തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയോടെയുള്ള ഡ്രോൺ നിരീക്ഷണ സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഭാഗമായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നടപ്പിലാക്കുന്ന പൈലറ്റ് പ്രോജക്ടിന്റെ ട്രയൽ റൺ നടത്തി. രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരത്തിലുള്ള അത്യാധുനിക സംവിധാനം പരീക്ഷിക്കുന്നത്.
സെൻട്രൽ ജയിൽ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ എന്നിവ ഉൾപ്പെടുന്നതാണ് വിയ്യൂർ ജയിൽ കോംപ്ലക്സ്. ഇവിടെ മതിലുകളില്ലാത്ത ഭാഗങ്ങളും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളും നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാലാണ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നത്. മരങ്ങൾക്കും മതിലുകൾക്കും മുകളിലൂടെ ജയിലിനുള്ളിലേക്ക് ലഹരിമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ എറിയുന്നത് പെട്ടെന്ന് കണ്ടെത്താൻ ഡ്രോണുകൾക്ക് സാധിക്കും.
കൂടാതെ തടവുകാരുടെ ജയിൽ ചാട്ട ശ്രമങ്ങളും മറ്റ് നിയമവിരുദ്ധ നീക്കങ്ങളും അതിവേഗം തിരിച്ചറിയാൻ ഇതിലൂടെ കഴിയും. വിയ്യൂർ ജയിലിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് പ്രധാന ജയിലുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.