x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
JUL
2026

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ ധ​​ർ​​മം പ്ര​​ധാ​​നം

Editorial Audio


Published: July 23, 2026 12:00 AM IST | Updated: July 22, 2026 10:31 PM IST

വിദ്യാ​​ഭ്യാ​​സമ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് സി​​ജെ​​പി​​യും വ്യ​​വ​​സ്ഥാ​​പി​​ത പ്ര​​തി​​പ​​ക്ഷ​​വും രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്തു ന​​ട​​ത്തു​​ന്ന സ​​മ​​രം മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​ച്ച് ശ​​ക്ത​​മാ​​കു​​ക​​യോ കൈ​​വി​​ട്ടു പോ​​കു​​ക​​യോ ആ​​ണ്. കാ​​ര​​ണം, പാ​​ർ​​ല​​മെ​​ന്‍റി​​ലോ പു​​റ​​ത്തോ ച​​ർ​​ച്ച​​ക​​ളൊ​​ന്നും ന​​ട​​ന്നി​​ല്ലെ​​ങ്കി​​ലും മ​​ന്ത്രി​​യെ സം​​ര​​ക്ഷി​​ക്കാ​​നെ​​ന്നോ​​ണം സം​​സ്ഥാ​​ന ബി​​ജെ​​പി ഘ​​ട​​ക​​ങ്ങ​​ളും രാ​​ജ്യ​​ത്തു പ​​ല​​യി​​ട​​ത്തും തെ​​രു​​വി​​ലി​​റ​​ങ്ങി.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് കെ​​പി​​സി​​സി ഓ​​ഫീ​​സി​​ലേ​​ക്കു ബി​​ജെ​​പി ന​​ട​​ത്തി​​യ സ​​മ​​രം സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​യി. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലും ബി​​ഹാ​​റി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലു​​മൊ​​ക്കെ ബി​​ജെ​​പി-​​കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ഏ​​റ്റു​​മു​​ട്ടി. സ​​മ​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി​​യു​​ള്ള വി​​ദ്വേ​​ഷപ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​യി. പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു സ​​ഹാ​​യ​​ക​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ കാ​​ണു​​ന്നി​​ല്ല.

ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​വി പ​​ന്താ​​ടി​​യ വ​​കു​​പ്പി​​ന്‍റെ മ​​ന്ത്രി​​യെ നി​​ല​​നി​​ർ​​ത്താ​​നാ​​ണോ സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ബി​​ജെ​​പി​​യു​​ടെ​​യും ബ​​ലം​​പി​​ടി​​ത്തം? അ​​ല്ലെ​​ങ്കി​​ൽ, അ​​യോ​​ധ്യ​​യി​​ൽ ന​​ട്ടി​​രു​​ന്ന രാ​​ജ്യ​​ത്തി​​ന്‍റെ ക​​ണ്ണും കാ​​തും ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​യെ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​വും മു​​ന്നി​​ലു​​ണ്ട്. സം​​ഭാ​​വ​​ന​​ക്കൊ​​ള്ള​​യി​​ൽ കു​​ടു​​ങ്ങി​​യ ബി​​ജെ​​പി ര​​ക്ഷാ​​ക​​വാ​​ടം ക​​ണ്ടെ​​ത്തി.

ധാ​​ർ​​മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്ത് മ​​ന്ത്രി​​മാ​​ർ രാ​​ജി​​വ​​യ്ക്കു​​ന്ന​​തോ അ​​തി​​നാ​​യി പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തോ രാ​​ജ്യ​​ത്ത് ആ​​ദ്യ​​മ​​ല്ല. അ​​തൊ​​ക്കെ അ​​രാ​​ജ​​ക​​ത്വ​​മാ​​ണെ​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ​​യും സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ​​യും നി​​ല​​പാ​​ടി​​നു ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ സാ​​ധൂ​​ക​​ര​​ണ​​മി​​ല്ല. അ​​ത്ത​​രം സ​​മ​​ര​​ങ്ങ​​ൾ വ​​ൻ​​മ​​ര​​ങ്ങ​​ളെ വീ​​ഴ്ത്തു​​ക​​യും വാ​​ഴി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​മു​​ണ്ട്. പ​​ല​​തും തെ​​റ്റാ​​യി​​പ്പോ​​യി​​ട്ടു​​ണ്ടാ​​കാം.

