National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ ട്രയൽ കോടതിയിലുള്ള അപകീർത്തി കേസ് നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
കേസിൽ പരാതിക്കാരനായ എം.എച്ച്. ശ്രീശ്രീമാലിനും മഹാരാഷ്ട്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. തനിക്കെതിരായ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ ആശ്വാസകരമായ നടപടി.
2018 സെപ്റ്റംബറിൽ രാജസ്ഥാനിൽ വെച്ച് രാഹുൽ നടത്തിയ പ്രസംഗം ബിജെപി അംഗങ്ങളെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്.
International
കറാച്ചി: പാക്കിസ്ഥാനിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. കറാച്ചിയിലെ സതേൺ പോർട്ട് സിറ്റിയിൽ നിന്ന് നോർത്ത് വെസ്റ്റേൺ സിറ്റിയിലേക്ക് പോയ ദി റഹ്മാൻ ബാബ എക്സ്പ്രസാണ് പാളം തെറ്റിയത്.
പഞ്ചാബ് പ്രവിശ്യയിലെ ഷേർ ഷായിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്. ട്രെയിൻ അപകടങ്ങൾ പാക്കിസ്ഥാനിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കർശന ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരി വാഹനാപകടം കേരളത്തെയാകെ ഞെട്ടിച്ച സംഭവമാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കേസിൽ ശക്തമായ നിയമനടപടികളുമായി സർക്കാരും പൊലിസും മുന്നോട്ടുപോകും. പ്രോസിക്യൂഷൻ വഴി പ്രതിക്ക് കോടതിയിലൂടെ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ൽഹിയിൽ നടന്ന 'ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ' രാജ്യത്തിന്റെ വളർച്ചയും ഡിജിറ്റൽ മുന്നേറ്റവും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോകത്തിനൊപ്പം വളരുകയാണെന്നും എന്നാൽ ആർക്കും ക്ഷതം ഏൽപ്പിക്കാതെ ആഗോളതലത്തിൽ സ്ഥിരത ഉറപ്പാക്കുകയാണ് രാജ്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറിലധികം ഭാഷകളും എൺപതിനായിരത്തോളം രജിസ്റ്റർ ചെയ്ത ദിനപത്രങ്ങളും ഉള്ള ഇന്ത്യ സ്വതന്ത്ര മാധ്യമങ്ങളുടെ രാജ്യമാണെന്നും മോദി ഓർമിപ്പിച്ചു. രാജ്യത്ത് അഞ്ഞൂറ് ദശലക്ഷത്തിലധികം യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുണ്ടെന്നും, വിവിധ വിഷയങ്ങളിൽ തുറന്ന സംവാദങ്ങൾ നടക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2026-ലും 2027-ലും ഏഴ് ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈയിൽ പ്രവചിച്ചിരുന്ന 6.4 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വളർച്ചാ പ്രവചനം.
ശക്തമായ ആഭ്യന്തര ഉപഭോഗവും സേവന മേഖലയിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് കരുത്തേകുന്നത്. റഷ്യ-യുക്രെയ്ൻ, യു.എസ്-ഇറാൻ സംഘർഷങ്ങൾ കാരണം അസംസ്കൃത എണ്ണവില ഉയർന്നിട്ടുണ്ടെങ്കിലും അത് മറികടക്കാൻ ഇന്ത്യക്ക് സാധിച്ചു.
ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തുമ്പോൾ, വികസിത രാജ്യങ്ങളുടെ ശരാശരി വളർച്ചാ നിരക്ക് 2027-ൽ 1.8 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. ആഗോള സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി ഇന്ത്യ തുടരുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
National
ന്യൂഡൽഹി: ജന്തർ മന്തറിനെ പ്രതിഷേധ വേദിയല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് പിന്നാലെ, പ്രതിഷേധ വേദി ചാടിക്കടന്ന് സിജെപി നേതാക്കൾ. ചൊവ്വാഴ്ച രാവിലെ ജന്തർ മന്തറിലെത്തിയ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പ് ഗേറ്റും പൊലിസ് ബാരിക്കേഡും ചാടിക്കടന്നാണ് പ്രതിഷേധിച്ചത്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് കേരളത്തിൽ ഭരണം അവസാനിപ്പിക്കുകയാണെങ്കിൽ, അസമിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തുടരുകയാണെങ്കിൽ, തെലങ്കാനയിലും കർണാടകയിലും കോൺഗ്രസ് രാജി വെക്കണമെന്നും, തമിഴ്നാട്ടിൽ സഖ്യകക്ഷിയോട് പുറത്തുപോകാൻ ആവശ്യപ്പെടണമെന്നും ശർമ ആവശ്യപ്പെട്ടു. കൂടാതെ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മത്സരിക്കരുതെന്നും അദ്ദേഹം വെല്ലുവിളിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബാറ്റ്മാൻ മാസ്ക് ധരിച്ചത് ചർച്ചയാകുന്നു. പ്രതിഷേധത്തിനിടെ യുവാക്കൾ കൊണ്ടുവന്ന ബാറ്റ്മാൻ മാസ്ക് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുകയും, തുടർന്ന് മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം ഈ മാസ്ക് ധരിക്കുകയുമായിരുന്നു.
എന്നാൽ രാഹുലിന്റെ ഈ നാടകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്നും ഡൽഹി ഗോഥം സിറ്റിയല്ലെന്നും കേന്ദ്ര മന്ത്രി ജയന്ത് സിംഗ് എക്സിൽ കുറിച്ചു. രാജ്യതലസ്ഥാനത്തിന് ഒരു 'ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും' ആവശ്യമില്ലെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു. നേരത്തെ ഇൻസ്റ്റാഗ്രാം ചാറ്റിലും താനാണ് ബാറ്റ്മാൻ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ രാഹുൽ പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: അമിത വേഗത്തിൽ പാഞ്ഞ മിനി കൂപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ പ്രതി സുഹൈൽ സജീവിന്റെ അപകടകരമായ ഡ്രൈവിംഗിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച രാവിലെയാണ് നെടുന്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് വിദ്യാർഥികളെ 19 കാരനായ സുഹൈൽ സജീവിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ദേവിക (21), ഗോപിക (22) എന്നിവർ അപകട സ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയും പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ഇജാസ് പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ സുഹൈലിന് പിറന്നാൾ സമ്മാനമായി സുഹൈലിന്റെ മാതാവ് മിനി കൂപ്പർ വാങ്ങി നൽകിയതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. സമ്മാനമായി ലഭിച്ച കാറിൽ 200 കിലോമീറ്ററിൽ അധികം വേഗത്തിൽ സുഹൈൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചു. അപകടത്തിന് ശേഷം "റോഡുകൾ പിന്നെ എന്തിനാണ്, വണ്ടി ഓടിക്കാൻ തന്നെയല്ലേ" എന്ന് ഇയാൾ ചോദിച്ചതായും, അച്ഛൻ എല്ലാം നോക്കിക്കോളുമെന്നും പൊലിസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽ മദ്യപാനത്തിനുള്ള നിയമപരമായ പ്രായം 23 ആയതിനാൽ, 19 കാരനായ സുഹൈലിന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകിയിട്ടുണ്ട്. സുഹൈൽ സജീവിനെതിരെ നരഹത്യാ കുറ്റമാണ് നിലവിൽ പൊലിസ് ചുമത്തിയിരിക്കുന്നത്.
National
കന്യാകുമാരി: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് മര്‍ദനമേറ്റു മരിച്ചു. പെരിയവിള സ്വദേശി എയ്ഞ്ചല്‍ (26) മരിച്ചതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
നാഗര്‍കോവിലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനോട് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ ആന്റണിരാജ് പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കന്യാകുമാരി പൊലിസ് ആന്റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ ശല്യം തുടര്‍ന്നു. ഞായറാഴ്ച രാത്രി എയ്ഞ്ചലിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്റണിരാജിനെ യുവതിയുടെ ബന്ധുക്കള്‍ കല്ലുകൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെരിയവിള സ്വദേശികളായ ബെവിന്‍ (26), ബെനിഷ് (25), വിനീഷ് (22), രവി സെല്വന് (56), യേശുനേശ സെല്വന് (58) എന്നിവരെയാണ് കന്യാകുമാരി പൊലിസ് അറസ്റ്റ് ചെയ്തു.
Kerala
കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ട് യാത്രയ്ക്കിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സഹോദരൻ: യമിൻ അബ്ദുള്ള.
National
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടികപരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും സംയുക്തമായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ.
കോടതി ഫീസായ 220 രൂപയുടെ കുറവ് ഉൾപ്പെടെയാണ് ന്യൂനതകൾ കണ്ടെത്തിയത്. ഒമ്പത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി എന്നിവയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ മറ്റ് പിഴവുകൾ.
സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവുത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ 2025 ജൂൺ 24-ലെ, എസ്ഐആർ ആരംഭിക്കാനുള്ള തീരുമാനത്തിന്റെയും വോട്ടർമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും പെൻഡ്രൈവിലുള്ള ഡിജിറ്റൽ പകർപ്പുകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധിയും മറ്റ് 10 പ്രതിപക്ഷ നേതാക്കളും തിങ്കളാഴ്ചയാണ് ഹർജി ഫയൽ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളായി ചേർത്തിരിക്കുന്നത്.
National
ന്യൂഡൽഹി: ഇനി നീതിപീഠം കണ്ണു തുറക്കട്ടെ. എസ്ഐആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിൽനിന്ന് സുപ്രീംകോടതിക്കു മുന്നിലെത്തിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയുടെ ചരിത്രത്തിലെതന്നെ വൻ ജനസാഗരം തെരുവിൽ ഇരമ്പിയപ്പോൾ സുരക്ഷയുടെ കോട്ടകെട്ടിയും ഉരുക്കുമുഷ്ടി ഉപയോഗിച്ചും ഗ്യാനേഷിനെ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.
പാർലമെന്റിന് സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് ആരംഭിച്ച മാർച്ച് കൊണാട്ട് പ്ലേസ് വഴി നാല് മണിക്കൂറോളം സഞ്ചരിച്ചാണ് സുപ്രീംകോടതി പരിസരത്ത് എത്തിയത്. സുപ്രീംകോടതിക്ക് 200 മീറ്റർ അകലെ പ്രവർത്തകരെ പൊലിസ് തടഞ്ഞെങ്കിലും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഇന്ത്യ സഖ്യത്തിലെ മറ്റ് പ്രധാന നേതാക്കൾ ഉൾപ്പെടുന്ന സംഘം സുപ്രീംകോടതി രജിസ്ട്രിക്ക് മുന്നിൽ നേരിട്ടെത്തി ചീഫ് ജസ്റ്റീസിനുള്ള നിവേദനം കൈമാറി.
ഹർജി ഫയൽ ചെയ്യണ്ട സമയമായ 4.30നു മുമ്പ് എത്താൻ കഴിയാത്തതിനാൽ അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ നിയമ സംഘം ഇതിനോടകം സുപ്രീംകോടതിയിൽ എത്തി ഹർജി സമർപ്പിച്ചിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ജാർഖണ്ഡ് മുക്തി മോർച്ചയുടെ മഹുവ മാജി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രധാനികളെല്ലാം ഹർജിയിൽ കക്ഷികളാണ്.
പ്രതിഷേധക്കടലായി ഡൽഹി
ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം നാലാം ദിനത്തിൽ സുപ്രീംകോടതി മാർച്ചായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചീഫ് ജസ്റ്റീസിനെ നേരിൽ കണ്ട് നിവേദനം കൈമാറാനുള്ള അനുമതി നിഷേധിച്ചതോടെ മാർച്ച് ചെയ്ത് ഹർജി ഫയൽ ചെയ്യാമെന്ന് പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഡൽഹിയിലെ നിരത്തിലിറങ്ങിയത് കാൽ ലക്ഷത്തോളം പ്രവർത്തകരാണ്.
ദില്ലി ചലോ മാർച്ച് പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനം കൂടെയായി. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരെക്കൊണ്ട് ഡൽഹി നിറഞ്ഞു. ഗ്യാനേഷിനെതിരേ തെരുവിലിറങ്ങിയ വിദ്യാർഥി സംഘടനകളും നേതാക്കളും ഒപ്പം ചേർന്നതോടെ പ്രതിഷേധം അലയടിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ നിരവധി തവണ പൊലിസ് നടപടികൾ ഉണ്ടായെങ്കിലും ഇന്നലത്തെ മാർച്ച് സമാധാനപൂർണമായിരുന്നു. അവസാനനിമിഷം പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ആകാശവാണിയിലെ പ്രതിഷേധത്തിനുശേഷം വിട്ടുനിന്ന സമാജ്വാദി പാർട്ടി അംഗങ്ങളും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ദില്ലി ചലോ മാർച്ചിനെത്തി. കൂടാതെ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളും പങ്കെടുത്തു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ, സുഖ്വീന്ദർ സിംഗ് സുഖു, രേവന്ത് റെഡ്ഢി തുടങ്ങിയ നേതാക്കളും അണിനിരന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാതിരുന്നത്. എങ്കിലും മന്ത്രി ഒ.ജെ. ജെനീഷ്, അബിൻ വർക്കി തുടങ്ങിയ നേതാക്കളും എംപിമാരും മാർച്ചിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ട വിവാദ പോസ്റ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചു. ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ ചീഫ് ജസ്റ്റീസ് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് കേരള ഘടകം വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഈ ട്വീറ്റ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴി വയ്ക്കുകയും ചീഫ് ജസ്റ്റീസിനെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി ദേശീയ നേതൃത്വം ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിമര്‍ശനം ശക്തമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്തത്.
അതേസമയം കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഔദ്യോഗിക എക്സ് പേജിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് സൂര്യകാന്തിനെതിരേ പോസ്റ്റിട്ട വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് കെപിസിസി പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല. ഇതിനു വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
National
റായ്പുർ:ഛത്തീസ്ഗഡിലെ ബിജാപുരിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ സുരക്ഷാസേന മുന്‍പാകെ ഹാജരായി. വൻതോതിൽ ആയുധങ്ങൾ ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ നാലുപേർ ഒഡിഷ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണെന്ന് ബിജാപുർ എസ്പി ഉമേഷ് പ്രസാദ് ഗുപ്ത അറിയിച്ചു.
നക്സലുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ആറുപേരുടെയും കീഴടങ്ങൾ.
National
ജമ്മു: നിയന്ത്രണരേഖയ്ക്ക് അപ്പുറം ഐഇഡി സ്ഫോടനത്തിൽ പാക് അധിനിവേശ കാഷ്മീരിൽ നാലു പേർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിനു സമീപമായിരുന്നു സംഭവം.പാക്കിസ്ഥാൻ ഭാഗത്തെ സത്വാൾ-നാകി മേഖലയിൽ ഒരു സംഘം ആളുകൾ പൈപ്പ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
National
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരാജയം അണ്ണാ ഡിഎംകെയിൽ ആഭ്യന്തരകലഹത്തിനു എരിവുപകരുന്നു. നേതൃത്വത്തെ വെല്ലുവിളിക്കുന്ന എസ്.പി. വേലുമണിയുടെ നേതൃത്വത്തിൽ ഒരു സംഘം ഇന്നലെ പ്രത്യേകയോഗം ചേർന്നു.
സിവി ഷൺമുഖൻ, നത്തം വിശ്വനാഥൻ, പി.തങ്കമണി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.നിയമസഭയിൽ പ്രത്യേക സംഘമായി ഇരിക്കുന്നതുൾപ്പെടെ ഇവരുടെ ആലോചനയിലുണ്ടായിരുന്നു. അണ്ണാഡിഎംകെയിൽ നിന്ന് വിട്ടുപോകാനില്ലെന്ന് ആവർത്തിക്കുന്ന സംഘം നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകളിലുള്ള ആശങ്ക സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിൽ വ്യക്തമാക്കി സിബിസിഐ. വിഷയത്തിൽ സിബിസിഐ മുന്നോട്ടുവച്ച ആശങ്കകൾ സംബന്ധിച്ച ജെപിസിയുടെ ചോദ്യത്തിനുള്ള മറുപടി എഴുതി നൽകാനും പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു.
ബില്ല് സംബന്ധിച്ച് വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തുണ്ട്. ഇതിന്റെ ഭാഗമായാണ് സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് അനിൽ കൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം ജെപിസിക്ക് മുന്നിലെത്തിയത്. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ, ജോസ്ലിൻ മാർട്ടിൻ, ജോർജ് കുരുവിള, അഭിഭാഷകരായ അലക്സ്, ലിന്റോ, സിസ്റ്റർ രമ്യ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
National
ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ കൊല്ലപ്പെട്ട നാഗ വിഭാഗക്കാരന്റെ തല അക്രമികൾ അറത്തുമാറ്റിയതായി കണ്ടെത്തി. മൃതദേഹം സംസ്കരിക്കുന്നതിന് ശരീരഭാഗം ഉടൻ വീണ്ടെടുക്കണമെന്നു നാഗ സിവിൽ സൊസൈറ്റി ആവശ്യപ്പെട്ടു. ഇതിനായി 48 മണിക്കൂർ അന്ത്യശാസനം നൽകുകയാണെന്നും അവർ പ്രഖ്യാപിച്ചു.
കാങ്പോക്പിയിലെ മകുയി അഷാംഗിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 52കാരനായ അജിൻബൗവിന്റെ തലയാണ് അറത്തുമാറ്റിയത്.
അജിൻബൗ ഉൾപ്പെടെ കൊല്ലപ്പെട്ട രണ്ട് നാഗ വിഭാഗക്കാരുടെ മൃതദേഹം ഇപ്പോൾ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അജിൻബൗവിന്റെ അറത്തുപിടിച്ച തലയുമായുള്ള സായുധസംഘത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി മുതൽ കാംജോംഗ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിലായി നടന്ന വെടിവയ്പുകളിലാണ് അജിൻബൗ ഉൾപ്പടെ ഒന്പതുപേർ കൊല്ലപ്പെട്ടത്.ഫെബ്രുവരി മുതൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ അന്‍പതിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകൾ തീവച്ചനശിപ്പിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ലോകചരിത്രം പരിശോധിക്കുമ്പോള്‍ ഏകാധിപതികള്‍ എക്കാലവും ഭരണം തുടരാന്‍ അവിടെയുള്ള തെരഞ്ഞെടുപ്പു സംവിധാനങ്ങള്‍ അട്ടിമറിക്കുന്നതായി കാണാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്.
ഡല്‍ഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ചും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയും, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കെപിസിസി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപതികള്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ അട്ടിമറിച്ചശേഷം പൗരാവകാശങ്ങള്‍ ഇല്ലാതാക്കും. അതാണ് ഇപ്പോള്‍ ഭാരതത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാജ്യചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന സമരമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച ജനാധിപത്യ സംഗമത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോണ്‍, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്, അനൂപ് ജേക്കബ്, എന്‍. ഷംസുദീന്‍, സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരായ 22 ജീവനക്കാരുള്ള രണ്ടു ചരക്കകപ്പലുകൾക്കു നേർക്ക് ആക്രമണം. ഞായറായഴ്ച എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിനുനേർക്കായിരുന്നു ആദ്യ ആക്രമണം. 11 ഇന്ത്യൻ ജീവനക്കാരിൽ രണ്ടു പേരെ കാണാതായി. ഡ്രോൺ ആക്രമണമാണുണ്ടായത്.
എംടി വാൽതേര എന്ന കപ്പലാണ് രണ്ടാമത് ആക്രമിക്കപ്പെട്ടത്. പ്രൊജക്ടൈൽ പതിച്ച് കപ്പലിനു തീപിടിച്ചെങ്കിലും ഇന്ത്യക്കാരായ 11 ജീവനക്കാരും സുരക്ഷിതരാണ്. മാർഷൽ ഐലൻഡ്സ് പതാകയേന്തിയ കപ്പലാണിത്. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: കര്‍ഷക സമരത്തിന്റെ ആറാം വാര്‍ഷികമായ നവംബര്‍ 26ന് വീണ്ടും സമരമാരംഭിക്കാനുള്ള നീക്കത്തിലാണ് സംയുക്ത കിസാൻ മോർച്ച.
തങ്ങളുടെ ഏഴ് പ്രധാന ആവശ്യങ്ങളും നേടിയെടുക്കുന്നതുവരെ നീണ്ടുനില്‍ക്കുന്ന സമരപരിപാടികള്‍ക്ക് തയാറെടുക്കാന്‍ എസ്കെഎം കര്‍ഷകരെ ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായി നവംബര്‍ 26ന് ന്യൂഡല്‍ഹിയിലും ഇന്ത്യയിലുടനീളവും വമ്പന്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവരിക, സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) ഒഴിവാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക, പെന്‍ഷനും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തുക, വൈദ്യുതി മേഖലയുടെയും വിത്ത് ബില്‍ 2025ന്റെയും സ്വകാര്യവത്കരണം ഒഴിവാക്കുക, കര്‍ഷകരുടെയും ആദിവാസികളുടെയും ഭൂമിക്കുള്ള അവകാശം സംരക്ഷിക്കുക, നാല് തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയാണ് സമരത്തിനൊരുങ്ങുന്ന കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
National
ന്യൂഡൽഹി: രാജ്യത്തെ സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്തെഴുതി പ്രതിപക്ഷ പാർട്ടികൾ. നിവേദനം സമർപ്പിക്കുന്നതിന് അനുമതി തേടി പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എഴുതിയ കത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടി, ഡിഎംകെ തുടങ്ങി രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ഒപ്പിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരേയും എസ്ഐആർ നടപടിയിലെ വീഴ്ചയിലും രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. കൂടാതെ, തെരഞ്ഞടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച് 2023ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിന്റെ സാധുതയും ചോദ്യം ചെയ്യുന്നുണ്ട്. 2014നു മുമ്പ് കമ്മിഷനിലെ വ്യക്തികളുടെ നിഷ്പക്ഷതയെ ചോദ്യംചെയ്യുന്ന അപൂർവം സംഭവങ്ങൾ ഉണ്ടായപ്പോൾ 2014ന് ശേഷമുള്ള സർക്കാർ നിയമനങ്ങൾ എല്ലാം ഭരണകക്ഷിയുമായി ഏറെ ചേർന്നുനിൽക്കുന്നവരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കൂടാതെ ഇത്തരക്കാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കുന്നതിന് സർക്കാരിന്റെ ആജ്ഞകൾ ലജ്ജയില്ലാതെ നടപ്പാക്കുന്നവരാണെന്ന ആരോപണവും നേതാക്കൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പക്ഷപാതപരമായ സമീപനത്തെ ചോദ്യം ചെയ്ത നേതാക്കൾ രാഷ്ട്രീയ പാർട്ടികൾക്കുള്ള മാതൃകാ പെരുമാറ്റച്ചട്ടം പ്രതിപക്ഷത്തുള്ളവരെ മാത്രം ലക്ഷ്യംവയ്ക്കുന്നതായി ചൂണ്ടിക്കാട്ടി.
എസ്ഐആർ ആദ്യം നടപ്പാക്കിയ ബിഹാറിൽ നുഴഞ്ഞുകയറ്റം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വോട്ടർപട്ടിക ശുദ്ധീകരണത്തിന് കമ്മിഷൻ ചുക്കാൻ പിടിച്ചത്. എന്നാൽ, ഇക്കാര്യം ന്യായീകരിക്കുന്ന യാതൊരു ഡാറ്റയും കമ്മിഷൻ പരസ്യപ്പെടുത്തിയിട്ടില്ല. എസ്ഐആർ അനുയോജ്യമായ സമയത്തായിരുന്നെങ്കിലും അതിന്റെ നടപ്പാക്കലിൽ വലിയ വീഴ്ച സംഭവിച്ചു.
സാധാരണ ഒരു വർഷമെങ്കിലും എടുത്തുചെയ്യേണ്ട നടപടി അതിവേഗത്തിൽ തീർത്തതിനു പിന്നിലെ പ്രേരണയും പ്രതിപക്ഷം ചോദ്യംചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്കയും കത്തിൽ ഉന്നയിച്ചു. ഉചിതമായിടത്ത് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് ഗൗരവമായ പരിഗണനയും വിശാല ചർച്ചയും ആവശ്യമുള്ള കാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയ്ക്കപ്പുറം കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി, എൻഐഎ എന്നിവ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നതിലെ ആശങ്ക നേതാക്കൾ പ്രകടിപ്പിച്ചു. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന നടപടിയെയും കത്തിൽ ചോദ്യംചെയ്യുന്നു. സംവിധാനത്തിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുമ്പോൾ നീതിന്യായ വ്യവസ്ഥ പ്രതികരിക്കാൻ പരാജയപ്പെട്ടാൽ അത് റിപ്പബ്ലിക്കിന്റെ സമ്പൂർണ തകർച്ചയെ സൂചിപ്പിക്കുന്നതായും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
National
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളില്‍നിന്ന് വിട്ടുനിന്നിരുന്ന സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവും ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ കരുത്തുറ്റ മുഖമായപ്പോള്‍ അത് പ്രതിപക്ഷ ഐക്യത്തിന് കൂടുതല്‍ ഊര്‍ജം പകർന്നു. ആറിന് നടന്ന എസ്ഐആര്‍ പ്രതിഷേധത്തിനിടയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആകാശവാണിയിലെ അപ്രതീക്ഷിത കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന് സഖ്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു.
ഇതിനെ ശരിവയ്ക്കുന്ന തരത്തില്‍ ആദ്യദിവസത്തെ രാവിലത്തെ പ്രതിഷേധത്തിലെ നിറസാന്നിധ്യമായിരുന്ന എസ്പി നേതാക്കളും എംപിമാരും പിന്നീട് ഉച്ചയ്ക്കുശേഷം മുതലുള്ള സമരങ്ങളില്‍നിന്ന് വിട്ടുനിന്നു. സഖ്യത്തിലെ മറ്റ് പാര്‍ട്ടികളെ രാഹുലിന്റെ അപ്രതീക്ഷിത സമരത്തെക്കുറിച്ച് അറിയിച്ചില്ല എന്നതായിരുന്നു പ്രധാന വിഷയം. പിന്നീട് നടന്ന ജന്തര്‍ മന്തര്‍, രാജ്ഘട്ട് തുടങ്ങിയിടങ്ങളിലെക്കുള്ള സമരങ്ങളില്‍നിന്ന് എസ്പി വിട്ടുനിന്നിരുന്നു.
അഖിലേഷിന്റെ അസാന്നിധ്യം, ഇന്ത്യ സംഖ്യത്തില്‍ വിള്ളല്‍ എന്ന തരത്തില്‍ ഭരണപക്ഷം വ്യാഖ്യാനിച്ചതോടെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളായി. അഖിലേഷ് യാദവ് സമാജ്വാദി പാർട്ടിയും പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. അഖിലേഷിനെ പ്രതിഷേധത്തിലേക്ക് വീണ്ടും എത്തിച്ചത് രാഹുല്‍ ഗാന്ധിക്കും വിജയമായി. വോട്ടിംഗ് സുതാര്യതയും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും, ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്നും എസ്പി നേതാക്കള്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറന്റെ രാജി, എസ്ഐആർ പിൻവലിക്കൽ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം റദ്ദാക്കൽ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് എല്ലാ ജനാധിപത്യ ശക്തികളുമായും ചേർന്ന് ഒറ്റക്കെട്ടായി പോരാടാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
ഒരു ദേശീയ ദിനപത്രത്തിൽ അടുത്തിടെ വന്ന റിപ്പോർട്ട് എസ്ഐആർ ആര് അംഗീകരിച്ചു, ഏതു രീതിയിലാണ് നടപ്പിലാക്കുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, കമ്മീഷന്റെ പ്രവർത്തനത്തെയും സ്വതന്ത്ര സ്വഭാവത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും ഉയർത്തുന്നുവെന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
ഫോം 6ലെ അനധികൃതമായ ഭേദഗതിയും യഥാർഥ വോട്ടർമാരെ കൂട്ടത്തോടെ നീക്കംചെയ്യാൻ ബിജെപി പ്രവർത്തർ ഫോം 7 ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുനഃപരിശോധനാ നടപടിക്രമങ്ങളുടെ ദുരുപയോഗം, കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഐടി ഘടനയിലെ മാറ്റങ്ങൾ, തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെ ചുമതലകളെ സംബന്ധിച്ച നിയമപരമായ വ്യവസ്ഥകളുടെ സമ്പൂർണ ലംഘനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ വർധിപ്പിക്കുന്നുവെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധക്കാർക്കെതിരെ അഴിച്ചുവിട്ട പൊലിസ് അടിച്ചമർത്തലിനെ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലിസ് സ്വീകരിച്ച നടപടികൾ സമീപകാലത്തെ ഏറ്റവും ക്രൂരമായവയാണെന്നും പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഈ സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്നും സിപിഎം വ്യക്തമാക്കി.
National
ഛത്രപതി സംഭാജിനഗർ: ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തപ്പോൾ താനും കുടുംബവും കടുത്ത മാനസിക പീഡനത്തിനിരയായെന്നു സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. പ്രതിഷേധവേദിയായി നിശ്ചയിച്ചിരുന്ന ജന്തർ മന്തറിന്റെ പദവി റദ്ദാക്കിയ നടപടിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജനാധിപത്യത്തെത്തന്നെ റദ്ദാക്കാൻ ശ്രമിക്കുമെന്ന് ആരോപിച്ചു.""ഇനി രാജ്യം മുഴുവൻ ജന്തർ മന്തറാകും'' എന്നായിരുന്നു ദീപ്കെയുടെ മുന്നറിയിപ്പ്.
ഇന്നലെ മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സ്വന്തം ഗ്രാമമായ സാന്തുക് പിംപ്രിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 10ന് ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എവിടെയാണു തന്നെ പാർപ്പിച്ചതെന്ന് കുടുംബത്തെയും അഭിഭാഷകനെയും പൊലിസ് അറിയിച്ചില്ലെന്ന് ദീപ്കെ കുറ്റപ്പെടുത്തി. മുത്തശ്ശിയുടെ മരണത്തിൽ ദുഃഖത്തിലായിരുന്ന കുടുംബത്തെ കൂടുതൽ മാനസികസമ്മർദത്തിലാക്കുന്ന രീതിയിലായിരുന്നു പൊലിസിന്റെ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
മുത്തശ്ശിയുടെ മരണവിവരം അറിയിച്ചെന്നും നാട്ടിലേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്തെന്നുമുള്ള ഡൽഹി പൊലിസിന്റെ വാദം അദ്ദേഹം തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പുറത്തുവിട്ടതാണെന്നും താൻ കരയുന്നതും മൊബൈൽ ഫോണ്‍ ആവശ്യപ്പെടുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയെന്നും ആരോപിച്ചു. മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഇന്ത്യാസഖ്യം സുപ്രീംകോടതിയിലേക്കു നടത്തിയ ബഹുജന റാലിയിൽ ഒത്തുചേർന്നു പ്രതിപക്ഷത്തെ വിവിധ വിദ്യാർഥി-യുവജന സംഘടനകളും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകളും കോൺഗ്രസ് അനുബന്ധ സംഘടനകളായ എൻഎസ്യുഐയും യൂത്ത് കോൺഗ്രസും വേറിട്ട പ്രതിഷേധങ്ങളായിരുന്നു ഇതുവരെയും നടത്തിയതെങ്കിലും ഇന്നലത്തെ മാർച്ചിൽ ഒരേ ആവശ്യം മുന്നോട്ടുവയ്ക്കുന്ന വിവിധ സംഘടനകൾ ഒരുമിച്ചു.
കോൺഗ്രസ് പ്രതിഷേധങ്ങളിൽനിന്ന് അകലം പാലിച്ചിരുന്ന ഇടത് വിദ്യാർഥി നേതാക്കൾ പ്രതിപക്ഷത്തെ മുൻനിര നേതാക്കളോടൊപ്പം ഇന്നലെ ഒരേ വേദി പങ്കിട്ടു.
ഇന്ത്യാസഖ്യ രഥത്തിൽ വിദ്യാർഥി നേതാക്കളും
സുപ്രീം കോടതിയിലേക്ക് ഇന്ത്യാസഖ്യം നേതാക്കൾ ഒരുമിച്ച് ബസ് യാത്ര നയിച്ചപ്പോൾ രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സഞ്ചരിച്ച ബസിൽ ഐസ ദേശീയ അധ്യക്ഷ നേഹ ബോറയും എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും ക്രാന്തികാരി യുവ സംഘടൻ നേതാവ് മുദിത കുഷ്വാഹയും യാത്രക്കാരായുണ്ടായിരുന്നു.
ഇന്നലെ മാർച്ചിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ രാജി ആവശ്യപ്പെട്ടുള്ള സമാന്തര പ്രതിഷേധങ്ങൾക്കിടയിൽ വേർതിരിവുകൾ ഇല്ലെന്നും അവയെല്ലാം ഒരൊറ്റ മുന്നേറ്റത്തിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞതിൽനിന്നു തന്നെ പ്രതിഷേധങ്ങൾ ഒരുമിക്കുമെന്ന സൂചന ലഭിച്ചിരുന്നു.
ഇടതു വിദ്യാർഥി നേതാക്കളെ ഇന്ത്യാ സഖ്യം നേതാക്കളോടൊപ്പം ഒരൊറ്റ ബസിലാക്കിയും മാർച്ചിൽ എൻഎസ് യുഐയുടെയും ഐഎഎസ്എഫിന്റെയും എംഎസ്എഫിന്റെയും എസ്എഫ്ഐയുടെയും കൊടികൾ ഒരുമിപ്പിച്ചതിലൂടെയും വരുംദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഒന്നാകുമെന്ന സന്ദേശമാണ് ലഭിക്കുന്നത്.
Kerala
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശികത്തുക രണ്ടു മാസത്തിനകം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ലഭിക്കാനുള്ള 36,000 രൂപയില്‍ 15,000 രൂപ നല്‍കിയെന്നും ബാക്കി 21,000 രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായ തിരുവനന്തപുരം സ്വദേശി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
Kerala
എരുമപ്പെട്ടി/ കുന്നംകുളം: മരത്തംകോട് ഇതരസംസ്ഥാന തൊഴിലാളിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാൻ (41) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 7.30 നാണ് മരത്തംകോട് പുതിയ മാത്തൂർ ചിറപുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ മുഹമ്മദ് മുംതാബ് മിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
പിന്നീട് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്. ഇയാളുടെ ഭാര്യ റോഷൻ ഖാത്തൂൻ, കാമുകൻ ബിഹാർ സ്വദേശി ഹസനൻ മിർയാൻ എന്നിവർ അറസ്റ്റിലായി.
കൊല്ലപ്പെട്ട മുഹമ്മദ് മുംതാബ് മിയാന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണു പ്രതി ഹസനൻ മിർയാൻ. ശനിയാഴ്ച രാത്രി ഇവരുടെ ക്വാർട്ടേഴ്സിൽ എത്തിയ പ്രതിയും കൊല്ലപ്പെട്ട മുഹമ്മദ് മുംതാബും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടയിൽ പ്രതികൾ മുഹമ്മദ് മുംതാബ് മിയാനെ ആദ്യം കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കുകയും തുടർന്ന് തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ നാട്ടുകാരെ വിളിച്ച് ഉറക്കത്തിൽ മരിച്ചതായി അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലിസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ കായികാധ്യാപകരുടെ ഒഴിവുകൾ നികത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. 15,000 സ്കൂളുകൾ ഉണ്ടെങ്കിലും 1850 കായികാധ്യാപകരേയുള്ളൂ. 500 കുട്ടികൾ ഉണ്ടെങ്കിലാണ് ഇപ്പോൾ കായികാധ്യാപകരെ സ്കൂളിൽ നിയമിക്കുന്നത്. ഇത് 300 ആക്കി കുറച്ചു.
കുട്ടികൾ കുറവുള്ള സ്കൂളുകൾ ചേർത്ത് കായികാധ്യാപകരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. കേരള സ്പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്പോർട്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ കായികഭാവി എങ്ങനെ രൂപപ്പെടുത്താം എന്ന വിഷയത്തിലായിരുന്നു കോൺക്ലേവ്.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങളായ വിദർശ കെ. വിനോദ് , ടി.എസ്. മനു എന്നിവരെ മന്ത്രി ആദരിച്ചു. ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ്, മുൻ താരങ്ങളായ പ്രീജ ശ്രീധരൻ, വി. നീന എന്നിവരും പങ്കെടുത്തു. താരങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
വിവിധ കായിക ഇനങ്ങൾ സംബന്ധിച്ച് രാവിലെ നടന്ന സെഷനിൽ യങ് ഇന്ത്യ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ജി. കിഷോർ, വോളിബോൾ മുൻ ഇന്ത്യൻ താരങ്ങളായ ടോം ജോസഫ്, ജി. ഗോപിനാഥ്, കേരള ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് താരിഖ്, കെഎസ്ഇബി ബാസ്കറ്റ്ബോൾ കോച്ച് അജു ജേക്കബ്, കേരള മുൻ രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ രഞ്ജിത്ത് തോമസ് എന്നിവർ പങ്കെടുത്തു.
ഫുട്ബോൾ സെഷനിൽ സൂപ്പർലീഗ് കേരള എംഡി. ഫിറോസ് മീരാൻ, കെ.എഫ്.എ. എക്സിക്യൂട്ടീവ് അംഗം പി. അനിൽകുമാർ, മുൻ ഇന്ത്യൻ താരം വി.പി. ഷാജി, മുൻ കേരള താരം എബിൻ റോസ്, ലോർഡ്സ് എഫ്സി ഉടമ ഡെറിക് ഡികൂത്ത്, തിരുവനന്തപുരം കൊമ്പൻസ് സഹ ഉടമ ടെറൻസ് അലക്സ് എന്നിവരോടൊപ്പം കൊമ്പൻസിന്റെ ഓസ്ട്രേലിയൻ പരിശീലകൻ ഇയാൻ ഗില്ലിയനും പങ്കെടുത്തു.
ഉച്ചകഴിഞ്ഞു നടന്ന അത്ലറ്റിക് സെഷനിൽ കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത്, മുൻ ഇന്ത്യൻ താരം പ്രീജ ശ്രീധരൻ, ഇന്ത്യൻ ചീഫ് അത്ലറ്റിക് കോച്ച് രാധാകൃഷ്ണൻ നായർ, ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ മുൻ ജോയിന്റ് സെക്രട്ടറി പി. ഐ.ബാബു, ഡെപ്യൂട്ടി നാഷണൽ കോച്ച് രാജ്മോഹൻ , നാഷണൽ ക്യാമ്പ് കോച്ച് സുഭാഷ് ജോർജ് എന്നിവർ പങ്കെടുത്തു.വിവിധ സെഷനുകളിൽ മാധ്യമ പ്രവർത്തകരായ കമാൽ വരദൂർ, ആന്റണി ജോൺ, സിറാജ് കാസിം എന്നിവർ മോഡറേറ്റർമാരായി.
കെഎസ്ജെഎ പ്രസിഡന്റ് സ്റ്റാൻ റയൻ, സെക്രട്ടറി സി.കെ. രാജേഷ് കുമാർ, ട്രഷറർ അഷ്റഫ് തൈവളപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
കേസില്‍ പ്രതികളായ ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനും കെ.എ. രതീഷും നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ജസ്റ്റീസ് കെ. നടരാജന്, ജസ്റ്റീസ് ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 80 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതാണു കേസ്.
Kerala
കാക്കനാട്: നെടുമ്പാശിരിയിലെ വിഐ പി റോഡിൽ മൂന്ന്പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ കാറപകടത്തില്‍ ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമാണു കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ(എംവിഡി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് കൈമാറി.
സിയാല്‍-അത്താണി എക്സ്പ്രസ് വേയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗപരിധി. ഇത് ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ വിമാനത്താവള റോഡിലെ ഇറാനി കഫേയില്‍നിന്ന് ചായ കുടിച്ചു മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികർക്കുമേൽ മിനി കൂപ്പര്‍ ഇടിച്ചുകയറുകയായിരുന്നു.
കര്‍ണാടക കുടക് സ്വദേശി ഇയാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് കല്ലടിക്കോട് സ്വദേശി ഗോപിക എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കാർ ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരുന്നതോടെ കൂടുതല്‍ കര്‍ശന വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കും. കൂടാതെ, വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍, അനധികൃത രൂപമാറ്റങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ സൂപ്പര്‍ ഇന്സ്പെക്ഷനും നടപ്പിലാക്കുന്നുണ്ട്.
വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്ക് സമാനമായി വാഹനത്തിലെ ഇലക്ട്രോണിക് കണ്ട്രോള് മൊഡ്യൂള്‍(ഇസിഎം) പരിശോധിച്ചാകും വേഗതയും മറ്റ് വിവരങ്ങളും ശേഖരിക്കുക. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ വിമാനത്താവള റോഡുകളില്‍ പകലും രാത്രിയും പരിശോധന ശക്തമാക്കുമെന്ന് എംവിഡി അറിയിച്ചു.
മിനി കൂപ്പറിന് സമീപമെത്തിച്ച് തെളിവെടുത്തു
പൊലിസ് കസ്റ്റഡിയിലുള്ള മിനി കൂപ്പറിനു സമീപം ഇന്നലെ പിടികൂടിയ പ്രതികളെ എത്തിച്ച് തെളിവെടുത്തു. സിസിടിവി തെളിവുകൾ, ബാറിൽ പണം അടച്ചതിന്റെ ബില്ലുകൾ, ഫോണിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ ഉൾപ്പടെ പ്രതികൾക്കെതിരേ തെളിവുകളായി ശേഖരിച്ചിട്ടുണ്ട്.
വാഹനം അമിതവേഗത്തിലായിരുന്നുവെന്നു തെളിവെടുപ്പിനിടെ ഇവരും പൊലിസിനോടു പറഞ്ഞു. അപകടത്തിനു മുമ്പായി മൂന്നു ബാറുകളിൽ കയറി മദ്യപിച്ചു. ആദ്യ രണ്ടു ബാറുകളിൽ കയറുമ്പോൾ സുഹൃത്ത് നിനവുണ്ടായിരുന്നു. നെടുമ്പാശേരിയിലെ ബാറിൽ ഇരുവർക്കുമൊപ്പം അമീറും ജോയലുമുണ്ടായിരുന്നെങ്കിലും അമീർ മദ്യം കഴിച്ചിരുന്നില്ല.
ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി
അതേസമയം, സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി. അമിതവേഗത്തില്‍ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടത്തിന്റെ പൊലിസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കാനാണു നീക്കം. വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റിക്കാര്‍ഡര്‍ (ഇഡിആര്‍) പൊലിസ് പരിശോധിക്കും.
കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കം പരിശോധിക്കും:എസ്പി
ആലുവ: നെടുമ്പാശേരി വാഹനാപകടത്തിൽ പരിശോധനാ ഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസ്പി കെ.എസ്. സുദർശൻ പറഞ്ഞു. പ്രതികളിൽ രണ്ടു പേരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു രണ്ടു പേരെ ഇന്നു കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ മെഡിക്കൽ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഫോറൻസിക് പരിശോധനയും പൂർത്തിയാക്കി. ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണു കേസിന്റെ അന്വേഷണം.
National
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ വ്യാപാരലാഭം ചില്ലറവിൽപ്പന വിലയുടെ 30 ശതമാനമായി നിശ്ചയിക്കും. മരുന്നു വിപണിയിലെ കൊള്ളയ്ക്കെതിരായ കേസിൽ കാൻസർ മരുന്നുകൾക്ക് യഥാർഥ വിലയുടെ പത്തിരട്ടിയൊക്കെ ഈടാക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
ഇതോടെ കാൻസർ മരുന്നുകളുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നും രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപ ലാഭിക്കാനാകുമെന്നുമാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
നിയന്ത്രണം ബാധകമാകുന്ന കാൻസർ മരുന്നുകളുടെ പട്ടിക കേന്ദ്രം പ്രസിദ്ധീകരിക്കും. വിപണിയിലെ മാറ്റങ്ങളും പൊതുജനാരോഗ്യ ആവശ്യങ്ങളും പരിഗണിച്ച് പട്ടിക കാലാകാലങ്ങളിൽ പുതുക്കുകയും കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്തുകയും ചെയ്യും. എട്ടിന് ദേശീയ ഔഷധ വിലനിർണയ അഥോറിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിയന്ത്രണത്തിൽ ഉൾപ്പെടുത്തേണ്ട കാൻസർ മരുന്നുകളുടെ പട്ടിക നിർദേശിക്കാൻ ആരോഗ്യസേവന ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Kerala
നീലേശ്വരം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറിയായി നീലേശ്വരം സ്വദേശി പി. മനോജ്കുമാര്‍ (53) നിയമിതനായി.
അഞ്ചുവര്‍ഷത്തേക്കാണു നിയമനം. നിലവില്‍ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ ഡയറക്ടര്‍ ജനറലാണ്.
28 വര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ആരോഗ്യം, സ്റ്റാറ്റിസ്റ്റിക്സ്, ചെറുകിട വ്യവസായം, ഗ്രാമീണവികസനം, ഇന്‍കം ടാക്സ് മന്ത്രാലയങ്ങളിലും പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിലെ പശ്ചിമഘട്ട പരിസ്ഥിതി ലോലമേഖല (ഇഎസ്എ) 98 വില്ലേജുകളിലായി പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ നിലപാടിന്റെ ഭാഗമായി ജനവാസ മേഖലകള്‍ ഒഴിവാക്കിയുള്ള പുതിയ മാപ്പ് പ്രസദ്ധീകരിച്ചു.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഇന്നലെ വെബ്സൈറ്റ് വഴി പുറത്തുവിട്ട കെഎംഎല്‍ ഫയലില്‍ വിശദമായ പ്രപ്പോസല്‍ മാപ്പ് ചെയ്തിട്ടുണ്ട്. ഇഎസ്എയുമായി ബന്ധപ്പെട്ട കേന്ദ്രസംഘം 2026 ജൂലൈ 14 മുതല്‍ 16 വരെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു.
ജൂലൈ 15നു കേന്ദ്രസംഘം മുഖ്യമന്ത്രി വി.ഡി. സതീശന്, വനം മന്ത്രി ഷിബു ബേബിജോണ്‍, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കേരളത്തിലെ പരിസ്ഥിതി ലോലമേഖല 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേന്ദ്രസംഘം റിപ്പോര്‍ട്ട് കൊടുക്കുന്നതിനു മുന്‍പുതന്നെ കഴിഞ്ഞ ജൂലൈ 27ന് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയാണുണ്ടായത്. പുതിയ മാപ്പ് പ്രസിദ്ധീകരിച്ചതിനാൽ ജനങ്ങൾക്ക് തങ്ങളുടെ പ്രദേശം ഇഎസ്എയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താം. ആക്ഷേപങ്ങളുണ്ടെങ്കിൽ അറിയിക്കാം.
Kerala
കൊച്ചി: സംസ്ഥാനത്ത് അബ്കാരി ആക്ട് പ്രകാരം 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കാനാകില്ല. മദ്യം വില്ക്കാന് ലൈസന്‍സുള്ള ഒരാളോ, അത്തരം ലൈസന്‍സുള്ള വ്യക്തിയുടെ ജീവനക്കാരനോ, അല്ലെങ്കില്‍ ആ വ്യക്തിയുടെ നേരിട്ടുള്ളതോ പരോക്ഷമായതോ ആയ അനുമതിയോടെ അയാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും വ്യക്തിയോ, 23 വയസില്‍ താഴെയുള്ള ഒരാള്‍ക്കു മദ്യം വില്ക്കുകയോ കൈമാറുകയോ ചെയ്യാന്‍ പാടില്ലെന്നാണ് അബ്കാരി ആക്ട് 1 ഓഫ് 1077 വകുപ്പ് (ബി) യില്‍ പറയുന്നത്.
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി ആദ്യം 18 വയസായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അത് 21 വയസായി ഉയര്‍ത്തി. ഒന്നാം പിണറായി സര്‍ക്കാരാണു പ്രായപരിധി 23 വയസാക്കിയത്.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയ സംഭവത്തെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റവും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലിസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും അതിക്രമിച്ചു കയറിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. ജോയ് നല്കിയ അടിയന്തരപ്രമേയ നോട്ടീസിനെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ മറുപടിക്കിടെയാണ് ഭരണ-പ്രതിപക്ഷ വാക്കുതർക്കമുണ്ടായത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനു നേരേ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും കൂക്കുവിളിയും ബിയർ കുപ്പി ഏറുമുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തുടർന്ന് യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷം രൂക്ഷമായതോടെ പൊലിസ് ക്രമസമാധാന നടപടികൾ ആരംഭിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 75 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേയും 75 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയും കേസ് എടുത്തു.
നാലുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കാലാകാലങ്ങളായി വിദ്യാർഥികൾ അല്ലാത്ത നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞ ചെന്നിത്തല 10 വർഷം ഇടതുപക്ഷം ഭരിച്ചപ്പോൾ ഉണ്ടായിരുന്ന പൊലിസ് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും താൻ തമിഴ്നാട്ടിൽ നിന്നും പൊലിസിനെ ഇറക്കിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ക്രമസമാധാനം പാലിക്കാൻ നിയോഗിച്ചിട്ടുള്ള പൊലിസുകാരുടെ വീട്ടിലേക്ക് മാർച്ചു ചെയ്യുന്നതും അവരെ മർദിക്കുന്ന രീതിയും അംഗീകരിക്കാൻ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
=യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാർച്ചിന്റെ സമയത്ത് വൈദ്യുതി മുടങ്ങിയപ്പോഴാണ് വിദ്യാർഥികൾ ബഹളം വച്ചതെന്നും അല്ലാതെ ഒരു പ്രകോപനവും ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഈ ബഹളത്തിന്റെ പേരിലാണ് ഹോസ്റ്റലിനു നേരേ പൊലിസ് അതിക്രമം നടത്തിയത്.
ലാത്തിച്ചാർജിൽ വേണു എന്ന വിദ്യാർഥിയുടെ തലയ്ക്ക് പരിക്കേറ്റു. വൈഷ്ണ എന്ന വിദ്യാർഥിനിയുടെ കണ്ണിനു പരിക്കേറ്റതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ വേണുവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പ്രാഥമിക ചികിത്സ നേടിയ ശേഷം ആശുപത്രി വിട്ടതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭ 2025 മാർച്ചിൽ പാസാക്കുകയും ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്ത കേരള സ്വകാര്യ സർവകലാശാല (സ്ഥാപനവും സംരക്ഷണവും) ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ പ്രമേയം പാസാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് സഭ പാസാക്കിയത്. സ്വകാര്യ, വിദേശ, കൽപ്പിത സർവകലാശാലകൾ സ്ഥാപിക്കുന്നതിന് നിയമനിർമാണത്തിലേക്കു കടക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ച് 25ന് കേരള നിയമസഭ പാസാക്കി ഏപ്രിൽ 21ന് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച ബിൽ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി നൽകുകയായിരുന്നു.
രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സുരക്ഷാ നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ നിയമനിർമാണവുമായി മുന്നോട്ടു പോകാൻ സർക്കാർ താത്പര്യപ്പെടാത്തതിനാൽ ബിൽ മടക്കി നൽകാൻ അഭ്യർഥിക്കുന്ന പ്രമേയം നിയമസഭ മുൻപാകെ അവതരിപ്പിക്കാൻ സെപ്റ്റംബർ 16ലെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന നിയമസഭ പ്രമേയം പാസാക്കിയത്.
Kerala
തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കൂടുതല്‍ അധികാരം നല്കുന്ന സമഗ്രമായ മലബാർ ദേവസ്വം ബിൽ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നു മന്ത്രി കെ. മുരളീധരൻ. നിയമസഭയിൽ 2026ലെ മദ്രാസ് ഹിന്ദു മത- ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ബിൽ അവതരിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മലബാർ ദേവസ്വത്തിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ നിയന്ത്രണം ട്രസ്റ്റിമാരില്‍ നിന്ന് ബോര്‍ഡിലേക്കു മാറണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു സംശയവുമില്ല. സര്‍ക്കാരിന് കീഴിലുള്ള 1403 ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് 115 എണ്ണത്തിന് മാത്രമാണ്. ബാക്കി ക്ഷേത്രങ്ങള്‍ക്കെല്ലാം സര്‍ക്കാരാണ് പണം നല്‍കുന്നത്.
എന്നാൽ പല ക്ഷേത്രങ്ങളുടെയും നിയന്ത്രണം ഇപ്പോഴും ട്രസ്റ്റിമാരുടെ കൈയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഒരു ബില്‍ നിലവില്‍ നിയമവകുപ്പിന്റെ പക്കലുണ്ട്. അതു പരിശോധിച്ച്, ആവശ്യമായ മാറ്റങ്ങളോടെയാകും ബിൽ അവതരിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിനു കീഴിൽ നിർമിച്ച 89 ഐസൊലേഷൻ വാർഡുകളിൽ ഒന്നുപോലും രോഗീ പരിചരണത്തിന് അനുയോജ്യമല്ലെന്നും ഈ സാഹചര്യത്തിൽ ഇതിന്റെ നിർണമാണം സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായും ആരോഗ്യമന്ത്രി കെ. മുരളീധരൻ. വി.പി സജീന്ദ്രൻ എംഎൽഎയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പദ്ധതി തുടരണമോയെന്ന കാര്യത്തിൽ പരിശോധന നടത്തിവരികയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഈ പദ്ധതിയെ സംബന്ധിച്ചു ധാരാളം പരാതികൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. പരാതികൾ സർക്കാർ പരിശോധിക്കുകയാണ്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു നടപ്പിലാക്കിയ പദ്ധതിയിൽ ധാരാളം അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ക്ഷേമപദ്ധതികളോടു സർക്കാരിനു നല്ല മനസാണുള്ളത്. അതുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ സ്ത്രീകൾക്കായി കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര നടപ്പിലാക്കിയത്.
ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പാചകത്തൊഴിലാളികൾക്കും കുടിശിക ഉൾപ്പടെ ഈ സർക്കാർ നൽകിയെന്നും സ്ത്രീകൾക്കായി കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശന്പളക്കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചുനൽകുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാർക്കായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കായി സ്റ്റാർട്ടപ്പുകളോ സംരംഭങ്ങളോ ആരംഭിക്കുന്നതിനു സാന്പത്തികസഹായമോ ബാങ്ക് വായ്പകളോ ലഭ്യമാകുന്നതിനുള്ള പദ്ധതികളെ സംബന്ധിച്ചു സർക്കാർ പ്രാരംഭ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇക്കാര്യത്തിൽ വിശദമായി പരിശോധിച്ച് അതിന്റെ പ്രായോഗികതയും സാന്പത്തിക സാധ്യതകളും വിലയിരുത്തിയ ശേഷം കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. പരിചരണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വയോജന സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടു പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന വിഷയവും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾ അടച്ച അധിക കോടതി ഫീസ് ഇനി തിരികെ കിട്ടില്ല. ഇതുൾപ്പെടുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന 2026-ലെ കേരള കോടതി ഫീസും വ്യവഹാരസലയും (ഭേദഗതി) ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിയമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമനിധികളിലേക്ക് ഫീസ് തുക കൈമാറുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ നടപടിച്ചട്ടത്തിലെ 89-ാം വകുപ്പ് പ്രകാരം ഒത്തുതീർപ്പാക്കുന്ന കേസുകളിൽ ഫീസ് തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തേ പരാതികളുണ്ടായിരുന്നു. എന്നാൽ, ഈ തുകയുടെ 70 ശതമാനം അഭിഭാഷക ക്ഷേമനിധിയിലേക്കും 30 ശതമാനം അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ ക്ഷേമനിധിയിലേക്കും മാറ്റുന്നതിനാൽ റീഫണ്ട് നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.
ഇരു ക്ഷേമനിധികളിൽനിന്നും 10 ശതമാനം വീതം വ്യവഹാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിർദേശപ്രകാരം 1959-ലെ കേരള കോടതി ഫീസും വ്യവഹാരസലയും നിയമത്തിലെ 76-ാം വകുപ്പിനുശേഷം 76 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുന്നതാണ് ബിൽ.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണവകുപ്പിന്റെ സേവനങ്ങൾ കുടുതൽ സുതാര്യവും കാര്യക്ഷമമാക്കുന്നതിനും വേണ്ടി ഒരു തദ്ദേശസ്ഥാപനത്തിന് ഒരു വെബ്സൈറ്റ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നു മന്ത്രി കെ.എം. ഷാജി നിയമസഭയിൽ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 14 ജില്ലാ പഞ്ചായത്തുകൾക്കും 87 മുൻസിപ്പാലിറ്റികൾക്കും ആറ് മുൻസിപ്പൽ കോർപറേഷനുകൾക്കും പ്രത്യേകം വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. കെ-സ്മാർട്ട് ഉൾപ്പടെയുള്ള ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനവും വെബ്സൈറ്റുകൾ മുഖേന സൗകര്യപ്രദമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് ഭവനപദ്ധതി നിർത്തലാക്കില്ല
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി നിർത്തലാക്കില്ലെന്നു മന്ത്രി കെ.എം. ഷാജി. അർഹരായ ഗുണഭോക്താക്കൾക്കു ഭവനനിർമ്മാണ ധനസഹായം നൽകിവരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും ഈ വർഷം റിക്കാർഡ് വിൽപന നടന്നുവെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനംവരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിൽപന നടന്നു. ഉത്രാടദിനത്തിൽ മാത്രം 27.85 കോടി രൂപയുടെ വിൽപ്പന നടന്നു.
ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡി ഇതര ഇനത്തിലുമാണു നടന്നത്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനവും തുവരപ്പരിപ്പ് ഉൾപ്പടെ വിവിധ ഉത്പന്നങ്ങൾക്കു 37 ശതമാനം വരെയും പൊതുവിപണി നിരക്കിൽ നിന്നു വിലകുറച്ചാണ് ഇത്തവണ നൽകിയത്.
ഏകദേശം 53.86 ലക്ഷത്തോളം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടയിൽ സാധനങ്ങൾ വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
നെല്ല് സംഭരിച്ച ഉടൻ കർഷകർക്കു തുക അനുവദിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തു നെല്ല് സംഭരിച്ച ഉടൻ കർഷകർക്കു തുക അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്നു മന്ത്രി അനൂപ് ജേക്കബ്.
2017 മുതൽ നെല്ലിന്റെ വില പിആർഎസ് വായ്പാപദ്ധതിയിലൂടെയാണു നൽകിവരുന്നത്. എന്നാൽ ചികിത്സാ സഹായം ഉൾപ്പടെയുള്ള അടിയന്തര സാഹചര്യങ്ങളിലും 70 വയസിനു മുകളിലുള്ള കർകഷകർക്ക് അത്യാവശ്യഘട്ടങ്ങളിലും നെല്ലിന്റെ വില നേരിട്ടു നൽകാറുണ്ട്.
സംഭരിച്ച ഉടൻ നെല്ലിന്റെ വില നൽകുന്നതിനായി നബാർഡ് ഫണ്ട് ഉപയോഗിക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
ഒരുങ്ങിത്തന്നെയാണ് പ്രതിപക്ഷം ലാത്തിയുടെ ബാക്കി ഭാഗവുമായി എത്തിയത്. അവതരണരീതിയും തൊണ്ടിമുതലും കണ്ടപ്പോൾ ‘പ്രഥമദൃഷ്ട്യ ’കുറ്റക്കാരണെന്നു തോന്നുമെങ്കിലും ലാത്തിയുടെ കാര്യത്തിൽ സംശയംമാത്രം ബാക്കി.
ജോയിയുടെ ലാത്തിക്കഷണത്തെ വിശ്വസിക്കരുതേ, ജോയി നുണ പറയുകയാണെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ സ്പീക്കർക്കും സംശയം. എന്നാൽ പരിശോധിക്കാമെന്ന് സ്പീക്കർ. വാച്ച് ആൻഡ് വാർഡിനെ നിയോഗിച്ച് ജോയിയുടെ ലാത്തിക്കഷണം വാങ്ങി പരിശോധിക്കാൻ വിട്ടിരിക്കുകയാണ്. പൊലിസ് എസ്എഫ്ഐക്കാരെ വളഞ്ഞിട്ടു മർദിച്ചതിന്റെ അവതരണമായിരുന്നു സിപിഎം അംഗം വി. ജോയിയുടെ ലക്ഷ്യം.
പക്ഷേ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ബോംബാണോ അതോ നുണബോംബാണോ പൊട്ടിയതെന്ന കാര്യത്തിൽ പ്രതിപക്ഷത്തിനു പോലും സംശയമായി. അത്ര കാര്യമായിട്ടു വന്നതു ചീറ്റി പ്പോയ പ്രതീതി. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവും തുടർന്നുണ്ടായ പൊലിസ് അതിക്രമവും നിയമസഭയിൽ ഉന്നയിച്ചതു പ്രതിപക്ഷത്തുനിന്നും വി. ജോയിയാണ്. ജോയിയാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പൊലിസ് മർദനത്തിനിടെ പൊട്ടിയ ലാത്തിയുടെ ഭാഗവും ജോയി സഭയിൽ പ്രദർശിപ്പിച്ചു.
ഒരാഴ്ച മുന്‍പാണ് എസ്എഫ്ഐ- കെഎസ്യു സംഘർഷം തിരുവനന്തപുരം നഗരത്തിലുണ്ടായതെങ്കിലും കാത്തിരുന്നതുപോലെ ജോയി ലാത്തിക്കഷണവുമായി എത്തി. പൊലിസിനെ മര്യാദയ്ക്ക് വളർത്തണമെന്നായിരുന്നു ജോയിയുടെ നിലപാട്. പുതിയതായി പൊലിസിനെ നിയോഗിച്ചിട്ടില്ലെന്നും കഴിഞ്ഞ പത്തുവർഷക്കാലത്തെ പൊലിസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും തമിഴ്നാട്ടിൽ നിന്നും പൊലിസുകാരെയൊന്നും ഇറക്കിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി ഭരണപക്ഷത്തിനു സുഖിച്ചെങ്കിലും പ്രതിപക്ഷത്തിനത്ര സുഖിച്ചില്ല.
സഭയിൽ കത്തിക്കയറാൻ നോക്കിയിരുന്ന ആഭ്യന്തര മന്ത്രിയുടെ തേരോട്ടമായിരുന്നു പിന്നെ കണ്ടത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകരുടെ തല തല്ലിപ്പൊട്ടിച്ചതുവരെ അദ്ദേഹം അക്കമിട്ടുപറഞ്ഞു പ്രതിപക്ഷത്തെ തളർത്തിക്കളഞ്ഞു. രക്ഷാപ്രവർത്തനമെന്ന പേരിൽ നടത്തിയ ഭീകരമായ മർദനത്തിന് ഇരയായ എ.ഡി. തോമസ് എംഎൽഎ ഈ സഭയിലുണ്ട്.
ഞങ്ങൾ ആരെയും കൊല്ലുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞപ്പോൾ തോമസിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. അവസാനം അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷധിച്ചതു പോലും നന്നായി എന്ന ചിന്തയോടെയാകണം, പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ മാറ്റണമെന്നുമുള്ള കേരള നിയമസഭയുടെ പ്രമേയം ഭൂരിപക്ഷത്തോടെ പാസാക്കിയതും ഈ തർക്കത്തിനിടയിലും ഐക്യത്തിന്റെ പ്രതീതി ജനിപ്പിച്ചു.
Leader Page
നിങ്ങളുടെ വോട്ട് നിങ്ങളുടെ ഒപ്പാണ്. അത് നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും വിട്ടുകൊടുക്കരുത് എന്ന വാചകം ഒരു നിശ്ചിത വ്യക്തിയുടെ ഉദ്ധരണിയല്ല. മറിച്ച്, ഇത് വോട്ടവകാശത്തെയും അതിന്റെ വ്യക്തിപരമായ പ്രാധാന്യത്തെയും ജനങ്ങളെ ബോധ്യപ്പെടുത്താൻവേണ്ടി രൂപപ്പെടുത്തിയ ഒരു പൊതുവായ ജനാധിപത്യ ബോധവത്കരണ സന്ദേശമാണ്. ആ സ്വന്തം ഒപ്പിന്റെ അവകാശത്തിനുവേണ്ടിയാണ് ഇന്ന് ഇന്ത്യയിലെ ചെറുപ്പക്കാർ റോഡിലിറങ്ങേണ്ടിവരുന്നതും അതിനെ ഗവണ്മെന്റിന് അന്യായ മാർഗത്തിൽകൂടി നേരിടേണ്ടിവരുന്നതും. ഇതു മൂലമുണ്ടാകുന്ന ചില ജനജീവിത അസൗകര്യങ്ങളും നിയമപ്രശ്നങ്ങളും"അരാജകത്വ’മാണെന്ന രീതിയിൽ കുറേപേരെങ്കിലും വ്യാഖ്യാനിക്കാൻ ഇടയുണ്ട്.
വാസ്തവത്തിൽ ഭരണഘടന ആർട്ടിക്കിൾ 19(1) a, b പ്രകാരം ഉറപ്പുതരുന്ന മൗലികാവകാശമാണ് അഭിപ്രായപ്രകടനത്തിനും ഒന്നിച്ചു കൂടാനുമുള്ള സ്വാതന്ത്ര്യം. അതിപ്പോൾ ഉപയോഗിക്കുന്നതാകട്ടെ ജനാധിപത്യത്തിലെ അടിസ്ഥാന സ്വാതന്ത്ര്യമായ വോട്ടവകാശം സംരക്ഷിക്കാനും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ്.
എന്തിനേറെ, പ്രധാനമന്ത്രി മത്സരിച്ച വാരാണസിയിൽപോലും വോട്ടർപട്ടികയിൽ വ്യാജ പേരുകൾ ചേർത്തതായും വോട്ട് രേഖപ്പെടുത്താൻ പുറത്തുനിന്നുള്ള ആളുകളെ വാരാണസിയിൽ എത്തിച്ചതായും ഗൗരവമായ ആരോപണം ഉയർന്നു. അതുകൊണ്ടുതന്നെ ഇലക്ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട ദുരൂഹതകൾ പരിഹരിക്കേണ്ടതുണ്ട്. അതിപ്പോൾ തീവ്ര വോട്ട് പരിഷ്കരണ അഴിമതിയിൽ എത്തിനിൽക്കുന്നു. ഇതാകട്ടെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെയും പ്രവർത്തനങ്ങളുടെയും ആധികാരികതയും നിയമസാധുതയുംപോലും സംശയത്തിലാക്കുന്നു.
ഇത്രയും ഗൗരവമുള്ള വിഷയത്തിന്റെ പേരിൽ പ്രതിഷേധിക്കുന്ന യുവജനതയെയും നേതാക്കളെയും കേവലം കക്ഷിരാഷ്ടീയത്തിന്റെ പേരിലും കക്ഷിനേതാക്കളുടെ പേരിലും സാധാരണയായി നടത്തപ്പെടുന്ന നിയമലംഘനവുമായോ മറ്റ് സമരങ്ങളുമായോ താരതമ്യംപോലും ഇല്ലാത്തതാണ്. അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ "എനിക്ക് ശ്വസിക്കണം’എന്ന മുദ്രവാക്യത്തെ ഓർമപ്പെടുത്തുന്നു "എനിക്ക് വോട്ട് ചെയ്യണം’എന്നുള്ള ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യം. ഇതിനെ അരാജകത്വം എന്ന, ആളുകൾ നിയമങ്ങളൊന്നും പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം മാത്രം പ്രവർത്തിക്കുന്ന അവസ്ഥ അല്ലെന്നുള്ളത് മനസിലാക്കേണ്ടത്, ഈ സമരത്തിന്റെ പ്രാധാന്യത്തോളംതന്നെ പ്രധാനമാണ്.
പ്രമുഖ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്കി, അനാർക്കിസമെന്ന അരാജകവാദത്തെക്കുറിച്ച് പറഞ്ഞത് ഇപ്പോൾ പ്രസക്തമാണ്: ""എന്റെ കാഴ്ചപ്പാടിൽ അനാർക്കിസം എന്നത്, പ്രയോഗിക്കപ്പെടുന്ന ഏതൊരു അധികാരവും ആധിപത്യവും ശ്രേണീവ്യവസ്ഥയും അതിന്റെ ന്യായസാധുത തെളിയിക്കേണ്ടത് അത് പ്രയോഗിക്കുന്നവരുടെ ബാധ്യതയാണ് എന്ന ആശയത്തിന്റെ ആവിഷ്കാരമാണ്. അതു ന്യായമാണെന്ന് അവർക്കു തെളിയിക്കാൻ കഴിയണം. സാധിച്ചില്ലെങ്കിൽ, ആ അധികാരത്തെ ഉടനടി ഇല്ലാതാക്കേണ്ടതുണ്ട്. ''
സമൂഹത്തിലെ എല്ലാത്തരം അധികാര രൂപങ്ങളെയും (അത് ഭരണകൂടമായാലും മുതലാളിത്തമായാലും) നിരന്തരം ചോദ്യം ചെയ്യണമെന്നാണ് ചോംസ്കി പറയുന്നത്. ഒരു അധികാര വ്യവസ്ഥയ്ക്കും സ്വയം നിലനിൽക്കാൻ അവകാശമില്ല. അത് ജനങ്ങൾക്ക് ഗുണകരമാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനെ ഇല്ലാതാക്കണം.
