കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി. മാപ്പപേക്ഷയും സത്യവാങ്മൂലവും കോടതിയില്‍ നല്കിയിട്ടുള്ളതായും അറിയിച്ചു. മാപ്പപേക്ഷയില്‍ ജൂലൈ രണ്ടിന് തീരുമാനമെടുക്കാമെന്നറിയിച്ച കോടതി ഹര്‍ജി വീണ്ടും അന്നു പരിഗണിക്കാന്‍ മാറ്റി.
കോടതിനിര്ദേശമുണ്ടായിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഇന്നലെ ഹാജരാകാന്‍ നിർദേശിക്കുകയുമായിരുന്നു. കോടതി ഉത്തരവ് വായിച്ചാല്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും കോടതിയുടെ ഉത്തരവ് ഏതു വകുപ്പിലാണ് ലംഘിക്കാനിടയായതെന്നും കോടതി ചോദിച്ചു. കോടതി ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും ലംഘിക്കുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ രേഖാമൂലം എന്തെങ്കിലും മറുപടി നല്‍കാനുണ്ടോയെന്നും കോടതി ചോദിച്ചു. നിരുപാധികം മാപ്പപേക്ഷ നല്കിയിട്ടുള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ അറിയിക്കുകയായിരുന്നു.
കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സിബിഐ സമര്‍പ്പിച്ച അപേക്ഷ പുനഃപരിശോധിക്കണമെന്ന നിര്‍ദേശത്തില്‍ നടപടിയെടുത്തോയെന്ന് കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറി കെ. ബിജുവിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ രണ്ടിന് ഇക്കാര്യത്തിലും വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ മുഖ്യ പ്രതികളായ കോര്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരന്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരുടെ വിചാരണയ്ക്ക് അനുമതി തേടി നല്കിയ അപേക്ഷ മൂന്നാം തവണയും നിരസിച്ചതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
Tags : Cashew scam A.P.M. Muhammad Haneesh Kerala High Court appeared