സുനിത വില്യംസ്.
ബംഗളൂരു: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ രാജ്യാന്തര സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്നു ബഹിരാകാശ ഗവേഷക സുനിത വില്യംസ്.
ചന്ദ്രനിലേക്കും ബഹിരാകാശത്തെ മറ്റിടങ്ങളിലേക്കുമുള്ള നമ്മുടെ യാത്ര മനുഷ്യജീവിയെന്ന നിലയിലായിരുന്നു; മറിച്ച് ഏതെങ്കിലുമൊരു രാജ്യക്കാരൻ എന്ന മേൽവിലാസത്തിൽ അല്ല-ഒന്‍പതാമത് ബംഗളുരു സ്പെയ്സ് എക്സ് പോയിൽ സംഘടിപ്പിച്ച അഭിമുഖ പരിപാടിയിൽ അവർ പറഞ്ഞു.
"വലിയ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ ദൗത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യാന്തര സഹകരണത്തിലൂടെ പ്രശ്നങ്ങൾക്കു വേഗത്തിൽ പരിഹാരം കണ്ടെത്താനാകും. ഭൂമിയിൽ നിന്ന് കൂടുതൽ അകലം മനുഷ്യൻ സഞ്ചരിക്കുന്പോൾ ബഹിരാകാശ നിലയങ്ങൾ ഭാവിയിൽ സ്വയംപര്യാപ്തമാകേണ്ടതുണ്ട്.
ഭൂമിയിൽ ഒരുപക്ഷേ ഏതു ചോദ്യത്തിനും ഫോണിൽ തിരഞ്ഞ് ഉത്തരം കണ്ടെത്താനാകും. എന്നാൽ ബഹിരാകാശ നിലയത്തിൽ ആ വിവരശേഖരം ഇല്ല. ഭൂമിയിൽ നിന്നാണ് ഉത്തരങ്ങൾ തേടുന്നത്. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കേണ്ടിവരും''-സുനിത വില്യംസ് പറഞ്ഞു.
ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിയിലേക്ക് തിരിച്ച് അയയ്ക്കുന്നതിനു പകരം യഥാർഥഫലം ലഭിക്കുന്ന ത്രിമാന അച്ചടി, വിവരങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിലയങ്ങളിൽ സജ്ജമാക്കണമെന്നും അവർ നിർദേശിച്ചു.
Tags : SunitaWilliams Bengaluru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash