പ്രതീകാത്മക ചിത്രം
മുംബൈ: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള ക്രൂഡ് ഓയിൽ വിലക്കയറ്റവും അമേരിക്കൻ വ്യാപാര താരിഫുകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും കാരണം പ്രതിസന്ധിയിലായി രാജ്യത്തെ ഓഹരിവിപണികൾ.
പ്രമുഖ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതോടെ വിപണിയിലെ തകർച്ച തുടർച്ചയായ അഞ്ചാം ദിനത്തിലേക്കു നീണ്ടു.
വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലുണ്ടായ വില്പനസമ്മർദവും വിപണിയിലെ നിക്ഷേപക അന്തരീക്ഷത്തെ കൂടുതൽ ദോഷകരമായി ബാധിച്ചു.
30 ഓഹരികൾ ഉൾപ്പെടുന്ന ബിഎസ്ഇ സെൻസെക്സ് 331.62 പോയിന്റ് (0.43 ശതമാനം) ഇടിഞ്ഞ് 76,059.77 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ സെൻസെക്സ് 916.96 പോയിന്റ് വരെ താഴ്ന്ന് 75,474.43 എന്ന നിലയിലെത്തിയിരുന്നു. 50 ഓഹരികൾ ഉൾപ്പെടുന്ന എൻഎസ്ഇ നിഫ്റ്റി 102.15 പോയിന്റ് (0.43 ശതമാനം) താഴ്ന്ന് 23,767.45ലുമെത്തി.
മറ്റ് ഏഷ്യൻ വിപണികളിലുണ്ടായ തകർച്ചയും ഇന്ത്യൻ വിപണിയെ ബാധിച്ചു. വ്യാഴാഴ്ച മാത്രം 2,999.23 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകർ വിറ്റഴിച്ചത്.
Tags : ShareMarket Decline Sensex Nifty BSE CrudeOIL NSE Business