National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
International
തായ്പെയ്: ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങി രാജ്യത്തിന്റെ സ്വതന്ത്ര ജീവിതരീതി ഉപേക്ഷിക്കില്ലെന്നു തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ് തെ. ചൈനയുമായി സംഘർഷമുണ്ടാക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ അന്തസോ ജനാധിപത്യ മൂല്യങ്ങളോ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തായ്വാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തായ്വാൻ സംഘർഷം സൃഷ്ടിക്കുകയോ വഷളാക്കുകയോ ചെയ്യില്ല. എന്നാൽ സമ്മർദത്തിനു വഴങ്ങി അതിന്റെ ദേശീയ പരമാധികാരവും അന്തസും ജനാധിപത്യപരവും സ്വതന്ത്രവുമായ ജീവിതരീതിയും ഉപേക്ഷിക്കില്ല.
തായ്വാൻ കടലിടുക്കിലുടനീളം തത്സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് തായ്വാൻ. അതു മാറ്റാൻ ശ്രമിക്കുന്ന ഒരു കക്ഷിയല്ല. പ്രാദേശിക അസ്ഥിരതയുടെ മൂലകാരണം ചൈനയാണ് ”- സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ലായ് ചിംഗ് തെ വ്യക്തമാക്കി.
സ്വതന്ത്ര രാജ്യമാകണമെന്ന ആഗ്രഹം തായ്വാൻ ഉപേക്ഷിക്കണമെന്ന് ചൈനീസ് സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി നടന്ന ചർച്ചയിൽ തായ്വാൻ പ്രധാന വിഷയമായിരുന്നുവെന്നും സ്വതന്ത്ര രാജ്യമാകാനുള്ള ആ രാജ്യത്തെ നേതാക്കളുടെ ആഗ്രഹത്തെ പിന്തുണയ്ക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.
District News
നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകണമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ സ്വതന്ത്രമായി നടപ്പാക്കുന്നതിന് വിഘാതമായി നിരവധി നിബന്ധനകളാണ് അടിച്ചേൽപ്പിക്കുന്നത്. പ്രാദേശിക ഭരണകൂടമെന്ന് വിശേഷിപ്പിക്കുകയും സ്വന്തമായി പദ്ധതികൾ നടപ്പാക്കാനുള്ള അവകാശം നിഷേധിക്കുകയുമാണ്.
പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ പ്രഥമ പരിഗണന നൽകണമെന്നും എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജസ്മൽ പുതിയറ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
സ്പോർട്സ് അക്കാഡമി, ഭിന്നശേഷി കുട്ടികൾക്കും ഓട്ടിസം ബാധിച്ച കുട്ടികൾക്കും പകൽവീട്, പാർക്ക് തുടങ്ങിയ പുതിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. വൈസ് പ്രസിഡന്റ് സീനത്ത് നൗഷാദ്, ബാബു തോപ്പിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ താജാ സക്കീർ, ഇഖ്ബാൽ മുണ്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ ബുഷ്റാബി, കവിത ജയപ്രകാശ്, ബിഡിഒ പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.