അനാർക്കി എന്നാൽ ക്രമസമാധാനമില്ലായ്മയോ കുഴപ്പങ്ങളോ അല്ല. മറിച്ച്, ജനങ്ങൾ പരസ്പര സഹകരണത്തോടെയും സ്വയംഭരണത്തിലൂടെയും നയിക്കുന്ന ഒരു സ്വതന്ത്ര സമൂഹമാണ് എന്നാണ് അദ്ദേഹം അർഥമാക്കുന്നത്. അങ്ങനെ അരാജകത്വം എന്ന് ഉപയോഗിച്ചാൽതന്നെ, അത് ഒരു സമൂഹത്തിന്റെ ജനാധിപത്യ സംരക്ഷണ യജ്ഞമായിവേണം മനസിലാക്കാൻ.
ജനങ്ങൾ താഴേത്തട്ടിൽനിന്ന് ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന ഒരു വ്യവസ്ഥയെയാണ് ചോംസ്കി അരാജകത്വം എന്ന് മനസിലാക്കുന്നത്. ഇത് വെറും ഒരു രാഷ്ട്രീയ സിദ്ധാന്തമല്ല; മറിച്ച് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സർഗാത്മകതയെയും മുൻനിർത്തിയുള്ള ആഴത്തിലുള്ള ഒരു തത്വശാസ്ത്രമാണ്.
യഥാർഥത്തിൽ നിയമങ്ങളില്ലാത്ത, അടിപിടിയും കുഴപ്പങ്ങളും നിറഞ്ഞ അരാജകത്വം എന്ന നിഷേധാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സ്റ്റേറ്റിന്റെയോ ഭരണകൂടത്തിന്റെയോ നേതൃത്വത്തിലാണ്. അതിനെതിരേയുള്ള ബഹുജന കൂട്ടായ്മകൾ ജനാധിപത്യപരമായുള്ള, സർഗാത്മക "അരാജകത്വം’ ആണ്. ഇവയെ തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതും ജനാധിപത്യപരവും ന്യായവുമായ സമരങ്ങളെ വെറും ഒരു സാധാരണക്കാരന്റെ സംഭാഷണത്തിലെ "നിയമവാഴ്ചയില്ലാത്ത കടുത്ത കുഴപ്പങ്ങൾ നിറഞ്ഞ അവസ്ഥ’ എന്നു തെറ്റിദ്ധരിപ്പിക്കുന്നതും അടിച്ചമർത്തുന്നതും, ചോംസ്കി പറയുന്നതുപോലെതന്നെ ജനങ്ങളെ അടിമകളാക്കി നിർത്തുന്നതിന് തുല്യവുമാണ്. ഇത്ു സാധിക്കുന്നത് അക്രമത്തിലൂടെയല്ല; മറിച്ച് മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ജനങ്ങളുടെ പൊതുബോധത്തെ നിയന്ത്രിച്ചുകൊണ്ടാണ്. ഇതിനെയാണ് അദ്ദേഹം "മാനുഫാക്ചറിംഗ് കൺസെന്റ്’(സമ്മതി നിർമിതി) എന്നു വിളിക്കുന്നത്.
ജനങ്ങളെ വെറും ഉപഭോക്താക്കൾ മാത്രമാക്കി മാറ്റി അവരുടെ ചിന്താശേഷിയെയും പ്രതികരണ ശേഷിയെയും ഇല്ലാതാക്കുന്ന ഈ വ്യവസ്ഥയെ ചോംസ്കി ശക്തമായി വിമർശിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെതന്നെ വലിയ വെല്ലുവിളിയാണ് ഇന്നിത്. ഇന്ത്യയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിൽ ഈ "സമ്മതി നിർമിതി’ക്കെതിരേ പൊതുബോധം രൂപപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമമായി വേണം ഇപ്പോഴത്തെ യുവാക്കളുടെ സമരത്തെ കാണാനും പിന്തുണക്കാനും.
അതിനെ വെറും അരാജകത്വമായി മുദ്രകുത്തി, യുവാക്കളെ അക്രമത്തിലൂടെ അടിച്ചമർത്തി നശിപ്പിക്കാൻ ശ്രമിച്ചാൽ, ചിലിയൻ കവിയായ നേരുദാ എഴുതിയതുപോലെ സംഭവിക്കും. ""നിങ്ങൾക്ക് എല്ലാ പൂക്കളും കൊയ്തെടുക്കാം, എന്നാൽ വസന്തം വരുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല.''
Kerala
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പ്രതിഷേധയോഗത്തിൽ വി. ജോയി എംഎൽഎ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം പറഞ്ഞെന്നും പൊലിസുകാരെ വധിക്കുമെന്നു പറഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജോയ്. അടിയന്തര പ്രമേയ നോട്ടീസ് അവതരണാനുമതി തേടിയുള്ള പ്രസംഗത്തിനിടെയാണ് ഈ വിഷയം ചർച്ചയായത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിനു ശേഷം ഒക്ടോബർ ഒന്നിനു നടത്തിയ പ്രതിഷേധ യോഗത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ജോയി പറഞ്ഞതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
പൊലിസുകാരെ വധിക്കുമെന്നാണ് പറഞ്ഞത്. ഇവിടെ ഒരു കൊലപാതകം നടക്കുമെന്നാണ് ജോയി പറഞ്ഞതെങ്കിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ ഇതിലും അൽപ്പം കൂടി കൂട്ടിയാണ് ഭീഷണിമുഴക്കിയതെന്ന് ചെന്നിത്തല പറഞ്ഞു. വൈകുന്നേരം നിങ്ങൾ ഒക്കെ വീട്ടിൽ പോകുന്പോൾ മക്കളെ കാണില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ജോയി ഈ പരാമർശത്തിൽ മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ ഏതെങ്കിലും ഒരു സാഹചര്യത്തിലും ഒരു പൊലിസ് ഉദ്യോഗസഥന്റെ പേരെടുത്ത് പറഞ്ഞ് താൻ കൊല്ലുമെന്നു പറഞ്ഞിട്ടിലെന്നും അങ്ങനെ പറഞ്ഞെന്നു കാണിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും വി. ജോയി മറുപടി പറഞ്ഞു. ഇങ്ങനെ ഒരു പൊലിസ് ഉദ്യോഗസ്ഥൻ ലാത്തിവച്ച് കുട്ടികളുടെ തലയ്ക്കടിച്ചാൽ കുട്ടികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് താൻ പറഞ്ഞതെന്നും ആ പറഞ്ഞ കാര്യത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും ജോയി കൂട്ടിച്ചേർത്തു. 10 വർഷം പിണറായി ഭരച്ചപ്പോൾ ഉള്ള പൊലിസുകാർ തന്നെയാണിപ്പോഴുള്ളതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
International
കയ്റോ: സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേര്‍ക്ക് ഹൂതികള്‍ ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ഹാളില്‍ പ്രൊജക്ടൈല്‍ പതിക്കുകയായിരുന്നു.
പാക്കിസ്ഥാന് പൗരനാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച ഇതേ വിമാനത്താവളത്തിനു നേര്‍ക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 13 പേര് കൊല്ലപ്പെട്ടിരുന്നു. 308 പേര്‍ക്കു പരിക്കേറ്റു.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 17വരെ അടച്ചു. ഹൂതികളുടെ ആക്രമണം കടുത്തതോടെ റിയാദിലെ ബിസിനസ് ഹബ്ബിൽ ജീവനക്കാർ വർക്ക് ഫ്രം ഹോം തെരഞ്ഞെടുത്തു. സ്കൂളുകളിൽ ഈയാഴ്ച ക്ലാസുകൾ ഓൺലൈനിലാക്കി.
യെമൻ തലസ്ഥാനമായ സനായിലെ രണ്ടു ജില്ലകളിലുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നു ഹൂതികൾ അറിയിച്ചു. സൗദി അറേബ്യയാണ് ആക്രമണത്തിനു പിന്നിലെന്നു ഹൂതികൾ ആരോപിച്ചു.
സൗദി-ഹൂതി സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി പറഞ്ഞു. ഇതിനിടെ, ഇന്നലെ ഇറാനിൽ ഒരു ഭീകരനെ തൂക്കിലേറ്റി.
ജയ്ഷ് അൽ-അദ്ൽ ഭീകരസംഘത്തിലെ അംഗമായ ഒമർ ദോരോസ്തരണിനെയാണ് തൂക്കിലേറ്റിയത്. സുരക്ഷാസേനയ്ക്ക് നേർക്ക് ആക്രമണത്തിനു സഹായം ചെയ്തതിന്റെ പേരിലായിരുന്നു വധശിക്ഷ. 2012ൽ രൂപവത്കൃതമായ സുന്നി ഭീകര ഗ്രൂപ്പാണ് ജയ്ഷ് അൽ-അദ്ൽ (ആർമി ഓഫ് ജസ്റ്റീസ്).
International
കീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഊർജ വെടിനിർത്തൽ പ്രഖ്യാപനം റഷ്യ അട്ടിമറിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. ട്രപിന്റെ നിർദേശത്തെ മറികടന്ന് യുക്രെയ്ന്റെ ഊർജകേന്ദ്രങ്ങൾക്കുനേരേ റഷ്യ ആക്രമണം തുടരുകയാണെന്ന് സെലൻസ്കി പറഞ്ഞു.
പോളണ്ടിൽ വാഴ്സോ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജ കേന്ദ്രങ്ങൾക്കുനേരേയുള്ള ആക്രമണങ്ങൾ പരസ്പരം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ട്രംപ് റഷ്യയുമായി കരാർ ഉണ്ടാക്കിയതായി മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്ന് സെലെൻസ്കി പറഞ്ഞു. അത്തരമൊരു കരാർ പാലിക്കാൻ റഷ്യ തയാറായാൽ തങ്ങളും അംഗീകരിക്കും. എന്നാൽ റഷ്യയുടെ ഭാഗത്തുനിന്നും ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചതായി അറിയില്ലെന്നും സെലൻസ്കി പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിൽ ഊർജ മേഖലയിൽ വെടിനിർത്തൽ നിലവിൽവന്നതായി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. വെടിനിർത്തൽ ലംഘിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനം വന്നതിനു ശേഷവും യുക്രെയ്ൻ ഊർജകേന്ദ്രങ്ങൾക്കു നേരേ റഷ്യ ആക്രമണം തുടർന്നു. പുടിൻ ‘ട്രൂത്ത് സോഷ്യൽ’ വായിക്കുന്നില്ലെന്നത് വ്യക്തമാണെന്ന് സെലെൻസ്കി പരിഹസിച്ചു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ധനവില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി റഷ്യൻ ഡീസൽ ഇറക്കുമതി ചെയ്യാൻ ട്രംപ് വെള്ളിയാഴ്ച പുടിനുമായി കരാർ ഉണ്ടാക്കിയിരുന്നു.
റഷ്യൻ ഡ്രോൺ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പടെ ഒമ്പതു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഖാർകീവിലെ പിസോച്ചിൻ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
ഇന്നലെ പകൽ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഡാർനിറ്റ്സ്കി ജില്ലയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായി. ഡാർനിറ്റ്സ്കി ജില്ലയിലെ വെയർഹൗസ് കെട്ടിടത്തിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ക്രിമിയ, കരിങ്കടൽ മേഖല എന്നിവിടങ്ങൾക്കു മുകളിലൂടെ പറന്ന 151 യുക്രെയ്ൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
International
സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ. ഹാളും മൈക്കിൾ വുഡ്ഫോർഡും അർഹരായി. സാമ്പത്തിക ആഘാതം കൈകാര്യം ചെയ്യാൻ സർക്കാരുകളെയും കേന്ദ്ര ബാങ്കുകളെയും സഹായിച്ച മാതൃകകൾ വികസിപ്പിച്ചതിനാണു പുരസ്കാരം.
സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള പഠനമികവിനാണു പുരസ്കാരമെന്നു റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. സമ്പദ്വ്യവസ്ഥയിലെ ഉയർച്ചതാഴ്ചകൾ ലഘൂകരിക്കാൻ ഇവരുടെ പഠനം സഹായിച്ചിട്ടുണ്ടെന്ന് അക്കാദമി പ്രസ്താവനയിൽ വ്യക്തമാക്കി.
