അഭിജിത് ദീപ്കെ
ചത്രപതി സംഭാജിനഗർ: ജെൻ സി യുവാക്കളെ സംബന്ധിച്ച കാര്യത്തിൽ ബിജെപി, ‘ഗോഡ്ഫാദർ’ ആയ ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതിനെ കേൾക്കാൻ തയാറാകണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജിത് ദീപ്കെ.
മുംബൈയിൽ ജെൻ സി യുവാക്കളോടു സംവദിച്ചുകൊണ്ട് ഭാഗവത് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ദീപ്കെ. ജെൻ സി യുവാക്കളെ രാജ്യവിരുദ്ധരും തീവ്രവാദികളുമായി കണക്കാക്കരുതെന്നും അവരെ കേൾക്കാൻ തയാറാകണമെന്നുമാണ് ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ യുവാക്കൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടലെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി പ്രതിഷേധം മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതിനു ശേഷം ആർഎസ്എസ് പ്രമുഖൻ നടത്തിയ ജെൻ സി അനുകൂല പ്രതികരണത്തിനു വൻ വാർത്താപ്രാധാന്യമാണു കൈവന്നത്.
നേരത്തെ ബിജെപി പ്രസിഡന്റ് തങ്ങളെ വൈറസ് എന്നാണു വിളിച്ചതെന്ന് ദീപ്കെ ഓർമിപ്പിച്ചു. “മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തീവ്രവാദികളുടെ ബി ടീമായി വിശേഷിപ്പിച്ചു. ഇവരെല്ലാംതന്നെ മാർഗദർശിയും താത്വികാചാര്യനുമായ മോഹൻ ഭാഗവതിനെ കേൾക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളത്.
ഇവർ ഇത് കേൾക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. കാരണം, ബിജെപിയുടെ നിലപാടുകളും ഭാഗവതിന്റെ കാഴ്ചപ്പാടുകളും ഇപ്പോഴും വിരുദ്ധധ്രുവങ്ങളിലാണ് നീങ്ങുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : BJP Godfather Listen Deepke MohanBhagwat Suggestion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CJP