പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ കഴിഞ്ഞു പൂർണമായി രോഗം മാറിയിട്ടും നൂറിലധികം രോഗികൾ സെല്ലുകളിൽ തന്നെ. പേര് മാറ്റിയും പുറംമോടി വരുത്തിയും മാനസികാരോഗ്യകേന്ദ്രങ്ങളെ രേഖകളിൽ വെൽനസ് സെന്ററുകളാക്കാൻ ആരോഗ്യവകുപ്പ് തലപുകയ്ക്കുന്പോൾ രോഗമുക്തി നേടിയിട്ടും പലരും പുറംലോകത്തേക്ക് ഇറങ്ങാനോ പുനരധിവാസകേന്ദ്രം കണ്ടെത്താനോ കഴിയാതെ രോഗികൾക്കൊപ്പം കഴിയുകയാണ്.
വ്യാജ അഡ്രസിൽ പ്രവേശിക്കപ്പെട്ടവരും ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തവരുമായ 183 പേരാണ് സംസ്ഥാനത്തെ മൂന്നു മാനസികാരോഗ്യകേന്ദ്രങ്ങളിൽ കഴിയുന്നത്.
കോഴിക്കോട് കുതിരവട്ടത്താണ് ഏറ്റവും കൂടുതല്‍ രോഗം ഭേദയവരായുള്ളത്-88 പേര്. തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ 55 പേരും തൃശൂരിലെ അരണാട്ടുകരയില്‍ 40 പേരും ഉണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മൂലം രോഗം മാറിയവരെ ഏറ്റെടുക്കാന്‍ കുടുംബങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ തെറ്റായ മേല്‍വിലാസമാണ് ആശുപത്രികളില്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ബന്ധുക്കളെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയാറില്ല. ബന്ധുക്കളും സമൂഹവും ഉപേക്ഷിച്ച മനസുമായി കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പലരും ഹതാശയരായി കഴിയുകയാണ്.
നേരത്തെ സമുഹ്യനീതി വകുപ്പുമായി സഹകരിച്ച് എന്‍ജിഒകളെ കണ്ടെത്തി പുനരധിവാസം ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കിലും സാമ്പത്തികബാധ്യതകളെത്തുടര്ന്ന് ആ പദ്ധതി പാതി വഴിയിലൊതുങ്ങി. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് അടുത്ത ദിവസമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കിടക്കാൻപോലും ഇടമില്ല
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് കിടക്കാന്‍ പോലും സൗകര്യമില്ല. ഇതിനിടയിലാണ് രോഗം ഭേദമായവരും കഴിയുന്നത്. കോഴിക്കോട് കുതിരവട്ടത്ത് 474 ബെഡുകളാണുള്ളത്. എന്നാല്‍ 500ലധികം കിടപ്പുരോഗികളുണ്ട്. തിരുവനന്തപുരം ഊളമ്പാറയില്‍ 507 കിടക്കകളുണ്ടെങ്കിലും നിലവില്‍ 600ലധികം കിടപ്പുരോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തൃശൂരിലെ അരണാട്ടുകരയിലുള്ള സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ 361 കിടക്കകളാണുള്ളത്. ഇവിടെയും അതിലധികം കിടപ്പുരോഗികളുണ്ട്. മൂന്ന് മാനസികാരോഗ്യ ആശുപത്രികളിലും ആയിരത്തോളം രോഗികളാണ് ഒപിയിലെത്തുന്നത്. കിടക്കകള്‍ ഇല്ലാത്തതിനാല്‍ പലരെയും മടക്കി അയയ്ക്കേണ്ട സാഹചര്യമാണ്. സുഖം പ്രാപിച്ച രോഗികള്‍ ഉള്ളതിനാല്‍ പുതുതായി പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് സൗകര്യം ഒരുക്കാന്‍ കഴിയുന്നില്ലെന്ന് ഡോക് ടര്‍മാര്‍ പറയുന്നു.
Tags : MentalHealthCentres Prisons Recovered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash