പുതുയുഗ കേരളനിർമിതിക്ക് അത്യാവശ്യമായ പുതിയ സ്വപ്നപദ്ധതികളും നയപ്രഖ്യാപനങ്ങളും ഉൾപ്പെടുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ നിരവധി പുതിയ പദ്ധതികൾ.
വിഴിഞ്ഞവും കൊച്ചിയും ഉൾപ്പെടെയുള്ള വലിയ തുറമുഖങ്ങളെയും കേരളത്തിലുള്ള 17 ചെറുതുറമുഖങ്ങളെയും ഒന്നിച്ചണിനിരത്താൻ വൻതോതിലുള്ള തീരദേശ ചരക്കുഗതാഗതം, ഒരു പുതിയ കപ്പൽ നിർമാണശാല, ഷിപ്പിംഗ് മേഖലയെപ്പറ്റിയുള്ള പഠനസൗകര്യങ്ങൾ, കേരളത്തിന്റെ നാവിക പാരന്പര്യം എടുത്തുകാട്ടുന്ന മാരിടൈം മ്യൂസിയം - ഇവയെല്ലാം ഉൾപ്പെടുന്ന മാരിടൈം സന്പദ്വ്യവസ്ഥ, തീരപ്രദേശത്ത് വിഴിഞ്ഞം മുതൽ ആലപ്പുഴ വരെയുള്ള ധാതുമണൽ സന്പന്നമായ പ്രദേശത്ത് ധാതുമണൽ സംസ്കരണം നടത്തി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ഒരു ഇക്കണോമിക് കോറിഡോർ, 10,000 ഇടത്തരം-ചെറുകിട വ്യവസായങ്ങൾ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപവരെ ഒരാണ്ടിൽ ചികിത്സച്ചെലവ് നൽകുന്ന പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരമുള്ള ഉപരിപഠനം നാട്ടിൽതന്നെ നടത്താൻ നമ്മുടെ ചെറുപ്പക്കാർക്ക് അവസരമൊരുക്കുന്ന വിദേശ - സ്വദേശ സ്വകാര്യ സർവകലാശാലകളും ജോലിസാധ്യത ഉറപ്പുവരുത്തുന്ന പുതിയ കോഴ്സുകളും. ഇതിനെല്ലാം പുറമേ പാർട്ടി മുൻപേ പ്രഖ്യാപിച്ചിരുന്ന മറ്റു നാല് ഇന്ദിരാ ഗാരന്റി പദ്ധതികളും.
►സാമ്പത്തിക പ്രതിസന്ധിയും വിഭവസമാഹരണവും
ഈ പദ്ധതികളെല്ലാം നടപ്പാക്കണമെങ്കിൽ പണം വേണം. ഈ ഘട്ടത്തിലാണ് തന്റെ ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്തുതന്നെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ ഇക്കാര്യം നാം മനസിലാക്കേണ്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാരിന്റെ ധനമന്ത്രി ബാലഗോപാൽ 2025-26ലെ ബജറ്റ് അവതരിപ്പിച്ചിരുന്നല്ലോ. അന്ന് കേന്ദ്രത്തിൽനിന്നു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന "കമ്മിനികത്തൽ സഹായം' പുതിയ സാന്പത്തികവർഷത്തിലെ വരുമാനക്കണക്കിൽ ചേർത്തിരുന്നു. പക്ഷേ, പതിനാറാം ഫിനാൻസ് കമ്മീഷന്റെ ശിപാർശയനുസരിച്ച് "കമ്മിനികത്തൽ സഹായം' നിർത്താൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ 2025-26ലെ പുതുക്കിയ ബജറ്റിൽ ഇപ്പോൾ വരുമാനം കുറഞ്ഞിരിക്കുന്നു. അതേസമയം, പുതിയ സ്വപ്നപദ്ധതികൾ നടപ്പാക്കണമെങ്കിൽ ഉദ്ദേശിച്ചതിലധികം വിഭവസമാഹരണം നടത്തേണ്ടിവന്നിരിക്കുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിൽ ധനമന്ത്രിമാർ സാധാരണയായി ചെയ്യുന്നതു പുതിയ നികുതികൾ നിർദേശിക്കുകയാണ്. പ്രത്യേകിച്ച്, ഇക്കൊല്ലമോ അടുത്ത കൊല്ലമോ സർക്കാരിന് തെരഞ്ഞെടുപ്പുകളൊന്നും നേരിടേണ്ടതില്ലാത്ത സാഹചര്യത്തിൽ. പക്ഷേ, എളുപ്പമുള്ള ഈ വഴി സ്വീകരിച്ച് പുതിയ നികുതിനിർദേശങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനു പകരം ജിഎസ്ടി തുടങ്ങിയ നികുതികളെല്ലാം കാര്യക്ഷമമായി പിരിച്ചെടുത്തു വരുമാനം വർധിപ്പിക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി. പക്ഷേ ഇങ്ങനെ സമാഹരിക്കാവുന്ന തുകയ്ക്കും ഒരു പരിധിയുണ്ടെന്ന് അദ്ദേഹത്തിനറിയാം. ബജറ്റിൽ അവതരിപ്പിച്ച പദ്ധതികളെല്ലാം നടപ്പാക്കാൻ വൻ മൂലധന നിക്ഷേപം വേണ്ടിവരുമെന്നും അദ്ദേഹം മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ മറ്റു പദ്ധതികൾ ഓരോന്നിനും വൻതോതിൽ സ്വകാര്യ മൂലധനനിക്ഷേപം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഓരോന്നും തമ്മിൽ സ്വകാര്യ മൂലധനത്തിനുവേണ്ടി കടുത്ത മത്സരത്തിലാണ്. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുമായി നിക്ഷേപകർ കേരളത്തെ താരതമ്യപ്പെടുത്തുന്പോൾ നമ്മുടെ ഇന്നത്തെ സ്ഥിതി ഒട്ടും തൃപ്തികരമായി അവർക്കു തോന്നാൻ പോകുന്നില്ല. കേരളത്തിന്റെ ഭാഗത്ത് സമഗ്രമായ നയംമാറ്റം വേണം, അതുപോലെതന്നെ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ മൈൻഡ്സെറ്റും മാറണം.
►ഭൂനിയമപരിഷ്കരണം
വി.ഡി. സതീശന്റെ ബജറ്റിലെ സുപ്രധാനമായ ഒരു പ്രഖ്യാപനമാണ് ഭൂനിയമപരിഷ്കരണം. കേരളത്തിൽ വിപ്ലവകരമായ സാമൂഹ്യമാറ്റങ്ങൾക്കു വഴിയൊരുക്കിയത്, 1957ൽ ഇ.എം.എസ് മന്ത്രിസഭയിലെ റവന്യുമന്ത്രി കെ.ആർ. ഗൗരിയമ്മയുടെ ഉത്സാഹത്തിൽ തുടങ്ങിവച്ച്, 1964ലെ കോൺഗ്രസ്-പിഎസ്പി മന്ത്രിസഭയിലെ മന്ത്രി പി.ടി. ചാക്കോയുടെ കാലത്ത് നടപ്പാക്കിയ ഭൂപരിധി നിർണയ നിയമം ആയിരുന്നല്ലോ. അന്ന് ഒരാൾക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 സ്റ്റാൻഡാർഡ് ഏക്കർ എന്ന് നിർണയിച്ച്, മിച്ചഭൂമി പിടിച്ചെടുത്ത് ലക്ഷക്കണക്കിനു കുടിയാന്മാരെ (ഭൂമി പാട്ടത്തിനെടുത്തിരുന്നവർ) ഭൂവുടമകളാക്കി. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...” എന്നു സഖാക്കൾ പാടിയിരുന്നെങ്കിലും ചെളിയിലിറങ്ങി കൃഷിചെയ്തിരുന്ന കർഷകത്തൊഴാളികൾ മിക്കവരും ഭൂരഹിതരായി തുടർന്നു. ഭൂമിയുടെ ഉടമകളായിത്തീർന്ന പാട്ടക്കരാറുകാർ പലരും ബുദ്ധിമുട്ടുള്ള നെൽകൃഷി ഏറ്റെടുക്കാൻ തയാറായില്ല. അവർ പലരും ഭൂമി തരിശാക്കിയിട്ടു.
