ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ പ്രായോഗികതയെയും അതിന്റെ പിന്നിലെ താത്പര്യങ്ങളെയുംകുറിച്ച് വിവിധ വിദഗ്ധർ ഉന്നയിക്കുന്ന ഗുരുതരമായ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
തുറമുഖത്തിന്റെ പ്രായോഗികത: സിംഗപ്പുർ, കൊളംബോ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങൾ നിലവിൽ ഈ മേഖലയിലുണ്ട്. കപ്പലുകൾ മാസങ്ങൾക്കു മുമ്പുതന്നെ യാത്രാപാത നിശ്ചയിക്കുന്നതിനാൽ, വലിയ വാണിജ്യനേട്ടമില്ലാതെ പുതിയൊരു തുറമുഖത്തേക്ക് അവ ആകർഷിക്കപ്പെടില്ല.
ഇത് ചരക്ക് ഇറക്കുന്ന തുറമുഖം അല്ലാത്തതിനാൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിലൂടെ മാത്രമായിരിക്കും പ്രധാന വരുമാനം. അതിനാൽ 75,000 കോടി രൂപയുടെ ഭീമൻ നിക്ഷേപം ലാഭകരമാകില്ല എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രധാന കരയിൽപോലും വിജയിക്കാത്ത ഇത്തരം പദ്ധതികൾ അതീവ പരിസ്ഥിതിലോലമായ ഒരു ദ്വീപിൽ എങ്ങനെ പ്രായോഗികമാകും എന്ന ചോദ്യവുമുണ്ട്.
പ്രതിരോധവും സുരക്ഷയും: ഈ വാദത്തെ മുൻ നാവികസേനാ മേധാവി അഡ്മിറൽ ലക്ഷ്മീനാരായണൻ രാംദാസ് ചോദ്യം ചെയ്യുന്നുണ്ട്. ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യൻ നാവികസേനയ്ക്ക് നിലവിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ ദ്വീപ് യാതൊരുവിധ സൈനിക ഭീഷണികളും നേരിടുന്നുമില്ല. അതിനാൽ പ്രതിരോധത്തിന്റെ പേരിൽ ഇത്രയും വലിയൊരു പരിസ്ഥിതിനാശം വരുത്തിവയ്ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു.
പകരം വനവത്കരണമെന്ന വമ്പൻ തമാശ
നിക്കോബാർ ദ്വീപസമൂഹത്തിൽനിന്ന് 2,500 കിലോമീറ്ററിലധികം അകലെയുള്ള ഹരിയാനയിൽ പകരം വനവത്കരണം നടത്തുമെന്നാണ് സർക്കാർ പറയുന്നത്! ഇതിനു പിന്നിലെ യുക്തിയില്ലായ്മയെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ വന്നിരുന്നു. ഇരു പ്രദേശങ്ങളിലെയും പരിസ്ഥിതി തികച്ചും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യങ്ങൾ. പകരം വനവത്കരണത്തിന് ദ്വീപിൽ അധിക ഭൂമി ലഭ്യമല്ലെന്നായിരുന്നു മറുപടി. ഹരിയാനയിലെ നഗര-നഗരപ്രാന്ത പ്രദേശങ്ങളിൽ വനവത്കരണം നടത്തുന്നതുവഴി വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും സർക്കാർ മറുപടി നൽകി.
പതിനായിരം ഏക്കറിലധികം വിസ്തൃതിയുള്ള ഒരു ജംഗിൾ സഫാരി പാർക്കാണത്രെ ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയിൽനിന്നുള്ള വനവത്കരണ ഫണ്ട് ഉപയോഗിച്ച് ഹരിയാനയിൽ നിർമിക്കുന്നത്. ഒരു ഉഷ്ണമേഖലാ നിബിഡവനം വെട്ടി നശിപ്പിക്കുന്നതിനു പകരമായി ഒരു വിനോദസഞ്ചാര പദ്ധതി എങ്ങനെ ഒരു പരിഹാരമാകുമെന്നതാണ് കാതലായ ചോദ്യം. ശാസ്ത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ, കോടതികളും ട്രൈബ്യൂണലുകളും വികസനം, ടൂറിസം, പ്രതിരോധം, തന്ത്രപരമായ പ്രാധാന്യം തുടങ്ങിയ വാക്കുകൾ കൂട്ടിച്ചേർത്ത് ശാസ്ത്രത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് അരോചകമായ കാഴ്ചയാണ്. നിയമമോ ശാസ്ത്രമോ അല്ല അവശേഷിക്കുന്നത്. മറിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ നഷ്ടങ്ങളെയും മറികടക്കാൻ കഴിയും എന്ന അമിത ആത്മവിശ്വാസം മാത്രമാണ്.
നിക്കോബാറിൽനിന്ന് അൽബേനിയയിലെ ഫ്ളെമിംഗോ വിപ്ലവത്തിലേക്കു പോകുമ്പോഴും വസ്തുതകളും വിശദീകരണങ്ങളും ഒരുപോലെ നമ്മളെ നോക്കി പല്ലിളിക്കുന്നുണ്ട്.
അൽബേനിയ പ്രതിഷേധച്ചൂളയിൽ
ആഴ്ചകളായി അൽബേനിയക്കാർ പ്രതിഷേധവുമായി തെരുവിലാണ്. സാസൻ ദ്വീപിൽ വരാൻ പോകുന്ന വൻ മുതൽമുടക്കുള്ള ആഡംബര റിസോർട്ടിനെതിരേയാണ് സമരം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും ഭർത്താവ് ജാരെഡ് കുഷ്നറുമാണ് റിസോർട്ടിനു പിന്നിൽ. അവർക്കു വിട്ടുവീഴ്ചയില്ലാത്ത പിന്തുണയുമായി അൽബേനിയൻ പ്രധാനമന്ത്രി എഡി രാമയുമുണ്ട്. റിസോർട്ടിനെതിരായ സമരം സർക്കാരിനെതിരേയുള്ള വൻ പ്രക്ഷോഭമായി വളരുകയാണ്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ ഒരു ലക്ഷത്തിലേറെ അൽബേനിയക്കാരാണ് എതിർപ്പുമായി തെരുവുകളിലെത്തിയത്.
പ്രതിഷേധം അടുത്ത ദിവസങ്ങളിൽ പെട്ടെന്ന് ശക്തമായി. അന്നുമുതൽ ദിവസേന പ്രകടനങ്ങൾ നടക്കുന്നു. പ്രതിഷേധക്കാർ ഫ്ലെമിംഗോകളുടെ ചിത്രങ്ങൾ പ്രതീകമായി കൈയിലേന്തുന്നു. സാസൻ ദ്വീപ് ഫ്ളെമിംഗോ പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഫ്ലെമിംഗോ വിപ്ലവം എന്ന പേരിലാണ് പ്രതിഷേധം പടരുന്നത്.
ജനവാസമില്ലാത്ത സാസൻ ദ്വീപിനെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, വില്ലകൾ, യാട്ടുകൾക്കായുള്ള മറീന എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. 2024 അവസാനത്തോടെ അൽബേനിയൻ സർക്കാർ പ്രാഥമിക അനുമതി നൽകിയിരുന്നു. ആറ് ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണമുള്ള സാസൻ അൽബേനിയയിലെ ഏറ്റവും വലിയ ദ്വീപാണ്. മുമ്പ് ഇതൊരു സൈനിക താവളമായിരുന്നു. ആദ്യം ഫാസിസ്റ്റ് ഇറ്റലിയുടെയും പിന്നീട് കമ്യൂണിസ്റ്റ് അൽബേനിയയുടെയും.
ദ്വീപിന് എതിർവശത്തുള്ള പ്രധാന ഭൂമിയിലെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രധാനമായും വ്യോസ-നർത്ത ലഗൂണിനോട് ചേർന്നുള്ള സ്വെർനെക് ഗ്രാമത്തിനടുത്തുള്ള ബീച്ച്. ഈ ലഗൂൺ ഒരു സംരക്ഷിത പ്രകൃതിദത്ത പ്രദേശവും ദേശാടന പക്ഷികളുടെയും ഫ്ളെമിംഗോ പക്ഷികളുടെയും സുപ്രധാന താവളവുമാണ്.
പദ്ധതികൾക്കു പിന്നിൽ
അഫിനിറ്റി പാർട്ണേഴ്സ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ പ്രധാന കരാറുകാർ. ഉടമസ്ഥർ ഇവാൻക ട്രംപും ഭർത്താവ് ജാരെഡ് കുഷ്നറും. ട്രംപ് കുടുംബം ലോകമെമ്പാടുമുള്ള ആഡംബര പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ട്. യാദൃച്ഛികമായാണ് ഈ ദ്വീപ് കണ്ടെത്തുന്നതെന്നാണ് ഇവാൻക ആവേശത്തോടെ പറയുന്നത്. മെഡിറ്ററേനിയൻ കടലിനു നടുവിലുള്ള മനോഹരമായ സ്വകാര്യ ദ്വീപാണ്. ഒരു സുഹൃത്തിന്റെ ബോട്ടിൽ സഞ്ചരിക്കവേ കുളിക്കാനായാണ് ഇവിടെ നിർത്തിയത്. ശരിക്കും മനംമയക്കുന്ന കാഴ്ചയായിരുന്നു ദ്വീപിന്റേത്. അഞ്ച് മൈൽ നീളമുള്ള ബീച്ച്. മനോഹരമായ വെളുത്ത മണൽ. ഒരു വശത്ത് ലഗൂണും (കടലിനോടു ചേർന്ന കായൽ) മറുവശത്ത് തുറന്ന കടലും: ഇവാൻകയുടെ ആഹ്ലാദം അണപൊട്ടി.
സ്വകാര്യഭൂമിയെന്നാണ് അൽബേനിയൻ സർക്കാർ അവകാശപ്പെടുന്നത്. പക്ഷേ, പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ദ്വീപിലെ കുളി കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഇടവേളയിൽ കുഷ്നർ പ്രധാനമന്ത്രി എഡി രാമയെ സമീപിച്ച് അൽബേനിയയിൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിന്നെ ഒട്ടും വൈകിയില്ല. കുഷ്നർ തന്ത്രപ്രധാന നിക്ഷേപകനായി. റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് അതിവേഗം അനുമതിയുമായി.
മെഡിറ്ററേനിയൻ മേഖലയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ടതും വൈവിധ്യമാർന്ന ജീവജാലങ്ങളാൽ സന്പന്നവുമായ തീരദേശ ആവാസവ്യവസ്ഥകളിൽ ഒന്നാണിത്. ഇരുനൂറിലധികം പക്ഷി ഇനങ്ങൾ ഇവിടെ വിശ്രമിക്കുകയും ഇരതേടുകയും ചെയ്യുന്നു. ഇതിൽ 3,000 വരെയുള്ള ഫ്ലെമിംഗോകളും ഡാൽമേഷൻ പെലിക്കണ്, പൊന്മാൻ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന ജീവികളും ഉൾപ്പെടുന്നു.
മെഡിറ്ററേനിയനിലെ തകരാത്ത ഡെൽറ്റാ (നദീമുഖ) വ്യവസ്ഥിതിയുടെ ഏറ്റവും അവസാനത്തെ ഭാഗമാണ് വ്യോസ-നാർട്ട സംരക്ഷിത പ്രദേശം. ഇവിടെ ഇരുനൂറിലധികം പക്ഷി ഇനങ്ങളും വംശനാശഭീഷണി നേരിടുന്ന എഴുപതിലധികം ജീവിവർഗങ്ങളുമുണ്ട്. കൂടാതെ, യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പക്ഷി ദേശാടന പാതകളിലൊന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഗ്രീസ്, ഇറ്റലി, ക്രോയേഷ്യ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിയമപരമായി സംരക്ഷിക്കേണ്ട ബാധ്യതയുള്ള മെഡിറ്ററേനിയൻ മങ്ക് സീൽ, ലോഗർഹെഡ് കടലാമകൾ എന്നിവയ്ക്ക് ഈ പ്രദേശം വാസസ്ഥലം ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, അൽബേനിയയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഇവിടെ സംഭവിക്കുന്നതെന്നും യൂറോപ്യൻ പാർലമെന്റിന്റെ പ്രമേയം ചൂണ്ടിക്കാട്ടുന്നു.
2021 നവംബറിൽ ഇതേ പ്രദേശത്ത് ആരംഭിച്ച വ്ളോറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയമവിരുദ്ധമായ നിർമാണത്തിനു പുറമെയാണ് ഇപ്പോൾ ഈ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്.
ഈ നദീമുഖത്തെ 2,529 ജീവിവർഗങ്ങളിൽ 279 എണ്ണം രാജ്യാന്തരതലത്തിൽ വംശനാശഭീഷണി നേരിടുന്നവയാണെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്.
ദേശാടന പക്ഷികൾ പറന്നു പോകും. എന്നാൽ, അൽബേനിയയിലെ ഫ്ളെമിംഗോ വിപ്ലവത്തിന് അതിന്റെ തണ്ണീർത്തടങ്ങളെ ട്രംപുമാരിൽനിന്നും വിനോദസഞ്ചാരികളിൽനിന്നും സംരക്ഷിച്ചു നിർത്താനാകുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. നിക്കോബാറിൽനിന്നും ലോകത്തിന്റെ മറ്റനേകം ഭാഗങ്ങളിൽനിന്നും ഉയരുന്നതും ഇതേ ചോദ്യം. പ്രകൃതിയും മനുഷ്യരും മറ്റു ജീവജാലങ്ങളും ചേർന്നുനിന്നാലേ ജീവന്റെ ലയം ഭൂഗോളത്തിൽ നിലനിൽക്കൂ എന്ന സത്യമാണ് മനുഷ്യമനഃസാക്ഷിയെ നയിക്കേണ്ടത്.
വിവിധ കാരണങ്ങൾ. വ്യത്യസ്ത കക്ഷികൾ. പ്രതിഷേധത്തിന് പല മാനങ്ങളാണ്. തുടക്കംമുതൽ പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. ഈ പ്രദേശം അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും വളരെ സെൻസിറ്റീവായ ആവാസവ്യവസ്ഥകളുള്ളതുമാണ്. പദ്ധതി വന്നാൽ ഇവിടെ തിരിച്ചെടുക്കാനാകാത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ജനരോഷം പെട്ടെന്ന് കത്തിക്കാളാൻ ഇടയാക്കിയത് ഒരു മുള്ളുവേലിയാണ്. സ്വെർനെകിന് സമീപമുള്ള ഒരു പ്രദേശമാണ് വേലികെട്ടി തിരിച്ചത്. വേലിക്കു പിന്നാലെ നിർമാണ സാമഗ്രികളെത്തി. സ്വകാര്യ സുരക്ഷാസേനയും വന്നു. അതോടെ പ്രദേശവാസികൾ കോപാകുലരായി. കല്ലേറുണ്ടായി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സ്വകാര്യ സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരെ ആക്രമിച്ചു. ഒരാളെ വലിച്ചിഴച്ചുകൊണ്ടുപോവുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ടായി. രോഷം മൂർഛിച്ചപ്പോൾ വ്ലോറയിലെ പോലീസ് ഡയറക്ടർക്ക് രാജിവയ്ക്കേണ്ടിവന്നു. വെറുമൊരു പരിസ്ഥിതി പ്രശ്നമെന്ന നിലയിൽനിന്ന് കാര്യങ്ങൾ പുതിയ തലത്തിലെത്തി.
ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടിരാനയിൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ തടിച്ചുകൂടി. രാജ്യം വിൽപനയ്ക്കുള്ളതല്ല, ദുബായ് പോലൊരു അൽബേനിയ വേണ്ട എന്നൊക്കെയായിരുന്നു അവരുടെ കൈയിലുള്ള പ്ലക്കാർഡിൽ. എഡി രാമയുടെ രാജിക്കുവേണ്ടിയും അവർ മുദ്രാവാക്യം വിളിച്ചു. ചിലയിടങ്ങൾ പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു. രാമ നേരത്തേതന്നെ എതിർപ്പു നേരിടുന്നുണ്ടായിരുന്നു. സുതാര്യതയില്ലായ്മയും സ്വേച്ഛാധിപത്യവുമാണ് അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ.
ഞാൻ ഇവിടെയുള്ളിടത്തോളം കാലം ഈ നിക്ഷേപം നിർത്തിവയ്ക്കാൻ യാതൊരു സാധ്യതയുമില്ല എന്നാണ് പ്രധാനമന്ത്രി രാമയുടെ പിടിവാശി. പദ്ധതി രാജ്യത്തേക്ക് വലിയ നിക്ഷേപകരെ ആകർഷിക്കും. യൂറോപ്യൻ യൂണിയൻ അംഗത്വം ലക്ഷ്യമിടുന്ന, താരതമ്യേന വികസനം കുറഞ്ഞ രാജ്യത്തിന് ഈ പദ്ധതി മൗലിക പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുകൾ അടിസ്ഥാനരഹിതമെന്നു പറഞ്ഞ് അദ്ദേഹം പുച്ഛിക്കുകയും ചെയ്തു. ഇറാനാണ് പ്രതിഷേധങ്ങൾക്കു പിന്നിലെന്ന ആരോപണവും പ്രധാനമന്ത്രി ഉയർത്തി. ഒരു ഇറേനിയൻ പ്രതിപക്ഷ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അൽബേനിയ അഭയം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
(അവസാനിച്ചു)
Tags : Great Nikkobar Questions Answers