x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

05
SEP
2026

എ​യ്ഡ്സ് സ്വ​കാ​ര്യ​ത മ​റ്റൊ​രാ​ളെ ച​തി​ക്കാ​നു​ള്ള​ത​ല്ല

Editorial Audio


Published: September 5, 2026 12:00 AM IST | Updated: September 4, 2026 11:32 PM IST

വി​വാ​ഹി​ത​രാ​കു​ന്ന​വ​ർ​ക്ക് എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഥ​വാ എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ ആ​ർ​ക്കാ​ണ് കു​ഴ​പ്പം? മു​ഖ്യ​മാ​യും, ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ​ട​രു​ന്ന എ​യ്ഡ്സ് എ​ന്ന മാ​റാ​വ്യാ​ധി മ​റ​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്. ആ​ർ​ക്കാ​ണ് ര​ക്ഷ? ഇ​ത്ത​ര​മൊ​രു രോ​ഗാ​വ​സ്ഥ മ​റ​ച്ചു​വ​യ്ക്കു​ന്ന വ്യ​ക്തി​യെ വി​വാ​ഹം ക​ഴി​ച്ചു നി​ത്യ​രോ​ഗി​യാ​കേ​ണ്ടി വ​രു​ന്ന പ​ങ്കാ​ളി​ക്കും ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കും. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും പ​ല​വി​ധ ജോ​ലി​ക​ൾ​ക്കും ഇ​ത്ത​രം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ണം.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ഒ​രു ട്രെ​യി​നി​ൽ ക​യ​റാ​നോ വി​നോ​ദ​യാ​ത്ര പോ​കാ​നോ പോ​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​മാ​ണി​ത്. പ​ക്ഷേ, ഒ​രു ആ​യു​ഷ്കാ​ല യാ​ത്ര​യു​ടെ പ​ങ്കാ​ളി​ക്ക് ഇ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കും. സ്ത്രീ​ക​ളെ വീ​ട്ടി​ലൊ​തു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​ൻ, എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​യു​ന്ന​വ​രു​മാ​യി സാ​മാ​ന്യ​വ​ത്ക​രി​ച്ച് മു​ഖ​പ്ര​സം​ഗ​മെ​ഴു​താ​ൻ വ​രെ മ​ടി​യി​ല്ലാ​ത്ത സ്ഥി​തി​യാ​യി.

അ​ത്ത​രം വോ​ട്ടു​രാ​ഷ്‌​ട്രീ​യ​ത്തെ തി​ര​സ്ക​രി​ക്കു​ന്ന​തി​നൊ​പ്പം, എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ക്കു​ക​യും വേ​ണം. പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​തു ന​ട​പ്പാ​യി. കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണം. മ​നു​ഷ്യ​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ ത​ക​ർ​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്ഐ​വി (ഹ്യൂ​മ​ൻ ഇ​മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി വൈ​റ​സ്) ആ​ണ് കാ​ര​ണം. ഇ​ത് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ്ര​ധാ​ന​മാ​യും പ​ക​രു​മെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നി​ന് ഉ​ൾ​പ്പ​ടെ സി​റി​ഞ്ചു​ക​ൾ കൈ​മാ​റു​ന്ന​വ​ർ​ക്കും പ​ക​രും.

എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ ര​ക്തം സ്വീ​ക​രി​ച്ച ഒ​ട്ടേ​റെ​പ്പേ​ർ​ക്കും ഇ​തു ബാ​ധി​ച്ചി​ട്ടു​ണ്ട്. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ രോ​ഗ​മ​റി​യാ​ത്ത ഭാ​ര്യ​മാ​രും അ​വ​ർ മു​ല​യൂ​ട്ടി​യ കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ന​ര​കി​ക്കേ​ണ്ടി​വ​ന്നി​ട്ടു​മു​ണ്ട്. അ​താ​യ​ത്, എ​യ്ഡ്സ് രോ​ഗി​ക​ളെ​ല്ലാം മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രോ ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ത്തി​ൽ ജീ​വി​ച്ച​വ​രോ അ​ല്ല. അ​വ​ർ അ​വ​മ​തി​ക്ക​പ്പെ​ടേ​ണ്ട​വ​രു​മ​ല്ല. പ​ക്ഷേ, ആ​രോ​ഗ്യ​വാ​നാ​യ മ​റ്റൊ​രാ​ൾ ഇ​തി​ന്‍റെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല.

അ​തു​കൊ​ണ്ടാ​ണ്, സ്ത്രീ-​പു​രു​ഷ​ന്മാ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ​യും മാ​ത്രം വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. എ​ച്ച്ഐ​വി ബാ​ധി​ത​രോ​ട് എ​ന്ന​പോ​ലെ, ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ അ​തു ബാ​ധി​ക്കാ​നി​ട​യു​ള്ള​വ​രോ​ടും രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും വ്യ​ക്തി​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ണ്ട്.

