Leader Page
2018 ജൂലൈയിൽ റാഞ്ചിയിലെ മിഷനറീസ് ഓഫ് ചാരിറ്റി (എംസി) ഹോമിനെതിരേ ഒരു കുട്ടിക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരു കന്യാസ്ത്രീയും മറ്റു രണ്ടുപേരും അറസ്റ്റിലാകുകയും ചെയ്തു. ഇത് ഇന്ത്യൻ മാധ്യമങ്ങൾ പ്രൈം ടൈം ചർച്ചകളിലൂടെയും വലിയ തലക്കെട്ടുകളിലൂടെയും ആഘോഷിച്ചു.
അതോടെ അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയുമായി. എന്നാൽ, ഇക്കഴിഞ്ഞ ജൂൺ 18ന് റാഞ്ചിയിലെ വിചാരണക്കോടതി, എഴുപതുകളിലെത്തിയ എംസി കന്യാസ്ത്രീ കോൺസിലിയ ഉൾപ്പെടെ മൂന്നുപേരെയും വെറുതെ വിട്ടപ്പോൾ, സർക്കാരിന്റെ നിർദേശങ്ങൾ വിശ്വസ്തതയോടെ പിന്തുടരുന്ന ദേശീയ മാധ്യമങ്ങൾ പോയിട്ട്, ജാർഖണ്ഡിലെ മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തില്ല.
സത്യമേവ ജയതേ എന്ന ആപ്തവാക്യമുള്ള, ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഈ രാജ്യത്ത് ഇത്രയധികം സെൻസേഷണലായ ഒരു വാർത്ത ദേശീയതലത്തിൽ മുക്കിയത് സത്യസന്ധരായ മാധ്യമപ്രവർത്തകരെ ഞെട്ടിച്ചു. ചിലർ ചേർത്തുവച്ച നുണകളെ തുറന്നുകാട്ടി സത്യം പുറത്തുവന്നപ്പോൾ, തങ്ങൾക്ക് അപ്രിയമായ ആ വാർത്ത പൊതുജനമധ്യത്തിൽ എത്താതിരിക്കാൻ ഈ കുപ്രചാരണത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തികൾ കാണിച്ച ശ്രദ്ധ ഏറെ ദൗർഭാഗ്യകരമായി.
തീർച്ചയായും സത്യം പുറത്തുവരും. ഈ കേസിലെ വിധി പ്രതിബദ്ധതയുള്ള വാർത്താ ശൃംഖലകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പൊതുസമൂഹത്തിലെത്തുകതന്നെ ചെയ്തു. എങ്കിലും, ഈ സംഭവം ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിനു നേരിടുന്ന അപചയമെന്ന കയ്പേറിയ യാഥാർഥ്യമാണു വ്യക്തമാക്കുന്നത്.
മേയ് മൂന്നിലെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 2026ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും ആറു സ്ഥാനം താഴോട്ടു പോയി. 2025ൽ 151-ാം റാങ്കിലായിരുന്നു ഇന്ത്യ. റാങ്ക് ചെയ്യപ്പെട്ട 180 രാജ്യങ്ങളിൽ വെനസ്വേല, സുഡാൻ, ഇറാക്ക്, തുർക്കി, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന, ഉത്തരകൊറിയ എന്നിവയ്ക്കു തൊട്ടുമുകളിലാണ് ഇന്ത്യയുടെ സ്ഥാനം.
ലോകത്തിന് ക്രൈസ്തവ കാരുണ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മദർ തെരേസ സ്ഥാപിച്ച സന്യാസ സമൂഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ എങ്ങനെയാണ് മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേയുള്ള കേസ് ആസൂത്രണം ചെയ്തതെന്നു നോക്കുക. റാഞ്ചി ജയിൽ റോഡിലുള്ള അവിവാഹിതരായ അമ്മമാർക്കായുള്ള എംസി ഹോമിലെ 14 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ദമ്പതിമാർക്കു വിറ്റുവെന്ന റാഞ്ചി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ രൂപ വർമയുടെ പരാതിയെത്തുടർന്ന് 62 വയസുള്ള സിസ്റ്റർ കോൺസിലിയയെയും രണ്ടു സഹായികളെയും 2018 ജൂലൈ നാലിന് അറസ്റ്റ് ചെയ്തു.
കുട്ടിക്കടത്ത് എന്ന സെൻസേഷണൽ വാർത്ത ഉടൻതന്നെ ലോകമെമ്പാടും തലക്കെട്ടായി. രാജ്യത്തുടനീളം ശിശുസംരക്ഷണ കേന്ദ്രങ്ങളുള്ള എല്ലാ എംസി ഹോമുകളിലും പരിശോധന നടത്താൻ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഉത്തരവിട്ടു. എംസി സന്യാസ സമൂഹത്തെ കൂടുതൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരേ വൻ വിമർശനങ്ങൾ ഉയർന്നു.
ജൂലൈ 11ന് റിപ്പബ്ലിക് ടിവി മിഷനറീസ് ഓഫ് ചാരിറ്റി ഹോമിൽനിന്ന് കാണാതായ കുട്ടികളുടെ എണ്ണം 280ഓളം വരുമെന്ന് ആരോപിച്ചു. പോരാത്തതിന് ഈ സന്യാസ സമൂഹത്തെ ഒരു "മൾട്ടി മില്യൺ കോർപറേഷൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ, മൂന്നു ദിവസത്തിനുശേഷം ചാനൽ അതിശയോക്തിപരമായ മുൻ ആരോപണം പിൻവലിച്ചു. പകരം “മൂന്ന് കുട്ടികളെ വിറ്റു” എന്ന് റിപ്പോർട്ട് ചെയ്തു.
എന്നാൽ, ജയിൽ റോഡിലെ എംസി ഹോമിനെതിരെയുള്ള "കടത്ത്' കേസിന്റെ പശ്ചാത്തലത്തിൽ, സമീപത്തുള്ള ഹിനുവിലെ എംസി ഹോമിൽ പോഷകാഹാര പരിചരണത്തിലായിരുന്ന മുലപ്പാൽ കുടിക്കുന്ന കുട്ടികൾ മുതൽ അഞ്ചു വയസിനു താഴെയുള്ളവർ വരെയുള്ള 22 കുട്ടികളെ സർക്കാർ ഏറ്റെടുത്തതിനുശേഷം രണ്ടു കുട്ടികൾ മരിച്ച വാർത്ത ഒരു വാർത്താശൃംഖലയും റിപ്പോർട്ട് ചെയ്തില്ല.
മിഷനറീസ് ഓഫ് ചാരിറ്റി സേവനങ്ങളെ രാക്ഷസീയമായി ചിത്രീകരിക്കുന്നതു തുടർന്നുകൊണ്ട് സിസ്റ്റർ കോൺസിലിയ രണ്ടു കുട്ടികളെ വിറ്റതായി സമ്മതിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ചോദ്യം ചെയ്യലിനിടെ പോലീസ് ഭീഷണിപ്പെടുത്തി റിക്കാർഡ് ചെയ്തതെന്നു വ്യക്തമാകുന്ന ക്ലിപ്പായിരുന്നു ഇത്. മാധ്യമങ്ങൾക്കു വീഡിയോ ക്ലിപ് ചോർത്തി നൽകിയെന്നത് ജാർഖണ്ഡ് പോലീസ് നിഷേധിച്ചു. എന്നാൽ, പോലീസാണ് ചോർത്തിയതെന്ന കാര്യം ഇന്ത്യയിലെ പ്രമുഖ ടിവി വാർത്താ ഏജൻസിയായ എഎൻഐ അടക്കം പുറത്തുവിട്ടതാണ്.
ഈ കേസിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഒരു "വീഴ്ച' എംസി സുപ്പീരിയറും സിബിസിഐയും സമ്മതിച്ചിരുന്നെങ്കിലും സഭയുടെ പ്രതിച്ഛായ തകർക്കാൻവേണ്ടി "കുട്ടിക്കടത്ത്' ആരോപണം വലിയ തോതിൽ ഊതിപ്പെരുപ്പിച്ചു. അക്കാലത്ത് ബിജെപി ഭരണത്തിൻകീഴിലായിരുന്ന ജാർഖണ്ഡിലെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടത്. രാത്രി വൈകിയും അന്വേഷണ സംഘങ്ങൾ സഭാ സ്ഥാപനങ്ങൾ കയറിയിറങ്ങുന്നതു പതിവായിരുന്നു.
സുപ്രീംകോടതി ജാമ്യം നിഷേധിച്ച കന്യാസ്ത്രീ ജാർഖണ്ഡ് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി 14 മാസങ്ങൾക്കു ശേഷമാണ് ജയിലിൽനിന്നിറങ്ങിയത്. ഉന്നത നീതിന്യായ വ്യവസ്ഥയിലെ ചിലർപോലും സർക്കാരിന്റെ താത്പര്യങ്ങൾക്കു വഴങ്ങുമ്പോൾ, സത്യം ഉയർത്തിപ്പിടിക്കാൻ കീഴ്ക്കോടതികളിൽ സത്യസന്ധരും ഭയമില്ലാത്തവരുമായ ജഡ്ജിമാരുണ്ടെന്ന പ്രതീക്ഷ റാഞ്ചി സെഷൻസ് കോടതിയുടെ (സിവിൽ കോടതിയല്ല) വിധി നൽകുന്നു.
Business
മുംബൈ: ഡോളറിനെതിരേയുള്ള രൂപയുടെ താഴ്ച തുടരുന്നു. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് രൂപ നടത്തുത്. ഇന്നലെ 96 കടന്ന രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് നേരിട്ടിരിക്കുന്നത്. തുടർച്ചയായ ഏഴാം സെഷനിലാണ് രൂപ ഇടിവ് നേരിട്ടുന്നത്.
ഡോളറിനെതിരേ 96.35ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ ശക്തിപ്പെടുന്നതുമാണ് രൂപയെ ബാധിക്കുന്നത്.
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിയിലെ പൊതുവായ അനുകൂലസാഹചര്യം മങ്ങുകയാണെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
തുടരുന്ന ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കം രൂപയുടെ മൂല്യം 100നു മുകളിലേക്ക് താഴ്ത്താനുള്ള സാധ്യത നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ഇന്ത്യ അടക്കമുള്ള വളർന്നുവരുന്ന സന്പദ്വ്യവസ്ഥകൾക്ക് ക്രൂഡ് ഓയിൽ വിലക്കയറ്റം വലിയ സമ്മർദമുണ്ടാക്കുന്നതായി വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.
എണ്ണ വില ഉയരുന്നത് രാജ്യത്തു നിന്നുള്ള ഡോളറിന്റെ ഒഴുക്ക് വർധിപ്പിക്കും. വിദേശ നിക്ഷേപകർ (എഫ്പിഐ) നിലവിൽതന്നെ വില്‍പനക്കാരാകുന്ന സാഹചര്യത്തിൽ എണ്ണ വില ഉയരുന്നത് ഡോളറിന്റെ ഒഴുക്ക് ശക്തമാക്കും.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.19 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.39ലെത്തി.
അവസാനം വെള്ളിയാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 54 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വെള്ളിയാഴ്ച ഡോളറിനെതിരേ 96 കടന്ന രൂപ അവസാനം എക്കാലത്തെയും താഴ്ന്ന നിലയായ 95.81ൽ ക്ലോസ് ചെയ്യുകയായിരുന്നു.
ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 99.14 നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൂചികയിൽ 0.14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.65 ശതമാനം ഉയർന്ന് ബാരലിന് 109.97 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ഇന്നലെ പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവ രണ്ടു ശതമാനത്തിലധികം താഴ്ച നേരിട്ടു.
നിഫ്റ്റി സൂചിക 488 പോയിന്റ് (2.14%) താഴ്ന്ന് 22,331 നിലവാരത്തിലും സെൻസെക്സ് സൂചിക 1,636 പോയിന്റ് (2.22%) ഇടിവ് നേരിട്ട് 71,948ലും വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് പ്രധാന സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തത് ഇന്ത്യൻ വിപണിയൽ കനത്ത വിൽപ്പനയിലേക്കു നയിച്ചു.
ഇന്നലത്തെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.
എൻഎസ്ഇയിൽ ഇന്നലെ 3410 ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 570 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 2762 ഓഹരികൾ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 78 ഓഹരികളിൽ വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലത്തെ ഇടിവിനു കാരണങ്ങൾ
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന: ഇറാനെതിരേയുള്ള കരയുദ്ധത്തിന് യു.എസ് ഭരണകൂടം തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനോടൊപ്പം മിഡിൽ ഈസ്റ്റിലേക്ക് 3,500 സൈനികരെ കൂടി വന്പൻ പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയോടൊപ്പം നിയോഗിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള യുഎസിന്റെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ കുതിക്കുകയാണ്.
ആഗോള വിപണികളിലെ ഇടിവ്: ഇന്നലെ ഏഷ്യൻ വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പ്രധാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്.
എഫ്ഐഐകളുടെ വിൽപ്പന: വിദേശ സ്ഥാപക നിക്ഷേപകർ തുടർച്ചയായ 20 സെഷനിലും വിൽപ്പനക്കാരായി. വെള്ളിയാഴ്ച 4367 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. മാർച്ച് മാസത്തിൽ ഇതുവരെയായി 1,200 കോടി ഡോളർ (ഏകദേശം 1,14,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിട്ടും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലാദ്യമായി 95 നിലവാരം പിന്നിട്ടു. എന്നാൽ, അവസാന മണിക്കൂറുകളിൽ ചെറിയൊരു തിരിച്ചുവരവിലൂടെ ഏഴു പൈസ ഉയർന്ന് 94.78ൽ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ വിറ്റൊഴിയാൻ പ്രേരണയേകുന്ന ഘടകങ്ങളിലൊന്നാണ്.
Business
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലെ ചരക്ക് വരവില്‍ വന്‍ ഇടിവ്. കൊച്ചി തുറമുഖത്ത് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ ചരക്ക് വരവ് നേര്‍പ്പകുതിയായി.
മാസം ശരാശരി 15 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ എത്തിയിരുന്നത് കൊച്ചിയില്‍ ഈ മാസം പകുതി വരെ 6.8 ലക്ഷം ടണ്ണായി. കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്കില്‍ 60 ശതമാനവും ക്രൂഡ് ഓയിലാണ്.
പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വരവ് കുറഞ്ഞ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് ഈ മാസം അവസാനത്തോടെ ആറ് കപ്പലുകള്‍ ക്രൂഡ് ഓയിലുമായി കൊച്ചിയിലെത്തും.
ഒരു മാസമായി കൊച്ചിയില്‍ എല്‍പിജി കണ്ടെയ്നറുകള്‍ എത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്ത് ക്രൂഡ് ഓയില്‍ എത്തിക്കാന്‍ സംവിധാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ചാലും ക്രൂഡ് വരവ് സാധാരണ നിലയിലെത്താന്‍ രണ്ടു മാസംകൂടി വേണ്ടിവരും.
Business
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിനു പിന്നാലെ 2026ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിലേക്ക് ഇടിയാൻ സാധ്യതയെന്നു യുഎൻ റിപ്പോർട്ട്. രാഷ്ട്രീയ, ഭൗമ സംഘർഷങ്ങൾ, അന്താരാഷ്ട്ര സാന്പത്തിക സമ്മർദങ്ങൾ, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവ ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിച്ചേക്കാമെന്നാണ് യുഎൻ വിലയിരുത്തൽ.
2025ൽ മികച്ച പ്രകടനം നടത്തി 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. വളർച്ച മന്ദഗതിയിലാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും. നിയന്ത്രിത ഗാർഹികച്ചെലവുകളും പൊതുനിക്ഷേപവും കുറഞ്ഞ പലിശനിരക്കും രാജ്യത്തിന്റെ സാന്പത്തിക പരിവർത്തനങ്ങൾക്കു വളർച്ച കൂട്ടുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ "ലോകസാമ്പത്തിക സ്ഥിതിയും സാധ്യതകളും'' എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഇന്ത്യയ്ക്കു മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയതു ചില ഉത്പന്നങ്ങളെ ബാധിച്ചേക്കുമെങ്കിലും പ്രധാന കയറ്റുമതി മേഖലകളെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നു റിപ്പോർട്ട് പറയുന്നു. മാത്രമല്ല, മറ്റു വിപണികളിലേക്കു പ്രവേശിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം 50 ശതമാനം ഉയർന്ന നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ, റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ ഈ നികുതി 500 ശതമാനമായി കൂട്ടുമെന്ന ഭീഷണിയും നിലവിലുണ്ട്.
2025ൽ കണക്കാക്കിയ 2.8 ശതമാനത്തേക്കാൾ ആഗോള സാമ്പത്തിക വളർച്ച 2026ൽ 2.7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഇതു കോവിഡിനു മുൻപുള്ള ശരാശരി നിരക്കായ 3.2 ശതമാനത്തേക്കാൾ വളരെ താഴെയുമാണ്. രാഷ്ട്രീയ, ഭൗമ, സാങ്കേതിക മേഖലകളിലെ സംഘർഷങ്ങളാണ് ലോക സാമ്പത്തിക വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുകയും പിന്നിലേക്കു വലിക്കുകയും ചെയ്യുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Business
സാൻ ഫ്രാൻസിസ്കോ: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് വലിയ തിരിച്ചടി. യുഎസിൽ നവംബറിലെ വില്പന നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞതും പുതിയതുമായി മോഡലുകൾ പുറത്തിറക്കിയിട്ടും വില്പന കുറഞ്ഞു.
പുതിയ സ്റ്റാൻഡേർഡ് മോഡൽ കന്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഈ മോഡലിലൂടെ നവംബറിൽ വില്പന ഉയർത്താമെന്നായിരുന്നു കന്പനി പ്രതീക്ഷിച്ചത്. എന്നാൽ, വില്പനയിൽ 23 ശതമാനം ഇടിവാണുണ്ടായത്. മുൻവർഷം നവംബറിൽ 51,513 വാഹനങ്ങൾ വിറ്റിടത്ത് ഇത്തവണ 39,800 ലേക്ക് താഴ്ന്നു. 2022 ജനുവരിക്കുശേഷമുള്ള താഴ്ന്ന വില്പനയാണിത്.
ടെസ്ലയ്ക്ക് മാത്രമല്ല, യുഎസിൽ മറ്റ് കന്പനികൾക്കും ഇവി വില്പനയിൽ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. നവംബറിൽ മൊത്തം വില്പനയിൽ 41 ശതമാനം ഇടിവാണ് ഇവികൾക്ക് നേരിടേണ്ടി വന്നത്. ടെസ്ലയുടെ വിപണിവിഹിതം യുഎസിൽ ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ 43.1 ശതമാനത്തിൽനിന്ന് 56.7 ശതമാനമായി.
യൂറോപ്പിൽനിന്നും ചൈനയിൽനിന്നും കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് മസ്കിന്റെ കന്പനിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പുതിയ മോഡലുകൾ കാര്യമായി പുറത്തിറക്കാത്തതും ടെസ്ലയ്ക്ക് ആഗോള വിപണിയിൽ ക്ഷീണം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയിലും വില്പന മോശം
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഈ വർഷമെത്തിയ ടെസ്ലയ്ക്ക് ക്ഷീണമാണ്. പുറത്തിറങ്ങിയശേഷം വിപണിയിൽനിന്ന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. വില്പന മന്ദഗതിയിലായി. സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ചതു മുതൽ ഇതുവരെ രാജ്യത്ത് ഏകദേശം 157 കാറുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ.
നവംബറിൽ 48 കാറുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. സമയം വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് നവംബറിൽ 291 കാറുകൾ വിറ്റു. കാറുകൾ വിറ്റു. ടെസ്ലയുടെ പ്രധാന എതിരാളിയായ ബിവൈഡിയും പ്രതിമാസം 500ലധികം വാഹനങ്ങൾ വിറ്റിട്ടുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് കാർ വില്പനയിൽ നിലവിൽ ടെസ്ല പത്താം സ്ഥാനത്താണ്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ആണ് മുന്നിൽ.