടില്ല. കൊടുംക്രൂരരായ ‘പൊന്നുമക്കളെ’യും അവരെ ഇവ്വിധമാക്കി അഴിച്ചുവിട്ട മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും വിട്ടയയ്ക്കുന്പോൾ, ഇരകൾ അനീതിക്കിരയാകുകയാണ്. ഈ ഏർപ്പാട് പുനഃപരിശോധിക്കണം. കുറ്റകൃത്യമുണ്ട്, കുറ്റവാളിയില്ല എന്ന ദുരവസ്ഥ മാറണം.
കഴിഞ്ഞ 21നു വൈകുന്നേരം മൂന്നിനാണ് സംഭവം. ഇരട്ടപ്പേരു വിളിച്ചതിനാണ് ഫോണിലൂടെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി 16കാരനെ ഇടിച്ചും ചവിട്ടിയും വടിയൊടിയുവോളം തല്ലിയും വീഴ്ത്തിയത്. ക്രൂരത അതിരുകടന്നപ്പോൾ ദൃശ്യം പകർത്തിക്കൊണ്ടിരുന്നയാൾ മതിയെന്നു പറയുന്നുണ്ട്. പക്ഷേ, അക്രമികൾക്കു മതിയായില്ല. ഷൂസിട്ടു മുഖത്തു ചവിട്ടുന്നതും മർദിക്കുന്നവരുടെ ഓരോരുത്തരുടെയും കാലു പിടിപ്പിച്ചു മാപ്പു പറയിക്കുന്നതും ദൃശ്യത്തിലുണ്ട്. മാപ്പു പറയുമ്പോഴും മർദിക്കുകയാണ്. കുറ്റവാളികൾതന്നെ ദൃശ്യം പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അറസ്റ്റിലായ കൽപ്പറ്റ സ്വദേശി മുഹമ്മദ് നാഫി ഒഴികെയുള്ള മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ നിയമപ്രകാരം നടപടിയെടുക്കും. സംഭവം ചർച്ചയായതോടെ മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി രക്ഷപ്പെടാൻ ശ്രമിച്ച നാഫിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ പത്താം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മർദിക്കുന്നവർ മാപ്പു പറയിക്കുന്നതിനൊപ്പം ഹല്ലേലുയ്യയും യേശുക്രിസ്തുവിന്റെ നാമവുമൊക്കെ ഏറ്റു ചൊല്ലിക്കുന്നതും പോലീസ് അന്വേഷിക്കേണ്ടതാണ്. കുറ്റവാളികൾക്കു മതപരമായ ദുരുദ്ദേശ്യമുണ്ടെങ്കിൽ അതു കൂടുതൽ ഗൗരവമുള്ളതാണ്. ഇല്ലെങ്കിൽ മതസ്പർധ പരത്താൻ തക്കം പാർത്തിരിക്കുന്നവർക്കു ദുർവ്യാഖ്യാനത്തിന് അവസരമുണ്ടാകും.
ദിവസങ്ങൾക്കു മുന്‍പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒന്‍പതാം ക്ലാസുകാരനെ സഹപാഠികൾ പോലീസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. രാവിലെ സ്കൂളിലേക്കു പോകാനായി പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥിയെ സഹപാഠികളും മറ്റൊരു സ്കൂളിലെ രണ്ടു വിദ്യാർഥികളും, ഉപയോഗിക്കാതെ കിടന്ന എയ്ഡ്പോസ്റ്റിലേക്കു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു ക്ലാസിലെത്തിയ വിദ്യാർഥിയെ, മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതർ ആശുപത്രിയിലേക്കു വിട്ടു. തുടർന്നു പോലീസെത്തി കേസെടുത്തെങ്കിലും ഇരുകൂട്ടരുടെയും മാതാപിതാക്കൾ ഒത്തുതീർപ്പിലെത്തി. പക്ഷേ, അക്രമികൾതന്നെ ദൃശ്യം പുറത്തുവിട്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ ക്രൂരത തിരിച്ചറിഞ്ഞ് വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രം ചിലതു ശ്രദ്ധിക്കപ്പെടുന്നുവെന്നേയുള്ളൂ. സ്കൂളുകളിൽ ഉൾപ്പെടെ നാടാകെ കുട്ടിക്കുറ്റവാളി സംഘങ്ങൾ പെരുകുകയാണ്. ഉത്തരവാദിത്വമില്ലാത്തവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായ മാതാപിതാക്കളാണ് പ്രധാന ഉത്തരവാദികൾ. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിയാതെ, കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും വെന്പൽകൊള്ളുന്ന പക്വതയില്ലാത്ത അധ്യാപകരും ഉത്തരവാദികളാണ്. ഇവരാരും മർദനത്തിനിരയാകുന്ന കുട്ടികളുടെ മാനസികാഘാതങ്ങൾ തിരിച്ചറിയുന്നില്ല.
കേരളം അതിഗുരുതരമായൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടത്തെ ചില രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തിയിരുന്ന ഗുണ്ടായിസം മയക്കുമരുന്നടിക്കുന്ന പ്രായപൂർത്തിയാകാത്തവർ ഏറ്റെടുത്തിരിക്കുന്നു. സഹജീവിയെ ആക്രമിക്കാൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമില്ല. മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നവർ വിദ്യാലയങ്ങളെ വലയം ചെയ്തിരിക്കുകയാണ്. അധ്യാപകർ ഭീതിയിലും നിസഹായതയിലുമായി. നാട്ടിൻപുറങ്ങളിൽപോലും ഈ കുട്ടിക്കുറ്റവാളികളെ നേരിടാൻ മുതിർന്നവർക്കും ഭയമാണ്. ഇത്തരക്കാരെ പേടിച്ച് ഉത്സവങ്ങളും പെരുന്നാളുകളും നടത്താനാകാത്ത സ്ഥിതിയായി. ചോദ്യംചെയ്താൽ സംഘം ചേർന്ന് ആക്രമിക്കും. മക്കളുടെ തോന്ന്യാസങ്ങളെ നിസാരമായി കണ്ട് അവഗണിച്ചിരുന്ന മാതാപിതാക്കൾക്കും നിയന്ത്രണം നഷ്ടമായി.
അധോലോകങ്ങളെ ലജ്ജിപ്പിക്കും വിധമുള്ള ക്രൂരതകൾക്കു മടിക്കാത്തവരെ പ്രായപൂർത്തിയായില്ലെന്ന പേരിൽ സംരക്ഷിക്കുന്ന നിയമങ്ങൾ അഴിച്ചുപണിയേണ്ടതാണ്. രാജ്യത്തെ നടുക്കിയ ‘നിർഭയ’ കൂട്ടമാനഭംഗ-കൊലപാതക കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കരുതെന്ന ഹർജിയുമായി 2015ൽ, ഡൽഹി വനിതാ കമ്മീഷൻ സമീപിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞത്, അയാളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നെന്നും പക്ഷേ, നിലവിലുള്ള നിയമത്തിനപ്പുറത്തേക്കു പോകാൻ തങ്ങൾക്കാകില്ലെന്നുമാണ്. വനിതാ കമ്മീഷന്റെ ഹർജിയെ പിന്തുണയ്ക്കുന്നുവെന്നു ബോധിപ്പിച്ച സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്, ആദ്യം നിയമം ഉണ്ടാക്കൂ എന്നാണ്.
വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാർഥിസംഘടനാ ഗുണ്ടായിസ ന്യായീകരണവും അക്രമം കുത്തിനിറച്ച പുതുതലമുറ സിനിമകളും പക്വതയുള്ളതും അച്ചടക്കത്തിൽ വളർന്നതുമായ കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കണം. മനുഷ്യർ ചോരയൊലിച്ചും പേവിഷബാധയേറ്റും നരകിക്കുന്പോൾ, അവരെ കടിച്ചുകുടഞ്ഞ നായ്ക്കൾക്കുവേണ്ടി കണ്ണീരൊലിപ്പിക്കുന്നവർ, കേരളത്തെ മുൾമുനയിൽ നിർത്തുന്നതിനു തുല്യമാണ് സ്ഥിതി. പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്.
അവർ ചവിട്ടിക്കൂട്ടുന്ന പ്രായപൂർത്തിയാകാത്തവരും അല്ലാത്തവരുമായ ഇരകൾക്കു നീതിയില്ല. അനീതിയുടെ നൈയാമിക സംരക്ഷണമാണിത്. കാലഹരണപ്പെട്ട നിയമങ്ങളാണ് കോടതികളെയും നിസഹായരാക്കുന്നത്. കുട്ടികളുടെ ചെറിയ കുറ്റങ്ങൾക്ക് കഠിനശിക്ഷ നൽകണമെന്നല്ല, അവരുടെ സംഘടിതമായ കൊടുംക്രൂരതകൾക്ക് പ്രായക്കുറവിന്റെ ഇളവു നൽകി ഇരകളെ വീണ്ടും ശിക്ഷിക്കരുതെന്നാണ് പറയാനുള്ളത്. കൊടുംകുറ്റവാളികൾക്ക് പ്രായപൂർത്തിയാകാത്തതിനു നാട്ടുകാരെന്തു പിഴച്ചു?
Editorial
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകിയത് പിആർ വർക്കാണോ തെരഞ്ഞെടുപ്പ് അഭ്യാസമാണോ എന്നതൊക്കെ രാഷ്ട്രീയക്കാർ ചർച്ചചെയ്തുകൊള്ളട്ടെ. പക്ഷേ കേരളം, പ്രത്യേകിച്ചും പുരുഷന്മാർ ഇനിയും കൈവരിച്ചിട്ടില്ലാത്ത ഒരു അടിസ്ഥാനമാന്യതയെ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അവനവന്റെ ഉച്ഛിഷ്ടമുള്ള പാത്രം മറ്റുള്ളവരെക്കൊണ്ടു കഴുകിക്കുന്നവർക്ക് അസമത്വത്തിന്റെ കറ കഴുകിക്കളയാൻ ഇതൊരു ഓർമപ്പെടുത്തലാക്കാവുന്നതാണ്. ബേബി പാത്രം കഴുകിയതിന്റെ പേരിൽ എൽഡിഎഫിനു വോട്ടു കിട്ടുമോയെന്നതാണ് മറ്റു പാർട്ടികളുടെ ആശങ്കയെങ്കിൽ, മലയാളിയുടെ നന്പർ വൺ വീരവാദങ്ങൾക്കപ്പുറത്ത് ഇങ്ങനെ മറഞ്ഞിരിക്കുന്ന അസംഖ്യം മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അവർക്കും വോട്ടു പിടിക്കാവുന്നതാണ്. പാത്രം കഴുകുന്നതിലും രാഷ്ട്രീയമുണ്ട്; ഉണ്ടാകണം.
സിപിഎം ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ ബേബിക്ക് നൗഷാദ് എന്നയാളുടെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് പാത്രവുമായി എഴുന്നേറ്റപ്പോള്‍ വീട്ടുകാർ തടഞ്ഞെങ്കിലും പാത്രം സ്വന്തമായി കഴുകുന്നതാണ് തന്റെ ശീലമെന്നുപറഞ്ഞ് അദ്ദേഹം തനിയെ ചെയ്തു.
അതുകേട്ടപ്പോള്‍ എതിര്‍ത്തില്ലെന്നും ബഹുമാനം തോന്നിയെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, അദ്ദേഹം പാത്രം കഴുകിയതോടെ പിന്നാലെ എഴുന്നേറ്റ മറ്റുള്ളവരും അതുതന്നെ ചെയ്തു എന്നതാണ്. പ്രധാന വ്യക്തികളുടെ ചെയ്തികളെ മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കും. സ്ത്രീകൾ പാത്രം കഴുകുന്നത് മക്കൾ ഉൾപ്പെടെ ആരും ശ്രദ്ധിക്കുകയോ അതിലെന്തെങ്കിലും പ്രത്യേകത ഉള്ളതായി കരുതുകയോ ഇല്ല.
പക്ഷേ, കുടുംബനാഥൻ അതു ചെയ്യുന്പോൾ മക്കൾ അതു ശ്രദ്ധിക്കുക മാത്രമല്ല, അനുകരിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഭക്ഷണബാക്കിയുള്ള പാത്രങ്ങൾ വീട്ടിലെ സ്ത്രീകൾക്കുവേണ്ടി ഉപേക്ഷിച്ചുപോകുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴുമുള്ളതിനാലാണ് കേരളത്തിൽ ഇതൊരു വാർത്തയായത്.
വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്ന എത്ര നേതാക്കളുണ്ടാകും? എത്ര പാർട്ടിക്കാരെക്കുറിച്ച് ഇങ്ങനെ പറയാനാകും? ഇതേക്കുറിച്ചുള്ള സമൂഹമാധ്യമ കമന്റുകളിലൊന്ന്, “അച്ഛന് മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന് മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ’’ എന്ന ഒന്നാം ക്ലാസ് പാഠത്തിലെ വരികളാണ്. സമത്വത്തിന്റെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ ഈ ചർച്ച നിമിത്തമാക്കാവുന്നതാണ്.
പാത്രം കഴുകുന്നിടത്ത്, ശൗചാലയം വൃത്തിയാക്കുന്നിടത്ത്, മുറ്റമടിക്കുന്നിടത്ത്, തുണി അലക്കുന്നിടത്ത്, പാചകം ചെയ്യുന്നിടത്ത്... കാണാതായ കുടുംബാംഗങ്ങൾ എത്രയുംവേഗം ഹാജരാകേണ്ടതാണ്. ശുചിത്വം, മാലിന്യനിർമാർജനം, തുല്യത, യഥാർഥ സ്ത്രീശക്തീകരണം, പരസ്പരബഹുമാനം തുടങ്ങിയ കാര്യങ്ങൾ വീടുകളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമാണ് പഠിക്കേണ്ടത്.
ഉച്ചഭക്ഷണ പാത്രങ്ങൾ മുന്‍പ് കുട്ടികൾതന്നെ സ്കൂളുകളിൽ കഴുകുന്ന സന്പ്രദായമുണ്ടായിരുന്നു. പക്ഷേ, അന്നു വീട്ടിൽ കുട്ടികളെക്കൊണ്ട് അതു ചെയ്യിക്കാതിരുന്നതുകൊണ്ട് അതൊരു ശീലമായില്ല. ഇപ്പോൾ ജലക്ഷാമം ചൂണ്ടിക്കാട്ടി പല സ്കൂളുകളും അത് അനുവദിക്കുന്നില്ല. പക്ഷേ, വീട്ടിലെത്തിയാലുടൻ കുട്ടികളെക്കൊണ്ട് അതു കഴുകിക്കുന്നതിൽ ചില മാതാപിതാക്കളെങ്കിലും പരാജയപ്പെട്ടിട്ടുണ്ട്. അവർ, നാളെ അതു ചെയ്യില്ല.
നമ്മുടെ സമഗ്രഗുണമേന്മാവിദ്യാഭ്യാസം പാഠങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങിപ്പോയി. ജപ്പാനിൽ രാവിലെ സ്കൂളിലെത്തിയാൽ ഉപയോഗിക്കുന്ന ചെരിപ്പ്, പുറത്ത് വിദ്യാർഥിയുടെ പേരെഴുതിയ ബോക്സിൽ വയ്ക്കണം. ക്ലാസിൽ വേറെ ചെരിപ്പാണ് ഉപയോഗിക്കുന്നത്. ആഴ്ചയിലൊരിക്കൽ ചെരിപ്പ് സൂക്ഷിക്കുന്ന പെട്ടി വീട്ടിൽ കൊണ്ടുപോയി ശുചിയാക്കണം.
ഓരോ ദിവസവും ക്ലാസ് മുറി വൃത്തിയാക്കിയശേഷമാണ് ചെറിയ ക്ലാസിലെ കുട്ടികളും വീട്ടിലേക്കു പോകുന്നത്. വീട്ടിലും ഇതിനു തുടർച്ചയുണ്ട്. ആരു കണ്ടാലും ഇല്ലെങ്കിലും അവർ മാലിന്യം വലിച്ചെറിയില്ല. ലോകകപ്പിൽ ഉൾപ്പെടെ തങ്ങളുടെ ടീം വിജയിച്ചാലും ഇല്ലെങ്കിലും സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്നതിനുമുന്പ് ജപ്പാൻകാർ പരിസരമെല്ലാം വൃത്തിയാക്കുന്ന കാഴ്ച നിരവധിതവണ ലോകം കണ്ടു.
അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യാത്രചെയ്യുന്ന നാം മാലിന്യമുക്തമായ തെരുവുകളും ജലാശയങ്ങളുമൊക്കെ കണ്ട് കോരിത്തരിക്കാറുണ്ട്. പക്ഷേ, ഒന്നും അനുകരിക്കാറില്ല. വിദ്യാലയങ്ങളിലും വീടുകളിലും ഒരുപോലെ പരിശീലിപ്പിച്ചാലേ പുതിയ തലമുറ പൗരസമത്വബോധമുള്ളവരായി വളർന്നുവരൂ.
പാത്രംകഴുകലിലേക്കു തിരിച്ചുവന്നാൽ, വീടുകളിൽ മാത്രമല്ല, ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ അവനവന്റെ പാത്രങ്ങൾ മറ്റുള്ളവരെക്കൊണ്ട് കഴുകിക്കുന്ന സന്പ്രദായം അവസാനിപ്പിച്ചേ പറ്റൂ. കുട്ടികളെയും പ്രായമായവരെയും മാത്രമേ ഒഴിവാക്കേണ്ടതുള്ളു. വീട്ടിൽപോലും പാത്രം കഴുകാത്തവർക്കു പൊതുഇടങ്ങളിൽ അതു ചിന്തിക്കാനായെന്നുവരില്ല.
അതു നമ്മുടെ പൊതുബോധ വൈകല്യമാണ്. തിരുത്താവുന്നതേയുള്ളു. സ്വന്തം ഉച്ഛിഷ്ടം നിറഞ്ഞ പാത്രം നാം വൃത്തിയാക്കാത്തിടത്തൊക്കെ സാന്പത്തികബുദ്ധിമുട്ടുള്ള ജോലിക്കാർ അല്ലെങ്കിൽ നിർബന്ധിതരാകുന്ന ഏതോ ഒരാൾ നമുക്കുവേണ്ടി അതു ചെയ്യുന്നുണ്ട്. വീട്ടിലും പൊതുസ്ഥലത്തുമൊക്കെ അവർ കരിപുരണ്ടുനിൽക്കുന്നു. അവരോടാണ് നാം നവോത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുന്നത്.
ആരു കഴുകിയാലും പാത്രം പിണങ്ങില്ലെങ്കിൽ, ആരു മുറ്റമടിച്ചാലും ചൂലു പിണങ്ങില്ലെങ്കിൽ, ആരു വൃത്തിയാക്കിയാലും ശൗചാലയം പിണങ്ങില്ലെങ്കിൽ, ആരു പാചകം ചെയ്താലും ഭക്ഷണം പിണങ്ങില്ലെങ്കിൽ നമ്മളെന്തിനാണ് എല്ലായിടത്തും അതു ചിലരെമാത്രം ഏൽപ്പിച്ചത്? ആ ചിലരെ നാം തുല്യരായി കാണാതിരുന്നതുകൊണ്ട്.
തിരിച്ചറിയാതെപോയ അനീതിയാണെങ്കിൽ ഇന്നുതന്നെ തിരുത്താം. പാത്രത്തിലെ അഴുക്കിനൊപ്പം നമ്മുടെ ദുഃശീലങ്ങൾകൊണ്ടു ക്ലാവ് പിടിച്ച ബോധവും ശുദ്ധിയാകട്ടെ.
Editorial
മനുഷ്യരെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന വന്യജീവികളും തെരുവുനായ്ക്കളും പെറ്റുപെരുകുന്പോൾ ദയാവധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വികസിത രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും അതിനു മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ ഫൈവ് സ്റ്റാർ മൃഗസ്നേഹികളും അവയുടെ നാടൻ പതിപ്പുകളും ഇപ്പോൾ സമ്മതിക്കില്ല. പക്ഷേ, നിരുപദ്രവകാരികളായ ആടിനെയും കോഴിയെയുമൊക്കെ കൊന്ന് രുചിയോടെ അകത്താക്കുന്നുമുണ്ട്. ഈ കാപട്യത്തിനു വാലാട്ടി നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. നായവന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയും പരാജയമായി.
വിഷയം സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രവചിക്കാനാകില്ലെങ്കിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരേ ചാടിവീണ മേനക ഗാന്ധിയോട്, കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തത് മഹാമനസ്കതകൊണ്ടാണെന്നു മുന്നറിയിപ്പും നൽകി. തെരുവുനായ്ക്കളെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തണമെന്നും നിരീക്ഷിച്ചു. ഇനി 28നാണ് കേസ് പരിഗണിക്കുന്നത്. രാജ്യം കാത്തിരിക്കുകയാണ്, ശാപമായി മാറിയ ഈ ഭരണപരാജയത്തെ കൂട്ടിലടച്ചിരുന്നെങ്കിൽ!
തെലുങ്കാനയിലെ റംദറെഡ്ഡിയിൽ നൂറു തെരുവുനായ്ക്കളെ കൊന്നെന്നാരോപിച്ച് പഞ്ചായത്ത് അധികൃതർക്കെതിരേ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിരിക്കുകയാണ്. കടിയേറ്റു മരിക്കുന്നവർക്കുവേണ്ടി ഇത്തരക്കാർ ചെറുവിരലനക്കില്ല. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്. കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരന്മാർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. എബിസി നിയമത്തിന്റെ ചുവടു പിടിച്ചാണ് കോടതിവിധികളും വന്നുകൊണ്ടിരുന്നത്. നിയമം കാര്യക്ഷമമാക്കാനുള്ള ഉപദേശത്തിൽ വിധികൾ ഒതുങ്ങി. ഇതിലും ദുരന്തമാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം.
ആയിരക്കണക്കിനു മനുഷ്യർ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങൾക്കു പരിക്കേൽക്കുകയും കാർഷികമേഖല തകരുകയും ചെയ്തിട്ടും, 55 വർഷമായി ഈ നിയമം പരിഷ്കരിച്ചിട്ടില്ല. ഉള്ളതു പറഞ്ഞാൽ, ജാഥയും പ്രകടനങ്ങളുമല്ലാതെ ജനങ്ങളുമായി വലിയ ബന്ധമില്ലാത്ത ഭരണ-പ്രതിപക്ഷ നേതാക്കൾക്കറിയില്ല ജനങ്ങളുടെ ദുരിതം. നേതാക്കളോടു കാര്യം പറയാൻ പ്രാദേശിക നേതാക്കൾക്കും അണികൾക്കും കഴിവുമില്ല.
അമേരിക്കയില്‍ പ്രതിവർഷം ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധമുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2023ൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അനുമതി കൊടുത്തു; ദയാവധം തന്നെ. പാക്കിസ്ഥാനിൽ സംരക്ഷണനിയമം അപ്രായോഗികമെന്നു കണ്ട് 2021 മുതൽ കൂട്ട ദയാവധം നടത്തുന്നുണ്ട്. തെരുവുകളിലെ 40 ലക്ഷം നായ്ക്കളെ സംരക്ഷിക്കാവുന്നവർ സംരക്ഷിക്കുക അല്ലെങ്കിൽ ദയാവധം നടത്താൻ 2024ൽ തുർക്കിയും തീരുമാനിച്ചു. ബ്രിട്ടനിൽ സംരക്ഷിക്കുന്നുമുണ്ട്, ചിലയിടത്ത് പിടികൂടി എട്ടുദിവസത്തിനകം ഉടമ വന്നില്ലെങ്കിൽ കൊല്ലുകയും ചെയ്യും.
സ്പെയിനിനും പോർച്ചുഗലിനുമൊപ്പം 2030ൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയും മറ്റെല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടതോടെ 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്നേഹികളെ സർക്കാർ നിലയ്ക്കു നിർത്തി. അസർബൈജാൻ വെടിവച്ചു കൊന്നാണ് തെരുവുനായ ശല്യം പരിഹരിച്ചത്. സ്പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങി ചില രാജ്യങ്ങൾ തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനാൽ തെരുവിൽ അലയുന്നില്ല.
ഇന്ത്യക്ക് സംരക്ഷിക്കാനുള്ള ശേഷിയില്ല, കൊല്ലാനൊട്ടു സമ്മതിക്കുകയുമില്ല; ജനം അനുഭവിച്ചുകൊള്ളണം. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയതിനാല്‍ എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. പക്ഷേ, വിദഗ്ധരല്ല, ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വകതിരിവില്ലാത്ത രാഷ്ട്രീയക്കാരും മൃഗസ്നേഹികളുമായിപ്പോയി.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം 118 പേർ മരിച്ചെന്നാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കണക്ക്. പരിക്കേറ്റവർ ഇതിന്റെ പതിന്മടങ്ങാണ്. ആറു കോടിയോളം തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. ദിവസവും ആയിരങ്ങൾക്കു കടിയേൽക്കുന്നു. നായ്ക്കൾ പെരുകുന്നതിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ ഉന്മൂലനം ചെയ്തിരുന്ന കാലത്ത് ജനങ്ങൾക്കു മരണഭീതിയില്ലായിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ മേനകാ ഗാന്ധി മൃഗസംരക്ഷണത്തിന്റെ ചുമതലകൂടിയുള്ള മന്ത്രിയായ ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും വരച്ചവരയിൽ നിർത്താൻ അവർക്കു കഴിഞ്ഞു. ആദ്യമായാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നെങ്കിലും തിരിച്ചടി കിട്ടിയത്. ആടിനെയും കോഴിയെയും പാചകം ചെയ്തു രുചിയോടെ ശാപ്പിടുന്ന വീഡിയോ ഇട്ടിട്ട്, തെരുവുനായ്ക്കൾക്കുവേണ്ടി കരയുന്ന പ്രതിപക്ഷ നേതാക്കളെയും കണ്ടു. ഇന്ത്യൻ രാഷ്ട്രീയം പ്രഹസനമായിരിക്കുകയാണ്.
പേവിഷബാധയേറ്റ് സെല്ലുകളിൽ ഒരു തുള്ളി വെള്ളം കുടിക്കാൻപോലും ആകാതെ നരകിച്ചു മരിക്കുന്ന മനുഷ്യരെയും അവരുടെ കുടുംബാംഗങ്ങളെയും കാണാതെ, തെരുവുനായ്ക്കൾക്കുവേണ്ടി കണ്ണീരൊഴുക്കുകയും കവിതയെഴുതുകയും ചെയ്യുന്നവർക്കും അവരെ പേടിച്ചു വാലാട്ടുന്ന ഭരണാധികാരിൾക്കും ചികിത്സയാണ് ആവശ്യം. സുപ്രീംകോടതി മരുന്നു കൊടുക്കുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.
Editorial
ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി അഴിഞ്ഞാടുന്ന രാജ്യവിരുദ്ധർ ഒഡീഷയിലെ ഒരു ക്രൈസ്തവനെ ചാണകം തീറ്റിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ മടങ്ങിയിരിക്കുന്നു. പതിവുപോലെ ഇന്ദ്രപ്രസ്ഥം അതിശൈത്യത്തിലാണ്; ശിശിരത്തിന്റെയല്ല, വർഗീയ നിഷ്ക്രിയതയുടെ.
24 മണിക്കൂർപോലും വേണ്ട, ഭരണകർത്താക്കൾക്ക് ഈ വർഗീയവാദികളെ നിലയ്ക്കു നിർത്താൻ. പക്ഷേ, ചെയ്യില്ല. അതാണു ധ്രുവീകരണ രാഷ്ട്രീയം! ഇതര മതസ്ഥരെ വിസർജ്യം തീറ്റിക്കുന്നതിനോളം അധഃപതിച്ചിരിക്കുന്ന ഈ വർഗീയ മഹാമാരി കേരളത്തെയും തിന്നരുത്; ജാഗ്രതയുണ്ടാകണം. ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് ഗ്രാമത്തിൽ കഴിഞ്ഞ നാലിനു നടന്ന സംഭവം തിങ്കളാഴ്ചയാണു പുറംലോകമറിയുന്നത്.
വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെയാണ് മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ബിപിൻ ബിഹാരി നായികിനെ അവർ ആക്രമിച്ചത്. ജയ് ശ്രീറാം വിളികളുമായി എത്തിയ നാൽപ്പതംഗ ബജ്രംഗ്ദൾ സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞത്. അക്രമികൾ അദ്ദേഹത്തെയും ഗ്രാമത്തിൽ ആകെയുള്ള ഏഴു ക്രൈസ്തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു.
പാസ്റ്ററെ ക്രൂരമായി മർദിക്കുകയും ചെരുപ്പുമാല അണിയിച്ച് രണ്ടു മണിക്കൂറോളം നടത്തിക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. കേണപേക്ഷിച്ചിട്ടും പോലീസ് സഹായത്തിനു തയാറായത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പോലീസുമായി ഭാര്യ എത്തിയപ്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ പാസ്റ്ററെ കൈകൾ പിന്നിൽ കെട്ടി ഇരുന്പുകന്പികൊണ്ട് ബന്ധിച്ചിരുന്നു.
മുറിവുകളിൽനിന്നു രക്തം വാർന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ചാണകം തീറ്റിക്കുകയും മർദിക്കുകയും ചെയ്തവർ ‘ജയ് ശ്രീറാം’ ഏറ്റുചൊല്ലാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ സമ്മർദത്തിനൊടുവിലാണ് കേസുപോലും എടുത്തത്. അതേസമയം, മതപരിവർത്തനം ഉന്നയിച്ച് പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഏതു ഹിന്ദുത്വ സംഘടനയ്ക്കും ആൾക്കൂട്ട ആക്രമണത്തിന് ഉപയോഗിക്കാൻ ബിജെപി സർക്കാരുകളുടെ ആലയിൽനിന്നു വിതരണം ചെയ്ത മതപരിവർത്തന നിരോധന നിയമമാണ് പാസ്റ്ററെ ചാണകം തീറ്റിക്കാൻ ബജ്രംഗദൾ എന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്ഥാനത്തിനു ധൈര്യം പകർന്നത്. ഗ്രാമത്തിലുള്ള ചിലരും ഇതിൽ പങ്കെടുത്തു.
വർഗീയഭ്രാന്ത് മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നത്! ഒരു മുദ്രാവാക്യംകൊണ്ട് എത്ര ക്രൂരമായാണ് അത് അയൽക്കാരെയും അന്യരാക്കുന്നത്! വെറുതെ സംഭവിക്കുന്നതല്ല. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമായിരുന്ന ഇന്ത്യ ഹെയ്റ്റ് ലാബ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ആ പ്രസംഗകർക്ക് എങ്ങനെയാണ് തങ്ങൾ വളർത്തിയ വർഗീയവാദികളോട് ‘മാ നിഷാദ’ എന്നു പറയാനാകുന്നത്! യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടിൽ, ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും പറയുന്നു. ആരെങ്കിലും നടുങ്ങിയോ ഈ മതേതര രാജ്യത്ത്? നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞിട്ടുണ്ടെന്നുപോലും തോന്നുന്നില്ല.
വർഗീയമനസുകളെ ഒരുക്കുന്നത് വിഷം വമിപ്പിക്കുന്ന പ്രസംഗകലകളാണ്. അവ തടയാൻപോലും ശേഷിയില്ലാത്തവരാണ് കേരളത്തിൽ വർഗീയത അനുവദിക്കില്ലെന്നു വീരവാദം പറയുന്നത്. പാസ്റ്ററെ ക്രൂരമായി മർദിച്ചു ചാണകം തീറ്റിച്ച ഗ്രാമത്തിൽ ആകെ ഏഴു ക്രിസ്ത്യൻ കുടുംബങ്ങളാണുള്ളത്. വീടുകൾ കത്തിക്കുമെന്ന ബജ്രംഗ്ദൾ ഭീഷണിയെത്തുടർന്ന് അവരെല്ലാം മറ്റു ഗ്രാമങ്ങളിലെ ബന്ധുവീടുകളിലാണ് ജീവിക്കുന്നത്.
ആരുടേതാണ് ഈ ഇന്ത്യ? ഒരുത്തരമേയുള്ളു; നമ്മുടേതാണ്. മതേതര സമൂഹം ഉറങ്ങുന്പോഴാണ് വർഗീയത കള്ളപ്രമാണമുണ്ടാക്കി രാജ്യത്തെ തട്ടിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഇത്ര അരക്ഷിതാവസ്ഥയിലാക്കിയതിൽ ഭരിക്കുന്നവർക്കൊപ്പം തങ്ങളുടെ അലസതയ്ക്കും പങ്കുണ്ടെന്നു പ്രതിപക്ഷം തിരിച്ചറിയണം. കോടതികളെ ഭരണഘടനകൊണ്ട് വിളിച്ചുണർത്തണം.
ചാണകം വെറും വിസർജ്യമാണ്; അതുപയോഗിച്ച് ഒരു സംസ്കാരത്തെ ദുർഗന്ധപൂരിതമാക്കാൻ മതരാഷ്ട്രീയത്തിന്റെ രോഗാണുവാഹകരെ അനുവദിക്കരുത്. കേരളം മുന്നിലിറങ്ങണം.
Editorial
സ്ഫോടനാത്മകമായ വാർത്തകൾ നിർവികാരമായി, ചിലപ്പോൾ ഒരു ചായ ഊതിക്കുടിച്ചുകൊണ്ട് ആസ്വദിച്ചു വായിക്കാനോ കേൾക്കാനോ കഴിയുന്നിടത്തേക്ക് നാം പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അത്തരം വാർത്തകളിൽ ഒന്ന് അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റേതായിരുന്നു. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു.
88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. രണ്ടാമത്തെ വാർത്ത യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമാണ് റിപ്പോർട്ട്. ഏതാനും വർഷങ്ങളായി രാജ്യത്തു ദൃശ്യമായിരുന്ന മാറ്റങ്ങളാണ് പുതിയ തലത്തിലെത്തിയിരിക്കുന്നത്.
സർക്കാർ എവിടെ എന്ന യാന്ത്രിക ചോദ്യത്തിനൊപ്പം പ്രതിപക്ഷങ്ങൾ, മാധ്യമങ്ങൾ, കോടതികൾ, മതനേതൃത്വങ്ങൾ, മതേതര പ്രസ്ഥാനങ്ങൾ ഒക്കെ എവിടെയെന്ന നിരാശാഭരിതമായ ചോദ്യവും ഉയരുന്നു. മുകളിൽ പറഞ്ഞ രണ്ടു വാർത്തകളും പരസ്പരബന്ധിതമാണ്. വിദ്വേഷപ്രസംഗങ്ങളും ഭരണകൂട നിഷ്ക്രിയതയുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം.
2025ൽ 1,318 വിദ്വേഷപ്രസംഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024ലെ 1,165 സംഭവങ്ങളെ അപേക്ഷിച്ച് 13 ശതമാനം വർധന. 2023ലെ 668 സംഭവങ്ങളെ കണക്കിലെടുത്താൽ 97 ശതമാനത്തിന്റെ വർധന. 2024 മുതൽ മുസ്ലിംകൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ 12 ശതമാനം വർധനയുണ്ടായി. ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ മുൻ വർഷത്തേക്കാൾ ഏകദേശം 41 ശതമാനത്തിന്റെ വർധന.
88 ശതമാനവും, അതായത് 1,318 വിദ്വേഷപ്രസംഗ സംഭവങ്ങളിൽ 1,164 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ഹിന്ദുത്വ സംഘടനാ-രാഷ്ട്രീയ നേതാക്കൾ, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അവിശ്വസ്തരും ദേശവിരുദ്ധരും അപകടകാരികളും ജനസംഖ്യാഭീഷണി ഉയർത്തുന്നവരുമായി ചിത്രീകരിക്കാൻ, ഭയപ്പെടുത്തുന്ന ആഖ്യാനങ്ങൾ ഉപയോഗിക്കുന്നു.
ഇത്തരം ആഖ്യാനങ്ങൾ ഇപ്പോൾ പൊതുചർച്ചകളുടെയും തെരഞ്ഞെടുപ്പിന്റെയും ദേശസുരക്ഷയുടെയും മുഖ്യ പ്രമേയമാകുകയും ചെയ്തിരിക്കുന്നു. വിദ്വേഷപ്രസംഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഒന്നാമതും വിഎച്ച്പി ദേശീയ അധ്യക്ഷൻ പ്രവീൺ തെഗാഡിയ രണ്ടാമതുമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമൊക്കെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ ഇല്ലെങ്കിലും, പ്രസംഗത്തെ വിദ്വേഷകലയാക്കിയവർ കേരളത്തിലും എത്ര സ്വതന്ത്രരാണ്!
വിദ്വേഷപ്രചാരണം നമ്മെ എവിടെയെത്തിക്കുമെന്നതിന്റെ സൂചകമാണ് രണ്ടാമത്തെ റിപ്പോർട്ട്. ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമാകാം. കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
മ്യാന്മര്, ചാഡ്, സുഡാന് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിൽ. 2014 മുതല്‍ മ്യൂസിയം ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇറക്കുന്നുണ്ട്. മ്യാന്മറില് രോഹിംഗ്യകള്‍ക്കെതിരായ വംശഹത്യയെക്കുറിച്ചും ദക്ഷിണ സുഡാനിലെയും എത്യോപ്യയിലെയും കൂട്ടക്കൊലകളെക്കുറിച്ചും മുന്നറിയിപ്പുകളുണ്ടായിരുന്നെന്നും പക്ഷേ, അവയ്ക്കെതിരേ നടപടികളുണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു.
കൂട്ടക്കൊലകള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് ഉദ്യോഗസ്ഥരെയും സംഘടനകളെയും സഹായിക്കുകയാണ് റിപ്പോർട്ടിന്റെ ലക്ഷ്യമെന്ന് ഗവേഷണ ഡയറക്ടര്‍ ലോറന്‍സ് വൂച്ചര്‍ ആമുഖത്തില്‍ വ്യക്തമാക്കി. യൂറോപ്പിലെ ഹോളോകോസ്റ്റ് തടയാമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ വൂച്ചര്‍, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കുകയും നേരത്തേയുള്ള നടപടി സ്വീകരിക്കുകയും ചെയ്താൽ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
വിദ്വേഷപ്രചാരണം വെറുതെ സംഭവിക്കുന്നതല്ല. അതിനൊരു ലക്ഷ്യമുണ്ട്. അത് അധികാരം നേടലിൽ തുടങ്ങി, അധികാരം നിലനിർത്തലും കൂട്ടക്കൊലകളും വംശഹത്യകളും പിന്നിട്ട് മതരാഷ്ട്രത്തെ വരെ ലക്ഷ്യം വയ്ക്കുന്ന ഭൂരിപക്ഷ പ്രലോഭനങ്ങൾ നിറച്ച രഥമാണ്. മുകളിൽ പറഞ്ഞ രണ്ടു റിപ്പോർട്ടുകളും ഈ സാധ്യതകൾ ഊന്നിപ്പറയുന്നതാണ്.
ഹിറ്റ്ലർ കോൺസൻട്രേഷൻ ക്യാന്പുകൾ തുടങ്ങുന്നതിനു വളരെ മുന്‍പ് വിദ്വേഷപ്രചാരണം തുടങ്ങിയിരുന്നു. ആര്യന്മാരുടെ വംശശുദ്ധിയും ഇതരവംശ വിദ്വേഷവും കുത്തിനിറച്ച മയിൻ കാംഫ് 1925ൽ പുറത്തിറക്കി. ആ വംശീയ വിചാരധാരയിൽനിന്നാണ് നാസി പാർട്ടിയെ ശക്തിപ്പെടുത്തിയത്. യഹൂദർ ശത്രുക്കളാണെന്നും രാജ്യത്തിനു ഭീഷണിയാണെന്നും സ്ഥാപിച്ചു.
ജനപിന്തുണയ്ക്കായി അവർ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുകയും തത്സമയം വിദ്വേഷപ്രചാരണങ്ങൾ നടത്തുകയും ചെയ്തു. നുണകൾ ആവർത്തിച്ചു പറഞ്ഞു സത്യമാക്കാൻ ശ്രമിച്ച, പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ തന്ത്രമാണ് ഇന്നും പലരും ആവർത്തിക്കുന്നത്. വെറുപ്പിന്റെ പ്രവാഹങ്ങളായിരുന്നു നാസികളുടെ പ്രസംഗങ്ങളെല്ലാം.
പിന്നീടുണ്ടായതു ചരിത്രമാണ്. ഇന്ത്യയിൽ അതു സംഭവിക്കുമോയെന്നല്ല, അതിനുള്ള സാധ്യതകൾപോലും സൃഷ്ടിക്കില്ലെന്നാണ് നാം ഉറപ്പാക്കേണ്ടത്. രാജ്യമൊട്ടാകെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ, പ്രതിരോധം പ്രസ്താവനകളിലൊതുക്കരുത്. ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുന്പോൾ തന്നെ, അധികാരത്തിലിരുന്ന് അവർ നടത്തുന്ന വിദ്വേഷവ്യാപനത്തെ എങ്ങനെ തടയാനാകുമെന്ന് രാജ്യം ഒന്നിച്ചിരുന്നു ചിന്തിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ സംഘപരിവാർ ആക്രമണങ്ങളൊക്കെ നിസാരമാണെന്നു വരുത്താൻ, വിദേശത്തെ ഇസ്ലാമിക തീവ്രാദത്തെ നോക്കാൻ പറയുന്ന വർഗീയ പോഷകസംഘടനകളെ - ന്യൂനപക്ഷ വിലാസത്തിലുള്ളതാണെങ്കിലും - വിശ്വസിക്കരുത്. ഒരു ഭ്രാന്തിനെ മറ്റൊന്നുകൊണ്ടു തടയാനാകില്ല. ഭരണഘടനയെയും കോടതികളെയും ആശ്രയിക്കണം. വർഗീയ-ആരാധനാലയ വിധികളിൽ ഒറ്റപ്പെട്ട വ്യതിയാനങ്ങളുണ്ടെങ്കിലും അന്തിമപരിഹാര സാധ്യതകളെ കൈവെടിയരുത്.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ന്യൂനപക്ഷ മതനേതൃത്വവും നിയമവിദഗ്ധരും അടങ്ങുന്ന സ്ഥിരം നിരീക്ഷണ-നിയമപരിഹാര സംവിധാനത്തിന് വിദ്വേഷരഥങ്ങൾ ലക്ഷ്യത്തോടടുക്കുന്പോഴെങ്കിലും നാം തയാറാകണം. ദക്ഷിണാഫ്രിക്കയിലെ വംശവെറിക്കെതിരേ പൊരുതിയ നെൽസൺ മണ്ടേലയുടെ വാക്കുകൾ കരുത്തുറ്റതും പ്രതീക്ഷ നൽകുന്നതുമാണ്.
“തൊലിനിറത്തിന്റെയോ മതത്തിന്റെയോ പേരിൽ മറ്റൊരാളെ വെറുത്തുകൊണ്ട് ആരും ജനിക്കുന്നില്ല. വെറുക്കാൻ നാം പിന്നീടു പഠിക്കുകയാണ്. വെറുക്കാൻ പഠിപ്പിക്കാമെങ്കിൽ സ്നേഹിക്കാനും പഠിപ്പിക്കാം. കാരണം, സ്നേഹം അതിന്റെ വിപരീതത്തേക്കാൾ സ്വാഭാവികമായി മനുഷ്യഹൃദയത്തിലേക്ക് വരുന്നു.” ശരിയാണ്, വിദ്വേഷം പഠിപ്പിക്കുന്നവർ ഇന്ത്യയിൽ ധാരാളമുണ്ട്.
പക്ഷേ, അതിലേറെപ്പേർ സ്നേഹം പഠിപ്പിക്കാതെ, വിദ്വേഷവിദ്യാലയങ്ങളെ തടയാതെ, നിയമപരിഹാരത്തിനു മുതിരാതെ നിഷ്ക്രിയരായിരിക്കുന്നു. കുറ്റക്കാർ അവർ മാത്രമല്ല.
Editorial
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ചില നടപടികൾ എടുക്കുന്നുണ്ടെന്നു വരുത്താനെങ്കിലും സർക്കാർ ശ്രമിച്ചത് ആശാവഹമാണ്. പക്ഷേ, ദുരൂഹത വിട്ടൊഴിയുന്നില്ല. കമ്മീഷന്റെ ഒരു ശിപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാകാം ‘സൺഡേ സ്കൂൾ ക്ഷേമനിധി’ എന്ന ആശയം പരിഗണനയ്ക്കെടുത്തത്. ഇക്കാര്യത്തിൽ ജനുവരി 16നകം അഭിപ്രായം അറിയിക്കണമെന്ന് ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, ഇതുവരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, അവ്യക്തതയുടെ ഇരുട്ടിലും ദുർവ്യാഖ്യാന സാധ്യതകളുടെ മഴയിലും നിന്ന് പ്രതികരിക്കേണ്ടതില്ലെന്നാണ് കത്തോലിക്കാ സഭയുടെ തീരുമാനം. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഈ നിലപാട് ക്രിയാത്മക മനോഭാവത്തോടെ ഉൾക്കൊള്ളുകയും വൈകിയ വേളയിലെങ്കിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുതാര്യ നടപടികളിലേക്കു കടക്കാൻ സർക്കാർ തയാറാകുകയും വേണം. ആശയക്കുഴപ്പമുണ്ടാക്കരുത്.
2020 നവംബർ അഞ്ചിന് നിയോഗിക്കുകയും 2023 മേയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിച്ചതെങ്കിലും രണ്ടര വർഷത്തിനു ശേഷവും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സർക്കാരിനറിയാം; ക്രൈസ്തവർക്കോ പൊതുസമൂഹത്തിനോ അറിയത്തുമില്ല.
എന്നിട്ടും വരൂ, അഭിപ്രായം പറയൂ എന്നു നിർബന്ധിക്കുന്നത് വിചിത്ര നടപടിയാണ്. അതിലേറെ വിചിത്രമാണ്, റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നും ബാക്കി ഉടനെ ശരിയാക്കുമെന്നുമുള്ള അറിയിപ്പ്. മറുവശം കേൾക്കാനുള്ള വിമുഖതയെ സൂചിപ്പിക്കുന്ന ‘മൻ കി ബാത്’കളുടെ പതിപ്പുകളാണിത്. സൺഡേ സ്കൂൾ ക്ഷേമനിധി പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അറിയാത്ത ഒന്നിനെക്കുറിച്ച് അഭിപ്രായം പറയുക അസാധ്യമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിലിന്റെ പ്രതികരണം ഇത്തരുണത്തിലാണ്. ക്രൈസ്തവസമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൗതുകവസ്തുക്കൾകൊണ്ട് ചെക്ക് പറയുന്നത് സ്വീകാര്യമല്ല.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29നു ചേർന്ന യോഗത്തിലാണ് കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണമെന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സഭകളോട് ആവശ്യപ്പെട്ടത്.
കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചെന്നപോലെ നിർദിഷ്ട ക്ഷേമനിധിയുടെ വിശദാംശങ്ങളും ക്രൈസ്തവർക്ക് അറിയില്ല. മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെക്കുറിച്ചൊക്കെ ദുരൂഹതയാണ്. പിന്നെങ്ങനെയാണ് അഭിപ്രായം പറയുന്നത്? രണ്ടാമത്തെ കാര്യം, കത്തോലിക്കാ സഭയിലെ വിശ്വാസപരിശീലനം ഒരു ജോലിയോ തൊഴിലോ ആയി സഭ കരുതിയിട്ടില്ലാത്തതിനാൽ വേതനമോ പാരിതോഷികമോ സ്വീകരിക്കുന്നുമില്ല.
സുവിശേഷപ്രഘോഷണ ദൗത്യത്തിൽ പൂർണമനസോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ. മതപഠനം, മതങ്ങളുടെ സ്വകാര്യ ഉത്തരവാദിത്വമായതിനാൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന സഭാ നിലപാട് മതേതര സമൂഹത്തോടുള്ള പ്രതിബദ്ധതകൂടിയാണ്. ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യണമെങ്കിൽപോലും പദ്ധതിയെക്കുറിച്ച് അറിയണം. അതൊക്കെ ഒഴിവാക്കി തെരഞ്ഞെടുപ്പിനു മുന്‍പ് തിടുക്കത്തിൽ ഓർഡിനൻസിലൂടെ ക്ഷേമനിധി നടപ്പാക്കരുത്.
ഇതൊക്കെയാണെങ്കിലും ക്രൈസ്തവസമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് സർക്കാരിനു മിണ്ടാട്ടമില്ല. ദയവായി ആദ്യം ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടൂ. സഭകൾക്ക് അതൊന്നു വായിക്കാനും ചർച്ച ചെയ്യാനും ഇത്തിരി സമയം അനുവദിക്കൂ. റിപ്പോർട്ടിലെ 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്.
പക്ഷേ, അവ ഏതൊക്കെയാണെന്ന് ക്രൈസ്തവർക്കുപോലും കണ്ടെത്താനാകുന്നില്ല. എന്തൊരവസ്ഥയാണിത്! റിപ്പോർട്ടും പുറത്തുവിടുന്നില്ല. എത്ര ദുരൂഹമാണിത്! സർക്കാർ ആരെയോ ഭയപ്പെടുന്നു എന്ന നിഗമനത്തിലെത്തേണ്ടിയിരിക്കുന്നു. ഭരണഘടനയെയോ മതേതരത്വത്തെയോ വെല്ലുവിളിക്കുന്ന ഒരു മതനിയമമോ ആനുകൂല്യമോ ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് സംസ്ഥാന സർക്കാരിനെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു. ക്ഷേമനിധിയായാലും നൊബേൽ സമ്മാനമായാലും അർഹതയില്ലാത്തതൊന്നും ക്രൈസ്തവർ കൈപ്പറ്റുകയുമില്ല.
Editorial
താജുദ്ദീൻ എന്ന നിരപരാധിയെ കള്ളനാക്കി അധിക്ഷേപിച്ച്, ജയിലിലിട്ട്, വിദേശത്തെ ജോലിയും നഷ്ടപ്പെടുത്തിയ കഥ വായിച്ച മലയാളികളിൽ പലരും ഇന്നലെ ചിന്തിച്ചത്, ഏതെങ്കിലും ഒരു രാത്രിയോ പകലോ തങ്ങളുടെ വാഹനത്തിനും പോലീസ് കൈ കാണിക്കുമോ എന്നാണ്. യഥാർഥ കള്ളൻ പിടിയിലായതോടെ കോടതിയിലെത്തിയ താജുദ്ദീനു നഷ്ടപരിഹാരം കൊടുക്കാൻ വിധിയുണ്ടായി.
കേട്ടാൽ അതിശയോക്തി കലർന്നൊരു അറബിക്കഥയെന്നു തോന്നുമെങ്കിലും പോലീസുകാരുടെ എഫ്ഐആറിൽനിന്നെടുത്തൊരു തലശേരിക്കഥയാണിത്. പക്ഷേ, പോലീസുമായുള്ള പോരാട്ടത്തിൽ എപ്പോഴും നിരപരാധികൾ വിജയിക്കണമെന്നില്ല. എല്ലാവരും കോടതിയിൽ പോകില്ല. ശാസ്ത്ര-സാങ്കേതികവിദ്യയുടെ വേലിയേറ്റക്കാലത്ത് സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസിനു കൂടുതൽ പരിശീലനം നൽകുന്നില്ല.
കുറ്റവാളികളെന്നറിഞ്ഞിട്ടും നിരവധി ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു. കാക്കിപ്പട ചവിട്ടിയരച്ച ജീവിതങ്ങളുടെ പട്ടിക നീളുകയാണ്. 2018 ജൂലൈ 11ന് പുലര്‍ച്ചെയാണ് തുടക്കം. മകളുടെ വിവാഹാവശ്യത്തിനുവേണ്ടി രണ്ടാഴ്ചത്തെ അവധിക്കു ഖത്തറിൽനിന്നു നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ.
സഹോദരിയുടെ വീട്ടില്‍നിന്നു കുടുംബസമേതം മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച്, ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞു. പോലീസ് ജീപ്പ് താഴ്ന്നുപോയത് ഉയർത്താൻ സഹായിക്കണമെന്നായിരുന്നു ചെറിയൊരു ആവശ്യം. താജുദ്ദീന്റെ മകനും രണ്ട് സുഹൃത്തുക്കളും സഹായിക്കാൻ കാറിൽനിന്നിറങ്ങി. നടുവേദനയുള്ളതിനാൽ താജുദ്ദീൻ ഇറങ്ങിയില്ല. പോലീസ് അദ്ദേഹത്തെ പുറത്തിറക്കി വഴിയിൽ നിർത്തി ഫോട്ടോയെടുത്തു.
എന്താണു സംഭവമെന്നു ചോദിച്ചപ്പോൾ, അഞ്ചരപ്പവന്റെ മാല സ്കൂട്ടറിലെത്തി പൊട്ടിച്ച കേസാണ്, തിരികെ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നു പറഞ്ഞു. നിരപരാധിയാണെന്നു കരഞ്ഞു പറഞ്ഞിട്ടും താജുദ്ദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലെത്തിച്ചു. സ്കൂട്ടറിലെത്തിയ ഒരാള്‍ മാല പൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര്‍ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്‍ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു.
ഭാര്യയുടെ സ്വർണം പണയം വച്ചതിന്റെ 50,000 രൂപ താജുദ്ദീന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മാല വിറ്റ പണമാണതെന്നു പോലീസ് കോടതിയിൽ വ്യാഖ്യാനിച്ചു. 54 ദിവസമാണ് താജുദ്ദീനു റിമാൻഡിൽ കഴിയേണ്ടിവന്നത്. തെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിലും ബന്ധുവീടുകളിലും കൊണ്ടുപോയി ക്രൂരമായി അപമാനിക്കുകയും ചെയ്തു. പിന്നീട് യഥാർഥ മോഷ്ടാവ് പീതാംബരൻ അറസ്റ്റിലായി.
പക്ഷേ, താജുദ്ദീന്റെ നഷ്ടങ്ങളുടെ പട്ടിക നീളുകയായിരുന്നു. ജയിലിലായതിനെത്തുടര്‍ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല്‍ ഖത്തറിലെ കന്പനിയുടെ കേസിൽ 23 ദിവസം വീണ്ടും ജയിലിൽ. ജോലി നഷ്ടപ്പെട്ടു. കുറ്റവാളിയുടെ പരിവേഷത്തോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കേസിനും മറ്റുമായി ഉള്ളതെല്ലാം വിറ്റുപെറുക്കി. താജുദ്ദീനും കുടുംബവും നഷ്ടപരിഹാരക്കേസുമായി മുന്നോട്ടു പോയതോടെയാണ് 14 ലക്ഷം രൂപ നൽകാൻ വിധിയുണ്ടായത്.
ഒരു പാസ്പോർട്ട് വെരിഫിക്കേഷനുപോലും പോലീസ് സ്റ്റേഷനിൽ കയറാൻ ഇടയാകരുതേയെന്നു പ്രാർഥിക്കുന്ന സ്ഥിതിയിലേക്ക് മലയാളിയെ എത്തിച്ചത് മാറിമാറി വന്ന സർക്കാരുകളാണ്. ഇപ്പോഴതു പാരമ്യതയിലെത്തി. പാസ്പോർട്ട് വെരിഫിക്കേഷനെന്നു പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ കടന്നുപിടിച്ചത് കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ പോലീസാണ്.
മറച്ചുവച്ച സിസിടിവി ദൃശ്യങ്ങൾ സമീപകാലത്ത് കോടതി ഇടപെടലിൽ പുറത്തുവിട്ടപ്പോൾ പോലീസുകാരുടെ പല ക്രൂരതകളും കേരളം കണ്ടു. പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു.
അതിനു നാലു മാസം മുന്‍പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തു വന്നത്. കഴിഞ്ഞ മേയിലാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയ സംഭവം.
ഒടുവിൽ പരാതിക്കാരിയുടെ, അതായത്, യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. കൽക്കണ്ടം, എൽഎസ്ഡി സ്റ്റാന്പ്, മ്ലാവിറച്ചി... പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകൾ ഒറ്റപ്പെട്ടതല്ല. സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ ആയിരത്തോടടുത്ത വലിയൊരു പട്ടികയുണ്ട്. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്.
ബാക്കിയുള്ളവർ സർക്കാരിന്റെ തണലിൽ സംസ്ഥാനത്തിന്റെ ‘ക്രമസമാധാനം’ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. കഴിവുള്ളവരും സത്സ്വഭാവികളുമാണ് സേനയിലേറെയും. അവർക്കും അപമാനമായ കുറ്റവാളികളുടെ കാക്കി യൂണിഫോം അഴിപ്പിക്കാതെ ഈ വകുപ്പിനെ പരിഷ്കരിക്കാനാകില്ല. പോലീസിലെ ഒഴിവുകൾ നികത്തുകയും അമിതജോലിയുടെ സമ്മർദം ഒഴിവാക്കുകയും വേണം.
കുറ്റാന്വേഷണത്തിൽ കാലാനുസൃതമായ പരിശീലനം നൽകണം. എല്ലാറ്റിലുമുപരി, സർക്കാർ തലം മുതൽ പ്രാദേശിക പാർട്ടി ഘടകം വരെ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം. പോലീസ് സേനയെ ശുദ്ധീകരിച്ചില്ലെങ്കിൽ സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ സംരക്ഷണയുള്ള സന്പന്നർക്കുമൊന്നുമല്ല, നഷ്ടം സാധാരണക്കാരായ മനുഷ്യർക്കാണ്. ആ പട്ടികയിൽ താജുദ്ദീൻ പുതിയ ആളാണ്. നിർഭാഗ്യവശാൽ അവസാനത്തെ ആളായിരിക്കില്ല.
Editorial
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതും. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്.
2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൽനിന്നു സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
ബാക്കിയുള്ള ശിപാർശകൾ ഉടനടി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീർക്കാൻ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ, റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആർക്കും കണ്ടുപിടിക്കാനാകുന്നില്ല. ഏതൊക്കെ ശിപാർശകൾ എപ്പോൾ, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ല.
4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമർപ്പിച്ച റിപ്പോർട്ടുകളും അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടും നിർദേശങ്ങളുമാണ് കമ്മീഷൻ സമർപ്പിച്ചത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ക്രൈസ്തവർ പ്രതിഷേധിച്ചു. തുടർന്ന് 2023 ഡിസംബർ 27ന് ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
2024 മാർച്ചിൽ, ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകി, കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ സമിതി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുമെന്നും പറഞ്ഞു.
21 മാസത്തിനിടെ ഒന്നും സംഭവിച്ചില്ല. വീണ്ടും പ്രതിഷേധം ഉയർന്നതോടെയാണ് ശിപാർശകളിലേറെയും നടപ്പാക്കിയെന്ന അപ്രതീക്ഷിത മറുപടി. ഒരു കമ്മീഷൻ റിപ്പോർട്ടിൽ, ബന്ധപ്പെട്ട സമൂഹത്തെ ഇതുപോലെ ഇരുട്ടിൽ നിർത്തിയ ഉദാഹരണം രാജ്യത്തു വേറെ അധികമില്ല. ശരിക്കും എന്താണ് പ്രശ്നം? സർക്കാർ ആരെയാണു ഭയപ്പെടുന്നത്? ക്രൈസ്തവ ന്യൂനപക്ഷത്തിനു കൊടുത്തതും കൊടുക്കാനുള്ളതുമായ ക്ഷേമങ്ങളെക്കുറിച്ചു പറഞ്ഞാൽ ഈ സമൂഹത്തിൽ എന്തെങ്കിലും സംഘർഷമുണ്ടാകുമോ? അതോ നടപ്പാക്കിയെന്നു പറഞ്ഞതു വെറുതെയാണോ? ശിപാർശകൾ നടപ്പാക്കിയെങ്കിൽ അത് അർഹരായവർക്കു ലഭിച്ചോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ്.
ഒരു കാര്യം ഉറപ്പാണ്, നടപ്പാക്കിയെന്നു പറയുന്ന 220 ശിപാർശകൾ കേരളത്തിലെ ക്രൈസ്തവസമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയതായി ആർക്കുമറിയില്ല. സുപ്രീംകോടതിവിധിയുടെ പിന്തുണ ഉണ്ടായിട്ടുപോലും ഭിന്നശേഷി സംവരണത്തിന്റെ മറപിടിച്ച് ക്രൈസ്തവ മാനേജ്മെന്റുകളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതെ ഈ സർക്കാർ നടത്തിയ ഒളിച്ചുകളിയും ചതിയും കേരളം കണ്ടതാണ്. 16,000 അധ്യാപകരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയത്.
യൂണിഫോം വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളുടെ അവകാശത്തിൽ കടന്നുകയറി പ്രീണനത്തിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ അനാവശ്യപ്രതികരണങ്ങളും മറന്നിട്ടില്ല. സർക്കാരും തീവ്രസംഘടനകളും സൃഷ്ടിച്ച പുകമറയിൽനിന്നു രക്ഷിച്ചതു കോടതിയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിലും ക്രൈസ്തവസമൂഹത്തോടുള്ള മനോഭാവം ഈ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
റിപ്പോർട്ട് പരസ്യമാക്കണം. അതിന്റെ പേരിലുണ്ടാകുന്ന ചർച്ചകളെ ക്രൈസ്തവസമൂഹം തെല്ലും ഭയപ്പെടുന്നില്ല. ഭരണഘടനാവിരുദ്ധമോ പൊതുസമൂഹത്തിനു ദോഷകരമോ ആയ കാര്യങ്ങൾ നടത്തിയെടുക്കാനല്ല ഒരു ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ഒരു പിൻവാതിൽ ആനുകൂല്യവും ക്രൈസ്തവർക്കു വേണ്ട. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ, സർക്കാർ ഇരുട്ടിൽനിന്നു മാറി നിൽക്കണം. “ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും” എന്ന എക്കോ സിനിമയിലെ നിരീക്ഷണം ഇവിടെയും മുഴങ്ങുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചപ്പോൾ അതു ക്രൈസ്തവന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണെന്നു തോന്നിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് റിപ്പോർട്ട് വെളിപ്പെടുത്താതെ അതിന്റെ ശിപാർശകൾ നടത്തിക്കഴിഞ്ഞെന്ന് അവകാശപ്പെടുന്പോൾ അതു കാണിക്കുന്നത് നിയന്ത്രണത്തിന്റെ അടയാളങ്ങളാണ്. പക്ഷേ, ജനാധിപത്യത്തിൽ യഥാർഥ നിയന്ത്രണം ജനത്തിന്റെ വിരൽത്തുന്പിലല്ലേ!
Editorial
മതവർഗീയതയെ അധികാരമൂലധനമാക്കുന്ന ഒരു രാഷ്ട്രത്തിലും ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ബംഗ്ലാദേശും തെളിയിച്ചിരിക്കുന്നു. 35 ദിവസത്തിനുള്ളിൽ 11 ഹിന്ദുക്കൾ കൊല്ലപ്പെടുകയും സ്ത്രീയെ കൂട്ടബലാത്സംഗം നടത്തുകയും ചെയ്തെന്ന റിപ്പോർട്ട് ഹൃദയഭേദകമാണ്. മതഭ്രാന്ത് മൂത്തവരുടെ ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ടവിചാരണകളും മർദനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്പോൾ കർശന നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഉൾപ്പെടെയുള്ള ഭരണനേതൃത്വമാണ് യഥാർഥ പ്രതികൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഭൂരിപക്ഷവർഗീയസംഘങ്ങളുടെ ഇരകളാകുന്പോൾ നമുക്ക് നിശബ്ദരാകാനാകില്ല. ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണം. പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.
2024 ഓഗസ്റ്റ് അഞ്ചിന് നടന്ന പ്രക്ഷോഭത്തിനും ഭരണകൂട അട്ടിമറിക്കും പിന്നാലെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ താത്കാലിക അഭയം നൽകിയതോടെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ അക്രമങ്ങൾ പെരുകുകയാണ്. മധ്യ ബംഗ്ലാദേശിലെ ജെനൈദയിലെ കാളിഗഞ്ചിൽ കഴിഞ്ഞ ശനിയാഴ്ച 40 വയസുള്ള വിധവയായ ഹിന്ദു സ്ത്രീയെ രണ്ടു പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തിരുന്നു.
ഡിസംബർ 18ന് മൈമെൻസിംഗ് ജില്ലയിൽ വസ്ത്ര ഫാക്ടറി തൊഴിലാളിയും 25കാരനുമായ ദിപു ചന്ദ്രദാസിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. 24ന് കലിമോഹർ യൂണിയനിൽ മറ്റൊരു ഹിന്ദു യുവാവായ അമൃത് മൊണ്ടൽ (30) ആൾക്കൂട്ട കൊലപാതകത്തിനിരയായി. 1971ലെ വിമോചന സമര സേനാനിയും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജെസ്സോര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈറാഗി കൊല്ലപ്പെട്ടത് രണ്ടു ദിവസം മുന്‍പാണ്.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് മിക്ക കേസുകളിലും പോലീസിന്റെ എഫ്ഐആർ. സർക്കാർ നിഷ്ക്രിയതയുടെ സന്ദേശം ഉൾക്കൊള്ളുന്നിടത്തും വർഗീയവത്കരിക്കപ്പെട്ട പോലീസ് ഉള്ളയിടത്തു വേട്ടക്കാർ രക്ഷപ്പെടുന്നതും ഇരകൾക്കു നീതി കിട്ടാതെ പോകുന്നതും സ്വാഭാവികമാണ്. കൊലപാതകങ്ങൾ വർഗീയമല്ലെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്റെ നിലപാട്. പക്ഷേ, വർഗീയ ആൾക്കൂട്ടങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ന്യൂനപക്ഷങ്ങളാണെന്നത് അദ്ദേഹത്തിന് അറിയാം.
ഭരണകൂടത്തിന്റെ മൗനവും നിഷ്ക്രിയതയും ദുർവ്യാഖ്യാനങ്ങളുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കു പ്രോത്സാഹനമെന്നത് അറിയാത്തതായിരിക്കില്ല, അതിന്റെ രാഷ്ട്രീയലാഭമായിരിക്കാം മൗനകാരണം. ഹിന്ദുക്കൾ, ക്രൈസ്തവർ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ തുടരുന്ന ശത്രുത ഗുരുതരമായ ആശങ്കയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വിദ്വേഷവും ശത്രുതയും ഗുരുതര ആശങ്കയാണെന്ന ഇന്ത്യയുടെ ഈ തിരിച്ചറിവ് കർശനമായ നടപടികൾക്കു പ്രേരകമാകട്ടെ.
തന്ത്രപരമായ ഇടപെടലാണ് ഇന്ത്യ നടത്തേണ്ടത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബംഗ്ലാദേശിന്റെ പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്ന് ഒഴിവാക്കിയതും പ്രശ്നങ്ങൾ വഷളാക്കി. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമ്മർദത്തെത്തുടർന്നാണ് മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്. ഇതോടെ, ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്നും തങ്ങളുടെ കളികൾ ഇന്ത്യയിൽനിന്നു മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു.
ഓരോ ടീമുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ലോകകപ്പ് മത്സരക്രമം മാറ്റാൻ കഴിയില്ലെന്ന് ബിസിസിഐ തിരിച്ചടിക്കുകയും ചെയ്തു. അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റി അയയ്ക്കുന്ന പാക്കിസ്ഥാനെപ്പോലെയല്ല ബംഗ്ലാദേശെന്നും കായികരംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നുമുള്ള ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. രാഷ്ട്രീയമോ അല്ലാത്തതോ ആയ കാരണങ്ങളാൽ ശത്രുത കായികരംഗത്തേക്കും വ്യാപിക്കുന്പോൾ നാം ആദ്യം കണക്കിലെടുക്കേണ്ടത് ഇന്ത്യയിലെ അപക്വമതികളുടെ ഈഗോയല്ല, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്.
പാക്കിസ്ഥാന്റെ വിവേചനത്തിനും ആക്രമണത്തിനുമെതിരേ രക്ഷകരായെത്തി ബംഗ്ലാദേശിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യയോടാണ് ബംഗ്ലാദേശിന്റെ നെറികേട്. വകതിരിവില്ലായ്മയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത് ദേശീയതയുടെ മൂടുപടമിട്ട മതവർഗീയതയാണ്. ലോകത്തെവിടെയായാലും വർഗീയവാദികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാകില്ല; അതു ഭ്രാന്താണ്. ബംഗ്ലാദേശിൽ അത്തരക്കാരെ തടയേണ്ടവർ മൗനത്തിലുമായതിനാൽ നാം കൂടുതൽ ജാഗ്രത പാലിക്കണം. ബംഗ്ലാദേശിന്റെ മതശൈലിയല്ല, ഇന്ത്യയുടെ മതേതര കരുത്താണ് പുറത്തെടുക്കേണ്ടത്.
Editorial
എന്റെ ശരീരം എന്റെ അവകാശമാണെങ്കിൽ മറ്റൊരു വ്യക്തിയുടെ ശരീരം അയാളുടെ അവകാശമാണ്. യുക്തിഭദ്രമാണ് ഈ വസ്തുത. പക്ഷേ, സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണെന്നു വാദിച്ച് ഗർഭഛിദ്രത്തെ ന്യായീകരിക്കുന്നവർ, ഗർഭസ്ഥശിശുവിന്റെ ശരീരം അതിന്റെ അവകാശമാണെന്നത് അംഗീകരിക്കാൻ തയാറല്ല. അതായത് അമ്മയ്ക്കു നീതി, കുഞ്ഞിന് അനീതി.
അങ്ങനെ ബലവാന്റെ അനീതി നിയമമാകുന്ന കാലത്ത്, പ്യൂർട്ടൊ റിക്കോ എന്ന രാജ്യം, ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം പാസാക്കിയിരിക്കുന്നു. മാതൃഗർഭത്തിന്റെ സുഖസുഷുപ്തിയിലിരിക്കേ അവിടെയിട്ടു നശിപ്പിച്ച് പുറത്തേക്കു വലിച്ചെടുക്കുന്പോഴുള്ള ഗർഭസ്ഥശിശുവിന്റെ മരണപ്പിടച്ചിലിനെ മാത്രമല്ല, വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് പുതിയ നിയമം.
കാരണവും ന്യായവും പലതുണ്ടാകാം. പക്ഷേ, അതുകൊണ്ടൊന്നും ഗർഭഛിദ്രം കൊലപാതകമല്ലാതാകില്ല. സ്വയരക്ഷയ്ക്കുവേണ്ടിയുള്ള കൊലപാതകത്തെ ശിക്ഷയിൽനിന്നൊഴിവാക്കുമെങ്കിലും ഒരു നീതിപീഠവും അതു കൊലപാതകമല്ലെന്നു വിധിക്കില്ലല്ലോ. ഗർഭസ്ഥശിശു ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന നിയമമാണ് പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായത്. കഴിഞ്ഞ ഡിസംബർ 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.
സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു. ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും. പുതിയ ലോകക്രമത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള നിയമമാണിതെന്നതിൽ സംശയമില്ല.
ഗർഭിണിയുടെ മാനസികവും ശാരീരികവുമായ അനാരോഗ്യം, ഗർഭധാരണത്തിനിടയാക്കിയ ബലാത്സംഗം, പീഡിപ്പിച്ചയാളുടെ സ്മരണ തുടങ്ങിയ കാര്യങ്ങൾ ഗൗരവമുള്ളതാണ്. അത്തരം കേസുകളിൽ നിയമം ഗർഭഛിദ്രത്തിന് അനുവദിക്കുന്നുമുണ്ട്. പക്ഷേ, അവ മാത്രമായിരുന്നു കാരണമെങ്കിൽ ലോകത്ത് ദിവസം രണ്ടു ലക്ഷം ഗർഭഛിദ്രങ്ങൾ നടക്കില്ലായിരുന്നു.
‘എന്റെ ശരീരം, എന്റെ അവകാശം’ എന്നത്, ലോകത്തെ ഏറ്റവും നിസഹായ-ദുർബല വ്യക്തിയെ കൊല്ലാനുള്ള ഗർഭപാത്ര പ്രവേശനത്തിന്റെ പാസ്വേഡായി മാറിയെങ്കിൽ അതു ചർച്ച ചെയ്യപ്പെടണം. ഗർഭഛിദ്രത്തെ പാടേ നിരോധിക്കുന്ന നിയമമല്ല, പ്യൂർട്ടൊ റിക്കോ നടപ്പാക്കിയത്. അതിൽ അമ്മയുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നുണ്ട്.
പക്ഷേ, അത് ഗർഭസ്ഥശിശുവിന്റെ അസ്തിത്വത്തെ തള്ളിയോ വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെ റദ്ദാക്കിയോ അല്ല. ഗർഭസ്ഥശിശു മാംസ-രക്ത ഉള്ളടക്കം മാത്രമുള്ള വെറുമൊരു കഷണമാണെന്ന നിലയിലുള്ള ചർച്ചകളെ പ്യൂർട്ടോ റിക്കോയിലെ നിയമം ഇനി അനുവദിക്കില്ല. 20 ആഴ്ചകൾക്കുശേഷം ഗർഭസ്ഥശിശുവിന് വേദന അനുഭവിക്കാൻ കഴിവുണ്ടെന്ന ശാസ്ത്രനിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക രാജ്യങ്ങളും അതിനു ശേഷമുള്ള ഗർഭഛിദ്രം അനുവദിക്കാത്തത്.
അമേരിക്കയിൽ ഇതുസംബന്ധിച്ച നിയമം Pain Capable Unborn Child Protection Act എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ 2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (ഭേദഗതി) നിയമം അനുസരിച്ച് ചില സന്ദർഭങ്ങളിൽ 20 ആഴ്ചയ്ക്കു പകരം 24 ആഴ്ചയിൽ ഗർഭം അലസിപ്പിക്കാൻ വരെ കോടതി അനുവദിച്ചിട്ടുണ്ട്. പക്ഷേ, 20 ആഴ്ചയ്ക്കു ശേഷം വേദനയെന്നതും തിരുത്തപ്പെട്ടു.
2020ൽ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സിൽ ഗവേഷകരായ ഡോ. സ്റ്റ്യുവർട്ട് ഡെർബിഷെയർ, ഡോ. ജോൺ ബോക്മാൻ എന്നിവരെഴുതിയ ലേഖനത്തിൽ ഗർഭസ്ഥശിശു 12 ആഴ്ച വളർച്ചയെത്തുന്പോൾതന്നെ വേദന തിരിച്ചറിയുന്നുണ്ടെന്നു നിരീക്ഷിച്ചു. ഇത് ഗർഭഛിദ്ര ചർച്ചകളെ കൂടുതൽ ഗൗരവമുള്ളതാക്കി.
അമ്മയ്ക്കു മുൻഗണന കൊടുക്കുന്നതിനെ ആരും എതിർക്കുന്നില്ല. പക്ഷേ, കുഞ്ഞിനു പരിഗണനയേ ആവശ്യമില്ലെന്ന നിലപാട് എതിർക്കപ്പെടണം. സന്തോഷ, സന്താപ, വേദനകളെ തിരിച്ചറിയാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും നിസഹായനും ദുർബലനുമായ വ്യക്തിയെ, സുഖജീവിതത്തെയും സ്വാർഥതയെയും മാത്രം അടിസ്ഥാനപ്പെടുത്തി ഉന്മൂലനം ചെയ്യുന്ന സംസ്കാരം പുതിയതാകാം പക്ഷേ, ഹിംസയാണ്.
ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഗർഭസ്ഥശിശു മനുഷ്യജീവൻ തന്നെയാണെന്നു പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നത് കൊലപാതകമല്ലാതാകുന്നത് എങ്ങനെയാണെന്ന് ഗർഭഛിദ്രവാദികൾ വിശദീകരിക്കേണ്ടിവരും. ‘എന്റെ ശരീരം, എന്റെ അവകാശം’ എന്നത് മറുപടിയല്ല, മറ്റൊരു ശരീരം നശിപ്പിക്കാനുള്ള ഗർഭഛിദ്രവാദികളുടെ ന്യായീകരണത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണ്; ഏറ്റുവിളിക്കാൻ എല്ലാവർക്കും ബാധ്യതയില്ലാത്ത ഒന്ന്.
നിങ്ങളിതു വായിക്കാനോ കേൾക്കാനോ തുടങ്ങിയിട്ട് അഞ്ചു മിനിറ്റായെങ്കിൽ 690 ഗർഭസ്ഥശിശുക്കൾ ഇതിനോടകം കൊല്ലപ്പെട്ടു. ഒരു താരാട്ടുപാട്ടിന്റെ സമയം! പക്ഷേ, അവർക്കായി ഒരു ചരമഗീതം പോലുമില്ല!
Editorial
റെയിൽവേയുടെയും അനുബന്ധ സംവിധാനങ്ങളുടെയും ആപത്കരമായൊരു പിഴവ് ചൂണ്ടിക്കാണിക്കാൻ 300 ഇരുചക്രവാഹനങ്ങൾ കത്തുന്നതിന്റെ വെളിച്ചം വേണ്ടിവന്നിരിക്കുന്നു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ, തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഭവിച്ചത് നാളെ കേരളത്തിലെ മാത്രമല്ല, രാജ്യത്തെ ആയിരക്കണക്കിനിടങ്ങളിൽ എവിടെയെങ്കിലും സംഭവിക്കാം.
പാർക്കിംഗ് ഫീസ് വാങ്ങിയവരും റെയിൽവേയും തങ്ങൾക്കീ തീയിൽ പങ്കില്ലെന്നു പറഞ്ഞു കൈയൊഴിയുകയാണ്. ഏറ്റവും എളുപ്പമുള്ള പണി! പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്താൽ ചാന്പലായ വാഹന ഉടമകളുടെ നഷ്ടം ആരു പരിഹരിക്കും? ഭാഗികമായി കത്തിയ ട്രെയിനിന്റെ നഷ്ടം റയിൽവേക്കു നിസാരമാണ്. പക്ഷേ, കത്തിയമർന്ന ഇരുചക്രവാഹന ഉടമകളിൽ മിക്കവരുടെയും സ്ഥിതി അതായിരിക്കില്ല.
അവരുടെ ജീവിതത്തിലേറ്റ പൊള്ളലാറ്റാൻ പാർക്കിംഗ് കരാറുകാരുടെയും ഇൻഷ്വറസ് കന്പനികൾ, റെയിൽവേ എന്നിവയുടെയും ഏകോപനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തണം. നഷ്ടപരിഹാരം ഉറപ്പാക്കണം. റെയിൽവേ ടിക്കറ്റ് കൗണ്ടർ, സിഗ്നൽ റൂം എന്നിവ ഉൾപ്പെടുന്ന ഭാഗത്തെ ഒരേക്കറോളം വരുന്ന സ്ഥലത്തു നിർമിച്ച ഇരുന്പുഷീറ്റിട്ട പാർക്കിംഗ് കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണു തീപടർന്നത്.
വാഹനങ്ങളിലെ പെട്രോൾ ടാങ്കുകളും പൊട്ടിത്തെറിച്ചതോടെ വൻ സ്ഫോടനങ്ങളോടെ തീ ആളിപ്പടർന്നു. ടിക്കറ്റ് കൗണ്ടർ പൂർണമായും, സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ ഭാഗികമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തി ഏകദേശം 30,000 ലിറ്റർ വെള്ളം പന്പ് ചെയ്തതിനാൽ, ഓട്ടോമാറ്റിക് സിഗ്നൽ റൂമിലേക്കും ഇരുപത്തഞ്ചോളം ബൈക്കുകളിലേക്കും തീപടർന്നില്ല.
വൈദ്യുതി ലൈനിന്റെ മുകളിൽനിന്നു തീപ്പൊരി വീണതാണു കാരണമെന്നു പാർക്കിംഗിലെ ജീവനക്കാരി പറഞ്ഞിരുന്നു. അതു തള്ളിക്കളഞ്ഞ റെയിൽവേ ഓവർഹെഡ് ലൈനിൽ നിന്നോ മറ്റു റെയിൽവേ വൈദ്യുതോപകരണങ്ങളിൽനിന്നോ അല്ല തീ പടർന്നതെന്നും വ്യക്തമാക്കി. ഒരന്വേഷണഫലവും വരുന്നതിനുമുന്‍പേ ഉത്തരവാദത്വത്തിൽനിന്ന് പിൻവലിഞ്ഞു.
സിസിടിവികളും കൺട്രോൾ യൂണിറ്റും ഹാർഡ് ഡിസ്കും കത്തിയമർന്നതിനാൽ തെളിവുമില്ല. കരാറുകാരും ഉപകരാറുകാരും ഉണ്ടായിരിക്കാമെങ്കിലും കത്തിയ വാഹനങ്ങളുടെ ഉടമകൾ കൊടുത്ത പാർക്കിംഗ് ഫീസിൽ മുന്തിയ പങ്കും റെയിൽവേയുടെ അക്കൗണ്ടിലുണ്ടെന്നു മറക്കരുത്. രാജ്യത്തെവിടെയും തീപിടിച്ചോ അല്ലാതെയോ ഏതുനിമിഷവും ഇത്തരം ആപത്തുകൾ സംഭവിക്കാം.
ആയിരക്കണക്കിനു വാഹനങ്ങൾ തിക്കിനിറച്ച നിരവധി പേ ആൻഡ് പാർക്കിംഗ് സ്ഥലങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. എന്തു സുരക്ഷയാണ് ഇതിനൊക്കെയുള്ളതെന്ന് വസ്തുതാന്വേഷണം നടത്തേണ്ടതാണ്. പലതും ആർക്കും കടന്നുകയറാവുന്ന സ്ഥലങ്ങളിലാണ്. പണം വാങ്ങാനും രസീതു കൊടുക്കാനുമുള്ള ഒന്നോ രണ്ടോ ജീവനക്കാരല്ലാതെ മറ്റാരും കാണുകയുമില്ല.
സാമൂഹികവിരുദ്ധരോ മദ്യ-മയക്കുമരുന്നടിമകളോ മനോനില തെറ്റിയവരോ വിചാരിച്ചാൽ പോലും അത്യാപത്തുകൾക്കു തീ കൊളുത്താൻ കഴിയും. വാഹനങ്ങളിൽനിന്ന് ഇന്ധനം ഊറ്റുന്നതും ഹെൽമെറ്റും ബാറ്ററിയും പോലും കവരുന്നതും സംബന്ധിച്ച പരാതി പുതിയതല്ല. രാത്രിയിലും പ്രത്യേക സുരക്ഷയൊന്നുമില്ല. അഗ്നിസുരക്ഷാ ഉപകരണങ്ങൾപോലുമില്ലെന്ന് തൃശൂർ സംഭവവും തെളിയിക്കുന്നു. ദിവസക്കൂലിക്കാരായ പിരിവുകാർക്ക് ഒന്നിലും ഒരു പരിശീലനവും കൊടുത്തിട്ടില്ലെന്നും കരുതേണ്ടിവരും.
തൃശൂരിൽ ട്രെയിനുകൾ കിടന്ന പാളത്തിനു തൊട്ടടുത്തായിരുന്നു തീപിടിത്തം. കേവലം ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ടതാണോ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളെന്ന് ആലോചിക്കണം. ഇതിനൊന്നും ഒരു വ്യവസ്ഥയുമില്ലെങ്കിൽ ഉടനുണ്ടാക്കണം. 2023 ഫെബ്രുവരിയിൽ, എലത്തൂരിൽ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും കത്തിനശിച്ചിരുന്നു. ഒന്നും പാഠമാകുന്നില്ല.
സുരക്ഷ റെയിൽവേക്കു മാത്രം ബാധകമായ കാര്യമല്ല, യാതൊരു മാനദണ്ഡവുമില്ലാതെ നൂറുകണക്കിനു വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഏതൊരിടത്തും സുരക്ഷ ഉറപ്പാക്കണം. ഇൻഷ്വറൻസ് പോളിസി കോംപ്രഹൻസീവ് ആണോ, മറ്റു പോളിസികൾക്കു നഷ്ടപരിഹാരം ലഭിക്കുമോ, ഇല്ലെങ്കിൽ സർക്കാരിന് ഏതുവിധത്തിൽ സഹായിക്കാനാകും തുടങ്ങിയ കാര്യങ്ങളാണ് ഉടൻ വ്യക്തമാക്കേണ്ടത്.
ഓരോ വാഹന ഉടമയും ഇൻഷ്വറൻസ് കന്പനികളെ സമീപിക്കുന്നതുപോലെയല്ല സർക്കാർ നേരിട്ടിടപെടുന്നത്. അത് ജനാധിപത്യ ഉത്തരവാദിത്വം മാത്രമല്ല, വാടകതന്ന് വാഹനം സൂക്ഷിക്കാനേൽപിച്ചവരോടുള്ള പ്രാഥമിക കടമയുമാണ്. പ്രത്യേകിച്ചും വാഹനങ്ങളുടെ രേഖകൾപോലും കത്തിപ്പോയിരിക്കാൻ സാധ്യതയുള്ളപ്പോൾ. വീഴ്ചകൾ അന്വേഷിക്കണം.
കത്തിയ വാഹനങ്ങളേക്കാൾ പൊള്ളലേറ്റ വാഹന ഉടമകളുണ്ടെന്നു മറക്കരുത്. ജനാധിപത്യത്തിലെ തവണയടവില്ലാത്ത ഇൻഷ്വറൻസ് സ്ഥാപനമാകണം സർക്കാരുകൾ; പ്രത്യേകിച്ചും അത്യാഹിതങ്ങളിൽ.
Editorial
“എണ്ണ സുഗമമായി ഒഴുകാൻ അമേരിക്ക വെനസ്വേലയെ താത്കാലികമായി ഭരിക്കും.’’ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കടന്നുകയറി നാലാംകിട ഗുണ്ടാസംഘത്തെപ്പോലെ അവിടത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും തട്ടിക്കൊണ്ടുപോയശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്.
മയക്കുമരുന്നുവേട്ടയുടെ ‘നിഷ്കളങ്കത’അവിടെത്തന്നെ പൊളിഞ്ഞു. വെനസ്വേലയുടെ എണ്ണ സമ്പത്തിലാണ് കണ്ണ്. ആ രാജ്യത്ത് അമേരിക്കയുടെ പാവ സർക്കാരാണ് ലക്ഷ്യം. വെനസ്വേലയുടെ വമ്പിച്ച എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ആ രാജ്യത്തെ തകർച്ചയിലായ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ അമേരിക്കൻ കമ്പനികളെ നിയോഗിക്കുമെന്നുമാണ് തട്ടിക്കൊണ്ടുപോകലിനുശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
അമേരിക്കയുടെ ധാർഷ്ട്യം നിറഞ്ഞ, നഗ്നമായ സൈനിക അധിനിവേശം ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. ലഹരിയുടെ പേരിലുള്ള വാഷിംഗ്ടണിന്റെ ഒഴികഴിവ് സാമാന്യബുദ്ധിയുള്ളവരാരും മുഖവിലയ്ക്കെടുക്കില്ല. ഒരു പരമാധികാര രാജ്യത്തിന്റെ തലസ്ഥാനത്ത് കടന്നുകയറി അവരുടെ പ്രദേശങ്ങളിൽ ബോംബിട്ട്, അവിടത്തെ രാഷ്ട്രത്തലവനെ പുറത്താക്കുന്നതിന്, ഇത് നിയമപരമായ സാധുത നല്‍കുന്നുമില്ല.
ഡോണൾഡ് ട്രംപിന്റെ പ്രവൃത്തി രാജ്യാന്തര നിയമങ്ങളെയും വെനസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നതാണ്. കൂടാതെ ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണ്. രാജ്യാന്തര ബന്ധങ്ങളിൽ അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യും.
ട്രംപിന്റെ ന്യായവാദങ്ങൾ അംഗീകരിക്കപ്പെട്ടാൽ, അത് ശക്തർക്ക് ആരുടെമേലും സൈനിക ഇടപെടലുകൾ നടത്താനുള്ള സാർവത്രിക അനുമതിക്കു തുല്യമാകും. ഇത് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും നേർ വിരുദ്ധമാണ്. പക്ഷേ, എന്തു കാര്യം? രാജ്യാന്തര നിയമങ്ങളും സാമാന്യതത്വങ്ങളും മാനുഷിക പരിഗണനകളും തനിക്ക് ബാധകമല്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ ട്രംപ്.
മയക്കുമരുന്നുത്പാദനത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രം പോലുമല്ല വെനസ്വേല. അവിടത്തെ മയക്കുമരുന്നു മാഫിയകളെ നിയന്ത്രിക്കുന്നത് മഡുറോ ഭരണകൂടമാണെന്നതിന് അമേരിക്കയുടെ പക്കൽ തെളിവുകളുമില്ല. അതേസമയം, ലോകത്തെ ആകെ എണ്ണശേഖത്തിന്റെ 17 ശതമാനം വെനസ്വേലയിലാണ്. അമേരിക്കയുടെ എണ്ണശേഖരത്തിന്റെ നാലിരട്ടി. 1976ലാണ് ആ രാജ്യം എണ്ണ ഖനനം ദേശസാത്കരിച്ചത്.
അതുവരെ അമേരിക്കൻ എണ്ണക്കമ്പനികൾ അവിടെ സജീവമായിരുന്നു. 1990ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വന്നതോടെ എണ്ണമേഖലയുടെ നിയന്ത്രണം കൂടുതൽ കർശനമായി.നിയന്ത്രണമില്ലാതെ എണ്ണ കൈവശപ്പെടുത്തുകയാണ് ട്രംപിന്റെ ആത്യന്തികലക്ഷ്യം. ഇതുവഴി ഗൾഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. കൂടാതെ ചൈനയെ വെനസ്വേലയിൽനിന്ന് പുറത്താക്കുകയും ചെയ്യാം.
“2021ൽ ഞാൻ അധികാരം വിടുമ്പോൾ വെനസ്വേല തകർച്ചയുടെ വക്കിലായിരുന്നു. അന്ന് ആ എണ്ണ മുഴുവൻ നമുക്ക് ലഭിക്കുമായിരുന്നു’’ എന്ന് 2023ൽ ട്രംപ് വിലപിച്ചത് ഇതോടു ചേർത്തുവായിക്കണം. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിക്കുക എന്നത് ട്രംപിന്റെ മറ്റൊരു മോഹമാണ്. 1823ലെ ‘മൺറോ സിദ്ധാന്ത’ത്തിന്റെ ട്രംപ് പതിപ്പായി ഇതിനെ കാണുന്ന നിരീക്ഷകരുണ്ട്.
അമേരിക്കൻ ആധിപത്യത്തോടൊപ്പം ചൈനയുടെയും റഷ്യയുടെയും സ്വാധീനം ഇല്ലാതാക്കാനും അമേരിക്ക ആഗ്രഹിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ ചൈനയ്ക്ക് വൻ നിക്ഷേപമുണ്ട്. മേഖലയിലെ മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ചൈനയിലേക്കാണെന്നതും ട്രംപിനെ വിറളി പിടിപ്പിക്കുന്ന കാര്യമാണ്.
ചരിത്രം നൽകുന്നത് മറക്കാനാകാത്ത പാഠങ്ങളാണ്. ഭരണം അട്ടിമറിക്കാൻ പുറത്തുനിന്നുള്ള സൈനിക ഇടപെടലുകൾ രാജ്യങ്ങളെ ദീർഘകാല അസ്ഥിരതയിലേക്കും മാനുഷിക ദുരിതങ്ങളിലേക്കുമാണ് തള്ളിവിട്ടിട്ടുള്ളത്. ഒറ്റരാത്രികൊണ്ട് ഭരണകൂടങ്ങളെ തകർക്കാൻ കഴിഞ്ഞേക്കും. എന്നാൽ തകർന്ന സമൂഹങ്ങളെ പുനർനിർമിക്കാനോ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനോ ആവില്ല.
പകരം, മേഖലയിൽ ശാശ്വത സംഘർഷങ്ങളുടെ വിത്തുകൾ പാകിയേക്കും. അമേരിക്കയുടെ നീതീകരിക്കാനാകാത്ത ഈ കടന്നുകയറ്റം അവർ അവകാശപ്പെട്ടിരുന്ന എല്ലാ ധാർമികാധികാരത്തെയും ഇല്ലാതാക്കുന്നു. ശക്തരായവർ നിയമത്തെ വകവയ്ക്കാതാകുമ്പോൾ, എല്ലാ നിയമവേലികളും പൊളിഞ്ഞുതുടങ്ങും. കൈയൂക്കുള്ളവനാകും കാര്യക്കാരൻ. സമാധാനത്തിലും വികസനത്തിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനും ഇത് അംഗീകരിക്കാനാകില്ല.
ഏകാധിപത്യമായാലും അഴിമതിയായാലും അതിരുവിടുമ്പോൾ അധികാരത്തിലേറ്റിയ ജനങ്ങൾതന്നെ ഭരിക്കുന്നവരെ ഇറക്കിവിട്ട കാഴ്ചകൾക്ക് ചരിത്രത്തിൽ പഞ്ഞമില്ല. വെനസ്വേലയുടേതെന്നല്ല, ഒരു രാജ്യത്തിന്റെയും ഭാവി തീരുമാനിക്കേണ്ടതു പുറത്തുനിന്നുള്ളവരല്ല. അവിടത്തെ ജനങ്ങളാണ്. രാജ്യാന്തര നിയമങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് ആഗോള സുസ്ഥിരതയുടെ അടിസ്ഥാനശിലയാണ്.
Editorial
അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്.
ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്.
നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത പ്രകടനപത്രികയിലും ഈ വാഗ്ദാനം പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ സർവകലാശാലകളിലുൾപ്പെടെ വിവിധ വകുപ്പുകളിൽ രണ്ടു ലക്ഷത്തോളം താത്കാലിക-കരാർ ജീവനക്കാരുണ്ടന്നും മഹാഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നുമാണ് അറിയുന്നത്. ഇടതോ വലതോ എന്നതിനേക്കാൾ പ്രധാനം, നടപടിക്രമം പാലിക്കാതെയുള്ള നിയമനങ്ങൾ നഗ്നമായ അഴിമതിയാണ് എന്നതാണ്. പാർട്ടി ബന്ധങ്ങൾ യോഗ്യതകളെ മറികടക്കുന്നതും യോഗ്യതയുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതുമൊക്കെ സുതാര്യഭരണത്തിന്റെ മുൻവാതിലുകൾ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്.
താത്കാലിക ജീവനക്കാർക്കു നീതി ഉറപ്പാക്കുന്നു എന്ന വ്യാഖ്യാനം പിൻവാതിൽ നിയമനങ്ങളുടെ സ്ഥിരം ന്യായീകരണമായി മാറ്റിയതിൽ മാറിമാറി വന്ന സർക്കാരുകൾക്കു പങ്കുണ്ടെങ്കിലും ഇപ്പോഴത്തെ സർക്കാർ ഈ അഴിമതിയെ പുതിയ തലത്തിലെത്തിച്ചു. താത്കാലിക ഒഴിവുകൾ നിയമന ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാതിരിക്കുക, പാർട്ടിയോടു കൂറുള്ള ജീവനക്കാരെ തിരുകിക്കയറ്റുക, പിന്നീട് നീതിയെക്കുറിച്ചു പ്രസംഗിച്ച് പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്നതൊക്കെ സർക്കാർ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കക്ഷിരാഷ്ട്രീയവത്കരണത്തിനുള്ള കുറുക്കുവഴിയായി. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർത്തു കാത്തിരിക്കുന്പോഴാണ് ഈ അഴിമതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശിപാർശ സർക്കാരിനു സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പല വകുപ്പുകളും താത്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളും കാത്തിരിപ്പിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പിഎസ്സിയുടെയും പണി പാർട്ടി ഓഫീസുകളെയും നേതാക്കളെയും ഏൽപ്പിക്കുന്നതിനു തുല്യമാണ് പിൻവാതിൽ നിയമനങ്ങൾ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2006ൽ ഉമാദേവി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, ‘അനധികൃത നിയമനങ്ങൾ’ നടത്താനുള്ള തത്രപ്പാട് അഴിമതിയുടെ അക്കൗണ്ടിലേ എഴുതിച്ചേർക്കാനാകൂ.
ഒഴിവുകൾ പാർട്ടി ഓഫീസുകൾക്കു പകരം, നിയമന സ്ഥാപനങ്ങൾക്കു റിപ്പോർട്ട് ചെയ്യുകയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ഫലം മാർക്ക് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്താൽ നിയമനനടപടികൾ ലളിതവും സുതാര്യവുമാകും. പക്ഷേ, അത്, അഴിമതി ലക്ഷ്യമാക്കാത്ത ഇച്ഛാശക്തിയുള്ള സർക്കാരുകൾക്കേ കഴിയൂ. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ അസാധുവാക്കുമെന്ന് പ്രതിപക്ഷത്തിനു വേണമെങ്കിൽ പ്രഖ്യാപിക്കാം. പക്ഷേ, അതിനും വേണം അഴിമതിവിരുദ്ധതയുടെ ഇച്ഛാശക്തി.
Editorial
ഏറ്റവുമൊടുവിൽ കെഎസ്ആർടിസി ബസ് കത്തിയത് പൊൻകുന്നത്താണ്. മലപ്പുറത്തുനിന്ന് ഗവിക്ക് പോയ ഉല്ലാസയാത്ര ബസിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. 31നുതന്നെയാണു കോട്ടയം അതിരന്പുഴയിൽ ഓടിക്കുന്നതിനിടെ സ്കൂട്ടറിനു തീപിടിച്ചത്. വാഹനങ്ങൾക്കു തീ പിടിക്കുന്നത് പുതിയ സംഭവമല്ലെങ്കിലും കെഎസ്ആർടിസിയുടേത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് മൈസൂരുവിൽ 40 യാത്രക്കാരുമായി വന്ന ബസ് കത്തിയമർന്നത്. അതിനു മുന്‍പും നിരവധി സംഭവങ്ങളുണ്ടായി. യാത്രാക്ലേശമുണ്ടാകുന്പോൾ നിരക്ക് നാലിരട്ടിയാക്കുന്നതിനെക്കുറിച്ചല്ല, യാത്രക്കാരുടെ ജീവൻ രക്ഷിക്കേണ്ടതിനെക്കുറിച്ചാണ് ‘വെള്ളാന’ ഗവേഷണം നടത്തേണ്ടത്.
പുതുവത്സരമാഘോഷിക്കാൻ മലപ്പുറത്തുനിന്നു ഗവിയിലേക്ക് 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് പൊൻകുന്നം ചെറുവള്ളിയിൽ പുലർച്ചെ നാലോടെ കത്തിയമർന്നത്. ബസിൽനിന്നു പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാരൻ വിളിച്ചുപറഞ്ഞതു രക്ഷയായി. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ചേർന്നു വിളിച്ചുണർത്തി പുറത്തെത്തിച്ചശേഷം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിയമർന്നു. ഡിസംബർ 19നാണ് 40 യാത്രക്കാരുമായി ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മൈസൂരു നഞ്ചൻഗോട്ട് പുലർച്ചെ രണ്ടിനു കത്തിനശിച്ചത്. തുടക്കത്തിലേ അറിഞ്ഞതിനാൽ ഉറക്കത്തിലായിരുന്ന 40 യാത്രക്കാരെയും രക്ഷിക്കാനായി. മൈസൂരു സംഭവത്തിന്റെ അന്നുതന്നെ നെടുമങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓർഡിനറി ബസ് വഴയിലയിൽവച്ച് നട്ടുച്ചയ്ക്കു കത്തി. 30 യാത്രക്കാരെയും അതിവേഗം പുറത്തിറക്കി.
ഒക്ടോബർ ആറിനാണ്, പുനലൂരിൽനിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു പാലക്കാട്ടുവച്ചു തീപിടിച്ചത്. ഗിയർബോക്സിനു ചുവട്ടിൽനിന്നു പുക ഉയർന്നതു കണ്ട യാത്രക്കാരാണ് ഡ്രൈവറോടു പറഞ്ഞത്. അതിനു മൂന്നാഴ്ച മുന്‍പ്, മാളയിൽനിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കത്തി. ഭയന്ന യാത്രക്കാര്‍ തിരക്കുകൂട്ടിയതോടെ, ബസിന്റെ ഒരു വാതില്‍ തകരാറിലായി. യാത്രക്കാരിൽ ചിലര്‍ വശങ്ങളിലെ ജനലുകള്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു. പലയിടത്തും യാത്രക്കാർക്കു പുറത്തിറങ്ങാൻ സമയം ലഭിച്ചതുകൊണ്ടാണ് ദുരന്തങ്ങൾ ഒഴിവായത്. ഇത് എല്ലായ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ലെന്ന് കെഎസ്ആർടിസിക്ക് ഇതുവരെ മനസിലായിട്ടില്ല.
കെഎസ്ആർടിസിക്ക് ആകെയുള്ള 4,717 ബസുകളിൽ 1,261 എണ്ണവും 15 വർഷത്തിലേറെ പഴക്കമുള്ളതാണ്. 14നും 15നും ഇടയിൽ 698, 13നും 14നുമിടയിൽ 193, 12നും 13നുമിടയിൽ 519, 11നും 12നുമിടയിൽ 362, ഒന്‍പതിനും 10നുമിടയിൽ 857 എന്നിങ്ങനെയാണ് ബസുകളുടെ കാലപ്പഴക്കം. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിൽനിന്നു മാറ്റാൻ അവയ്ക്ക് ഇന്ധനം നിഷേധിക്കാനുള്ള നീക്കമാണ് ഡൽഹി സർക്കാർ നടത്തുന്നത്. പ്രധാനമായും വായൂമലിനീകരണം തടയാനാണെങ്കിലും പഴയ വാഹനങ്ങൾ സുരക്ഷിതമല്ലെന്നുള്ളതാണ് യാഥാർഥ്യം. യഥാസമയം കഴുകി വൃത്തിയാക്കുന്നുപോലുമില്ലാത്ത കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ അറ്റകുറ്റപ്പണി അത്യാവശ്യ സമയത്തു മാത്രമാണെന്ന് ആരോപണമുണ്ട്.
വാഹനങ്ങൾക്കു തീ പിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ഒഴുകുന്നതും തീ പടരാനിടയാക്കും. ആക്സസറികള്‍ക്കായി ചെയ്യുന്ന കൃത്യമല്ലാത്ത വയറിംഗ്, സീലു പൊട്ടിയ വയറിംഗുകള്‍, അനധികൃത സിഎന്‍ജി-എല്‍പിജി കിറ്റുകള്‍, ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, സ്റ്റീരിയോ എന്നിവയും തീപിടിത്തത്തിനു കാരണമാകും. വാഹനങ്ങൾ യഥാസമയം അംഗീകൃത ഇടങ്ങളിൽ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തിയാൽ പ്രശ്നം വലിയൊരു പരിധിവരെ ഒഴിവാക്കാം. തീ പിടിച്ചാലുടനെ വാഹനം ഓഫാക്കുകയും പുറത്തിറങ്ങി അകലേക്കു മാറുകയും ചെയ്യണം. തീ കെടുത്താൻ സ്വയം ശ്രമിക്കരുത്. ബോണറ്റ് ഉയർത്താൻ ശ്രമിച്ചാലും തീ ആളിപ്പടരും.
യാത്രാക്ലേശം മുതലെടുത്ത് നിരക്ക് രണ്ടും മൂന്നും നാലും ഇരട്ടി വർധിപ്പിക്കുന്ന സ്വകാര്യ ബസുടമകളുടെ കൊള്ള കെഎസ്ആർടിസിയും നടത്തുകയാണ്. രണ്ടും മൂന്നും ഇരട്ടിയാണ് ക്രിസ്മസിനു നിരക്ക് വർധിപ്പിച്ചത്. വിശേഷാവസരങ്ങളിലെ ഈ കൊള്ള തിരക്കേറുന്പോഴൊക്കെ നടത്താനാണ് പുതിയ തീരുമാനം. യാത്രക്കാരുടെ ഗതികേടിനെ ചൂഷണം ചെയ്യാൻ തല പുകയ്ക്കുന്ന കോർപറേഷൻ ബസിലെ പുകയും യാത്രക്കാരുടെ ഭീതിയും കെടുത്താൻ ഒന്നും ചെയ്യുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെടണം.