ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
Tags : V.D. Satheesan Chief Minister complete freedom governance High Command