പ്രതീകാത്മക ചിത്രം
നാം ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വലിയ കുതിപ്പുതന്നെയാണ്. ഇന്നത്തെ ലോകം അതിവേഗ മാറ്റങ്ങളുടെ ലോകമാണ്. എഐ ലോകത്തെ പുനർനിർമിക്കുകയാണ്.
ക്വാണ്ടം കംപ്യൂട്ടിംഗ് മനുഷ്യബുദ്ധിയുടെ അതിരുകൾ കടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ക്വാണ്ടം ഫിസിക്സിന്റെ ശതാബ്ദി ആചരിക്കുകയാണ് ലോകമിപ്പോൾ. സാധാരണ കംപ്യൂട്ടറുകൾ ആയിരക്കണക്കിന് വർഷമെടുത്ത് ചെയ്തുതീർക്കുന്ന പ്രശ്നം കേവലം സെക്കൻഡുകൾക്കുള്ളിൽ പരിഹരിച്ച് ഗൂഗിൾ ക്വാണ്ടം മേധാവിത്വം സ്ഥാപിച്ചത് കഴിഞ്ഞ വർഷമാണ്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലെത്തി അവയെ ജനസമക്ഷം അവതരിപ്പിക്കാനും മനുഷ്യ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ആഴത്തിൽ മനസിലാക്കാനും പുതിയ മരുന്നുകൾ കണ്ടെത്താനും കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് ശാശ്വത പരിഹാരത്തിനുമെല്ലാം ഈ സാങ്കേതിക വിദ്യാമുന്നേറ്റം വഴിതുറക്കുകയാണ്. ഈ വസ്തുതകളെയെല്ലാം കൃത്യതയോടെ ഒരു മതാധ്യക്ഷൻ മനസിലാക്കുന്നതിന്റെ ഭാഗമായാണ് ‘സാങ്കേതികവിദ്യകൾ ചുരുക്കം ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്’ എന്ന് ചാക്രിക ലേഖനത്തിൽ ഊന്നിപ്പറയുന്നത്.
ഡിജിറ്റൽ വിപ്ലവത്തിൽ ഉൾപ്പെട്ടവർക്കും ഒഴിവാക്കപ്പെട്ടവർക്കും ഇടയിലുള്ള വിടവ് വർധിപ്പിക്കുന്നതിനോട് പാപ്പാ യോജിക്കുന്നേയില്ല. മനുഷ്യരെ ഭാരമേറിയതോ ആവർത്തിച്ചുള്ളതോ ആയ ജോലികളിൽനിന്ന് മോചിപ്പിക്കാൻ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് സമ്മതിക്കുന്ന മാർപാപ്പ പക്ഷേ ‘ചെലവ് കുറയ്ക്കുന്നതിന്റെയും ലാഭം വർധിപ്പിക്കുന്നതിന്റെയും പേരിൽ അത് തൊഴിലില്ലായ്മയിലേക്ക് നയിക്കരുത്’എന്ന് അഭിപ്രായപ്പെടുന്നത് ഗൗരവമേറിയ സമീപനമാണ്.
ഈ ചാക്രികലേഖനത്തിന്റെ മറ്റൊരു സവിശേഷത സാമൂഹികനീതിയെ ഡിജിറ്റൽ യുഗത്തിന്റെ പശ്ചാത്തലത്തിൽ പുനർനിർവചിക്കുന്നു എന്നതാണ്. സാങ്കേതികവിദ്യ പൊതുനന്മയ്ക്കു വിധേയമാകണം. അറിവിലേക്കും അവസരങ്ങളിലേക്കും എല്ലാവർക്കും തുല്യപ്രവേശനം ഉറപ്പാക്കണം. ഏറ്റവും ദുർബലരെ സംരക്ഷിക്കണം. തെറ്റായ വിവരങ്ങളെയും വിദ്വേഷരാഷ്ട്രീയത്തെയും ചെറുക്കണം. സാങ്കേതിക ശക്തി ജനാധിപത്യപരമായ പൊതുനിരീക്ഷണത്തിന് കീഴിലായിരിക്കണം.ഇതൊക്കെയാണ് സാമൂഹികനീതിയുടെ ഭാഗമായി നടപ്പിലാവേണ്ടതെന്നും അങ്ങനെ “ഓരോ വ്യക്തിയുടെയും അന്തസും എല്ലാ ആളുകളുടെയും പൊതുനന്മയും ആയിരിക്കണം” ലാഭമായി കണക്കാക്കേണ്ടതെന്നും പാപ്പാ കുറിക്കുന്നു.
കുടിയേറ്റക്കാരെയും അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സാമൂഹിക നീതിക്കായുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് ആയി മാർപാപ്പ തിരിച്ചറിയുന്നു. കുടിയേറ്റക്കാരുടെ വിഷയത്തിൽ “സമൂഹത്തിന്റെ നീതിബോധം ഭയത്താലാണോ അതോ സാഹോദര്യത്തിന്റെ ആത്മാവിനാലാണോ നയിക്കപ്പെടുന്നത് എന്ന് വെളിപ്പെടുന്നു”എന്നാണ് പാപ്പായുടെ പക്ഷം. നിർബന്ധിത നാടുകടത്തലിന് വിധേയരായവരുടെ ‘ശരിയായ പ്രതീക്ഷകളെ’ സംരക്ഷിക്കാൻ അദ്ദേഹം സമൂഹങ്ങളോട് അഭ്യർഥിക്കുന്നുമുണ്ട്. അവർക്ക് സുരക്ഷിതവും നിയമപരവുമായ വഴികൾ ഉറപ്പാക്കി, സമാധാനത്തിലും സുരക്ഷയിലും സ്വന്തം മാതൃരാജ്യത്ത് തുടരാനുള്ള അവകാശം പ്രോത്സാഹിപ്പിച്ച് കുടിയേറ്റത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തണമെന്നും പരിഹരിക്കണമെന്നും ലേഖനം പറയുന്നു.
പുതിയ സാങ്കേതികവിദ്യകളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഈ രേഖയെ സമകാലികമാക്കുന്നു. സാങ്കേതികവിദ്യ വലിയ അളവിൽ ഊർജവും വെള്ളവും ആവശ്യമായതാണ്, ഇത് സൃഷ്ടിയെ ബാധിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോൾ തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായുടെ വിഖ്യാതമായ ‘ലൗദാത്തോ സീ’ ഉയർത്തിപ്പിടിച്ച പരിസ്ഥിതി ചിന്തകളിൽനിന്ന് സഭ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ്. ഫ്രാൻസിസ് പാപ്പാ പരിസ്ഥിതി ചൂഷണത്തെ വിമർശിച്ചപ്പോൾ, ലെയോ പതിനാലാമൻ മനുഷ്യന്റെ ബുദ്ധിയുടെയും തൊഴിലിന്റെയും ചൂഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇവ രണ്ടും നിയന്ത്രണമില്ലാത്ത ടെക്നോ കാപ്പിറ്റലിസത്തിന്റെ രണ്ട് മുഖങ്ങളാണ് . എഐയുടെ ഉടമസ്ഥാവകാശം, ഡാറ്റയുടെ ജനാധിപത്യ നിയന്ത്രണം, തൊഴിലിന്റെ സംരക്ഷണം, പൊതുനന്മ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഭാവിയിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രമായിത്തീരുകതന്നെ ചെയ്യും.
കോടിക്കണക്കിന് മനുഷ്യരുടെ എഴുത്തും ചിത്രങ്ങളും ചിന്തകളുമെല്ലാം ഡാറ്റയായി ശേഖരിച്ച്, അതിനെ ചില കോർപറേറ്റുകളുടെ ലാഭത്തിനായി ഉപയോഗിക്കുന്ന സംവിധാനം ഇന്ന് വളരുകയാണ്. മനുഷ്യന്റെ ബുദ്ധിതന്നെ ഒരു ‘ഡാറ്റാ ഖനി’ ആയി മാറുന്നു. ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ ഈ അപകടവും തിരിച്ചറിയുന്നുണ്ട്. സാങ്കേതികവിദ്യ മനുഷ്യനെ സേവിക്കേണ്ടതാണെന്നും മനുഷ്യനെ ഡാറ്റ ആക്കരുതെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്. ഡിജിറ്റൽ കാലത്ത് മനുഷ്യബന്ധങ്ങളും തൊഴിലും സംസ്കാരവും പോലും ഡാറ്റയായി വിഘടിക്കപ്പെടുകയാണ്. ഇതിലൂടെ കുടുംബം, സമൂഹം, മനുഷ്യബന്ധങ്ങൾ എന്നിവയെല്ലാം വിപണിയുടെ വസ്തുക്കളായി മാറുന്ന വർത്തമാനകാല അവസ്ഥയെ ഗൗരവതരമായി കണ്ട് ഫലപ്രദമായ നിലപാടുയർത്തിപ്പിടിക്കുന്നു എന്നതാണ് ഈ ലേഖനത്തിന്റെ കാമ്പ്.
എഐയെ നിരായുധീകരിക്കണമെന്ന പ്രസ്താവനയും ഏറെ അർഥവത്താണ്. ഇവിടെ എന്താണ് നിരായുധീകരണം എന്ന് പാപ്പാ വിശദീകരിക്കുന്നുണ്ട്. “നിരായുധീകരണം എന്നാൽ സാങ്കേതികവിദ്യയെ നിരസിക്കൽ അല്ല; മനുഷ്യരാശിയുടെ മേൽ അതിന്റെ ആധിപത്യം തടയലാണ്” മാർപാപ്പയുടെ ഈ നിരീക്ഷണം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വാക്യങ്ങളിലൊന്നായി മാറുന്നു . “നിരായുധീകരണം എന്നാൽ സാങ്കേതികശക്തിക്ക് സ്വയം ഭരിക്കാനുള്ള അവകാശം നൽകുന്നു എന്ന അനുമാനത്തെ തള്ളിക്കളയുക” എന്നാണെന്നു കൂടി വിശദമാക്കുമ്പോൾ അതൊരു സവിശേഷ രാഷ്ട്രീയ നിലപാടാകുന്നു. ലേഖനത്തിൽ നിറയുന്നത് ആധുനിക ടെക്നോ-കാപ്പിറ്റലിസത്തിനെതിരായ മനുഷ്യകേന്ദ്രിത വിമർശനമാണ്. മാർക്സിയൻ സാമൂഹ്യവിമർശനവും ബൈബിളിലെ നീതിദർശനവും ഇവിടെ അത്ഭുതകരമായി കൈകോർക്കുന്നുണ്ട്.
മനുഷ്യ ചിന്തയെ ഉപയോഗശൂന്യമാക്കുന്ന യന്ത്രങ്ങളാൽ, ചോദ്യങ്ങൾ ചോദിക്കാനുള്ള യുവാക്കളുടെ കഴിവിനെ കെടുത്തിക്കളയാതിരിക്കാൻ പുതിയ വിദ്യാഭ്യാസ പദ്ധതിയുണ്ടാവണമെന്നും , ‘സത്യം അന്വേഷിക്കാനും സ്നേഹിക്കാനും’ മനുഷ്യർ പഠിക്കുന്ന സ്ഥലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിത്തീർക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു. സ്നേഹത്തിന്റെ നാഗരികത കെട്ടിപ്പടുക്കുന്നതിന് ഉത്തരവാദിത്വബോധത്തോടെയുള്ള ചില വഴികൾ പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. സത്യം തുറന്നു പറഞ്ഞുകൊണ്ട് വാക്കുകളെ നിരായുധീകരിക്കുക, നീതിയിലുടെ സമാധാനം കെട്ടിപ്പടുക്കുക, ഇരകളുടെ കാഴ്ചപ്പാടിനെ കണക്കിലെടുത്ത് നിലപാട് സ്വീകരിക്കുക, സംസാരത്തിൽ മാത്രം ഒതുങ്ങാതെ പ്രവർത്തനങ്ങളിലൂടെ സമാധാനത്തിന്റെ പ്രായോഗിക മാർഗങ്ങൾ അന്വേഷിക്കുന്ന ആരോഗ്യകരമായ യഥാർഥ്യബോധം വളർത്തിയെടുക്കുക എന്നിവയെല്ലാം പാപ്പാ ചൂണ്ടിക്കാട്ടുന്ന വഴികളാണ്. നിഷ്പക്ഷത പാലിക്കുന്നത് അനീതിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
‘ഭീകരത, അക്രമം, യുദ്ധം എന്നിവയെ നിയമവിധേയമാക്കാൻ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നവർ ദൈവത്തെ ഒറ്റിക്കൊടുക്കുകയാണ്’എന്നും ‘മതത്തിന്റെ പേരിൽ പോരാടുന്നത് മതത്തെത്തന്നെ ആക്രമിക്കലാണ്’എന്നും ലേഖനം പറയുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രം, ‘രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഒരു മൂർത്തമായ മാനദണ്ഡമായി സുവിശേഷത്തിന്റെ കരുണയുടെ തത്വം സ്വീകരിക്കുന്നു’ എന്നും പാപ്പാ കുറിക്കുന്നു. അധികാരത്തിന്റെ കൂടെ നിൽക്കുന്ന മതമല്ല, മനുഷ്യന്റെ മാന്യതയുടെ കൂടെ നിൽക്കുന്ന മതമാണ് ഈ ചാക്രികലേഖനത്തിൽ ഉയർന്നുനിൽക്കുന്നത്. സാങ്കേതിക സാമ്രാജ്യത്വത്തിനെതിരേ മനുഷ്യനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആത്മീയ രാഷ്ട്രീയം ഇതിലുണ്ട്. അത് വിമോചനത്തിന്റെ രാഷ്ട്രീയമാണ്. ലാറ്റിൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രജ്ഞനായ ഗുസ്താവോ ഗുട്ടെറസ് ‘ദൈവം ചരിത്രത്തിൽ ദരിദ്രരുടെ പക്ഷത്താണ്’ എന്നും ‘ഭാവി ദരിദ്രർക്കും ചൂഷണം ചെയ്യപ്പെടുന്നവർക്കും അവകാശപ്പെട്ടതാണ്’ എന്നെല്ലാമുള്ള നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന പുരോഹിതനായിരുന്നു. ഇതേ ആശയം തന്നെയാണ് ഈ ചാക്രിക ലേഖനത്തിലും പ്രത്യക്ഷമാകുന്നത്.
മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ ഏറ്റവും വലിയ ശക്തി മനുഷ്യനെ വീണ്ടും കേന്ദ്രത്തിൽ സ്ഥാപിക്കാനുള്ള ശ്രമമാണ്. ലാഭം, ഡാറ്റ, സാങ്കേതിക കാര്യക്ഷമത എന്നിവയേക്കാൾ മനുഷ്യജീവിതത്തിന്റെ മൂല്യം ഉയർന്നതാണെന്ന് ഇത് ആവർത്തിക്കുന്നു. കോർപറേറ്റ് മൂലധനവും സാങ്കേതിക അധിനിവേശവും മനുഷ്യന്റെ ആത്മാവിനെ വിഴുങ്ങുമ്പോൾ ഉയരുന്ന മാനവിക വിളിയാണ് ഈ ചാക്രിക ലേഖനം. മനുഷ്യനെ യന്ത്രത്തിനുമുകളിൽ സ്ഥാപിക്കണമെന്ന ആവശ്യം, ബൈബിളിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെയും ഇടയിൽ ഒരു പുതിയ സംവാദത്തിന് തുടക്കം കുറിക്കുന്നു.
കാറൽ മാർക്സ് ഗ്രുണ്ട്റിസ്സെ (Grundrisse) യിൽ കുറിച്ചത്, സമൂഹത്തിന്റെ പൊതുവായ അറിവ് ഒരുദിവസം ഉത്പാദനശക്തിയായി മാറുമെന്നാണ്. ആ പൊതുവിജ്ഞാനം സ്വകാര്യ കോർപറേറ്റുകളുടെ ഉടമസ്ഥതയിലാകുമ്പോൾ അത് വിമോചനത്തിന്റെ ഉപാധിയല്ലാതാവുകയും ആധിപത്യത്തിന്റെ ഉപകരണമായി മാറുകയും ചെയ്യുന്നു. ഇന്ന് എഐയെ ചുറ്റിപ്പറ്റിയുള്ള പോരാട്ടം സാങ്കേതികവിദ്യയെക്കുറിച്ചുള്ള പോരാട്ടമല്ല; അറിവിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള പോരാട്ടമാണ്.
‘ഞാൻ വന്നത് അവർക്ക് ജീവൻ ഉണ്ടാകാനും അതു സമൃദ്ധിയായി ലഭിക്കാനുമാണ്’ (യോഹന്നാൻ 10:10). ഡാറ്റയുടെ സാമ്രാജ്യങ്ങളും അൽഗോരിതങ്ങളുടെ അദൃശ്യശക്തികളും മനുഷ്യന്റെ ആത്മാവിനെ വിഴുങ്ങാൻ ശ്രമിക്കുന്ന കാലത്ത്, മനുഷ്യജീവിതത്തിന്റെ സമൃദ്ധിയെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനമാണ് മാഞ്ഞിഫിക്ക ഹുമാനിത്താസ്. അതുകൊണ്ടുതന്നെ ഒരു മതരേഖ എന്നതിനപ്പുറം വരാനിരിക്കുന്ന കാലത്തെ വലിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ വഴിവിളക്കാവുകയാണ് ഈ ചാക്രിക ലേഖനം.
(അവസാനിച്ചു)
Tags : Magnificent Humanities richness Freedom Life Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash