Editorial Audio
ജീവിതംപോലെയാണ് കളിയും. നമ്മൾ എതിർവലയിൽ നിറയെ ഗോൾ സ്വപ്നം കാണും. ഉണരുമ്പോൾ സ്വന്തം വലയിൽ കൈനിറയെ തന്ന് അത് ക്രൂരമായി പുഞ്ചിരിക്കും. ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ ഫുട്ബോൾ മാന്ത്രികനായ ലയണൽ മെസിയും മൈതാനത്ത് കവിതയെഴുതുന്ന അർജന്റീനയും അവരുടെ കോടിക്കണക്കിന് ആരാധകരും മോഹിച്ചതല്ല ന്യൂജഴ്സിയിലെ സ്റ്റേഡിയത്തിൽ സംഭവിച്ചത്. സ്പാനിഷ് അർമാഡയുടെ സമ്പൂർണ ആധിപത്യം. ഒരു ജനതയുടെ അർമാദത്തിന് തിരികൊളുത്തി ഫെറാൻ ടോറസിന്റെ ഗോൾ. വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!
അനിശ്ചിതത്വമാണ് കളിയുടെ സൗന്ദര്യം. പലപ്പോഴും അത് അങ്ങേയറ്റം ക്രൂരമാകുമെന്നു മാത്രം. മെസിയെപ്പോലൊരു മഹാപ്രതിഭ രണ്ടാമതൊരു ലോകകപ്പ് ആഗ്രഹിച്ചത് തെറ്റല്ല. അർജന്റീനയും ആരാധകരും മോഹിച്ചതും തെറ്റല്ല. പക്ഷേ, മോഹങ്ങൾക്കപ്പുറമുള്ള ചില കടുത്ത യാഥാർഥ്യങ്ങളാണ് മൈതാനത്ത് ചരിത്രമെഴുതുന്നത്. ഒപ്പം, ലോകത്തെ ഒരുമിപ്പിക്കുന്ന ഫുട്ബോൾ എന്ന സ്വപ്നസന്നിഭമായ കലയെ നിലനിർത്തുന്നതും.
ബോൾ പൊസഷൻ 65 ശതമാനം. 20 ഷോട്ടുകളിൽ പന്ത്രണ്ടും ലക്ഷ്യത്തിലേക്ക്. പാസുകളിൽ 89 ശതമാനം കൃത്യത. ഒന്നിനെതിരേ ഒമ്പതു കോർണർ കിക്കുകൾ. സ്പെയിനിന്റെ അടക്കിവാഴലിന്റെ നേർചിത്രം. ടൂർണമെന്റിലുടനീളം കളിച്ച എട്ടു മത്സരങ്ങളിൽനിന്ന് ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധക്കോട്ട. അതേസമയം, ഒരു ചുവപ്പുകാർഡും അഞ്ച് മഞ്ഞക്കാർഡുകളും അർജന്റീനയുടെ സമ്മർദത്തിനു തെളിവായി.
മെസി മൈതാനത്ത് അദൃശ്യനായിരുന്നില്ല. ചെറിയൊരവസരം മുതലാക്കി വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ള ആ പ്രതിഭയെ മാത്രം പിന്തുടരുകയെന്ന അബദ്ധം സ്പെയിൻ പ്രതിരോധം കാണിച്ചില്ല. മെസിയെ മാത്രം പൂട്ടാൻ ആരെയും നിയോഗിച്ചതുമില്ല. പകരം, സാധാരണയായി അദ്ദേഹം കളി തീരുമാനിക്കുന്ന സാഹചര്യങ്ങളെത്തന്നെ അവർ ഇല്ലാതാക്കുകയായിരുന്നു. കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയും അദ്ദേഹത്തിന്റെ കളിക്കാരും അർജുനനെപ്പോലെ കിളിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ.
രണ്ടു തവണ ഫൈനലിൽ. രണ്ടു തവണയും ചാമ്പ്യന്മാര്. അതാണ് സ്പെയിനിന്റെ ലോകകപ്പ് നേട്ടം. ലോകകപ്പ് നേടിയ ആ രണ്ടു ടീമുകളും പന്തിനെ വിശ്വസിക്കുകയും പന്തടക്കത്തെ കളിയുടെ നിയന്ത്രണത്തിനുള്ള മാർഗമായി കാണുകയും ചെയ്തു. എന്നാൽ, സാദൃശ്യം അത്രമാത്രം. ചാവി, ആന്ദ്രെ ഇനിയെസ്റ്റ, സാവി അലോൺസോ എന്നീ അസൂയാവഹമായ ത്രയം ഉൾപ്പെട്ട 2010ലെ ടീം ചെറിയ പാസുകളുടെ ടിക്കി-ടാക്കയിൽ അഭിരമിക്കുകയായിരുന്നു. ഇത്തവണയാകട്ടെ ടിക്കി-ടാക്കയുടെ വേഗമേറിയ ന്യൂജൻ പതിപ്പായിരുന്നു ചാമ്പ്യൻഷിപ്പിലുടനീളം സ്പെയിനിനെ അപ്രതിരോധ്യരാക്കിയത്.
അപ്രതീക്ഷിത വിജയങ്ങൾ, നാടകീയമായ തിരിച്ചുവരവുകൾ, മനോഹരമായ ഗോളുകൾ, കളിച്ചെപ്പിലെ വൻതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ എന്നിവകൊണ്ട് ആവേശകരമായിരുന്നു ഈ ലോകകപ്പ്. വിവാദങ്ങളും കുറവായിരുന്നില്ല. ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പോലുള്ള പുതിയ പരിഷ്കാരങ്ങൾക്കെതിരേയുള്ള വിമർശനങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചില ഇടപെടലുകളും വരെ ചൂടേറിയ ചർച്ചയായി.
വിഎആർ എന്നറിയപ്പെടുന്ന വീഡിയോ റിവ്യൂ സംവിധാനവും തർക്കവിഷയമായി. ജർമനി, ക്രോയേഷ്യ, ഈജിപ്ത് തുടങ്ങിയ ടീമുകളുടെ ചില നിർണായക ഗോളുകൾ നിഷേധിക്കപ്പെട്ടു. യുഎസ് ഭരണകൂടത്തിന്റെ യാത്രാനിയന്ത്രണങ്ങൾ രാഷ്ട്രീയ പകപോക്കലെന്നും വംശീയമെന്നും മുദ്രകുത്താനിടയായി. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് റദ്ദാക്കാനുള്ള ട്രംപിന്റെ ഇടപെടൽ അങ്ങേയറ്റം പരിഹാസ്യമായി.
48 ടീമുകളുടെ ജംപോ ഫോർമാറ്റും തുടക്കത്തിൽ വിമർശനത്തിനു കാരണമായെങ്കിലും കേപ് വെർദെ, കോംഗോ, കുറസാവോ തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കി പുതിയ ആരാധകരെ നേടിയെടുത്തു. റൗണ്ട് ഓഫ് 32ൽ കയറിയ കേപ് വെർദെ സ്പെയിനിനെയും അർജന്റീനയെയും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ നാൽപ്പതുകാരനായ ഗോളി വൊസീഞ്ഞയും താരമായി.
ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലണ്ട്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം തുടങ്ങിയ ലോകത്തിലെ മുൻനിര കളിക്കാർ ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ചു പൊരുതി. 10 ഗോളുകളും ആകെ 22 ലോകകപ്പ് ഗോളുകളും എന്ന റിക്കാർഡുമായി എംബപ്പെ മുന്നിൽ നിന്നു. സ്പെയിനിന്റെ റോഡ്രി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. തന്റെ അവസാന ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല. സ്പെയിനിന്റെ പത്തൊമ്പതുകാരൻ ലാമിൻ യമാൽ പടപ്പുറപ്പാട് തുടങ്ങിയതേയുള്ളൂ. ഇനിയുമെത്രയോ ലോകകപ്പുകൾ പയ്യനെ കാത്തിരിക്കുന്നു.
ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല. അത് ദൃഢനിശ്ചയത്തിന്റെയും ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും സിംഫണിയാണ്. വിജയത്തിലേക്കെത്തുന്ന ഓരോ മുന്നേറ്റത്തിനും പ്രതിരോധത്തിനും പിന്നിൽ അചഞ്ചലമായ പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും. സ്കോട്ടിഷ് ഇതിഹാസ പരിശീലകൻ ബിൽ ഷാങ്ക്ലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്: “ചിലർ കരുതുന്നത് ഫുട്ബോൾ ജീവന്മരണ പോരാട്ടമാണെന്നാണ്. അതിനോടെനിക്കു വിയോജിപ്പുണ്ട്. ഫുട്ബോൾ അതിനേക്കാളും എത്രയോ മുകളിലാണ്!’’ ഇത് ഡോണൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമൊക്കെ തിരിച്ചറിയേണ്ട പരമസത്യമാണ്.
ഫുട്ബോളിന് പുതിയൊരു ലോകചാമ്പ്യനെ കിട്ടി. അതിനിടയിൽ താരോദയങ്ങളുണ്ടായി. അസ്തമയങ്ങളുണ്ടായി. പലരുടെയും കണ്ണീരു വീണു. വിദ്വേഷവാക്കുകൾ അന്തരീക്ഷത്തിൽ അലയടിച്ചു. കളിയെ കൊഞ്ഞനംകുത്തുന്ന ശുദ്ധമായ കച്ചവടം നടന്നു. വംശീയതയുടെ വിഷപ്പാമ്പുകൾ പുളഞ്ഞു. എന്നിട്ടും ഫുട്ബോളെന്ന മാന്ത്രികകലയുടെ കൊടിപ്പടം താഴ്ത്താൻ ഒരു വിജിഗീഷുവിനും കഴിഞ്ഞില്ല.
വിവ ഫുട്ബോൾ!
Tags : EDITORIAL DEEPIKA Football