പക്ഷേ ഇങ്ങനെ ലഭിച്ച ഭൂമിയിൽ നെൽകൃഷിയല്ലാതെ മറ്റൊരു കൃഷിയും ചെയ്യാൻ പാടില്ലെന്നു നിഷ്കർഷിച്ചു സർക്കാരിന്റെ ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ! അതേസമയം ഭൂപരിധി നിർണയ നിയമത്തിൽനിന്ന് 1957ൽതന്നെ റബർ, തേയില, കാപ്പി, ഏലം എന്നിവ കൃഷിചെയ്തിരുന്ന വൻ തോട്ടങ്ങളെ ഒഴിവാക്കിയിരുന്നു. പക്ഷേ, തോട്ടങ്ങളിൽ പുതുതായി മറ്റേതെങ്കിലും വിളയുടെ കൃഷി അനുവദിച്ചിരുന്നുമില്ല.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് തോട്ടങ്ങളിൽ ഭൂമിയുടെ അഞ്ചു ശതമാനത്തിൽ കൂടാതെ വിസ്തൃതിയിൽ ടൂറിസം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാമെന്നു തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീടു വന്ന എൽഡിഎഫ് സർക്കാരുകളുടെ നിലപാട് ഇതിനനുകൂലമായിരുന്നില്ല. ഫലവൃക്ഷങ്ങളും മറ്റു ചില വൃക്ഷവിളകളും തോട്ടങ്ങളിൽ കൃഷി ചെയ്യാൻ അവസരം നൽകാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശ്രമം നടന്നിരുന്നെങ്കിലും സിപിഐയുടെ എതിർപ്പു കാരണം അതു നടന്നില്ല. അപ്പോഴേക്കും തോട്ടങ്ങൾ രോഗശയ്യയിലാകുകയും ചെയ്തു.
ഇത്തരുണത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഭൂപരിഷ്കരണം നന്പർ 2 വളരെ നിർണായകമായ ഒരു പുതിയ നീക്കമാണ്. ഈ നയപരിഷ്കാരത്തിലൂടെ ഒരുകാലത്ത് കേരള കാർഷിക സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന തോട്ടങ്ങളെ വീണ്ടും ലാഭകരമാക്കിത്തീർക്കുമെന്നും അതോടൊപ്പം പുതിയ എംഎസ്എംഇ (മീഡിയം, സ്മോൾ ആൻഡ് മൈക്രോ എന്റർപ്രൈസസ്-ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ) വ്യവസായങ്ങളുടെ ശൃംഖലയ്ക്ക് ആവശ്യമായ സ്ഥലം, പിന്നാക്ക ജില്ലകളായ കാസർഗോഡ്, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ തരിശുഭൂമികൾ പരിവർത്തനം ചെയ്ത് കുറേ സംരംഭകർക്കു ലഭ്യമാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കാം.
"ഭൂപരിഷ്കരണം നന്പർ 2'വിന്റെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും 1960കളിൽ പ്രസക്തമായിരുന്ന ഭൂപരിധി നിർണയം നടപ്പാക്കിയതിലൂടെ "കൃഷിഭൂമി കർഷകന്' എന്ന ആശയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കുമുണ്ട്. തരിശുഭൂമി കൃഷിചെയ്യാനായി പാട്ടത്തിനു കൊടുക്കുന്നതുപോലും കേരളത്തിൽ നിലവിലിരിക്കുന്ന നിയമങ്ങൾ നിരോധിക്കുന്നു. ഒരു കുടുംബത്തിനോ കന്പനിക്കോ സ്വന്തമായി കൈവശം വയ്ക്കാവുന്ന 15 ഏക്കർ ഭൂമിയിൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രസ്ഥാനവും വിജയകരമായി നടത്താൻ കഴിയില്ല. ലാഭകരമായി നടക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ അവിടെ ജോലിചെയ്യുന്നവർക്ക് ജീവിക്കാനും കുടുംബം പുലർത്താനും ആവശ്യമായ വേതനം നൽകാൻ കഴിയൂ. ഇനി മുന്നോട്ടു പോകാൻ ഭൂപരിധിനിയമം ഉപേക്ഷിച്ചേ പറ്റൂ. അനാവശ്യമായ നിയന്ത്രണങ്ങളിൽനിന്ന് കൃഷിഭൂമിയെ മോചിപ്പിക്കാതെ നിവൃത്തിയില്ല. സ്വകാര്യ വ്യവസായ സംരംഭങ്ങൾ പൊട്ടിമുളയ്ക്കാനിത് അത്യാവശ്യമാണ്.
നഗരങ്ങളിൽ നെൽപ്പാടങ്ങളായിരുന്ന പല പ്രദേശങ്ങളും അരനൂറ്റാണ്ടിനു മുന്പുതന്നെ നികത്തി വീടുകൾ കെട്ടിയ ഉദാഹരണങ്ങൾ കേരളത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും നഗരപ്രാന്തത്തിലുമുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞ് കെട്ടിടം പൊളിച്ച് പരിഷ്കരിക്കാൻ നോക്കുന്പോഴാണ് ഇപ്പോഴും ആ സ്ഥലം റവന്യു രേഖകളിൽ നെൽപ്പാടം ആയിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു എന്നു മനസിലാകുന്നത്.
