സുവേന്ദു അധികാരി
ബംഗാൾ ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കും’. നവോത്ഥാന കാലത്ത് സ്വാതന്ത്ര്യസമര സേനാനിയായ ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞ ഈ വാക്കുകൾ ഇന്ന് നമ്മെ നോക്കി കൊഞ്ഞനംകുത്തുകയാണോ എന്ന് സംശയിക്കുന്നവരുണ്ട്. ബംഗാളിന്റെ രാഷ്ട്രീയ, സാംസ്കാരിക ചിന്തകൾ എപ്പോഴും കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു എന്നേ ഗോഖലെ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ കാലത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക വൈരുധ്യങ്ങൾ കാര്യങ്ങളെ കീഴ്മേൽ മറിച്ചിരിക്കുന്നു.
പശ്ചിമ ബംഗാളിൽ വാർത്തകൾക്കു ക്ഷാമമില്ല. വർഷങ്ങളായി കലങ്ങിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലൂടെയായിരുന്നു ബംഗാൾ ഭരണം പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ അധികാരി വന്നതോടെ കലക്കുവെള്ളത്തിൽനിന്നുള്ള മീൻപിടിത്തം കൂടുതൽ ഉഷാറായെന്നുമാത്രം.
ബിജെപി സർക്കാർ പശ്ചിമ ബംഗാളിൽ അധികാരമേറ്റശേഷം രാഷ്ട്രീയ, സാമൂഹിക കാലാവസ്ഥയിലുണ്ടായ മാറ്റം വ്യക്തമാണ്. സർക്കാർ നയങ്ങളും തെരുവുഗുണ്ടായിസവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായെന്ന് ആരോപണമുയരുന്നുണ്ട്. തീർത്തും മാറിയ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ്യത്തെ നേരിടുകയാണ് ന്യൂനപക്ഷ വിഭാഗങ്ങൾ. ഭരണപരവും സാമൂഹികവുമായ സമ്മർദങ്ങൾ വലിയൊരു വിഭാഗത്തെ കടുത്ത ഭീതിയുടെയും ആശങ്കയുടെയും നിഴലിലാക്കിയിട്ടുണ്ട്.
ബരുയിപുരിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ രാഷ്ട്രീയ, സാമുദായിക കോളിളക്കമുണ്ടാക്കിയതിനു പിന്നാലെയാണ് കൊളോണിയൽ കാലത്തെ വെല്ലുന്ന പുതിയ ഗുണ്ടാനിയമം പ്രഖ്യാപിച്ചതും കോൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മോസ്കിൽ ദേശീയ സുരക്ഷയുടെ പേരിൽ നമസ്കാരം വിലക്കിയതും.
കമ്യൂണിസ്റ്റ് ഹർമദുകളെയും (അക്രമി സംഘങ്ങളെയും) തൃണമൂൽ ഗുണ്ടകളെയും പൂട്ടാൻ വേണ്ടിയാണ് പുതിയ ഗുണ്ടാ നിയമമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ നിയമം ഇന്നലെ പ്രാബല്യത്തിൽ വന്നു. ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ ആക്റ്റിവിറ്റീസ് ആക്ട്, 2026 എന്നാണ് ഔദ്യോഗിക നാമം. ഈ നിയമം നിലവിൽ വന്നതോടെ പോലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരം കിട്ടുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
ബരുയിപുരിയിലെ പ്രതിഷേധം
ബരുയിപുരിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ജൂലൈ നാലു മുതൽ പശ്ചിമ ബംഗാളിനെ ഇളക്കിമറിക്കുകയാണ്. കോൽക്കത്തയ്ക്ക് സമീപം ദക്ഷിണ 24 പർഗാനാസ് ജില്ലയിലാണ് ഈ സ്ഥലം. തുടർന്നുണ്ടായ ജനക്കൂട്ട അക്രമത്തിനിടെ ഒരു പ്രദേശവാസി അടിയേറ്റു മരിച്ചു. രാഷ്ട്രീയ കലുഷിതമായ ബംഗാളിൽ ആശങ്കകളുടെ പുതിയ വാതിലുകൾ തുറക്കുകയാണ്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് നേരിടേണ്ടി വന്ന ആദ്യത്തെ പ്രധാന ക്രമസമാധാന വെല്ലുവിളിയായി ബരുയിപുർ സംഭവം. ബലാത്സംഗവും കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്നെങ്കിലും പ്രതിഷേധത്തിന്റെ അലകൾ അടങ്ങിയിട്ടില്ല. അതിനിടെ പ്രതികളിലൊരാളായ പ്രഭാസ് മൊണ്ടാൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.
ജൂലൈ നാലിനാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. പ്രദേശവാസികൾ റോഡുകൾ ഉപരോധിക്കുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയും റെയിൽവേ ട്രാക്കുകൾ ഉപരോധിക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതികളിൽ ഒരാളാണെന്ന് ജനക്കൂട്ടം സംശയിച്ച ഒരു പ്രദേശവാസിയെ തല്ലിക്കൊന്നു. സംസ്ഥാന പോലീസിന്റെയും കേന്ദ്ര സായുധ പോലീസ് സേനയുടെയും വൻ സംഘത്തെ വിന്യസിച്ചു. മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.
ബരായിപുർ ഇരയുടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാതെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണവും ബിജെപിയുടെ പ്രത്യാരോപണങ്ങളും ചേർന്ന് സംഭവം രാഷ്ട്രീയമായും കത്തിപ്പടരുകയാണ്.
പുതിയ നയം അതിവേഗം
അധികാരമേൽക്കുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി സുവേന്ദു അധികാരി നയം വ്യക്തമാക്കിയിരുന്നു. ‘മുസ്ലിംകൾ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ല, അതിനാൽ അവർക്കായി ഞങ്ങൾ പ്രത്യേകമായി ഒന്നും ചെയ്യില്ല’ എന്ന്. തുടർന്നുണ്ടായ ഭരണ നടപടികൾ ഈ നിലപാട് നടപ്പാക്കുന്നുവെന്നാണ് കാണിക്കുന്നത്. സമ്മർദങ്ങൾ പ്രാദേശിക വിപണികളിലെത്തിക്കുകയും ന്യൂനപക്ഷങ്ങളുടെ ഉപജീവനമാർഗങ്ങളെ ലക്ഷ്യംവയ്ക്കുകയും ചെയ്തതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ധാന്യ മാർക്കറ്റിൽനിന്ന് തുടങ്ങിയ സമ്മർദതന്ത്രം ഭക്ഷണരീതികളിലെ നിയന്ത്രണങ്ങളിലേക്കും പ്രാദേശികമായ ഭക്ഷണ ബഹിഷ്കരണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ജോലിക്ക് തടസം വരാതിരിക്കാൻ ടാക്സികളിലും ബസുകളിലുമൊക്കെ ചില ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാക്കപ്പെടുന്നതായാണ് റിപ്പോർട്ട്. പാനിതങ്കി-സിലിഗുരി റൂട്ടിലെ ഒരു ബസ് ഡ്രൈവർക്ക് തന്റെ വാഹനത്തിൽ ഒരു തുളസിത്തൈ സ്ഥാപിക്കേണ്ടിവന്നു. ഭക്ഷ്യരംഗത്തെ നിയന്ത്രണങ്ങൾ പ്രാദേശിക വിതരണ ശൃംഖലകളെ കഠിനമായി ബാധിച്ചിട്ടുണ്ട്. കന്നുകാലി വ്യാപാരത്തെയും നേരിട്ട് ബാധിച്ചു. ഭയം കാരണം ബിസിനസ് നിർത്തുന്ന ആടു വളർത്തലുകാർ ഏറെയാണ്. ബലിപെരുന്നാളിന് മുന്നോടിയായി, 1950ലെ അനിമൽ സ്ലോട്ടർ കൺട്രോൾ നിയമം സർക്കാർ കർശനമായി നടപ്പാക്കിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. തുടർച്ചയായ പോലീസ് പട്രോളിംഗിന് കീഴിൽ സുനൂക്പഹാരി പോലുള്ള പ്രമുഖ കന്നുകാലി ചന്തകൾ നിശ്ചലമായി. കന്നുകാലികളെ വളർത്തുകയും ബലിപെരുന്നാളിന് മുസ്ലിംകൾക്ക് വിറ്റ് ജീവിക്കുകയും ചെയ്യുന്ന ഹിന്ദു പട്ടികജാതി സമൂഹങ്ങളുടെ അവസ്ഥയും ദയനീയമായി.
പ്രാദേശിക ഗുണ്ടായിസം
ഇതിനു പുറമെയാണ് പ്രാദേശികമായ ഗുണ്ടായിസം. ജൂൺ 21ന് പശ്ചിമ ബർധമാനിലെ റാണിഗഞ്ചിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ക്രിസ്ത്യൻ പ്രാർഥനാ യോഗം തടസപ്പെടുത്തി. മറ്റ് ചിലയിടത്ത് ഹിന്ദു സംഹതി സേനയുടെ പേരിലായിരുന്നു അക്രമം. ശാന്തിനികേതനിൽ കടയുടമകൾ തങ്ങളുടെ പേരുകൾ വലിയ അക്ഷരങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ജൽപായ്ഗുരിയിൽ ഹിന്ദു പേരുകളിൽ കച്ചവടം ചെയ്യുന്ന ന്യൂനപക്ഷ വ്യാപാരികളെ ബജ്രംഗ്ദൾ ഭീഷണിപ്പെടുത്തി.
നാദിയയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ മിശ്രവിവാഹിത ദമ്പതിമാർക്കു നേരേയുണ്ടായ അതിക്രമം ഈ ധ്രുവീകരണത്തിന്റെ മറ്റൊരു തെളിവാണ്. അവരുടെ സ്വകാര്യ കുടുംബ സംഗമത്തിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ കണ്ടാണ് ഭീഷണിയുയർന്നത്. ലവ് ജിഹാദ് ആരോപിച്ച് വരനു നേരേ ഫോണിലൂടെ നിരന്തരമായ ഭീഷണിയുണ്ടായി. വീട് ആക്രമിക്കുകയും ചെയ്തു. മൂന്നു കിലോമീറ്റർ അകലെയുള്ള വധുവിന്റെ കുടുംബവീട്ടിലേക്ക് ഇരച്ചുകയറിയ ഒരു കൂട്ടം ആളുകൾ വധുവിന്റെ അമ്മയെയും സഹോദരിയെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. അവർക്ക് ജീവനുംകൊണ്ട് അവിടെനിന്ന് ഓടിപ്പോകേണ്ടി വന്നു. ഓൺലൈനിൽ പരസ്യമായി മാപ്പപേക്ഷിച്ചതിനുശേഷം വരന്റെ പിതാവ് വീട്ടിലേക്ക് മടങ്ങിയെങ്കിലും ദമ്പതിമാർ ഇപ്പോഴും ഒളിവിലാണ്.
ഭരണകൂടത്തിന്റെ ആസൂത്രിത നയങ്ങളുടെ നേരിട്ടുള്ള ഫലമായാണ് മനുഷ്യാവകാശ സംഘടനകൾ ഈ പ്രതിസന്ധിയെ കാണുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് കീഴടങ്ങാത്തവർക്ക് നിർബന്ധിത പിഴയാണെന്ന് അവർ പറയുന്നു. അല്ലെങ്കിൽ പീഡനങ്ങൾ നേരിടേണ്ടിവരും. മുതിർന്ന ബിജെപി നേതാക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പോലീസ് പെരുമാറുന്നത്. ചിലയിടങ്ങളിൽ കടുത്ത ജാഗ്രതയും മറ്റ് ചിലയിടങ്ങളിൽ പൂർണ നിഷ്ക്രിയത്വവുമെന്നാണ് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ഭാരവാഹികൾ ആരോപിക്കുന്നത്.
ഒരുമയില്ലാത്ത എതിര്പ്പ്
ബിജെപിക്കെതിരേ ഒന്നിച്ചുള്ള ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്ന മമത ബാനർജിയുടെ ആഹ്വാനം കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും വകവയ്ക്കുന്നില്ല. ഒന്നാമത്തെ ശത്രുവായ ബിജെപിക്കതിരേ കോൺഗ്രസ്, സിപിഎം, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ എന്നിവരുൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ കക്ഷികളും കൈകോർക്കണമെന്ന് മമത ബാനർജി ഒരു വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചിരുന്നു.
തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെക്കുറിച്ചുള്ള അവരുടെ പരാമർശത്തെ ചോദ്യംചെയ്ത കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് അഭ്യർഥന നിരസിച്ചു. 2013ൽ കോൺഗ്രസ് പ്രവർത്തകർക്കുനേരേ നടന്ന മാവോയിസ്റ്റ് അക്രമങ്ങളെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. മുൻ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിനെ അധിക്ഷേപിച്ചതായും ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ ബിജെപിക്ക് അടിത്തറ ഉണ്ടാക്കിക്കൊടുത്തത് മമതയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും മമതയുടെ നിർദേശം പൂർണമായി തള്ളി. മമത ബാനർജി അഴിമതിക്കാരിയും വർഗീയവാദിയുമാണെന്ന് അദ്ദേഹം മുദ്രകുത്തി. സ്വേച്ഛാധിപതിയും ജനാധിപത്യവിരുദ്ധയുമായ മമതയുമായി കൈകോർക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപൻ ബന്ദോപാധ്യായയും പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഒരു വലതുപക്ഷ സ്വേച്ഛാധിപത്യ പാർട്ടിയാണെന്ന് സിപിഐ (എം-എൽ) ലിബറേഷന്റെ അഭിജിത് മജുംദാർ കുറ്റപ്പെടുത്തി. മമത പരാജയപ്പെട്ടതുകൊണ്ടുമാത്രമാണ് ഇപ്പോൾ ഇത്തരം അഭ്യർഥനകൾ നടത്തുന്നതെന്നാണ് എസ്യുസിഐ (കമ്യൂണിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം അമിതാഭ് ചാറ്റർജിയുടെ നിഗമനം. മമതയ്ക്ക് ഇനി രാഷ്ട്രീയമായി യാതൊരു പ്രാധാന്യവുമില്ലെന്നായിരുന്നു ഈ വിഷയത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പക്ഷം.
എന്തായാലും മേയ് ഒമ്പതിനുശേഷം കാര്യങ്ങൾ അതിവേഗം മാറിമറിയുകയാണ്. സുവേന്ദു അധികാരി ബിജെപിയുടെ പുതിയ ബംഗാളിന്റെ പുതിയ അധികാരകേന്ദ്രമായി മാറിയിരിക്കുന്നു. രാഷ്ട്രീയമായും സാംസ്കാരികമായും കലാ-സാഹിത്യ മേഖലകളിലും സമ്പന്നമായ ചരിത്രമുള്ള ഈ സംസ്ഥാനം സിപിഎമ്മിന്റെയും തൃണമൂലിന്റെയും തേരോട്ടം കഴിഞ്ഞ് ബിജെപിയുടെ വഴിയിലൂടെ എവിടെയെത്തുമെന്ന് കാത്തിരുന്നു കാണാം. പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളിൽ അവസാനത്തേതാണ് പുതിയ ഗുണ്ടാനിയമം.
(തുടരും)
Tags : Bengal now? Deepika DeepikaNewspaper BreakingNews NewsUpdate Headlines