റോബർട്ട് ഇ. ഹാൾ സ്റ്റാൻഫഡ് സർവകലാശാലയിൽ പ്രഫസറാണ്. കൊളംബിയ സർവകലാശാലയിലെ പ്രഫസറാണു മൈക്കിൾ വുഡ്ഫോർഡ്.
സമ്പദ്വ്യവസ്ഥകൾ മാറ്റങ്ങളോടു പ്രതികരിക്കുന്ന വിധത്തെക്കുറിച്ചും കൂടുതൽ സ്ഥിരത നേടുന്നതിനായി ചെയ്യേണ്ടതിനെ കുറിച്ചുമാണു റോബർട്ട് ഇ. ഹാളും മൈക്കിൾ വുഡ്ഫോർഡും പഠനം കേന്ദ്രീകരിച്ചത്. 1.2 ദശലക്ഷം യുഎസ് ഡോളർ അടങ്ങുന്നതാണു പുരസ്കാരം.
International
കാഠ്മണ്ഡു: നേപ്പാളിലെ ഏക ശതകോടീശ്വരൻ ബിനോദ് ചൗധരി നേപ്പാളി കോൺഗ്രസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ 15-ാം ജനറൽ കൗൺസിലിലാണ് ചൗധരി തെരഞ്ഞെടുക്കപ്പെട്ടത്.
നേപ്പാളിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനമായ ചൗധരി ഗ്രൂപ്പിന്റെ ചെയർമാനാണ് ബിനോദ് ചൗധരി. ഗഗൻ ഥാപ്പയാണ് നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ. ബിഷോ പ്രകാശ് ശർമയെ സീനിയർ വൈസ് പ്രസിഡന്റായും ചന്ദ്ര ഭണ്ഡാരി, മധു ആചാര്യ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
Sports
ഷാങ്ഹായി: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസിൽ ടോപ് സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പ്രീക്വാർട്ടറിൽ. മൂന്നാം റൗണ്ടിൽ ഫ്രാൻസിന്റെ ക്വെന്റിൻ ഹാലിസിനെ 6-4, 6-7(8-10), 6-3ന് തോല്പിച്ചാണ് ജർമൻ താരം മുന്നേറിയത്. ജയത്തോടെ സ്വരേവ് ലോക പുരുഷ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത്.
ഡാനിൽ മെദ്വദേവ്, കാസ്പർ റൂഡ്, ഫെലിക്സ് ഓഗർ അലിയാസിം എന്നിവർ പ്രീക്വാർട്ടറിലെത്തി.
രണ്ടാം സീഡ് താരം സ്പെയിനിന്റെ കാർലോസ് അൽകരാസ് മൂന്നാം റൗണ്ടിൽ പുറത്തായി. അൽകരാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 7-6(7-4))ന് ബെൽജിയത്തിന്റെ സിസു ബെർഗ്സ് പരാജയപ്പെടുത്തി.
International
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ തുടരുന്നു. പ്രളയബാധിത മേഖലകളിൽനിന്ന് 13 പേരെക്കൂടി ഇന്നലെ രക്ഷപ്പെടുത്തി. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 95 ആയി. നേപ്പാൾ സൈന്യമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കാണാതായ അഞ്ചുപേരിൽ രണ്ടുപേർ വനിതകളാണെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
ചുംനുബ്രി ഗ്രാമസഭാ മേഖലയിലാണു വ്യാപക നാശനഷ്ടമുണ്ടായത്. പ്രളയത്തിൽ വീടുകളും പാലങ്ങളും ഒലിച്ചുപോയി.ഞായറാഴ്ച രാവിലെ ഉംഗിലുംഗ് നദിക്കരയിലെ ധൗലിഭീർ മേഖലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ മൂന്നുപേരെ സൈനിക ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
171 സൈനികർ ഉൾപ്പടെ 700-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26ന് ഭോട്ടെകോശി മേഖലയിലുണ്ടായ ദുരന്തത്തിനു പിന്നാലെ വീണ്ടും പ്രളയമുണ്ടായത് ഹിമാലയൻ നദീതീരങ്ങളിലെ ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
International
ധാക്ക: ഇന്ത്യൻ അതിർത്തിയിലുള്ള മോംഗ്ല തുറമുഖത്തിന്റെ ആധുനികീകരണത്തിന് ചൈനയിൽ നിന്ന് 33.58 കോടി ഡോളറിന്റെ വായ്പയ്ക്ക് കരാർ ഒപ്പിട്ട് ചൈന. ഇന്ത്യൻ അതിർത്തിയിൽനിന്ന് 80 കിലോമീറ്റർ മാത്രം അകലെയാണ് മോംഗ്ല തുറമുഖം. മോംഗ്ലയിൽ രണ്ടു കണ്ടെയ്നർ ടെർമിനലുകളും ഡെഡിക്കേറ്റഡ് കാർഗോ ഹാൻഡ്ലിംഗ് യാർഡുകളും നിർമിക്കാനാണു ചൈന വായ്പ നൽകുക.
ബംഗ്ലാദേശ് സർക്കാരും ചൈനയിലെ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്കും ശനിയാഴ്ചയാണ് വായ്പാ കരാറിൽ ഒപ്പിട്ടത്. 20 വർഷ കാലാവധിയിൽ വെറു രണ്ടു ശതമാനം പലിശയ്ക്കാണ് ചൈനയുടെ വായ്പ. ഛട്ടോഗ്രാം കഴിഞ്ഞാൽ ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമാണു മോംഗ്ല. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിനു പിന്നാലെയാണ് വായ്പാ കരാറിനു ധാരണയായത്.
മോംഗ്ല തുറമുഖത്തിനു സമീപം 110 ഏക്കറിൽ നിർമിക്കാനിരുന്ന ഇന്ത്യൻ ഇക്കണോമിക് സോൺ പദ്ധതി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാർ റദ്ദാക്കിയിരുന്നു.
ഇന്ത്യ നിയോഗിച്ച ഡെവലപ്പർ നിശ്ചിതസമയത്ത് നിർമാണം പൂർത്തിയാക്കിയില്ലെന്ന കാരണത്താലാണ് പദ്ധതി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കിയത്. 2015ലെ ഉഭയകക്ഷി കരാർ പ്രകാരമായിരുന്നു ഇന്ത്യക്ക് ഭൂമി നൽകിയത്.
Kerala
പാലക്കാട്: ജന്തർമന്തറിലെ പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച ടൗൺ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നു പരാതി നേരിട്ട പൊലിസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ.
കല്ലേക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലിസ് ഓഫിസർ എം. ഷഫാദിനെതിരെയാണു നടപടി. ഷഫാദ് മദ്യപിച്ചാണു ജോലിക്കെത്തിയതെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണു ജില്ലാ പൊലിസ് മേധാവി എ.അബ്ദുൾ റഷിയുടെ നടപടി.
എസ്എഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. എസ്എഫ്ഐയുടെ സമരത്തിനിടെ പൊലിസ് വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതായും പരാതിയുണ്ട്.
Kerala
തിരുവനന്തപരും: ശബരിമല തീർഥാടകർ വിശ്രമിക്കുന്നതിനായി ഉപയോഗിക്കുന്ന പീരുമേട് നിയോജകമണ്ഡലത്തിലെ അഴുതയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായി ക്ഷേത്രത്തെ മാറ്റാൻ സാധിക്കുമെന്നു ദേവസ്വം മന്ത്രി കെ. മുരളീധരൻ.
അഡ്വ. സിറിയക് തോമസിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനു സ്ഥിരമായ പന്തൽ, രാത്രികാലങ്ങളിൽ വിശ്രമിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ചെറിയ അമിനിറ്റി സെന്റർ, ആവശ്യമായ സ്ഥിരം ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നത് പരിഗണിക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
2026-27 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണുമായി ബന്ധപ്പെട്ട് പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കായി ബയോ ടോയ്ലറ്റ് സംവിധാനം ഒരുക്കുന്നതിനും താത്കാലിക പന്തൽ സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികൾ നടന്നുവരുന്നുണ്ടെന്നും, സീസണ് കാലത്ത് പഞ്ചായത്ത് മുഖേന കുടിവെള്ള ലഭ്യതയും ഉറപ്പാക്കുന്നുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎസ്സി നടത്തിയ ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കോടതി വിധി എതിരായാല്‍ അപ്പീല്‍ പോകാന്‍ പിഎസ്സി.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ അട്ടിമറിയുമായി ബന്ധപ്പെട്ട എഫ്ഐആര്‍ റദ്ദാക്കാന്‍ പിഎസ്സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിധി എതിരായാല്‍ അപ്പീല്‍ പോകുന്നതിനാണ് തീരുമാനം.
ആരെയും പ്രതി ചേര്‍ക്കാതെ എടുത്ത കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന പിഎസ്സിയുടെ നിലപാട് അന്വേഷണ സംഘം സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിനു നേർക്കുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാരം റിയാദിൽ നടത്തി.
ശനിയാഴ്ചയാണ് അലി കൊല്ലപ്പെട്ടത്. സംസ്കാരം സൗദിയിൽത്തന്നെ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ എംബസി അറയിച്ചു. പരിക്കേറ്റ അഞ്ച് ഇന്ത്യക്കാർ ഐസിയുവിൽ കഴിയുകയാണ്.
International
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നു ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സെനറ്റർമാർ.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിക്കുന്നതുവരെ മോസ്കോയുമായുള്ള വ്യാപാരം നിരോധിക്കുന്ന നിയമത്തിനു വിരുദ്ധമാണു നടപടിയെന്നാണു സെനറ്റർമാർ ചൂണ്ടിക്കാട്ടുന്നത്.
യുക്രെയ്നിനെതിരായ യുദ്ധത്തിന് അമേരിക്കൻ ഡോളർ റഷ്യക്കു ലഭിക്കുന്നത് തടയാൻ 2022-ൽ റഷ്യൻ ഊർജ ഇറക്കുമതി യുഎസ് നിരോധിച്ചിരുന്നതായി ഡെമോക്രാറ്റ് സെനറ്റർമാരായ ജീൻ ഷഹീൻ, റിച്ചാർഡ് ബ്ലൂമെന്റൽ, റോൺ വൈഡൻ, റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസ്, ലിസ മുർകോവ്സ്കി, തോം ടില്ലിസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ പതിവ് പരിശീലനപ്പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണു വിമാനം തകർന്നുവീണതെന്ന് പാക് സൈന്യം അറിയിച്ചു.
ഇൻസ്ട്രക്ടർ പൈലറ്റായ മേജർ ഹുസൈൻ ഷെഹ്സാദ് ഹുമയൂൺ, ട്രെയിനി പൈലറ്റ് ക്യാപ്റ്റൻ അബ്ദുൾ സമദ് എന്നിവരാണു കൊല്ലപ്പെട്ടത്.
പാക്കിസ്ഥാൻ ആർമി ഏവിയേഷന്റെ മുഷ്ഷാഖ് പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണമാരംഭിച്ചെന്ന് സൈന്യം അറിയിച്ചു.
International
പാരീസ്: ഫ്രാൻസിൽ സ്കൂളിലുണ്ടായ വെടിവെയ്പിൽ പ്രിൻസിപ്പലിനും ജീവനക്കാരനും പരിക്കേറ്റ സംഭവത്തിൽ പതിനാലുകാരനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
തെക്കൻ ഫ്രാൻസിലെ ബൂഷെസ്-ഡു-റോൺ പൊലിസ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായ വിദ്യാർഥി തോക്കുമായാണ് സ്കൂളിലെത്തിയതെന്നും 12 ഗേജ് ഷോട്ഗണ്ണാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പൊലിസ് വ്യക്തമാക്കി.
ഫ്രാൻസിൽ വിദ്യാലയങ്ങളിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.