ഈ ഭൂമിയുടെ തരം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ മനഃപൂർവം ദുഷ്കരമാക്കിയിരിക്കുന്നു, കൈക്കൂലിക്ക് അവസരമൊരുക്കാനായി! അതുപോലെതന്നെയാണ്, കളമശേരിയിലെ എച്ച്എംടി, വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് മുതലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമികൾ യാതൊരു ഉപയോഗവുമില്ലാതെ കിടക്കുന്നത്. ഇവയെല്ലാം വീണ്ടെടുത്ത് വ്യവസായ സംരംഭകർക്കു ലഭ്യമാക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ വർഷങ്ങളായി പറഞ്ഞുകേട്ടിരുന്നതും പക്ഷേ, ഒരിക്കലും ഫലപ്രദമായി നടപ്പാക്കാതിരുന്നതുമായ ഏകജാലക സംവിധാനം, "Invest Kerala Cell' എന്ന പേരിൽ പുതുവീര്യത്തോടെ നടപ്പാക്കി, സംരംഭകരുടെ യാത്ര സഫലമാക്കുമെന്നുള്ള വാഗ്ദാനവും മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലൂടെ നമുക്കു ലഭിക്കുന്നു.
►പോരായ്മകളും വിമർശനങ്ങളും
ഇങ്ങനെ പുതുയുഗ കേരള സൃഷ്ടിക്കുതകുന്ന അനേകം പ്രത്യാശാപൂർവമായ നീക്കങ്ങൾ ബജറ്റിലുണ്ടെങ്കിലും മുഖ്യമന്ത്രി വിട്ടുപോയ ചില കാര്യങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. ഒന്ന്, കെഎസ്ആർടിസിയുടെ കാര്യം. പാവപ്പെട്ടവരായ വനിതകൾ ഉപയോഗിക്കുന്ന ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയിരിക്കുന്നത് നല്ലകാര്യമാണെങ്കിലും കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള നടപടികളെടുക്കാനും ഇത് ഉചിതമായ അവസരമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ കെഎസ്ആർടിസി അതിന്റെ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ചില പുതിയ മാറ്റങ്ങൾക്ക് വരുംദിവസങ്ങളിൽ വിധേയമായിത്തീരും എന്നും മറ്റുമുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ബജറ്റിൽ ആ പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു മാറ്റത്തിന്റെയും സൂചന നൽകിയിട്ടില്ല.
രണ്ട്, കേരളത്തിൽ 130ൽപരം പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. പലതും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവ, മിക്കവയും നഷ്ടം മാത്രമുണ്ടാക്കുന്നവ. ഈ സ്ഥാപനങ്ങൾ, സുഖജീവിതം നയിക്കാനും അഴിമതി ചെയ്ത് സ്വത്ത് സന്പാദിക്കാനും ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കു താവളമൊരുക്കാൻ ഉപയോഗിക്കപ്പെടുന്നു. ഇവയിൽ കുറേയെണ്ണത്തിനെയെങ്കിലും അടച്ചുപൂട്ടുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു.
►നോക്കുകൂലി
മൂന്നാമതായി, മൂലധന നിക്ഷേപകരെ കേരളത്തിൽ നിക്ഷേപം നടത്താൻ ഭയപ്പെടുത്തി അകറ്റുന്ന ഏറ്റവും വലിയ ഭീകരസത്വം "നോക്കുകൂലി' എന്ന പ്രതിഭാസമാണ്. ജോലിചെയ്യാതെ നോക്കിനിന്നു കൂലി പിടിച്ചുവാങ്ങുന്ന കയറ്റിറക്ക് തൊഴിലാളികളുടെ സ്ഥിരം പരിപാടി! പിണറായി വിജയൻ ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാർ നോക്കുകൂലി നിയമവിരുദ്ധമാണ്, സർക്കാർ അതിനെതിരായി നടപടിയെടുക്കും എന്ന് പലപ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, നോക്കുകൂലി ഒരു തടസവുമില്ലാതെ നടക്കുന്നു.
കേരളീയരായ സാധാരണക്കാർ നിവൃത്തിയില്ലാതെ കീഴടങ്ങുന്നു. പക്ഷേ, മൂലധന നിക്ഷേപത്തിന് ഇവിടെ സാധ്യത തേടുന്നവർ ഇതിനെപ്പറ്റി അറിയുന്പോൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുന്നു. നോക്കുകൂലിയെ ഫലപ്രദമായി ഇല്ലായ്മ ചെയ്യണമെങ്കിൽ, തൊഴിൽ തർക്കങ്ങളിൽ പോലീസ് ഇടപെടുകയില്ല, എന്ന കേരള സർക്കാരിന്റെ പഴയ നയം മാറ്റണം. നോക്കുകൂലി ആവശ്യപ്പെടുന്നത് പിടിച്ചുപറിയാണെന്നും അതു തടയേണ്ടത് പോലീസിന്റെ കടമയാണെന്നും പ്രഖ്യാപിക്കണം. അതുപോലെതന്നെ, ചുമട്ടുതൊഴിലാളി നിയമത്തിൽ കയറ്റിറക്ക് പണി ചെയ്യാനുള്ള കുത്തകാവകാശം യൂണിയനുകൾക്കു കൊടുത്തിരിക്കുന്നത് നിയമം ഭേദഗതി ചെയ്തു നീക്കണം. ഒരു ഡ്രൈവറെയോ ഇലക്ട്രീഷനെയോ പ്ലംബറെയോ വിളിച്ച് ജോലി ചെയ്യിക്കാൻ അവരുടെ യൂണിയനെ സമീപിക്കേണ്ടതില്ല, നമുക്ക് ഇഷ്ടമുള്ളവരെ വിളിച്ച് ആ ജോലി ഏൽപിക്കാം. കയറ്റിറക്ക് മേഖലയിൽ മാത്രം എന്തിനീ യൂണിയൻ കുത്തകാവകാശം?
നോക്കുകൂലി നിരോധിക്കാനുള്ള ഈ നടപടി, കേരളസർക്കാർ എടുത്താൽ കേരളം നിക്ഷേപസൗഹൃദമായിക്കഴിഞ്ഞു എന്ന സന്ദേശം ലോകം മുഴുവനിലുമുള്ള സംരംഭകർക്ക് ഏറ്റവും ശക്തമായി നൽകുന്ന നടപടിയായിരിക്കും. ഈ ഒരൊറ്റ നീക്കം കേരളത്തിന്റെ പ്രതിഛായ മെച്ചമാക്കും. സർക്കാരിന്റെ ഇച്ഛാശക്തിയും ആത്മാർഥതയും കണ്ട് പഴയ കയ്പേറിയ അനുഭവങ്ങൾ മറന്നുകൊണ്ട് കേരളത്തെ ഏറ്റവും ബിസിനസ് ഫ്രണ്ട്ലിയായ സംസ്ഥാനമായി അംഗീകരിക്കും.
കേരളത്തിലെ സംരംഭകമികവുള്ള ചെറുപ്പക്കാർ ഓരോ ഗ്രാമത്തിലും കാർഷികോത്പന്നങ്ങളിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് ഇന്ത്യയിലും വിദേശത്തും വില്പന നടത്തും. തൊഴിലവസരങ്ങൾക്കു പഞ്ഞമുണ്ടാകില്ല. പക്ഷേ നിർണായകമായ തീരുമാനം കേരള സർക്കാർ എടുക്കണം, ഈ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകാൻ.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞിരിക്കുന്ന സ്വപ്നപദ്ധതികളെല്ലാം ഈ ഒരു കൊല്ലക്കാലത്തിൽ നടപ്പാക്കാൻ സാധിക്കുന്നവയല്ല. സതീശൻ മന്ത്രിസഭയുടെ അഞ്ചുകൊല്ല കാലാവധിക്കകം നടപ്പാക്കിയെടുക്കേണ്ട പദ്ധതികളാണ്. ഉടനെതന്നെ ഈ പദ്ധതികൾ നടപ്പാക്കാനുള്ള പ്രവർത്തനം ഉഷാറായി തുടങ്ങണം. ഓരോ കൊല്ലവും പൂർത്തിയാക്കേണ്ട നടപടികൾ പ്ലാൻ ചെയ്യണം. ഓരോ പദ്ധതിയിലും ഇക്കൊല്ലം പൂർത്തിയാക്കേണ്ട കാര്യങ്ങൾ നിശ്ചയിക്കണം. വർഷാവസാനത്തോടെ പൂർത്തിയാക്കേണ്ട കാര്യങ്ങൾ പൂർത്തിയാക്കിയെടുക്കാൻ ഓരോ മാസക്കാലത്തും ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ നിർണയിച്ച് അതതു മാസത്തിലെ ലക്ഷ്യം നേടിയെടുക്കണം. ഇങ്ങനെ അച്ചടക്കത്തോടെ മുന്നോട്ടുപോയാൽ മുഖ്യമന്ത്രിക്കു വിജയം സുനിശ്ചിതം!
Tags : budget Five year programme determined Kerala budget VD satheesan