National
ലക്നോ: കോൺഗ്രസുമായുള്ള സഖ്യം ഭാവി തെരഞ്ഞെടുപ്പുകളിലും തുടരുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റുകൾക്കല്ല, വിജയത്തിനാണ് ഊന്നൽ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Sports
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ചാമ്പ്യന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കുമായുള്ള കരാര്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ പുതുക്കി.
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ മുമ്പനായ നോയറുമായി ഒരു വര്‍ഷത്തേക്കാണ് ബയേണ്‍ കരാര്‍ ദീര്‍ഘിപ്പിച്ചത്. 40കാരനായ നോയര്‍ തുടര്‍ച്ചയായ 16-ാം വര്‍ഷവും ബയേണില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
2014ല്‍ ഫിഫ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ വല കാത്തത് നോയര്‍ ആയിരുന്നു. 2024ല്‍ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാൻ-യുഎസ് ഏറ്റുമുട്ടൽ. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഹോർമുസിലൂടെ കടന്നുപോയ മൂന്ന് യുഎസ് യുദ്ധക്കപ്പലുകൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയും സ്പീഡ് ബോട്ടുകളെ അയയ്ക്കുകയും ചെയ്തതായി യുഎസ് സേന പറഞ്ഞു.
എന്നാൽ, അമേരിക്കൻ സേന തങ്ങളുടെ എണ്ണടാങ്കർ ആക്രമിക്കുകയും തീരപ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതായി ഇറാൻ ആരോപിച്ചു.
ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വക്കിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. ഇന്നലെ യുഎഇയ്ക്കു നേർക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
പ്രകോപനമില്ലാതെയാണ് ഇറാൻ യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിച്ചതെന്ന് യുഎസ് സേനയിലെ പശ്ചിമേഷ്യാ ചുമതലയുള്ള സെൻട്രൽ കമാൻഡ് പറഞ്ഞു. ആക്രമണം ചെറുത്തു തോൽപ്പിച്ചെന്നും ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലടക്കം കനത്ത തിരിച്ചടി നല്‍കിയെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ബന്ദർ ഖമീർ, സിറിക്, ഖാഷെം എന്നീ തീരപ്രദേശങ്ങളിൽ അമേരിക്കൻ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലും ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സ്പീഡ് ബോട്ടുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ അമേരിക്കൻ സേന തകർത്തതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇറാൻ എത്രയും വേഗം കരാറിനു തയാറായില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഇന്നലത്തെ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: പകൽച്ചൂടിന് നേരിയ ആശ്വാസം പകർന്ന് സജീവമായ വേനൽമഴ വരുംദിവസങ്ങളിലും സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച വരെ ഏതാനും സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്നും ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ബുധനാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഇവിടങ്ങളിലെ ചില പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പകൽ താപനിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലൊഴികെ മറ്റൊരിടത്തും ശരാശരിക്കു മുകളിലുള്ള ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പാലക്കാട് ജില്ലയിൽ ദിവസങ്ങളായി പകൽതാപനില 40 ഡിഗ്രി സെൽഷ്യസിനടുത്തുതന്നെയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള മറ്റു ജില്ലകളിലും പകൽച്ചൂട് പിടിവിട്ടു കുതിക്കുകയാണ്.
വരും ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ പകൽച്ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യതയുണ്ട്.
കൊല്ലത്ത് 39 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കൈമാറുന്നതിനുള്ള വിലക്ക് തുടരും.
ബിജെപി നേതാവ് ഷോൺ ജോർജിന് രേഖകൾ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മേയ് 21 വരെ നീട്ടി.
രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജാണ് കോടതിയെ സമീപിച്ചത്.
International
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ‘ജെന്‍ സി’ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഒലിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ നയാ ബാനേശ്വര്‍ മേഖലയില്‍ ഒലിയുടെ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇന്നലത്തെ റാലി താരതമ്യേന സമാധാനപരമായിരുന്നു. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തിലധികം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ, മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്ക്കതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവും അധികൃതര്‍ ഊര്‍ജിതമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ഷേര്‍ ബഹാദൂര്‍ ദ്യൂബ, കെ.പി. ശര്‍മ ഒലി, പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണമാണ് ശക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ മുന്‍ ഊര്‍ജ മന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ദീപക് ഖഡ്കയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെന്‍ സി പ്രതിഷേധത്തിനിടെ ഖഡ്കയുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും വസതികളില്‍ കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Kerala
അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വിമർശനവുമായി ജി. സുധാകരൻ. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്നു പേരിട്ടു. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ- ഇക്കാര്യം ജനം ചിന്തിക്കണം.
ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ പറഞ്ഞു. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു.
എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോൺഗ്രസിൽ ആള് കൂടുന്നത് നല്ല പ്രവൃത്തികൊണ്ട് മാത്രമാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ല.
പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിലില്ല. ഏരിയ സെക്രട്ടറി കള്ളുഷാപ്പിലിരുന്ന് ജി. സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു.
പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരേ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി. സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ചു കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നലെ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നില്ല. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഇന്നലെ തിരുവനന്തപുരത്തു നിന്ന് തൊടുപുഴയ്ക്ക് പോയി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാവിലെ എറണാകുളത്തേക്കു പോയി. ഫോണ്‍ വഴി ആശയ വിനിമയം നടന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.
ജയസാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു പറയുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് പി.ജെ. ജോസഫ് മുന്നോട്ടുവച്ചത്. നേരത്തെ നാലു സീറ്റുകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്റെ വാദം ഇപ്പോള്‍ മൂന്നു സീറ്റില്‍ ഒതുങ്ങി. എന്നാല്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്ക്കുന്നു.
ഫോണ്‍ വഴിയുള്ള സീറ്റുവിഭജന ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അടുത്ത ദിവസങ്ങളിലും പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് നേതൃത്വവും പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് നേതൃത്വവും അനൗപചാരിക ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഫോണ്‍ വഴിയുള്ള സംഭാഷണങ്ങള്‍ നടക്കുന്നത്.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാകും മറ്റു ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുക.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരുന്നു. ഇന്നലെ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും വീണാ ജോർജും തമ്മിൽ നടക്കേണ്ടിയിരുന്ന ചർച്ച നടന്നില്ല.
വീണാ ജോർജ് ആശുപത്രിയിലും ബാലഗോപാൽ പാർട്ടി സംബന്ധമായ യോഗങ്ങളിലുമായിതിനാലാണ് ഡോക്ടർമാരുടെ സംഘടനയുമായുള്ള ചർച്ച നടക്കാത്തത്.
ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്നലെയും ബഹിഷ്കരിച്ചു. ചർച്ചയെ സംബന്ധിച്ച് ഇതുവരെയും ഒരു അറിയിപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്നലെയും ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു.
International
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവചർച്ച നല്ല തുടക്കമായിരുന്നുവെന്നും ഇനിയും തുടരുമെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി പരോക്ഷചർച്ച പൂർത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചർച്ച തുടരാൻ അമേരിക്ക ഭീഷണിയും സമ്മർദവും അവസാനിപ്പിക്കണമെന്നും അരാഗ്ചി വ്യക്തമാക്കി. ആണവപദ്ധതികൾ ഒഴികെയുള്ള വിഷയങ്ങളിൽ ചർച്ചയില്ലെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അടക്കമുള്ള വിഷയങ്ങളിലും ചർച്ച വേണമെന്ന് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഒമാനിൽ വിഷയം ചർച്ചയായില്ലെന്നാണ് സൂചന.
ഇറേനിയൻ മണ്ണിൽ യുറേനിയം സന്പുഷ്ടീകരണം പാടില്ലെന്ന് അമേരിക്ക ചർച്ചയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, സമാധാന ആവശ്യങ്ങൾക്കായി യുറേനിയം സന്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. സന്പുഷ്ടീകരണത്തിന്റെ തോത് സംബന്ധിച്ച് ചർച്ചയാകാം. ഇതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങൾ അമേരിക്ക ഉടൻ പിൻവലിക്കുകയും പശ്ചിമേഷ്യയിലെ യുദ്ധസന്നാഹം അവസാനിപ്പിക്കുകയും വേണമെന്നാവശ്യപ്പെട്ടു.
ഇറാനുമായുള്ള അടുത്ത ചർച്ച അടുത്തയാഴ്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏതുവിധവും അമരിക്കയുമായി ധാരണയുണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കൊല്ലം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന (06169/06170) മെമു സ്പെഷൽ ട്രെയിനുകൾ ഫെബ്രുവരി 27 വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ ഈ ട്രെയിനുകൾ ജനുവരി 30 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്.
തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു ട്രെയിനുകൾ ഓടുന്നത്. ഈ ട്രെയിനുകൾ ആഴ്ചയിൽ എല്ലാ ദിവസവും ഓടിച്ച് സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം റെയിൽവേ ഇരുവരെ പരിഗണിച്ചിട്ടില്ല.
ഇതുകൂടാതെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) -മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്ത്യോദയ സ്പെഷൽ ട്രെയിനും ( 06163/06164) ഫെബ്രുവരി 24 വര ദീർഘിപ്പിച്ചിട്ടുണ്ട്. പാലക്കാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിദിന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനും 28 വരെ സർവീസ് നീട്ടിയിട്ടുണ്ട്.
Kerala
കൊല്ലം: കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന ജനാധിപത്യവിരുദ്ധ, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരേയും അനിയന്ത്രിതമായ സ്വകാര്യവത്കരണ നയങ്ങൾക്കെതിരേയും രാജ്യത്താകമാനം കർഷകസമരമാതൃകയിൽ വന്പിച്ച തൊഴിലാളിപ്രക്ഷോഭം ഉയർത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആഹ്വാനം ചെയ്തു.
നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് കേരളഘടകത്തിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.എൻ. അൻസിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറിയായി ഗിരീശൻ വാകേരിയെയും പ്രസിഡന്റായി കെ.എൻ. അൻസിലിനെയും തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: പുതിയ തൊഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ നിലവിലുള്ള തൊഴിൽ കോടതികൾക്കും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും ദേശീയ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും പ്രവർത്തനം തുടരാമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ തൊഴിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്ന സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാത്പര്യഹർജി പരിഗണിക്കവേയാണു കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
1947ലെ വ്യാവസായിക തർക്കനിയമത്തിനു കീഴിൽ ലേബർ കോടതികളും ഇൻസ്ട്രിയൽ ട്രൈബ്യൂണലുകളും പരിഗണിച്ചുവന്നിരുന്ന എല്ലാ കേസുകളും കൈമാറ്റം ചെയ്യപ്പെടാൻ കാരണമാകുന്ന പുതിയ നാല് തൊഴിൽ കോഡുകളിലൊന്നായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് രാജ്യത്തിന്റെ തൊഴിൽ തർക്ക പരിഹാര സംവിധാനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ പുതിയ നിയമങ്ങൾക്കു കീഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ വ്യാവസായിക തർക്ക നിയമത്തിനു കീഴിലുള്ള കോടതികൾക്കും ട്രൈബ്യൂണലുകൾക്കും നിലവിലുള്ളതും പുതിയതുമായ കേസുകൾ പരിഗണിക്കുന്നത് തുടരാമെന്ന് അറിയിച്ചു ഈ മാസം എട്ടിന് സർക്കാർ വിജ്ഞാപനമിറക്കിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, മുന്‍പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ പൂർണമായും പിൻവലിക്കാതെയാണ് പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.