Editorial Audio
ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായതു മുതൽ, ആർക്കൊക്കെ വോട്ട് ചെയ്യാം, ആർക്കൊക്കെ വോട്ട് ചെയ്യാനാകില്ല എന്ന് സർക്കാരാണ് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ പറഞ്ഞതിൽ എല്ലാമുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനവും ഭാവിയുമെല്ലാം. തങ്ങൾക്കനുകൂലമായ വോട്ടർമാരെ തെരഞ്ഞെടുത്ത് ജനാധിപത്യത്തിന്റ വ്യാജലേബലിൽ സ്വയം ഭരണത്തിൽ അവരോധിക്കുന്ന ഫാസിസ്റ്റ് തന്ത്രം നമ്മുടെ രാജ്യത്തും പിടിമുറുക്കുന്നുവെന്ന സത്യം പകൽപോലെ വ്യക്തം.
നിക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗ തെരഞ്ഞെടുപ്പ് ശല്യമാണെന്നും പ്രതിപക്ഷം ബാധ്യതയാണെന്നും പ്രഖ്യാപിച്ചപ്പോൾ നമ്മൾ ചിരിച്ചു, അവരെ പുച്ഛിച്ചു. അപ്പോഴും തലയ്ക്കു മുകളിൽ ആടിക്കൊണ്ടിരുന്ന ഡെമോക്ലീസിന്റെ വാൾ നമ്മൾ കണ്ടില്ല. ‘കോൺഗ്രസ് മുക്ത് ഭാരതി’ൽനിന്ന് ‘ചുനാവ് മുക്ത ഭാരതി’ലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു. സുകുമാർ സെൻ, ടി.എൻ. ശേഷൻ, എസ്.വൈ. ഖുറേഷി... എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാർ എന്ന പേരും ചേർത്തുവയ്ക്കേണ്ടിവരുന്നു എന്നതിൽ ഇന്ത്യക്കാരെന്ന നിലയിൽ നമുക്കോരോരുത്തർക്കും ലജ്ജിച്ചു തലതാഴ്ത്താം.
ഒരു ദേശീയ പത്രം പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ അടിത്തറയിളക്കുന്നതാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് അംഗങ്ങളും ചേർന്ന കമ്മിഷനിൽ നിയമവ്യവസ്ഥയെ കാറ്റിൽപറത്തുന്ന കാര്യങ്ങൾ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റേതായി പുറത്തുവന്ന പല തീരുമാനങ്ങളിലും രണ്ടു തെരഞ്ഞടുപ്പ് കമ്മിഷണർമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന കാര്യമാണ് പത്രം വെളിപ്പെടുത്തിയത്. അതായത് നടപ്പായത് ഗ്യാനേഷ് കുമാറിന്റെ സ്വേച്ഛാധിപത്യം. പിറകിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിഴലും തെളിഞ്ഞുവരുന്നു.
കമ്മിഷനിൽ വിയോജിപ്പുണ്ടായാൽ ഭൂരിപക്ഷ പ്രകാരം തീരുമാനമെടുക്കണമെന്നാണ് നിയമം. 2025 ഒക്ടോബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലത്തുമാത്രം, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എടുത്ത പതിനാല് തീരുമാനങ്ങളിൽ സഹകമ്മിഷണർമാരായ സുഖ്ബിർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വിയോജിപ്പുകൾക്ക് തരിമ്പും വില കൽപിക്കാതെ തീരുമാനമെടുത്തെങ്കിൽ അതിനർഥം തെരഞ്ഞെടുപ്പ് കമ്മിഷൻ വെറും നോക്കുകുത്തിയായി എന്നല്ലാതെ മറ്റെന്താണ്?
പുതിയ വോട്ടർമാർക്കുള്ള ഫോം ആറിൽ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും അതിന് കേന്ദ്രസർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും വിവേക് ജോഷി ചൂണ്ടിക്കാണിച്ചിരുന്നു. അതുപോലെ, വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) കഴിഞ്ഞ എസ്ഐആറിൽ അപേക്ഷകന്റെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരുണ്ടോ എന്ന് ചോദ്യം ഉന്നയിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയത് ‘അനധികൃതവും നിയമവിരുദ്ധവുമാണ്’ എന്ന് ഇലക്ഷൻ കമ്മിഷണർ സന്ധുവും രേഖപ്പെടുത്തിയിട്ടുണ്ട്.
വോട്ടർപട്ടിക ഡാറ്റാബേസിന്റെ കേന്ദ്രീകരണത്തെയും ഫീൽഡ് ഓഫിസർമാർക്ക് ERONet പോർട്ടലിലേക്ക് പൂർണമായ പ്രവേശനം നൽകാത്തതിനെയും രണ്ട് കമ്മിഷണർമാരും എതിർത്തിരുന്നു. വോട്ടർമാരുടെ യോഗ്യത നിശ്ചയിക്കാനുള്ള നിയമപരമായ അധികാരമുള്ള ബൂത്ത് ലെവൽ ഓഫിസർമാരെ മറികടന്ന് കേന്ദ്ര ഡാറ്റാബേസിൽ മാറ്റംവരുത്തി വോട്ടർമാരെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്തുവെന്നതാണ് ഈ തീരുമാനങ്ങളുടെ ഗുരുതരമായ ഭവിഷ്യത്ത്.
ബംഗാളിൽ 27 ലക്ഷത്തോളം പേരാണ് വോട്ടർപട്ടികയിൽനിന്ന് പുറത്തായത്. എന്നാൽ ട്രൈബ്യൂണലുകളിൽ വന്ന അപ്പീലിൽ ഒഴിവാക്കപ്പെട്ടവരിൽ പത്തിൽ ഒമ്പതു പേരെയും യോഗ്യരാണെന്നു കണ്ടെത്തി തിരിച്ചെടുത്തു. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വോട്ടർമാരെ സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതും വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത പൗരന്റെ തലയിൽ കെട്ടിവയ്ക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിനു ഭീഷണിയാണ്.
സിഇസി സ്ഥാനത്തേക്കുള്ള ഗ്യാനേഷ് കുമാറിന്റെ തെരഞ്ഞെടുപ്പുതന്നെ വിവാദത്തോടെയായിരുന്നു. സുപ്രീംകോടതിയുടെ അനൂപ് ബരൺവാൾ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടന്ന്, ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. “സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമാകണം; അത് അങ്ങനെയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം.” കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ ജസ്റ്റീസ് ദിപാങ്കർ ദത്ത നടത്തിയ ഈ നിരീക്ഷണം ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഹൃദയത്തോട് ചേർത്തുപിടിക്കണം.
ഈ സാഹചര്യത്തിൽ ‘വോട്ട് ചോരി’യുടെ മുഖ്യ കാരണക്കാരനായ മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജൻ സി പോരാളികളായ കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് . ഒരു ജൻ സി പ്രക്ഷോഭത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞതാണ് കേന്ദ്രസർക്കാർ. രാജ്യം ഒരിക്കൽകൂടി പാറ്റകൾക്കു നേരേ ഉറ്റുനോക്കുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.
ജനാധിപത്യത്തോട് തെല്ലെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ കേന്ദ്രസർക്കാർ രാജ്യമെങ്ങും പടരാനിടയുള്ള പ്രക്ഷോഭം ഒഴിവാക്കാനുള്ള വിവേകം കാണിക്കണം. കമ്മിഷനിലുള്ള ജനവിശ്വാസം വീണ്ടെടുക്കാൻ മുഖ്യ കമ്മിഷണർ രാജിവയ്ക്കണം. കേന്ദ്രസർക്കാരിന്റെ കുഴലൂത്തുകാർക്കുള്ളതല്ല മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എന്ന സ്ഥാനം. കമ്മിഷനിലെ അഭിപ്രായവ്യത്യാസം ജനാധിപത്യത്തിന്റെ തെളിവാണെന്നും മറ്റുമുള്ള പ്രചാരവേലയുമായി ഫാസിസത്തിന്റെ ഗെയിംപ്ലാൻ തുടരാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഭാവമെങ്കിൽ ജന്തർമന്തറിലെ മുൻ അനുഭവം ഒന്നോർക്കുന്നത് നല്ലതാണ്. അധികാരക്കസേരകൾക്കുമേൽ യുവശക്തിയുടെ സുനാമി ആഞ്ഞടിക്കുന്ന കാലം വിദൂരമല്ല.