ന്യൂഡൽഹി: കെപിസിസിക്കും യൂത്ത് കോണ്ഗ്രസിനും ഏതാനും ഡിസിസികൾക്കും പുതിയ പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള ചർച്ച നീട്ടി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ ഇന്നലെ ഹൈക്കമാൻഡുമായി നടത്തിയ കൂടിക്കാഴ്ചകളിൽ പിസിസി, ഡിസിസി, യൂത്ത് കോണ്ഗ്രസ് പുനഃസംഘടനകൾ പ്രധാന ചർച്ചാവിഷയമായില്ല.
പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ് പദവികളിലേക്കു പ്രബലരായ നേതാക്കൾ സജീവമായി രംഗത്തെത്തിയെങ്കിലും തിരക്കിട്ട് അഴിച്ചുപണി വേണ്ടെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. എഐസിസിയിലും ചില അഴിച്ചുപണികൾ ഉണ്ടാകാനിടയുള്ളതിനാൽ അക്കാര്യംകൂടി കണക്കിലെടുത്താകും കെപിസിസി പുനഃസംഘടന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും നേതാക്കളുമായി കൂടിയാലോചിച്ചാകും പുനഃസംഘടനയ്ക്കു വഴിയൊരുക്കുക.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ കൂടിക്കാഴ്ചകളിൽ കെപിസിസി പുനഃസംഘടന സജീവ ചർച്ചയായില്ലെന്ന് നേതൃത്വം വ്യക്തമാക്കി. വേണുഗോപാലും സതീശനുമായി ആദ്യം നടത്തിയ ചർച്ചയും സൗഹാർദപരമായിരുന്നെങ്കിലും വിവാദ വിഷയങ്ങളൊന്നും ഉയർത്തിയില്ലെന്നാണു സൂചന. ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും പാർട്ടിയുമായി ബന്ധപ്പെട്ട ഗൗരവ ചർച്ചയുണ്ടായില്ല.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു പരിഗണനയിലുള്ളവരിൽ ജോസഫ് വാഴയ്ക്കൻ ഒഴികെയുള്ള ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, അടൂർ പ്രകാശ്, ഷാഫി പറന്പിൽ, ഹൈബി ഈഡൻ എന്നിവരെല്ലാം എംപിമാരാണ്. ടോമി കല്ലാനി, വി.എസ്. ശിവകുമാർ തുടങ്ങി നിരവധി പേരും രംഗത്തുണ്ട്. ഇവരിലൊരാൾ അധ്യക്ഷനാകുന്പോൾ രണ്ടു പുതിയ വർക്കിംഗ് പ്രസിഡന്റുമാർക്കും സാധ്യതയുണ്ട്. പാർട്ടിയിലെ സീനിയോറിറ്റി, സാമുദായിക പരിഗണനകൾ, പ്രവർത്തന മികവ്, പാർട്ടിയിലെ സ്വീകാര്യത എന്നിവയടക്കം പല ഘടകങ്ങളും പരിശോധിച്ചാകും പുതിയ പ്രസിഡന്റിനെ നിയമിക്കുക.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷും മന്ത്രിമാരായതോടെ പ്രധാന നാലു തസ്തികകളിലും പുതിയ നേതാക്കൾ ആവശ്യമായി. മന്ത്രിമാർക്കു പകരം പുതിയ നേതാക്കളെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനോട് ഹൈക്കമാൻഡിനു യോജിപ്പാണ്.
പ്രചാരണം ആരംഭിച്ചശേഷം പാർട്ടിയുടെ നിർദേശത്തിനു വഴങ്ങി മാറിയ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കന് അംഗീകാരം നൽകണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം ഹൈക്കമാൻഡ് പരിഗണിക്കും. എന്നാൽ, കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയിൽ കെപിസിസി പ്രസിഡന്റ് പദവി നഷ്ടമായ ആന്റോയുടെ കാര്യവും തള്ളാനാകില്ല. സീനിയോറിറ്റിയുള്ള ബെന്നി ബെഹനാന്റെ അർഹതയിലും സംശയമില്ല. ക്രൈസ്തവനായ സണ്ണി മാറുന്പോൾ സാമുദായിക സന്തുലിതാവസ്ഥയും മൂവർക്കും അനുകൂലമാണ്.
എന്നാൽ കേരളത്തിൽ മാത്രം ദളിത് പ്രസിഡന്റിനെ നിഷേധിക്കുന്നതു ശരിയല്ലെന്ന് കൊടിക്കുന്നിൽ പറയുന്നു. നേതൃപദവിക്ക് അർഹതയുണ്ടായിട്ടും തഴയപ്പെടുന്നത് നീതിനിഷേധമാണെന്ന് രാഘവൻ കരുതുന്നു. മന്ത്രിസഭയിൽ ഈഴവ പ്രാതിനിധ്യം കുറവാണെന്നതു ചൂണ്ടിക്കാട്ടിയാണ് അടൂർ പ്രകാശിന്റെ വാദം. മികച്ച ഡിസിസി പ്രസിഡന്റായിരുന്ന തനിക്കു പൂഞ്ഞാറിൽ സീറ്റ് നിഷേധിച്ചതുകൂടി കണക്കിലെടുത്ത് പ്രസിഡന്റോ വർക്കിംഗ് പ്രസിഡന്റോ പദവി വേണമെന്ന് ടോമി കല്ലാനി ആവശ്യപ്പെടുന്നു.
എംഎൽഎമാരായി ജയിച്ച ഡിസിസി പ്രസിഡന്റുമാർക്കുപകരം പുതിയ ജില്ലാ നേതാക്കളെ നിയമിക്കണമെന്ന ആവശ്യവുമുണ്ട്.
Tags : KPCC Reorganization continue