വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആര്‍എ) ഭേദഗതി ചെയ്ത ചട്ടങ്ങളിലെ ചില വ്യവസ്ഥകളില്‍ ആശങ്ക വ്യാപകം. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കുവേണ്ടി സുതാര്യമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ പോലും കൂച്ചുവിലങ്ങിടാന്‍ കഴിയുന്നതാണു കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ എഫ്സിആര്‍എ ചട്ട ഭേദഗതിയെന്നാണു പരാതി.
എന്‍ജിഒകള്‍ക്കും അസോസിയേഷനുകള്‍ക്കുമുള്ള വിദേശ ധനസഹായ ചട്ടക്കൂട് പരിഷ്കരിക്കുകയും കര്‍ശനമാക്കുകയും ചെയ്യുന്നതാണു ഭേദഗതിയെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. പുതിയ രണ്ടു വിജ്ഞാപനങ്ങളാണ് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത്. ആദ്യ വിജ്ഞാപനം 2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങളുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു. ഓരോ എഫ്സിആര്‍എ രജിസ്ട്രേഷനും വിദേശ ഫണ്ടുകള്‍ ഉപയോഗിക്കാവുന്ന ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.
എഫ്സിആര്‍എ രജിസ്ട്രേഷന് സാങ്കേതിക കാരണങ്ങളാലോ അല്ലാതെയോ പുതുക്കാതിരിക്കുകയോ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്താല്‍ ഭാഗിമായെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ച സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും ഭൂമിയും അടക്കമുള്ള ആസ്തികളും സ്വത്തുക്കളും സര്‍ക്കാരിനു പിടിച്ചെടുക്കാനും കണ്ടുകെട്ടാനും അനുവദിക്കുന്ന വിവാദ വ്യവസ്ഥകളോടെയുള്ള നിയമഭേദഗതി ഡെമോക്ലീസിന്റെ വാള്‍പോലെ തുടരുന്നതിനിടെയാണു പുതിയ ചട്ട ഭേദഗതി.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍, പ്രതിഷേധങ്ങളെ തുടര്‍ന്നു മരവിപ്പിച്ചു നിര്‍ത്തുക മാത്രമാണു ചെയ്തത്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് അടക്കം രാജ്യത്താകെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എഫ്സിആര്‍എ പുതുക്കി നല്‍കാതെ വൈകിച്ചതും തടഞ്ഞതും വിവാദമായിരുന്നു.
◄105 ആക്കി പരിമിതപ്പെടുത്തി
സര്‍ക്കാര്‍ നിര്‍ദേശിച്ച 105 അനുവദനീയമായ ഉദ്ദേശ്യങ്ങളുടെ ഷെഡ്യൂളില്നിന്നു സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കണമെന്നു പുതിയ ഭേദഗതി നിഷ്കര്‍ഷിക്കുന്നു. ആരോഗ്യമേഖലയിലേത് അടക്കം പാവപ്പെട്ടവര്‍ക്കു വേണ്ട പല കാര്യങ്ങളും ഈ 105ല്‍ ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികം, സാമ്പത്തികം അല്ലെങ്കില്‍ മതപരമായ ആവശ്യങ്ങള്‍ എന്നീ വിശാല വിഭാഗങ്ങളിലാണു സന്നദ്ധസംഘടനകള്‍ ഇതുവരെ എഫ്സിആര്‍എ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇനി മുതല്‍ അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.
◄ഭൂമിശാസ്ത്രപരമായ നിയന്ത്രണം
പ്രവര്‍ത്തന ഉദ്ദേശ്യങ്ങള്‍ മാത്രമല്ല, ഭൂമിശാസ്ത്രപരമായി രാജ്യത്താകെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഫലത്തില്‍ പരിമിതപ്പെടുത്തുന്നതാണു പുതിയ ഭേദഗതി. എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമോ, കേന്ദ്രഭരണപ്രദേശമോ വ്യക്തമായി രേഖപ്പെടുത്തുകയും അവിടെ മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയും ചെയ്യുന്ന നിയന്ത്രണം ഫലത്തില്‍ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. ഓരോ സംസ്ഥാനത്തിനും 300 രൂപ വീതം അധിക ഫീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
നിലവില്‍ എഫ്സിആര്‍എ രജിസ്ട്രേഷനുള്ള സംഘടനകള്‍ക്ക് അവരുടെ രജിസ്ട്രേഷനില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഉദ്ദേശ്യങ്ങളും ഭൂമിശാസ്ത്രപരമായ മേഖലകളും രേഖാമൂലം അറിയിക്കാന്‍ ഒരു വര്‍ഷത്തെ സമയം നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള ഏതൊരു മാറ്റത്തിനും പുതിയ അംഗീകാരം ആവശ്യമാണ്. രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളിലോ ഭൂമിശാസ്ത്രപരമായ പരിധികളിലോ മാറ്റം വേണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണം. ഇതിനായി ഭരണസമിതിയുടെ പ്രമേയവും വേണം. അപേക്ഷ തള്ളാന്‍ സര്‍ക്കാരിനു അധികാരമുണ്ടാകും. നിലവില്‍ സംഘടനകളുടെ പ്രവര്‍ത്തന മേഖലകള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും പ്രത്യേക സംസ്ഥാനങ്ങളുമായി രജിസ്ട്രേഷന് ബന്ധിപ്പിച്ചിരുന്നില്ല.
◄പ്രധാന പ്രവര്ത്തകന് ആരുമാകും
സംഘടനകളുടെ ‘പ്രധാന പ്രവര്ത്തകന്’ (ചീഫ് ഫംഗ്ഷനറി) എന്നതിന്റെ നിര്‍വചനം വളരെ വിശാലമാക്കിയതു പല എന്‍ജിഒകളുടെയും പ്രവര്‍ത്തനത്തിനു തടസമാകും. വിദേശ പൗരന്മാരുള്ള സ്ഥാപനങ്ങള്‍ക്കു സാധാരണയായി രജിസ്ട്രേഷന് നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതും ചില സ്ഥാപനങ്ങളെ ബാധിക്കും. വിദേശത്തുള്ള സന്യാസ സഭകളുടെ തലവന്‍ പല സ്ഥാപനങ്ങളുടെയും ആലങ്കാരിക പദവികളിലുണ്ടാകുമെന്നതാണു കാര്യം. ഇന്ത്യയിലെ സ്ഥാപനത്തിന്റെ നേരിട്ടുള്ള ഭരണകാര്യങ്ങളില്‍ ഇവര്‍ പങ്കാളിയല്ല. പുതിയ ഭേദഗതിയോടെ ഇന്ത്യന്‍ പൗരന്മാരോ വംശജരോ അല്ലാത്തവര്‍ക്കെല്ലാം തടസമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ചില സ്ഥാപനങ്ങളില്‍ വിദേശികള്‍ക്കു തുടരാനാകുമെന്നും ഭേദഗതിയിലുണ്ട്.
കമ്പനികളുടെ ഡയറക്ടര്‍മാര്‍, സ്ഥാപനങ്ങളിലെ പങ്കാളികള്‍, ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍, ഭാരവാഹികള്‍, ഭരണസമിതി അംഗങ്ങള്‍, ഹിന്ദു അവിഭക്ത കുടുംബത്തിന്റെ കര്‍ത്ത എന്നിവര്‍ മുതല്‍ അസോസിയേഷന്റെ മാനേജ്മെന്റിലോ ഭരണകാര്യങ്ങളിലോ നിയന്ത്രണമോ ഉത്തരവാദിത്വമോ ഉള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വ്യക്തിയോ എന്നിങ്ങനെയുള്ള നിര്‍വചനത്തിലൂടെ ആരെയും പ്രധാന പ്രവര്ത്തകന് ആക്കി മാറ്റുന്നുവെന്നതില്‍ കുരുക്കുകള്‍ പലതാകും. 2011ലെ നിയമത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെയോ ഗവേണിംഗ് കൗണ്‍സിലിലെയോ അംഗങ്ങളെയാണു ‘ചീഫ് ഫംഗ്ഷണറി’ ആയി പരാമര്‍ശിക്കുന്നത്.
◄വിനിയോഗ പരിധിയിലെ പൂട്ട്
രജിസ്ട്രേഷന് പുതുക്കല്‍, റദ്ദാക്കല്‍ തീരുമാനങ്ങള്‍ക്കു കഴിഞ്ഞ രണ്ടു വര്‍ഷം കുറഞ്ഞതു 10 ലക്ഷം രൂപ വിനിയോഗിക്കണമെന്ന പുതിയ ഭേദഗതി നിരവധി ചെറിയ സംഘടനകളെ ദോഷകരമായി ബാധിക്കും. ഇത്രയും തുക ചെലഴിക്കാനില്ലാത്തതോ, കഴിയാത്തതോ ആയവയുടെ എഫ്സിആര്‍എ റദ്ദാക്കപ്പെടുകയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിയും വരും. വിദേശ ഫണ്ടുകള്‍ കൈമാറുന്ന ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കും നിയന്ത്രണങ്ങളുണ്ട്.
◄മതപരിവര്‍ത്തന കുരുക്ക്
മതപരിവര്‍ത്തനം പാടില്ലെന്ന വ്യവസ്ഥയിലൂടെ ആര്‍ക്കെതിരേയും എപ്പോഴും മതപരിവര്‍ത്തന ആരോപണം ഉയര്‍ത്തി തടസം സൃഷ്ടിക്കാന്‍ കഴിയും. മതപരമായ പ്രവര്‍ത്തനങ്ങളെ 2011ലെ എഫ്സിആര്‍എ നിയമങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. മതവിദ്യാഭ്യാസം, ദൈവശാസ്ത്ര പഠനം, മതപാരമ്പര്യങ്ങളുടെ സംരക്ഷണം, മതപരമായ ഒത്തുചേരലുകള്‍ തുടങ്ങിയവ ഈ നിയമത്തില്‍ അനുവദനീയമാണ്. മതപരിവര്‍ത്തനം എന്നത് ഒറിജിനല്‍ എഫ്സിആര്‍എ നിയമത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ പുതിയ ചട്ടങ്ങളിലെ ‘മതപരിവര്‍ത്തനം ഒഴിവാക്കല്‍’ എന്ന പ്രയോഗം ഫലത്തില്‍ മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണു ലക്ഷ്യമിടുന്നതെന്നാണ് ആശങ്ക. ഓരോ പൗരനും ഇഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനയിലെ അനുച്ഛേദം 25 ഉറപ്പു നല്കുന്ന അവകാശത്തെ പുകമറ സൃഷ്ടിച്ചു വളഞ്ഞ വഴിയിലൂടെ നിഷേധിക്കാനുള്ള ശ്രമമാണിതെന്നു പറയുന്നു.
◄സ്വാതന്ത്ര്യത്തിനും വിലങ്ങ്
ഓരോ സംഘടനയുടെയും സ്ഥാപനത്തിന്റെയും പ്രധാന പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട്, വെബ്സൈറ്റ്, മാധ്യമങ്ങളിലെ ലേഖനങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ സര്‍ക്കാരിനു നല്‍കണമെന്നു പുതുതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ഥാപനവുമായോ, മാനേജ്മെന്റുമായോ ബന്ധപ്പെട്ടവരോ, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പുസ്തകം, മാസിക, വാര്‍ത്താമാധ്യമങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയോ നിര്‍മിക്കുകയോ എവിടെയെങ്കിലും ലേഖനം പ്രസിദ്ധീകരിക്കുകയോ ചെയ്തതിന്റെയും ഇവയുടെ ഉള്ളടക്കത്തിന്റെ ചുരുക്കം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെയും വിവര ങ്ങൾ നല്‍കണമെന്ന വ്യവസ്ഥയും ഫലത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണമാകും.
രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കിയതിനു പിന്നിലും ഇതേ നിയന്ത്രണ മനോഭാവം വ്യക്തം. ഏതൊരു പൗരന്റെയും ഭരണഘടനാവകാശമായ രാഷ്ട്രീയ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് എന്തവകാശമെന്നു നിയമജ്ഞര്‍ ചോദിക്കുന്നു.
◄പിഴയും കൂട്ടുപിഴയും
എഫ്സിആര്‍എയുടെ സെക്ഷന്‍ 41 (1) പ്രകാരം പുറപ്പെടുവിച്ച പിഴകളെക്കുറിച്ചുള്ള രണ്ടാമത്തെ വിജ്ഞാപനത്തിലും വിദേശ സംഭാവനകളുടെ വരവും വിനിയോഗവുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങള്‍ക്കുള്ള കോമ്പൗണ്ടിംഗ് പിഴകള്‍ പരിഷ്കരിച്ചിട്ടുണ്ട്.
ഭരണപരമായ ചെലവുകള്‍ക്കായി നിയമപരമായ 20 ശതമാനം പരിധിക്കപ്പുറം വിദേശ സംഭാവന ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപയോ അധികച്ചെലവിന്റെ അഞ്ചു ശതമാനമോ ഏതാണ് കൂടുതല്‍, അത് പിഴയായി ഈടാക്കും.
ഓഹരിവിപണി നിക്ഷേപം പോലുള്ള ഊഹക്കച്ചവട പ്രവര്‍ത്തനങ്ങളില്‍ വിദേശ സംഭാവന ഉപയോഗിച്ചാല്‍ ഒരു ലക്ഷം രൂപയോ നിക്ഷേപിച്ച തുകയുടെ 30 ശതമാനമോ, ഏതാണ് ഉയര്‍ന്നത് അതു പിഴയായി ഈടാക്കും. നേടിയ വരുമാനം മുഴുവനായി തിരിച്ചുപിടിക്കുകയും ചെയ്യും.
ഫണ്ട് വകമാറ്റലിനും ഇതേ പിഴയുണ്ട്. വിദേശ സംഭാവന ലഭിച്ച ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപയോ ഉള്‍പ്പെട്ട തുകയുടെ 30 ശതമാനമോ, ഏതാണ് കൂടുതല്‍, അതു പിഴയായി ഈടാക്കും.
രേഖപ്പെടുത്തിയ ആവശ്യങ്ങള്‍ക്കോ ഭൂമിശാസ്ത്ര പരിധികള്‍ക്കോ പുറത്തു വിദേശ സംഭാവന സ്വീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനും സമാനമായ പിഴകളുണ്ടാകും.
പിഴയായി വന്‍തുക ഈടാക്കുന്നതിനു പുറമെ, പൂര്‍ണമായ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികള്‍ നേരിടുന്നതിനു പകരമായി കോമ്പൗണ്ടിംഗിലൂടെ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഘടനാപരമായ സംവിധാനം സ്ഥാപനങ്ങള്‍ക്ക് നല്‍കാനും പുതിയ ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്.
പിഴ കൂട്ടിയെങ്കിലും സ്ഥാപനങ്ങള്‍ക്കു പരാതിപരിഹാരത്തിനോ സാങ്കേതികവും പ്രായോഗികവുമായ പിഴവുകള്‍ തിരുത്താനോ ഫലപ്രദമായ സംവിധാനം പുതിയ ചട്ട ഭേദഗതികളില്ല.
◄വിനിയോഗവും വിനയാകാം
ഒറ്റത്തവണ വിദേശഫണ്ട് സ്വീകരിക്കാനുള്ള മുന്‍കൂര്‍ അനുമതിക്കും പുതിയ വ്യവസ്ഥകളേര്‍പ്പെടുത്തി. ലഭിച്ച ആദ്യഗഡു സംഭാവനയുടെ 75 ശതമാനവും വിനിയോഗിച്ചുവെന്നു സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയും ചെയ്യും. ഇത്തരത്തില്‍ തുകയുടെ 75 ശതമാനവും ചെലവഴിച്ചുവെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടാല്‍ മാത്രമേ തുടര്‍ ഗഡുക്കള്‍ ലഭിക്കുകയുള്ളൂ.
Tags : FCRA Act country big concern