പ്രതീകാത്മക ചിത്രം
കൊച്ചി: വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പൊതുമേഖലാ ബാങ്കില്‍നിന്നു 29.82 കോടി രൂപയുടെ ഭവനവായ്പയെടുത്ത കേസില്‍ 27പേര്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് കേസെടുത്തു.
ഇന്ത്യന്‍ ബാങ്ക് എം.ജി. റോഡ് ശാഖാ മാനേജരുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. വിദേശ എംബസികളുടെ പേരിലുള്ള വ്യാജ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റും റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റും നല്കി ബാങ്കിനെ കബളിപ്പിച്ച് പല ഘട്ടങ്ങളിലായാണ് ഇത്രയും വലിയ വായ്പാതട്ടിപ്പ് നടത്തിയിരിക്കുന്നത്.
കൊച്ചിയിലുള്ള സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനം, അതിന്റെ എം.ഡി. മിഥുന് മാനുവല്‍, ഡയറക്ടര്‍ മേബിള്‍ മേരി എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാണ്.
ഇവര്‍ നാലു മുതല്‍ 27 വരെയുള്ള പ്രതികളുമായി ചേര്‍ന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇത്രയും വായ്പയെടുത്തത്. രണ്ടും മൂന്നും പ്രതികള്‍ ഓരോ വായ്പയിലും രണ്ടുവീതം ആളുകളെ വീതം ചേര്‍ത്താണു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 25 പേരെ ഉപയോഗിച്ച് 12 വായ്പകള്‍ തരപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിന്റെ എന്‍ആര്‍ഐ. സെക്ടര്‍ ഹൗസിംഗ് വായ്പയാണ് ഇവര്‍ നേടിയെടുത്തത്. അതിനായി റിയാദ് , മസ്കറ്റ് , ദോഹ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പേരില്‍ പ്രതികളുടെ പാസ്പോര്‍ട്ട്, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വ്യാജ അറ്റസ്റ്റേഷന് രേഖകളാണു സമര്‍പ്പിച്ചത്.
Tags : HousingLoan Fraud Case KochiCityPolice IndianBank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash