Kerala
തൃശൂർ: സംസ്ഥാന സമിതി മാതൃകയിൽ വിപുലീകൃത ജില്ലാ കമ്മിറ്റികൾ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ ചേരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ പ്രവർത്തകരോ സിപിഎമ്മിൽ ഇല്ല. പാർട്ടി പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും പോരായ്മകളും ഉണ്ടായിരിക്കും.
വിട്ടുപോയ ആളുകളെ മടക്കിക്കൊണ്ടുവരും. കഴിഞ്ഞ സർക്കാരിനെതിരേ വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കുകയാണു ചെയ്തതെന്നും എം.എം. ബേബി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്, റിപ്പോർട്ടർ ചാനലിലെ പൊലിസ് നടപടിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്തട്ടെ.
ചാനലിൽ പരിശോധനയ്ക്കെത്തിയ പൊലിസ് വനിതകളടക്കമുള്ള മാധ്യമപ്രവർത്തകരുടെയും സ്ഥാപനത്തിന്റെയും ഫോണുകൾ പിടിച്ചുവച്ചു. സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസ് അന്വേഷിക്കാനാണ് എത്തിയതെന്നാണു പൊലിസ് പറഞ്ഞത്.
അതിന് എഡിറ്റോറിയൽ വിഭാഗത്തെ അന്വേഷണപരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നും എഡിറ്റോറിയൽ റൂമുകളിൽ കടന്നുചെന്നുള്ള അതിക്രമങ്ങൾ ഓർമയിലില്ലെന്നും എം.എ. ബേബി പറഞ്ഞു.
Kerala
കോഴിക്കോട്: ഒരാള്ക്കും ന്യായീകരിക്കാന് കഴിയാത്ത തോല്വിയാണ് നിയമസഭാ തെരഞ്ഞെടുപ്പില് പാര്ട്ടിക്കുണ്ടായതെന്നും തെറ്റുകള് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി. ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും വീഴ്ചകൾ എല്ലാം ഞങ്ങൾ തുറന്നു സമ്മതിക്കുന്നുവെന്നും ബേബി വ്യക്തമാക്കി.
സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്ക്കു സ്വന്തം കുടുംബത്തോടെന്നപോലെ കാര്യങ്ങള് പാര്ട്ടിയോട് പറയാം, തിരുത്താം. തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നതു വസ്തുതയാണ്.
തോൽവിക്ക് അതും പ്രധാന ഘടകമായിരുന്നു. പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവച്ച് ഇടതുമുന്നണിക്കെതിരേ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു.
സിപിഎമ്മും ആർഎസ്എസും തമ്മിൽ ധാരണയുണ്ടെന്ന തരത്തിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം നടന്നതുമാണ് തോൽവിയിലേക്കു നയിച്ച മറ്റ് പ്രധാന ഘടകങ്ങളെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി
ആർഎസ്എസുമായി സിപിഎം ധാരണയുണ്ടാക്കിയെന്ന ആരോപണത്തെ ആർഎസ്എസ് അക്രമത്തിനിരയായ പി. ജയരാജനെ വേദിയിലിരുത്തി പരാമർശിച്ചാണ് ബേബി മറുപടി പറഞ്ഞത്. ആർഎസ്എസുകാരുടെ കൊലക്കത്തിക്ക് എത്രയോ സഖാക്കൾ ഇരയായിട്ടുണ്ടെന്നും അവരുടെ ക്രൂരമായ ആക്രമണത്തെ അതിജീവിച്ച പി. ജയരാജൻ നമ്മോടൊപ്പം ഇവിടുണ്ടല്ലോ എന്നും ബേബി ഓർമിപ്പിച്ചു.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ അക്രമം ഏറ്റുവാങ്ങേണ്ടി വന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും മൊയാരത്ത് ശങ്കരനെ വധിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്മിപ്പിച്ചു. കേരളത്തിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാർത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
ഇപ്പോൾ പുതിയ രൂപത്തിൽ ഇഡി രംഗത്തെത്തി കള്ളക്കഥകൾ നിർമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേയെല്ലാം ഇഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയനീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപിക്കുമെന്നും പ്രതിസന്ധികളെ മറികടന്ന് സിപിഎം വിജയപാതയിൽ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വഴികളിലൂടെയും ആക്രമിക്കുന്നു: പിണറായി വിജയൻ
എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്നും എതിർപ്പ് ഉയരുന്നതു സിപിഎം വളര്ന്നതുകൊണ്ടാണെന്നും തുടര്ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന്, പി. രാജീവ്, പി. ജയരാജന് മറ്റ് ദേശീയ, സംസ്ഥാന നേതാക്കള് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രക്രിയയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനു പൂർണമായി വഴങ്ങാതെ സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിലും കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിലും പാർട്ടി കേരള ഘടകത്തിനു ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നു സമ്മതിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്നലത്തെ പാർട്ടി നടപടികൾ.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിഴവുകൾ ഒന്നൊന്നായി പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ചൂണ്ടിക്കാണിച്ചതോടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കു കാര്യങ്ങൾ എളുപ്പമായി.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചില കൂട്ടിച്ചേർക്കലുകൾ നടത്തി. ചില തിരുത്തലുകൾക്കു സിപിഎം മുതിർന്നതു സാധാരണ പാർട്ടി പ്രവർത്തകർക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വത്തില്നിന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട് അദ്ദേഹത്തിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കനത്ത പ്രഹരമായി.
കണ്ണൂരിൽ പാർട്ടിയുടെ ഉറച്ച സീറ്റുകളായ പയ്യന്നൂരിലും തളിപ്പറന്പിലും തോറ്റത് എം.വി. ഗോവിന്ദന്റെ പാളിച്ചയാണെന്നു ബേബി ചർച്ചയ്ക്കു മറുപടിയായി പറഞ്ഞതും മേലിൽ ഇത്തരം നടപടികൾ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നിർദേശിച്ചതു വാസ്തവത്തിൽ അതു ഗോവിന്ദനുള്ള ശാസനയായി മാറി. മറ്റൊന്നും ഈ അവസരത്തിൽ പാർട്ടി ആലോചിക്കുന്നില്ലെന്നും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ തിരുത്തിയേ മതിയാകൂവെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മുതിർന്ന നേതാവെന്ന നിലയിൽ പിണറായി വിജയനും മാറ്റങ്ങൾ ആവശ്യമാണെന്നു പിബി നിർദേശിച്ചു. പിണറായിക്കതിരേ ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾ അദ്ദേഹവും ഉൾക്കൊണ്ടു തിരുത്താൻ തയാറാകണമെന്നും പിബി നിർദേശിച്ചു.
ചുരുക്കത്തിൽ, ഗോവിന്ദനോടു കടുകട്ടിയായും പിണറായിയോടു കടുപ്പിച്ചും തന്നെയാണു പാർട്ടി പോളിറ്റ് ബ്യൂറോ നിലപാടു സ്വീകരിച്ചത്.
പി. ജയരാജനെയും വി. ശിവൻകുട്ടിയെയും എം.ബി. രാജേഷിനെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതു നേതൃതലത്തിൽ വന്ന ഒരു വലിയ തിരുത്തലായി വ്യാഖ്യാനിക്കാനാകില്ല.
പി. ജയരാജൻ അടുത്ത സമ്മേളനത്തിൽ പ്രായത്തിന്റെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിയേണ്ടിവരും. അതിനുമുന്പായുള്ള ഒരു പരിഗണനയായി മാത്രമെ പുതിയ നിയോഗത്തെ കാണാനാകൂ. പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരേ രൂക്ഷമായ വിമർശനമാണുണ്ടായത്. എന്നാൽ ചർച്ചയുടെ ഗൗരവമനുസരിച്ചുള്ള ഒരു തിരുത്തൽ ഉണ്ടായിട്ടില്ലായെന്നു തന്നെ പറയേണ്ടി വരും.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പൂർണമായും പ്രതിസ്ഥാനത്തു നിൽക്കുന്ന പാർട്ടി നേതൃത്വത്തിനെതിരേ ഒരു നടപടിയും കോഴിക്കോട്ട് സ്വീകരിച്ചുകണ്ടില്ല. ഇനി പ്രത്യേക ജില്ലാ കമ്മിറ്റികൾ ചേർന്നു തെറ്റുതിരുത്തൽ ചർച്ച നടത്തുമെന്നാണു ബേബിയും ഗോവിന്ദനും പറയുന്നത്. അപ്പോഴേക്കും സിപിഎം അതിന്റെ സംഘടനാ സമ്മേളനങ്ങളിലേക്കു കടക്കും.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം സംസ്ഥാനത്തുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മകളുണ്ടായെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി. വീഴ്ചകൾ എല്ലാം തങ്ങൾ തുറന്നു സമ്മതിക്കുമെന്നും ബേബി പറഞ്ഞു. കോഴിക്കോട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവച്ച് ഇടത് മുന്നണിക്കെതിരെ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് എം.എ.ബേബി ആരോപിച്ചു.
Kerala
കോഴിക്കോട്: പിണറായി വിജയനും മകള് വീണയ്ക്കും മരുമകന് മുഹമ്മദ് റിയാസിനും എതിരേ ഉയര്ന്ന മാസപ്പടി ആരോപണങ്ങളും ഇഡിയുടെ കണ്ടെത്തലുകളും സിപിഎമ്മിനെ പിടിച്ചുകുലുക്കിയെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്ട്ടിയില് നേതൃമാറ്റം എന്ന അജന്ഡയേ ഇല്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഒന്നേകാല് മണിക്കൂര് നീണ്ട ഉദ്ഘാടന പ്രസംഗത്തിലാകട്ടെ ഇഡിയെ പരാമര്ശിക്കാതെ ജനറല് സെക്രട്ടറി എം.എ. ബേബിയും.
പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി നീക്കം പാര്ട്ടിക്കെതിരായ നീക്കമെന്ന നിലപാടിലൂന്നിയാണ് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചര്ച്ചകള് പുരോഗമിക്കുന്നത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്ശിച്ച് സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി. ഇങ്ങനെ പോയാല് നിലപാടുകളുടെ രാജകുമാരന്റെ നില ‘പാടാകും’എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
നിലപാടുകളുള്ള ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള സര്ക്കാരാണിതെന്നാണ് എല്ലാവരും അവതരിപ്പിച്ചത്. നിലപാടുകളുടെ രാജകുമാരന് എന്നു പറയുന്ന എന്റെ പ്രിയ സുഹൃത്ത് എന്താണു ചെയ്യുന്നതെന്ന് ആലോചിക്കുമ്പോള് ഇങ്ങനെ പോയാല് നില കുറച്ച് ‘പാടാകു’മെന്നാണു തോന്നുന്നത്.
ഈ സര്ക്കാര് ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അന്തരീക്ഷം കേരളത്തില് സൃഷ്ടിക്കുമെന്നാണ് പലരും പറയുന്നത്. പക്ഷേ, വലതുപക്ഷ ശക്തികള് എന്തെങ്കിലും അബദ്ധങ്ങള് കാണിച്ച് ജനവിരുദ്ധ പ്രവര്ത്തനങ്ങള് നടത്തിയതിന്റെ ഫലമായിട്ടുണ്ടാകുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തില് വളരാനല്ല സിപിഎം ഉദ്ദേശിക്കുന്നത്- എം.എ. ബേബി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ ഒരു പോഷക വകുപ്പായിട്ടാണ് ഇഡി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയ രംഗത്തുള്ളവർക്കെതിരെ ഇഡി കേസെടുക്കുകയും ആ കേസുകളിൽപെടുന്നവർ ബിജെപിയിൽ ചേരുന്നതോടെ കേസ് തീരുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടിയല്ല സിപിഎം എന്ന് ഇഡിക്ക് ഇനി കേരളത്തിൽ നിന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ അഭിഭാഷകൻ കൂടിയായ ഒരു നിയമസഭാംഗം മുൻപ് കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് കോടതി കേസിന് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയാണ് ഉണ്ടായത്.
പരാതിയുമായി വന്നയാൾക്ക് രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും കോടതിയുടെ സമയം ഇതിനായി മിനക്കെടുക്കരുതെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയതെന്നും ബേബി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിനു ശിപാർശ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ അപലപിച്ചു സിപിഎം പോളിറ്റ് ബ്യൂറോ.
വീണാ വിജയനെതിരായ അന്വേഷണം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവയ്ക്കാനുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് തുടക്കം മുതൽതന്നെ വ്യക്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവയ്ക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിതെന്നും സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള അവരുടെ നിരവധി നേതാക്കൾക്കെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് എതിർക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും ഉപയോഗിച്ച് പാർട്ടി ഈ രാഷ്ട്രീയ പകപോക്കലിനെ ചെറുക്കുമെന്നും സിപിഎം പറഞ്ഞു.
വിജിലൻസും ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് തള്ളിക്കളഞ്ഞിട്ടും പിണറായിക്കെതിരേ കേരള പൊലിസിനെക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ ആരൊക്കെയാണ് ഡീലിലെത്തിയിരിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസലിയാർക്കെതിരേ വിമർശനവുമായി സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്ശം ഭരണഘടനാമൂല്യങ്ങള്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീ-പുരുഷ തുല്യത ഭരണഘടന ഉറപ്പ് നല്കുന്നുണ്ട്. എല്ലാ മതത്തിലുള്ളവരും ഭരണഘടനാ മൂല്യങ്ങള് അംഗീകരിക്കാന് തയാറാകണം. കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും എം.എ. ബേബി വ്യക്തമാക്കി.
ആര്എസ്എസ് തലവന് മോഹന് ഭാഗവത്തിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഭരണഘടന അംഗീകരിക്കാത്തതാവരുത് മതത്തിന്റെ പേരിലുള്ള നിലപാടുകളെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവികൾക്ക് പ്രചാരണത്തിലെയും സ്ഥാനാർഥിനിർണയത്തിലെയും പിഴവുകൾ കാരണമായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന്റെ വിലയിരുത്തൽ.
വീഴ്ചകൾ പരിഹരിക്കുന്നതിനായി തിരുത്തൽ നടപടികൾ സ്വീകരിക്കാനുള്ള പരിപാടിയുണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമബംഗാളിലും കേരളത്തിലും ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ തിരുത്തൽ നടപടികളെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം:സംസ്ഥാനത്ത് എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലമുണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. എക്സിറ്റ് പോൾ ഫലങ്ങൾ ഒന്നടങ്കം കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതികരണം.
മുമ്പ് എക്സിറ്റ് പോൾ യഥാർഥ ഫലത്തിന്റെ അടുത്തെത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് എം.എ.ബേബി പറഞ്ഞു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ തരംതാണ ആക്ഷേപങ്ങളുന്നയിച്ചെങ്കിലും ജനം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.