കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള (വല്ലാർപാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍-ഐസിടിടി) ചരക്കുനീക്കത്തിൽ പുതിയ റിക്കാർഡ്. മേയിൽ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്കുനീക്കമെന്ന റിക്കാർഡിലെത്തി.
77,637 ടിഇയു (ട്വന്റി-ഫൂട്ട് ഇക്വലന്റ് യൂണിറ്റുകള്‍) എന്ന റിക്കാര്‍ഡ് പ്രതിമാസ ചരക്കുനീക്കം പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വ്യാപാര കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്ന് ഡിപി വേള്‍ഡ് കൊച്ചി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലു ശതമാനമാണ് വര്‍ധന. ഉത്ഭവ-ലക്ഷ്യസ്ഥാന ചരക്കുനീക്കത്തിന്റെ അളവ് പൊതുവെ സ്ഥിരത നിലനിര്‍ത്തി.
മറ്റു തുറമുഖങ്ങളില്‍നിന്ന് വഴിതിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെ ട്രാന്‍സ്ഷിപ്മെന്റിലെ വര്‍ധനവാണ് മേയിലെ വളര്‍ച്ചയ്ക്കു കാരണമായത്.