വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണെങ്കിലും നിക്കോബാറും അൽബേനിയയും ഒരു പൊതുദുരന്തത്തിന്റെ വിവാദച്ചുഴിയിലാണ്. പരിസ്ഥിതിയും രാഷ്്ട്രീയവും സാന്പത്തിക താത്പര്യങ്ങളും കൂടിക്കുഴഞ്ഞ പ്രശ്നം. നീതിയെക്കുറിച്ചും
അതിജീവനത്തെക്കുറിച്ചുമുള്ള ആശങ്കകൾ ഉരുണ്ടുകൂടി വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് രണ്ടിടത്തും
“നമ്മുടെ ചോരയുടെ നിറം ഒന്നാണ്, നമ്മുടെ കണ്ണീരിന്റെ രുചിയും ഒന്നാണ്”. വിഖ്യാത റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിൽനിന്നാണ് ഈ വാക്കുകൾ.
ദേശഭേദമില്ലാതെ ഏതു നാട്ടിലെ മനുഷ്യരും സഹിക്കുന്ന വേദനയും ദുരന്തങ്ങളും സമാനമാണെന്ന് ഇത് ഓർമിപ്പിക്കുന്നു.“എവിടെയെങ്കിലും നടക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്. നാം പരസ്പരം മാറ്റിവയ്ക്കാനാകാത്തവിധം ഒരു വലക്കണ്ണിയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു”. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ ഈ വരികളും സമാനചിന്ത പങ്കിടുന്നു.
നിക്കോബാറിലോ അൽബേനിയയിലോ കെനിയയിലോ മെക്സിക്കോയിലോ, എവിടെയുമുണ്ടാകുന്ന ഭരണകൂട ചൂഷണവും ആത്യന്തികമായി ലോകത്തെ മുഴുവൻ മനുഷ്യരെയും ബാധിക്കുന്ന വലിയ അനീതിയുടെ ഭാഗമാണെന്ന ഉൾക്കാഴ്ച ഈ മഹദ്വചനങ്ങൾ നൽകുന്നുണ്ട്.അതെ, വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണെങ്കിലും നിക്കോബാറും അൽബേനിയയും ഒരു പൊതുദുരന്തത്തിന്റെ വിവാദച്ചുഴിയിലാണ്.
പരിസ്ഥിതിയും രാഷ്്ട്രീയവും സാന്പത്തിക താത്പര്യങ്ങളും കൂടിക്കുഴഞ്ഞ പ്രശ്നം. നീതിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള ആശങ്കകൾ ഉരുണ്ടുകൂടി വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് രണ്ടിടത്തും. അതോടൊപ്പം കെനിയയിലും മെക്സിക്കോയിലുമുണ്ടായ വിവാദങ്ങളും ഒരേ തൂവൽപക്ഷികളാണെന്നു തിരിച്ചറിയേണ്ടതുണ്ട്.ഇന്ത്യയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിലാണ് നിക്കോബാർ ദ്വീപുകൾ.
കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ തെക്കേയറ്റം. തെക്കുകിഴക്കൻ യൂറോപ്പിലെ ബാൽക്കൻ ഉപദ്വീപിലാണ് അൽബേനിയ എന്ന രാജ്യം.ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയും അൽബേനിയയിലെ സാസൻ ദ്വീപ് വ്യോസനാർട്ട ടൂറിസം പദ്ധതിയും അനീതിയുടെയും പരിസ്ഥിതി നാശത്തിന്റെയും സമാനതകളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു.
പരിസ്ഥിതിനാശം, അഴിമതി, പ്രതിഷേധം
യുനെസ്കോയുടെ ബയോസ്ഫിയർ റിസർവിൽ ഉൾപ്പെട്ട, ലോകത്തിലെതന്നെ ഏറ്റവും അപൂർവമായ നിബിഡവനങ്ങളും പവിഴപ്പുറ്റുകളുമുള്ള മേഖലയാണ് നിക്കോബാർ. ലെതർബാക്ക് ആമകളുടെ പ്രധാന പ്രജനന കേന്ദ്രമായ ഗലാത്തിയ ബേ ഇതിന്റെ ഭാഗമാണ്.
ഇനി അൽബേനിയയിലേക്കു വന്നാലോ, അവിടുത്തെ ഏക സമുദ്ര ദേശീയ പാർക്കായ സാസൻ ദ്വീപിലും, വംശനാശഭീഷണി നേരിടുന്ന പക്ഷികളും പിങ്ക് ഫ്ലെമിംഗോകളും വസിക്കുന്ന വ്യോസനാർട്ട തണ്ണീർത്തടത്തിലുമാണ് വിവാദപദ്ധതി വരുന്നത്. സംരക്ഷിത പ്രദേശമാണ് ഈ തണ്ണീർത്തടം.ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, ഗ്രീൻഫീൽഡ് അന്താരാഷ്്ട്ര വിമാനത്താവളം, ഉൗർജ പദ്ധതികൾ, പുതിയ നഗരവികസം എന്നിവ ഉൾപ്പെട്ടതാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി.
വിമാനത്താവളത്തിനും തുറമുഖത്തിനുമായി ഏകദേശം ഏഴു മുതൽ ഒന്പതുലക്ഷം വരെ മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നാണ് ഒൗദ്യോഗിക കണക്ക്. അതിലും കൂടുതലാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നുണ്ട്.അൽബേനിയയിൽ റിസോർട്ടുകൾക്കായി തീരദേശ പൈൻ വനങ്ങളും പ്രകൃതിദത്ത മണ്കൂനകളും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ ഇല്ലാതാക്കുകയാണ്.നിക്കോബാറിൽ നവഭാരത് ടൂറിസം, ട്രാൻസ്ഷിപ്മെന്റ് പോർട്ട് എന്നിവയുടെ നിർമാണത്തിൽ അദാനി ഗ്രൂപ്പ് പോലുള്ള വൻകിട കോർപറേറ്റുകളുടെ പങ്കാളിത്തം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതി വേഗത്തിലാക്കിയതിലെ സുതാര്യതയില്ലായ്മയും ഏറെ വിമർശനവിധേയമാകുന്നു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ ഭർത്താവായ ജാരെഡ് കുഷ്നറുടെ അഫിനിറ്റി പാർട്ണേഴ്സ് എന്ന അമേരിക്കൻ കന്പനിയാണ് അൽബേനിയയിലെ 1.4 ബില്യണ് ഡോളറിന്റെ (13,250 കോടി രൂപ) ആഡംബര പദ്ധതിക്കു പിന്നിൽ.
പൊതു ടെൻഡറുകൾ ഒന്നുമില്ലാതെയാണ് ഈ സ്ഥലം ഇവർക്കു കൈമാറിയത്.വനസംരക്ഷണ നിയമങ്ങളിലും ആദിവാസി ഗോത്ര മേഖലകളുടെ അതിർത്തികളിലും ഇളവുകൾ വരുത്തിക്കൊണ്ടാണ് നിക്കോബാറിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. സംരക്ഷിത വനമേഖലകളിൽ വൻകിട നിർമാണങ്ങൾ പാടില്ലെന്ന നിയമം അൽബേനിയയിലുണ്ടായിരുന്നു.
അൽബേനിയൻ പാർലമെന്റി ലൂടെ നിയമഭേദഗതി വരുത്തിക്കൊണ്ടാണ് പ്രകൃതിസംരക്ഷണ പരിധിയിൽ കിടക്കുന്ന സ്ഥലങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ പണിയാൻ അവിടുത്തെ സർക്കാർ അനുമതി നൽകിയത്.നിക്കോബാറിലെ പൗരാണിക ഗോത്രവർഗക്കാരായ ഷോന്പൻ, നിക്കോബാറീസ് ജനതയുടെ നിലനിൽപ്പിനെ പദ്ധതി ബാധിക്കുമെന്നു വ്യക്തമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.പ്രകൃതി നശീകരണത്തിനും അഴിമതിക്കുമെതിരേ അൽബേനിയയിൽ ജനങ്ങൾ തെരുവിൽ വൻ പ്രതിഷേധത്തിലാണ്. ഫ്ലെമിംഗോ പക്ഷികളെ പ്രതീകമാക്കി ഫ്ലെമിംഗോ വിപ്ലവം എന്നാണ് അൽബേനിയയിലെ ജനകീയ സമരത്തെ വിശേഷിപ്പിക്കുന്നത്.
ഒരേ ഭരണകൂട ന്യായീകരണം
രണ്ടു ഭരണകൂടങ്ങളും ഉന്നയിക്കുന്ന വാദം ഒന്നുതന്നെയാണ്: സാന്പത്തിക വളർച്ചയും വികസനവും. ഇന്ത്യ തന്ത്രപ്രധാനമായ സൈനികവ്യാപാര ഇടനാഴിയായി നിക്കോബാറിനെ മാറ്റാൻ ശ്രമിക്കുന്പോൾ, അൽബേനിയ തങ്ങളുടെ രാജ്യത്തെ ഒരു രാജ്യാന്തര ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടില്ലെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രലോകം അംഗീകരിക്കുന്നില്ല.
വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ ആഗോളതലത്തിൽ നടക്കുന്ന കോർപറേറ്റ് കടന്നുകയറ്റങ്ങളും അതിനായി ഭരണകൂടങ്ങൾ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തുന്നതുമാണ് രണ്ട് പദ്ധതികളെയും ഒരുപോലെ വിവാദത്തിലാക്കുന്നത്. തങ്ങളുടെ കൊട്ടാരങ്ങൾ പണിയാൻവേണ്ടി കോർപറേറ്റുകൾക്ക് വഴിമാറിക്കൊടുക്കുന്പോൾ ഭരണകൂടങ്ങൾ സ്വന്തം ജനതയുടെ ശവക്കുഴികളാണ് തോണ്ടുന്നത് എന്ന നോം ചോംസ്കിയുടെ വാക്കുകൾകൂടി ഓർക്കുന്പോൾ ചിത്രം വളരെ വ്യക്തമാകുന്നു.
ഏഷ്യയും യൂറോപ്പും കഴിഞ്ഞ് ആഫ്രിക്കയിലും വടക്കേ അമേരിക്കയിലുമെത്തുന്പോഴും കാര്യങ്ങൾ ഇതുപോലെതന്നെ. കെനിയയിലെ മാസായി മാരാ വിവാദം ഇപ്പോഴും പോരാട്ടവഴിയിലാണ്. മെക്സിക്കോയിൽ 2020ൽ തുടങ്ങിയ ട്രെൻ മായ പദ്ധതി എതിർപ്പുകളെയെല്ലാം അടിച്ചമർത്തി 2024 ഡിസംബറിൽ പൂർത്തിയായെങ്കിലും വിവാദങ്ങളും അതുണ്ടാക്കിയ പ്രശ്നങ്ങളും കെട്ടടങ്ങിയിട്ടില്ല.
മാസായി മാര വിവാദം
കെനിയയിലെ വിഖ്യാതമായ മാസായി മാര നാഷണൽ റിസർവ് വന്യജീവി സങ്കേതത്തിൽ അന്താരാഷ്്ട്ര ആഡംബര ഹോട്ടൽ ശൃംഖലയായ റിറ്റ്സ്കാൾട്ടണ് പണിയുന്ന ആഡംബര സഫാരി ക്യാന്പാണ് നിലവിലെ വലിയ പരിസ്ഥിതി വിവാദം.
ലോകത്തിലെ ഏറ്റവും വലിയ വന്യജീവി കൂട്ടപ്പലായനങ്ങളിൽ ഒന്നായ ഗ്രേറ്റ് മൈഗ്രേഷൻ നടക്കുന്ന പ്രധാന വന്യജീവി ഇടനാഴിയിലാണ് ഈ ആഡംബര റിസോർട്ട് പണിയുന്നത്. ഇത് വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തെ തടസപ്പെടുത്തുമെന്ന് പ്രകൃതിസ്നേഹികൾ മുന്നറിയിപ്പു നൽകുന്നു.മാസായി മാരയുടെ ഒൗദ്യോഗിക മാനേജ്മെന്റ് പ്ലാൻ അനുസരിച്ച് ഈ മേഖലയിൽ 2032 വരെ പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ പാടില്ലെന്ന് വ്യക്തമായ വിലക്കുണ്ട്. എന്നാൽ ഈ നിയമങ്ങൾ മറികടന്നാണ് പദ്ധതിക്ക് അനുമതി നൽകിയത്.
