തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഒരു രൂപപോലും അധിക നികുതി ഭാരം വരുത്താതെ ഖജനാവ് നിറയ്ക്കാനുള്ള സമഗ്രവും നയപരവുമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മാത്യു കുഴല്നാടന് മുന്‍ സര്‍ക്കാരിലെ ധനകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് താത്പര്യങ്ങള്‍ക്ക് വഴങ്ങി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഇപ്പോള്‍ യുഡിഎഫിന് നേരേ വിരല്‍ ചൂണ്ടാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബജറ്റില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളെ കുറ്റപ്പെടുത്തക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നു വി.ജോയ് കുറ്റപ്പെടുത്തി. ഇന്ത്യയെ നട്ടെല്ലു നിവര്‍ത്തി നില്ക്കാന് പഠിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് തന്റെ കന്നി പ്രസംഗത്തില്‍ രമേശ് പിഷാരടി പറഞ്ഞു.
യഥാര്‍ഥ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസുകാരാണെന്ന് വാദിച്ചുകൊണ്ടും ഇടതുപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു പ്രഫ.റോണി കെ. ബേബി പ്രസംഗിച്ചത്. കര്‍ഷകത്തൊഴിലാളികളോട് നീതികാണിക്കാന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി സ്തംഭിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുമെന്ന് എം.ആര്. ബൈജു പറഞ്ഞു. ഒരുപതിറ്റാണ്ട് കാലം കേരളം പരീക്ഷണങ്ങളുടെ പേരില്‍ നടപ്പിലാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ ദുരിതഫലങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നതെന്ന് സുമേഷ് അച്ചുതന് ചര്‍ച്ചയില്‍ ഉന്നയിച്ചു.
കേരളത്തിലെ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും പുതിയ തലമുറയ്ക്ക് പ്രതീക്ഷയും നല്‍കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് സജീവ് ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Tags : Public debate budget begins Niyamasabha