2018 ജൂലൈയിൽ റാഞ്ചിയിലെ മിഷനറീസ് ഓഫ് ചാരിറ്റി (എംസി) ഹോമിനെതിരേ ഒരു കുട്ടിക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരു കന്യാസ്ത്രീയും മറ്റു രണ്ടുപേരും അറസ്റ്റിലാകുകയും ചെയ്തു. ഇത് ഇന്ത്യൻ മാധ്യമങ്ങൾ പ്രൈം ടൈം ചർച്ചകളിലൂടെയും വലിയ തലക്കെട്ടുകളിലൂടെയും ആഘോഷിച്ചു.
അതോടെ അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയുമായി. എന്നാൽ, ഇക്കഴിഞ്ഞ ജൂൺ 18ന് റാഞ്ചിയിലെ വിചാരണക്കോടതി, എഴുപതുകളിലെത്തിയ എംസി കന്യാസ്ത്രീ കോൺസിലിയ ഉൾപ്പെടെ മൂന്നുപേരെയും വെറുതെ വിട്ടപ്പോൾ, സർക്കാരിന്റെ നിർദേശങ്ങൾ വിശ്വസ്തതയോടെ പിന്തുടരുന്ന ദേശീയ മാധ്യമങ്ങൾ പോയിട്ട്, ജാർഖണ്ഡിലെ മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തില്ല.
സത്യമേവ ജയതേ എന്ന ആപ്തവാക്യമുള്ള, ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഈ രാജ്യത്ത് ഇത്രയധികം സെൻസേഷണലായ ഒരു വാർത്ത ദേശീയതലത്തിൽ മുക്കിയത് സത്യസന്ധരായ മാധ്യമപ്രവർത്തകരെ ഞെട്ടിച്ചു. ചിലർ ചേർത്തുവച്ച നുണകളെ തുറന്നുകാട്ടി സത്യം പുറത്തുവന്നപ്പോൾ, തങ്ങൾക്ക് അപ്രിയമായ ആ വാർത്ത പൊതുജനമധ്യത്തിൽ എത്താതിരിക്കാൻ ഈ കുപ്രചാരണത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തികൾ കാണിച്ച ശ്രദ്ധ ഏറെ ദൗർഭാഗ്യകരമായി.
തീർച്ചയായും സത്യം പുറത്തുവരും. ഈ കേസിലെ വിധി പ്രതിബദ്ധതയുള്ള വാർത്താ ശൃംഖലകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പൊതുസമൂഹത്തിലെത്തുകതന്നെ ചെയ്തു. എങ്കിലും, ഈ സംഭവം ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിനു നേരിടുന്ന അപചയമെന്ന കയ്പേറിയ യാഥാർഥ്യമാണു വ്യക്തമാക്കുന്നത്.
മേയ് മൂന്നിലെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 2026ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും ആറു സ്ഥാനം താഴോട്ടു പോയി. 2025ൽ 151-ാം റാങ്കിലായിരുന്നു ഇന്ത്യ. റാങ്ക് ചെയ്യപ്പെട്ട 180 രാജ്യങ്ങളിൽ വെനസ്വേല, സുഡാൻ, ഇറാക്ക്, തുർക്കി, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന, ഉത്തരകൊറിയ എന്നിവയ്ക്കു തൊട്ടുമുകളിലാണ് ഇന്ത്യയുടെ സ്ഥാനം.
ലോകത്തിന് ക്രൈസ്തവ കാരുണ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മദർ തെരേസ സ്ഥാപിച്ച സന്യാസ സമൂഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ എങ്ങനെയാണ് മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേയുള്ള കേസ് ആസൂത്രണം ചെയ്തതെന്നു നോക്കുക. റാഞ്ചി ജയിൽ റോഡിലുള്ള അവിവാഹിതരായ അമ്മമാർക്കായുള്ള എംസി ഹോമിലെ 14 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ദമ്പതിമാർക്കു വിറ്റുവെന്ന റാഞ്ചി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ രൂപ വർമയുടെ പരാതിയെത്തുടർന്ന് 62 വയസുള്ള സിസ്റ്റർ കോൺസിലിയയെയും രണ്ടു സഹായികളെയും 2018 ജൂലൈ നാലിന് അറസ്റ്റ് ചെയ്തു.
കുട്ടിക്കടത്ത് എന്ന സെൻസേഷണൽ വാർത്ത ഉടൻതന്നെ ലോകമെമ്പാടും തലക്കെട്ടായി. രാജ്യത്തുടനീളം ശിശുസംരക്ഷണ കേന്ദ്രങ്ങളുള്ള എല്ലാ എംസി ഹോമുകളിലും പരിശോധന നടത്താൻ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഉത്തരവിട്ടു. എംസി സന്യാസ സമൂഹത്തെ കൂടുതൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരേ വൻ വിമർശനങ്ങൾ ഉയർന്നു.
ജൂലൈ 11ന് റിപ്പബ്ലിക് ടിവി മിഷനറീസ് ഓഫ് ചാരിറ്റി ഹോമിൽനിന്ന് കാണാതായ കുട്ടികളുടെ എണ്ണം 280ഓളം വരുമെന്ന് ആരോപിച്ചു. പോരാത്തതിന് ഈ സന്യാസ സമൂഹത്തെ ഒരു "മൾട്ടി മില്യൺ കോർപറേഷൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ, മൂന്നു ദിവസത്തിനുശേഷം ചാനൽ അതിശയോക്തിപരമായ മുൻ ആരോപണം പിൻവലിച്ചു. പകരം “മൂന്ന് കുട്ടികളെ വിറ്റു” എന്ന് റിപ്പോർട്ട് ചെയ്തു.
എന്നാൽ, ജയിൽ റോഡിലെ എംസി ഹോമിനെതിരെയുള്ള "കടത്ത്' കേസിന്റെ പശ്ചാത്തലത്തിൽ, സമീപത്തുള്ള ഹിനുവിലെ എംസി ഹോമിൽ പോഷകാഹാര പരിചരണത്തിലായിരുന്ന മുലപ്പാൽ കുടിക്കുന്ന കുട്ടികൾ മുതൽ അഞ്ചു വയസിനു താഴെയുള്ളവർ വരെയുള്ള 22 കുട്ടികളെ സർക്കാർ ഏറ്റെടുത്തതിനുശേഷം രണ്ടു കുട്ടികൾ മരിച്ച വാർത്ത ഒരു വാർത്താശൃംഖലയും റിപ്പോർട്ട് ചെയ്തില്ല.
മിഷനറീസ് ഓഫ് ചാരിറ്റി സേവനങ്ങളെ രാക്ഷസീയമായി ചിത്രീകരിക്കുന്നതു തുടർന്നുകൊണ്ട് സിസ്റ്റർ കോൺസിലിയ രണ്ടു കുട്ടികളെ വിറ്റതായി സമ്മതിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ചോദ്യം ചെയ്യലിനിടെ പോലീസ് ഭീഷണിപ്പെടുത്തി റിക്കാർഡ് ചെയ്തതെന്നു വ്യക്തമാകുന്ന ക്ലിപ്പായിരുന്നു ഇത്. മാധ്യമങ്ങൾക്കു വീഡിയോ ക്ലിപ് ചോർത്തി നൽകിയെന്നത് ജാർഖണ്ഡ് പോലീസ് നിഷേധിച്ചു. എന്നാൽ, പോലീസാണ് ചോർത്തിയതെന്ന കാര്യം ഇന്ത്യയിലെ പ്രമുഖ ടിവി വാർത്താ ഏജൻസിയായ എഎൻഐ അടക്കം പുറത്തുവിട്ടതാണ്.
ഈ കേസിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഒരു "വീഴ്ച' എംസി സുപ്പീരിയറും സിബിസിഐയും സമ്മതിച്ചിരുന്നെങ്കിലും സഭയുടെ പ്രതിച്ഛായ തകർക്കാൻവേണ്ടി "കുട്ടിക്കടത്ത്' ആരോപണം വലിയ തോതിൽ ഊതിപ്പെരുപ്പിച്ചു. അക്കാലത്ത് ബിജെപി ഭരണത്തിൻകീഴിലായിരുന്ന ജാർഖണ്ഡിലെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടത്. രാത്രി വൈകിയും അന്വേഷണ സംഘങ്ങൾ സഭാ സ്ഥാപനങ്ങൾ കയറിയിറങ്ങുന്നതു പതിവായിരുന്നു.
സുപ്രീംകോടതി ജാമ്യം നിഷേധിച്ച കന്യാസ്ത്രീ ജാർഖണ്ഡ് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി 14 മാസങ്ങൾക്കു ശേഷമാണ് ജയിലിൽനിന്നിറങ്ങിയത്. ഉന്നത നീതിന്യായ വ്യവസ്ഥയിലെ ചിലർപോലും സർക്കാരിന്റെ താത്പര്യങ്ങൾക്കു വഴങ്ങുമ്പോൾ, സത്യം ഉയർത്തിപ്പിടിക്കാൻ കീഴ്ക്കോടതികളിൽ സത്യസന്ധരും ഭയമില്ലാത്തവരുമായ ജഡ്ജിമാരുണ്ടെന്ന പ്രതീക്ഷ റാഞ്ചി സെഷൻസ് കോടതിയുടെ (സിവിൽ കോടതിയല്ല) വിധി നൽകുന്നു.