പരിസ്ഥിതി പ്രവർത്തകരും പ്രാദേശിക മാസായി ഗോത്രത്തലവന്മാരും ഇതിനെതിരേ കോടതിയെ സമീപിച്ചെങ്കിലും ശക്തമായ രാഷ്ട്രീയ സ്വാധീനത്താൽ കേസ് തള്ളുകയാണുണ്ടായത്.
ട്രെൻ മായ പദ്ധതി
മെക്സിക്കോയിലെ വിനോദസഞ്ചാര മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് നടപ്പിലാക്കിയ 1,500 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽവേ പാതയും അതിനോടനുബന്ധിച്ചുള്ള മെഗാ ടൂറിസം പദ്ധതിയുമാണിത്. മുൻ മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോറിന്റെ സ്വപ്നപദ്ധതിയായിരുന്നു ട്രെൻ മായ.

തെക്കുകിഴക്കൻ മെക്സിക്കോയിലെ പാവപ്പെട്ട മേഖലകളെ ആഡംബര ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് സാന്പത്തിക വികസനം കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം.2023 ഡിസംബറിൽ കാൻകൂണ് മുതൽ കാന്പെഷെ വരെയുള്ള ഒന്നാംഘട്ടം ഭാഗികമായി തുറന്നിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി മറ്റു പാതകളും തുറന്നു. ഒടുവിൽ, 2024 ഡിസംബറോടെ അവസാനഘട്ട സർവീസും ആരംഭിച്ച് പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം ഈ മെഗാ പദ്ധതി പൂർണമായും തുറന്നുകൊടുത്തു.
സെനോട്ടേകൾ എന്നറിയപ്പെടുന്ന, മെക്സിക്കോയിലെ വിഖ്യാതമായ പ്രകൃതിദത്ത ഭൂഗർഭ ഗുഹകൾക്കും ശുദ്ധജല സ്രോതസുകൾക്കും മുകളിലൂടെയാണ് ഈ റെയിൽവേ ലൈനിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത്. നിർമാണത്തിനായി ടണ്കണക്കിന് കോണ്ക്രീറ്റ് തൂണുകൾ ഈ ഗുഹകളിലേക്ക് അടിച്ചിറക്കിയത് അവിടുത്തെ ജൈവവ്യവസ്ഥയെയും കുടിവെള്ളത്തെയും എന്നന്നേക്കുമായി മലിനമാക്കിയെന്നാണ് ആക്ഷേപം.
മെക്സിക്കൻ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് ഈ റെയിൽവേയുടെ നടത്തിപ്പ് പൂർണമായും നടക്കുന്നത് എന്നതും കോർപറേറ്റ് ടൂറിസത്തിനായി ഗോത്രവർഗക്കാരുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെട്ടു എന്നതും ഇപ്പോഴും വലിയ രാഷ്്ട്രീയ തർക്കവിഷയമായി തുടരുകയാണ്.നിക്കോബാറിലെപ്പോലെ ലക്ഷക്കണക്കിന് മരങ്ങൾ നിറഞ്ഞ ചരിത്രപ്രസിദ്ധമായ മായൻ കാടുകൾ വെട്ടിനിരത്തിയാണ് ഈ പദ്ധതി പൂർത്തിയാക്കിയത്.
ജാഗ്വാറുകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥ ഇതോടെ തകർന്നു. ഭൂഗർഭ ജലാശയങ്ങളെയും ഗുഹകളെയും നശിപ്പിച്ചുകൊണ്ടുള്ള നിർമാണത്തിനെതിരേ കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതിയെ ദേശീയ സുരക്ഷാ പദ്ധതി ആയി പ്രഖ്യാപിച്ച് പാരിസ്ഥിതിക അനുമതികളെല്ലാം മറികടന്നാണ് മെക്സിക്കൻ സർക്കാർ നിർമാണം നടത്തിയത്.നിക്കോബാർ പദ്ധതിയുടെ പല വിവരങ്ങളും ദേശീയ സുരക്ഷ മുൻനിർത്തിയാണ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്ന സർക്കാർ വിശദീകരണം ഇവിടെ പ്രസക്തമാണ്.
(തുടരും)
Tags : Nicobar Albania relationship between