സുപ്രീംകോടതി
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കാളിയാകാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥി അക്ഷത് ത്രിപാഠിക്ക് നോട്ടീസ് നൽകിയ ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഈ സമരവുമായി ബന്ധപ്പെട്ട് നടപടികളൊന്നും പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യയാണ് വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കോടതി ഉത്തരവ് ലംഘിച്ച് നോട്ടീസ് അയയ്ക്കാൻ ഒരു മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നു എന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു. നോട്ടീസ് ഔദ്യോഗികമായി കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ നിർദേശിച്ച കോടതി അധികാരികളിൽനിന്ന് വിശദീകരണം തേടുമെന്നും വ്യക്തമാക്കി.
നോയിഡ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സെപ്റ്റംബർ നാലിന് വിദ്യാർഥിക്ക് നോട്ടീസ് അയച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ജാമ്യവും ഹാജരാക്കാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേയുള്ള മുഴുവൻ എഫ്ഐആറുകളും റദ്ദാക്കി സെപ്റ്റംബർ ഒന്നിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മാധ്യമങ്ങളിൽ വാർത്തയായതോടെ ഈ നോട്ടീസ് പിൻവലിച്ചു. നോട്ടീസിനെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.
Tags : CJPProtest SupremeCourt Criticizes Notice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash