ബ്രിക്സ് ലോഗോ
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ന്യൂഡൽഹി ഒരുങ്ങി. പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുകയെന്ന പ്രമേയത്തോടെ ശനിയും ഞായറുമായി നടക്കുന്ന ഉച്ചകോടിയിൽ 11 അംഗരാജ്യങ്ങളും പത്തു പങ്കാളിത്തരാജ്യങ്ങളും പങ്കെടുക്കും.
ജി20 ഉച്ചകോടി നടന്ന ഭാരത് മണ്ഡപമാണ് ബ്രിക്സിന്റെ വേദി. ഇതു നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. മുന്പ് 2012, 2016, 2021 വർഷങ്ങളിലാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30ന് അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന പ്രധാന സെഷൻ ആരംഭിക്കും. സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾ ലോകനേതാക്കൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്ന പ്രത്യേക എക്സിബിഷനും അന്ന് ക്രമീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രത്യേക അത്താഴവിരുന്നിൽ അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുംപങ്കാളിത്തരാജ്യങ്ങളും പങ്കെടുക്കുന്ന സംയുക്ത സെഷനുശേഷം ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും.
ആഗോളതലത്തിൽ സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ഊർജസുരക്ഷ സംബന്ധിച്ച വിഷയങ്ങളും ലോകനേതാക്കൾ ചർച്ച ചെയ്യും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ, ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസി, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎൻ സെകട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് മോദിയും പുടിനും തമ്മിലുള്ള ഉഭയകക്ഷി ചർച്ച.
സുരക്ഷ ശക്തം
ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി ന്യൂഡൽഹിയിൽ സുരക്ഷ ശക്തമാക്കി.നൂറിലധികം കമാൻഡോകൾ ഉൾപ്പടെ 25,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
പ്രധാന വേദിയായ ഭാരത് മണ്ഡപം, വിദേശപ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകൾ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച മുതൽ രണ്ടുദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ഡൽഹിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : BRICS Summit FullSwing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash