Editorial Audio
ചരിത്രനേട്ടങ്ങൾ തുള്ളിച്ചാടാൻ മാത്രമുള്ളതല്ല. അവ നമ്മുടെ ഭാവിപേടകങ്ങളുമാകണം. ഒറ്റപ്പാലത്തു വേരുകളുള്ള നാസയുടെ ബഹിരാകാശസഞ്ചാരി ഡോ. അനിൽ മേനോൻ ബഹിരാകാശത്തും ബഹിരാകാശ നിലയത്തിലുമെത്തുന്ന ആദ്യ മലയാളിയായിരിക്കുന്നു. എത്ര അഭിമാനകരമായ മുഹൂർത്തമാണിത്. പക്ഷേ, അതൊരു സാങ്കേതികത്വമാണെന്ന തിരിച്ചറിവ് നമ്മുടെ കുതിപ്പിനുള്ള ഇന്ധനമാകണം. അതായത്, അമേരിക്ക നൽകിയതുപോലെ മികച്ച വിദ്യാഭ്യാസവും പരിശീലനവും അവസരങ്ങളും നൽകിയാൽ മലയാളിക്കും ഇതൊക്കെ സാധ്യമാണെന്നതാണ് ചരിത്രപാഠം. സർക്കാരിന് അതിന്റെ നയങ്ങളും മുൻഗണനകളും മാറ്റാനുള്ള അവസരംകൂടിയാണിത്. പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാർഥികൾ നാടുവിട്ടുകൊണ്ടിരിക്കെ.
ഇന്നലെ പുലർച്ചെ 1.25നാണ് അനിൽ മേനോൻ ബഹിരാകാശനിലയത്തിലെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നു പുറപ്പെട്ട് അഞ്ചു മണിക്കൂറിനകം! ഏകദേശം മൂന്നു മണിക്കൂർകൊണ്ട് സോയൂസ് ബഹിരാകാശ നിലയവുമായി ബന്ധപ്പിച്ചിരുന്നു. ഇപ്പോൾ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും റഷ്യയുടെയും ഉൾപ്പെടെ 10 പേർ നിലയത്തിലുണ്ട്.
എട്ടു മാസത്തിനുശേഷം 2027 ഏപ്രിലിൽ സോയൂസിൽതന്നെ അനിൽ ഭൂമിയിലേക്കു മടങ്ങും. ദീര്‍ഘകാല ബഹിരാകാശ യാത്രകളും വാസവും മനുഷ്യരില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകൾ തുടങ്ങിയവയിൽ ഡോ. അനിൽ പരീക്ഷണങ്ങൾ നടത്തും.
ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ വംശജ ലിസ സാമോലെങ്കോയുടെയും മകനായി അമേരിക്കയിലെ മിനിയാപൊലിസിലാണ് അനിൽ ജനിച്ചത്. നാൽപ്പത്തിയൊന്‍പതുകാരനായ അദ്ദേഹം ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. മുന്‍പ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഭാര്യ അന്ന നാസയുടെ ഇരുപത്തിനാലാം അസ്ട്രനോട്ട് ഗ്രൂപ്പിലുണ്ട്. ജയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ. ഈ വേരുകൾ മാത്രമാണ് നമ്മുടെ അഭിമാനഹേതു. പക്ഷേ, ഈ ആവേശത്തിൽ ബഹിരാകാശത്തേക്കു നോക്കുന്ന വിദ്യാർഥികൾക്കു കൊടുക്കാൻ നമ്മുടെ സംസ്ഥാനത്ത് എന്തുണ്ട് എന്ന ചോദ്യത്തിൽനിന്നു തുടങ്ങണം ഭാവിയിലേക്കുള്ള യാത്ര. പള്ളിക്കൂടങ്ങൾ മുതൽ സർവകലാശാലകൾ വരെ അഴിച്ചുപണിയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുണ്ടോ? പ്രായോഗിക പരിശീലനങ്ങളേക്കാൾ സിദ്ധാന്തങ്ങളുടെ മനഃപാഠ വ്യായാമങ്ങളാണോ നമ്മെ തളർത്തുന്നത്? എല്ലാ നവീകരണങ്ങളെയും പിന്നോട്ടടിക്കുന്ന രാഷ്ട്രീയ കെട്ടുപാടുകളിൽനിന്ന് സർവകലാശാലകളെയും വിദ്യാഭ്യാസ മേഖലയെ ആകെത്തന്നെയും മോചിപ്പിക്കാൻ എത്രകാലം വേണ്ടിവരും? നാടുവിട്ടുപോകാതിരിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളത്? അനിൽ മേനോന്റെ ഒറ്റപ്പാലത്തെ വേരുകളിൽ കെട്ടിക്കിടക്കുകയല്ല, ഉയരങ്ങളിലേക്കു കുതിക്കാൻ ഈ മണ്ണിൽ വേരിറക്കുകയാണു വേണ്ടത്. എങ്കിൽ ഇവിടെ പഠിച്ചു പരിശീലിച്ചവരും ഒരിക്കൽ ബഹിരാകാശത്തെത്തും. ലോകകപ്പിൽ കളിക്കും. ഒളിന്പിക്സിൽ സജീവസാന്നിധ്യമാകും.
തീർന്നില്ല; ഒരു ബഹിരാകാശയാത്ര അതിന്റെ ഗവേഷണങ്ങൾക്കൊപ്പം, പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള യാഥാർഥ്യങ്ങളെയും കാണിച്ചുതരുന്നുണ്ട്. അനിൽ മേനോൻ ഇപ്പോഴുള്ള ബഹിരാകാശപേടകംപോലെ, ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഭൂമിയെന്ന മറ്റൊരു പേടകത്തിലെ യാത്രക്കാരോ ഗവേഷകരോ ആണ് നാമൊക്കെ. അദ്യബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൽ ഭൂമിയെ നോക്കി പറഞ്ഞു: “ഞാൻ ഭൂമിയെ കാണുന്നു, അതിമനോഹരം”. പക്ഷേ, അതു ബഹിരാകാശത്തുനിന്നു നോക്കുന്പോൾ. ഭൂമിയിലിറങ്ങിയാലോ രാഷ്ട്രങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, കുടുംബങ്ങൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ യുദ്ധം. അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽ പോയിവരുന്ന താത്കാലിക ഗവേഷകരെപ്പോലെ ഒരുമയോടെ നേട്ടങ്ങൾ കൊയ്യേണ്ടവരെ ചിലർ മതത്തിന്റെയും വംശത്തിന്റെയും സന്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ യുദ്ധത്തിനിറക്കുന്നു.
“വിശാലമായ പ്രപഞ്ചമെന്ന അരങ്ങിൽ ഭൂമി വളരെ ചെറിയൊരു വേദിയാണ്... ഒരു ബിന്ദുവിന്റെ അംശമാത്രമായ ഒരിടത്തിന്റെ ക്ഷണികമായ അധിപരാകാൻവേണ്ടി, പെരുമയും വിജയവും തേടി ആ സേനാനായകന്മാരും ചക്രവർത്തിമാരും ഒഴുക്കിയ രക്തനദികളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ”- അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ. മനുഷ്യവംശത്തിന്റെ കഴുത്തിൽ തൂങ്ങി ഇപ്പോഴും ചിലർ ഇവിടെ ഒഴുക്കിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകളെക്കുറിച്ചുകൂടി ചിന്തിക്കൂ; ഭൂമിയെന്ന ബഹിരാകാശയാനത്തിലെ യാത്രക്കാരേ. ഒറ്റപ്പാലത്തൊതുങ്ങരുത് ഡോ. അനിൽ മേനോന്റെ വിജയഗാഥയുടെ വിദൂര- ദീർഘ വീക്ഷണങ്ങൾ.
Tags : DEEPIKA EDITORIAL Soyuz MS-29 Dr Anil Menon Space