കെ​എ​സ്എ​സി​എ​സി (കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി)​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, 2022ൽ ​പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ൾ ഒ​ന്പ​തു ശ​ത​മാ​ന​മാ​യി​രു​ന്നു. 2024ൽ ​ഇ​തു 14.2 ശ​ത​മാ​ന​മാ​യും 2025ൽ 15.4 ​ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. 2025-26 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​ത് 29 ശ​ത​മാ​ന​മാ​യി. വി​വാ​ഹ​ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല എ​യ്ഡ്സ് വ്യാ​പ​നം. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 52 പു​തി​യ എ​ച്ച്ഐ​വി കേ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​യി​രു​ന്നു സ്വ​വ​ർ​ഗ​ര​തി​യി​ലൂ​ടെ (എം​എ​സ്എം) പ​ക​ർ​ന്ന​ത്.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ലെ 10 കേ​സു​ക​ളി​ൽ ഏ​ഴും എം​എ​സ്എം ആ​യി​രു​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും ഇ​തു വ്യാ​പി​ക്കു​ക​യാ​ണ്. 2030ൽ ​ലോ​കം എ​യ്ഡ്സ് മു​ക്ത​മാ​ക്ക​ണ​മെ​ന്ന​താ​ണ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ല​ക്ഷ്യം. 2025ൽ​ത​ന്നെ ഇ​തു സാ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. പ​ക്ഷേ, 2023-25 വ​രെ​യു​ള്ള മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ മാ​ത്രം 4,477 പേ​ർ​ക്ക് എ​യ്ഡ്സ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ലോ​ക ലൈം​ഗി​കാ​രോ​ഗ്യ​ദി​ന​മാ​യി​രു​ന്നു.

പ്ര​ധാ​ന​മാ​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ​ക​രു​ന്ന​തും ഗു​രു​ത​ര​വും ചി​കി​ത്സ ഇ​ല്ലാ​ത്ത​തു​മാ​യ ഒ​രു രോ​ഗം പ​ട​ർ​ത്താ​നു​ള്ള അ​വ​കാ​ശം, സ്വ​കാ​ര്യ​ത​യു​ടെ മ​റ​വി​ൽ ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് എ​ങ്ങ​നെ​യാ​ണ് ഈ ​ദി​നം സ​ത്യ​സ​ന്ധ​മാ​യി ആ​ച​രി​ക്കാ​നാ​കു​ന്ന​ത് എ​ന്ന ല​ളി​ത​മാ​യ ചോ​ദ്യ​മാ​ണ് മു​ന്നി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലെ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണം 23,000 ക​വി​ഞ്ഞെ​ന്നും 15നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളി​ൽ ഇ​തു വ്യാ​പി​ക്കു​ക​യാ​ണെ​ന്നും തി​രി​ച്ച​റി​യ​ണം.

2006ലും 2019​ലും ഗോ​വ സ​ർ​ക്കാ​ർ വി​വാ​ഹ​ത്തി​നു മു​ൻ​പ് ദ​മ്പ​തി​ക​ൾ​ക്ക് എ​ച്ച്ഐ​വി പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദേ​ശീ​യ എ​യ്ഡ്സ് നി​യ​ന്ത്ര​ണ ന​യ​പ്ര​കാ​രം (National AIDS Control Policy) ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ വ്യ​ക്തി​ക​ളു​ടെ സ്വ​മേ​ധ​യാ ഉ​ള്ള സ​മ്മ​ത​ത്തോ​ടെ​യും ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യും മാ​ത്ര​മാ​യി​രി​ക്ക​ണം എ​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. പ​ക്ഷേ, ഈ ​സം​ര​ക്ഷി​ത​ന് മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും കി​ട​പ്പ​റ​യി​ലേ​ക്കും നി​യ​മാ​നു​സൃ​തം ക​ട​ന്നു​ക​യ​റാം, രോ​ഗം വി​ത​യ്ക്കാം; എ​ന്താ​ല്ലേ?

എ​യ്ഡ്സി​നു കാ​ര​ണ​മാ​യ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ സ്വ​കാ​ര്യ​ത തീ​ർ​ച്ച​യാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പ​ക്ഷേ, അ​ത് ഒ​ളി​പ്പി​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​യി ജീ​വി​ത​പ​ങ്കാ​ളി​യെ​യും മ​ക്ക​ളെ​യും രോ​ഗി​ക​ളാ​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യ​ല്ല, ച​തി​യാ​ണ്. സ്വ​കാ​ര്യ​ത ഒ​രാ​ളു​ടേ​തു മാ​ത്ര​മാ​ണ്; പ​ക്ഷേ, കു​ടും​ബം എ​ല്ലാ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മു​ള്ള മ​റ്റൊ​രാ​ളു​ടേ​തു​കൂ​ടി​യാ​ണ്. മ​റ്റൊ​രാ​ളെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി ജീ​വി​തം തു​ല​യ്ക്കു​ന്ന​തി​നോ​ളം നീ​ളു​ന്ന​താ​ണ് ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യെ​ങ്കി​ൽ അ​തി​നോ​ളം കാ​പ​ട്യം മ​റ്റൊ​ന്നി​ല്ല.

എ​യ്ഡ്സ് രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു വി​വാ​ഹ​ബ​ന്ധ​വും കി​ട​പ്പ​റ​യു​മൊ​രു​ക്കാ​ൻ സ്വ​കാ​ര്യ​താ​വാ​ദി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ത​യാ​റാ​ക​ട്ടെ. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ നി​ബ​ന്ധ​ന​യാ​ക്ക​ണം.

Tags : EDITORIAL DEEPIKA

Recent News

Corehub Up