കള്ളാടിയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍
കൊച്ചി: വയനാട് കള്ളാടിയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുണ്ടെന്ന് ഹൈക്കോടതി.
പരിസ്ഥിതി അനുമതി ലഭിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ടു തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന അഥോറിറ്റി നിലപാടിനെ വിമര്‍ശിച്ചാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഉത്തരവാദിത്വത്തില്‍നിന്ന് അഥോറിറ്റിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു കോടതി വ്യക്തമാക്കി.
സംഭവത്തില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും മുന്‍കരുതല്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കള്ളാടി വിഷയവും പരിഗണിക്കുന്നത്.
Tags : Kalladi Landslide KeralaHighCourt DisasterManagementAuthority Responsible Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash