പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണം കോടതി ഇടപെടലിനെത്തുടര്‍ന്ന് വീണ്ടും വേഗംകൂടിയെങ്കിലും കുറ്റപത്രം നല്കാന് വൈകുമെന്ന് സൂചന. കൂടുതല്‍ അറസ്റ്റിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം വൈകാന്‍ സാധ്യത.
ഈ മാസം 31നകം കുറ്റപത്രം നല്‍കണമെന്നാണ് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്. ഇതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെയും മുന്‍ അംഗം അജികുമാറിനെയും പ്രത്യക സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം ജി. സുന്ദരേശന്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ റെജിലാല്‍ എന്നിവര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ റെജിലാലിനെതിരേ വ്യാജരേഖ നിര്‍മാണം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജോലി ചെയ്തിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പങ്കും ഇടപാടുകളും എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്. മുന്‍മന്ത്രിമാരിലേക്കും അന്വേഷണം നീളാനുള്ള സാധ്യത എസ്ഐടി തള്ളിക്കളയാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകുമെന്നറിയുന്നു.
സമ്പൂര്‍ണ കുറ്റപത്രം നല്കണമെങ്കില് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവരും. എന്നാല്‍ ഇതേ സമയം എസ്ഐടി നിലപാടില്‍ സര്‍ക്കാരിനുള്ളില്‍ മുറുമുറുപ്പുണ്ട്. അന്വേഷണം മന്ദഗതിയില്‍ പോകുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇടപെടാനും കഴിയുന്നില്ല. കുറ്റപത്രം 31ന് നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ എസ്ഐടിക്കെതിരേ നിലപാട് സ്വീകരിച്ചേക്കും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ ഇതിനോടകം പിടിയിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ അംഗം അജികുമാര്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടിവരും. ഇരുവരെയും ചോദ്യം ചെയ്യുന്നതോടെ 2025ല്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നു എസ്ഐടിക്ക് സാധിക്കും.
Tags : GoldTheft Investigation continue indictment Sabarimala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash