തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്കു സഭാനടപടികളിൽ പങ്കു ചേരുന്നതിനു തടസം സൃഷ്ടിക്കുന്ന കീഴ്വഴക്കം മാറ്റണമെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥന. ഷാനിമോൾക്കു പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ബജറ്റ് പൊതുചർച്ചയ്ക്കു തുടക്കം കുറിച്ചു കൊണ്ടുള്ള ചർച്ചയ്ക്കിടയിലാണ് ഷാനിമോൾ തന്റെ അവകാശങ്ങൾക്കു വേണ്ടി വാദിച്ചത്. നിയമസഭയിൽ ഒരു വർഷം ഡപ്യൂട്ടി സ്പീക്കർക്കു ബജറ്റ് ചർച്ച തുടങ്ങി വച്ചു കൊണ്ടു പ്രസംഗിക്കാനുള്ള അവസരം മാത്രമാണു ലഭിക്കുന്നത്. ആദ്യകാലം മുതലുള്ള രീതിയാണിത്. ചോദ്യങ്ങൾ ചോദിക്കാനോ സബ്മിഷൻ അവതരിപ്പിക്കാനോ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമില്ല. താൻ ഒരു നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയാണെന്നും അവിടത്തെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കേണ്ടതാണെന്നും ഷാനിമോൾ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡപ്യൂട്ടി സ്പീക്കർക്കു പിന്തുണയുമായി എത്തി. ഡെപ്യൂട്ടി സ്പീക്കർ സഭയിൽ സംസാരിക്കാൻ പാടില്ലെന്നു ചട്ടമില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി. ഇതു കീഴ്വഴക്കമാണ്. ചില കീഴ്വഴക്കങ്ങൾ മാറാനുള്ളതാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി കൂടി പറഞ്ഞ സാഹചര്യത്തിൽ ഇതു സഭയുടെ പൊതുവികാരമാണെന്നു കരുതുകയാണെന്ന് സ്പീക്കർ പറഞ്ഞു. ഷാനിമോൾ ഉന്നയിച്ച വിഷയം പരിഗണിക്കാമെന്ന് ഉറപ്പും നൽകി.
Tags : Deputy Speaker parliamentary proceedings participate Shanimol Usman