കൊച്ചി: അയല്ക്കാരന്റെ വീട്ടിലെ തെങ്ങ് ഭീഷണിയായതിനാല്‍ വെട്ടിക്കളയാന്‍ ഉത്തരവ് തേടുന്ന ഹര്‍ജി ബൈബിള്‍ വചനം ഉപദേശമായി നല്കി ഹൈക്കോടതി തള്ളി.
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഒരു ആപത്ത് വരുമ്പോള്‍ അയല്‍വാസി മാത്രമേ ഉണ്ടാകൂവെന്ന മുന്നറിയിപ്പുകൂടി ഇരുവര്‍ക്കും നല്‍കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തന്റെ വീടിനും വാഹനങ്ങള്‍ക്കും അയല്പക്കത്തെ തെങ്ങ് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത്, റവന്യു, ഒംബുഡ്സ്മാന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയശേഷമാണു ഹൈക്കോടതിയിലെത്തിയത്. വിഷയം പരിശോധിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ക്ക് ഒരു ലക്ഷം രൂപ ഹര്ജിക്കാരന് ഫീസും നല്കി.
എന്നാല്‍ നിലവില്‍ തെങ്ങ് അപകടകരമായ രീതിയിലല്ലെന്നും കമ്പിവടം ഉപയോഗിച്ച് കെട്ടിയിട്ടുണ്ടെന്നും തേങ്ങ വീഴാതിരിക്കാന്‍ സംരക്ഷണവല സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷക കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംരക്ഷണവലയുടെ വലിപ്പം ആവശ്യമെങ്കില്‍ കൂട്ടിയാല്‍ മതിയെന്നും വ്യക്തമാക്കി.
നിലവില്‍ തെങ്ങ് അപകടകരമല്ലെന്നു വിലയിരുത്തിയ കോടതി കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കി.
ഭാവിയില്‍ എന്തെങ്കിലും അപകടസാധ്യതയുണ്ടോയെന്ന് പഞ്ചായത്ത് നിരീക്ഷിക്കാനും നിര്‍ദേശിച്ചു. ഒരുകപ്പു ചായയില്‍ സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്നമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ തലത്തിലെ നിയമനടപടികളിലൂടെ വിഷയം ഇവിടെയെത്തിച്ചു ഹൈക്കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴയിടേണ്ടതാണെങ്കിലും കടുത്ത നടപടികള്‍ക്കു പോകുന്നില്ലെന്നും നിരീക്ഷിച്ച കോടതി പിഴ ഉത്തരവിട്ടില്ല.
Tags : settles Bible verse quoting Kerala High Court