എം.എ. ബേബി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിനു ശിപാർശ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ അപലപിച്ചു സിപിഎം പോളിറ്റ് ബ്യൂറോ.
വീണാ വിജയനെതിരായ അന്വേഷണം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവയ്ക്കാനുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് തുടക്കം മുതൽതന്നെ വ്യക്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവയ്ക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിതെന്നും സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള അവരുടെ നിരവധി നേതാക്കൾക്കെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് എതിർക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും ഉപയോഗിച്ച് പാർട്ടി ഈ രാഷ്ട്രീയ പകപോക്കലിനെ ചെറുക്കുമെന്നും സിപിഎം പറഞ്ഞു.
വിജിലൻസും ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് തള്ളിക്കളഞ്ഞിട്ടും പിണറായിക്കെതിരേ കേരള പൊലിസിനെക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ ആരൊക്കെയാണ് ഡീലിലെത്തിയിരിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.
Tags : CPM PolitBureau Condemns ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MABaby