Editorial Audio
ഇതു ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരപഭ്രംശം... തിയറ്ററുകളെ വിറപ്പിച്ച കൊടുമൺ പോറ്റിയുടെ കൊലച്ചിരിക്കുമുന്നിൽ രജതകമലം വീണു. നടൻ കാർത്തിക് ആര്യനൊപ്പം 2024ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം വട്ടം മമ്മൂട്ടിക്ക്. അപ്പോൾ ന്യൂയോർക്കിലെ ന്യു ജഴ്സി സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമയുദ്ധത്തിനൊരുങ്ങുകയായിരുന്നു. അത് ആവേശത്തിനു തീകൊളുത്തിയ കായികമാമാങ്കമെങ്കിൽ ഇതു ഭ്രമിപ്പിക്കുന്ന കല. ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം..! ഛായാഗ്രഹകൻ ഷഹനാദ് ജലാൽ, ഗായിക വൈക്കം വിജയലക്ഷ്മി, മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെ സഹനടിയായ മലയാളി സജന നമിദാസ്, മികച്ച മലയാള ചിത്രം "ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറക്കാർ... പ്രതിഭകളേ, ഈ ലോകകപ്പാരവത്തിലും നിങ്ങളുയർത്തിയ കപ്പിൽ തിളങ്ങുന്നു കേരളം. നന്ദി!
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര മത്സരങ്ങളിൽ മുന്നിൽനിന്നത് മലയാള സിനിമകളായിരുന്നെന്നാണ് ജൂറി അധ്യക്ഷനും സംവിധായകനുമായ ജയരാജ് അറിയിച്ചത്. സൂചനകൾവച്ച്, പുരസ്കാരം ലഭിച്ചില്ലെങ്കിലും രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച ചിത്രമായിരുന്നു. എല്ലാ ജൂറി അംഗങ്ങൾക്കും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ അതായിരുന്നെന്ന ജൂറി അധ്യക്ഷന്റെ വാക്കുകൾ മലയാളത്തിനുള്ള അംഗീകാരമാണ്. ബംഗാളി സിനിമയിൽ പാടിയ ശ്രേയ ഘോഷാലുമായിട്ടായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ മത്സരം.
"അങ്ങു വാനക്കോണില് മിന്നിനിന്നൊരന്പിളീ...' ആ ശബ്ദവും ശൈലിയും ഒടുവിൽ വിധികർത്താക്കളെ കീഴടക്കി. "അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്ന ചിത്രത്തിലെ പാട്ടിലൂടെ വിജയലക്ഷ്മി മികച്ച ഗായിക. ഫീച്ചര് ഫിലിം വിഭാഗത്തില് മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ. സംസ്ഥാനത്തെ മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ദേശീയതലത്തിലും ശ്രദ്ധ നേടി. 2010ൽ പുറത്തിറങ്ങിയ ചിത്രസൂത്രം എന്ന സിനിമയിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഷഹനാദ് ജലാൽ അതേ ചിത്രത്തിൽതന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിലൂടെ ദേശീയപുരസ്കാരവും.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ, കാഷ്മീരിന്റെ കഥ പറയുന്ന "ആർട്ടിക്കിൾ 370', രൺദീപ് ഹൂഡയെ മികച്ച നവാഗതസംവിധായകനാക്കിയ "സ്വാതന്ത്ര്യ വീരസവർക്കർ' എന്നിവയൊക്കെ രാഷ്ട്രീയം പറയുന്നവയാണ്. പക്ഷേ, കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും കഥ പറയുന്ന "ഭ്രമയുഗം' കക്ഷിതാത്പര്യങ്ങളില്ലാത്തതും സാർവത്രിക വീക്ഷണമുള്ളതുമായ ഭരണകൂടതാത്പര്യങ്ങളെ പുറത്തെടുക്കുന്നുണ്ട്. പോറ്റിയുടെ പൈശാചികമായ ചിരി ഉള്ളിലൊളിപ്പിച്ച ചാത്തനിലൊതുങ്ങില്ല. അത് വിട്ടൊഴിയാത്ത അധികാരഭ്രമത്തിന്റേതാണ്. അതിനെ എതിർത്തുകൊണ്ടിരുന്നവരും അധികാരമോതിരം അഥവാ ചെങ്കോൽ ലഭിക്കുന്പോൾ ആ ചിരി ഏറ്റെടുക്കുന്നത് ഭ്രമയുഗത്തിൽ കാണാം.
ഏതു പ്രേതകഥയും മനുഷ്യനെ വെളിപ്പെടുത്താനുള്ളതാണ്. ഭ്രമയുഗം ഉജ്വലമായി അതു നിർവഹിച്ചു. ആ അധികാരം രാഷ്ട്രീയത്തിൽ മാത്രമല്ല, കാട്ടിലും നാട്ടിലും വീട്ടിലുമുണ്ടെന്നത് ഭ്രമയുഗത്തിന്റെ അധികദൃശ്യമാണ്. അതു പോറ്റിയല്ല, ചാത്തനല്ല... മമ്മൂട്ടി അഭിനയിക്കുന്നതാണെന്ന് എത്ര ഓർമിപ്പിച്ചാലും അടുത്ത നിമിഷം നാമതു മറന്നുപോകും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ "ഭ്രമയുഗം' ലോസ് ആഞ്ചലസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചപ്പോൾ അവതാരക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് മോളിവുഡ് ലെജൻഡ് എന്നാണ്. വലിയ കൈയടി ലഭിച്ചു. പക്ഷേ, അദ്ദേഹം മലയാളസിനിമയിലെയല്ല, ലോകസിനിമയിലെ ഇതിഹാസങ്ങൾക്കൊത്ത പ്രകടനമാണു നടത്തിയത്. "കാട് കടലിനെ സന്ധിക്കുന്നിടം' എന്ന വിഭാഗത്തിലായിരുന്നു, മനുഷ്യൻ ദുഷ്ടാരൂപിയെ സന്ധിക്കുന്ന "ഭ്രമയുഗം' ഓസ്കർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. 27 വർഷം മുന്പാണ് മമ്മൂട്ടിക്കു പത്മശ്രീ ലഭിച്ചത്. നാലു ദേശീയ പുരസ്കാരങ്ങൾ, സംസ്ഥാനത്ത് ഏഴു തവണ മികച്ച നടൻ, മറ്റനേകം പുരസ്കാരങ്ങൾ, നാനൂറിലേറെ സിനിമകൾ... ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം.
Tags : DEEPIKA EDITORIAL NATIONAL FILM AWARDS BRAMAYUGAM