പ​​ക്ഷേ, ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ അ​​നി​​വാ​​ര്യ ഘ​​ട​​ക​​ങ്ങ​​ളി​​ൽ ആ ​​പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്കും സ്ഥാ​​ന​​മു​​ണ്ട്. നീ​​റ്റ് യു​​ജി-​​സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷ​​ക​​ളി​​ൽ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യ​​ത്ര​​യും നേ​​രി​​ട്ടു ന​​ട​​ത്തി​​യ​​ത് കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ ആ​​ണെ​​ന്ന​​ല്ല അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ അ​​ർ​​ഥം. ധ​​ർ​​മേ​​ന്ദ്ര​​യോ​​ട് ധാ​​ർ​​മി​​ക​​ത കാ​​ണി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു എ​​ന്നേ​​യു​​ള്ളൂ. സ​​ർ​​ക്കാ​​രും പാ​​ർ​​ട്ടി​​യും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട മ​​ന്ത്രി​​ക്ക് ഒ​​രു​​ക്കു​​ന്ന സം​​ര​​ക്ഷ​​ണം ഗു​​ണ​​ക​​ര​​മാ​​കു​​മോ​​യെ​​ന്നു ക​​ണ്ട​​റി​​യ​​ണം.

ട്രെ​​യി​​ൻ അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ പേ​​രി​​ൽ 1956ൽ ​​നെ​​ഹ്റു മ​​ന്ത്രി​​സ​​ഭ​​യി​​ൽ​നി​​ന്നു രാ​​ജി​​വ​​ച്ച ലാ​​ല്‍ ബ​​ഹ​​ദൂ​​ര്‍ ശാ​​സ്ത്രി​​യാ​​ണ് വ​​കു​​പ്പി​​ന്‍റെ പി​​ഴ​​വു​​ക​​ൾ​​ക്കു മ​​ന്ത്രി ധാ​​ർ​​മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്ന പാ​​ര​​ന്പ​​ര്യം തു​​ട​​ങ്ങി​​വ​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു രാ​​ജി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ലും തൊ​​ട്ട​​ടു​​ത്ത മാ​​സം വീ​​ണ്ടും അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തോ​​ടെ ശാ​​സ്ത്രി രാ​​ജി​​യി​​ൽ ഉ​​റ​​ച്ചു​​നി​​ന്നു. ആ ​​സം​​ഭ​​വം പ​​ക്ഷേ, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ്യ​​ക്തി​​ത്വ​​ത്തി​​നും സ​​ർ​​ക്കാ​​രി​​ന്‍റെ ‍അ​​ന്ത​​സി​​നും മാ​​റ്റു കൂ​​ട്ടി​​യ​​തേ​​യു​​ള്ളൂ.

1964ൽ ​​ശാ​​സ്​​ത്രി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കു​​ക​​യും ചെ​​യ്തു. നെ​​ഹ്റു​​വി​​ന്‍റെ വാ​​ക്കു​​ക​​ൾ രാ​​ജ്യ​​ത്ത് മു​​ഴ​​ങ്ങു​​ന്നു: “ട്രെ​​യി​​ന്‍ ദു​​ര​​ന്ത​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​യാ​​യി ശാ​​സ്ത്രി​​യെ ഞാ​​ന്‍ കാ​​ണു​​ന്നി​​ല്ല; അ​​തേ​​സ​​മ​​യം, ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ ഔ​​ചി​​ത്യ​​ത്തി​​ന്‍റെ വീ​​ക്ഷ​​ണ​​കോ​​ണി​​ല്‍​നി​​ന്നു ചി​​ന്തി​​ക്കു​​മ്പോ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം മാ​​തൃ​​കാ​​പ​​ര​​മാ​​ണ്.” തു​​ട​​ർ​​ന്നു​​ള്ള വാ​​ക്കു​​ക​​ളാ​​ണ് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ധാ​​ർ​​മി​​ക​​ത​​യെ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​ത്: “എ​​ന്ത് സം​​ഭ​​വി​​ച്ചാ​​ലും, അ​​തൊ​​ന്നും ന​​മ്മെ ബാ​​ധി​​ക്കി​​ല്ലെ​​ന്ന ചി​​ന്ത​​യി​​ൽ തു​​ട​​രാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന് ആ​​രും ക​​രു​​ത​​രു​​ത്.”

ആ ​​സം​​സ്കാ​​രം പി​​ന്നീ​​ടു ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി. 1958ൽ ​​ധ​​ന​​മ​​ന്ത്രി ടി.​​ടി. കൃ​​ഷ്ണ​​മാ​​ചാ​​രി, 1962ൽ ​​പ്ര​​തി​​രോ​​ധ​​മ​​ന്ത്രി വി.​​കെ. കൃ​​ഷ്ണ​​മേ​​നോ​​ൻ, 1987ൽ ​​പ്ര​​തി​​രോ​​ധ​​മ​​ന്ത്രി വി.​​പി. സിം​​ഗ്, 1999ൽ ​​റെ​​യി​​ൽ​​വേ മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ രാ​​ജി​വ​​ച്ചി​​രു​​ന്നു.

2000 ഡി​​സം​​ബ​​റി​​ൽ റെ​​യി​​ൽ​​വേ മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി ട്രെ​​യി​​ൻ അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ പേ​​രി​​ൽ രാ​​ജി​​ക്ക​​ത്തു സ​​മ​​ർ​​പ്പി​​ച്ചെ​​ങ്കി​​ലും പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന വാ​​ജ്പേ​​യി സ്വീ​​ക​​രി​​ച്ചി​​ല്ല. മ​​മ​​ത തു​​ട​​രു​​ക​​യും ചെ​​യ്തു. അ​​തു​​പോ​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ എ​​ത്ര​​യോ മ​​ന്ത്രി​​മാ​​രാ​​ണ് ത​​ങ്ങ​​ളു​​ടേ​​ത​​ല്ലാ​​ത്ത​​തെ​​ങ്കി​​ലും വ​​കു​​പ്പു​​ക​​ളി​​ലെ പി​​ഴ​​വു​​ക​​ളു​​ടെ ധാ​​ർ​​മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്ത് രാ​​ജി​​വ​​ച്ചി​​ട്ടു​​ള്ള​​ത്.

സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ ച​​രി​​ത്രം അ​​ധി​​കാ​​ര​​ത്തി​​ന്‍റേ​​തു മാ​​ത്ര​​മ​​ല്ല, അ​​ധി​​കാ​​ര​​മൊ​​ഴി​​യ​​ലി​​ന്‍റേ​​തു​​കൂ​​ടി​​യാ​​ണ്. അ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​നം ധാ​​ർ​​മി​​ക​​ത​​യാ​​ണ്. ധ​​ർ​​മേ​​ന്ദ്ര മ​​റ​​ന്ന ധ​​ർ​​മം യു​​വാ​​ക്ക​​ൾ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത് അ​​വ​​ർ അ​​രാ​​ജ​​ക​​വാ​​ദി​​ക​​ളാ​​യ​​തു​​കൊ​​ണ്ട​​ല്ല. ബി​​ജെ​​പി, പാ​​റ്റ​​ക​​ളെ​​ന്നു സ്വ​​യം വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന സി​​ജെ​​പി​​ക്കു ന​​ന്ദി പ​​റ​​യു​​ക​​യാ​​വാം.

കാ​​ര​​ണം, ഈ ​​സ​​മ​​രം രാ​​ജ്യ​​ത്തി​​ന്‍റെ ക​​ണ്ണും കാ​​തും അ​​യോ​​ധ്യ​​യി​​ൽ​​നി​​ന്നു ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​​ച്ചി​​ട്ടു​​ണ്ട്. അ​​തൊ​​രു ഗൂ​​ഢാ​​ലോ​​ച​​ന​​യ​​ല്ലാ​​യി​​രി​​ക്കാം. പ​​ക്ഷേ, അ​​യോ​​ധ്യ ​​സം​​ഭാ​​വ​​ന​​ക്കൊ​​ള്ള​​യി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​രാ​​യ ബി​​ജെ​​പി​​ക്കു ഡ​​ൽ​​ഹി താ​ത്കാ​ലി​ക ര​​ക്ഷാ​​ക​​വാ​​ട​​മാ​​യി​രി​ക്കാം. പ​​ക്ഷേ, അ​​യോ​​ധ്യ ഉ​​യ​​ർ​​ന്നു​​ത​​ന്നെ നി​​ൽ​​ക്കും.

Tags : Editorial Deepika

Recent News

Corehub Up